Tuesday, May 14, 2013

ഉപശമപ്രകരണം - ലഘുയോഗവാസിഷ്ഠം


ഹേ രാമചന്ദ്ര! രജസ്തമസ്സുകള് വര്ദ്ധിച്ചു ചിത്തം ദുഷിച്ച് ഒരിക്കലും സത്യത്തെ അറിയാന് പരിശ്രമിക്കാതെ ജീവിക്കുന്ന പ്രാകൃതന്മാരാണ് ഒരു പ്രകാരത്തില് പറഞ്ഞാല് ഈ സംസാരത്തെ നിലനിര്ത്തുന്നത്. സത്വഗുണം വളര്ന്നു മൈത്രാദിസല്ഭാവങ്ങളോടുകൂടിയ സജ്ജനങ്ങള് ജീവിതത്തിന്റെ ലക്ഷ്യത്തെ അറിയുകയും സംസാരത്തെ അതിക്രമിച്ചു ലക്ഷ്യത്തെ അറിയുകയും ചെയ്യുന്നു. കാണുന്നതെല്ലാം ബ്രഹ്മമാണ്. അപരിച്ഛിന്നവും അദ്വൈതവുമായ ബ്രഹ്മത്തില് നിന്നന്യമായി ഒന്നുംതന്നെ സംഭവിച്ചിട്ടില്ല. സംഭവിച്ചുവെന്നു തോന്നപ്പെടുന്നവയെല്ലാം കല്പനകള്മാത്രമാണ്. ബ്രഹ്മത്തില് ചെയ്യപ്പെടുന്ന കല്പനകള് സമുദ്രത്തില് തിരമാലകളെന്നപോലെയാണ്.

സമുദ്രത്തില് നിന്നു വേറെയല്ല തിരകളെന്നു പ്രത്യക്ഷമാണ്. അതുപോലെ ബ്രഹ്മത്തിലും എന്തൊക്കെ കല്പിച്ചാലും അവയൊന്നുംതന്നെ ബ്രഹ്മത്തില് നിന്നു വേറെയല്ലെന്നു വ്യക്തമാണ്. അങ്ങനെ എല്ലാം ബ്രഹ്മമാണെന്നു ബോദ്ധ്യം വന്നുകഴിഞ്ഞാല് പിന്നെ ആര്ക്കാണ് ജനനവും മരണവും ബന്ധവും ദുഃഖവുമെല്ലാമുള്ളത്? വെറും ഭ്രമം മാത്രമാണ് സംസാരാനുഭവങ്ങളെല്ലാമെന്നു ബോദ്ധ്യംവരും. ജ്ഞാനവൈരാഗ്യങ്ങള് വളര്ന്നു കര്മ്മവാസനകള് നശിച്ച് ഒടുവിലത്തെ ജന്മമായിട്ടുള്ള ഒരാള്ക്കീ ആത്മജ്ഞാനം സ്വാഭാവികമായിട്ടുണ്ടാവും. അങ്ങനെ സ്വാഭാവികമായിട്ടുണ്ടായിട്ടില്ലെങ്കില് പ്രയത്നം കൊണ്ടുണ്ടാവാന് പരിശ്രമിക്കുകയും വേണം.

സജ്ഞനസംസര്ഗ്ഗം കൊണ്ടോ ശാസ്ത്രവിചാരം കൊണ്ടോ എങ്ങനെയെങ്കിലും സത്വഗുണത്തെ വളര്ത്താന് ശ്രമിക്കണം. സത്വഗുണം വളര്ന്നാല് മാത്രമേ ചിത്തശുദ്ധിയും ജ്ഞാനപ്രാപ്തിയുമെല്ലാമുണ്ടാവാന് പോവുന്നുള്ളു. സാധാരണ അജ്ഞന്മാരായ സംസാരികള്ക്ക് ആത്മജ്ഞാനപ്രാപ്തിക്കു രണ്ടു മാര്ഗ്ഗങ്ങളാണുള്ളത്. ഒന്നു പ്രാപ്തനായ ആചാര്യനെ സമീപിച്ച് അദ്ദേഹത്തില് നിന്ന് ഉപദേശരൂപേണ ഗ്രഹിച്ചു ശ്രദ്ധയോടും നിഷ്ഠയോടുംകൂടി അനുഷ്ഠിക്കുക. എന്നാല് ജന്മംകൊണ്ടോ ജന്മങ്ങളെക്കൊണ്ടോ അനുഭവസമ്പന്നനായി മുക്തനാവാം. മറ്റൊന്നു സുകൃതപരിപാകം വേണ്ടത്രയുണ്ടെങ്കില് യാദൃച്ഛികമായി ശ്രവിക്കാന് സാധിക്കുകയും ശ്രവണമാത്രംകൊണ്ടു വിലപ്പിടിച്ച വസ്തു അവിചാരിതമായി വീണുകിട്ടും പോലെ അനുഭവപ്പെടുകയും ചെയ്യും. എന്നാല് അങ്ങനെ കിട്ടുന്നതു പുരുഷപ്രയത്നം കൊണ്ടു സാധിക്കാവുന്നതല്ല. ഈശ്വരായത്തമായിത്തന്നെ വന്നു ചേരണം. പുണ്യത്തിന്റെ അത്യന്താധിക്യമുള്ള ഒരാള്ക്ക് അങ്ങനെ യാദൃച്ഛികമായി വന്നുചേരുകയും ചെയ്യും. അങ്ങനെ സാധിച്ച ഒരു ഇതിഹാസം ഞാനിവിടെപ്പറയാം. അതു കേട്ടാല്ത്തന്നെ ഒരാള്ക്കു ജ്ഞാനമുണ്ടാവാന് വിഷമമില്ല.

ജനകോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (18)

ഹേ രാമചന്ദ്ര! ലോകത്തില് വിദേഹമെന്നു പ്രസിദ്ധിപ്പെട്ട മിഥിലാചക്രവര്ത്തിയായ ജനകരാജാവ് ഒരിക്കല് വസന്തഋതുവില് പൂത്തുതഴച്ചു പുഷ്പസങ്കലമായ ഉദ്യാനത്തില് ഒറ്റയ്ക്കു ചുറ്റിനടക്കാനിടയായി. ഓരോ വള്ളിക്കുടിലുകളേയും ഗൃഹാലയങ്ങളേയും നോക്കി നോക്കി നടക്കുമ്പോള് ഗുഹാകഞ്ജങ്ങളില് അദൃശ്യന്മാരായി അധിവസിക്കുന്ന സിദ്ധന്മാരുടെ അനുസന്ധാനപ്രകാരങ്ങളെ കീര്ത്തിച്ചുകൊണ്ടുള്ള ഗാനങ്ങളെ കേള്ക്കാനിടയായി. അദ്ദേഹമന്നു കേട്ട സിദ്ധഗാനങ്ങളുടെ ചുരുക്കം ഞാന് പറയാം. കേട്ടോളൂ:


“ദ്രഷ്ടാവും ദൃശ്യവുമൊന്നിച്ചു കൂടിച്ചേരുമ്പോള് ദ്രഷ്ടാവിനുള്ള പ്രത്യയാനന്ദത്തെ ഞാന് ആത്മസത്തയെന്നറിഞ്ഞുപാസിക്കുന്നു. ദ്രഷ്ടാവിനേയും ദൃശ്യത്തേയും ദര്ശനത്തേയും ദര്ശിക്കാനുള്ള വാസനയേയും ഒന്നിച്ചു നീക്കി ദര്ശനത്തിനു മുമ്പു പ്രകാശിക്കുന്ന ചൈതന്യത്തെ ഞാന് ആത്മസത്തയെന്നറിഞ്ഞ് ഉപാസിക്കുന്നു. ഉണ്ടെന്നും ഇല്ലെന്നുമുള്ള രണ്ടു പക്ഷങ്ങളുടെ മദ്ധ്യത്തില് പ്രകാശത്തിനും പ്രകാശനമായി വിളങ്ങുന്ന ചൈതന്യത്തെ ഞാന് ആത്മസത്തയെന്നറിഞ്ഞ് ഉപാസിക്കുന്നു. എല്ലാ ശരീരത്തിലും എപ്പോഴും ഹംസമന്ത്രത്തെ ഉച്ചരിച്ചുകൊണ്ടിരിക്കുന്ന ചൈതന്യത്തെ ഞാന് ആത്മസത്തയെന്നറിഞ്ഞ് ഉപാസിക്കുന്നു.

ഹൃദയാന്തര്വ്വര്ത്തിയും സര്വ്വന്തര്യാമിയും ആത്മസ്വരൂപിയുമായ ഈശ്വരനെ വിട്ട് അന്യദേവനെ തേടുന്നവന് കയ്യില് കിട്ടയ കൗസ്തുഭത്തെ കളഞ്ഞു വേറെ രത്നത്തെ അന്വേഷിച്ചു നടക്കുകയാണെന്നു പറയണം, വിവേകമുള്ളവരാരും അങ്ങനെ ചെയ്യുമെന്നു പറയാന്വയ്യ. എല്ലാ ആഗ്രഹങ്ങളേയും ദൂരെത്തള്ളിക്കളഞ്ഞ ഒരാള്ക്കു മാത്രമേ ആത്മോപാസനം ചെയ്യാന് സാധിക്കൂ. ആത്മോപാസന ചെയ്യാന്തുടങ്ങിയാല് പിന്നെ അവനില് വിഷയാഗ്രഹങ്ങള് വളരാന് വയ്യ. മാത്രമല്ല, വല്ല ആഗ്രഹങ്ങളും ബാക്കിയായിട്ടുണ്ടെങ്കില് അതുകൂടി ആത്മോപാസനം കൊണ്ടു നശിക്കുകയും ചെയ്യും.

എന്നാല് വിഷയപദാര്ത്ഥങ്ങളും അവയുടെ അനുഭവങ്ങളും കേവലം നിസ്സാരങ്ങളും ദുഃഖോദര്ക്കങ്ങളുമെന്നറിഞ്ഞിട്ടുകൂടി പിന്നെയും അവയെത്തന്നെ ആഗ്രഹിക്കുന്നവനെ മനുഷ്യനെന്നുപോലും പറയാന് വയ്യ. പൊന്തിപ്പൊന്തിവരുന്ന ഇന്ദ്രിയപ്രക്ഷോഭങ്ങളെ വിവേകം കൊണ്ടടക്കി കൈകളെ കൂട്ടിത്തിരുമ്മിയും പല്ലുകടിച്ചും അംഗങ്ങളെ അംഗങ്ങള്ക്കൊണ്ടമര്ത്തയും മറ്റും വേണം ആദ്യത്തില് മനസ്സിനെ ജയിക്കാന്. ഉപശമത്തെ പ്രാപിക്കാന് കഴിഞ്ഞാല് ക്രമേണ മനസ്സടങ്ങും. അതുകൊണ്ടേ അടങ്ങൂവെന്നും പറയണം. പ്രക്ഷുബ്ധമായ മനസ്സ് ഒരു പ്രകാരത്തിലും അടങ്ങില്ല. അതിനാല് ആദ്യത്തില് ഉപശമത്തെ പ്രാപിപ്പിക്കുകതന്നെ വേണം. കലങ്ങിയ വെള്ളത്തില് വസ്തുപ്രതിഫലനം അശക്യമായതുപോലെ വികാരങ്ങളെക്കൊണ്ടും വിഷയഗ്രഹങ്ങളെക്കൊണ്ടും പ്രക്ഷുബ്ധമായ ചിത്തം ഉപശാന്തമാവാതിരിക്കും കാലത്തോളം അതിലും വസ്തുപ്രതിഫലനമെന്ന അവസ്ഥ വിഷമംതന്നെ. മനസ്സടങ്ങിയാല് പിന്നെ സംശയമില്ല. ആനന്ദമയമായ സ്വരൂപത്തില് സ്ഥിതി കിട്ടാന് വിഷമമില്ല.”

സിദ്ധന്മാരുടെ ഇപ്രകാരമുള്ള വാക്കു കേട്ടു വിചാരവാനായിത്തീര്ന്ന ജനകന് ചിന്താമഗ്നനായി തനിയേ തന്റെ മണിമാളികയില് കയറി സ്വസ്ഥമായ ഒരാസനത്തിലിരുന്നു വിചാരം ചെയ്യാന് തുടങ്ങി.

ജഗത്തിന്റെ അസ്ഥിരത്വം, ദുഃഖാത്മകത്വം ജീവിതത്തില് അനുനിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്ന ഭ്രമങ്ങളുടെ അര്ത്ഥശൂന്യത, ക്ഷണികമായ ജീവിതത്തില് സ്ഥിരമായ സുഖത്തെ പ്രാപിക്കാനുള്ള കൊതിയുടെ പിന്നിലുള്ള ബുദ്ധിശൂന്യത, ജീവിതത്തിന്റെ അനിശ്ചിതത്വം, ക്ഷണികത്വം തുടങ്ങി അനേകകാര്യങ്ങള് അദ്ദേഹത്തിന് വിചരമാത്രം കൊണ്ടു ബോദ്ധ്യമായി. അവസാനമായി എല്ലാവിധ അനര്ത്ഥങ്ങള്ക്കും ഏകഹേതു ചിത്തമാണെന്നും ബോദ്ധ്യമായി. എന്തൊക്കെയുണ്ടായാലും ചിത്തം അസ്വസ്ഥമാണെങ്കില് അതുകൊണ്ടു പറയത്തക്ക പ്രയോജനമൊന്നുമില്ല. ഒന്നുമില്ലെങ്കില്ക്കൂടി ചിത്തം സ്വസ്ഥവും പ്രശാന്തവുമാണെങ്കില് അവന് സുഖിയാണ്. അതിനാല് സുഖദുഃഖങ്ങള്ക്കും ഇഷ്ടാനിഷ്ടങ്ങള്ക്കും സമ്പത്തിനും ആപത്തിനും എല്ലാം ഹേതു ചിത്തമാണെന്നും ചിത്തമടങ്ങാതെ ആര്ക്കും ഇതുവരെ സുഖംകിട്ടീട്ടില്ലെന്നും, ചിത്തമടങ്ങിയാല് പിന്നെ സുഖിക്കാന് മറ്റുപകരണങ്ങളൊന്നും ആവശ്യമില്ലെന്നും എല്ലാം അദ്ദേഹത്തിന് ബോദ്ധ്യമായി. അതിനാല് ചിത്തത്തെ അടക്കല്തന്നെ ചെയ്യാനുള്ള മുഖ്യമായ പ്രവൃത്തിയെന്നു തീര്ച്ചപ്പെടുത്തി അതിനായി ഒരുങ്ങി. എന്താണ് മനസ്സിന്റെ സ്വരൂപമെന്നു നിരൂപിച്ചപ്പോള് സങ്കല്പം തന്നെയാണ് മനസ്സിന്റെ രൂപമെന്നും സങ്കല്പമെന്ന ഒന്നില്ലെങ്കില് മനസ്സെന്ന തത്വമില്ലെന്നും അറിയാന് കഴിഞ്ഞു.


അത്രയും അറിയാന് കഴിഞ്ഞപ്പോള്ത്തന്നെ ജനകന് വളരെയധികം സന്തുഷ്ടനും ചരിതാര്ത്ഥനുമായി. എങ്കിലും മനസ്സിനെ ജയിക്കുകകൂടി സാധിക്കണമെന്നുറച്ച് അദ്ദേഹം വീണ്ടും വിചാരം ചെയ്തു. വസ്തുസ്വരൂപത്തില് പ്രജ്ഞയെ ഉറപ്പിച്ചതോടെ ചിത്തമടങ്ങി ഉപശമസുഖത്തെ നുകരാന് തുടങ്ങി. അങ്ങനെ വളരെ സമയം ജനകന് മൗനിയായിരുന്നു. ജനകന് തന്റെ മനസ്സിന്റെ ഉപശമത്തെ പ്രാപിച്ചു. ജനകന് ഇപ്രകാരം യദൃച്ഛയാ കേള്ക്കാനിടയായ സിദ്ധഗാനം കൊണ്ടു വിചാരമഗ്നനായി തന്നത്താന് പ്രാപ്യത്തെ ക്കുകയാണ് ചെയ്തത്. ഇങ്ങനെയാണ് സ്വപ്രയത്നത്താല് യാദൃശ്ചികമായി അനുഭൂതിയുണ്ടാവുന്ന സമ്പ്രദായം.

ഇതുപോലെ ഹേ രാമചന്ദ്ര! മറ്റുള്ളവര്ക്കും ചെയ്യാന് വിരോധമില്ല. എന്നാല് നിസ്സാരങ്ങളായ ലോകവിഷയങ്ങളെ വിട്ട് ആത്മശ്രേയസ്സിനുവേണ്ടി പ്രയത്നിക്കാനുള്ള ശ്രദ്ധയുണ്ടായവര്ക്കുമാത്രമേ അതൊക്കെ ഫലപ്പെടാന് പോവുന്നുള്ളു. തന്റെ ബുദ്ധി വേണ്ടപോലെ പ്രവര്ത്തിക്കാന് തുടങ്ങിയവര്ക്കേ എന്തുതന്നെ കേട്ടിട്ടും പ്രയോജനമുള്ളു. ബുദ്ധി വേണ്ടപോലെയായിക്കഴിഞ്ഞിട്ടില്ലെങ്കില് ബ്രഹ്മാവുതന്നെ ഉപദേശിച്ചിട്ടും വിശേഷമൊന്നുമില്ല. ബാഹ്യങ്ങളായ ലോകപദാര്ത്ഥങ്ങളെ സമ്പാദിക്കാന് വേണ്ടത്ര പ്രയത്നം ചെയ്യാന് എല്ലാവരും തയ്യാറാണ്. എന്നാല് അങ്ങനെ ചെയ്യുന്ന പ്രയത്നത്തിന്റെ ഒരു ചെറിയ അംശം മതി ബുദ്ധിയെ നന്നാക്കാനും പ്രാപ്യത്തെ അറിയാനും. പക്ഷേ അതില് ശ്രദ്ധയുണ്ടാവണം.

ശ്രദ്ധയാണ് കാര്യം. ശ്രദ്ധയില്ലാതെ കുറെ അധികം പ്രയത്നിച്ചതുകൊണ്ടും വിശേഷിച്ചു പ്രയോജനമൊന്നുമില്ല. ദുഃഖങ്ങളുടെയെല്ലാം ഉല്പത്തിസ്ഥാനവും ആപത്തുകളുടെ ബീജവും തന്റെ പ്രജ്ഞാമാന്ദ്യം മാത്രമാണ്. പ്രജ്ഞയെ ഉണര്ത്താന് കഴിഞ്ഞാല്ത്തന്നെ വലിയ കാര്യമായി. വിവേകിയായ ഒരാളുടെ ഉണര്ച്ചുവന്ന പ്രജ്ഞ ചിന്താമണിയെന്നപോലെ സര്വ്വാഭീഷ്ടമാത്രിയാണെന്നു പറയണം. സ്വരൂപചൈതന്യത്തെ മറച്ചിരിക്കുന്ന അഹങ്കാരമാകുന്ന മേഘാവരണത്തെ ചിന്നിച്ചിതറിപ്പിച്ചു വസ്തത്വത്തെ പ്രകാശിപ്പിക്കാന് കൂര്മ്മതയുള്ള നിര്മ്മലമായ പ്രജ്ഞയ്ക്കുമാത്രമേ കഴിവുള്ളു. അതിനാല് ലക്ഷ്യപ്രാപ്തിയെ ഉദ്ദേശിക്കുന്ന വിവേകിയായവന് ആദ്യത്തില് എന്തൊക്കെ ചെയ്തും തന്റെ പ്രജ്ഞയെ ഉണര്ത്തുകതന്നെ വേണം.

ഹേ രാമചന്ദ്ര! ഈ ജഗത്ത് എല്ലാ സമയത്തും ചഞ്ചലവും ക്ഷണികവും കേവലം മനോമാത്രവുമാണെന്നു ദൃഢമായി ബോധിക്കുന്ന സുകൃതിക്കു കാലംകൊണ്ടു ജനകനെന്ന പോലെ ആത്മസ്വരൂപം പ്രകാശിക്കും. അപ്പോള് എല്ലാവിധ വിപരീതബോധങ്ങളും അസ്തമിക്കുകയും ചെയ്യും. താന് സംസാരത്തില് ബദ്ധനാണെന്നും അതില്നിന്ന് എങ്ങനെയെങ്കിലും മുക്തനാവണമെന്നും ബോധിക്കുന്ന ഏതൊരാള്ക്കും സ്വപ്രയത്നം മാത്രമാണ് മുഖ്യമായ ആശ്രയം. എന്തുകൊണ്ടെന്നാല് കുടുംബമോ സ്വത്തോ പുത്രന്മാരോ മാതാപിതാക്കളോ ഒന്നുംതന്നെ പരഗതിക്കു സ്വല്പംപോലും ഉപകരിക്കാന് പോവുന്നില്ല. നേരെ മറിച്ചു മിക്കപ്പോഴും അവയെല്ലാം തടസ്സങ്ങളായിത്തീരുകയും ചെയ്യും. ശരീരാദികളില് ഞാനെന്നും ഗൃഹകുടുംബാദികളില് എന്റേതെന്നുമുള്ള തോന്നല് അവസാനിച്ചാല്ത്തന്നെ പ്രജ്ഞയ്ക്കു അപാരമായ വിശാലതകിട്ടും. കൊള്ളുക, തള്ളുക; നല്ലത്, ചീത്ത; വേണ്ടത്, വേണ്ടാത്തത് എന്നീ ദ്വന്ദ്വങ്ങളാണ് ഒരു പ്രകാരത്തില് പറഞ്ഞാല് മനസിന്റെ ബന്ധം. ഹേയോപാദേയഭാവങ്ങളടങ്ങി ചിത്തം സമതയെ പ്രാപിച്ചാല്ത്തന്നെ പ്രസന്നമായ ഭാവം കിട്ടും. ആ പ്രസന്നഭാവത്തെ എപ്പോഴും നിലനിര്ത്തി അതുകൊണ്ടു മറ്റുള്ളവയെ ജയിച്ചു ക്രമേണ ആത്മഭാവത്തെ പ്രാപിക്കണം.

വാസന ഒരു വലപോലെയാണ്. അതു മുറിഞ്ഞുപോവുകതന്നെ വേണം. വാസനയുള്ളേടത്തോളം കാലം പലതിനെക്കുറിച്ചും ചിന്തകള് പൊന്തിക്കൊണ്ടേയിരിക്കും. കാറ്റുമേഘസമൂഹത്തെയെന്നപോലെ ജ്ഞാനംകൊണ്ട് - സുദൃഢമായ വസ്തുബോധം കൊണ്ട് - വാസനാജാലത്തെ മുഴുവന് തുരത്തണം. മഴുകൊണ്ട് വൃക്ഷത്തെയെന്നപോലെ ചിത്തം കൊണ്ടു തന്നെ ചിത്തത്തെ ഛേദിക്കാന് കഴിഞ്ഞാല് എല്ലാ ബാധയും തീര്ന്നു, ശാന്തവും ശിവവുമായ പദത്തില് സ്ഥിരമായിരിക്കാം. ചിത്തമാണ് എല്ലാ സംസാരഭയങ്ങള്ക്കും ഏകഹേതു. ചിത്തത്തിലാണ് സംസാരം മുഴുവന് നിലനില്ക്കുന്നതും. അതിനാല് ചിത്തമടങ്ങിയാല് സംസാരവും അവസാനിച്ചു. പക്ഷേ ദൃശ്യത്തെ അല്പമായിട്ടെങ്കിലും ആശ്രയിക്കുന്നേടത്തോളംകാലം ചിത്തമടങ്ങലോ സംസാരം ക്ഷയിക്കലോ വാസന നശിക്കലോ ഇല്ല. അങ്ങനെതന്നെ താനടക്കം സര്വ്വദൃശ്യങ്ങളും അസത്യങ്ങളാണെന്നും ബോദ്ധ്യപ്പെട്ടു കേവലം ചില്സ്വരൂപനായിരിക്കാന് കഴിയുന്നുവെന്നിരിക്കട്ടേ, അതോടെ ചിത്തമടങ്ങി. ചിത്തമടങ്ങിയാല് പിന്നയെന്തു സംസാരമാണ്. അതിനാല് ഹേ രാമചന്ദ്ര! നീ വാസകളെ നശിപ്പിച്ചു ദൃശ്യങ്ങളെ തള്ളിക്കളഞ്ഞു ചിത്തത്തെ നിശ്ചലമാക്കി അടക്കി എപ്പോഴും ചില്സ്വരൂപനായിരിക്കൂ. എന്നാല് പിന്നെ സംസാരത്തിന്റെ ബാധ ഒരു പ്രകാരത്തിലും നിനക്കുണ്ടാവാന് വയ്യ.

ഏതില്ക്കൂടെയും കിട്ടുന്ന അനുഭൂതി ആത്മസ്വരൂപമാണ്. അതാണ് ആസ്വാദനീയമായിട്ടിരിക്കുന്നത്. ഒരു പദാര്ത്ഥത്തെ ഭക്ഷിക്കുമ്പോഴുണ്ടാവുന്ന സ്വാദ് ആസ്വാദനീയമാണ്. സ്വാദിനെ ആസ്വദിക്കുന്ന രസനേന്ദ്രിയമോ അല്ലെങ്കില് സ്വാദിന് ഹേതുവായ പദാര്ത്ഥമോ അല്ല ആസ്വാദനീയമായിട്ടിരിക്കുന്നത്. അതിനാല് രസനേന്ദ്രിയത്തെയും പദാര്ത്ഥത്തെയും തള്ളിക്കളഞ്ഞാല് ശേഷിക്കുന്ന നിരാലംബമായ സ്വാദ് ആത്മസ്വരൂപമാണ്. ഏതിന്ദ്രിയം കൊണ്ടനുഭവിക്കപ്പെടുന്ന ഏതൊരു വിഷയത്തിന്റെയും സ്ഥിതി ഇതുതന്നെ.

മദ്ധ്യവര്ത്തിയായ ആസ്വാദനരസം ആത്മസ്വരൂപമാണ്. അതിന്റെ ഉപാധിമാത്രമാണ് തത്തദ്വിഷയപദാര്ത്ഥം. ഉപാധിയെ തള്ളി ഉപഹിതത്തെ ഉപാസിക്കുന്നപക്ഷം വിഷയസേവനമെന്നൊന്നില്ലാതായിത്തീരും. എന്നാല് അതിനെല്ലാം തടസമായിട്ടിരിക്കുന്നത് അഹങ്കാരമാണ്. ഞാനെന്നും എന്റേതെന്നുമുള്ള അഭിമാനം നിലവിലുള്ളിടത്തോളം കാലം വിഷയസേവനമല്ലാതെ ആത്മാനുഭൂതിയുണ്ടാവാനും വയ്യ. വാസനകളാണ് അഭിമാനത്തെ നിലനിര്ത്തുന്നത്. അതിനാല് വാസനകളെ നിശ്ശേഷം ത്യാഗം ചെയ്യുകതന്നെ വേണം. രണ്ടുരൂപത്തിലാണ് വാസനാത്യാഗം. അവയ്ക്കു ജ്ഞേയമെന്നും ധ്യേയമെന്നും പറയും. അവയില് ഏതെങ്കിലും ഒരു രൂപത്തിലുള്ള വാസനാത്യാഗം ആവശ്യമായും ഒരാള്ക്കുണ്ടാവണം.

ഇക്കാണപ്പെടുന്ന ഗൃഹഹകുടുംബാദിവസ്തുക്കളെല്ലാം എന്റേതാണ്, ഞാനുണ്ടാക്കിയവായണ്; ഞാനില്ലായിരുന്നെങ്കില് ഇവയൊന്നുമുണ്ടാവുമായിരുന്നില്ല; അതുപോലെ ഇവയൊന്നുമില്ലെങ്കില് എന്റെ ജീവിതവുമില്ല; ഇവയൊന്നും കൂടാതെ എനിക്കു ജീവിക്കാന്തന്നെ സാദ്ധ്യമല്ല; എന്നുള്ള തോന്നലിനെ അതിനാസ്പദങ്ങളായ പദാര്ത്ഥങ്ങളോടുകൂടി ‘ഞാനും ഇവയുമായി യാതൊരു സംബന്ധവുമില്ല’ എന്ന ഭാവനകൊണ്ടു സമ്പൂര്ണ്ണമാകുംവണ്ണം ത്യാഗം ചെയ്യുന്നതാണ് ഒരു തരത്തിലുള്ള വാസനാത്യാഗം. അതിനെ ധ്യേയമെന്നു പറയുന്നു. അങ്ങനെ ത്യാഗം ചെയ്താലും രാഗദ്വേഷങ്ങളുടെ സ്പര്ശലേശമില്ലാതെ ശീതളമായ ബുദ്ധികൊണ്ടു നിഷ്കാമമാകുംവണ്ണം കര്ത്തവ്യകര്മ്മങ്ങളെ ചെയ്യാന് സാധിക്കുകയും ചെയ്യും. വസ്തുക്കളിലുള്ള ഭേദഭാവന മുഴുവന് നീങ്ങി അഭേദദൃഷ്ടികൊണ്ട് എല്ലാറ്റിനെയും കാണാറായിത്തീരലാണ് ജ്ഞേയമായ വാസനാത്യാഗമെന്നും പറഞ്ഞുവരുന്നു. പറയപ്പെട്ട ഏതെങ്കിലും ഒറു തരത്തിലുള്ള വാസനാത്യാഗമുണ്ടെങ്കില് അവന് അഹന്താമമതകളുടെ നീരസവും ചിത്തത്തിന്ന് അടക്കവും വസ്തുബോധവും വസ്തുപ്രാപ്തിയുമെല്ലാം സാധിക്കും കാലംകൊണ്ട്. വാസനാത്യാഗം അല്പംപോലുമില്ലെങ്കില് സംസാരത്തില്ത്തന്നെ മുങ്ങിപ്പൊങ്ങലുമാണ് ഫലം.

വാസനാത്യാഗി - വിശേഷിച്ചും ജ്ഞേയത്യാഗി - ജീവന്മുക്തന്തന്നെയാണെന്നു പറയാം. സാമ്യതാബുദ്ധികൊണ്ട് ഒന്നിലും വ്യത്യസ്താബോധമോ രാഗദ്വേഷാദിവികാരങ്ങളോ തൃഷ്ണയോ അല്പംപോലും ഒരാളെ അലട്ടുന്നില്ലെങ്കില് പൂര്ണ്ണചന്ദ്രനെപ്പോലെ മറ്റുള്ളവരെക്കൂടി തന്റെ ദര്ശനം കൊണ്ടു കുളുര്പ്പിക്കുന്നുവെങ്കില് അവനെ ജീവന്മുക്തനെന്നല്ലാതെന്തു പറയും? തീര്ച്ചയായും അല്പംപോലും ഭേദപ്രതീതിയില്ലാത്ത സാമ്യതാഭാവം സ്ഫുരിച്ചു ദൃഢപ്പെട്ട മഹാത്മാവു ജീവന്മുക്തന് തന്നെയാണ്. സംസാരം ഒരു പ്രകാരത്തിലും അയാളെ പീഡിപ്പിക്കുന്നില്ല. നാലു രൂപത്തിലാണ് മനുഷ്യന്റെ നിശ്ചയം അല്ലെങ്കില് അഭിമാനം.

കാലടിമുതല് ശിരസ്സടക്കമുള്ളതും മാതാപിതാക്കളാല് ജനിപ്പിക്കപ്പെട്ടതുമായ ഈ ശരീരം ഞാനാണ്. അല്ലെങ്കില് ഈ ശരീരമാണ് ഞാന്; മറ്റൊന്നുമല്ല. ഞാന് ജനിച്ചു, എനിക്കിത്ര വയസ്സായി, ഞാന് യുവാവാണ് ഇത്യാദിയാണ് ഒന്നാമത്തെ നിശ്ചയം അല്ലെങ്കില് അഭിമാനം. ഇങ്ങനെയുള്ള അഭിമാനം തികച്ചും അജ്ഞാനസ്വരൂപവും, അതുകാരണത്താല് ബന്ധത്തിനും ദുഃഖത്തിനും ജന്മ പരമ്പരകള്ക്കും ഹേതുവുമാണ്.

എല്ലാ ഭാവങ്ങള്ക്കും അതീതവും അത്യന്തസൂക്ഷവുമായ ചൈതന്യമാണ് ഞാന് ; അല്ലാതെ ശരീരമോ അന്തഃകരണമോ ഒന്നുമല്ല. ഞാന് ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല; എപ്പോഴുമുള്ളവനാണ് ഞാന്. ചൈതന്യമാത്രനായ എന്റെ പ്രകാശത്തിലാണ് എല്ലാം വിളങ്ങുന്നത്. എന്നിങ്ങനെയുള്ളതാണ് രണ്ടാമത്തെ അഭിമാനം. ഈ അഭിമാനത്തെ വളര്ത്തി ദൃഢപ്പെടുത്തുന്ന പക്ഷം കാലംകൊണ്ടു കൈവല്യപ്രാപ്തിയുണ്ടാവും.

എല്ലാം ഞാനാണ്; എന്നില് നിന്നന്യമായി ഒന്നുംതന്നെ ഉണ്ടായിട്ടില്ല; ഉണ്ടാവന് അര്ഹതയുമില്ല. ഞാനാകുന്ന ഒരേയൊരു ചൈതന്യംമാത്രം എങ്ങും നിറഞ്ഞിരിക്കുന്നു. എനിക്കു ജനനമരണങ്ങളോ ക്ഷയവൃദ്ധികളോ ഒന്നു തന്നെയില്ല. ഞാനെല്ലാമായും പ്രകാശിക്കുകമാത്രമാണ് ചെയ്യുന്നത്. എന്നിങ്ങിനെയുള്ളതാണ് മൂന്നമാത്തെ അഭിമാനം. അതും നല്ലതാണ്. ദൃഢത വന്നാല് കാലംകൊണ്ടു കൈവല്യപ്രാപ്തികരണമാണ്.

കാണപ്പെടുന്ന ഈ പ്രപഞ്ചവും അതിനെ കാണുന്ന ഞാനും ഒന്നും തന്നെ ഉണ്ടായിട്ടേ ഇല്ല; വെറും തോന്നല്മാത്രം, അഖണ്ഡമായ ചിദാകാശംമാത്രം എപ്പോഴും എവിടെയും പ്രകാശിക്കുന്നു. മറ്റൊന്നുംതന്നെ ഉണ്ടായിട്ടില്ല. എന്നതാണ് നാലാമത്തെ അഭിമാനം. ഇതു സ്ഫുരിക്കുന്ന നിമിഷത്തില്ത്തന്നെ അവന് മുക്തനാവും.

ആദ്യത്തേതു കേവലം അജ്ഞാനസ്വരൂപവും മറ്റു മൂന്നും ജ്ഞാനസ്വരൂപങ്ങളുമാണ്. അവസാനത്തേതു സമ്പൂര്ണ്ണജ്ഞാനസ്വരൂപമാണ്. ജീവന്മുക്തന്മാരില്മാത്രമേ അതു സാധാരണയായി കാണലുള്ളൂ. അല്ലാത്തവര്ക്കുതുണ്ടാവാന് വിഷമം ഉണ്ടായാലും ക്ഷണനേരത്തേയ്ക്കല്ലാതെ സ്ഥിരമായി നിലനില്ക്കുകയുമില്ല. ജ്ഞേയത്യാഗംകൊണ്ടു ഭേദഭാവത്തെ മുഴുവന് നീക്കിയാല് ഈ സംസ്കാരമുണ്ടാവുകയെന്നതു വളരെ എളുപ്പമാണ്. വാസനകള് ശക്തിയായി വികസിക്കുകയും നാനാത്വം ദൃഢപ്പെടുകയും ചെയ്തുകൊണ്ടിരിക്കുമ്പോള് ആര്ക്കും തന്നെ പറയപ്പെട്ട ജ്ഞാനനിശ്ചയങ്ങളുണ്ടാവാന് വയ്യ. അതിനാല് ഹേ! രാമചന്ദ്ര! നീ നിര്വ്വാസനനും ജ്ഞാനനിശ്ചയത്തോടുകൂടിയവനുമായിത്തീരും.

പുണ്യപാവനോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (19)

ഞാന്, നീ, അച്ഛന്, അമ്മ, എന്നൊക്കെയുള്ള തോന്നലുകളെല്ലാം ഭ്രാന്തിവിശേഷങ്ങളല്ലാതെ മറ്റെന്താണ്? പരമാര്ത്ഥത്തില് പുണ്യനെന്നും പാവനനെന്നും പേരുള്ള നമ്മള് തന്നെ ഉണ്ടായിട്ടില്ല. ചിത്തവിഭ്രാന്തികൊണ്ട് പലതും തോന്നപ്പെടുന്നുവെന്നല്ലാതെ മറ്റെന്താണ്?

അപരിച്ചിന്നചിദാകാശത്തില് ഭ്രാന്തികൊണ്ട് തോന്നപ്പെടുന്ന ഭാവനാവിശേഷങ്ങളല്ലേ വ്യക്തികളെല്ലാം? ആ സ്ഥിതിക്ക് ആരാണ് ജനിക്കുന്നത്? ആരാണ് മരിക്കുന്നത്? വെറും ഭ്രമം മാത്രമാണെല്ലാം. എങ്കിലും ബന്ധുജനവിയോഗം അസഹ്യം തന്നെയെന്നു കരുതുന്നപക്ഷം ഇതിനുമുമ്പ് അനേകം ജന്മങ്ങള് നിനക്കുണ്ടായില്ലേ? അന്നൊക്കെയും അവിടങ്ങളില് അനേകം ബന്ധുജനങ്ങളും നിനക്കുണ്ടായല്ലോ. അവരുടെയൊന്നും വിയോഗം എന്താണ് ഇന്നുനിന്നെ പേടിപ്പിക്കാത്തത്? സിംഹമായും മാനായും വാനരനായും കാക്കയായും മനുഷ്യനായും രാജാവായും ഒക്കെ നീ ഓരോകാലത്ത് ഓരോദേശത്തു ജനിച്ചു ജീവിക്കാനിടയായി. അന്നൊക്കെ ആ വര്ഗ്ഗത്തില് പല ബന്ധുക്കളും നിനക്കുണ്ടായിരുന്നു. ഇന്നവരെക്കുറിച്ചൊന്നും ആധിയോ വ്യസനമോ ഉണ്ടാവുന്നില്ലല്ലോ.

ബന്ധുത്വവും ശത്രുത്വവും എന്നുവേണ്ട എല്ലാവിധ വ്യവഹാരങ്ങളും ചിത്തത്തിന്റെ ചാപല്യവും വിഭ്രാന്തിയും മാത്രമാണ്. ഞാന്, നീ, ബന്ധു, ശത്രു, എന്നീ ഭാവങ്ങള്ക്കാസ്പദമായ ചൈതന്യം ഒന്നുമാത്രമാണെന്നിരിക്കെ ഭിന്നങ്ങളും വിരുദ്ധങ്ങളുമായ ഭാവങ്ങള് എങ്ങനെയാണതില് നിന്നുണ്ടാവുന്നത്? പ്രസ്തുത ചൈതന്യമാകട്ടെ ഒരിക്കലും ഉണ്ടാവുകയോ നശിക്കുകയോ ക്ഷയിക്കുകയോ വര്ദ്ധിക്കുകയോ ഒന്നും ചെയ്യാതെ എപ്പോഴും ഒരേ നിലയില്ത്തന്നെ എങ്ങും നിറഞ്ഞിരിക്കുന്നു. ആ സത്യവസ്തുവിനെ ബോധിക്കാത്തതുകൊണ്ടാണ് നിന്റെമൌഡ്യം . പരമാര്ത്ഥവസ്തുവിനെ ബോധിച്ചുകഴിഞ്ഞാല് പിന്നെ വിപരീതഭാവങ്ങള് എങ്ങനെയുണ്ടാകും?

ബാല്യുപാഖ്യാനം - ലഘുയോഗവാസിഷ്ഠം (20)

"ഹേ രാമാ! അവരവരുടെ സ്വപ്രയത്നംകൊണ്ടല്ലാതെ ആര്ക്കാണ് ജ്ഞാനമുണ്ടായിട്ടുള്ളത്? സുപ്രസിദ്ധമായ പാതാളലോകത്തില് അസുരന്മാരുടെ ചക്രവര്ത്തിയായ മഹാബലി പത്തുകോടി കൊല്ലവും എല്ലാവര്ക്കും ആരാധ്യനായി എല്ലാവിധ രാജകീയഭോഗങ്ങളെയും അനുഭവിച്ചുകൊണ്ടും ധര്മ്മനിഷ്ഠയോടുകൂടി രാജ്യഭരണം നടത്തിവന്നു. വളരെക്കാലം ഇഷ്ടംപോലെ സുഖഭോഗങ്ങളെ അനുഭവിച്ചുവന്നുവെങ്കിലും ഒരു ദിവസം അനുഭവിച്ച ഭോഗങ്ങളെത്തന്നെയാണ് എല്ലാ ദിവസങ്ങളിലും അനുഭവിക്കുന്നതെന്ന് അദ്ദേഹത്തിനു കുറെകാലംകൊണ്ട് ബോധ്യംവന്നു. ചെയ്തതിനെത്തന്നെ ചെയ്തും കണ്ടതിനെത്തന്നെ കണ്ടും അനുഭവിച്ചതിനെത്തന്നെ അനുഭവിച്ചുംവരുന്ന സംസാരാനുഭാവങ്ങള്ക്കും, രാജഭോഗങ്ങളെന്നോ എന്തുപേരുപറഞ്ഞാലും, അവ ബാലിശങ്ങളായ ബാലക്രീഡകള് തന്നെയാണ്. അവയില് ഒരാള്ക്ക് ലജ്ജയുണ്ടാവാത്തതാണദ്ഭുതം. അതിനാല് ഇനിയും ഇങ്ങനെ ബാലിശമായി ജീവിക്കാതെ എന്താണ് ജീവിതത്തിന്റെ ലക്ഷ്യമെന്നും താന് ആരാണെന്നും അറിഞ്ഞ് അതിനെ പ്രാപിക്കണമെന്നും എങ്കിലേ ചിത്തസമാധാനമുണ്ടാവൂ എന്നും അദ്ദേഹത്തിനു ബോധ്യമായി. അതിന്റെ ഫലമായി താന് ആരാണെന്ന തത്വത്തെ അന്വേഷിക്കാന് തുടങ്ങി. അപ്പോഴാണ് പണ്ട് തന്റെ പിതാവായ വീരോചനന് പറഞ്ഞത് ഓര്മ്മ വന്നത്. പ്രഹ്ലാദപുത്രനായ  വീരോചനന് നല്ല ജ്ഞാനിയും ബ്രഹ്മനിഷ്ഠനും ആയിരുന്നു. അദ്ദേഹമൊരു ദിവസം പുത്രനായ ബലിക്കു ജ്ഞാനോപദേശം ചെയ്യുകയുണ്ടായി.  ആ സംഗതി കഴിഞ്ഞിട്ട് എത്രയോ കാലമായി എന്നിരുന്നാലും ബാലിക്ക്  അതോര്മ്മവന്നു. വീരോചനന് പറഞ്ഞതിനെ അദ്ദേഹം ഇങ്ങനെ ഓര്മ്മിച്ചു.

"എത്രയും ശക്തനും എല്ലാറ്റിനും അധിപതി യുമായി ഒരു രാജാവുണ്ട്. അദ്ദേഹത്തിനു അധീനവും സ്വന്തവുമാണ് ത്രിലോക്യം മുഴുവനും. അങ്ങനെയാണെങ്കിലും യാതൊന്നിനെയും താന് ആഗ്രഹിക്കുകയോ പ്രവര്ത്തിക്കുകയോ അനുഭവിക്കുകയോ ചെയ്യുന്നില്ല. വിശ്വസ്തനും എല്ലാറ്റിനും പ്രാപ്തിയുള്ളവനുമായ ഒരു മന്ത്രിയുണ്ട് അദ്ദേഹത്തിന്. പ്രസ്തുത മന്ത്രിയാണ് എല്ലാ കാര്യങ്ങളും നടത്തുന്നത്. അദ്ദേഹം മഹാസമര്ത്ഥനാണ്. ഉള്ളത് ഇല്ലാത്തതാക്കാനും ഇല്ലാത്തത് ഉള്ളതാക്കാനും എല്ലാം ആ മന്ത്രിവര്യന് കഴിയും. പറയത്തക്ക സൈന്യങ്ങളോ ആയുധബലമോ ഒന്നുമില്ലെങ്കിലും ആര്ക്കും അദ്ദേഹത്തെ ജയിക്കാന് സാദ്ധ്യമല്ല. യുക്തിപൂര്വ്വം ആ മന്തിസത്തമനെ ജയിക്കുന്നവര്ക്കുമാത്രം മഹാരാജാവിനെ കാണാം. അല്ലാത്തവര്ക്കൊന്നും രാജാവിനെ കാണാന്പോലും സാധ്യമല്ല." എന്നൊക്കെയാണ് പണ്ട് വീരോചനന് ഉപദേശിച്ചതായ ജ്ഞാനസ്വരൂപത്തെ മഹാബലി സ്മരിച്ചത്.

ആത്മാവിനെ അല്ലെങ്കില് മോക്ഷാനുഭൂതിയെയാണ് രാജാവായി ചിത്രീകരിച്ചതെന്നും മനസ്സിനെയാണ് മന്ത്രിയായിപ്പറഞ്ഞതെന്നുംകൂടി ഓര്മ്മിച്ചു. അനേകമനേകം സങ്കല്പ്പങ്ങളെക്കൊണ്ടും വികാരങ്ങളെക്കൊണ്ടും വൃത്തികളെക്കൊണ്ടും പ്രക്ഷുബ്ധവും അവ്യാകൃതവുമായ ചിത്തത്താല് മറയപ്പെട്ടിരിക്കുകയാണ് താനാകുന്ന ആത്മതത്വമെന്നും അനാസ്ഥയാകുന്ന യുക്തികൊണ്ട് പതുക്കെപ്പതുക്കെ ചിത്തത്തെ അടക്കുമ്പോള്മാത്രമേ ഒരാള്ക്ക് ആത്മസ്വരൂപത്തെ അറിയാന് കഴിയൂ എന്നുമുള്ള പരമാര്ത്ഥം ക്രമേണ ഗ്രഹിക്കാന് കഴിഞ്ഞു. അങ്ങനെ ചിത്തത്തെ അനാസ്ഥമാക്കിത്തീര്ത്തു ലോകത്തിലുള്ള ഒരു പദാര്ത്ഥത്തിലും അനുഭവത്തിലും അല്പം പോലും ആസ്ഥയില്ല ചിത്തത്തിനെന്നു വന്നപ്പോള്ത്തന്നെ മനസ്സ് മിക്കവാറും അടങ്ങി. ഓരോ പദാര്ത്ഥത്തെയും അതിന്റെ അനുഭവത്തെയും വീണ്ടും വീണ്ടും മനനം ചെയ്തപ്പോള് അതിന്റെ മിഥ്യാത്വവും ദുഖാത്മകതയും വെളിവായി. അങ്ങനെ പലതിനെയും മനനം ചെയ്തപ്പോള് മനസ്സ് മിക്കവാറും അനാസ്ഥമായിക്കഴിഞ്ഞു.

എങ്കിലും സംശയം തീര്ക്കാന്വേണ്ടി കലാചാര്യനും സര്വ്വജ്ഞനുമായ ശുക്രാചാര്യനെ സ്മരിച്ചു. ശിഷ്യനായ മഹാബലി  തന്റെ ദര്ശനത്തെ കാംക്ഷിക്കുന്നുവെന്ന് ജ്ഞാനദൃഷ്ടികൊണ്ട് കണ്ടറിഞ്ഞ ഭാര്ഗ്ഗവന് വളരെ വേഗത്തില് ബലി ചക്രവര്ത്തിയിരിക്കുന്ന മുറിയുടെ സ്വര്ണ്ണജനാലയ്ക്കല് പ്രത്യക്ഷപ്പെട്ട് എന്താണ് ത്തന്നെക്കൊണ്ട് ആവശ്യമെന്ന് അന്വേഷിച്ചു. തന്റെ സംശയങ്ങളെ മുഴുവന് മഹാബലി അറിയിച്ചു. ജഗത്തില് ഓരോ പദാര്ഥത്തെ പരിശോധിച്ചാലും അതിന്റെ പൂര്വ്വാപരകാലങ്ങളിലെ അഭാവം ഹേതുവായിട്ടു അവയോരോന്നും അസത്യമാണെന്ന് വ്യക്തമാണ്. അങ്ങനെ എല്ലാം അസത്യമാണെങ്കില് സത്യമായിട്ടുള്ളതെന്താണ്? താന് ആരാണ്? എങ്ങനെയാണ് ഇല്ലാത്തതായ ഈ ലോകങ്ങള് ഉണ്ടായത്? ആരിലാണിത് നിലനില്ക്കുന്നത്? എന്നൊക്കെയാണ് മഹാബലി ചോദിച്ച സംശയങ്ങള്.

ബുദ്ധിമാനോട് അധികമൊന്നും പറയേണ്ട ആവശ്യമില്ല. ബുദ്ധിയില്ലാത്തവനോട് കുറെയധികം  പറഞ്ഞതുകൊണ്ടും വിശേഷിച്ചു പ്രയോജനമൊന്നുമില്ല. അതുകൊണ്ട് ഉള്ള കാര്യത്തെ ഞാന് ചുരുക്കിപ്പറയാം. ചിത്താണ് ജഗത്തെല്ലാം. ചിത്തലാതെ ഒന്നുംതന്നെ ജഗത്തിലില്ല. എന്നാല് ചിത്തിനെ ചേത്യരൂപത്തിലാണ് എല്ലാവരും ഗ്രഹിക്കുന്നത്. അതുതന്നെയാണ് ബന്ധം. ചേത്യഭാവം വിട്ട ചിത്തുതന്നെ മോക്ഷം. ചേത്യതയെ പ്രാപിച്ച ചിത്തുതന്നെ ബന്ധവും. ഇതാണ് ചുരുക്കം.ചേത്യ ഭാവമെല്ലാം വിക്ഷേപങ്ങലാണ്. സ്വതവേ ഉള്ളത് ചിത്തുമാത്രം. ഇതിനെ അറിഞ്ഞാല് അജ്ഞാനവും അത് ഹേതുവായിട്ടുള്ള ബന്ധവും അവസാനിക്കുകയും ചെയ്യും. ഇത്രയും പറഞ്ഞ് ശുക്രാചാര്യന് തനിക്കു അടിയന്തിരമായ ചില കാര്യങ്ങള്ക്ക് പോകേണ്ടതുണ്ട് എന്നുപറഞ്ഞ് പെട്ടെന്ന് മറയുകയും ചെയ്തു.

പ്രഹ്ലാദോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (21)

ശ്രീനാരായണന് അന്തര്ദ്ധാനം ചെയ്തതിന്നുശേഷം പത്മാസനത്തില് നീണ്ടുനിവര്ന്നു താനാരെന്നു വിചാരം ചെയ്യാന് തുടങ്ങി. വിചാരവാനായി ഭവിയ്ക്കട്ടെ എന്നായിരുന്നുവല്ലോ ഭഗവാന്റെ അനുഗ്രഹം. ആയതു പെട്ടന്നു ഫലവത്തായിത്തീര്ന്നു. കല്ലും മരങ്ങളും മലകളും പുഴകളും അനന്തകോടി ജീവരാശികളും ശബ്ദാദിവിഷയങ്ങളുമടങ്ങിയ ഈ പ്രപഞ്ചം താനല്ലെന്നദ്ദേഹത്തിനാദ്യംതന്നെ ബോദ്ധ്യമായി. ഒന്നാമത്, അത് ദൃഷ്ടാവായ തന്നില്നിന്നു വേറെയാണ്. അതിനാല് തന്റെ ദൃശ്യമാണ്. ദൃശ്യം ദൃഷ്ടാവാവാന് വയ്യ. രണ്ടാമതു പ്രപഞ്ചം ജഡമാണ്. താന് ചൈതന്യമാണ്. ഈ കാരണങ്ങളാല് പ്രപഞ്ചം താനല്ലെന്നു വളരെ വേഗത്തില് ബോദ്ധ്യമായി. എന്നാല് പിന്നെ കാണപ്പെടുന്ന ഈ ശരീരത്തിന്ന് ഉല്പത്തിസ്ഥിതിലയങ്ങളും ക്ഷയവൃദ്ധികളും ബാല്യകൗമാര യൗവനവാര്ദ്ധക്യങ്ങളും മറ്റുമുണ്ട്. അവയൊന്നും തനിക്കുള്ളതാവാന് കാരണമില്ല. കൂടാതെ ശരീരം ജഡമാണ്. താന് ജഡനല്ല. ഇതിനൊക്കെ പുറമെ ശരീരവും തന്റെ ദൃശ്യകോടിയില്പ്പെട്ട ഒന്നാണ്. താന് ദൃഷ്ടാവാണ്. ആ സ്ഥിതിക്കു ശരീരവും താനല്ലെന്നു ബോദ്ധ്യമായി. ശബ്ദാദിവിഷയഗ്രാഹകങ്ങളായ ശ്രോത്രാദീന്ദ്രിയങ്ങള് മനസ്സിന്റെ അംശങ്ങളാകയാല് അവയെപ്പറ്റി ചിന്തിക്കേണ്ടതേ ഇല്ല.


മനസ്സു താനാണോ എന്നേ ചിന്തിക്കണ്ടതുള്ളു. ഉദയാസ്തമയങ്ങളെന്ന നില മനസ്സിനും ബുദ്ധിക്കെല്ലാമുണ്ട്, സുഷുപ്തിയില് മനസ്സും ബുദ്ധിയും ലയിച്ചില്ലാതാവുന്നുണ്ട്. എങ്കിലും ഞാന് ഇല്ലാതാവുന്നില്ല. കൂടാതെ അവയും തനിയ്ക്കു ദൃശ്യങ്ങളായിട്ടിരിക്കുന്നു. താന് അവയുടെയും ദൃഷ്ടാവു് അല്ലങ്കില് ജ്ഞാതാവാണ്. അതിനാല് മനോബുദ്ധികളും താനല്ലെന്നു വ്യക്തമാണ്. ഇങ്ങനെ വീണ്ടും വീണ്ടും വിചാരം ചെയ്ത പ്രഹ്ലാദന് പ്രപഞ്ചമോ ശരീരമോ ഇന്ദ്രിയങ്ങളോ മനസ്സോ ബുദ്ധിയോ സത്തയില്ലാത്ത അഹങ്കാരമോ അല്ല താനെന്നും അവയ്ക്കെല്ലാം സാക്ഷിയും ദ്രഷ്ടാവും ജ്ഞാതാവും ബോധസ്വരൂപനുമായിട്ടിരിക്കുന്ന ആത്മാവാണു താനെന്നും ബോധിച്ചു. തെറ്റിധാരണകളും മാലിന്യങ്ങളും ഉപാധിധര്മ്മങ്ങളും മുഴുവന്നീങ്ങി താനാകുന്ന പരമതത്വത്തില് ദൃഢത വന്നതോടുകൂടി സമാധിസ്ഥനായി. ക്രമേണ വികല്പങ്ങള് മുഴുവന് നീങ്ങി നിര്വ്വികല്പസമാധിയില് മുഴുകി. പരമനിര്വികല്പമായ പ്രസ്തുത സമാധിയില് മുഴുകികൊണ്ടു ബാഹ്യബോധം പോലുമില്ലാതെ വളരെക്കാലം പ്രതിമയെന്നപോലെ നിശ്ചലനായിരുന്നു.

ഇങ്ങനെ സ്വപ്രയത്നം കൊണ്ടുതന്നെ ബുദ്ധിമാനായ പ്രഹ്ലാദന് പരമപദത്തെ പ്രാപിക്കാനിടയായി തീര്ന്നു. ഹേ രാമചന്ദ്രാ! സംസാരമെന്നു പേരുള്ള ഈ മഹാമായയെ സ്വപ്രയത്നം കൊണ്ടും സ്വചിത്തവിജയം കൊണ്ടുമല്ലാതെ മറ്റൊന്നുകൊണ്ടും അടക്കാന് സാദ്ധ്യമല്ല. തന്റെചിത്തത്തെ ജയിക്കാന് സ്വപ്രയത്നമല്ലാതെ മറ്റൊരാളുടെ പ്രയത്നം ഉപകരിക്കില്ലെന്നുപറയേണ്ടതില്ലല്ലോ. ചിത്തത്തെ അടക്കിയ ഒരാള്ക്ക് അല്പം പോലും ശേഷിക്കുന്നില്ല സംസാരം. അങ്ങനെതന്നെ ചിത്തം അടങ്ങാതിരിക്കും കാലത്തോളവും മറ്റൊന്നുകൊണ്ടും സംസാരം നീക്കാവുന്നതുമല്ല.


ഗാധിവൃത്താന്തം - ലഘുയോഗവാസിഷ്ഠം (22)

അതും തോന്നല് തന്നെ. ആദ്യത്തെതോന്നല് സ്വപ്നത്തിലായിരുന്നെങ്കില് രണ്ടാമത്തേതു ജാഗ്രത്തിലാണന്നുമാത്രമേ വ്യത്യാസമുള്ളു. ജാഗ്രത്തും സ്വപ്നവും ബുദ്ധിയുടെ രണ്ടു വൃത്തികള് അല്ലെങ്കില് മായയുടെ രണ്ട് രൂപങ്ങള് മാത്രമാണ്. സ്വപ്നത്തില് കാണുന്ന തന്റെ അനുഭവങ്ങള് തനിയ്ക്കെന്ന പോലെ താന് കാണുന്ന മറ്റുള്ളവര്ക്കും സത്യമാണല്ലോ.അതുപോലെത്തന്നെ ജാഗ്രത്തിലും. രണ്ടും ചിത്തത്തിലാണു് നടക്കുന്നതു്. ജ്ഞാനമുണ്ടാവുമ്പാള് അതൊക്കെ ബോദ്ധ്യമാവും. കുറെക്കാലം ഏകാന്തമായ ഒരുസ്ഥലത്തിരുന്നു തപസ്സു ചെയ്താല് ജ്ഞാനമുണ്ടാവുകയും. എന്നൊക്കെ അരുളിചെയ്തു ഭഗവാന് അന്തര്ദ്ധാനവും ചെയ്തു.

അതിനാല് ഹേ രാമാ! ചിത്തത്തിന്റെ വൃത്തിവിശേഷങ്ങളല്ലാതെ മറ്റൊന്നുമല്ല സംസാരം. വാസനകളാണ് വൃത്തിയ്ക്കു ഹേതു , വാസനയും വൃത്തിയും കേവലം നീങ്ങുമ്പാള് ചിത്തംതന്നെ ഇല്ലാതാവും. അപ്പോള് അദ്വൈതമായ പരതത്വത്തില് നിത്യ വിശ്രാന്തിയും കിട്ടും. അതിനാല് വൃത്തികളെയും വാസനകളെയും അതുവഴി ചിത്തത്തേയും അടക്കാന് ശ്രമിക്കൂ.വസിഷ്ഠമഹര്ഷി പറയുകയാണ് :ഹേ രാമചന്ദ്ര ! ഏര്രവും വിഷമസ്വരൂപിണിയായ ഈ മായ പരമാത്മാവില് സ്ഥിതി ചെയ്യുന്നു. മനസ്സിനെ വേണ്ട പോലെ അടക്കാന് കഴിഞ്ഞിട്ടില്ലാത്ത അല്പ ബുദ്ധികള്ക്ക് ഏറ്റവും ആപല്കാരിണിയാണ് പ്രസ്തുത മായ. തന്റെ ചിത്തത്തിനെ വേണ്ട പോലെ അടക്കലല്ലാതെ ഭയങ്കരമായ സംസാരത്തില്നിന്നു രക്ഷപ്പെടാന് മറ്റ് യാതൊരു മാര്ഗ്ഗങ്ങളുമില്ല . കഴിഞ്ഞതിനെ ഓര്മ്മിയ്ക്കാതെയും വരാന്പോവുന്നതിനെ സങ്കല്പിക്കാതെയും വര്ത്തമാനാനുഭങ്ങളെ നിസ്സംഗനായനുഭവിച്ചു നിശ്ചിന്തനായികഴിയുന്നവനു കാലം കൊണ്ടു മനസ്സ് അടങ്ങി ശാന്തമാവും. അപ്പോള് സംസാരമുക്തിയും കൈവരും. ചിത്തത്തോടു കൂടാത്ത ചേതനത്തെയാണ് പ്രത്യേകചേതനമെന്നു പറയുന്നത്. അതില് മനസ്സിന്റെ വികാസമാല്ലെന്നതിനാല് അവിദ്യാമലവുമില്ല. മനസ്സ് കേവലം ഇല്ലാതായി തീര്ന്നിട്ടുള്ള അവസ്ഥ ഏതായാലും അതു സത്യാവസ്ഥയാണ്.അത്യന്തമംഗളകരവും പരമാത്മാനുഭൂതിയോടുകൂടിയതുമാണ് ആ അവസ്ഥ.

അദ്ധ്യാത്മശാസ്ത്രത്തിലും സജ്ജനാചാരത്തിലും സല്സംഗത്തിലും ചിത്തത്തെ രമിപ്പിക്കാനും ലയിപ്പിക്കാനും തുടങ്ങണം ആദ്യത്തില്. അവയില് രമിക്കാന് തുടങ്ങിയ ചിത്തം പിന്നെ മറ്റു വിഷയങ്ങളിലേക്ക് ഓടിപ്പോവാതാവും. സ്വീകരിയ്ക്കുക, ഉപേക്ഷിയ്ക്കുക തുടങ്ങി ദ്വന്ദ്വമയങ്ങളായ കര്മ്മങ്ങളെയോ അനുഭവങ്ങളെയോ ചെയ്യുകയും അനുഭവിയ്ക്കുകയും ചെയ്താല് കൂടി അവയിലൊന്നും ചിന്തയോ ആശയോ കര്ത്തൃത്വബുദ്ധിയോ കൂടാതെ കേവലം സംവിന്മാത്രനായിരിയ്ക്കണം. ഞാന്, എന്റെ എന്ന രണ്ടു ഭാവങ്ങളാണ് നാമരൂപങ്ങളെ നിലനിര്ത്തുന്നത്. അതിനാല് പ്രസ്തുത രണ്ടു ഭാവങ്ങളെ പൊന്താന്പോലും സമ്മതിക്കരുതു്. വിവേകിയായ ഒരാള് അഹന്താമമതകളെ അല്പംപോലും മാനിക്കുന്നില്ല.അവയെ ഹഠാല് അകറ്റുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യുന്ന ഒരാള്ക്ക് കാലംകൊണ്ടു ദൃശ്യമലങ്ങള് നീങ്ങും. ദൃശ്യങ്ങളുള്ളേടത്തോളം കാലം ദു:ഖത്തെയല്ലാതെ ആരും സുഖത്തെ പ്രാപിക്കുന്നില്ല.

അഹന്താമമതകള്, രാഗദ്വേഷങ്ങള്,സുഖദു:ഖങ്ങള് തുടങ്ങിയ ദ്വന്ദ്വങ്ങളെല്ലാം നാമരൂപങ്ങളെ കെട്ടി നിര്ത്തുന്ന കയറുകളാണ് . അവയെ നിസ്സന്ദേഹം മുറിച്ചുകളയുകതന്നെ വേണം. എങ്കില് മാത്രമേ ദൃശ്യമാലിന്യങ്ഹളില്ലാതെ എപ്പോഴും സംവിന്മാത്രനായിരിയ്ക്കാന് സാധിയ്കൂ. സംവിന്മാത്രത്വം നിലനിര്ത്തുകതന്നെ വേണം. ഞാന്,നീ തുടങ്ങിയ ഭേദഭാവങ്ങള് മുഴുവന് നീങ്ങികേവലം സംവിന്മാത്രനായിരിയ്ക്കുന്ന ഒരാളുടെ സംസാരഹേതുവായ മോഹങ്ങളെല്ലാം നശിക്കും. ഒരാളുടെ സംസാരഹേതുവായ മോഹങ്ങളെല്ലാം നശിയ്ക്കും.പദാര്ത്ഥ ഭാവനകൊണ്ടാണ് ചിത്തം തടിയ്ക്കുന്നത്. ചിത്തത്തിനു സ്ഥൌല്യം സംഭവിച്ചു കഴിഞ്ഞാല് ആത്മജനം അകന്നുപോകാതിരിയ്ക്കാന് വയ്യ. അങ്ങിനെ സംഭവിയ്ക്കുമ്പോഴാണ് നാമരൂപഭാവനകള്ക്കു ദാര്ഢ്യമുണ്ടായിത്തീരുന്നത്. അനാത്മ വസ്തുക്കളില് ആത്മഭാവനകൊണ്ടും ശരീരാഭിമാനം കൊണ്ടും പുത്രദാരാദികളിലുള്ള ആസ്ഥനകൊണ്ടുമാണ് ചിത്തം തടിയ്ക്കുന്നത്. അങ്ങിനെ സംഭവിയ്ക്കാതിരിയ്ക്കാന് എപ്പോഴും ശ്രദ്ധിയ്ക്കണം. കൂടാതെ ആധിവ്യാധികളെകൊണ്ടും അനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന സംസാരവിഷയങ്ങള് നല്ലവയാണന്ന തോന്നല്കൊണ്ടും ചിത്തം സ്ഥൂലമായി തീരും. ചിന്മാത്രത്വം വിട്ടും ചിത്തം സ്ഥൂലമാവാതിരിയ്ക്കാന് എപ്പോഴും ശ്രദ്ധിച്ചു കൊണ്ടിരിയ്ക്കണം. അതിനാല് ഉദ്ദാളമുനിയെന്ന പോലെ, ഹേ രാഘവാ പഞ്ചഭൂതങ്ങളെപ്പോലും അറിയാത്തനിലയില് എപ്പോഴും ഇരിയ്ക്കാന് ശ്രമിയ്ക്കൂ.

ഉദ്ദാളകോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (23)

ഹേ രാമ! ശ്രദ്ധയോടുകൂടി കേള്ക്കൂ. മഹാനായ ഉദ്ദാളകന്റെ വിചാരസമ്പ്രാദായത്തെപ്പറയാം.

ഏതൊരു തത്വത്തിലാണ് എന്റെ ചിത്തത്തെ ലയിപ്പിയ്ക്കേണ്ടതു്? ഏതില് ലയിപ്പിച്ചാലാണ് വിശ്രാന്തനായിതീരുന്നത് ഇത് ചെയ്തു കഴിഞ്ഞു; ഇനി അതു ചെയ്യണം എന്നിങ്ങനെയുള്ള കര്ത്തവ്യതാഭ്രാന്തിയും മററുമുള്ളേടത്തോളം കാലം ചിത്തവിശ്രാന്തിയെന്നതുണ്ടാവാന് പോകുന്നില്ല. അതിനാല് അങ്ങനെയുള്ള ഭാവങ്ങളൊന്നുമില്ലാത്ത ഒന്നിലായിരിയ്ക്കണം ചിത്തത്തെ ലയിപ്പിയ്ക്കുന്നത്. എങ്കിലേ ഉപശമവും വിശ്രാന്തിയും കിട്ടാന്പോകുന്നുള്ളു. അല്പം പോലും സങ്കല്പമില്ലാതെ നിര്വ്വികല്പമായ പരമഭാവത്തില് ലയിച്ചുകൊണ്ട് എന്നാണ് കല്ലെന്നപോലെ നിശ്ചലനായിരിയ്ക്കാന് കഴിയുന്നത് !എന്നിങ്ങനെ പലതും വിചാരിച്ചു കൊണ്ടുള്ള ബ്രാഹ്മണന് ധ്യാനമഭ്യസിയ്ക്കന് തുടങ്ങി.

വളരെ ദിവസ്സം ധ്യാനത്തെ പരിശീലിച്ചു നോക്കിയെങ്കിലും ചിത്തത്തിനു വിശ്രാന്തിയോ നിവൃതിയോ ഒന്നും തന്നെ ലഭിച്ചില്ല. വാനരനെന്നപോലെ ചപലമായിരിയ്ക്കുന്ന മനസ്സ് അതിന്റെ പൂര്വ്വപരിചയമായ വിഷയപദാര്ത്ഥഭാവനനയെ വിട്ട് ഒരു നിമിഷമെങ്കിലും സ്വസ്തയെ പ്രാപിച്ചില്ല. അതിനാല് ധ്യേയത്തെ ഭവിയ്ക്കാന്പോലും കഴിഞ്ഞില്ല. ആ നിലയുള്ളപ്പോള് ധ്യാനമെന്നു പറഞ്ഞാലും വിഷയഭാവന തന്നെയാണല്ലോ ഒരാള്ക്കുള്ളത്. വിഷയഭാവനകൊണ്ട് ദു:ഖമല്ലാതെ സുഖമുണ്ടാകാനും വയ്യ . അതു തന്നെയാണ് ഉദ്ദാളമുനിയ്ക്കനുഭവപെട്ടതും ചിലപ്പോള് അകത്തുള്ള വാസനാസ്വരൂപങ്ങളായ വിഷയങ്ങളെയാണ് ധ്യാനദൃഷ്ടില് കാണുന്നതെങ്കില് മററു ചിലപ്പോള് ബാഹ്യവിഷയങ്ങളെക്കാണാം. മറ്റു ചിലപ്പോള് അന്ധകാരത്തെ മാത്രവും വേറെ ചിലപ്പോള് ആകാശത്തെയും കാണാം. ഏതായാലും ധ്യേയവസ്തുവിനെ കാണലോ അറിയലോ ഇല്ല. അതു കാരണത്താല് വിശ്രാന്തിയുമില്ല. ഇങ്ങിനെവളരെ ദിവസങ്ങളോളം വിഷമിച്ചു ഉദ്ദാളമഹര്ഷി.

ഓരോ ദിവസം ചെല്ലുംതോറും നിരാശയും വ്യാകുലതയും വര്ദ്ധിച്ചുവന്നു. അതിന്റെ ഫലമായി ഒരുദിവസം എന്തുവന്നാലും വരട്ടെയെന്ന ഉദ്ദേശത്തോടുകൂടി പര്വ്വതപാര്ശ്വത്തില് ഭയങ്കരവനത്തിന്റെ മദ്ധ്യത്തിലുള്ള ഒരു ഗുഹയില് പ്രവേശിച്ചു. ഇലകളെകൊണ്ട് ആസനമുണ്ടാക്കി അതില് മാന്തോല് വിരിച്ച് വടക്കുതിരിഞ്ഞ് പത്മാസനസ്ഥനായി നീണ്ടു നിവര്ന്നിരുന്നു. ചിത്തത്തെ വാസനകളില്നിന്നു വേര്പെടുത്തി. വാസനാപ്രവാഹത്തെ ഫലപ്രദമാംവണ്ണം തടഞ്ഞു. അനന്തരം ഞാനെന്ന തത്വമേതാണെന്നു വിചാരം കൊണ്ടുപരിശോധിയ്ക്കാന് തുടങ്ങി. സ്ഥൂല സുക്ഷങ്ങളായശരീരങ്ങളിലും അവയുടെ ഘടകങ്ങളിലും മുഴുവന് പരിശോധിച്ചു. അവയിലൊന്നിലും പ്രസ്തുത ശബ്ദത്തിന്റെ സത്തയെകാണാന് കഴിഞ്ഞില്ല. മാത്രമല്ല, അവയെല്ലാം കേവലം ജഡങ്ങളും തന്റെസാനിദ്ധ്യംകൊണ്ടുമാത്രം ചേഷ്ടിക്കുന്നവയുമാണെന്നും ബോധ്യമായി. അപ്പോള് താന് എല്ലാവിധ ജഡവസ്തുക്കളില് നിന്നതീനവും ചൈതന്യമാത്രവുമാണന്നും അറിയാന് കഴിഞ്ഞു. പ്രസ്തുത ചൈതന്യം ഏകവും അദ്വിതീയവും സത്താമാത്രവും സര്വ്വത്തിനും ആധാരവും അണുവില്വെച്ചു അണുവും, മഹത്തില്വെച്ചു മഹത്തുമാണെന്നും ബോദ്ധ്യമായി. അതൊന്നൊഴിച്ചു മറ്റെല്ലാം അസത്യവും അതുമാത്രം സത്യമെന്നും അറിയാന് കഴിഞ്ഞു. ആ അദ്വൈതചൈതന്യമാകുന്ന തനിയ്ക്ക് സുഖദു:ഖങ്ങളോ, പുണ്യപാപങ്ങളോ,കര്ത്തവ്യാകര്ത്തവ്യങ്ങളോ ഒന്നുമില്ലെന്നും സാക്ഷാല് അമൃതസ്വരൂപമാണെന്നും വ്യക്തമായറിഞ്ഞു.

മനസ്സ് ഒന്നു മാത്രമാണ് എല്ലാവിധദു:ഖങ്ങള്ക്കും ബന്ധങ്ങള്ക്കും ഏകമായ ഹേതു. വാസനാപ്രചോദനംകൊണ്ടു ശബ്ദാദി വിഷയങ്ങളില് ഭ്രമിച്ചു ശ്രവണാദി ഇന്ദ്രിയങ്ങളായി തീര്ന്നു. തത്തദ്വിഷയങ്ങളെ ഗ്രഹിച്ചും സുഖദു:ഖങ്ങള്കൊണ്ടും രാഗദ്വേഷങ്ങള്കൊണ്ടും ബന്ധിയ്ക്കപ്പെടുന്നതും മനസ്സാണ്. എട്ടുകാലി നൂലുകൊണ്ട് വലകെട്ടി താന് തന്നെ ബദ്ധനായിതീരുന്നതുപോലെ മനസ്സു സ്വയം അനര്ത്ഥത്തെ ഉണ്ടാക്കി തന്നെത്താന് ബദ്ധനായിതീരുകയാണ്. ഏതെങ്കിലും ഒരിന്ദ്രിയം അതിന്റെ വിഷയത്തില് ആസക്തമായാല്ത്തന്നെ ആ വ്യക്തി നശിക്കുന്നുവെന്നതിനു തെളിവാണ് മാന്, ആന, പാറ്റ, മത്സ്യം, വണ്ട് എന്നീ അഞ്ചു ജീവികള്. ശബ്ദത്തിലുള്ള ആസക്തികൊണ്ട് ശ്രവണേന്ദ്രിയം മാനിനെ കൊല്ലുന്നു. സ്പര്ശത്തിലുള്ള ആഗ്രഹം കൊണ്ട് ത്വഗീന്ദ്രിയം ആനയെയും രൂപശക്തികൊണ്ടു ദൃഗീന്ദ്രിയം പാറ്റയെയും കൊല്ലുന്നു. അന്നലാലസത്വംകൊണ്ടുരസന മത്സ്യത്തെ നശിപ്പിയ്ക്കുന്നു. ഗന്ധാസക്തി വണ്ടിനെയും കൊല്ലുന്നു. ഇങ്ങിനെ ഓരോ ഇന്ദ്രിയം ഓരോജീവിയെയും കൊല്ലുന്നസ്ഥിതിയ്ക്കു പ്രസ്തുത അഞ്ചിന്ദ്രിയങ്ങളും കൂടിചേര്ന്ന മനുഷ്യന്റെ സ്ഥിതി പറയാനുണ്ടോ? അതിനാല് പ്രസ്തുതപഞ്ചേന്ദ്രിയങ്ങളെയും അവയ്ക്കവലംബമായ മനസ്സിനെയും അവശ്യം അടക്കുക തന്നെവേണം. അവയെ ബലാല്അടക്കാതെ അവയ്ക്ക് വിധേയനായി ഇരിയ്ക്കുന്ന ഒരാളുടെ അവസ്ഥ ദയനീയമാണ്. തീര്ച്ചയായും നാശമാണ് ഫലം, അതിനാല് എത്രസാഹസപ്പെട്ടും എന്തുചെയ്തും അവയെ ഒതുക്കി കീഴൊതുക്കുകതന്നെ വേണം.

എന്നിങ്ങനെ വിചാരം ചെയ്ത മനസ്സിനെയും ഇന്ദ്രിയങ്ങളെയും അടക്കി പ്രണവത്തെ ഉപവസിയ്ക്കാന് തുടങ്ങി.പ്രണവോച്ചാരണം ചെയ്തപ്പോള് സംവിത്തു മുഴുവന് തന്മയാകരമായി ഊര്ദ്ധ്വഗതിയെ ചെയ്തു. ഇന്ദ്രിങ്ങളും മനസ്സും അടങ്ങിയിരുന്നതിനാല് സംവിത്തിന്റെ ഒരംശവും ഒന്നിലേയ്ക്കും ചോര്ന്നുപോയില്ലെന്നര്ത്ഥം. ഒന്നാമത്തെ മാത്രയില്ത്തന്നെ സകലവിക്ഷേപങ്ങളും അകന്നു ചിത്തം ശുദ്ധമായി. രണ്ടാമത്തെ മാത്രയില് ശരീരബോധം,പ്രപഞ്ചബോധമെന്നിവയും അടങ്ങി. മൂന്നാമത്തെമാത്രയില് ലയം, മൗഢ്യം, നിദ്ര തുടങ്ങിയ ചിത്തത്തിന്റെ ദോഷങ്ങളും നീങ്ങി. അര്ദ്ധമാത്രയിലെത്തിയപ്പോള് ഇരുട്ടും പ്രകാശവും മാറിമാറികാണാന് തുടങ്ങി. അവയെയും നിരസിച്ചപ്പോള് ചിത്തം ചേത്യഭാവത്തെ മുഴുവന്വിട്ട് ഇന്നതെന്നുപറയാന് കഴിയാത്ത സംവില്ഭാവമാകുന്ന സ്വരൂപാവസ്ഥയെ പ്രാപിച്ചു. ആത്യന്തികവും അമൃതായമാനവുമായ വിശ്രാന്തിയില് ലയിച്ചു. സകലവിധവികല്പങ്ങളും നീങ്ങി. കേവലം നിര്വ്വികല്പമാകുന്ന പരമാവസ്ഥയില് എത്തിചേര്ന്നു. തിരയടങ്ങിയ കടല്പോലെ അത്യന്തനിര്വ്വികല്പവും അനന്താനന്ദസ്വരൂപവും പരമാവസ്ഥയില് സുകൃതിയായ ഉദ്ദാളകബ്രാഹ്മണന് ആറുമാസക്കാലം യാതൊരു ചലനവുമില്ലാതെ സ്ഥിതിചെയ്തു. സിദ്ധികള് പലതും അദ്ദേഹത്തെ ആശ്രയിച്ചുവെങ്കിലും ഒന്നിനെയും അംഗീകരിച്ചില്ല.

ആറുമാസം കഴിഞ്ഞു സാമാധിയില് നിന്നുണര്ന്നപ്പോള് സിദ്ധന്മാരും ദേവന്മാരും അദ്ദേഹത്തിന്റെ ചുറ്റുപാടും നില്ക്കുന്നതായി കണ്ടു. കണ്മിഴിച്ച ഉദ്ദാളകനെ അവര് സാഷ്ടാംഗം നമസ്കരിച്ചു. അനന്തരം തങ്ങളുടെ വാഹനത്തില് സ്വര്ഗ്ഗത്തിലേയ്ക്കു വരണമെന്നപേക്ഷിച്ചു. സ്വര്ഗ്ഗത്തോളം സുഖസമൃദ്ധികളുള്ള മറ്റൊരു പ്രദേശം എവിടെയുമില്ല. അതിനാല് മഹാനായ അങ്ങു സ്വര്ഗ്ഗത്തില് വന്നു സുഖിക്കണമെന്നപേക്ഷിച്ചു. ഉദ്ദാളകന് അവരുടെ അപേക്ഷയെ കൈകൊള്കയോ തിരസ്കരിയ്ക്കുകയോ രണ്ടും ചെയ്തില്ല. അവരോടൊരു മറുപടിയും പറഞ്ഞില്ല. തന്റെ അതിഥികളാണ് അവരെന്നനിലക്ക് എല്ലാവരെയും സല്ക്കരിച്ചു. അനന്തരം പൊയ്ക്കൊള്ളുവാന് പറയുകയും ചെയ്തു. അദ്ദേഹത്തെവീണ്ടും അലട്ടുന്നത് ആപല്ക്കരമാകുമെന്നുകരുതിയ ദേവന്മാര് അദ്ദേഹത്തോടു യാത്ര പറഞ്ഞു പോകുകയും ചെയ്തു.

പിന്നെയും വളരെക്കാലം ഭൂമിയില് ശരീരത്തോടുകൂടിയിരുന്നു ഉദ്ദാളകബ്രാഹ്മണന്. ചേത്യമില്ലാത്ത ചിത്തായി സത്താസാമാന്യരൂപനായികൊണ്ടാണ് പിന്നീടദ്ദേഹം കഴിഞ്ഞുവന്നത്. നാരദാദി ഋഷികളും ബ്രഹ്മവിഷ്ണ്വാദികളും ഏതൊരവസ്ഥയില് കഴിഞ്ഞുകൂടുന്നുവോ, ആ സത്താസാമാന്യമാകുന്ന അവസ്ഥയില്ത്തന്നെ അദ്ദേഹവും കഴിഞ്ഞുവന്നു. പലപ്പോഴും സമാധിയില്മുഴുകും. ചിലപ്പോള് രണ്ടോ നാലോ ദിവസവും മറ്റുചിലപ്പോള് അഞ്ചോ ആറോ മാസമോ വേറെചിലപ്പോള് കൊല്ലങ്ങള് കൂടിയും സമാധിയില് മുഴുകിതന്നെ കഴിഞ്ഞുകൂടും. അങ്ങനെ ചിരകാലം കഴിഞ്ഞശേഷം ഇനി ശരീരത്തെ വിട്ടു വിദേഹകൈവല്യത്തെ പ്രാപിയ്ക്കുമെന്ന ഉദ്ദേശത്തോടുകൂടി സേച്ഛാനുസാരേണ ശരീരത്തെ വിട്ടു പരമപദത്തെ പ്രാപിക്കുകയും ചെയ്തു.

അതുകൊണ്ടു ഹേ രാഘവാ! നീയും ഇതുപോലെ ആത്മാവിനെ ആത്മാവുകൊണ്ട് വിചാരം ചെയ്ത് ആത്മാവില്വിശ്രാന്തിയെ പ്രാപിക്കാന് ശ്രമിക്കൂ. ദൃശ്യം മുഴുവന് ലയിക്കുമ്പോള്മാത്രമേ ഒരാള് നിര്വ്വാണത്തെ പ്രാപിക്കലുള്ളു. അതിനാല് പൂര്ണ്ണമായ ദൃശ്യക്ഷയം കൈവരുന്നതുവരേയും ഒരു നിമിഷവും വിടാതെ നിരന്തരം വിചാരം ചെയ്യുക തന്നെവേണം. ശാസ്ത്രവും ഗുരുവും ചിത്തവും വിചാരത്തിനുള്ള ഉപകരണങ്ങളാണ്. അവ മൂന്നുകൊണ്ടും വിചാരം ചെയ്യണം. വൈരാഗ്യം, ശാസ്ത്രജ്ഞാനം, ഗുരൂപദേശം, യമനിയമാദിളുടെ അഭ്യാസം എന്നിങ്ങനെയുള്ള സുദൃഢമായ മുമുക്ഷുതാജീവിയ്ക്കും വേണ്ടത്ര ശുദ്ധിയും കൂര്മ്മതയുമുള്ള ബുദ്ധിയുണ്ടെങ്കില് അതൊന്നുകൊണ്ടുതന്നെ ഒരാള്ക്കു പരമപദത്തെ പ്രാപിയ്ക്കുകയും ചെയ്യാം.

ഇത്രയും കേട്ട ശ്രീരാമചന്ദ്രന് ചോദിക്കുകയാണ് , ഒരാള് ജ്ഞാതജ്ഞേയനും ജ്ഞാനിയും ആത്മരാമനുമാണെങ്കിലും പ്രാരാബ്ധവിശേഷം ഹേതുവായിട്ടോ, ലോകസംഗ്രഹത്തിനുവേണ്ടിയോ വ്യവഹാരിയായിരിക്കുന്നു, മറ്റൊരാള് ഏകാന്തത്തില് എപ്പോഴും സമാദിനിഷ്ഠനായും കഴിയുന്നു. എന്നു വന്നാല് അവരില് ആരാണ് ശ്രേഷ്ഠന് എന്ന്. വസിഷ്ഠമഹര്ഷി അതിനു മറുപടി പറയുകയാണ്.

ഹേ രഘുനായകാ! ഗുണാത്മകമായ ഈ പ്രപഞ്ചം അനാത്മകവും കേവലം കല്പനാമാത്രവും അതിനാല് മൂന്നുകാലത്തുമില്ലാത്തതുമെന്നു ബോദ്ധ്യംവന്നു പ്രപഞ്ചവുമായി തനിയ്ക്കു യാതൊരു സംബന്ധവുമില്ലാതായിത്തീരുമ്പോള് ഉള്ളിലുള്ള കുളിര്മ്മയുടെ പേരാണ് സമാധി. അങ്ങനെയുള്ള കുളിര്മ്മയാകുന്ന അമൃതാനുഭൂതിയില് മുഴുകിയ ഒരാള് വ്യവഹരിച്ചാലും സമാധിനിഷ്ഠയെ ചെയ്താലും രണ്ടും തുല്ല്യം തന്നെ. ഒരാള് വിജനത്തില് സമാധിഷ്ഠനും ഒരാള് ജനമദ്ധ്യത്തില് വ്യവഹാരിയുമായാലും രണ്ടാളുടെയും അനുഭവം ഒന്നാകയാല് രണ്ടാളും സുഖികള് തന്നെ. ചിത്തം കുളിര്ത്തു സാമ്യഭാവം കൊണ്ട് അമൃതാനുഭൂതിയുണ്ടായിതീരുകയെന്നത് എത്രയോ കാലത്തെ കഠിനമായ തപസ്സിന്റെ ഫലമാണ്. അങ്ങനെയുള്ള തപസ്സ് വര്ത്തമാനജീവിതത്തില് ചെയ്തിട്ടില്ലെങ്കില് പൂര്വ്വജന്മത്തില് ചെയ്തിട്ടുണ്ടന്നര്ത്ഥമാണ്. അതിനാല് ജനമദ്ധ്യത്തില് വ്യവഹാരിയായിരിയ്ക്കുന്ന ഒരാള് പ്രബുദ്ധനാണെങ്കില് ആ പ്രബുദ്ധത വെറുതെ വന്നു ചേര്ന്നതല്ല. അതുകൊണ്ട് വ്യവഹാരിയായാലും സമാധിനിഷിഠനായാലും പ്രബുദ്ധനാണെങ്കില് അനുഭവം ഒന്നു തന്നെ. ആ സ്ഥിതിയ്ക്കു രണ്ടുപേരും സുഖികളും തുല്ല്യന്മാരും തന്നെ.

പ്രബുദ്ധനു വാസനകളുണ്ടാവില്ല. നിര്വ്വാസനനായിതീര്ന്നവന് എന്തുചെയ്താലും ചെയ്തില്ലെങ്കിലും ഒരുപോലെത്തന്നെ. ചെയ്യുന്നതു കൊണ്ട് ബന്ധമോ, ചെയ്യാത്തതുകൊണ്ട് കര്ത്തവ്യഭംഗമോ രണ്ടും ഉണ്ടാകാന്പോകുന്നില്ല. ആസക്തമായ മനസ്സ് ഒന്നും ചെയ്യുന്നില്ലെങ്കിലും ബദ്ധമാണ്. നിസ്സംഗമാണ് ചിത്തമെങ്കില് പലതും ചെയ്താലും ചെയ്യാത്ത ഫലമേ ഉള്ളതാനും അതിനാല് മനസ്സിനെ നിസ്സംഗവും നിശ്ചലവുമാക്കിതീര്ക്കുകയാണ് വേണ്ടത്. ധ്യാനം കൊണ്ടു വളരെ വേഗത്തില് വസ്തു പ്രാപ്തിയുണ്ടാകും. നിശ്ചലമായ മനസ്സിനെയാണ് ധ്യാനദൃഷ്ടിയെന്നു പറയുന്നത്. മനസ്സു കേവലം ചലിയ്ക്കാതായി കഴിഞ്ഞാല് അതുതന്നെയാണ് ശാന്തിയും കൈവല്യവും. വാസനകളാണ് മനസ്സിനെ എപ്പോഴും ചലിപ്പിയ്ക്കുന്നത്. അതിനാല് മനസ്സു നിശ്ചലമാവാന് വാസനാപ്രവാഹമടങ്ങുകതന്നെ വേണം. വാസനാപ്രവാഹമടങ്ങി മനസ്സു നിശ്ചലമായി കഴിഞ്ഞാല് പരമപ്രദപ്രാപ്തി വിദൂരത്തല്ലതാനും. മനസ്സടങ്ങി അഹങ്കാരദോഷം നീങ്ങിയാല് പിന്നെ ഗൃഹത്തിലോ വനത്തിലോ എവിടെയിരുന്നാലും കൊള്ളാം.വിഷയസംഗമോ അതു ഹേതുവായിട്ടുള്ള ബന്ധമോ ഉണ്ടാവാന് പോകുന്നില്ല.

സുരഘൂപാഖ്യാനം - ലഘുയോഗവാസിഷ്ഠം (24)

ആത്മവിചാരം ചെയ്യൂ. അതുകൊണ്ടേ നിസ്സംശയത്വവും സമാധാനവും കിട്ടൂ. ആത്മബോധമുണ്ടാവുമ്പോള് എല്ലാ സംശയങ്ങളും വെയിലില് മഞ്ഞെന്നപോലെ നശിക്കും; വിചാരം കൊണ്ട് ആത്മജ്ഞാനമുണ്ടാകുകയും ചെയ്യും. ഞാന് ആരാണ്; ഈ ലോകം എങ്ങനെയുണ്ടായി; ജനനമരണങ്ങള് ആര്ക്കുള്ളവയാണ്; ആരുടെ പ്രേരണകൊണ്ടാണ് അവ ആവര്ത്തിച്ചു സംഭവിച്ചുകൊണ്ടിരിക്കുന്നത്; എന്തുകൊണ്ടാണ് അവയില്നിന്നു വിശ്രാന്തികിട്ടുന്നത്; എന്നിങ്ങനെയാണ് വിചാരം ചെയ്യേണ്ടതു്. ഇങ്ങനെ കുറച്ചുകാലം നിരന്തരം തത്വവിചാരം ചെയ്താല് നിര്മ്മലവും സത്താമാത്രവും സര്വ്വോല്കൃഷ്ടവുമായ പദം പ്രകാശിയ്ക്കും. ചിത്തം അതിന്റെ പ്രാകൃതസ്വരൂപത്തെ വിട്ടു ചൈതന്യമായി തീരുകയും ചെയ്യും. ചേത്യഭാവം നീങ്ങികഴിഞ്ഞാല് പരമശാന്തിയും നിര്വൃതിയും അനുഭവപ്പെടും.

തത്വവിചാരംചെയ്തു ശരിയായ ആത്മബോധമുണ്ടായിട്ടില്ലാത്ത ഒരാളുടെ അവസ്ഥ വളരെ ദയനീയമാണ്. നിസ്സാരകാര്യങ്ങളില്പോലും അവന് വളരെയധികം ക്ലേശിയ്ക്കുകയും ദു:ഖിയ്ക്കുകയും ചെയ്യും. എന്നാല് പ്രബുദ്ധനായ ഒരാള്ക്ക് ഈ സംസാരംതന്നെ എത്രയോ നിസ്സാരമാണ്. വിചാരം ചെയ്ത് ആത്മബോധമുണ്ടായികഴിഞ്ഞാലും ആബോധം പരോക്ഷമേ ആവുന്നുള്ളു. ആ പരോക്ഷജ്ഞാനം കേവലചിത്തവിശ്രാന്തിയുണ്ടാവുകയും ചെയ്യും. സംസാരത്തിലെ സകലവിധ ആസ്ഥകളേയും കൈവെടിയുമ്പോള് മാത്രമേ ആത്മലാഭം അല്ലെങ്കില് അപരോക്ഷജ്ഞാനം ലഭിയ്ക്കുകയുള്ളു. അതിനാല് ദൃഢമായി തത്വവിചാരം ചെയ്തു പരോക്ഷജ്ഞാനവും സമ്പാദിയ്ക്കുകയും വേണം. എങ്കിലേ സുഖദു:ഖാദിരൂപമായ സംസാരവിഭ്രമങ്ങളില് നിന്നു നിവൃത്തികിട്ടി ചിത്തം വിശ്രാന്തിയെ പ്രാപിയ്ക്കൂ.

ദൃശ്യം മുഴുവന് നീങ്ങിയാല് ശേഷിയ്ക്കുന്നത് ആത്മാവു മാത്രമാണ്. അതിനാല് ആത്മാവിനെ കിട്ടാന് അല്ലെങ്കില് അറിയാന് ദൃശ്യങ്ങളെ നിരസിയ്ക്കലല്ലാതെ മറ്റൊന്നുംതന്നെ ചെയ്യാനില്ല. ആത്മാവാകുന്ന ചൈതന്യത്തിലാണ് എല്ലാ ദൃശ്യവസ്തുക്കളും പ്രകാശിച്ചുകൊണ്ടിരിയ്ക്കുന്നത്. അവക്കെല്ലാം സത്ത ആത്മാവുമാത്രമാണുതാനും. അതിനാല് ആത്മാവില് ശ്രദ്ധകേന്ദ്രീകരിച്ചു ദൃശ്യങ്ങളില് പ്രത്യേക ശ്രദ്ധയില്ലാതായിത്തീരുമ്പോള് അവയെല്ലാം നീങ്ങും. അവനീങ്ങിയാല് ആത്മാവിന്റെ മറവും നീങ്ങി.

കയറില് തോന്നപ്പെട്ട ഭൂമസ്വരൂപമായ പാമ്പു നീങ്ങുമ്പോള് കയറിനെ കാണാന് മറ്റുപായം ആവശ്യമില്ലാത്തതുപോലെ ദൃശ്യഭ്രമം നീങ്ങിയാല് ആത്മസാക്ഷാത്കാരത്തിന്നു മറ്റുയാതൊരുപായവും ആവശ്യമില്ല. പക്ഷേ ദൃശ്യപ്രപഞ്ചത്തെ മുഴുവന് ത്യാഗം ചെയ്യേണ്ടിവരും. അതത്ഭുതമല്ല, ലോകത്തില്ത്തന്നെ സാധാരണ എന്തെങ്കിലുമൊരു പദാര്ത്ഥം നമുക്കുകിട്ടണമെങ്കില് വിലപിടിച്ച മറ്റൊന്നിനെ ദാനം ചെയ്യണം. എങ്കിലേ അതുകിട്ടാറുള്ളു. ആസ്ഥിതിയ്ക്കു തന്റെ സര്വ്വസ്വമായ ആത്മാവിനെ കിട്ടാന് ദൃശ്യപ്രപഞ്ചത്തെമുഴുവന് ത്യാഗം ചെയ്യേണ്ടിവന്നാല് അതൊരത്ഭുതമോ അസാധാരണമോ അല്ല. കയ്യിലുള്ള ധനത്തെ ത്യാഗം ചെയ്യാന് തെറ്റില്ലാത്തവനു കടയിലുള്ള സാധനത്തെ കിട്ടാത്തതുപോലെ തന്റെ കൈയ്യിലുള്ള സമ്പത്തായ ദൃശ്യപ്രപഞ്ചത്തെ ത്യാഗംചെയ്യാന് തെറ്റില്ലാത്തവന് ആത്മാവിനെ കിട്ടാനും പോവുന്നില്ല. അതിനാല് ഹേ രാജാവേ! ദൃശ്യഭ്രമങ്ങളെ മുഴുവന് തുടച്ചുനീക്കുകതന്നെവേണം.

എല്ലാവിധ അനര്ത്ഥങ്ങള്ക്കും ഹേതുവായ മനസ്സുതന്നെയാണ് എല്ലാവിധ ദൃശ്യങ്ങളായും ലോകങ്ങളായുമൊക്കെ വിജൃംഭിച്ചിരിയ്ക്കുന്നത്. മനസ്സടങ്ങിയാല് ദൃശ്യമൊന്നും തന്നെ ശേഷിയ്ക്കുന്നില്ല. ആസ്ഥിതിക്കു മനസ്സു തന്നെയാണ് എല്ലാ ദൃശ്യങ്ങളും. കാര്യവും കാരണവും എല്ലാം മനസ്സുതന്നെ. വാസനാത്യാഗത്തില്ക്കൂടെ മനസ്സിനെ നിരോധിക്കുമ്പോള് എല്ലാ ദൃശ്യങ്ങളുമടങ്ങി സ്വയം പ്രകാശമായ ആത്മാവു തന്നെത്താന് പ്രകാശിക്കും. അങ്ങിനെ മനസ്സിനേയും ശരീരവാസനയെയും നിശ്ശേഷം നീങ്ങുമ്പോള് എന്തു ശേഷിയ്ക്കുമോ ഹേ രാജന്! അങ്ങ് അതായിത്തീരട്ടേ!

സുരഘുരാജാവിന് ഇത്രത്തോളം പറഞ്ഞുകൊടുത്തു മാണ്ഡവ്യമഹര്ഷി അദ്ദേഹത്തെ അനുഗ്രഹിച്ച് അരമനയില് നിന്നറങ്ങിപോകുകയും ചെയ്തു. അതിനുശേഷം കാട്ടാളരാജാവ് വിജനപ്രദേശത്ത് ഏകാകിയായി ചെന്നിരുന്നു. താനാരാണെന്ന തത്വത്തെ വിചാരം ചെയ്യാന് തുടങ്ങി. പൃഥിവ്യാദിതത്വങ്ങളില് ഓരോന്നിനെയും വിചാരം ചെയ്ത് അതല്ലെന്നു ബോധ്യംവന്നു തള്ളിത്തള്ളി ക്രമേണ ശരീരം, ഇന്ദ്രിയങ്ങള്, മനസ്സു്, പ്രാണന്, ബുദ്ധി എന്നിവയൊന്നും താനല്ലെന്നു ബോധ്യംവന്ന് അവയെയും തള്ളി പ്രജ്ഞ ചിത്തത്തില് ചെന്നുമുട്ടി. സര്വ്വകാരണവും എന്നാല് സ്വയം നിഷ്കാരണവുമായ ചിത്തുതന്നെ താനെന്നു ബോധ്യപ്പെട്ടു. ചേത്യസ്പര്ശമില്ലാത്തതും അപരിച്ഛിന്നവും സ്വയം പ്രകാശവുമായ ചിത്തിനെ അറിഞ്ഞ് അതാണ് താനെന്നു ബോധ്യമായി. കാര്യകാരണസ്വരൂപേണ പ്രവഹിയ്ക്കുന്ന ദൃശ്യപ്രപഞ്ചംമുഴുവന് ചിത്തത്തിന്റെ കേവലം നിഷ്പന്ദം മാത്രമാണെന്നും ചിത്തത്തില്നിന്നന്യമായി ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും ബോദ്ധ്യമായി.

കര്ത്തവ്യങ്ങളും പ്രാപ്തവ്യങ്ങളുമെല്ലാം വെറും ഭ്രമമാണെന്നും താന്കേവലസ്വരൂപമായ ചിത്താണന്നും തനിയ്ക്കൊന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും ബോധ്യമായി. മനസ്സടങ്ങി; ശാന്തിവിളങ്ങി. ഒന്നും തന്നെ ചെയ്യാനോ അനുഭവിയ്ക്കാനോ ഇല്ലെന്നനിലയില് കാട്ടാളരാജാവു് സ്വയം കൃതകൃത്യനും തിരയടങ്ങിയകടല്പോലെ പ്രശാന്തനുമായിത്തീര്ന്നു. ഉണര്വ്വോടുകൂടിയ സുഷുപ്തിയില് രമിക്കാന് തുടങ്ങി. അങ്ങിനെ സുഷുപ്ത്യാകാരമായ ചിത്തവൃത്തിയോടുകൂടി അദ്ദേഹം ജ്ഞാനിയും മുക്തനുമായി വിളങ്ങി. ആനിലയിലിരുന്നുകൊണ്ടു രാജ്യകാര്യങ്ങളെ നിര്വ്വഹിയ്ക്കുകയും ചെയ്തുവന്നു. അക്കാലത്തു് അദ്ദേഹം ക്രൂരനെന്നോ മൂഢനെന്നോ രാഗിയെന്നോ വിരാഗിയെന്നോ പറയാന് വയ്യാത്തവനായിത്തീര്ന്നു. എല്ലാ ദ്വന്ദ്വങ്ങളില്നിന്നും നിവൃത്തനായെന്നു താല്പര്യം.


സുരഘു: “മഹത്തായ അങ്ങയെപ്പോലെതന്നെ ഞാനും ചിരകാലപരിശ്രമം കൊണ്ട് ഏറ്റവും നിര്മ്മലവും അന്ത:കുളുര്മ്മയേറിയതുമായ ജ്ഞാനത്തെ സമ്പാദിച്ചു. അതിനാല് എല്ലാക്ലേശങ്ങളുമകന്നു സംസാരത്തിന്റെ യാതൊരു ബാധയുമില്ലാതെ കഴിയുകയാണ്. സങ്കല്പമെന്ന ഒന്നില്ലാതെ നിര്വ്വിചാരനും ചരിതാര്ത്ഥനുമായി ഗംഗാജലംപോലെ ശീതളമായ അന്ത:കരണമുള്ളവനു സംസാരത്തിന്റെ എന്തുബാധയാണുള്ളതു് ! സംസാരമാകുന്ന ഈ മഹാരോഗത്തിനു തത്വജ്ഞാനമല്ലാതെ മറ്റുയാതൊരു ഔഷധവുമില്ല. ഭാഗ്യംകൊണ്ടും അങ്ങു അത് നേടിയില്ലേ? ചിത്തം കുളിര്ത്തില്ലേ?”

പര്ണ്ണാദന്: "ഭാഗ്യവാനായ മഹാരാജാവേ! ചിത്തമടങ്ങികഴിഞ്ഞാല് പിന്നെ വ്യവഹാരിയായാലും മൗനിയായാലും അവന് എപ്പോഴും സമാധിസ്ഥന്തന്നെ. ചിത്തമടങ്ങാത്തവന് പത്മാസനത്തിലിരിക്കുകയും ബ്രഹ്മാഞ്ജലിചെയ്യുകയുമെന്നുവേണ്ട, എന്തൊക്കെചെയ്താലും സമാധിസുഖത്തിന്റെ യാതൊരംശംപോലും അവന് കിട്ടാന്പോവുന്നില്ല. വ്യവഹാരിയെന്നും മൗനിയന്നുമൊക്കെയുള്ള വകഭേദം ചിത്തമടങ്ങാത്തവര്ക്കുള്ളതാണ്. തത്വബോധംകൊണ്ടു ചിത്തമടങ്ങി ശാന്തികിട്ടിയവന് എപ്പോഴും സമാധിസ്ഥന്തന്നെ. അവന് എന്തുചെയ്താലും ചെയ്യാതിരുന്നാലും ഒക്കെ ഒരുപോലെത്തന്നെ. അങ്ങയ്ക്ക് ചിത്തവിശ്രാന്തി കിട്ടിയെന്നറിഞ്ഞതില് വളരെ സന്തോഷമുണ്ട്. ഈ ലോകത്തുനിന്നു നേടാനുള്ള ഒരേഒരു വസ്തു ചിത്തവിശ്രാന്തിമാത്രമാണ്. തത്വബോധം കൊണ്ടതുണ്ടാവും അതിനാല് എത്ര സാഹസപ്പെട്ടും തത്വബോധത്തെ സമ്പാദിക്കുകതന്നെ വേണം."

സുരഘു:  “മഹാരാജാവേ! അങ്ങേയ്ക്കു ജ്ഞാനം ദൃഢപ്പെട്ടുകഴിഞ്ഞു. അങ്ങ് ചരിതാര്ത്ഥനാവുകയും ചെയ്തു.” എന്നുപറഞ്ഞ് ആ രണ്ട് സുഹൃത്തുക്കളും പിരിഞ്ഞ് അവരവരുടെ രാദ്യങ്ങളില് നിസ്സംഗന്മാരായിരുന്നു പ്രജാപരിപാലനം ചെയ്തു. രാജ്യകാര്യങ്ങളെ ചെയ്യുമ്പോഴും അല്ലാത്തപ്പോഴും, ഏകാന്തതയിലിരിക്കുമ്പോഴും ജനമദ്ധ്യത്തിലിരിക്കുമ്പോഴും സമാധിയിലിരിക്കുമ്പോഴും ലോകകാര്യങ്ങളെ ചെയ്യുമ്പോഴും ഒന്നും വ്യത്യാസമില്ലാതെ തത്വജ്ഞന്മാരായ അവര് ആത്മാരാമന്മാരും ചരിതാര്ത്ഥന്മാരുമായിത്തീര്ന്നു. അതിലത്ഭുതമില്ല; ചിത്തം വിഷയങ്ങളില് കേവലം രസിക്കാതെ ആത്മാവില്മാത്രം ആനന്ദിക്കാന് തുടങ്ങിയാല് അതുതന്നെയാണ് ജീവന്മുക്തിയെന്നു പറയണം.

അദ്ധ്യാത്മശാസ്ത്രത്തില് എപ്പോഴും ചിന്തയെ നിലനിര്ത്തിയും ആത്മവസ്തുവെ വിസ്മരിക്കാതെയും വിഷയസ്പര്ശമില്ലാത്ത ചിത്തത്തില് സങ്കല്പസ്ഫുരണമില്ലാതെയും കഴിയുന്ന പുണ്യവാനായ മനുഷ്യന് സുഖിയാണ് . അദ്ദേഹത്തിനൊന്നുകൊണ്ടും ചിന്തയോ ആവലാതിയോ ക്ലേശമോ ഇല്ല. അങ്ങിനെയല്ലാതെ നാനാവിഷയങ്ങളില് ഭ്രമിച്ചും സങ്കല്പങ്ങളെ വളര്ത്തി ആകാശകോട്ടകളെക്കെട്ടിയും ആശാപാശങ്ങളാല് ആവൃതനായും രാഗാദിവികാരങ്ങളാല് തപ്തനായുമുള്ളവന് സ്വര്ഗ്ഗത്തിലല്ല എവിടെപ്പോയാലും എപ്പോഴും ദു:ഖമാണനുഭവിക്കുന്നത്. ചേറ്റില്കിടന്നുരുളുന്ന കാളയെ ആര്ക്കു സുഗന്ധിയാക്കാന് കഴിയും? അതുപോലെ ഈ സംസാരക്കുണ്ടിലെ ചേറിലും ചളിയിലും കിടന്നുരുണ്ടു ദ:ഖങ്ങളുടെ ദുര്ഗ്ഗന്ധത്തില് മുഴുകിയവനെ അധ്യാത്മജ്ഞാനസുഖത്തിന്റെ സുഗന്ധമുള്ളവനാക്കിത്തീര്ക്കാന് ആര്ക്കു കഴിയും? അങ്ങനെയുള്ള ആപദ്ദശയില്നിന്നു രക്ഷിക്കാന് സജ്ജനങ്ങള്മാത്രമേ ഉള്ളൂ. സത്തുക്കളുടെ സമ്പര്ക്കം കൊണ്ടാണ് ക്രമേണ കാര്യമറിഞ്ഞ് ഉയരാനുള്ള അവസരം കിട്ടുന്നതു്. അതിനാല് മറ്റെന്തെല്ലാം ഗുണങ്ങളുണ്ടായാലും സജ്ജനങ്ങളില്ലാത്ത പ്രദേശത്ത് അറിവുള്ളവര് താമസ്സിക്കാറില്ല.

സംസാരതാപംകൊണ്ടാര്ത്തനായ  ജീവനു സ്വത്തും സ്വജനങ്ങളുമൊന്നും തെല്ലുമുപകരിക്കില്ല. ശാസ്ത്രവും അങ്ങിനെതന്നെ അവനുപയോഗപ്പെടാന് വയ്യ. മനസ്സുമാത്രമാണ് അവന് ഒരേ ഒരുബന്ധു. മനസ്സനുകൂലമല്ലെങ്കില് പിന്നെഎന്തെല്ലാം സാഹചര്യങ്ങളുണ്ടായിട്ടും കാര്യമില്ല. നിര്മ്മലമായ ചിത്തംകൊണ്ടു ദൃഢമായി വിചാരം ചെയ്യാന് കഴിഞ്ഞാല് കാലം കൊണ്ട് ആത്മജ്ഞാനമുണ്ടാകും. ശരീരം കാഷ്ഠലോഷ്ടങ്ങള്പോലെ കേവലം ജഡവും തന്നില്നിന്നും വേറെയുമാണെന്നുബോദ്ധ്യംവന്നു. ശരീരധര്മ്മങ്ങളില്നിന്നു കേവലം നിവര്ത്തിച്ചാലും കാലംകൊണ്ട് ആത്മജ്ഞാനമുണ്ടാവും. ആത്മാവിന്റെ സ്വരൂപത്തെ വാക്കുകൊണ്ട് പറയാന് വയ്യ. ആകാശത്തെഎപ്രകാരം വിവരിക്കാന് കഴിയുന്നില്ലയോ അതുകൊണ്ട് ആത്മാവും വാക്കുകൊണ്ട് വിവരിക്കത്തക്കതല്ല. ആത്മാവു പോലെ മറ്റൊന്നില്ലാത്തതിനാല് മറ്റൊന്നിനോടുപമിച്ചു കാണിക്കാവുന്നതുമല്ല. മനസ്സും അഹങ്കാരവും നശിക്കുമ്പോള് സ്വയം പ്രകാശിക്കും എന്നേ പറയാവൂ. അതിനാല് മനസ്സിനെയും അഹങ്കാരത്തേയും അകറ്റാനാണ്ശ്രമിയ്ക്കേണ്ടത്. അഹങ്കാരമനസ്സുകളുടെ വിലയത്തില് പ്രകാശിക്കുന്നതും ചിതാകാശസ്വരൂപവും അപരിച്ഛിന്നവും സുഷുപ്തി സമാനവുമായ കേവലാവസ്ഥ പ്രകാശിക്കും . അതുതന്നെ വസ്തുസ്വരൂപം. കുളുര്മ്മയേറിയതും ആനന്ദമയവുമായ പ്രസ്തുതഅവസ്ഥ അനുഭവൈകവേദ്യമെന്നല്ലാതെ വാക്കുകൊണ്ട് പറയാവുന്നതോ മനസ്സുകൊണ്ട് ഊഹിക്കാവുന്നതോ അല്ല.

വാസ്തവത്തില് മനസ്സും ആത്മാവില്നിന്നും വേറെയല്ല. കയറില് തോന്നപ്പെട്ട വിഭ്രാന്തിയാണല്ലോ സര്പ്പപ്രതീതി. അതു പോലെ ആത്മാവില് തോന്നപ്പെടുന്ന ഭ്രമം തന്നെ മനസ്സ്. ഭ്രമം നീങ്ങുമ്പോള് സ്വരൂപബോധത്തിനു തടസ്സമില്ലാതാവും. എല്ലാമായി തോന്നപ്പെടുന്നതും ആത്മസത്വം ഒന്നുമാത്രമാണ്, മനസ്സ് ഒഴികെ മറ്റെല്ലാറ്റിന്റെയും പ്രതീതിക്കു ഹേതു മനസ്സാണെന്നകാരണത്താല് മനസ്സില്ലാതാവുമ്പോള് മറ്റെല്ലാം ഇല്ലാതാവും. അതുപോലെ വാസനകള്ക്കൊക്കെ ഹേതു അഹങ്കാരമാണ്. അതിനാല് മനസ്സും അഹങ്കാരവുമടങ്ങിയാല് ആത്മതത്വം നിവാരണമായി പ്രകാശിക്കും.

ഭാസവിലാസസംവാദം - ലഘുയോഗവാസിഷ്ഠം (25)

മനസ് നശിക്കാതെയും വാസനകളടങ്ങാതെയും സംസാരത്തില്നിന്നും കയറാതെയും ക്ഷേമമെന്നുള്ള അവസ്ഥ ആര്ക്കാണുണ്ടാവുന്നത്? അതുപോലെ സംസാരത്തില്നിന്നു കയറി ആത്മസ്വരൂപനായിക്കഴിഞ്ഞ ഒരാള്ക്കെന്തു ദു:ഖമാണ് വരാനുള്ളത്? ഒന്നും തന്നെയില്ല. അതിനാല് ആത്മാനുഭൂതിതന്നെ ജീവിതത്തില് നേടേണ്ടിയിരിക്കുന്ന ഏറ്റവും മഹത്തായ വസ്തു. അതു കിട്ടികഴിഞ്ഞവന് ധന്യന്തന്നെ. അതിനുവേണ്ട് മാത്രമുള്ളതാണ് എല്ലാവിധ തപസും.”

ശാസ്ത്രങ്ങള് പഠിച്ചും സജ്ജനങ്ങളുടെ ഉപദേശങ്ങള് കേട്ടും അറിയേണ്ടതിനെ അറിയാതെയും തപോയോഗാദി അനുഷ്ഠാനങ്ങളെക്കൊണ്ടു പ്രാപിക്കേണ്ടതിനെ പ്രാപിക്കാതെയും ആര്ക്കാണു് സമാധാനം കിട്ടുന്നത്? ആര്ക്കും കിട്ടാന് പോവുന്നില്ല. ലോകത്തിലുള്ള വിവിധങ്ങളായ വിഷയങ്ങളില് ഭ്രമിച്ച് ആത്മവിചാരം ചെയ്യാതെ ആശാപാശങ്ങളെക്കൊണ്ടു ബദ്ധനായി വാര്ദ്ധക്യമൃത്യുക്കളില് പതിക്കുന്ന മൂഢന് ആയുസ്സിനെ വെറുതേ നശിപ്പിക്കുയാണ് ചെയ്യുന്നത്. അങ്ങനെ സംഭവിക്കാനിടവരാതെ ഒരുനിമിഷവും വെറുതെക്കളയാതെ ആത്മവിചാരം ചെയ്തു സ്വരൂപപ്രാപ്തികൊണ്ടു ധന്യനായിത്തീരുകതന്നെ വേണം.

വസിഷ്ഠന് പറയുകയാണ്: "ഹേ രാമചന്ദ്രാ! വിഷയസംഗംകൊണ്ടു മൂഢനായിത്തീര്ന്ന മനസ്സിനെ ജ്ഞാനമൊഴിച്ചു മറ്റൊന്നുകൊണ്ടും ഉണര്ത്താനോ സ്വരൂപത്തെ പ്രാപിക്കാനോ സാദ്ധ്യമല്ല. ഒരാള്ക്ക് എത്രയൊക്കെ ജ്ഞാനമുണ്ടായാലും മനസ്സുവിഷയാസക്തമാണെങ്കില് തീര്ച്ചയായും മൂഢനാണെന്നുതന്നെയാണ് പറയേണ്ടതു്. ജ്ഞാനത്തിന്റെ ലക്ഷണം തന്നെ വിഷയനിവൃത്തിയാണ്. ആസ്ഥിതിക്കു് ജ്ഞാനമുള്ള ഒരാള്ക്കെങ്ങനെ വിഷയാസക്തിയുണ്ടാകും? ഒരിക്കലും ഉണ്ടാവാന് വയ്യ. അങ്ങനെ തന്നെ വിഷയനിവൃത്തവും നിര്മ്മലവുമാണ് ഒരാളുടെചിത്തമെങ്കില് യാതൊരു ജ്ഞാനവുമില്ലാത്തവനു വെറും സംസാരിയാണങ്കില്കൂടി അയാള് മുക്തനാണെന്നു പറയണം. ധാരാളം തപസ്സുചെയ്യുന്ന ഒരാളാണെങ്കിലും മനസ്സുവിഷയാസക്തമാണങ്കില് അയാളുടെ കഠിനമായ തപോനിഷ്ഠകൂടി മിക്കവാറും നിഷ്ഫലമാണന്നു പറയണം. മനസ്സു വിഷയനിവൃത്തമാണങ്കില് യാതൊരു തപസ്സുമില്ലെങ്കില്ക്കൂടി അയാള് ശുദ്ധനും മുക്തനുമാണെന്നു പറയണം. അതിനാല് ഹേ രാമചന്ദ്രാ! വിഷയസംഗംതന്നെ മനുഷ്യന്റെ ഏറ്റവും വലിയ ശത്രു. നിസ്സംഗതയെക്കാള് വലിയ ബന്ധുവുമില്ല.”


എന്നിങ്ങനെ വസിഷ്ഠമഹര്ഷി പറഞ്ഞപ്പോള് രാമചന്ദ്രന് ചോദിക്കയാണ് : "ഭഗവാനേ! എങ്ങിനെയുള്ളതാണ് സംഗം? എന്തു കാരണത്താലാണ് അതുണ്ടാകുന്നത്? എന്തു കാരണത്താലാണ് ബന്ധമുണ്ടാകുന്നത്? എങ്ങനെയാണ് മോക്ഷവും സാധിക്കുന്നത് ?” രാമചന്ദ്രന്റെ അവസരോചിതമായ ചോദ്യങ്ങളെ കേട്ടു സന്തുഷ്ടനായ വസിഷ്ഠമഹര്ഷി അവയ്ക്കു മറുപടി പറയാന് തുടങ്ങി.

"ഹേ രാമചന്ദ്രാ! ദേഹമേതാണ്, ദേഹിയേതാണ് എന്നവിചാരം കൂടാതെ, ദേഹത്തെ താനാകുന്ന ദേഹിയായി തെറ്റിദ്ധരിച്ച്, തന്റെ സുഖത്തിനെന്ന പേരുപറഞ്ഞ് ദേഹധര്മ്മങ്ങളെ വളര്ത്തലാണ് എല്ലാവിധ വിഷയസംഗങ്ങളുടെയും അടിസ്ഥാനസ്വരൂപം. പ്രസ്തുത വിഷയസംഗംതന്നെ ബന്ധത്തിന്റെയും ഹേതു. അനന്തമായി എങ്ങും നിറഞ്ഞിരിക്കുന്ന ആത്മതത്വത്തിനു പരിമിതത്വം വരുത്തി, പരിമിതമായ ആ അല്പവസ്തുവാണ് താനെന്നു തെറ്റിദ്ധരിച്ചു തനിക്കു സുഖസമാധാനങ്ങളുണ്ടാക്കി തീര്ക്കാനുള്ള പരിശ്രമം തന്നെ സംഗസ്വരൂപം. അപരിച്ഛിന്നനായ തനിക്കു പരിമിതത്വവും, ആനന്ദമയനായ തനിക്കു ദു:ഖാത്മകതയും, ആ ദു:ഖനിവൃത്തിക്കുവേണ്ടിയുള്ള പരിശ്രമവുമൊക്കെ മിത്ഥ്യാസങ്കല്പങ്ങളല്ലാതെ മറ്റെന്താണ്? ജ്ഞാനികള്ക്ക് അങ്ങനെയുള്ള മിത്ഥ്യാബോധങ്ങളൊന്നുമുണ്ടാവാന് വയ്യ. താനും ഈ ലോകവുമെന്നു വേണ്ട എല്ലാംതന്നെയും ഒന്നായിരിക്കുന്ന ആത്മാവായിരിക്കെ തള്ളലും കൊള്ളലുമാകുന്ന വ്യവഹാരത്തിനു എവിടെയാണ് സ്ഥാനം? അതുപോലെ ആനന്ദമയനായ തന്റെ സുഖത്തിനുവേണ്ടി എന്തൊരു പ്രയത്നമാണ് ചെയ്യേണ്ടതായിട്ടിരിക്കുന്നത്! ജീവന്മുക്തന്മാരില് അങ്ങിനെയുള്ള തെറ്റിദ്ധാരണകളോ അനാവശ്യപ്രയത്നങ്ങളോ ഒന്നും തന്നെ കാണില്ല. അങ്ങിനെയുള്ള തെറ്റിദ്ധാരണകളും വ്യവഹാരങ്ങളുംതന്നെ ബന്ധം. ജ്ഞാനം കൊണ്ടല്ലാതെ അതെങ്ങിനെ നീങ്ങും?

ഞാന്, നീ, അവന്, ഇവന്, സുഖം, ദു:ഖം, ഇത്യാദി വ്യത്യസ്തഭാവങ്ങളോ രാഗദ്വേഷങ്ങളോ മദമത്സരങ്ങളോ ഒന്നും ഒരു ജ്ഞാനിക്കുണ്ടാവില്ല. അങ്ങിനെയുള്ള ജ്ഞാനിയാണ് മുക്തിക്കധികാരിയായിട്ടിരിക്കുന്നത്. കര്മ്മങ്ങളെ ത്യജിക്കുന്നതും സ്വീകരിക്കുന്നതും രണ്ടും ബന്ധകാരണമാണ്. അതിനാല് ജ്ഞാനി കര്മ്മങ്ങളെ ത്യജിക്കുകയോ സ്വീകരിക്കുകയോ രണ്ടും ചെയ്യുന്നില്ല. കര്മ്മം ചെയ്താലും ഇല്ലെങ്കിലും അകര്ത്താവായിട്ടിരിക്കുന്നു ജ്ഞാനി. എന്തുചെയ്താലും അനുഭവിച്ചാലും ഇല്ലെങ്കിലും എപ്പോഴും അകര്ത്താവും അഭോക്താവുമായിട്ടിരിക്കുന്നവന് നിസ്സംഗനാണ്. അദ്ദേഹം മുക്തിക്കധികാരിയുമാണ്. അസംഗജീവിതം കൊണ്ടും ഒരാളുടെ എല്ലാകര്മ്മബന്ധങ്ങളും അറ്റുപോവും. മാത്രമല്ല, കാലംകൊണ്ടു മുക്തിക്കധികാരിയായിത്തീരുകയും ചെയ്യും.

അതിനാല് ഹേ രാമചന്ദ്രാ! അസംഗിയായിട്ടാണ് ജീവിക്കേണ്ടതു്. ജ്ഞാനികളൊക്കെ അങ്ങനെയാണ് ചെയ്യുന്നത്. വീണ്ടും വീണ്ടും ജനനമരണങ്ങളെ പ്രാപിക്കുന്നതും കൃമികീടാദിയോനികളില് പോകേണ്ടിവരുന്നതുമൊക്കെ സംഗത്തിന്റെ വിലാസമല്ലാതെ മറ്റെന്താണ്! എല്ലാ അറിവുകളും വിവേകമുള്ള മനുഷ്യനായി കുറേക്കാലം ജീവിച്ചിട്ടുപിന്നെ കൃമികീടാദിക്ഷുദ്രജീവിതത്തിലേക്ക് ഇറങ്ങേണ്ടിവരുന്നതെത്ര കഷ്ടമാണ്! എന്നാല് നിസ്സംഗജീവിതമില്ലാത്തതുകൊണ്ടും നാനാതരത്തിലുള്ള സങ്കല്പങ്ങളുടെ വളര്ച്ചകൊണ്ടും തെറ്റിദ്ധാരണകളെകൊണ്ടും പലപ്പോഴും പലര്ക്കും അങ്ങനെയൊക്കെ അനുഭവിക്കേണ്ടിവരുന്നു. കര്ത്തൃത്വഭോക്തൃത്വങ്ങളും വിഷയസംഗങ്ങളുമാണ് അതിനു് മുഖ്യഹേതു. സമുദ്രത്തില് തിരമാലകളെന്നപോലെയാണ് ആത്മാവാകുന്ന ചിദാകാശത്തില് അവസാനമില്ലാതെ ജീവികള് പൊന്തുകയും താഴുകയും, ജനിക്കുകയും മരിക്കുകയും ചെയ്യുന്നത്. അതിന്റെ ഹേതുവാകട്ടെ സംഗം മാത്രവുമാണ്. എത്രശക്തിയുള്ള ഒന്നാണ് വിഷയസംഗമെന്നോര്ത്തുനോക്കൂ!

രണ്ടു് പ്രകാരത്തിലുണ്ട് സംഗം. ഒന്നിനു വന്ധ്യയെന്നും മറ്റേതിനു വന്ദ്യയെന്നും പറയും. ആത്മബോധത്തിനു അല്പംപോലും സഹായിക്കാതെ ശരീരാദിവസ്തുക്കളെ വീണ്ടും വീണ്ടും ജനിപ്പിക്കുന്നതും അവിവേകസ്വരൂപവുമായ സംഗത്തെയാണ് അറിവുള്ളവര് വന്ധ്യാസംസക്തിയെന്നുപറയുന്നത്. ആത്മബോധത്തിനു് ഉപകരിക്കുന്നതും പിന്നീടു ശരീരാദിസംബന്ധത്തെ ഉണ്ടാക്കാത്തതും വിവേകസ്വരൂപവുമായ സംസക്തിയെ വന്ദ്യയെന്നുപറയുന്നു. അറിവുള്ളവരൊക്കെ പറയപ്പെട്ട വന്ദ്യാസംസക്തിയില്ക്കൂടെയാണ് നീങ്ങികൊണ്ടിരിക്കുന്നത്. ദേവശ്രേഷ്ഠന്മാരായ ത്രിമൂര്ത്തികള് ഈ ജഗത്തിനെ ഭരിക്കുന്നതു വന്ദ്യാസക്തിയെ സ്വീകരിച്ചിട്ടാണ്. അതിനാല് സംഗമുണ്ടെങ്കിലും അതു വന്ധ്യയല്ല, വന്ദ്യയാണെങ്കില് ആപത്തില്ല; കാലംകൊണ്ടങ്കിലും മുക്ത്തനായിത്തീരാം.

ശവത്തെകാണുന്ന കഴുകനെപ്പോലെ വിഷയാലുക്കള് വിഷയങ്ങളെ കാണുമ്പോള് അവ നല്ലതാണെന്നും സുഖപ്രദങ്ങളാണെന്നും തെറ്റിദ്ധരിച്ച് ആസക്തിയോടുകൂടി അവയെ സമീപിക്കുന്നു. അങ്ങനെ വര്ദ്ധിച്ച വൈഷയികാശകൊണ്ടു വന്ധ്യാസക്തരായി കഴിയുന്ന മൂഢന്മാര്ക്കൊക്കെതന്നെയും നരകമാണാശ്രയം. രൗരവം, കുംഭീഭാകം തുടങ്ങിയ നരകങ്ങള് അവരുടെ വിശ്രമസ്ഥാനങ്ങളാണെന്നു പറയണം. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില് വിവേകംകൊണ്ടു വന്ധ്യാസംസക്തിയെ അകറ്റുകതന്നെ വേണം. ചിത്തദൃശ്യവുമായി കൂടിചേരാന് ഇടവരുമ്പോള് വളരെ സൂക്ഷിക്കണം. ഏതെങ്കിലും രൂപത്തിലുള്ള ബന്ധം അതുകൊണ്ടുണ്ടായിത്തീരുകയെന്നതു സ്വാഭാവികമാണ്. ദൃശ്യസമ്പര്ക്കത്തിലും ബന്ധമില്ലാതായിത്തീരണമെങ്കില് വേണ്ടത്ര വിവേകത്തെ സംഭരിക്കുകതന്നെ വേണം.

പ്രജ്ഞയെ എപ്പോഴും ഒന്നിനോടും കെട്ടിപ്പിണയാനിടയാക്കരുതു്. എന്തിനെയൊക്കെകാണുമ്പോഴും ഗ്രഹിക്കുമ്പോഴും പ്രവര്ത്തിക്കുമ്പോഴും അനുഭവിക്കുമ്പോഴും പ്രജ്ഞ ഒന്നിനോടും ബന്ധപ്പെടാതിരിക്കണം. ശരീരത്തെയോ, ശരീരധര്മ്മങ്ങളെയോ, കാലദേശങ്ങളെയോ, ഗൃഹകുടുംബാദികളേയോ, പീതനീലാദിവര്ണ്ണങ്ങളേയോ, മധുരതിക്താദിരസങ്ങളെയോ, പൂര്വ്വപശ്ചിമാദിദിക്കുകളെയോ എന്നുവേണ്ട ഒന്നിനെയും ഓര്മ്മിക്കാതിരിക്കണം. ഏതെങ്കിലും ഒന്നിനെ ഓര്മ്മിക്കുന്നുവെന്നുവന്നാല് പ്രജ്ഞ അതുമായി ബന്ധപ്പെടുന്നുവെന്നര്ത്ഥമാണ്. അങ്ങനെ ഒന്നിനോടും ബന്ധപ്പെടുത്താതെ എപ്പോഴും ലക്ഷ്യമായ ആത്മസത്തയെതന്നെ സ്മരിച്ചുകൊണ്ട് അതില്ത്തന്നെ മഴുകിയും ഇരിക്കണം. ഏതൊരു നിമിഷത്തില് ആ സമ്പ്രദായത്തിനു മുറിവുവരുന്നുവോ, അപ്പോള് പ്രജ്ഞ ദൃശ്യത്തോടു ബന്ധപ്പെടുകയാണ് ചെയ്യുന്നത്. പ്രജ്ഞക്ക് ഒന്നിന്റെയും ഓര്മ്മയില്ലാതായിതീരുന്നുവെങ്കില് അത് ഒരുതരം സുഷുപ്തിതന്നെയാണ്. ജാഗ്രത്തിലെ സുഷുപ്തിയെന്നുമാത്രം. നിരന്തരാഭ്യാസം കൊണ്ടു ജാഗ്രല്സുഷുപ്തിയില് ദൃഢതകിട്ടുമ്പോള് ക്രമേണ ശരീരാദികളെയും ലോകത്തെതന്നെയും കേവലം വിസ്മരിക്കും. ആ അവസ്ഥയാണ് തുരീയം. ദൃശ്യങ്ങളെ മുഴുവന് മറക്കുന്നതോടെ ദ്രഷ്ടാവാകുന്ന ആത്മാവിനെ അറിയാനും തുടങ്ങും. നിത്യപരിചയം കൊണ്ടു പ്രസ്തുത തുരീയവും വിട്ടു തുര്യാതീതമായ പദത്തിലേക്കുയരുമ്പോള് മുക്തനുമായി.

ഒരു പ്രകാരത്തിലുള്ള ലക്ഷണങ്ങളെകൊണ്ടും തിരിച്ചറിയാന്കഴിയാത്ത ഒന്നാണ് ആത്മാവിന്റെ അല്ലെങ്കില് മോക്ഷത്തിന്റെ സ്വരൂപം. അതുപോലെ മുക്തന്റെ സ്വഭാവത്തെയും ഇന്നപ്രകാരത്തിലുള്ളതെന്നാര്ക്കും പറയാന് വയ്യ.

വീതഹവ്യോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (26)

ഹേ രാമചന്ദ്രാ! ശ്രദ്ധവച്ചു കേള്ക്കൂ. പണ്ടു മന്ദരപര്വ്വതത്തിന്റെ സാനുപ്രദേശത്തുള്ള ഒരു ഗുഹയില് വീതഹ്യവ്യനെന്നു പേരായി ഒരു തപസ്വി താമസിച്ചുവന്നു. ഒരുദിവസം പതിവുപോലെ അദ്ദേഹം ഗുഹാന്തര്ഭാഗത്തു വിരിച്ച മാന്തോലില് ബദ്ധപത്മാസനനായി നീണ്ടുനിവര്ന്നു ദൃഷ്ടികളെ ഭൂമദ്ധ്യത്തില് കൂട്ടി യോചിപ്പിച്ചിട്ട് ഊര്ദ്ധ്വദൃഷ്ടിയായിരുന്നു. വാസ്തവത്തില് ദൃഗാദിഇന്ദ്രിയങ്ങളും ആത്മാവും തമ്മിലെന്താണ് സംബന്ധം? യാതൊരു സംബന്ധവുമില്ല. മനസ്സിനു വിഷയപ്രാപ്തിക്കുള്ള നിര്ഗ്ഗമനദ്വാരങ്ങളായി തീര്ന്നിരിക്കുന്നു ഇന്ദ്രിയങ്ങളെന്നുമാത്രം. ആത്മാവുമായി യാതൊരു സംബന്ധവും അവയ്ക്കില്ല. ആത്മപ്രകാശത്തിന്നു് അവ അടങ്ങുകതന്നെ വേണം. എന്നുവിചാരിച്ചു് തന്റെ തപശക്തികൊണ്ട് ഇന്ദ്രിയങ്ങളെയൊക്കെ അടക്കി അനന്തരം മനസ്സിന്റെ സ്വരൂപത്തെ നീരൂപിക്കാന് തുടങ്ങി. എന്താണ് മനസ്സിന്റെ സ്വരൂപം? വിചാരിക്കപ്പെടുന്നവസ്തുക്കളും ഭാവങ്ങളുമെല്ലാം മനസ്സിന്റ രൂപമാവാന് വയ്യ. എങ്കിലും അവയൊക്കെ എപ്പോഴും പ്രാപിച്ചുകൊണ്ടിരിക്കുകയെന്നതു മനസ്സിന്റെ സ്വഭാവമാണ്. ഒരിക്കലെങ്കിലും ഒന്നിനെയും സ്പര്ശിക്കാതെ സ്വന്തരൂപത്തില് മാത്രം നില്ക്കുകയെന്ന സമ്പ്രദായംതന്നെ മനസ്സിനില്ല. ആ സ്ഥിതിക്കു മനസ്സിന്റെ സ്വരൂപമെന്തെന്ന് എങ്ങനെയറിയാം? എന്നിങ്ങനെ വിചാരം ചെയ്തുചെയ്ത് ഒടുവില് വിചാരങ്ങളാണ് മനസ്സിന്റെ സ്വരൂപത്തെ മറച്ചിരിക്കുന്നത്, നിര്വ്വിചാരമാണ് മനസ്സിന്റെ സ്വന്തരൂപമെന്ന നിഗമനത്തിലെത്തി. ആത്മവിചാരം കൊണ്ട് അതുകേവലം നശിക്കുമെന്നും അദ്ദേഹത്തിനു ബോധ്യമായി.

അപ്പോള് സിംഹം കൂട്ടിലെന്നപോലെ മനസ്സു സ്വയം അടങ്ങി. ഇന്ദ്രിയങ്ങളും മനസ്സുമടങ്ങി വാസനാപ്രവാഹവും പ്രാണസ്പന്ദനവും തടയപ്പെട്ടപ്പോള്, ഹേ രാമചന്ദ്രാ! ആ മുനീശ്വരന് സമാധിയിലേക്കുയര്ന്നു. വികല്പങ്ങള് ക്രമേണ ചുരുങ്ങിച്ചുരുങ്ങി പരമനിര്വ്വികല്പതാഭാവവും പ്രകാശിച്ചു. ശരീരം കേവലം സ്തബ്ധമായി. ആനിലയില് നിര്വ്വികല്പമായ ബ്രഹ്മഭാവത്തില് മുഴുകികൊണ്ട് അദ്ദേഹം വളരെക്കാലം ഒന്നും അറിയാതെ കഴിഞ്ഞു. മഴപെയ്ത ചേറും ചളിയും കൂടി കത്തിയൊഴുകിവന്ന വെള്ളത്തില് അദ്ദേഹത്തിന്റെ ശരീരം ആണ്ടുപോയിട്ടും സമാധിയില്നിന്നുണരുകയോ അറിയുകയോ ചെയ്തില്ല. ഒഴുക്കില്പ്പെട്ട അദ്ദേഹത്തിന്റെ ശരീരം കാലംകൊണ്ടു വെള്ളം വറ്റിയപ്പോള് മണ്ണിനടിയിലായിതീര്ന്നു. അങ്ങനെ കുറേകാലം കഴിഞ്ഞപ്പോള് വാസനാവിശേഷത്താല് വീണ്ടും മനസ്സു വികസിച്ചു. അപ്പോള് വീതഹവ്യമുനി സമാധിയില്നിന്നുണര്ന്നു. എന്നാല് താന് മണ്ണിന്നടിയിലാണെന്നും തന്നത്താന് മണ്ണു നീക്കി പുറത്തുവരാന് കഴിവിലെന്നും കണ്ടു.

യോഗാനുഭൂതികൊണ്ടു സിദ്ധിവന്നു സിദ്ധനായിതീര്ന്ന ആ മഹാത്മാവു് ഉടന് സൂക്ഷമശരീരമാത്രനായി ആദിത്യമണ്ഡലത്തിലേക്കുയര്ന്നു. അദ്ദേഹത്തിന്റെ ഇംഗിതത്തെ അറിഞ്ഞ ആദിത്യഭഗവാന് പിംഗളനെന്നു പേരായ തന്റെ ഭൃത്യനെ അയച്ചു ഋഷിയുടെ സ്ഥൂലശരീരത്തെ കുത്തിപ്പൊക്കിയെടുക്കാന് പറഞ്ഞു. പിംഗളന് തന്റെ സ്വാമികല്പനപ്രകാരം നഖരങ്ങളെകൊണ്ടു മണ്ണുനീക്കി വീതഹവ്യന്റെ ശരീരത്തെ പുറത്തെടുത്തുവച്ചു പോവുകയും ചെയ്തു. ഋഷി സൂക്ഷ്മശരീരത്തോടുകൂടി തന്റെ സ്ഥൂലശരീരത്തില് പ്രവേശിച്ചതോടെ കണ്മിഴിച്ച് ഉണര്ന്നെഴുന്നേല്ക്കുകയും ചെയ്തു. പിന്നീടു വളരെക്കാലം മന്ദരപര്വ്വതത്തിന്റെ സാനുപ്രദേശത്തുതന്നെ മറ്റൊരിടത്ത് ഒരു പൊയ്കയുടെതീരത്തു സുഖമായി ബ്രഹ്മിഷ്ടനായി കാലം കഴിച്ചു.

അങ്ങനെയിരിക്കെ വീണ്ടും ഒരു ദിവസ്സം അദ്ദേഹം വിചാരവാനായി. ഇന്ദ്രിയങ്ങളെയൊക്കെ പണ്ടേതന്നെ ഞാനടക്കിയിരിക്കുന്നു. ആസ്ഥിതിക്ക് അവയെപ്പറ്റിയൊന്നും ചിന്തിക്കേണ്ടതില്ല. വാസനാനിരതമായ മനസ്സിനെ കേവലം നശിപ്പിക്കുകതന്നെവേണം. എന്നുകരുതി മനസ്സിന്റെ സ്വരൂപത്തെപറ്റി ചിന്തിക്കാന് തുടങ്ങിയതോടെ മനസ്സുലയിച്ചു് അദ്ദേഹം പണ്ടത്തെപ്പോലെ നിര്വ്വികല്പസമാധിയില് മുഴുകി. എന്നാല് ആ സമാധി ആദ്യത്തെമാതിരി വളരെ അധികസമയമൊന്നും നീണ്ടുനിന്നില്ല. കേവലം ആറുദിവസ്സങ്ങള് മാത്രമാണ് അദ്ദേഹം സമാധിയില്മുഴുകിയിരുന്നത്. ഏഴാം ദിവസ്സം നിദ്രവിട്ടെഴുനേല്ക്കുംപോലെ സമാധിയില്നിന്നുണര്ന്ന വീതഹവ്യന് ലോകസ്ഥിതിയെ നോക്കി തന്റെ സംസാരഗതിയെ എന്നെന്നേക്കുമായവസാനിപ്പിച്ചു വിദേഹകൈവല്യത്തെ പ്രാപിക്കാന് തീര്ച്ചപ്പെടുത്തി.

അനാദികാലമായി തന്നില് ഉദിച്ചു വളര്ന്നു തടിച്ചു കൊഴുത്ത സംസാരവാസനകളോടും ശരീരമനോബുദ്ധീന്ദ്രിയങ്ങളാകുന്ന കരണങ്ങളില് ഓരോന്നിന്റയും ഓരോ ധര്മ്മത്തോടും അദ്ദേഹം പ്രത്യേകം പ്രത്യേകമായി യാത്ര പറഞ്ഞു. അതായതു് അവയെ ഓരോന്നോരോന്നായി തന്നില്നിന്നും നിശ്ശേഷം അകറ്റി. നല്ലതോ ചീത്തയോ വിധിച്ചതോ നിഷേധിച്ചതോ ആയ ഒരു ധര്മ്മവും തന്നിലില്ലാത്ത നിലയില് നിശ്ശേഷം അകറ്റി. ലോകവാസന, ശാസ്ത്രവാസന, ദേഹവാസന തുടങ്ങിയ വാസനകളേയും നിശ്ശേഷം അകറ്റി. അനന്തരം അത്യന്തസൂക്ഷ്മമായ നാദത്തില്ക്കൂടെ പ്രജ്ഞസ്വരൂപത്തെ പ്രാപിച്ചതോടെ അദ്ദേഹത്തിന്റെ വ്യക്തിത്വം കേവലം നശിക്കുക തന്നെ ചെയ്തു. ബ്രഹ്മമെന്നും പുരുഷനെന്നും ആത്മാവെന്നും ശിവനെന്നും കാലമെന്നും മറ്റും പറയുന്നതേതൊരു തത്വത്തെയാണോ, ആ തത്ത്വമായിതീര്ന്നു അദ്ദേഹം. ശരീരം നശിച്ചിട്ടില്ലെങ്കിലും വീതഹവ്യനെന്ന വ്യക്തിനഷ്ടപ്പെട്ടു. സത്താമാത്രമായ ബ്രഹ്മാവായിത്തീര്ന്നു അദ്ദേഹം. വാക്കിനും മനസ്സിനും പിടികിട്ടാത്ത സത്താസാമാന്യഭാവത്തില് പിന്നെയും കുറേക്കാലം ആ ശരീരം നിലനിന്നശേഷമാണ് ദൃശ്യഭാവം കൂടിവിട്ടു കേവലസ്വരൂപമായിതീര്ന്നതു്. മനസ്സു നശിച്ചശേഷം ദൃശ്യശരീരത്തെ മറ്റുള്ളവര് കണ്ടിരുന്നുവെങ്കിലും അദ്ദേഹം അറിഞ്ഞിരുന്നില്ല. ഒരിക്കലും ഉണ്ടാവാന് വയ്യാത്ത നിലയില് മനസ്സുനശിച്ചതിനാല് പിന്നീടദ്ദേഹം സംസാരത്തെ അറിയാന് പോലും ഇടവന്നതുമില്ല. ഹേ രാമചന്ദ്രാ ! വീതഹവ്യനെപ്പോലെ മനസ്സിനെ നശിപ്പിക്കുന്ന സുകൃതികള് പിന്നീടൊരിക്കലും സംസാരത്തെ അറിയാന്പോലും ഇടവരാത്ത നിലയില് വിദേഹകൈവല്യത്തെ പ്രാപിക്കുന്നു.

ആകാശഗത്യാദിഭാവനിരൂപണം - ലഘുയോഗവാസിഷ്ഠം (27)

ശ്രീരാമചന്ദ്രന് ചോദിക്കയാണ്. ജീവന്മുക്തന്മാരായ ജ്ഞാനികള്ക്ക് ആകാശസഞ്ചാരം തുടങ്ങിയ സിദ്ധികള് സുലഭങ്ങളായി കാണാത്തതെന്തുകൊണ്ടാണ് എന്ന്. അതിനു മറുപടി പറയാന് തുടങ്ങി വസിഷ്ഠമഹര്ഷി. ഹേ രാമചന്ദ്ര! ജീവന്മുക്തിയോ ജ്ഞാനമോ ഒന്നുമില്ലാത്ത പലര്ക്കും കാലം, കര്മ്മം, മന്ത്രം, ദ്രവ്യം എന്നിവയുടെ സാഹചര്യംകൊണ്ടുണ്ടായാലും അവയൊന്നും ആത്മജ്ഞാനത്തിനോ ജീവന്മുക്തിക്കോ അല്പംപോലും ഉപകരിക്കില്ല. സംസാരത്തിന്റെ എല്ലാ ഘടകങ്ങളില് നിന്നും നിവര്ത്തിക്കലും സംസാരംതന്നെ വിസ്മരിക്കപ്പെടലുമാണല്ലോ ജീവന്മുക്തി. എന്നാല് സിദ്ധികളാകട്ടെ സംസാരത്തിന്റെ തന്നെ ചില ഘടകങ്ങളെ അനുഭവിക്കലുമാണ്. ആ സ്ഥിതിക്ക് ജീവന്മുക്തനും ആകാശഗമനാദിസിദ്ധികളും തമ്മില് എങ്ങനെ ബന്ധമുണ്ടാവും? ആവശ്യമാണെങ്കില് ജ്ഞാനിക്കും സിദ്ധികളുണ്ടാവും. പക്ഷേ ജ്ഞാനിക്കു യാതൊരുവിധ ആഗ്രഹവുമില്ല. പിന്നെ ജ്ഞാനികളെന്തിനാണ് സിദ്ധികള്ക്കുവേണ്ടി പ്രയത്നിക്കുന്നത്? അവര്ക്കൊരാവശ്യവുമില്ല. അതിനാല് അവര് സിദ്ധികള്ക്കു വേണ്ടി പ്രയത്നിക്കാറും ഇല്ല.

ഇത്രയും കേട്ട ശ്രീരാമചന്ദ്രന് യോഗികള്ക്കു ജ്ഞാനികളേക്കാള് കൂടുതല് ദീര്ഗ്ഗായുസ്സുണ്ടാവാറുണ്ടോ, ഉണ്ടെങ്കില് അതിനെന്താണ് കാരണമെന്നു ചോദിച്ചു. അതിനും മറുപടി പറഞ്ഞു വസിഷ്ഠമഹര്ഷി. പ്രാണചലനം കൊണ്ടാണ് ശരീരത്തിന് കേടുപാടുകളും പരിണാമങ്ങളും ആയുസ്സിന് ക്ഷയവും സംഭവിക്കുന്നത്. പ്രാണഗതിയെ സ്തംഭിപ്പിച്ചു നിര്ത്തുന്നപക്ഷം ശരീരത്തെ ചിരകാലം അരോഗദൃഢമാക്കി വച്ചുകൊണ്ടിരിക്കാനും ആയുസ്സിനെ വളരെക്കാലം നിലനിര്ത്താനും കഴിയും. അതാണ് യോഗികള് ചെയ്യുന്നത്. അതുകൊണ്ട് ജീവിതത്തെ കുറേയധികകാലം നീട്ടിക്കൊണ്ടുപോവാന് അവര്ക്കു സാധിക്കും. എന്നാല് ജ്ഞാനിക്കു താന് ബ്രഹ്മമാണെന്നും തനിക്കു ജനനമരണങ്ങളില്ലെന്നുമുള്ള ബോധം ദൃഢപ്പെടുന്നതിനാല് ശരീരത്തെപ്പറ്റി ചിന്തയേയില്ല. ശരീരം നിലനിന്നാലും ഇല്ലെങ്കിലും ജ്ഞാനിക്കൊരുപോലെയാണ്. മിക്കപ്പോഴും അദ്ദേഹം ശരീരത്തെ അറിയുകപോലും ചെയ്യുന്നില്ല. അതിനാല് ജ്ഞാനിക്കു ശരീരം നിലനില്കണമെന്ന ഇച്ഛയോ അതിനുവേണ്ടിയുള്ള പ്രയത്നമോ ഉണ്ടാവാന് വയ്യ. ശരീരസംബന്ധം ദുഃഖഹേതുവാണെന്നറിഞ്ഞ ഒരാള് വീണ്ടും ശരീരം നില്ക്കണമെന്നാഗ്രഹിക്കകുയും അതിനുവേണ്ടി പ്രയത്നിക്കുകയും ചെയ്യുന്നുവെങ്കില് അതു കേവലം മൂഢതയല്ലാതെ മറ്റെന്താണ്? അങ്ങനെയുള്ള മൗഢ്യം ജ്ഞാനികള്ക്കുണ്ടാവില്ല. യോഗിയും ജ്ഞാനിയും ജ്ഞാനസമ്പന്നനായിത്തീരുമ്പോള് ശരീരം നിലനില്ക്കണമെന്ന ഇച്ഛയില്ലാതായിത്തീരുകയും ശരീരത്തെ മറക്കുകയും ചെയ്യും.


ഇരുപത്തൊന്നായിരത്തിയറുനൂറ് (21600) ശ്വാസഭുക്തിയെയാണ് ഒരു ദവിസത്തെ ആയുസ്സെന്നു പറയുന്നത്. ആദിത്യന്റെ ഉദയാസ്തമനങ്ങള് എത്ര പ്രാവശ്യം കഴിഞ്ഞാലും ഒരാളുടെ ശ്വാസഭുക്തി മേല്പറഞ്ഞ സംഖ്യ തികഞ്ഞിട്ടില്ലെങ്കില് അയാളുടെ ആയുസ്സിന്റെ ഒരു ദിവസം കഴിഞ്ഞിട്ടല്ലെന്നാണര്ത്ഥം. അതുപോലെ ഒരു ദിവസം മുന്പുപറഞ്ഞ സംഖ്യയില് അധികരിച്ച ശ്വാസഭുക്തിയെ അനുഭവിക്കുന്നു എന്നും അര്ത്ഥമാണ്. സാഹസങ്ങളായ കര്മ്മങ്ങളെക്കൊണ്ടും മറ്റും ശ്വാസഭുക്തിയുടെ തോതുവര്ദ്ധിപ്പിക്കുന്നവരുടെ ആയുസ്സു വളരെ വേഗത്തില് ക്ഷയിക്കുന്നു. യോഗികള് അഭ്യാസംകൊണ്ടു പ്രാണചലനത്തെ മന്ദമാക്കുകയും കേവലം സ്തംഭിപ്പിക്കുകകൂടിയും ചെയ്യുന്നു. അതിനാല് എത്രകാലം കഴിഞ്ഞാലും അവരുടെ ആയുസ്സു ക്ഷയിക്കുകയോ ശരീരം ജീര്ണ്ണിക്കുകയോ ചെയ്യാതെയുമിരിക്കുന്നു. അങ്ങനെ ശ്വസചലനത്തെ മന്ദമാക്കിത്തീര്ക്കുന്നവര്ക്ക് ഒക്കെത്തന്നെയും ആയുസ്സു വര്ദ്ധിക്കുകയും വളരെക്കാലം ശരീരം ആരോഗ്യത്തോടുകൂടി നിലനില്ക്കുകയും ചെയ്യും. എന്നാല് ജ്ഞാനികള്ക്ക് ഈവക വിഷയത്തില് ചിന്തതന്നെയില്ലെന്ന കാരണത്താല് അവരുടെ ശരീരം എത്രക്കാലം നിലനില്ക്കുമെന്നോ, എപ്പോള് നശിക്കുമെന്നോ ആര്ക്കും അറിയാന് സാധ്യമല്ല.

ചിത്തനാശത്തിന്റെ സ്വഭാവത്തെക്കുറിച്ചു ചോദിച്ചു അനന്തരം രാമചന്ദ്രന്. അതിന്റെ മറുപടി പറയുകയാണ് വസിഷ്ഠമഹര്ഷി, രണ്ടുപ്രകാരത്തിലാണ് ചിത്തനാശമെന്നു പറയപ്പെട്ടുവരുന്നു. അവയ്ക്കു സ്വരൂപനാശമെന്നും അരൂപനാശമെന്നുമാണ് അറിവുള്ളവര് പേരിട്ടിരിക്കുന്നത്. ജീവന്മുക്തനില് ചിത്തത്തിന്റെ സ്വരൂപനാശവും വിദേഹമുക്തനില് അരൂപനാശവും സംഭവിക്കുന്നു. സ്വരൂപനാശം സംഭവിച്ചുകഴിയുമ്പോള് ചിത്തത്തിന്റെ സ്വഭാവികങ്ങളായ ദോഷങ്ങളെല്ലാംതന്നെ നീങ്ങും. മൈത്രി, സമത തുടങ്ങിയ ദിവ്യഭാവങ്ങള് പ്രകാശിക്കുകയും ചെയ്യും. അപ്പോള് ഒരു പ്രകാരത്തില് പറഞ്ഞാല് ചിത്തമില്ലാതായി. സത്വമെന്നാണ് അപ്പോഴുള്ള അന്തശ്ശക്തിയെ പറയുന്നത്. അരൂപനാശം സംഭവിക്കുമ്പോള് ഒന്നിന്റെയും ഒരു പ്രകാരത്തിലുള്ള പ്രതീതിയും ഇല്ലാതാവുകയും ചെയ്യും. ഇരുട്ടോ വെളിച്ചമോ സുഖമോ ദുഃഖമോ എന്നുവേണ്ട ഏതുരൂപത്തിലുള്ളതെന്നു പറയാവുന്നതായി ഒരനുഭവമില്ലാതായിത്തീരും. അതുതന്നെ വസ്തുസ്വതൂരപം.

വീണ്ടും ശ്രീരാമചന്ദ്രന് ചോദിക്കയാണ്, ഈ സംസാരത്തിന്റെ കാരണങ്ങള് എന്തെല്ലാമാണെന്ന്. അതിനും മറുപടിപറയാന് തുടങ്ങി വസിഷ്ഠമഹര്ഷി. ശരീരംതന്നെയാണ് സംസാരത്തിന് ഹേതുവെന്നു പറയണം. നന്മയും തിന്മയും നിറഞ്ഞ സംസാരാനുഭവങ്ങളുടെ ബീജം ശരീരത്തില് അടങ്ങിയിരിക്കുന്നു. അതിനാല് ശരീരമുള്ളിടത്തോളം കാലം സംസാരം നിലനില്ക്കുകതന്നെ ചെയ്യും. ശരീരം ഉണ്ടാവാനും നിലനില്ക്കാനും ഹേതു ചിത്തമാണെന്നും പറയണം. വാസ്തവത്തില് ശരീരം ഉള്ളതെന്നോ ഇല്ലാത്തതെന്നോ പറയാന് വയ്യ. ചിലപ്പോള് ഉള്ളതും മറ്റും ചിലപ്പോള് ഇല്ലാത്തതുമായിത്തീരും. അതു കാരണത്താല് ശരീരത്തിന്റെ സ്ഥിരമായ പ്രകൃതിയെന്താണെന്നുതന്നെ പറയാന് വയ്യ. അതിനാല് സദാ സദ്രൂപമാണ് ശരീരമെന്നാണ് അറിവുള്ളവരൊക്കെ പറഞ്ഞുവരുന്നത്. അങ്ങനെയുള്ള ശരീരത്തിന്റെ ഉല്പത്തിക്കും നിലനില്പിനും ലയത്തിനുമെല്ലാം ഏകഹേതു ചിത്തം മാത്രമാണ്. ചിത്തത്തിനാകട്ടെ പ്രാണസ്പന്ദനവും വാസനാപ്രവാഹവുമാണ് ഹേതു. പ്രാണന് നാഡികളില് പ്രവേശിച്ചു സ്പന്ദനം ചെയ്താല് താമസമില്ല ചിത്ത് പ്രക്ഷുബ്ധമായിത്തീരും. ചിത്തത്തിന്റെ പ്രക്ഷുബ്ധാവസ്ഥതന്നെ ഒരു പ്രകാരത്തില് പറയുമ്പോള് ചിത്തം. ചിത്താകാരേണ പ്രക്ഷുബ്ധമായ ചിത്തുതന്നെയാണ് വാസനാസമ്പര്ക്കംകൊണ്ട് ഘനീഭൂതമായി സങ്കല്പങ്ങളും ചേത്യങ്ങള് അല്ലെങ്കില് ദൃശ്യങ്ങളുമായിത്തീരുന്നത്. സങ്കല്പങ്ങളും ദൃശ്യങ്ങളുമായി ഘനീഭവിക്കുമ്പോള് ബഹിര്വൃത്തിയുമായിത്തീരും. പുറമേയ്ക്കു നിര്ഗ്ഗമിക്കാന് സമ്മതിക്കാതെ അകത്തു തടഞ്ഞുവെയ്ക്കാന് കഴിഞ്ഞാല്തന്നെ കാലംകൊണ്ട് ചേത്യഭാവത്തെ വിട്ടു ക്രമേണ വസ്തുസ്വരൂപത്താല് വിലയം പ്രാപിക്കും.


പ്രാണസ്പന്ദനവും വാസനാപ്രവാഹവുമാകുന്ന രണ്ടനുഭവങ്ങളാണ് ചിത്തത്തിന്റെ ഉല്പ്പത്തിക്കും നിലനില്പിന്നും ഹേതുവെന്നു പറഞ്ഞുവല്ലോ. മുദ്രാധാരണം, പ്രാണായാമം, ധ്യാനം തുടങ്ങിയ യോഗാഭ്യാസങ്ങളെക്കൊണ്ടും പ്രാണസ്പന്ദവും ശ്രവണമനനനിദിദ്ധ്യാസങ്ങളാകുന്ന ജ്ഞാനാഭ്യാസങ്ങളെക്കൊണ്ടും വാസനാപ്രവാഹവും അടങ്ങും. അവ രണ്ടും അടങ്ങിയാല് ചിത്തംതന്നെ ഇല്ലാതായെന്നു പറയണം. ചിത്തത്തിനുഹേതുഭൂതങ്ങളായ രണ്ടു കാരണങ്ങള് പ്രബലങ്ങളായിട്ടുള്ളതുകൊണ്ടും അവ രണ്ടും ഓരേ സമയത്തുതന്നെ ഫലപ്രദമാംവണ്ണം തടയേണ്ടതാവശ്യമായിട്ടുള്ളതുകൊണ്ടുമാണ് ജ്ഞാനമോ യോഗമോ ഏതെങ്കിലും ഒന്നു പോര രണ്ടും ഉണ്ടായിരിക്കുന്നതാണ് സാധകനു ലക്ഷ്യപ്രാപ്തിക്കാനുകൂല്യമെന്നു പറയാനും കാരണം. യോഗമോ, ജ്ഞാനമോ ഏതെങ്കിലും ഒന്നിനെമാത്രമാണ് സാധകന് ആശ്രയിക്കുന്നതെന്നു വന്നാല് ലക്ഷ്യപ്രാപ്തിക്കു കാലതാമസം നേരിടുമെന്നതു നിസ്സംശയവുമാണ്.

ജാഡ്യവും ദൃശ്യബോധവുമറ്റ ചിത്തം ചിത്തമേ അല്ല. കേവലം ആത്മാവുതന്നെ. അതിനാല് ആ സംസ്ക്കാരം ഉണ്ടാക്കിത്തീര്ക്കാനാണ് പരിശ്രമിക്കേണ്ടത്. അതു സാധിച്ചുകഴിഞ്ഞാല് നീ വസ്തുസ്വരൂപനായി. ഹേ രാമചന്ദ്ര! യോഗം കൊണ്ടോ , ജ്ഞാനംകൊണ്ടോ എന്തുകൊണ്ടെങ്കിലും യുക്തിയോടുകൂടുംവണ്ണം പ്രവര്ത്തിച്ച് ആ നില കൈവരുത്താന് ശ്രമിക്കലാണാവശ്യം. എന്നുപറഞ്ഞ വസിഷ്ഠമഹര്ഷിയോടു ജാഡ്യവും ദൃശ്യബോധവുമില്ലാത്ത സംവിത്ത് എങ്ങിനെയുള്ളതാണ്, അതെങ്ങിനെ സംഭവിക്കുന്നുവെന്നു വീണ്ടും ചോദിച്ചു ശ്രീരാമചന്ദ്രന്. വസിഷ്ഠമഹര്ഷി പ്രസ്തുത ചോദ്യത്തിന്നു മറുപടി പറകയാണ്. ലക്ഷ്യവസ്തുവാകുന്ന ആത്മസ്വരൂപത്തിന് നാനാത്വമെന്നും ഏകത്വമെന്നും രണ്ടു രൂപങ്ങളുണ്ട്. ഞാന്, നീ, അവന്, അത്, ഘടം, പടം എന്നീ രൂപത്തിലറിയപ്പെടുന്നത് ആത്മാവിനെത്തന്നെയാണ്. എന്നിരുന്നാലും നാനാത്വസ്വരൂപത്തിലാണ്. നിര്മ്മലമായ ജലാശയത്തില് തീരസ്ഥങ്ങളായ വൃക്ഷങ്ങള് എപ്രകാരം പ്രതിബിംബിക്കുന്നുവോ. അതുപോലെ നിര്മ്മലവും അദ്വൈതവുമായ ചൈതന്യത്തില് പ്രതിബിംബിച്ച വൃത്തികള്തന്നെ. ദൃശ്യാകാരമായിത്തീര്ന്ന സംവിത്തിനെത്തന്നെയാണ് സംവേദ്യമെന്നു പറയുന്നത്. സംവേദ്യത്തില് നിന്നു വാസനകളും പ്രാണസ്പന്ദവുമുണ്ടാവുന്നു. വാസനാപ്രവാഹമാണ് ജാഡ്യത്തിന് ഹേതു. വാസനാപ്രവാഹവും പ്രാണസ്പന്ദവും രണ്ടും അടങ്ങിയാല് കേവലം വസ്തുസ്വരൂപനായി. വസ്തുബോധംകൊണ്ടും നിരന്തരാഭ്യാസംകൊണ്ടും രണ്ടു അടങ്ങുകയും ചെയ്യും. അതിനാല് എപ്പോഴും അഭ്യാസശീലനായിരിക്കുന്നതാവശ്യമാണ്.

വാസനാത്യാഗം, പ്രാണസ്തംഭനം, ചിത്തവിലയം ഇവ മൂന്നും അന്യോന്യം ആധാരധേയസ്വരൂപേണ ആശ്രയിച്ചിരിക്കുന്നവയാണ്. അവ മൂന്നും ഒരേ സമയത്തു സംഭവിക്കലല്ലാതെ ഒന്നിന്നുശേഷം മറ്റൊന്നെന്ന രൂപത്തില് സംഭവിക്കാവുന്നവയല്ല. അതിനാല് അവ മൂന്നും ഓരോ സമയത്തു സംഭവിക്കാവന്നവയല്ല. അതിനാല് അവ മൂന്നും ഒരേ സമയത്തു സംഭവിക്കത്തക്ക നിലയിലുള്ള അഭ്യാസമാണ് ഒരാളെപ്പോഴും ചെയ്യേണ്ടത്. ദൃശ്യത്തില് നിന്നു പ്രജ്ഞയെ ബലാല്ക്കാരേണ വലിച്ചെടുക്കലാണ് ആദ്യംതന്നെ സാധിക്കേണ്ടത്. എപ്പോഴും ദൃശ്യങ്ങള് ചിത്തത്തില് പൊന്തിക്കൊണ്ടിരിക്കുന്ന ഒരാള്ക്കു് കാലംകൊണ്ടും വാസനാപ്രവാഹത്തെ തടുക്കാന് കഴിയില്ല. അതിനാല് ആദ്യംതന്നെ ചിത്തത്തില് ദൃശ്യസ്ഫുരണം ഇല്ലാതാക്കിത്തീര്ക്കണം. സംവേദ്യത്തെ നീക്കി സംവിത്തിനെ എപ്പോഴും മനനവും ഉപാസനവും ചെയ്തുകൊണ്ടിരിക്കണം. പ്രാണസ്പന്ദനവും വാസനാപ്രവാഹവും അടങ്ങി ചിത്തം വിലയിച്ചതായ നിലയില് ഒരു നിമിഷം കിട്ടുന്നുവെന്നു വന്നാല് അവന് കേവലം സത്താമത്രസ്വരൂപനാണ്. സത്താമത്രനായി ഒരു നിമിഷമെങ്കിലും ഇരിക്കാന് കഴിഞ്ഞാല് ചിത്തം ഉപശമത്തെ പ്രാപിക്കുകയും ചെയ്യും.

ചിത്തത്തിന് ഉപശാന്തി കിട്ടാതിരിക്കുംകാലത്തോളം പട്ടണമദ്ധ്യത്തിലെത്തിപ്പെട്ട മാന്കുട്ടിയെന്നപോലെ ഭയപരിഭ്രമങ്ങളെക്കൊണ്ടും മറ്റു ചിത്തദോഷങ്ങളെക്കൊണ്ടും എപ്പോഴും ആര്ത്തനായിക്കൊണ്ടിരിക്കുകയും ചെയ്യും. അതിനാല് എത്രയൊക്കെ സാഹസപ്പെട്ടിട്ടും ചിത്തത്തെ ഉപശാന്തമാക്കി സത്താമാത്രനായിരിക്കാന് ശ്രമിക്കണം. വാസനകളുടെ ഒഴുക്കുമാത്രമാണ് ദുഃഖത്തിന് ഹേതു. വാസനകള് നീങ്ങി ശാന്തമായ ചിത്തത്തിന് നിര്വൃതിയല്ലാതെ മറ്റൊന്നുംതന്നെ ഉണ്ടാവാന് വയ്യ. ഉപശാന്തിയെ പ്രാപിക്കാത്ത ചിത്തം തപസ്സ്, യാഗം, ഹോമം തുടങ്ങിയ കര്മ്മങ്ങളില് ഭ്രമിച്ച് എപ്പോഴും കര്മ്മപ്രസക്തമായിരിക്കും. കര്മ്മപ്രസക്തി കുടുംതോറും ദുഃഖവും വര്ദ്ധിച്ചുകൊണ്ടിരിക്കും. അതിനാല് ചിത്തത്തിന്റെ സംവേദ്യഭാവത്തെയും വാസനാത്മകതയെയും ബലാല്ക്കാരേണ നീക്കി എപ്പോഴും സത്താമാത്രസ്വരൂപത്തെ ഉപാസിച്ചുകൊണ്ടിരിക്കണം. അങ്ങനെയുള്ള അഭ്യാസം ചിലപ്പോഴോ, അല്ലെങ്കില് ദിവസത്തില് കുറച്ചു സമയമോ അല്ല; എല്ലാ സമയത്തും ചെയ്തുകൊണ്ടിരിക്കണം. ഇരിക്കുമ്പോഴും നടക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴുമെന്നുവേണ്ട മുറിവില്ലാതെ എപ്പോഴും ചെയ്തുകൊണ്ടിരിക്കയാണ് വേണ്ടത്. എങ്കിലും കാലം കൊണ്ടെങ്കിലും കേവലാവസ്ഥയില് അവസ്ഥിതിയും ദൃഢതയും കൈവരൂ.

ശരിയായ വിചാരംകൊണ്ട് വസ്തുസ്വരൂപത്തെ അറിഞ്ഞ് തന്റെ ചിത്തത്തെ നിഗ്രഹിച്ചവര് ധന്യനും ജന്മസാഫല്യം കൈവന്നവനുമാണ്. എല്ലാറ്റിലുമേറെ അപകടം പിടിച്ച ഒന്നാണ് ചിത്തം വിഷയങ്ങളോടു പറ്റിക്കൂടിക്കൊണ്ടിരിക്കുന്നുവെന്നത്. അതിനെയാണ് സംഗമമെന്നു പറയുന്നത്. അതു ഹേതുവായിട്ടാണ് രാഗദ്വേഷങ്ങളും മദമത്സരങ്ങളും മറ്റുമാകുന്ന വികാരങ്ങള് വളരുകയും ജീവന് അവയാല് വിട്ടുമാറാന് വയ്യാത്ത നിലയില് കെട്ടപ്പെടുകയും ചെയ്യുന്നത്. നന്മയും തിന്മയും സുഖവും ദുഃഖവുമെല്ലാം ചിത്തത്തിന്റെ വെറും സങ്കല്പങ്ങള് മാത്രമാണ്. അവയെ വിഷയങ്ങളില് ആരോപിച്ചിട്ടാണ് സംഗത്തെ വളര്ത്തുന്നത്. അര്ത്ഥങ്ങള്ക്കും, ആശകള്ക്കും, ആപത്തുകള്ക്കും കാരണം സംഗം മാത്രം. എല്ലാം സംഗം ഹേതുവായിട്ടുണ്ടാവുന്നവയാണ്. അതിനാല് ഹേ രാമചന്ദ്ര! നീ സംഗത്തെ ആദ്യംതന്നെ നിശ്ശേഷം അകറ്റി സൗമ്യബുദ്ധിയെ വളര്ത്തു. എന്നാല് ക്രമേണ മറ്റെല്ലാം കാലംകൊണ്ടു വന്നുചേര്ന്നോളും. ഇവിടെയാണ് ഉപശമ പ്രകരണം അവസാനിക്കുന്നത്.

Courtesy : http://sreyas.in/akashagathyadi-niroopanam-laghuyogavasishtam-27#ixzz2TJKHt2Cz


No comments:

Post a Comment