Wednesday, July 17, 2013

ഉയർന്ന തലത്തിലുള്ള ഉത്തമ ‘അഹം’ ഭാവം ഉള്ളിൽ വളർത്തിയുറപ്പിക്കുക


എല്ലാ പ്രപഞ്ചപദാർത്ഥങ്ങൾക്കും ‘അകാരണ കാരണമായ’ ആ ഒന്നിനെപ്പറ്റി ഒരുവൻ അന്വേഷിക്കണം. അത് എല്ലാ കാരണാന്വേഷണങ്ങൾക്കും അതീതമാണെങ്കിലും അതുമാത്രമേ ധ്യാനയോഗ്യമായുള്ളു. അതുമാത്രമാണ് ആവശ്യമുള്ളതായ ഒരേ ഒരു വസ്തു. അനാവശ്യമായ മറ്റ് വസ്തുക്കളെപ്പറ്റി അന്വേഷിച്ച് വിലപ്പെട്ട സമയം നാം വ്യർത്ഥമാക്കുന്നതെന്തിന്?

 ബ്രഹ്മത്തെക്കുറിച്ച് ആർക്കുമൊരു തത്വം പറയാനാവില്ല. ബ്രഹ്മമാണ് ഇക്കാണായതെല്ലാമായത് എന്നോ ബ്രഹ്മമല്ല പ്രത്യക്ഷലോകമായത് എന്നോ പറയുക വയ്യ. “ആത്മാവിനെ ഒരു വസ്തുവായി ദർശിക്കുമ്പോൾ അവിടെ ദൃഷ്ടാവ് സാക്ഷാത്കരിക്കപ്പെടുന്നില്ല. വസ്തുപ്രപഞ്ചമെന്ന അനുഭവം ഉള്ളിടത്തോളം ഒരുവനിൽ ആത്മസാക്ഷാത്കാരം സാദ്ധ്യമല്ല.” മരുഭൂമിയിൽ കാനൽ ജലം കാണുമ്പോൾ അവിടെ ഉയരുന്ന ചൂടുകാറ്റിനെ നാം കാണുന്നില്ല. എന്നാൽ ചൂടുകാറ്റിനെപ്പറ്റി അറിയുന്നയാൾ കാനൽ ജലം കാണുന്നുമില്ല. ഒന്ന് സത്യമായിരിക്കുമ്പോള് മറ്റേത് അങ്ങിനെയല്ല. ലോകത്തിലെ വസ്തുക്കളെ കാണുന്ന കണ്ണുകൾക്ക് സ്വയം കാണാൻ കഴിവില്ല. വസ്തുനിഷ്ടത എന്ന ധാരണ നിലനിൽക്കുമ്പോൾ ആത്മസാക്ഷാത്കാരം ഉണ്ടാവുകയില്ല.

യാതൊരു വിഷയവും വിഷയത്തിൽ നിന്നും പരിപൂർണ്ണമായും വ്യത്യസ്ഥ സ്വഭാവമുള്ളതല്ല. വിഷയിയെ വിഷയമായി ‘കാണുക’ എന്നതും സാദ്ധ്യമല്ല. വാസ്തവത്തിൽ വിഷയി (ആത്മാവ്) വിഷയമായി (വസ്തുക്കൾ) കാണപ്പെടുകയാണ്. ഇതല്ലാതെ മറ്റുവിഷയങ്ങൾ ഇവിടെയില്ല. എന്നാൽ വിഷയി (ആത്മാവ്) മാത്രമേ ഉള്ളു എന്നു പറയുമ്പോൾ അത് വിഷയം ആവുന്നതെങ്ങിനെ? (വിഷയമില്ലാതെ വിഷയി ഇല്ലല്ലോ). ഇവിടെ വിഷയി-വിഷയ വിവേചനം ഇല്ല തന്നെ.
പഞ്ചസാര വിവിധ മധുരപലഹാരങ്ങളാവുന്നത് അതിന്റെ സഹജഭാവമായ മാധുര്യത്തിനു കോട്ടമൊന്നും ഉണ്ടാവാത്തവിധത്തിലാണ്..  അതുപോലെ ബ്രഹ്മം, അനന്താവബോധം, സ്വയം സങ്കല്പ്പിച്ചുണ്ടാക്കുന്ന അനന്തമായ വൈവിധ്യങ്ങൾ അതിന്റെ സഹജഭാവത്തെ മാറ്റുന്നില്ല. ഈ എണ്ണമില്ലാത്ത വൈജാത്യങ്ങൾ അനന്തമായിത്തന്നെ പ്രകടമായിക്കൊണ്ടിരിക്കുന്നു.

“ആത്മാവിനെ ഒരു വസ്തുവായി ദർശിക്കുമ്പോൾ അവിടെ ദൃഷ്ടാവ് സാക്ഷാത്കരിക്കപ്പെടുന്നില്ല. വസ്തുപ്രപഞ്ചമെന്ന അനുഭവം ഉള്ളിടത്തോളം ഒരുവനിൽ ആത്മസാക്ഷാത്കാരം സാദ്ധ്യമല്ല.” മരുഭൂമിയിൽ കാനൽ ജലം കാണുമ്പോൾ അവിടെ ഉയരുന്ന ചൂടുകാറ്റിനെ നാം കാണുന്നില്ല. എന്നാൽ ചൂടുകാറ്റിനെപ്പറ്റി അറിയുന്നയാൾ കാനൽ ജലം കാണുന്നുമില്ല. ഒന്ന് സത്യമായിരിക്കുമ്പോള് മറ്റേത് അങ്ങിനെയല്ല. ലോകത്തിലെ വസ്തുക്കളെ കാണുന്ന കണ്ണുകൾക്ക് സ്വയം കാണാൻ കഴിവില്ല. വസ്തുനിഷ്ടത എന്ന ധാരണ നിലനിൽക്കുമ്പോൾ ആത്മസാക്ഷാത്കാരം ഉണ്ടാവുകയില്ല.

ബ്രഹ്മം ആകാശം പോലെ സൂക്ഷ്മമാണ്.. യാതൊരു പരിശ്രമങ്ങൾ കൊണ്ടും അതിനെ സാക്ഷാത്കരിക്കുവാനാവില്ല. കാണപ്പെടുന്ന വസ്തുക്കൾ തന്നിൽ നിന്നും വിഭിന്നമാണെന്ന തോന്നൽ ഉള്ളിലുള്ളിടത്തോളം (ദൃഷ്ടിയും ദൃഷ്ടാവും വെവ്വേറെയെന്ന തോന്നൽ) ബ്രഹ്മസാക്ഷാത്കാരം അകലെത്തന്നെയാണ്..  ദൃഷ്ടിയും ദൃഷ്ടാവും തമ്മിലുള്ള ഈ അന്തരം ഇല്ലാതായി രണ്ടും ഒന്നായി ‘കാണുമ്പോൾ’ മാത്രമേ സത്യസാക്ഷാത്കാരം സാദ്ധ്യമാവൂ.

രാമാ, ബന്ധനം എന്നത് വിഷയത്തെപ്പറ്റിയുള്ള ധാരണ തന്നെയാണ്.  ഈ ധാരണയാണ് മായ, അല്ലെങ്കിൽ അജ്ഞാനം. ഇത് സത്യത്തെ മറയ്ക്കുന്ന തിമിരമാണ്.  അജ്ഞാനം സംശയത്തെ ഉണ്ടാക്കുന്നു. അതുണ്ടാക്കുന്ന ധാരണ വൈകൃതമായ തെറ്റിദ്ധാരണയാകുന്നു. “അജ്ഞാനിക്ക് ഇരുട്ടത്ത് ഒരൊഴിഞ്ഞ സിംഹക്കൂടിനടുത്തുകൂടിപ്പോകാൻ പേടിയാണ്.. അതുപോലെ അജ്ഞാനി, താൻ ഈ ശൂന്യ ശരീരത്തിൽ ബന്ധിതനാണെന്ന തെറ്റിദ്ധാരണയിൽ കഴിയുകയാണ്.”

‘ഞാൻ’, ‘ഈ ലോകം’, എന്നീ ധാരണകൾ വെറും നിഴലുകളാണ്..  സത്യമല്ല. ഇത്തരം ധാരണകളാണ് വസ്തുക്കളെ (വിഷയങ്ങളെ) സൃഷ്ടിക്കുന്നത്. ഈ വസ്തുക്കളാകട്ടെ സത്യമെന്നോ അല്ലെന്നോ പറയാൻ വയ്യ. ഒരമ്മ, വീട്ടിലെ ജോലിക്കാരിയായി സ്വയം വിചാരിച്ചാൽ അങ്ങിനെയായിത്തീരുന്നു. എന്നാൽ അവർ തന്റെ ഭർത്താവിന്റെ അമ്മയായി സ്വയം വിചാരിച്ചാൽ തല്ക്കാലം അങ്ങിനെ പെരുമാറുന്നു. അതുകൊണ്ട് രാമാ, ‘ഞാൻ’, ‘ഇത്’, എന്നൊക്കെയുള്ള ധാരണകൾ ഉപേക്ഷിച്ച് സത്യത്തിൽ മനസ്സുറപ്പിച്ചാലും.

വസിഷ്ഠൻ തുടർന്നു: “ശരിയായ അറിവിന്റെ വെളിച്ചത്തിലല്ലെങ്കിൽ, ‘ഞാൻ’ എന്നത് അനന്താവബോധത്തിലെ ഒരു തെറ്റിദ്ധാരണയാണ്.. എന്നാൽ ശരിയായ അറിവിന്റെ നിറവിലോ അത് അനന്തതാവബോധം തന്നെയാണ്.” സ്വന്തം ഉണ്മയെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ‘ഞാൻ’ എന്നത് അഹംഭാവമാണെന്ന ധാരണ പാടേ നീങ്ങി ഒരേയൊരു അനന്താവബോധം മാത്രമാണു ഞാൻ എന്ന സാക്ഷാത്കാരം ഉണ്ടാവുന്നു. വാസ്തവത്തിൽ ‘ഞാൻ’ എന്ന ഒരു പ്രത്യേക അസ്തിത്വം ഇല്ല തന്നെ. ഈ സത്യം നിർമ്മലമനസ്സുള്ള ഒരുവനു വെളിപ്പെടുമ്പോൾ അവന്റെ അജ്ഞാനം ക്ഷണനേരംകൊണ്ട് ഇല്ലാതെയാവുന്നു. മറ്റുള്ളവർ അവരുടെ തെറ്റിദ്ധാരണയ്ക്കു മാറ്റമൊന്നുമില്ലാതെ ചെറിയകുട്ടികൾ ഭൂതപിശാചുക്കളുടെ അസ്തിത്വത്തിൽ വിശ്വസിക്കുന്നതുപോലെ കഴിഞ്ഞു കൂടുന്നു. ‘ഞാൻ’ എന്ന ഒന്നിന് അസ്തിത്വമില്ല എന്ന വസ്തുത അറിയുന്നവൻ എങ്ങിനെയാണ് ‘ഞാനു’ മായി ബന്ധമുള്ള സ്വർഗ്ഗം, നരകം തുടങ്ങിയ മറ്റു ധാരണകൾക്ക് വില കൽപ്പിക്കുക? ‘ഞാൻ’ എന്ന ധാരണ സത്യമാണെന്നു കരുതുമ്പോൾ മാത്രമേ സ്വർഗ്ഗലാഭത്തിനും മുക്തിപദപ്രാപ്തിക്കും പോലുമുള്ള അഭിവാഞ്ഛ ഒരുവനിൽ ഉയരുകയുള്ളു.

‘ഞാൻ’ ഉള്ളിടത്തോളം ഒരുവന്റെ ജീവിതത്തിൽ അസന്തുഷ്ടി മാത്രമേയുള്ളു. ‘അഹം’ ഇല്ലാതാകാൻ ആത്മജ്ഞാനമല്ലാതെ മറ്റൊരുമാർഗ്ഗമില്ല. ഈ ‘അഹം’ എന്ന ഭൂതം ആവേശിച്ചുകഴിഞ്ഞാൽ ഒരു ശാസ്ത്രഗ്രന്ഥത്തിനും, മന്ത്രങ്ങൾക്കും ഒന്നും അതിനെ ഒഴിപ്പിക്കാൻ കഴിയില്ല. ആത്മാവ്, അനന്താവബോധത്തിന്റെ ശുദ്ധമായ പ്രതിഫലനം മാത്രമാണെന്ന സത്യം നിരന്തരമായി സ്മരിക്കുന്നതുകൊണ്ടു മാത്രമേ അഹത്തിന്റെ വളർച്ചയെ തടയുവാനാവൂ.

ലോകമെന്ന കാഴ്ച്ച (പ്രകടനം) ഒരു മികച്ച ജാലവിദ്യക്കാരന്റെ കൺകെട്ടാണ്.. വിഷയ-വിഷയീ ബന്ധങ്ങളും ‘എനിയ്ക്ക്’ അവയുമായുള്ള ബന്ധവും ശുദ്ധ അസംബന്ധവും. ഈ അറിവുറയ്ക്കുമ്പോള് അഹംഭാവത്തിന്റെ വേരറ്റുപോവുന്നു. ഈ അഹമാണ് ‘ലോകം’ എന്ന ധാരണയ്ക്ക് കാരണമാവുന്നതെന്ന് അറിയുമ്പോൾ രണ്ടും പ്രശാന്തിയടഞ്ഞില്ലാതാവുന്നു. എന്നാൽ  അഹംഭാവത്തിന്റെ ഉന്നതമായ ഒരു തലത്തിലാണ് പ്രബുദ്ധനായവൻ കഴിയുന്നത്. അതിൽ 'ഞാനാ'ണീ വിശ്വം മുഴുവനും നിറഞ്ഞുവിളങ്ങുന്നത്; 'എന്നി'ൽ നിന്നുവേറിട്ട് യാതൊന്നുമില്ല എന്ന ദൃഢമായ ധാരണയാണുള്ളത്. മറ്റൊരു തലത്തിലുള്ള അഹംഭാവത്തിൽ, 'ഞാന്' അതീവസൂക്ഷ്മമായ അണുമാത്രമാണെന്നും അതിനാൽ ഈ വിശ്വത്തിലെ എല്ലാറ്റിൽനിന്നും സർവ്വതന്ത്രസ്വതന്ത്രമാണെന്നും ഉള്ള അറിവാണുള്ളത്. ഇതും മുക്തിദായകമത്രേ. എന്നാൽ ദേഹാഭിമാനിയായ അഹം, ആത്മാവിനെ ശരീരത്തോട് തദാത്മ്യഭാവത്തിൽ കാണുന്നതാണ് തീർച്ചയായും വർജ്ജിക്കേണ്ടത്.

തുടർച്ചയായി ഉയർന്ന തലത്തിലുള്ള ഉത്തമ ‘അഹം’ ഭാവം ഉള്ളിൽ വളർത്തിയുറപ്പിക്കുകവഴി അധമമായ അഹംഭാവത്തെ ഇല്ലാതെയാക്കാം. അധമമായ അഹംഭാവത്തെ നിരാകരിച്ച് ഉന്നതമായ ‘അഖിലവും ഞാൻ’ എന്ന ഭാവമോ ‘ഏറ്റവും സൂക്ഷ്മമവും സ്വതന്ത്രവുമാണു ഞാൻ’ എന്ന ഭാവമോ നിരന്തരം ഉള്ളിലുറപ്പിക്കുക. കാലക്രമത്തില് ഈ രണ്ട് ‘ഉന്നതാഹംഭാവങ്ങളും’ വർജ്ജിക്കണം. അതിനുശേഷം എല്ലാവിധ കർമ്മങ്ങളിലും സർവ്വാത്മനാ മുഴുകിക്കഴിയുകയോ ഒന്നിലും ഏർപ്പെടാതെ ഏകാന്തതയിൽ കഴിയുകയോ ചെയ്യാം. കാരണം അങ്ങിനെയുള്ള ജ്ഞാനിക്ക് അപചയം ഉണ്ടാകുന്നതല്ല.

http://yogavasishtamnithyaparayanam.blogspot.com/2012_10_01_archive.html

No comments:

Post a Comment