Tuesday, November 24, 2015

സാധാനാകാലത്തുള്ള ദുഃഖങ്ങൾ



കൂപേ വീണുഴലുന്നതുപോലെ ഗേഹേ വാണുഴലുന്ന ജനാനാം
ആപത്ഗണ മകലേണ്ടുകില് മുനിജന വാക്കുകള് പറയാം നാരായണ ജയ
ഭാഗവത കീര്ത്തനം 

ഈ ലോകത്തിൽ രണ്ടു വഴികളെ ഉള്ളു. താൻ മനുഷ്യനാണെന്നും കുറെയൊക്കെ നേടാനുണ്ടെന്നും ഒക്കെ ധരിച്ചു കഷ്ടപ്പെട്ട് അക്ഷീണം വേലചെയ്‌തു കാലം കഴിക്കാം. 

അല്ലെങ്കിൽ ലോകമെന്ന മായക്കാഴ്ച്ചയിൽ വീണുപോകാതെ ആത്മജ്ഞാനത്തിനുള്ള മാർഗ്ഗം ആത്മാന്വേഷണം എന്ന സ്വപ്രയത്നം തന്നെയാണ് എന്നറിഞ്ഞു  ആത്മവിചാരം ചെയ്യാം. 'ഈശാവസ്യമിദം സർവ്വം യത് കിഞ്ച ജഗത്യാം ജഗത്' എന്ന 'വിദ്യ' അനുഭവിച്ചറിഞ്ഞു, ഈ കാണുന്നതെല്ലാം ഈശ്വര സ്വരൂപമായി കണ്ടു ആനന്ദിച്ചു ജീവിക്കാം. താനും,  പ്രപഞ്ചത്തിലെ എല്ലാവരും എല്ലാ ഭൂതങ്ങളും, ഈ കാണുന്നതെല്ലാം തന്നെയും ദേവതകളാണ്. എല്ലാത്തിനെയും ദേവതകളായി കാണുകയും, തന്നെ തന്നെ മഹാദേവനായി കാണുകയും ചെയ്യുന്നവൻ ഭാഗ്യവാൻ. 

നാം ശരീരമാണ് എന്ന തീവ്രമായ ബോധമാണ് ദേഹാധ്യാസം .  അത് ഒരിക്കലും മനുഷ്യനെ വിട്ടു പോകുന്നില്ല.  ശരീരവും അതിന് നല്‍കപ്പെട്ട പേരുമാണ് ഞാന്‍ എന്ന ഉറച്ച വിശ്വാസമാണ് എല്ലാവര്‍ക്കും ഉള്ളത്.  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ ആര് എന്ന അന്വേഷണം നമ്മെ കൊണ്ടെത്തിക്കുന്നത് ആത്മബോധത്തിലേക്കാണ്.  ഞാന്‍ ശരീരമല്ല, ആത്മാവാണ് എന്ന അറിവിലേക്ക് കടക്കാന്‍ നമുക്കായാല്‍ പിന്നെ ലൗകികമായ ഒരു പാട് പ്രശ്നങ്ങള്‍ നമ്മെ വിട്ടു പോകുന്നു.  ശരീരത്തില്‍ നാം ഭയപ്പെടുന്നത് മരണവും രോഗങ്ങളും വാര്‍ദ്ധക്യവുമാണ്.  നാം ആത്മാവാണ് എന്ന അറിവില്‍ ശരീരത്തിനു സംഭവിക്കുന്ന എല്ലാ പ്രശ്നങ്ങളേയും നമുക്ക് തരണം ചെയ്യാന്‍ കഴിയുന്നു.  ഞാന്‍ മരണമില്ലാത്ത ആത്മാവാണ് എന്ന ബോധം നമ്മെ ശരീരത്തിന്റെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കുന്നു.  എന്നാല്‍ പലരും ഈ അന്വേഷണത്തില്‍ വിമുഖരാണ്.  ഈ ലോകത്തിലെ കഷ്ടപ്പാടുകളില്‍ പെട്ട് നട്ടം തിരിയുമ്പോഴും തന്റെ യഥാര്‍ത്ഥ സത്തയിലേക്ക് തിരിയാന്‍ മനസ്സ് അനുവദിക്കുകയില്ല. യഥാര്‍ത്ഥത്തില്‍ ഞാന്‍ എന്നു കരുതുന്ന നാം ശരീരവും പിന്നെ മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം  എന്നിവ ഉള്‍പ്പെടുന്ന അന്തഃകരണവും ചേര്‍ന്നതാണ്.  എന്നാല്‍ അതിലും സൂക്ഷ്മമായി ആത്മാവ് നമ്മില്‍ വസിക്കുന്നുണ്ട്.  നാം അറിയുന്നത് ശരീരത്തേയും ഇന്ദ്രിയത്തിലൂടെ നേടുന്ന അറിവുകളേയും മാത്രമാണ്.  അന്തഃകരണത്തെ പോലും നാം ശരിയായി തിരിച്ചറിയുന്നില്ല.  അത് ശരീരം പോലെ സ്ഥൂലമല്ല. 

വിചാര സാധനകളിലേക്ക് കടക്കുന്ന അത്യപൂര്വ്വം ചിലര്ക്ക് വേണ്ടി സമര്പ്പിക്കുന്നു. സാധനാ കാലത്തിൽ മനസ്സിൽ ആശങ്കകളും  സങ്കടങ്ങളും ദ്വേഷങ്ങളും കർത്തവ്യ ചിന്തകളും ഒക്കെ വരുമ്പോൾ മനസ്സില് ഈ മൂന്നു വിധം മനനം ചെയ്തുറപ്പിക്കണം

വൈരാഗ്യ മാര്ഗ്ഗം

ഈ സാധനകളെല്ലാം എത്രയോ ദുര്ഘടം. ഇതൊന്നും വേണ്ടിയിരുന്നില്ല എന്നൊക്കെയുള്ള കുതർക്കങ്ങൾ മനസ്സിലുദിക്കുമ്പോൾ ഈവിധം മനനം ചെയ്യുക

"ഇപ്പോൾ  എനിക്ക് കുറച്ചു പ്രയസങ്ങളൊക്കെ ഉണ്ട്. പക്ഷെ അതൊക്കെ സംസാരത്തിലെ ദുഖങ്ങളേക്കാൾ എത്രയോ ചെറുതും വേഗം ഒഴിഞ്ഞു പോകുന്നതുമാണ്. വളരെയധികം ധീരന്മാർ യാത്ര ചെയ്ത പാതയിലൂടെയാണ് എന്റെ യാത്ര ഇപ്പോൾ. സംസാരത്തിലെ രാഗ ദ്വേഷങ്ങൾക്കും കർത്തവ്യ ഭോക്തവ്യ ചിന്തകള്ക്കും, ആശങ്കകൾക്കും എന്നെ ഇനി ചതിക്കാൻ പറ്റില്ല. സംസാര ദുഖങ്ങൾ ദിനം പ്രതി ഇരട്ടിക്കുകയെ ഉള്ളു എന്ന് ഞാൻ തിരിച്ചറിഞ്ഞു, സാധന അവസ്ഥയിലെ ദുഃഖങ്ങൾ അവയെ അപേക്ഷിച്ച് എത്രയോ ചെറുത്‌. സംസാര ദുഃഖങ്ങൾ എന്നെ വീണ്ടും ബന്ധനത്തിലാക്കുംപോൾ സാധനാകാലത്തിലെ ദുഃഖങ്ങൾ മുക്തിയിലേക്കുള്ള പരീക്ഷകൾ മാത്രം. സാധന ദൃഡമാക്കാനുള്ള അവസരങ്ങളാണതെല്ലാം. സംസാര ദുഃഖങ്ങൾ ചുഴികൾ ആണെങ്കിൽ, സാധനാ കാല  ദുഃഖങ്ങൾ ചെറിയ അലകൾ.

ലോകത്തിലെ മറ്റു കോടി കണക്കിന് ജന്തുക്കളെ അപേക്ഷിച്ചാലും എന്റെ ദുഃഖങ്ങൾ ചെറുതാണ്. എത്രയോ പേര് ഇപ്പോൾ ജീവിതം വ്യർത്ഥമായി കഴിച്ചിട്ട് അന്ത്യ ശ്വാസത്തിനായി പിടയുന്നു, എത്രയോ ജന്തുക്കളും മനുഷ്യരും  ഒരു തുള്ളി വെള്ളത്തിനും, ഭക്ഷണത്തിനുമായി കേഴുന്നു, ക്രൂരന്മാരുടെ അടിമകളായി നരകിക്കുന്നു ? എത്രയോ കുട്ടികളും വൃദ്ധരും പരിപാലിക്കേണ്ടവരാൽ തന്നെ നിഷ്കരുണം  ഉപേക്ഷിക്കപ്പെടുന്നു? അവയൊക്കെ വെച്ച് നോക്കുമ്പോൾ എന്റെ അവസ്ഥ എത്രയോ ഭേദം. എത്രയോ ക്രൂരതകൾ ഇപ്പോൾ ഈ സമയത്ത് ലോകത്തിൽ പലയിടത്തും നടക്കുന്നു. മറ്റുള്ളവരോട് അസൂയയും കുശുമ്പും വൈരാഗ്യവും ഒക്കെ തോന്നുമ്പോൾ ഓര്ക്കുക. ഈ മനുഷ്യ ജന്മം എത്രയോ ദുർലഫവും ചഞ്ചലവും ചപലവും ദുര്‍ബ്ബലവും എപ്പോൾ വേണമെങ്കിലും പോകുന്നതുമാണ്. അത്രമാത്രമിരിക്കുന്ന നേരത്ത്????

 അത്യനുഗ്രഹമായ മനുഷ്യജന്മം കിട്ടുന്നത് വളരെ ദുർലഭം. അധ്യാത്മ വഴിയിൽ ശ്രദ്ധ ഉണ്ടാകുന്നത് അതിലും കഠിനം ദുർലഭം.  ഗുരു ലാഭവും സാധനകൾ ചെയ്യാനുള്ള ആരോഗ്യവും സാവകാശങ്ങളും കിട്ടുന്നത് കോടികളിൽ ഒരാൾക്ക്‌ മാത്രം. അതുകൊണ്ട് ഇനിയുള്ള ജീവിതം ശാസ്ത്ര വിചാരവും സത്സങ്കവും ആനന്ദവുമായി കഴിയണം.  അതിനിടയിൽ വരുന്ന വ്യഥകൾ ഞാൻ തിതിക്ഷയോടെ സഹനത്തോടെ ക്ഷമയോടെ സഹിച്ചു തീര്ക്കും.

ഞാൻ പ്രബുധന്മാരുടെ വഴിയെ മാത്രമേ ഇനീ യാത്രയുള്ളൂ. ഈ ശരീരം നേര്‍ത്ത ദുര്‍ബലമായ താത്‌കാലികമായ ഒരു സംഘാതം മാത്രമാണ്, അതിൽ ജരാ നരകളും വ്യാധികളും വരാൻ അവസരം കാത്തു നില്‍ക്കുന്നു. കുമിള പോലെയുള്ള  ഈ നേര്‍ത്ത ശരീരം വിട്ടു പോകുന്നതിനു മുൻപ് പരമസത്യ പ്രകാശം എനിക്കറിയണം  അനുഭവിക്കണം. അതുകൊണ്ട് പഴയ സംസാര ദുഖങ്ങളിലേക്കും കഷ്ടപ്പാടുകളിലേക്കും, പ്രലോഭനങ്ങളി ലേക്കും വെറുപ്പുകളിലെക്കും ഭേദ ചിന്തകളിലേക്കും  ഇനിയൊരു തിരിച്ചു പോക്കില്ല. ഇനിയും മുന്നോട്ടു തന്നെ. സംസാരം ദുഖത്തിന്റെ കലവറയാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. മല മൂത്ര മാലിന്യങ്ങളും ഹിംസ്ര ജന്തുക്കളും വിരാജുക്കുന്ന ഒരു പൊട്ടകിണർ ആണ് ലോകം. ഈ പോട്ടകിണറിൽ നിന്നും ഞാൻ പകുതി കേറി കഴിഞ്ഞു. ഇനി വേണമെങ്കിൽ കുറച്ചു വിശ്രമിക്കാം എന്നല്ലാതെ തിരിച്ചു കിണറ്റിലേക്ക് ചാടുക എന്നത് മന്ദ ബുദ്ധികൾ മാത്രമേ ചെയ്യൂ. ഇനിയും മുകളിലോട്ടു തന്നെ യാത്ര.  ലോകം വെറും മലകൂമ്പാരം, അതിൽ ഒന്ന് തൊട്ടാൽ പിന്നെ എത്രയോ തവണ കുളിക്കണം. ഇനി എനിക്ക് സംസാരത്തിലെ ഒന്നും വേണ്ട. ഒന്നും മാറി പോകുകയും വേണ്ട. ഒന്നിലും കേറി ഇടപെടാതെ എല്ലാം പതുക്കെ മനസാ വിട്ടു കളയലാണ് ഇനി ചെയ്യാനുള്ളത്.  കാര്യങ്ങള് എങ്ങിനെയോ അങ്ങിനെ തന്നെ ആവട്ടെ എന്റെ ലക്ഷ്യം ഇതിൽ നിന്നും കര കയറുക എന്നത് മാത്രമാണ്. അതിനുള്ള ശക്തി വൈരാഗ്യം മാത്രമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ലോകത്തി ആശ്രയിക്കാൻ പറ്റിയ ഒന്നുമില്ല, വരുന്നതെല്ലാം വിട്ടു പോകും, ഉണ്ടായതെല്ലാം ഇല്ലാതാകും, കൂടിചേരുന്നതെല്ലാം വിട്ടു പിരിഞ്ഞു പോകും, അങ്ങിനെ തൊടുന്നതെല്ലാം ദുഃഖം തരുമെന്ന് മനസ്സിലായാൽ പിന്നെ ആശയക്കുഴപ്പമില്ല. വൈരാഗ്യമില്ലാതെ എത്ര തന്നെ സാധനകൾ ചെയ്താലും, അറിവ് നേടിയാലും കാര്യമില്ല, സംസാര ചുഴികളിൽ വേഗം പിന്നെയും പിന്നെയും വീണുപോകും എന്ന് ഞാൻ ശരിക്കും മനസ്സിലാക്കി. വൈരാഗ്യമുണ്ടെങ്കിൽ വേറെ ഒന്നുമില്ലെങ്കിലും ഒരു പ്രശ്നവുമില്ലഏറ്റവും വലിയ മഹാസിദ്ധിയാണ് വൈരാഗ്യം എന്ന് ഞാൻ തിരിച്ചറിഞ്ഞു. വരാഗ്യമുള്ളവൻ മഹാരാജാവിനെക്കാൾ ശക്തനാണ്. വൈരാഗ്യമില്ലാത്തവൻ രാജാവായാലും ആരോടെങ്കിലും ഭിക്ഷ യാചിക്കുന്നവനാണ്. വൈരാഗ്യമുള്ളവൻറെ  മുന്നിൽ  എല്ലാം കീഴടങ്ങുന്നു. ” ഇതാണ് വൈരാഗ്യത്തിന്റെ വഴി.


ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
ടണമശനം പുണരേണമെന്നിവണ്ണം
അണയുമനേകവികല്പ്പമാകയാലാ-
രുണരുവതുള്ളൊരു നിര്വ്വികാരരൂപം?6

ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
ടണമറിവായിതിനിന്നയോഗ്യനെന്നാല്
പ്രണവമുണര്ന്നു പിറപ്പൊഴിഞ്ഞു വാഴും
മുനിജനസേവയില് മൂര്ത്തി നിര്ത്തിടേണം.7

നവനവമിന്നലെയിന്നു നാളെ മറ്റേ-
ദ്ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ
അവിരതമെണ്ണിയളന്നിടുന്നതെല്ലാം
ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം.58

അരണി കടഞ്ഞെഴുമഗ്നി പോലെയാരാ-
യ്വവരിലിരുന്നതിരറ്റെഴും വിവേകം
പരമചിദംബരമാര്ന്ന ഭാനുവായ് നി-
ന്നെരിയുമതിന്നിരയായിടുന്നു സര്വ്വം82
-ആത്മോപദേശശതകം

എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും;

കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്നനേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ?

അര്ത്ഥമോ പുരുഷാര്ത്ഥമിരിക്കവേ
അര്ത്ഥത്തിന്നു കൊതിക്കുന്നതെന്തു നാം?
മദ്ധ്യാഹ്നാര്ക്കപ്രകാശമിരിക്കവേ
ഖദ്യോതത്തെയോ മാനിച്ചുകൊള്ളേണ്ടു!

മിത്രങ്ങള് നമുക്കെത്ര ശിവ! ശിവ!
വിഷ്ണുഭക്തന്മാരല്ലേ ഭുവനത്തില്?
മായ കാട്ടും വിലാസങ്ങള് കാണുമ്പോള്
ജായ കാട്ടും വിലാസങ്ങള് ഗോഷ്ഠികള്.
ഭുവനത്തിലെ ഭൂതിക്കളൊക്കെയും
ഭവനം നമുക്കായതിതുതന്നെ.
വിശ്വനാഥന് പിതാവു നമുക്കെല്ലാം
വിശ്വധാത്രി ചരാചരമാതാവും.
അച്ഛനും പുനരമ്മയുമുണ്ടല്ലോ
രക്ഷിച്ചീവാനുള്ളനാളൊക്കെയും.


കൃഷ്ണ കൃഷ്ണ! നിരൂപിച്ചു കാണുമ്പോള്
തൃഷ്ണകൊണ്ടു ഭ്രമിക്കുന്നതൊക്കെയും.
-ജ്ഞാനപ്പാന

ഭക്തി മാര്ഗ്ഗം

ഇനി ഭക്തിമാഗ്ഗത്തിൽ ചിന്തിച്ചാൽ 
"എന്റെ മുന്നില് വരുന്നതെല്ലാം ദൈവ നിശ്ചയമാണ്. പ്രാരാബ്ധ കർമങ്ങൾ എല്ലാം വേഗം തന്നെ അനുഭവിച്ചു തീര്ക്കാനായി ഭഗവാൻ തന്നെ എന്റെ എല്ലാ കര്മ്മ ഫലങ്ങളും ഒന്നിച്ചു വേഗം തന്നെ തരുന്നു. എന്നെ  കൂടുതൽ ഇഷ്ടമുള്ളതുകൊണ്ടും ഞാൻ ജ്ഞാനത്തിനു യോഗ്യനായതുകൊണ്ടുമാണ് എനിക്ക് ഇമ്മാതിരി കഷ്ടപ്പാടുകൾ ഭഗവാൻ തരുന്നത്. ഇതു വഴി എന്റെ വൈരാഗ്യം ഉറക്കുകയും അജ്ഞാനവും അഹങ്കാരവും കൊണ്ട് ഞാൻ ആര്ജ്ജിച്ച പൂർവ കര്മ്മഫലങ്ങൾ  വേഗം ഒടുങ്ങുകയും ജ്ഞാനത്തിൽ സ്ഥിര പ്രതിഷ്ഠ നേടുകയും ചെയ്യും. ഏറ്റവും പ്രിയപ്പെട്ട പാണ്ടവർക്കും കുന്തിയമ്മക്കും ഭഗവാൻ എത്രയോ ദുഃഖങ്ങൾ നല്കി. പ്രഹ്ലാദനും ധ്രുവനും എത്രോയോ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. മഹാബലിയുടെ സർവ്വവും നഷ്ടമായി. ഗോപസ്ത്രീകൾക്കും ഗോപന്മാര്ക്കും പിന്നെ തന്റെ എല്ലാ സ്വന്തക്കാര്ക്കും മുക്തിക്കു മുൻപ് ദുഖത്തിന്റെ പെരുമഴ തന്നെയാണ്  ഉണ്ടായിരുന്നത്. സംസാരം അനിത്യവും അസുഖവുമാണെന്ന് ഉറപ്പുവന്നവർക്ക് മാത്രമേ പൂര്ണ്ണമായും തന്നെ ആശ്രയിക്കാൻ പറ്റുകയുള്ളു എന്ന് ഭാഗവാനറിയാം. 

തേഷാം സതതയുക്താനാം ഭജതാം പ്രീതിപൂര്വ്വകം
ദദാമി ബുദ്ധിയോഗം തം യേന മാമുപയാന്തി തേ (10)
തേഷാമേവാനുകമ്പാര്ഥമഹമജ്ഞാനജം തമഃ
നാശയാമ്യാത്മഭാവസ്ഥോ ജ്ഞാനദീപേന ഭാസ്വതാ (11)
ദൃഢചിത്തന്മാരായി പ്രീതിപൂര്വം എന്നെ ഭജിക്കുന്നവര്ക്ക് ഞാന്ബുദ്ധിയോഗത്തെ നല്കുകയും അതിന്റെ ഫലമായി അവര്എന്നെ പ്രാപിക്കുകയും ചെയ്യുന്നു. അവരി‍‍ല്അനുകമ്പയോടുകൂടി ഞാന്അവരുടെ മനസ്സിരുന്നു കൊണ്ട്, അജ്ഞാനത്തില് നിന്നുണ്ടായ അന്ധകാരത്തെ ഉജ്ജ്വലമായ ജ്ഞാനദീപം കൊണ്ട് നശിപ്പിക്കുന്നു. -ഭഗവദ്ഗീത

പുഴുക്കൂട്ടിൽ നിന്നും പുറത്തേക്കു വരാൻ ശലഭങ്ങൾ കഷ്ടപ്പെടുന്ന പോലെയാണ് ഇപ്പോൾ എന്റെ ദുഖങ്ങളെല്ലാംഗർഭത്തിൽ നിന്നും പുറത്തേക്കു വരുന്ന കുട്ടിക്ക് അനുഭവപ്പെടുന്ന വേദനകൾ  പോലെയാണ് ഇപ്പോഴുള്ള കഷ്ടപ്പാടുകളെല്ലാം. ജ്ഞാന മാർഗ്ഗത്തിൽ പിറന്നു കഴിഞ്ഞാൽ അമ്മ തന്നെ എല്ലാം നോക്കിക്കോളും. അമ്മയുടെ മടിയിൽ കിടക്കുന്ന കുഞ്ഞിനെ പോലെ സംസാരത്തിലെ കളിക്കോപ്പ്തേടി പോകാതെ ഞാൻ ശാന്തനായി മാതൃ വാത്സല്യം അനുഭവിക്കുന്നു. ഞാൻ ഒന്നുമല്ല, വെറും ചെറിയ കുട്ടി. അമ്മ നടത്തുന്ന പോലെ ഞാൻ നടക്കും.  നടക്കാൻ പഠിക്കുന്ന കുഞ്ഞു വീഴുമ്പോൾ അമ്മ  ഓടിവരാറില്ലല്ലോ. കുഞ്ഞു തനിയെ എഴുന്നേറ്റലെ നടത്തം ശരിയാകൂ. പക്ഷെ അമ്മയുടെ സാന്നിധ്യം ഞാൻ എപ്പോഴും അറിയുന്നു. അമ്മയുടെ കടാക്ഷം എപ്പോഴും എന്നിലാണെന്ന് എനിക്കുറപ്പാണ്. വേറൊന്നും എനിക്ക് പ്രശ്നമല്ല. വേറൊന്നും എനിക്ക് വേണ്ട . അതുകൊണ്ട് ഇപ്പോഴത്തെ വിഷമങ്ങളെല്ലാം അനുഗ്രഹമായി,  ദൈവ നിശ്ചയമായി ഞാൻ കാണുന്നുഇനി ഒന്നും ഭയക്കാനില്ല. എല്ലാം അനുഗ്രഹങ്ങൾ. ഇനി ഞാൻ പുതിയതായി ഒന്നും ആഗ്രഹിക്കുന്നില്ല. ഒന്നും മാറി പോകുകയും വേണ്ട. കാര്യങ്ങള് അങ്ങിനെത്തന്നെ ആവട്ടെ. യാദൃ ശ്ചികമായി വരുന്നത് ഞാൻ ദൈവനിശ്ചയമായി കണ്ടു ഏറ്റുവാങ്ങി അനുഭവിക്കും. അങ്ങിനെ പരാ ഭക്തിയിലേക്ക് ഞാൻ എത്തിച്ചേരും.

ബ്രഹ്മഭൂതഃ പ്രസന്നാത്മാ ന ശോചതി ന ക‍ംക്ഷതി
സമഃ സര്‍വ്വേഷു ഭൂതേഷു മദ്ഭക്തിം ലഭതേ പരാം -ഭഗവദ്ഗീത

എളുതായിട്ടു മുക്തി ലഭിപ്പാനായ്
ചെവി തന്നിതു കേള്പ്പിനെല്ലാവരും

മനുഷ്യജന്മം ദുര്ല്ലഭം
എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം
അത്ര വന്നു പിറന്നു സുകൃതത്താല്!
എത്ര ജന്മം മലത്തില് കഴിഞ്ഞതും
എത്ര ജന്മം ജലത്തില് കഴിഞ്ഞതും
എത്ര ജന്മങ്ങള് മന്നില് കഴിഞ്ഞതും
എത്ര ജന്മം മരങ്ങളായ് നിന്നതും
എത്ര ജന്മം അരിച്ചു നടന്നതും
എത്ര ജന്മം മൃഗങ്ങള് പശുക്കളായ്
അതു വന്നിട്ടിവണ്ണം ലഭിച്ചൊരു
മര്ത്ത്യജന്മത്തിന് മുമ്പേ കഴിച്ചു നാം!
എത്രയും പണിപ്പെട്ടിങ്ങു മാതാവിന്
ഗര്ഭപാത്രത്തില് വീണതറിഞ്ഞാലും.
പത്തുമാസം വയറ്റില് കഴിഞ്ഞുപോയ്
പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്.

തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നെത്താനറിയാതെ കഴിയുന്നു.
എത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമൊന്നില്ലല്ലോ;
നീര്പ്പോളപോലെയുള്ളൊരു ദേഹത്തില്
വീര്പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.
ഓര്ത്തറിയാതെ പാടുപെടുന്നേരം
നേര്ത്തുപോകുമതെന്നേ പറയാവൂ.
അത്രമാത്രമിരിക്കുന്ന നേരത്തു
കീര്ത്തിച്ചീടുന്നതില്ല തിരുനാമം!

-ജ്ഞാനപ്പാന

സക്തികൂടാതെ നാമങ്ങളെപ്പൊഴും
ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ
സിദ്ധികാലം കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും.
കാണാകുന്ന ചരാചരജീവിയെ
നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം.
ഹരിഷാശ്രുപരിപ്ലുതനായിട്ടു
പരുഷാദികളൊക്കെസ്സഹിച്ചുടന്
സജ്ജനങ്ങളെക്കാണുന്ന നേരത്തു
ലജ്ജ കൂടാതെ വീണു നമിക്കണം.
ഭക്തിതന്നില് മുഴുകിച്ചമഞ്ഞുടന്
മത്തനെപ്പോലെ നൃത്തം കുതിക്കണം.
-ജ്ഞാനപ്പാന

ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-
ന്നകമലരിട്ടു വണങ്ങിയക്ഷമാറി
സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിന്
മഹിമയുമറ്റു മഹസ്സിലാണിടേണം.13

-ആത്മോപദേശശതകം


ജ്ഞാന മാര്ഗ്ഗം
ഇനി ജ്ഞാന മാർഗത്തിൽ ചിന്തിച്ചാൽ,
"ഞാൻ കാണുന്നതും, കേള്ക്കുന്നതും അനുഭവിക്കുന്നതുമെല്ലാം, എന്റെ മനസ്സിന്റെ തന്നെ സൃഷ്ടിയാണ്, കയറിൽ പാമ്പ് പോലെ, കുറ്റിയിൽ പ്രേതം പോലെ, മരുഭൂമിയിൽ  മരീചിക പോലെ, ചിപ്പിയിൽ വെള്ളി പോലെ. ഞാൻ കാണുന്നതൊന്നും പൂര്ണ്ണ സത്യമല്ല. ജഡമായ പ്രപഞ്ചത്തിൽ എൻറെ മനോധാരണകളെ  അതിനു മേലെ വെച്ച് പിടിപ്പിച്ചു (superimpose) ഞാൻ ഓരോന്ന് ഉണ്ടാക്കി കാണുന്നു അനുഭവിക്കുന്നു. കഴിഞ്ഞ എത്രയോ വര്ഷങ്ങളിലെ ചിന്തകളും കര്മ്മങ്ങളും കൊണ്ട് ഞാൻ വളര്തിയെടുത്ത മനസ്സെന്ന ഭൂതം കാണിച്ചു തരുന്ന വെറും ഇന്ദ്രജാലപ്രകടനങ്ങൾ മാത്രമാണ് എല്ലാംഎന്റെ മനസ്സിന്റെ തന്നെ സൃഷ്ടികളിൽ നിന്നാണ് എനിക്ക് ഭയം രാഗം ദ്വേഷം എന്നിവകളെല്ലാം ഉണ്ടാകുന്നത്. പുറത്തെന്നവണ്ണം കാണുന്ന ദൃശ്യങ്ങളെല്ലാം താൻ തന്നെ എന്നറിഞ്ഞാല് ഭയമില്ല. ദൃശങ്ങള് ഉണ്ടാക്കുന്നത് പൂർവ കര്മ്മ വാസനകളാലാണ്, തന്നില് നിന്ന് തന്നെ ഉണ്ടാകുന്ന ദൃശ്യങ്ങളെ എന്തിനു ഭയക്കണം. ഒന്നും ഞാൻ കാണുന്നതും കേള്ക്കുന്നതും ചിന്തിക്കുന്നതും പോലെയല്ല സത്യത്തിൽ നടക്കുന്നത്. സത്യത്തിൽ ലോകത്തിലെ, ജീവിതത്തിലെ  ഒന്നും ഒരിടത്തും നിത്യമായി നില്ക്കുന്നില്ല, എല്ലാം ഉണ്ടായി നിലനിന്നു മാറി മാറി പോകുന്നതാണ്, മായയാണ് , മനസ്സ് മായയാണ്, ദുഖത്തിന്റെ കലവറയാണ്. വന്നു ചേരുന്നതും, വരാത്തതും, വിട്ടുപോകുന്നതും വിട്ടു പോകാത്തതുമെല്ലാം ദുഃഖം തന്നെ.  ഞാൻ ഇതിലൊന്നും പതറില്ല, വിശ്വസിക്കില്ല. എനിക്ക് മനസ്സിന്റെ മായക്കളികളെ മനസ്സിലായി.

ഞാൻ നിത്യ ശുദ്ധ ആത്മാ.  ആനന്ദമാനെന്റെ ശരിക്കുള്ള സ്വരൂപം. ജഗത്തായി കാണുന്നത് മനസ്സിന്റെ സൃഷ്ടി. ഞാൻ എന്ന വ്യക്തിബൊധമായി കാണുന്നത് കിണറിൽ പ്രതിഫലിക്കുന്ന സൂര്യനെപോലെ  പൂർണ്ണ സത്യമല്ല. ശരിയായ ഞാൻ എല്ലാത്തിനെയും താങ്ങി നില്ക്കുന്ന പ്രകാശം മാത്രംമനസ്സ്  മേഘം, ഞാൻ സൂര്യൻ . ബാഹ്യ സൂര്യനും പോലും,  ബ്രഹ്മാണ്ഡം മുഴുവനും ഞാൻ എന്ന പ്രകാശത്തിലാണ് നിലനില്ക്കുന്നത്.  സൂര്യനെ ആകാശം താങ്ങി നിറുത്തുന്നു. ബാഹ്യാകാശത്തെ എന്റെ ചിത്തം താങ്ങി നിറുത്തുന്നു. ചിത്തം എന്നത് ചിദാകാശത്തിലെ ലീല. ചിദാകാശത്തിലെ ശുദ്ധ പ്രകാശമാണ് എന്റെ സ്വരൂപം.  അങ്ങിനെയുള്ള ഞാൻ നിരഞ്ചനനാണ് നിർവികല്പനാണ് ശാന്തചിത്തനാണ് നിരാശ്രയനാണ് ജ്ഞാനസ്വരൂപനാണ് സർവജ്ഞനാണ് ശുധബോധമാണ് നിർമല പ്രകാശമാണ്. ഞാൻ എന്ന ശുദ്ധ  പ്രകാശം മാത്രമാണ് സത്യം , നിത്യം. മറ്റെല്ലാം പ്രകാശ സമുദ്രത്തിൽ അലയടിക്കുന്ന പ്രതീതികൾ. ഞാൻ എല്ലാത്തിനെയും ലീലയായി മാത്രം അറിയുന്നു. സ്വപ്നത്‌ല്യം. ഗന്ധർവ നഗരം പോലെയുള്ള ഈ ലോകത്തി ൽ  എന്ത് തന്നെ ഉണ്ടായാലും എനിക്ക് അൽബുധമില്ല അകാംക്ഷയില്ല. എല്ലാം കുറച്ചുനേരം നിലനിന്നിട്ടു മറഞ്ഞു പോകും. പക്ഷെ ഞാൻ എന്ന പ്രകാശം മാത്രം നിത്യം, സുഖ ദുഃഖങ്ങൾ സ്വപ്നം പോലെ ഞാൻ അനുഭവിച്ചു തളളും. എനിക്കിവിടെ ഈ സ്വപ്നതുല്യമായ ജീവിതത്തിൽ ഒന്നും ഇനി  പുതിയതായി ചെയ്യാനില്ല. യാദൃശ്ചികമായി വന്നു ചേരുന്നത് കണ്ടു ഞാൻ രസിക്കും. ആഗ്രഹിക്കാനോ ത്യജിക്കാനോ വാസ്തവത്തില് യാതൊന്നുമില്ല. ബാഹ്യമായ വസ്തുക്കളെല്ലാം വെറും ധാരണകളും സങ്കല്പ്പങ്ങളും മാത്രമാണ്. ബാഹ്യമായ യാതൊന്നും സ്വന്തമാക്കാന് യോഗ്യതയുള്ളതല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. അതുപോലെ തന്നെ യാതൊന്നും ഉപേക്ഷിക്കാനും ഇല്ല എന്നും ഞാൻ തിരിച്ചറിഞ്ഞു.

“എല്ലാം ഞാൻ തന്നെ” എന്നും അതെ സമയം “ഒന്നും ഞാനല്ല” എന്നും ഞാൻ തിരിച്ചറിഞ്ഞു. “ഞാൻ ഒന്നുമല്ല” എന്നും “ഞാനില്ല” എന്നും “എല്ലാം അതുമാത്രം” എന്നും ഞാൻ അറിഞ്ഞു കഴിഞ്ഞു. എല്ലാം ഉള്ളത് തന്നെ, പക്ഷെ കാണുന്ന പോലെ ഒന്നും ഉള്ളതല്ല. ഇതെല്ലാം എനിക്ക് മന്ത്രങ്ങൾ.  ലൗകികതയിൽ പുളയുന്നവർക്കിതെല്ലാം ജല്പനങ്ങൾ. ഭാഷക്കും വ്യാകരണത്തിനും അതീതമായ സത്യം ഞാൻ അതീവ ശ്രദ്ധയാൽ അത്യനുഗ്രഹം കൊണ്ട് തിരിച്ചറിഞ്ഞു ഹൃദയത്തിൽ അനുഭവിച്ചു സൂക്ഷിക്കുന്നു. ഇനി വേറെ ഒന്നും അറിയാനില്ല. "

ജഡമറിവീലറിവിന്നു ചിന്തയില്ലോ-
തിടുകയുമില്ലറിവില്ലെന്നറിഞ്ഞു സര്വ്വം
വിടുകിലവന് വിശദാന്തരംഗനായ് മേ-
ലുടലിലമര്ന്നുഴലുന്നതില്ല നൂനം.30

പ്രതിവിഷയം പ്രതിബന്ധമേറി മേവു-
ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ;
അതിവിശദസ്മൃതിയാലതീതവിദ്യാ-
നിധി തെളിയുന്നിതിനില്ല നീതിഹാനി.64

നിഴലൊരു ബിംബമപേക്ഷിയാതെ നില്പീ-
ലെഴുമുലകെങ്ങുമബിംബമാകയാലേ
നിഴലുമതല്ലിതു നേരുമല്ല വിദ്വാ-
നെഴുതിയിടും ഫണിപോലെ കാണുമെല്ലാം.85

സകലവുമുള്ളതുതന്നെ തത്വചിന്താ-
ഗ്രഹനിതു സര്വ്വവുമേകമായ് ഗ്രഹിക്കും;
അകമുഖമായറിയായ്കില് മായയാം വന്-
പക പലതും ഭ്രമമേകിടുന്നു പാരം.88
അറിവിലിരുന്നസദസ്തിയെന്നസംഖ്യം
പൊരിയിളകിബ്ഭുവനം സ്ഫുരിക്കയാലേ
അറിവിനെ വിട്ടൊരു വസ്തുവന്യമില്ലെ-
ന്നറിയണമീയറിവൈകരൂപ്യമേകും.89

അറിവഹമെന്നതുരണ്ടുമേകമാമാ-
വരണമൊഴിഞ്ഞവനന്യനുണ്ടു വാദം,
അറിവിനെ വിട്ടഹമന്യമാകുമെന്നാ-
ലറിവിനെയിങ്ങറിയാനുമാരുമില്ല.99

അതുമിതുമല്ല സദര്ത്ഥമല്ലഹം സ-
ച്ചിദമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദിതി പ്രതിപത്തിയറ്റു സത്തോ-
മിതിമൃദുവായ് മൃദുവായമര്ന്നിടേണം!100
-ആത്മോപദേശശതകം


മേൽ പറഞ്ഞ മൂന്നു മാർഗ്ഗങ്ങൾ ദിവസവും മനനം ചെയ്തുറപ്പിച്ചാൽ മായയിൽ വീണ്പോകില്ല. അഥവാ വീണാൽ തന്നെ അധികം ദുഖിക്കില്ല, വേഗം തന്നെ കര കേറുകയും ചെയ്യും. മറ്റുള്ളവരെ കുറ്റപെടുത്താനൊന്നും തോന്നില്ല. ജീവിതത്തിൽ ഒട്ടും വിരസതയും തോന്നില്ല. വളരെ തൃപ്തി അനുഭവപ്പെടുകയും  ചെയ്യും. സാധനാ കാലത്തിൽ  മനസ്സ് നാല് അവസ്ത്ഥകളില്കൂടെ പോകും. മൈത്രി, കരുണ മുദിത ഉപേക്ഷ എന്നീ സാത്വികാവസ്തകളിലൂടെ പോകും. സുഖിക്കുന്നവരോട് മൈത്രിയും, ദുഖിക്കുന്നവരോട് കരുണയും, മറ്റുള്ളവർ പുണ്യം ചെയ്യുന്നത് കാണുമ്പോൾ ആമോദവും പാപം ചെയ്യുന്നവരോട് ഉപേക്ഷയും. അപ്പോളെല്ലാം അടിയിൽ നിശ്ചല മൌന ആനന്ദം ഉണ്ടായിരിക്കുകയും ചെയ്യും. അവസ്ഥകളെല്ലാം വരികയും പോകുകയും ചെയ്യും. നിലകൾ നിലനില്ക്കും. 

നൊച്ചൂര് വെങ്കട്ടരാമന് പ്രഭാഷണങ്ങൾ കേട്ട് ഭക്തി ഭാവവും, നിർമലന്ദഗിരി സ്വാമികളുടെ പ്രഭാഷണങ്ങൾ കേട്ട് വൈരാഗ്യവും ഉണ്ടാക്കിയെടുക്കണം. അതിനു ശേഷം ബാലകൃഷ്ണൻ സാറിൻറെ ആത്മോപദേശശതകം പ്രഭാഷണങ്ങൾ കേള്ക്കു. പക്ഷെ വൈരാഗ്യമാണ് ഏറ്റവും പ്രധാനം. വൈരാഗ്യമില്ലാതെ വേറെ എന്തുണ്ടായിട്ടും ഒരു കാര്യവുമില്ല. വെറുതെ സമയം കളയാമെന്നു മാത്രം. വൈരാഗ്യമുന്ണ്ടെങ്കിൽ വേറെ എന്ത് വന്നാലും പ്രശ്നവുമില്ല. അതുകൊണ്ട് എങ്ങിനെയും വൈരാഗ്യം സമ്പാദിക്കണം. ശ്രവണത്തോടൊപ്പം മനനവും ധ്യാനവും വേണം. മനനം ചെയ്യുമ്പോൾ ഉണ്ടാകുന്ന അനുഭൂതികളെ ഹൃദയത്തിൽ  സൂക്ഷിച്ചു ഒര്മിച്ചു ലാളിച്ചു മൌനമായിരിക്കലാണ് ധ്യാനം. ഹൃദയത്തിലെ ശുദ്ധ നിർമല സ്വരൂപത്തെ ഉപാസിച്ചു ആനന്ദം കൊള്ളണം. പിന്നെ ക്ഷമ വളരെ പ്രധാനം. തിതിക്ഷ വളര്തിയെടുക്കണം. ബുദ്ധി ഉപരമിപ്പിക്കണം (മല്ലാടുകില്ല മതി, സല്ലാപമൊന്നു മതി)


മായയുടെ  മൂന്നു പരീക്ഷകൾ ഇതൊക്കെയാണ്.

1.       പ്രലോഭനങ്ങളും വെറുപ്പുകളും Desire, and Aversion

2.       കര്ത്തവ്യബോധം . ഞാൻ ഇതൊന്നും ചെയ്തില്ലെങ്കിൽ ഒന്നും ശരിയാകില്ല എന്ന തോന്നൽ. ഭോക്തവ്യബോധം. എനിക്ക് ഇങ്ങനെ വരുന്നല്ലോ എന്നാ തോന്നലുകൾ.  Duty and Responsibility

3.       സംശയം, ചാഞ്ചല്യം, അസ്ഥൈര്യം. ഇതാണ് അവസാന പരീക്ഷ. ഇത് ജയിച്ചാൽ താനേ കുറച്ചു സമയം കൊണ്ടു സ്വസ്ഥനാകും. സംശയാത്മ വിനശ്യതി  Doubt.