Wednesday, December 4, 2013

ലക്ഷ്മണോപദേശം

ലക്ഷ്മണോപദേശം / ലക്ഷ്മണസാന്ത്വനം

വത്സ! സൌമിത്രേ! കുമാര! നീ കേള്‍ക്കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍
നിന്നുടെ തത്ത്വമറിഞ്ഞിരിയ്ക്കുന്നിതു
മുന്നമേ ഞാനെടോ, നിന്നുള്ളിലെപ്പോഴും
എന്നെക്കുറിച്ചുള്ള വാത്സല്യപൂരവും
നിന്നോളമില്ല മറ്റാര്‍ക്കുമെന്നുള്ളതും
നിന്നാലസാദ്ധ്യമായില്ലൊരു കര്‍മ്മവും
നിര്‍ണ്ണയമെങ്കിലുമൊന്നിതു കേള്‍ക്ക നീ
ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും
വിശ്വവും നിശ്ശേഷ ധാന്യധനാദിയും
സത്യമെന്നാകിലേ തത്പ്രയാസം തവ
യുക്തമതല്ലായ്കിലെന്തതിനാല്‍ ഫലം?
ഭോഗങ്ങളെല്ല‍ാം ക്ഷണപ്രഭാ ചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ
വഹ്നിസന്തപ്തലോഹസ്ഥ‍ാംബുബിന്ദുനാ
സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം
ചക്ഷു:ശ്രവണഗളസ്ഥമ‍ാം ദര്‍ദുരം
ഭക്ഷണത്തിന്നപേക്ഷിയ്ക്കുന്നതുപോലെ

കാലാഹിനാ പരിഗ്രസ്തമ‍ാം ലോകവു-
മാലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു
പുത്രമിത്രാര്‍ത്ഥ കളത്രാദി സംഗമ-
മെത്രയുമല്പകാലസ്ഥിതമോര്‍ക്കനീ
പാന്ഥര്‍ പെരുവഴിയമ്പലം തന്നിലേ
താന്തരായ് കൂടി വിയോഗം വരുമ്പോലെ
നദ്യാമൊഴുകുന്ന കാഷ്ഠങ്ങല്ള്‍ പോലെയു-
മെത്രയും ചഞ്ചലമാലയ സംഗമം

ലക്ഷ്മിയുമസ്ഥിരയല്ലേ മനുഷ്യര്‍ക്കു
നീല്‍ക്കുമോ യൌവനവും പുനരധ്രുവം?
സ്വപ്നസമാനം കളത്ര ദു:ഖം നൃണ‍ാം
മല്പമായുസ്സും നിരൂപിക്ക ലക്ഷ്മണാ!
രാഗാദിസങ്കല്‍പ്പമായുള്ള സംസാര-
മാകെ നിരൂപിക്കില്‍ സ്വപ്ന തുല്യം സഖേ!
ഓര്‍ക്ക ഗന്ധര്‍വനഗരസമമതില്‍
മൂര്‍ഖന്മാര്‍ നിത്യമനുവര്‍ത്തിച്ചീടുന്നു
ആദിത്യ ദേവനുദിച്ചിതു വേഗേന
യാദ:പതിയില്‍ മറഞ്ഞിതു സത്വരം.

നിദ്രയും വന്നിതുദയശൈലോപരി
വിദ്രുതം വന്നിതു പിന്നെയും ഭാസ്കരന്‍
ഇത്ഥം മതിഭ്രമമുള്ളോരു ജന്തുക്കള്‍
ചിത്തേ വിചാരിപ്പതില്ല കാലാന്തരം
ആയുസ്സു പോകുന്നതേതുമറിവീല
മായാസമുദ്രത്തില്‍ മുങ്ങിക്കിടക്കയാല്‍
വാര്‍ദ്ധക്യമോടു ജരാനരയും പൂണ്ടു
ചീര്‍ത്ത മോഹേന മരിക്കുന്നതിതു ചിലര്‍
നേത്രേന്ദ്രിയം കൊണ്ടു കണ്ടിരിക്കെ പുന-
രോര്‍ത്തറിയുന്നീല മായ തന്‍ വൈഭവം
ഇപ്പോളിതു പകല്‍, പില്‍പ്പാടു രാത്രിയും
പില്‍പ്പാടു പിന്നെപ്പകലുമുണ്ടായ് വരും

ഇപ്രകാരം നിരൂപിച്ചു മൂഢാത്മാക്കള്‍
ചിത്പുരുഷന്‍ ഗതിയേതുമറിയാതെ
കാലസ്വരൂപനാമീശ്വരന്‍ തന്നുടെ
ലീലാവിശേഷങ്ങളൊന്നുമോരായ്കയാല്‍
ആമകുംഭാബുസമാനമായുസ്സുടന്‍
പോമതേതും ധരിയ്ക്കുന്നിതില്ലാരുമേ
രോഗങ്ങളായുള്ള ശത്രുക്കളും വന്നു
ദേഹം നശിപ്പിക്കുമേവനും നിര്‍ണ്ണയം
വ്യാഘ്രിയെപ്പോലെ നരയുമടുത്തു വ-
ന്നാക്രമിച്ചീടും ശരീരത്തെ നിര്‍ണ്ണയം
മൃത്യുവും കൂടൊരു നേരം പിരിയാതെ
ഛിദ്രവും പാര്‍ത്തുപാര്‍ത്തുള്ളിലിരിയ്ക്കുന്നു
ദേഹം നിമിത്തമഹംബുദ്ധി കൈക്കൊണ്ടു
മോഹം കലര്‍ന്നു ജന്തുക്കള്‍ നിരൂപിക്കും
ബ്രാഹ്മണോഹം നരേന്ദ്രോഹമാഢ്യോഹമെ-
ന്നമ്രേഡിതം കലര്‍ന്നീടും ദശാന്തരേ

ജന്തുക്കള്‍ ഭക്ഷിച്ചു കാഷ്ഠിച്ചു പോകില‍ാം
വെന്തു വെണ്ണീറായ് ചമഞ്ഞു പോയീടില‍ാം
മണ്ണിനു കീഴായ് കൃമികളായ് പോകില‍ാം
നന്നല്ല ദേഹം നിമിത്തം മഹാമോഹം
ത്വങ്മ‍ാംസരക്താസ്ഥി വിണ്മൂത്ര രേതസ‍ാം
സമ്മേളനം പഞ്ചഭൂതകനിര്‍മ്മിതം
മായാമയമായ് പരിണാമിയായോരു
കായം വികാരിയായുള്ളോന്നിതധ്രുവം
ദേഹാഭിമാനം നിമിത്തമായുണ്ടായ
മോഹേന ലോകം ദഹിപ്പിപ്പതിന്നു നീ
മാനസതാരില്‍ നിരൂപിച്ചതും തവ
ജ്ഞാനമില്ലായ്കെന്നറിക നീ ലക്ഷ്മണ!
ദോഷങ്ങളൊക്കവേ ദേഹഭിമാനിന‍ാം
രോഷേണ വന്നു ഭവിക്കുന്നിതോര്‍ക്ക നീ

ദേഹോഹമെന്നുള്ള ബുദ്ധി മനുഷ്യര്‍ക്കു
മോഹമാതാവാമവിദ്യയാകുന്നതും
ദേഹമല്ലോര്‍ക്കില്‍ ഞാനായതാത്മാവെന്നു
മോഹൈകഹന്ത്രിയായുള്ളതു വിദ്യ കേള്‍
സംസാരകാരിണിയായതവിദ്യയും
സംസാരനാശിനിയായതു വിദ്യയും
ആകയാല്‍ മോക്ഷാര്‍ത്ഥിയാകില്‍ വിദ്യാഭ്യാസ-
മേകാന്ത ചേതസാ ചെയ്ക വേണ്ടുന്നതും
തത്ര കാമക്രോധലോഭമോഹാദികള്‍
ശത്രുക്കളാകുന്നതെന്നുമറിക നീ



മുക്തിക്കു വിഘ്നം വരുത്തുവാനെത്രയും
ശക്തിയുള്ളൊന്നതില്‍ ക്രോധമറികെടോ
മതാപിത്രുഭ്രാത്രുമിത്രസഖികളെ
ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാന്‍
ക്രോധമൂലം മനസ്താപമുണ്ടായ് വരും
ക്രോധമൂലം നൃണ‍ാം സംസാരബന്ധനം
ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം
ക്രോധമല്ലോ യമനായതു നിര്‍ണ്ണയം
വൈതരണ്യാഖ്യയാകുന്നതു തൃഷ്ണയും
സന്തോഷമാകുന്നതു നന്ദനം വനം
സന്തതം ശാന്തിയേ കാമസുരഭി കേള്‍
ചിന്തിച്ചു ശാന്തിയെത്തന്നെ ഭജിയ്ക്ക നീ

സന്താപമെന്നാലൊരു ജാതിയും വരാ
ദേഹേന്ദ്രിയപ്രാണബുദ്ധ്യാദികള്‍ക്കെല്ലാ-
മാഹന്ത മേലേ വസിപ്പതാത്മാവു കേള്‍
ശുദ്ധസ്വയംജ്യോതിരാനന്ദപൂര്‍ണ്ണമായ്
തത്വാര്‍ത്ഥമായ് നിരാകാരമായ് നിത്യമായ്
നിര്‍വ്വികല്പം പരം നിര്‍വ്വികാരം ഘനം
സര്‍വ്വൈകകാരണം സര്‍വജഗന്മയം
സര്‍വ്വൈകസാക്ഷിണം സര്‍വജ്ഞമീശ്വരം
സര്‍വദാ ചേതസീ ഭാവിച്ചു കൊള്‍ക നീ
സാരജ്ഞനായ നീ കേള്‍ സുഖദു:ഖദം
പ്രാരാബ്ധമെല്ലാമനുഭവിച്ചീടണം
കര്‍മ്മേന്ദ്രിയങ്ങളാല്‍ കര്‍ത്തവ്യമൊക്കവേ
നിര്‍മ്മായമാചരിച്ചീടുകെന്നേവരൂ
കര്‍മ്മങ്ങള്‍ സംഗങ്ങളൊന്നിലും കൂടാതെ
കര്‍മ്മഫലങ്ങളില്‍ ക‍ാംക്ഷയും കൂടാതെ
കര്‍മ്മങ്ങളെല്ല‍ാം വിധിച്ചവണ്ണം പര-
ബ്രഹ്മണി നിത്യേ സമര്‍പ്പിച്ചു കൊള്ളണം

നിര്‍മ്മലമായുള്ളോരാത്മാവു തന്നോടു
കര്‍മ്മങ്ങളൊന്നുമേ പറ്റുകയില്ലെന്നാല്‍
ഞാനിപ്പറഞ്ഞതെല്ലാമേ ധരിച്ചു തത്-
ജ്ഞാനസ്വരൂപം വിചാരിച്ചു സന്തതം
മാനത്തെയൊക്കെ ത്യജിച്ചു നിത്യം പര-
മാനന്ദമുള്‍ക്കൊണ്ടു മായാവിമോഹങ്ങള്‍
മാനസത്തിങ്കല്‍ നിന്നാശു കളക നീ
മാനമല്ലോ പരമാപദാമാസ്പദം’
സൌമിത്രി തന്നോടിവണ്ണമരുള്‍ ചെയ്തു
സൌമുഖ്യമോടു മാതാവോടു ചൊല്ലിനാന്‍:

‘കേക്കേണമമ്മേ! തെളിഞ്ഞു നീയെന്നുടെ
വാക്കുകളേതും വിഷാദമുണ്ടാകൊലാ
ആത്മാവിനേതുമേ പീഡയുണ്ടാക്കരു-
താത്മാവിനെയറിയാത്തവരെപ്പോലെ
സര്‍വ്വലോകങ്ങളിലും വസിച്ചീടുന്ന
സര്‍വ്വ ജനങ്ങളും തങ്ങളില്‍ത്തങ്ങളില്‍
സര്‍വദാ കൂടിവാഴ്കെന്നുള്ളതില്ലല്ലോ
സര്‍വ്വജ്ഞയല്ലോ ജനനി! നീ കേവലം
ആശു പതിന്നാലു സംവത്സരം വന-
ദേശേ വസിച്ചു വരുന്നതുമുണ്ടു ഞാന്‍
ദു:ഖങ്ങളെല്ലാമകലെക്കളഞ്ഞുടന-
നുള്‍ക്കനിവോടനുഗ്രഹിച്ചീടണം
അച്ഛനെന്തുള്ളിലെന്നിച്ഛയെന്നാലതി-
ങ്ങിച്ഛയെന്നങ്ങുറച്ചീടണമമ്മയും]
ഭര്‍ത്തൃകര്‍മ്മാനുകരണമത്രേ പതി-
വ്രത്യനിഷ്ഠാവധൂനാമെന്നു നിര്‍ണ്ണയം
മാതാവു മോദാലനുഗ്രഹിച്ചീടുകി-
ലേതുമേ ദു:ഖമെനിക്കില്ല കേവലം
കാനനവാസം സുഖമായ് വരും തവ
മാനസേ ഖേദം കുറച്ചു വാണീടുകില്‍’
എന്നു പറഞ്ഞു നമസ്കരിച്ചീടിനാന്‍
പിന്നെയും പിന്നെയും മാതൃപാദാന്തികേ
പ്രീതികൈക്കൊണ്ടെടുത്തുത്സംഗസീമ്നി ചേര്‍-
ത്താദരാല്‍ മൂര്‍ദ്ധ്നി ബാഷ്പാഭിഷേകം ചെയ്തു
ചൊല്ലിനാളാശീര്‍വചനങ്ങളാശു കൌ-
സല്യയും ദേവകളോടിരന്നീടിനാള്‍:
‘സൃഷ്ടികര്‍ത്താവേ! വിരിഞ്ച! പത്മാസന!
പുഷ്ടദയാബ്ധേ! പുരുഷോത്തമ! ഹരേ!
മൃത്യുഞയ! മഹാദേവ! ഗൌരീപതേ!!
വൃത്താരി മുന്‍പായ ദിക്പാലകന്മാരേ!
ദുര്‍ഗ്ഗേ! ഭഗവതീ! ദു:ഖവിനാശിനീ!
സര്‍ഗ്ഗസ്ഥിതിലയകാരിണീ! ചണ്ഡികേ!
എന്മകനാശു നടക്കുന്ന നേരവും
കല്‍മഷം തീര്‍ന്നിരുന്നീടുന്ന നേരവും
തന്മതികെട്ടുറങ്ങീടുന്ന നേരവും
സമ്മോദമാര്‍ന്നു രക്ഷിച്ചീടുവിന്‍ നിങ്ങള്‍’
ഇത്ഥമര്‍ത്ഥിച്ചു തന്‍ പുത്രന‍ാം രാമനെ-
ബ്ബദ്ധബാഷ്പം ഗാഢഗാഢം പുണര്‍ന്നുടന്‍
ഈരേഴു സംവത്സരം കാനനം വസി-
ച്ചാരാല്‍ വരികെ’ന്നനുവദിച്ചീടിനാള്‍

http://ramayanaparayanam.blogspot.com/

http://www.4shared.com/folder/u2WLKkcP/Adyathma_Ramayanam_-_Kavalam_S.html

No comments:

Post a Comment