Thursday, January 31, 2013

ബോധം - വിഷയം - യോഗവാസിഷ്ഠം

 
ബ്രഹ്മാത്മൈക ചിദാകാശമാത്ര ബോധവതോ മുനേ:
പുത്രമിത്രകളത്രാണി കഥം കാനി കദാ കുത: (3/26/54)

യോഗവാസിഷ്ഠം നിത്യപാരായണം

വസിഷ്ഠമുനി പറഞ്ഞു: രാമ, വിഷയവസ്തുക്കള് സത്തല്ല എന്നു ശരിയായുറച്ചവര് വിശ്വത്തെ മുഴുവനും ഒരൊറ്റ അവിച്ഛന്നബോധസ്വരൂപമായേ ദര്ശിക്കൂ. സ്വപ്നം കാണുന്നവന് ലോകം കാണുന്നില്ല. എന്നാല് തീരെ ബോധംകെട്ടുറങ്ങുന്നവന് ചിലപ്പോള് മറ്റുലോകങ്ങള് കണ്ടേക്കാം. ലീല സത്യസാക്ഷാത്കാരം നേടിയിരുന്നു. "ആരൊരാള് ബ്രഹ്മം, ആത്മന് , എന്നിങ്ങനെ അറിയപ്പെടുന്ന സത്യവസ്തുവിനെ ബോധസ്വരൂപമായി സാക്ഷാത്കരിച്ചുവോ അവന് മകനാര്? സുഹൃത്താര്? ഭാര്യയയും ബന്ധുക്കളുമാര്?" ലീല ചെറുപ്പക്കാരന്റെ ശിരസ്സില് കൈവെച്ചത് ബ്രഹ്മത്തിന്റെ യാദൃശ്ചികമായ ഒരു കാരുണ്യപ്രകടനം എന്നേ പറയാവൂ.
മൃതിര്ജന്മന്യസദ്രൂപ മൃത്യാം ജന്മാപ്യസന്മയം
വിശരേദ്വിശരാരുത്വാദനുഭൂതേശ്ച രാഘവ (3/44/26)

സരസ്വതി പറഞ്ഞു: ലീലേ, ഒരാളിന്റെയുള്ളില് എന്തെന്തുകാഴ്ച്ചകള് ഉയര്ന്നുണരുന്നുവോ അവയെല്ലാം ക്ഷണനേരത്തില് അനുഭവങ്ങളാകുന്നു. ബോധം, സ്വയം വിഷയമായി (അറിയപ്പെടുന്ന വസ്തുവായി) മാറിയപോലെയാണത്. ബോധമണ്ഡലത്തില് ലോകമെന്ന കാഴ്ച്ച ഉയരുമ്പോള് ക്ഷണത്തില് അങ്ങിനെയായിത്തീരുകയാണ്. കാലം, ദൂരം, സമയദൈര്ഘ്യം, വസ്തുനിഷ്ഠത എന്നിവയെല്ലാം ഉണ്ടാവുന്നത് പദാര്ത്ഥങ്ങളില് നിന്നാവാന് വയ്യ. കാരണം അങ്ങിനെയെങ്കില് അവയും പദാര്ത്ഥങ്ങളാവണമല്ലോ. ഒരുവന്റെ ബോധതലത്തിലെ പ്രതിഫലനം പുറത്തും അതേപോലെ ദീപ്തമായി കാണപ്പെടുന്നു. ജാഗ്രദ വസ്ഥയില് വസ്തുനിഷ്ഠമായി, സത്തായി, കാണപ്പെടുകയും അനുഭവിക്കുകയും ചെയ്യുന്ന പുറംലോകം സ്വപ്നത്തിലെ അനുഭവങ്ങളേക്കാള് കൂടിയ യാഥാര്ത്ഥ്യമൊന്നുമല്ല. ഉറങ്ങുമ്പോള് ലോകമില്ല. ഉണരുമ്പോള് സ്വപ്നവുമില്ല! "മരണം ജീവനു വിപരീതമാണ്. ജീവിച്ചിരിക്കുമ്പോള് മരണമില്ല, അതിനു നിലനില്പ്പില്ല. മരണത്തിനപ്പോള് അസ്തിത്വമില്ല. മരണത്തിലോ, ജീവനു നിലനില്പ്പില്ല. കാരണം, അതത് അനുഭവങ്ങളെ ചേര്ത്തുവയ്ക്കുന്നതെന്തോ അതിന്റെ അഭാവമാണ് മറ്റേതില് . അത് സത്തോ അസത്തോ എന്നു പറയാന് വയ്യ. ഒരുകാര്യം മാത്രം ഉറപ്പിക്കാം- എല്ലാറ്റിന്റേയും അടിസ്ഥാനം മാത്രമാണ് സത്തായിട്ടുള്ളതെന്ന്. ബ്രഹ്മത്തില് ഒരു വാക്കായി, ആശയമായി വിശ്വം മുഴുവന് സ്ഥിതിചെയ്യുന്നു. അതു സത്യമോ അസത്യമോ അല്ല. കയറിലെ പാമ്പ് സത്യമോ അസത്യമോ അല്ലാത്തതുപോലെയാണത്. ജീവന്റെ അനുഭവങ്ങള് അപ്രകാരമത്രേ. സ്വന്തം ആശയാഭിലാഷങ്ങളെയാണ് ജീവന് അനുഭവിക്കുന്നത്. താന് നേരത്തേ അനുഭവിച്ച ചില അനുഭവങ്ങള് ഭാവനയില് കൊണ്ടുവരുന്നു; ചില പുതിയ അനുഭവങ്ങളും സങ്കല്പ്പിക്കുന്നു. ചിലത് സമാന സ്വഭാവമുള്ളവയും മറ്റുചിലത് വിചിത്രവുമായിരിക്കും. ഇവയെല്ലാം യഥാര്ത്ഥ വിശകലനത്തില് അസത്യമാണെങ്കിലും അവ സത്യമായി കാണപ്പെടുന്നു (അനുഭവപ്പെടുന്നു). മന്ത്രിമാരുടേയും മറ്റുള്ളവരുടേയും കാര്യം അങ്ങിനെയാണ്. ഇവിടെക്കാണുന്ന ലീലയും ബോധതലത്തിലെ വെറും പ്രതിഫലനം കൊണ്ടാണുണ്ടായിരിക്കുന്നത്. അപ്രകാരം തന്നെയാണ് നീയും ഞാനുമൊക്കെ. അറിവിന്റെ നിറവില് നീ പ്രശാന്തയായാലും.
ഒരുവന്റെ ബോധം എങ്ങിനെയോ അവന് അങ്ങിനെയായിത്തീരുന്നു (81)
യഥാ വാസനയാ ജന്തോര്വിഷമപ്യമൃതായതേ
അസത്യ: സത്യതാമേതി പദാര്ത്ഥോ ഭാവനാത് തഥാ (3/56/31)
വസിഷ്ഠന് തുടര്ന്നു: കടപുഴകിവീഴാന് പോകുന്ന വൃക്ഷത്തില് നിന്നും പക്ഷികള് പറന്നകലുന്നതുപോലെ വിഥുരഥന്റെ ശരീരത്തില് നിന്നും ജീവന് വിട്ടുപോയി. അദ്ദേഹത്തിന്റെ പ്രജ്ഞ, സൂക്ഷ്മശരീരമായി ആകാശത്തേയ്ക്കുയര്ന്നു. ലീലയും സരസ്വതിയും ഇതുകണ്ട് ജീവനെപിന്തുടര്ന്നു. ഏതാനും നിമിഷങ്ങള് കഴിഞ്ഞപ്പൊള് സൂക്ഷ്മശരീരം സചേതനമായി, മരണശേഷമുണ്ടായ താല്ക്കാലികമായ അബോധാവസ്ഥയില് നിന്നും പുറത്തുവന്നു. രാജാവിന്റെ ചിന്തയില് തന്റെ സ്ഥൂലശരീരം ബന്ധുക്കളാല്ചുറ്റപ്പെട്ട് ഉപചാരപൂര്വ്വം സംസ്കരിക്കാനായി കിടത്തിയിരിക്കുന്നതു കണ്ടു. അദ്ദേഹം (സൂക്ഷ്മദേഹം) വീണ്ടും യാത്രചെയ്ത് യമരാജന്റെ സവിധത്തിലെത്തി. രാജാവ് പാപകര്മ്മങ്ങള് ഒന്നും ആര്ജ്ജിച്ചിട്ടില്ല, അതിനാല് അദ്ദേഹത്തെ പൂര്വ്വ ശരീരത്തിലേയ്ക്ക് കടക്കാന് അനുവദിച്ചിരിക്കുന്നുവെന്നും യമന് തന്റെ കിങ്കരന്മാരെ അറിയിച്ചു. പദ്മ രാജാവിന്റെ ദേഹം എണ്ണത്തോണിയില് ഭദ്രമായിസൂക്ഷിച്ചിരുന്നുവല്ലോ. ക്ഷണത്തില് സൂക്ഷ്മശരീരം, പദ്മ രാജന്റെ കൊട്ടാരത്തില്പ്രവേശിച്ച് രജാവിന്റെ ദേഹം കിടത്തിയ അറയിലെത്തി. തീര്ച്ചയായും പദ്മ രാജാവിന്റെ അഹംകാരവുമായിബന്ധപ്പെട്ടാണ് വിഥുരഥനുമായുള്ള ചാര്ച്ച ഉണ്ടായത്. വിദേശ ങ്ങളില് ദൂരെയാത്ര ചെയ്യുന്നയാള്ക്ക് നാട്ടില് തന്റെ സമ്പത്ത് കുഴിച്ചിട്ടയിടം എപ്പോഴും ഓര്മ്മയിലുണ്ടാകും. എവിടെ യാത്രയില് ആയിരുന്നാലും അതിനോട് അയാള്ക്ക് മമതയുണ്ടാകുമല്ലോ. അതുപോലെയാണ് വിഥുരഥന്റെ അവസ്ഥയും.
രാമന് ചോദിച്ചു: മഹാത്മന്, ഒരുവന്റെ ബന്ധുക്കള് അവനുവേണ്ടി മരണാനന്തര കര്മ്മങ്ങള് ശരിയായി ചെയ്തില്ലെങ്കില് അയാള്ക്ക് എങ്ങിനെയാണ് സൂക്ഷ്മശരീരം ലഭിക്കുക?
വസിഷ്ഠന് പറഞ്ഞു; കര്മ്മങ്ങള് ശരിയായി ചെയ്താലുമില്ലെങ്കിലും, ദിവംഗതനായ ആള് കര്മ്മങ്ങള് ശരിയായി ചെയ്തു എന്നു വിശ്വസിക്കുന്ന പക്ഷം അയാള്ക്ക് സൂക്ഷ്മശരീരത്തിന്റെ പ്രയോജനം ലഭിക്കുന്നതാണ്. ഒരുവന്റെ ബോധം എങ്ങിനെയോ അവന് അങ്ങിനെയായിത്തീരുന്നു. ഇതെല്ലാവര്ക്കുമറിയാവുന്ന സത്യമത്രേ. പദാര്ത്ഥങ്ങള് (വസ്തുക്കള് , വിഷയങ്ങള് ) ഉണ്ടാവുന്നത് ഒരാളുടെ ഭാവനയിലാണ്. പദാര്ത്ഥങ്ങളില്നിന്നും ഭാവനകളുണ്ടാവുകയും ചെയ്യുന്നു. "ഒരുവന്റെ ഭാവനകൊണ്ട് വിഷം അമൃതായി മാറുന്നു. അയാഥാര്ത്ഥ്യമായ വസ്തു യാഥാര്ഥ്യമാണെന്നു തോന്നുന്നു. ഇതെല്ലാം രൂഢമൂലമായ വിശ്വാസം മൂലം സംജാതമാവുകയാണ്."
കാരണമില്ലാതെ യാതൊരു കാര്യവും ഇന്നുവരെ ഒരിടത്തുമുണ്ടായിട്ടില്ല. അതുകൊണ്ട് ഭാവനകളും ചിന്തകളുംഉള്ളതാണെന്ന്പറയുകവയ്യ. എന്നാല് അനന്താവബോധത്തിന്റെ ഒരുഅഹൈതുകഹേതു- അകാരണകാരണംകൊണ്ടുമാത്രമാണ് എന്തെങ്കിലും സൃഷ്ടിക്കപ്പെടുകയോ ഉദിച്ചുയരുകയോ ചെയ്യുന്നുള്ളു.
ഒരുകാര്യം പക്ഷെ വ്യക്തമാണ്. ബന്ധുജനങ്ങള് വിശ്വാസപൂര്വ്വം നടത്തുന്ന മരണാനന്തരകര്മ്മങ്ങള് ജീവപ്രജ്ഞയെ മുന്നോട്ടുള്ള ഗമനത്തിനായി സഹായിക്കുന്നുണ്ട്. മരിച്ചവ്യക്തി അതീവ ദുഷ്ടത നിറഞ്ഞ ഒരാളായിരുന്നുവെങ്കില് കര്മ്മങ്ങള് കൊണ്ട് വലിയപ്രയോജനമൊന്നുമില്ല.

സ്വഭാവങ്ങള് വിഷയങ്ങളില് അല്ല നമ്മുടെ ചിന്തകളിലാണുള്ളത് (85)
തീവ്രവേഗവതീ യാ സ്യാതത്ര സംവിദകമ്പിതാ
സൈവായാതി പരം സ്ഥൈര്യമാമോക്ഷം ത്വേകരൂപിണീ (3/60/53)
വസിഷ്ഠന് തുടര്ന്നു: ഒരുവന്റെ മാനസീകഭാവങ്ങളാണ് മധുരമുള്ളതിനെ കയ്പ്പു നിറഞ്ഞതാക്കുന്നതെന്നും, കയ്പ്പിനെ മധുരമുള്ളതാക്കുന്നതെന്നും യോഗിക്കറിയാം അങ്ങിനെ തന്നെയാണ് സുഹൃത്തിനെ ശത്രുവാക്കുന്നതും ശത്രുവിനെ സുഹൃത്താക്കുന്നതും. അതുപോലെ സ്വയം നമ്മുടെ ദൃഷ്ടികോണ് ഒന്നു മാറ്റിയും നിരന്തരമായ അഭ്യാസം കൊണ്ടും നേരത്തേ തീരെ താത്പ്പര്യമില്ലാതിരുന്ന വേദശാസ്ത്രങ്ങളിലേയ്ക്കും പൂജാദികളിലേയ്ക്കും മറ്റും നമ്മുടെ ശ്രദ്ധയെ തിരിക്കാന് സാധിക്കും. കാരണം സ്വഭാവങ്ങള് വിഷയങ്ങളില് അല്ല. നമ്മുടെ ചിന്തകളിലാണുള്ളത്. കടല്ച്ചൊരുക്കു ബാധിച്ചവന് ലോകം മുഴുവന് ചുറ്റുന്നതായി തോന്നുന്നതുപോലെ അജ്ഞാനിക്ക് വിഷയവസ്തുക്കളിലാണ് സ്വഭാവസവിശേഷതകള് കുടികൊള്ളുന്നതെന്നു തോന്നുകയാണ്. മദ്യപിച്ചു മതികെട്ടവന് ചുമരുള്ളിടത്ത് ശൂന്യകാശം കാണാകുന്നു. മോഹവിഭ്രമം ബാധിച്ചവനെ നിലവിലില്ലാത്ത പിശാചുക്കള് പിടികൂടി കൊല്ലുന്നു.
ലോകമെന്നത് ആകാശത്തില് ബോധത്തിന്റെ കമ്പനങ്ങള് മാത്രമാണ്. അജ്ഞാനിക്ക് ഭൂതപിശാചുക്കളെന്നപോലെ, കാണപ്പെടുന്നുണ്ടെങ്കിലുംഇല്ലാത്തതാണത്. ഇതെല്ലാം മായയാണ്. അതിനാല് അനന്താവബോധവും വിശ്വത്തിന്റെ പ്രകടിതമായ അസ്തിത്വവും തമ്മില് പൊരുത്തക്കേടൊന്നുമില്ല തന്നെ. ഉണര്ന്നു കിടക്കുന്നവന്റെ മഹത്തായ സ്വപ്നം പോലെയാണത്. രാമ, ശിശിരത്തില് മരങ്ങളിലെ ഇലകള് കൊഴിയുന്നു. വസന്തത്തില് അതേ മരങ്ങളില് ഇലകള് തളിര്ത്തു വളരുന്നു. അവ മരത്തിനുള്ളില് ലീനമായി ഉണ്ടായിരുന്നതുതന്നെയാണ്. അതുപോലെ അനന്താവബോധത്തില് അനുസ്യൂതമായി സൃഷ്ടി തുടര്ന്നുകൊണ്ടിരിക്കുന്നു. അത് സ്പഷ്ടമായി കാണുന്നില്ല എന്നുമാത്രം. സ്വര്ണ്ണം ദ്രാവകാവസ്ഥയില് കാണുന്നത് അത്ര സാധാരണമല്ലല്ലോ. ഒരു യുഗത്തിലെ ബ്രഹ്മാവ് മുക്തിപദം പ്രാപിച്ച് അടുത്ത യുഗത്തിലെ ബ്രഹ്മാവ് ഓര്മ്മയില് നിന്നും പുതിയൊരു ലോകത്തെ വിക്ഷേപിക്കുമ്പോള് ഓര്മ്മപോലും അനന്താവബോധം മാത്രമാണ്.
രാമന് ചോദിച്ചു: അങ്ങിനെയെങ്കില് രാജാവും നഗരവാസികളും എങ്ങിനെയാണ് ഒരേ വിഷയവസ്തുക്കളെ വസ്തുനിഷ്ഠമായി അനുഭവിക്കാനിടയായത്?
വസിഷ്ഠന് പറഞ്ഞു: എല്ലാ ജീവന്റെയും മേധാശക്തി അനന്താവബോധത്തിനെ ആശ്രയിച്ചായതുകൊണ്ടാണിങ്ങിനെ സംഭവിക്കുന്നത്. രാമാ, നഗരവാസികളും അദ്ദേഹം അവരുടെ രാജാവാണെന്നു തന്നെ ചിന്തിച്ചു. ചിന്തകളുടെ ആന്ദോളനം അനന്താവബോധത്തില് സഹജമാണ്. എന്നാല് അത് യാതൊരു പ്രേരണകള്ക്കും വശംവദമായല്ല സംഭവിക്കുന്നത്. വജ്രത്തിനു തിളക്കം സഹജം. രാജാവിന്റെ ബുദ്ധിയില്ഞാന് വിഥുരഥ രാജാവ്എന്ന ചിന്തയുണ്ടാവുന്നു. അപ്രകാരം ജീവജാലങ്ങള്ക്കും വിശ്വത്തിനു മുഴുവനുംഅഹംചിന്തയുണ്ടാവുന്നു. "ഒരുവന്റെ പ്രജ്ഞ അനന്താവബോധത്തെക്കുറിച്ചുള്ള സത്യസ്ഥിതിയില് സ്ഥിരപ്രതിഷ്ഠമായാല് അത് പരമമായ മുക്തിപദത്തില് എത്തിച്ചേരുന്നു." ഇത് ഒരുവന്റെ സ്വപ്രയത്നത്തെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യനെ ഒരേസമയം രണ്ടു ശക്തികള് വിവിധ ദശകളിലേയ്ക്കു വലിക്കുകയാണ്. ഒന്ന് ബ്രഹ്മത്തെ പരമസത്യമായി സാക്ഷാത്കരിക്കുന്നതിനുതകുന്നതും മറ്റേത് ലോകത്തെ ഉണ്മയായി സ്വീകരിക്കുന്ന അജ്ഞതയിലേയ്ക്കുള്ളതുമാണ്. ഏതു ദിശയിലേയ്ക്കാണൊരുവന് തന്റെ തിവ്ര പ്രയത്നമര്പ്പിക്കുന്നത്, ദിശയ്ക്കു വിജയമുണ്ടാവുന്നു. ഒരിക്കല് അവിദ്യ നീങ്ങിക്കഴിഞ്ഞാല് അസത്തായ ഭ്രമദൃശ്യങ്ങള് എന്നെന്നേയ്ക്കുമായി ഇല്ലാതാവുന്നു.


Courtesy : http://sreyas.in/swabhavangal-yv85#ixzz2JaX4AfQm

No comments:

Post a Comment