Friday, December 14, 2012

ജീവന്മുക്തരുടെ ലക്ഷണങ്ങള്‍ - യോഗവാസിഷ്ഠം


യോഗവാസിഷ്ഠം നിത്യപാരായണം



യോ ജാഗ്രതി സുഷുപ്തസ്തോ യസ്യ ജാഗ്രന്‍ നവിദ്യതേ
യസ്യ നിര്‍വാസനോ ബോധ: സ ജീവന്മുക്ത: ഉച്യതേ (3/9/7)

രാമന്‍ ചോദിച്ചു: ഏതു മാര്‍ഗ്ഗത്തിലൂടെയാണ്‌ ഈ അറിവുനേടുക? എന്നില്‍ ഈ ‘അറിയപ്പെടുന്നവ’ (കാണപ്പെടുന്നവ) അസ്തമിക്കണമെങ്കില്‍ എന്തറിവാണു ഞാന്‍ നേടേണ്ടത്‌?

വസിഷ്ഠന്‍ പറഞ്ഞു: നിരന്തരം തെറ്റായ വഴിയില്‍ ചിന്തിച്ചുവരുന്നതുകൊണ്ടാണ്‌ ഈ ലോകം യാഥാര്‍ത്ഥ്യമാണെനുള്ള തെറ്റിദ്ധാരണ നമ്മില്‍ രൂഢമൂലമായിരിക്കുന്നത്‌. എന്നാല്‍ മഹാത്മാക്കളുടെ സത്സംഗവും വേദഗ്രന്ഥങ്ങളുടെ പഠനവും എന്നുതുടങ്ങുന്നുവോ അന്ന് ഈ ചിന്തയെ മാറ്റാം. വേദഗ്രന്ഥങ്ങളില്‍ ഉത്തമം "മഹാരാമായണം" എന്നറിയപ്പെടുന്ന യോഗവാസിഷ്ഠം എന്ന ഈ കൃതിയാണ്‌. ഇതിലുള്ളത്‌ മറ്റുപലയിടത്തും കണ്ടെന്നുവരും എന്നാല്‍ ഇതില്‍ ഇല്ലാത്തത്‌ മറ്റൊരിടത്തും കണ്ടുകിട്ടുകയില്ല. ഈ കൃതി പഠിക്കാന്‍ താത്പ്പര്യമില്ലാത്തവര്‍ക്ക്‌ മറ്റുകൃതികളെ ആശ്രയിക്കാവുന്നതാണ്‌. നമുക്കതില്‍ യാതൊരാക്ഷേപവുമില്ല.
തെറ്റിദ്ധാരണ തീര്‍ത്തും നീങ്ങി സത്യം സാക്ഷാത്കരിച്ച്‌, ആ നിറവില്‍ സ്വയം ആണ്ടു മുങ്ങിയ ഒരുവന്‍ ചിന്തിക്കുന്നതും, പറയുന്നതും ഉല്ലസിക്കുന്നതും മറ്റുള്ളവരെ പഠിപ്പിക്കുന്നതും എല്ലാം അതു തന്നെയായിരിക്കും. അവരെ ജീവന്മുക്തരെന്നും ചിലപ്പോള്‍ വിദേഹ മുക്തരെന്നും വിളിക്കുന്നു.

രാമന്‍ ചോദിച്ചു: മഹാത്മന്‍ , ജീവന്മുക്തരുടെ (ജീവിക്കുമ്പോള്‍ ത്തന്നെ മുക്തരായവര്‍ ) ലക്ഷണങ്ങള്‍ എന്തൊക്കെയാണ്‌? വിദേഹമുക്തരുടെ (ശരീരമില്ലാത്ത മുക്തര്‍ ) ലക്ഷണങ്ങള്‍ എന്തൊക്കെയാണ്‌?

വസിഷ്ഠന്‍ മറുപടി പറഞ്ഞു: സാധാരണ ഗതിയില്‍ ജീവിതം നയിക്കുമ്പോള്‍ത്തന്നെ വിശ്വത്തെ മുഴുവന്‍ അഖണ്ഡമായ ഒരു ശൂന്യതയായി അനുഭവപ്പെടുന്നവനത്രേ ജീവന്മുക്തന്‍ . അവന്‍ ഉണര്‍ന്നിരിക്കുന്നുവെങ്കിലും ദീര്‍ഘനിദ്രയുടെ പ്രശാന്തത അനുഭവിക്കുന്നു. സുഖദു:ഖങ്ങള്‍ അവനെ അലട്ടുന്നതേയില്ല. "അവന്‍ ദീര്‍ഘനിദ്രയിലും ഉണര്‍ന്നിരിക്കുന്നു. എന്നാല്‍ അവന്റെ ഉണര്‍ച്ച ലോകത്തിലേയ്ക്കല്ല. അവന്റെ വിജ്ഞാനത്തെ ലീനവാസനകളുടെ മേഘം മൂടിമറയ്ക്കുന്നില്ല."
അവന്‍ ഇഷ്ടാനിഷ്ടങ്ങളുടേയും, ഭയത്തിന്റേയും 
വരുതിയിലാണെന്നപോലെ കാണപ്പെട്ടേക്കാം എന്നാല്‍ വാസ്തവത്തില്‍ അവന്‍ ആകാശം പോലെ സര്‍വ്വസ്വതന്ത്രനണ്‌. അവന്‌ അഹങ്കാരമോ മനോവൃത്തികളോ ഇല്ല. കര്‍മ്മത്തിലോ അകര്‍മ്മത്തിലോ അവന്‍ ബന്ധിതനുമല്ല. അവനെ ആര്‍ക്കും ഭയമില്ല. അവന്‍ ആരേയും ഭയക്കുന്നുമില്ല.

അവന്‍ കാലക്രമത്തില്‍ സ്വന്തം ശരീരമുപേക്ഷിക്കുന്നതോടെ വിദേഹമുക്തനാവുന്നു. വിദേഹമുക്തന്‍ ഉണ്ടെന്നും ഇല്ലെന്നും പറയാം. അത്‌ ‘ഞാന്‍ ‘ അല്ല; ഞാന്‍ അല്ലാത്തതും അല്ല. അവന്‍ പ്രദീപ്തമായ സൂര്യനാണ്‌; സംരക്ഷകനായ വിഷ്ണുവാണ്‌; സംഹാരകനായ രുദ്രനാണ്‌; സൃഷ്ടാവായ ബ്രഹ്മാവാണ്‌. ആകാശവും, ഭൂമിയും, വായുവും, ജലവും അഗ്നിയുമാണ്‌. അവന്‍ എല്ലാ ജീവനിര്‍ജ്ജീവജാലങ്ങളുടേയും അന്ത:സത്തയായ വിശ്വാവബോധം തന്നെയാണ്‌. ഭൂത, ഭാവി, വര്‍ത്തമാനകാലങ്ങളില്‍ നിലനില്‍ക്കുന്ന എല്ലാം തീര്‍ച്ചയായും അവന്‍ മാത്രമാണ്‌.



ദൃഷ്ടൃദർശനദൃശ്യാനാം മധ്യേ യദ് ദർശനം സ്ഥിതം
സാധോ തദവധാനേന സ്വാത്മാനമവബുദ്ധ്യസേ (3/9/75)


രാമന്‍ പിന്നേയും ചോദിച്ചു: ഭഗവന്‍ , എന്റെ ധാരണ പിഴച്ചിരിക്കുന്നു. അങ്ങു പറഞ്ഞ ആ അവസ്ഥ എങ്ങിനെയാണെനിക്കു സ്വാംശീകരിക്കാനാവുക?

വസിഷ്ഠന്‍ പറഞ്ഞു: രാമ: മുക്തി എന്നുപറഞ്ഞാല്‍ അത്‌ നിരുപാധികമായ ബ്രഹ്മമാണ്‌. അതുമാത്രമാണ്‌.  'ഞാന്‍ ', 'നീ' എന്നീ ധാരണകള്‍ , വെറും ധാരണകള്‍ മാത്രമാണ്‌. അവ ഒരിക്കലും ഉണ്ടായിട്ടേയില്ല. ബ്രഹ്മമാണ്‌ ഇക്കാണപ്പെടുന്ന എല്ലാമായത്‌ എന്നു നമുക്കെങ്ങിനെ പറയാനാവും? രാമ: ആഭരണങ്ങളില്‍ ഞാന്‍ സ്വര്‍ണ്ണം മാത്രം കാണുന്നു. അലകളില്‍ ഞാന്‍ ജലം കാണുന്നു. വായുവില്‍ ഞാന്‍ ചലനം മാത്രം കാണുന്നു. ആകാശത്തില്‍ ഞാന്‍ ശൂന്യത ദര്‍ശിക്കുന്നു. മരീചികയില്‍ ഞാന്‍ താപത്തെ തിരിച്ചറിയുന്നു. അതുപോലെ ഞാന്‍ ബ്രഹ്മത്തെയാണറിയുന്നത്‌. വിശ്വത്തെയല്ല.

പ്രപഞ്ചമെന്ന ധാരണ അനാദിയായ അവിദ്യ തന്നെയാണ്‌. എങ്കിലും സത്യാന്വേഷണം കൊണ്ട്‌ അപ്രത്യക്ഷമാവുന്നതാണീ അവിദ്യ. തുടങ്ങിയതിനു മാത്രമേ അവസാനമുള്ളു. ഈ ലോകം ഒരിക്കലും ഉണ്ടായിട്ടില്ല; പക്ഷേ അങ്ങിനെ കാണപ്പെടുകയാണ്‌. ഈ സത്യത്തെയാണ്‌ ഈ അദ്ധ്യായത്തില്‍ വിശദീകരിച്ചു പറയുന്നത്‌. 

ഇക്കഴിഞ്ഞ വിശ്വപ്രളയത്തിനു മുന്‍പ്‌ കാണപ്പെട്ടവയെല്ലാം പ്രളയത്തില്‍ അപ്രത്യക്ഷമായി. അതോടെ അനന്തത മാത്രം അവശേഷിച്ചു. അത്‌ ശൂന്യമോ രൂപമുള്ളതോ അല്ല. ദൃഷ്ടിയോ ദൃഷ്ടാവോ അല്ല. അതുണ്ടെന്നോ ഇല്ലെന്നോ പറയാനും വയ്യ. കണ്ണൂം നാക്കും ചെവിയും അതിനില്ലെങ്കിലും അതു കാണുന്നു, ഭക്ഷിക്കുന്നു, കേള്‍ക്കുന്നു. അതിനു കാരണമൊന്നുമില്ല. അത്‌ ജനിക്കാത്തതാന്‌. എന്നാല്‍ അതാണ്‌ എല്ലാറ്റിന്റേയും കാരണമായി, ജലം തിരകള്‍ക്കെന്നപോലെ, വര്‍ത്തിക്കുന്നത്‌.

എല്ലാത്തിന്റേയും സത്തയായിരിക്കുന്നത്‌ ഈ അനന്തവും ശാശ്വതവുമായ പ്രഭാവിശേഷമത്രേ. ഈ പ്രഭയിലാണ്‌ മൂന്നു ലോകങ്ങളും ഒരു മരീചികയിലെന്നപോലെ തിളങ്ങിവിളങ്ങുന്നത്‌. ഈ അനന്തത സ്പന്ദിതമാവുമ്പോള്‍ ലോകങ്ങള്‍ പ്രകടിതമായി കാണപ്പെടുന്നു. ആ സ്പന്ദനം  നിലയ്ക്കുമ്പോള്‍ ലോകങ്ങള്‍ അപ്രത്യക്ഷവുമാവുന്നു. ഒരു തീക്കൊള്ളി ചുഴറ്റുമ്പോള്‍ ഉണ്ടാവുന്ന അഗ്നിചക്രം, ചുഴറ്റല്‍ നിര്‍ത്തുമ്പോള്‍ അപ്രത്യക്ഷമായി തീക്കൊള്ളി അചലമായി നിലകൊള്ളുന്നതുപോലെയാണിത്‌.  പ്രകടനാത്മകമാണെങ്കിലും  അല്ലെങ്കിലും അത്‌ എല്ലായിടത്തും എപ്പോഴും ഒരുപോലെ നിലകൊള്ളുന്നു. ഈ സത്യമറിയാത്തപ്പോള്‍ മോഹവിഭ്രാന്തിയും അറിയുമ്പോള്‍ എല്ലാ ആസക്തിയില്‍ നിന്നും ആശങ്കകളില്‍നിന്നും വിടുതലും ലഭിക്കുന്നു.

അതാണ്‌ കാലവും, പ്രകടിതവസ്തുക്കളെക്കുറിച്ചുള്ള ധാരണയും, വസ്തുക്കളും, കര്‍മ്മവും, രൂപവും. സ്വാദും, മണങ്ങളും, ശബ്ദങ്ങളും, സ്പര്‍ശവും, ചിന്തകളുമെല്ലാം. നാമറിയുന്നതെല്ലാം അതാണ്‌. അതിനാലാണ്‌ നാമറിയുന്നതും. "അതാണ്‌ ദൃഷ്ടാവും ദൃഷ്ടിയും ദൃശ്യവും (കാണലും, കാണുന്നതും കാണുന്നവനും). നീ ഇതറിയുമ്പോള്‍ ആത്മസാക്ഷാത്കാരമായി."


പൂർണ്ണാത് പൂർണ്ണം പ്രസരതി സംസ്ഥിതം പൂർണ്ണമേവ തത്
അതോ വിശ്വമനുത്പന്നം യച്ചോത്പന്നം തദേവ തത് (3/10/29)


രാമന്‍ പറഞ്ഞു: മഹാത്മന്‍ , അതിനെ എങ്ങിനെയാണ്‌ ശൂന്യമല്ലെന്നും, പ്രകാശമാനമല്ലെന്നും, ഇരുട്ടല്ലെന്നും മറ്റും പറയാന്‍ കഴിയുക? അങ്ങു പറയുന്ന പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ എന്നില്‍ ചിന്താക്കുഴപ്പമുണ്ടാക്കുന്നു.

വസിഷ്ഠന്‍ പറഞ്ഞു: രാമ: നീയിപ്പോള്‍ പക്വതയില്ലാത്തവര്‍ ചോദിക്കുന്ന തരം ചോദ്യമാണു ചോദിച്ചത്‌. എങ്കിലും ഞാന്‍ അതിനു ശരിയായ ഉത്തരം വിശദീകരിച്ചുതന്നെ നല്‍കാം. ഇതുവരെ കൊത്തിയെടുത്തിട്ടില്ലെങ്കില്‍പ്പോലും ഒരു ശിലയില്‍ ശില്‍പ്പം എന്നും ഉണ്ടായിരുന്നു. അതുപോലെ ലോകമെന്നത്‌ നീ സത്തായോ അസത്തായോ കണക്കാക്കിയാലുമില്ലെങ്കിലും അതു പരബ്രഹ്മത്തില്‍ സഹജമായി ലീനമത്രേ. അതുകൊണ്ട്‌ അതിനെ 'ഇല്ലാത്തത്‌' എന്നു പറയാന്‍ കഴിയില്ല. ശാന്തസമുദ്രത്തില്‍ തിരകള്‍ കാണുന്നില്ല എന്നതുകൊണ്ട്‌ അവ ഇല്ല എന്നു പറയാന്‍ കഴിയാത്തതുപോലെ പരബ്രഹ്മം ലോകശൂന്യം എന്നു പറയുക വയ്യ. ഈ ഉദാഹരണങ്ങള്‍ക്ക്‌ പരിമിതമായ ഉപയോഗമേയുള്ളു എന്നറിയുക. 

സത്യത്തില്‍ ഈ ലോകം പരബ്രഹ്മത്തില്‍ നിന്നും ഉദ്ഭൂതമായി തിരികെ അതില്‍ ത്തന്നെ വിലീനമാവുന്നു എന്നുപറഞ്ഞാല്‍ അതും ശരിയല്ല. കാരണം പരബ്രഹ്മം മാത്രമേ എക്കാലവും നിലനില്‍ക്കുന്നുള്ളു. ഒരുവന്‍ അതിനെ ശൂന്യമെന്നു ചിന്തിക്കുന്നത്‌ അത്‌ ശൂന്യമല്ല എന്ന ധാരണ അവനുള്ളതുകൊണ്ടാണ്‌. അതുപോലെ അതിനെ ശൂന്യമായ ഒന്നല്ല എന്നൊരുവന്‍ ചിന്തിക്കുന്നത്‌ അതു ശൂന്യമാണെന്നൊരു ധാരണ അവനുള്ളതുകൊണ്ടാണ്‌. പരം പൊരുളിനെ ഭാസുരമാക്കാന്‍ സൂര്യപ്രഭപോലെയുള്ള വസ്തുശ്രോതസ്സുകള്‍ക്കൊന്നും കഴിയില്ല. കാരണം പരം പൊരുള്‍ അവസ്തുവത്രേ. അതു സ്വയം പ്രഭമാണ്‌. അതിനാല്‍ അത്‌ ജഢമോ ഇരുട്ടോ അല്ല. പരം പൊരുളിനെ സാക്ഷാത്കരിക്കാന്‍ 'മറ്റൊരു' വസ്തുവിനാവില്ല. അതിനു സ്വയം സാക്ഷാത്കരിക്കാനേ കഴിയൂ. അനന്തമായ അവബോധം അനന്തമായ അകാശത്തേക്കാള്‍ പവിത്രം. ലോകം ഈ അനന്തതപോലെയത്രേ. 

കപ്പല്‍ മുളകിന്റെ സ്വാദുനോക്കാത്തവന്‌ അതറിയാത്തപോലെ വസ്തുനിഷ്ഠമായ പഠനം കൂടാതെ ഒരുവന്‌ അനന്തതാവബോധം അനുഭവവേദ്യമാവുകയില്ല. അങ്ങിനെ ഈ ബോധം ജഢമായും ചേതനാഹീനമായും തോന്നുന്നു. ലോകങ്ങളും അതുപോലെയത്രേ. പ്രത്യക്ഷമായ സമുദ്രത്തില്‍ അലകള്‍ പ്രകടമെന്നതുപോലെ രൂപഭാവരഹിതമായ ബ്രഹ്മത്തില്‍ ലോകങ്ങളും രൂപഭാവങ്ങളില്ലാതെ നിലകൊള്ളുന്നു.

"അനന്തതയില്‍ നിന്നും അനന്തത ഉയര്‍ന്നുദ്ഭവിച്ചു അനന്തമായിത്തന്നെ നിലനില്‍ക്കുന്നു. അതിനാല്‍ ലോകം സൃഷ്ടിക്കപ്പെട്ടിട്ടില്ല. അത്‌ എന്തില്‍നിന്നുദ്ഭവിച്ചുവോ അതായിത്തന്നെ നിലനില്‍ക്കുകയാണ്‌." (പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം). ആശയങ്ങളാകുന്ന ഇന്ധനം മനസ്സില്‍ ചിന്തകളുണ്ടാക്കുന്നു. അവയെ പിന്‍വലിച്ചുകഴിഞ്ഞാല്‍ 'ആത്മാവ്‌' എന്ന ധാരണയ്ക്ക്‌ അന്ത്യമായി. അപ്പോള്‍ എന്തുണ്ടോ അതാണ്‌ അനന്തം. ഏതാണോ ഉറക്കമോ ജഢമോ അല്ലാത്തത്‌ അതാണനന്തം. ഈ അനന്തതയിലാണ്‌ അറിവ്‌, അറിയുന്നവന്‍ , അറിയപ്പെടുന്നവസ്തു എന്നീ ത്രിപുടികള്‍ ധിഷണയുടെ അഭാവത്തില്‍ ഒന്നായി നിലനില്‍ക്കുന്നത്‌.



അദാവേവ ഹി യന്നാസ്തി കാരണാസംഭവാത്സ്വയം
വർത്തമാനേപി തന്നാസ്തി നാശ: സ്യാത്തത്ര കീദൃശ: (3/11/13)


രാമന്‍ പറഞ്ഞു: ഭഗവന്‍ , വിശ്വപ്രളയസമയത്ത്‌ നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന ലോകം എവിടെപ്പോയി മറയുന്നു?

വസിഷ്ഠന്‍ പറഞ്ഞു: വന്ധ്യയുവതിയുടെ പുത്രന്‍ എവിടെയാണ്‌? അവന്‍ എവിടെപ്പോയി മറഞ്ഞു?. വന്ധ്യയുടെ പുത്രന്‌ അസ്തിത്വമില്ല. ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല. ഈ സാദൃശ്യം നിന്നെ അമ്പരപ്പിക്കുന്നുവെങ്കില്‍ അത്‌ നീയീ ലോകത്തെ വാസ്തവമായി കണ്ടതുകൊണ്ടാണ്‌. ഉദാഹരണത്തിന്‌ ഒരു സ്വര്‍ണ്ണമാലയില്‍ 'മാലത്വം '  അല്ലെങ്കിൽ 'ആഭരണത്വം' എന്നൊരു സത്യവസ്തു ഉണ്ടോ അതോ അതിലുള്ളത്‌ 'സ്വര്‍ണ്ണം' എന്ന സത്യവസ്തുവാണോ? ശൂന്യതയില്‍ നിന്നു സ്വതന്ത്രമായി ആകാശമുണ്ടോ? അതുപോലെ പരബ്രഹ്മത്തില്‍ നിന്നും വിഭിന്നമായി ലോകം എന്നൊരു 'വസ്തു' ഇല്ല. മഞ്ഞുകട്ടയില്‍നിന്നും തണുപ്പ്‌ വേര്‍തിരിക്കാവുന്നതല്ല, എന്നതുപോലെ ബ്രഹ്മത്തില്‍ നിന്നും വേറെയല്ല ലോകം. മരീചികയിലെ ജലം  ' ഉണ്ടായി '  ഇല്ലാതാവുന്നില്ല. അതുപോലെ ലോകം പരം പൊരുളില്‍ നിന്നുദ്ഭവിച്ച്‌ എങ്ങുംപോയി മറയുന്നില്ല. 

"ഈ ലോകത്തിന്റെ സൃഷ്ടിക്ക്‌ കാരണമൊന്നുമില്ല. അതുകൊണ്ടുതന്നെ ഇതിന്‌ ആദിയില്ല. ഇപ്പോഴും ഇതു നിലനില്‍ക്കുന്നില്ല. പിന്നെങ്ങിനെ ഇതിനു നാശമുണ്ടാവും?". ബ്രഹ്മത്തില്‍നിന്നും 'ഉണ്ടായതല്ല' ലോകം എന്നു നീ സമ്മതിക്കുകയും, ലോകത്തിന്റെ പ്രത്യക്ഷഭാവത്തിനു നിലനില്‍ക്കാനാവുന്നത്‌ ആ ബ്രഹ്മത്തിനെ ഉപാധിയാക്കിയാണെന്നുറപ്പിക്കുകയും ചെയ്യുമ്പോള്‍ ലോകമെന്ന ഒന്നിനു നിലനില്‍പ്പില്ല എന്നും ബ്രഹ്മം മാത്രമേ ഉണ്മയായി ഉള്ളൂ എന്നുമറിയാം.

അതൊരു സ്വപ്നം പോലെയാണ്‌. അജ്ഞാനാവസ്ഥയില്‍ ഒരുവന്റെ  ധിഷണ, സ്വയം പല സ്വപ്നസാമഗ്രികളായി അവന്റെയുള്ളില്‍ പ്രത്യക്ഷപ്പെടുന്നു. അവയെല്ലാം ആ ധിഷണ (ബുദ്ധി) മാത്രമാണല്ലോ. അതുപോലെ സൃഷ്ടിയാരംഭത്തില്‍ ഇത്തരമൊരു 'പ്രത്യക്ഷപ്പെടല്‍ ' സംഭവിച്ചു. എങ്കിലും ഇതു ബ്രഹ്മത്തില്‍ നിന്നും സ്വതന്ത്രമല്ല. ബ്രഹ്മത്തില്‍ നിന്നു വേറിട്ട്‌ അതിനൊരസ്തിത്വമില്ല. അതിനാലത്‌ നിലനില്‍ക്കുന്നില്ല.

രാമന്‍ പറഞ്ഞു: മഹാത്മാവേ അങ്ങിനെയാണെങ്കില്‍ , ഈ ലോകത്തിന്‌ ഇത്രയേറെ തന്മയീഭാവം വന്നതെങ്ങിനെ? 'കാണുന്നവന്‍ ' ഉള്ളിടത്തോളം 'കാണപ്പെടുന്നതുണ്ട്‌'. 'കാണപ്പെടുന്നത്‌' ഉള്ളിടത്തോളം 'കാണുന്നവനുമുണ്ട്‌'. ഇതു രണ്ടും ഇല്ലാതാവുമ്പോള്‍ മാത്രമാണ്‌ മുക്തി. ചെളിപുരളാത്ത ഒരു കണ്ണാടി എപ്പോഴും ഒന്നിനെയല്ലെങ്കില്‍ മറ്റൊന്നിനെ പ്രതിഫലിപ്പിച്ചുകൊണ്ടിരിക്കും. അതുപോലെ സാധകനില്‍ ഈ സൃഷ്ടി പ്രക്രിയ തുടര്‍ ന്നുകൊണ്ടേയിരിക്കും. എന്നാല്‍ 'സൃഷ്ടി' അവാസ്തവീകമാണെന്നു സാക്ഷാത്കരിച്ചു കഴിഞ്ഞാല്‍ പിന്നെ സാധകന്‍ ഇല്ല. പക്ഷേ ഈയൊരു സാക്ഷാത്കാരനിറവിലെത്തുക എളുപ്പമേയല്ല.

വസിഷ്ഠന്‍ പറഞ്ഞു: നിന്റെ സംശയങ്ങള്‍ കഥകളിലൂടെ ഞാന്‍ മാറ്റിത്തരാം. അതുമൂലം നിനക്ക്‌ സൃഷ്ടിയുടെ യാഥാര്‍ത്ഥ്യം സാക്ഷാത്കരിച്ച്‌ പ്രബുദ്ധമായ ഒരു ജീവിതം നയിക്കാം. 



വിവർത്തമേവ ധാവന്തി നിർവിവർത്താനി സന്തി ച
ചിദ്വേധിതാനി സർവാണി ക്ഷണാത് പിംഡീഭവന്തി ച (3/12/30)


വസിഷ്ഠന്‍ പറഞ്ഞു: ഉറങ്ങിക്കിടക്കുന്നവന്റെയുള്ളില്‍ സ്വപ്നങ്ങള്‍ പ്രത്യക്ഷമാവുന്നതുപോലെ അവിച്ഛിന്നമായ വിശ്വസത്ത്വത്തില്‍ സൃഷ്ടി പ്രകടിതമായതെങ്ങിനെയെന്ന് ഞാന്‍ വിശദമാക്കാം. ശാശ്വതഭാസുരമായ അനന്താവബോധത്തില്‍ നിന്നു സ്വയം ഉദ്ഭൂതമാണീ പ്രപഞ്ചം. ആ സത്തയില്‍ സ്വയം 'അറിയുന്ന വസ്തു' (ആത്മാവ്‌) അതിന്റെ 'സ്വരൂപത്തെ'ക്കുറിച്ച്‌ ആരാഞ്ഞതിന്റെ ഫലമായി ആകാശം എന്ന 'ഇടം' സംജാതമായി. കാലമേറെക്കഴിഞ്ഞ്‌ സൃഷ്ടിബോധം അനന്ത സത്തയില്‍ ശക്തിപ്രാപിക്കേ ജീവനായി വിശ്വാത്മാവ്‌ - ഹിരണ്യഗര്‍ഭം- അതില്‍ നിന്നുദ്ഭൂതമായി. അനന്തത അതിന്റെ പൂര്‍ണ്ണതയെ വെടിഞ്ഞ്‌ സ്വയം ജീവാത്മാവായി പരിമിതപ്പെട്ടതുപോലെ ആയിത്തീര്‍ന്നു.

അപ്പോഴും ബ്രഹ്മം മാറ്റമേതുമില്ലാതെ, അനന്തമായിത്തന്നെ നിലകൊണ്ടു. അകാശത്തില്‍ ശബ്ദം സ്വയമേവ മാറ്റൊലിക്കൊണ്ടു. പിന്നീട്‌ ജീവനില്‍ തുടര്‍സൃഷ്ടിക്കനിവാര്യമായ 'അഹങ്കാരം' ഉണര്‍ന്നു. അതേസമയം, 'കാല'വും ഉണ്ടായി. ഇതെല്ലാം ഉണ്ടാവുന്നത്‌ അനന്തതയില്‍ യാഥാർഥ്യത്തിലുണ്ടായ വ്യതിയാനങ്ങളായല്ല. ഹിരണ്യഗര്‍ഭത്തിലെ സൃഷ്ട്യുന്മുഖചിന്തയില്‍ മാത്രമാണീ സൃഷ്ടി. അതേപോലെ സൃഷ്ടിവിചാരത്താല്‍ വായുവുണ്ടായി; വേദങ്ങളും പിന്നീടുണ്ടായി. ഇതിനെയെല്ലാം വലയംചെയ്യുന്ന ബോധം ജീവാത്മാവായി മറ്റെല്ലാവിധ ഭൂതങ്ങള്‍ക്കും കാരണമായി. നിവാസികളോടുകൂടിയ പതിന്നാലുതരം ജീവിതാസ്തിത്വങ്ങളുണ്ട്‌. അവയും ബോധത്തിന്റെ സര്‍ഗ്ഗസൃഷ്ടികളാണ്‌. ഈ ബോധം 'ഞാന്‍ വെളിച്ചം' എന്നാലോചിക്കേ പ്രകാശസ്രോതസ്സുകളായ സൂര്യനും മറ്റും ഞൊടിയിടയില്‍ സൃഷ്ടമായി. അതുപോലെ ജലവും ഭൂമിയും സൃഷ്ടിക്കപ്പെട്ടു. 

ഈ അടിസ്ഥാന ഘടകങ്ങള്‍ (പഞ്ചഭൂതങ്ങള്‍ ) ഒന്നൊന്നിന്മേലും തിരിച്ചും പ്രവര്‍ത്തനം തുടങ്ങി അവ ക്രമത്തിൽ അനുഭവവങ്ങളും അനുഭവിക്കുന്നവരുമായി  മാറി. സമുദ്രോപരി കാണുന്ന വര്‍ത്തുളമായ അലകള്‍ പോലെ സകലമാന സൃഷ്ടികളും  അങ്ങിനെ  ഉണ്ടായി. വിശ്വപ്രളയത്തിനുമുന്‍പ്‌ , വേര്‍തിരിച്ചു വിടര്‍ത്തിയെടുക്കാനാവാത്തവണ്ണം ആ ഘടകങ്ങള്‍ പരസ്പരം നൂലിഴപാകിയിരുന്നു. "ഈ പ്രകടിത വസ്തുക്കള്‍ (പഞ്ചഭൂതങ്ങള്‍ ) എപ്പോഴും മാറ്റങ്ങള്‍ക്കു വിധേയമാവുമ്പോഴും ആ പരമസത്തയ്ക്കു മാറ്റമൊന്നുമില്ല. ബോധവുമായി നിരന്തരബന്ധം കൊണ്ട്‌ ഘടകവസ്തുക്കള്‍ ക്ഷണത്തില്‍ കൂടുതല്‍ പ്രത്യക്ഷസ്വഭാവമുള്ള ഭൌതീകവസ്തുക്കളായിത്തീരുന്നു." എങ്കിലും ഇതെല്ലാം ആ അനന്തബോധം തന്നെയാണ്‌. അത്‌ മാറ്റങ്ങള്‍ക്ക്‌ വിധേയമല്ല.



ജഗത: പംചകം ബീജം പംചകസ്യ ചിദവ്യയാ
യദ്ബീജം തത്ഫലം വിദ്ധി തസ്മാദ്ബ്രഹ്മമയം ജഗത് (3/13/9)

വസിഷ്ഠന്‍ തുടര്‍ന്നു: ആ പരംപുരുഷനില്‍ നിലകൊണ്ട  സ്പന്ദനം ഒരേസമയം ക്ഷോഭിതവും സമതുലിതവും ആയിരുന്നു. അതു കാരണം ആകാശവും വെളിച്ചവും ജഢത്വവും - അവ സൃഷ്ടിക്കപ്പെട്ടില്ല എങ്കിലും- അതില്‍ പ്രകടമായി. ബോധതലത്തില്‍ സംഭവിക്കുന്നവയായതിനാല്‍ ഇവയ്ക്ക്‌ 'അറിയപ്പെടുന്നതിന്റെ' ഗുണഗണങ്ങള്‍ സ്വായത്തമാണ്‌. അതേസമയം അവയെ 'അറിയപ്പെടുന്നവനും' സംജാതനായി. എല്ലാറ്റിനേയും പ്രകാശിപ്പിക്കുക എന്നത്‌ ബോധത്തിന്റെ സഹജശക്തിയാണ്‌. അതുകൊണ്ടതിനെ വിശ്വസാക്ഷി എന്നു വിളിക്കുന്നു. ഈ ബോധം സ്വയം 'അറിവും' 'അറിവാളി'യുമത്രേ. 

ഇത്തരം പരസ്പരബന്ധമുണ്ടാവുമ്പോള്‍ 'ഞാന്‍ ജീവന്‍ , ജീവാത്മാവ്‌' എന്ന തോന്നല്‍ ബോധത്തിലുദയം ചെയ്യുന്നു. 'അറിവിനു' വിധേയമായവയുമായി തുടര്‍ച്ചയായ താദാത്മ്യം മൂലം ശുദ്ധബോധത്തില്‍ 'അഹം'കാര ഭാവം ഉണ്ടാവുന്നു. പിന്നെ വിവേചന ബുദ്ധിയും യുക്തിവിചാരവും ഉണ്ടാവുന്നു. മനസ്സും മൂലഘടകങ്ങളും ഉണ്ടാവുന്നു. ഈ മൂലഭൂതങ്ങളുടെ ആവര്‍ത്തിച്ചുള്ള സങ്കലനം കൊണ്ട്‌ ലോകങ്ങള്‍ ഉണ്ടാവുന്നു. സ്വപ്നത്തിലെ നഗരദൃശ്യങ്ങള്‍ പോലെ ക്രമാനുഗതമായോ യാദൃശ്ചീകമായോ ഉണ്ടാവുന്ന മാറ്റങ്ങളിലൂടെ ഇക്കാണുന്ന എണ്ണമറ്റ രൂപങ്ങള്‍ ആവര്‍ത്തിച്ചു മൂര്‍ത്തീകരിക്കുകയാണ്‌. ഈ നിര്‍മ്മിതികള്‍ക്കൊന്നും ഉപകരണങ്ങളോ മണ്ണ്‍, ജലം, അഗ്നി തുടങ്ങിയ വസ്തുക്കളോ ആവശ്യമില്ല. കാരണം ബോധത്തിന്റെ സഹജഭാവമാണിതെല്ലാം. ബോധമാണിതിനെയെല്ലാം സ്വപ്നത്തിലെ നഗരങ്ങളെന്നവണ്ണം സൃഷ്ടിക്കുന്നത്‌. ഇത്‌ ശുദ്ധബോധം മാത്രമാണ്‌.

"പ്രപഞ്ചവൃക്ഷത്തിന്റെ വിത്തുകളാണ്‌ പഞ്ചഭൂതങ്ങള്‍ . അനാദ്യന്തമായ ബോധമാണ്‌ പഞ്ചഭൂതങ്ങളുടെ വിത്ത്‌. വിത്ത്‌ ഏതുപോലെയാണോ, അതുപോലെ ഫലവും (വൃക്ഷവും). അതിനാല്‍ വിശ്വം എന്നത്‌ പരബ്രഹ്മമല്ലാതെ മറ്റൊന്നുമല്ല." ഇങ്ങിനെ വിശ്വാവബോധം അതിന്റെ അനന്തപ്രഭാവത്താല്‍ വിശ്വനഭസ്സില്‍ നടത്തുന്ന ഒരിന്ദ്രജാലമാണീ പ്രപഞ്ചം. ഇതു സത്തല്ല. ഇതൊരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടുമില്ല. മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ പരസ്പരമുള്ള സങ്കലനം കൊണ്ട്‌ വസ്തുക്കളെ സൃഷ്ടിച്ചതായി കാണപ്പെടുന്നുവെങ്കിലും അവയെല്ലാം ആകാശക്കോട്ടകള്‍ പോലെ വെറും തോന്നല്‍ മാത്രമാണ്‌. അവയുടെ നിലനില്‍പ്പ്‌ വിശ്വാവബോധമെന്ന അടിത്തറയിലാണ്‌. അതുമാത്രമേ സത്യമായുള്ളു. 

പഞ്ചഭൂതാത്മകമായ ഈ ലോകം ആ ഘടകവസ്തുക്കളുടെ സൃഷ്ടിയാണെന്നു തെറ്റിദ്ധരിക്കരുത്‌. പരമാവബോധത്തിന്റെ സഹജപ്രഭാവം പഞ്ചഭൂതങ്ങളായി പ്രത്യക്ഷപ്പെടുന്നു എന്നു മാത്രം. ഭൂമി മുതലായ ഭൂതങ്ങള്‍ ബോധത്തില്‍ നിന്നു സ്വപനവസ്തുക്കള്‍പോലെ ഉയര്‍ന്നുവന്നു എന്നോ ഇവ അവിദ്യ കാരണം വിശ്വാവബോധത്തില്‍ ആരോപിക്കപ്പെടുന്ന വെറും കാഴ്ച്ചകള്‍ മാത്രമാണെന്നോ പറയാം. മഹാത്മാക്കള്‍ ഇങ്ങിനെയൊക്കെയാണ്‌ സത്യത്തെ ദര്‍ശിക്കുന്നത്‌ (സാക്ഷാത്കരിക്കുന്നത്‌).


അസത്യം സത്യസംകാശം ബ്രഹ്മാസ്തേ ജീവശബ്ദവത്
ഇത്ഥം സ ജീവശബ്ദാർത്ഥ: കലനാകുലതാം ഗത: (3/13/33)


വസിഷ്ഠന്‍ തുടര്‍ന്നു: ജീവന്‍ (ജീവാത്മാവ്‌) എങ്ങിനെ ഈ ശരീരത്തില്‍ നിവസിക്കാനിടയായി എന്നു ഞാന്‍ ഇനി പറഞ്ഞു തരാം. ജീവന്‍ ചിന്തിച്ചു: 'എനിക്ക്‌ അണു സ്വഭാവവും സ്ഥാനവും ആണുള്ളത്‌'. അങ്ങിനെ ജീവന്‍ അണുസ്വഭാവം കൈക്കൊണ്ടു. തെറ്റായി സങ്കല്‍പ്പിച്ചതിനാലാണ്‌ ജീവന്‍ അണുഭാവത്തില്‍ പ്രകടമായത്‌. ഒരുവന്‍ സ്വപ്നത്തില്‍ താന്‍ മരിച്ചതായും തനിക്ക്‌ മറ്റൊരു ശരീരമുള്ളതായും കാണുമ്പോലെ അതീവ സൂക്ഷ്മമായ ശുദ്ധ അവബോധഭാവത്തിലുള്ള ജീവാത്മാവ്‌ ഘനഭാവത്തോട്‌ താദാത്മ്യം പ്രാപിക്കുകമൂലം ഘനസാന്ദ്രമാര്‍ന്ന് നിലകൊണ്ടു.

കണ്ണാടിയില്‍ നിഴലിച്ചു കണുന്ന മല കണ്ണാടിയില്‍ നിലകൊള്ളുന്നതായി തോന്നും പോലെ ജീവന്‍ പുറത്തുള്ള വസ്തുക്കളേയും പ്രവര്‍ത്തനങ്ങളേയും പ്രതിഫലിപ്പിക്കുന്നു. അചിരേണ, ആ വസ്തുക്കള്‍ തനിക്കുള്ളിലാണെന്നു ചിന്തിക്കാന്‍ തുടങ്ങുന്നു. സ്വയം താനാണ്‌ 'കര്‍ത്താവ്‌' എന്നും അനുഭവങ്ങളുടെ 'ഭോക്താവ്‌' എന്നും കരുതുന്നു. ജീവനു കാണാന്‍ തോന്നിയപ്പോള്‍ ഘനശരീരത്തില്‍ കണ്ണുകള്‍ ഉണ്ടായി. അതുപോലെ ത്വക്ക്‌, ചെവി, നാക്ക്‌, മൂക്ക്‌, കര്‍മ്മേന്ദ്രിയങ്ങള്‍ എന്നിവ അതാത്‌ ആഗ്രഹങ്ങള്‍ ജീവനില്‍ ഉയരുകമൂലം സംജാതമായി. അവബോധമെന്ന അതിസൂക്ഷ്മശരീരമായ ജീവന്‍ , ബാഹ്യമായി ശാരീരികാനുഭവങ്ങളും, അന്തരീകമായി മാനസീകാനുഭവങ്ങളും സങ്കല്‍പ്പിച്ചാണ്‌ ഈ ശരീരത്തില്‍ നിവസിക്കുന്നത്‌. "അങ്ങിനെ അയദാര്‍ത്ഥമായതിനെ യാദാര്‍ത്ഥ്യമായിക്കണ്ട്‌ പരബ്രഹ്മം, സംഭ്രാന്തിയോടെ ജീവഭാവത്തില്‍ പ്രത്യക്ഷമായിരിക്കുന്നു."

പരിമിതപ്രഭാവവും ശരീരവുമുള്ള ജീവനെന്നു സ്വയം കരുതി പരബ്രഹ്മം പുറം ലോകത്തെ അജ്ഞാനത്തിന്റെ മറയിലൂടെ വിഷയവസ്തുവായി മനസ്സിലാക്കുന്നു. ചിലര്‍ അവനെ ബ്രഹ്മാവെന്നും മറ്റുചിലര്‍ വേറെപേരുകളിലും വിളിക്കുന്നു. ഇങ്ങിനെ ജീവന്‍ സ്വയം 'അതുമിതും' ആയി സങ്കല്‍പ്പിച്ച്‌ പ്രത്യക്ഷലോകമെന്ന മായാജാലവുമായി ബന്ധിക്കപ്പെടുന്നു. എന്ന്നാല്‍ ഇതെല്ലാം സങ്കല്‍പ്പങ്ങളും ചിന്തകളും മാത്രമാണ്‌. ഇപ്പോഴും ഒന്നും സൃഷിക്കപ്പെട്ടിട്ടില്ല; ശുദ്ധവും അനന്തവുമായ ആകാശം മാത്രമേ ഉണ്മയായുള്ളു. സൃഷ്ടാവായ ബ്രഹ്മാവിന്‌ മഹാപ്രളയത്തിനു മുന്‍പത്തേപ്പോലെ ലോകസൃഷ്ടിചെയ്യാന്‍ കഴിയില്ല, കാരണം ബ്രഹ്മാവ്‌ അപ്പോഴേ മുക്തിപദം പ്രാപിച്ചിരുന്നു. വിശ്വാവബോധം മാത്രമേ അന്നുമിന്നും ഉള്ളു. അതില്‍ ലോകങ്ങളില്ല, സൃഷ്ടികളുമില്ല. ബോധ സത്തിൽ സ്വയം പ്രതിഫലിക്കുന്നതാണ്‌ സൃഷ്ടികളായി കാണപ്പെടുന്നത്‌. തികച്ചും അയദാര്‍ത്ഥമായ ദു:സ്വപ്നം ഭവിഷത്തുകള്‍ ഉണ്ടാക്കുന്നതുപോലെ അവിദ്യയില്‍ ഈലോകം ഉണ്മയാണെന്നുള്ള തോന്നലുണ്ടാവുന്നു. ശരിയായ അറിവുണരുമ്പോള്‍ ഈ സാങ്കല്‍പ്പികലോകം മറഞ്ഞുപോകുന്നു. 



ഏവം ബ്രഹ്മ മഹാജീവോ വിദ്യതേന്താദിവർജിത:
ജീവകോടി മഹാകോടി ഭവത്യഥ ന കിംചന (3/14/35)


വസിഷ്ഠന്‍ തുടര്‍ന്നു: രാമ: ഞാന്‍ നേരത്തേ പറഞ്ഞപോലെ,  അഹംകാരവും അനുഭവദായികളായ അസംഖ്യം വസ്തുക്കളും നിറഞ്ഞ ഈ ലോകം സത്യത്തിൽ ഇല്ലാത്തതാണ്‌.  ഉള്ളത്‌ , പരം പൊരുളായ ബ്രഹ്മം മാത്രം. അതിനുമാത്രമേ നിലനില്‍പ്പുള്ളു. ശാന്തമായ സമുദ്രോപരി അന്തര്‍സംഘര്‍ഷത്താലും മറ്റും കാണപ്പെടുന്ന അലകള്‍പോലെ പരമ്പൊരുള്‍ താന്‍ 'ജീവന്‍ ' ആണെന്നു ചിന്തിച്ച്‌ സ്വയം ജീവഭാവം ഉയിര്‍ക്കൊള്ളുന്നു. ഉറങ്ങിക്കിടക്കുന്നയാള്‍ തനിക്കുള്ളില്‍ വൈവിദ്ധ്യമാര്‍ന്ന സൃഷ്ടികളെ (സ്വപ്നത്തില്‍ ) ഉണ്ടാക്കുന്നത്‌ ഒരിക്കലും തന്റെ സ്വത്വത്തെ നിരാകരിച്ചിട്ടല്ലാത്തതുപോലെ വെറുമൊരു ചിന്താശകലംകൊണ്ട്‌ (അല്ലെങ്കില്‍ ഇച്ഛകൊണ്ട്‌) പരബ്രഹ്മം എണ്ണമറ്റ സൃഷ്ടികള്‍ നടത്തുമ്പോഴും സ്വയം യാതൊരു മാറ്റങ്ങള്‍ക്കും വിധേയമാവുന്നില്ല. യാതൊരു കുറവും അതിനുണ്ടാവുന്നുമില്ല.

പദാര്‍ത്ഥങ്ങളുടെ രൂപവല്‍ക്കരണം തുടങ്ങിയ 'കറ'യൊന്നും പുരളാത്ത ശുദ്ധബോധസ്വരൂപമത്രെ വിശ്വാവബോധത്തിന്റെ വിരാട്‌ രൂപം. നിര്‍മ്മലബോധത്തില്‍ നിന്നുണ്ടായ ഈ വിരാട്‌ രൂപം ഉറങ്ങിക്കിടക്കുന്നവന്റെയുള്ളിലെ അന്തമില്ലാത്ത ഒരു സ്വപ്നത്തോടുപമിക്കാം. അതില്‍ രാജകൊട്ടാരങ്ങളും മറ്റു ജീവികളും ഉണ്ട്‌. ബ്രഹ്മാവു പോലും ഈ പരബ്രഹ്മത്തിന്റെ വെറുമൊരു ചിന്തയാണ്‌. വിശ്വാവബോധം സ്വന്തം അസ്തിത്വത്തെപ്പറ്റി ചിന്തിക്കുന്നതും മറ്റ്‌ പ്രത്യക്ഷമായ ദൃക്‌-ദൃശ്യ ദ്വന്ദങ്ങളും എല്ലാം വെറും സങ്കല്‍പ്പങ്ങള്‍ മാത്രം. അവയെല്ലാം നാമമാത്രമാണ്‌. അവ പെറ്റുപെരുകുന്നതും നാമങ്ങളില്‍ മാത്രം. ഈ വിരാട്‌ രൂപം വിശ്വാവബോധത്തില്‍ ചിന്താബന്ധുരമായി ഉദ്ഭവിച്ചതുപോലെ  മറ്റെല്ലാം ആ വിരാട്ടിന്റെ ചിന്തയിലാണുണ്ടായത്‌. ഒരു വിളക്കിലെ ദീപനാളത്തില്‍ നിന്നും കൊളുത്തുന്ന മറ്റുവിളക്കുകള്‍പോലെയത്രേ ഇത്‌. ആരുടെ ചിന്താ-സ്പ്ന്ദനങ്ങളാണോ ഇവയെ സൃഷ്ടിച്ചത്‌ അതുമായി ഇവയ്ക്ക്‌ വ്യത്യാസമൊന്നുമില്ല. വിരാട്‌ പുരുഷന്‍ എന്നത്‌ പരബ്രഹ്മം തന്നെ. അതുതന്നെയാണീ സൃഷ്ടികളെല്ലാം. സൃഷ്ടിയുടെ ഭാഗമാണ്‌ ജീവനും പഞ്ചഭൂതങ്ങളും അവയുടെ അവയുടെ അസംഖ്യം സമ്മിശ്രണങ്ങളും





Courtesy : http://sreyas.in/jeevanmukthar-yv42#ixzz2F5EtJSDg
http://yogavasishtamnithyaparayanam.blogspot.ca/2012/05/042-042.html


No comments:

Post a Comment