Saturday, December 7, 2013

കരഞ്ഞുപ്രാര്‍ത്ഥിക്കുക

ഓരോ ആഗ്രഹവും ഓരോ വിചാരവും വികാരവും മനസ്സാകുന്ന ജലാശയത്തിലെറിയുന്ന കല്ലുകള്‍പോലെയാണ്‌. അപ്പോഴുണ്ടാകുന്ന ഓളങ്ങളാണ്‌ ചിന്തകള്‍. ഓരോ ഓളവും ഉണ്ടായിക്കഴിഞ്ഞാല്‍ ഉടനെയൊന്നും നശിക്കില്ല. കുളത്തിന്റെ നടുക്കൊരു ഓളമുണ്ടായാല്‍ അത്‌ വളര്‍ന്ന്‌ തീരംവരെ എത്തുന്നു. അവിടെയും തീരാതെ തീരത്തു തട്ടി തിരിയെ നടുവിലേക്ക്‌ നീങ്ങുന്നു. ഇതിങ്ങനെ പല പ്രാവശ്യം ആവര്‍ത്തിക്കുന്നതുപോലെ ഓരോ ചിന്തകളും ഒരിക്കലുണ്ടായാല്‍ പല പ്രാവശ്യം മനസ്സില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചുവരുന്നത്‌ കാണാം. ഈ ഓളങ്ങള്‍ കാരണം ജലത്തിലെ പ്രതിബിംബങ്ങള്‍ ശരിയായി കാണാന്‍ കഴിയുന്നില്ല എന്നുതന്നെയല്ല അടിത്തട്ടും കാണാന്‍ കഴിയാതെ പോകുന്നു. നമ്മള്‍ വര്‍ത്തമാന നിമിഷത്തില്‍ ജീവിക്കുന്നതുതന്നെയില്ല. വര്‍ത്തമാന യഥാര്‍ത്ഥ്യം കാണുന്നുമില്ല. ഒന്നുകില്‍ മനസ്സില്‍ അസൂയ, കുശുമ്പ്‌, മമത, വിദ്വേഷം തുടങ്ങിയ വികാരങ്ങള്‍ ആയിരിക്കും അല്ലെങ്കില്‍ ഇപ്പോഴില്ലാത്ത എന്തെങ്കിലും നേടാനോ കിട്ടാനോ ഉള്ള ആഗ്രഹമായിരിക്കും. അതുമല്ലെങ്കില്‍ മനസ്സില്‍ ഭൂതകാല ചിന്തകള്‍ നുഴഞ്ഞുകയറും. സുഖം നല്‍കിയവയോ, വേദനിപ്പിക്കുന്നവയോ, പശ്ചാത്താപമുളവാക്കുന്നവയോ, വെറുപ്പുളവാക്കുന്നവയോ ആയ ചിന്തകളില്‍ മനസ്സ്‌ മരിക്കും. ഭൂതകാലചിന്തകള്‍ വിട്ടാല്‍ ഭാവികാല സ്വപ്നങ്ങള്‍ കടന്നുവരും. അല്ലെങ്കില്‍ ഇരുണ്ട ഭാവിയെക്കുറിച്ചുള്ള ആകുലതകള്‍. ഒന്നുമല്ലെങ്കില്‍ മറ്റൊന്ന്‌ മനസ്സില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കും. അതിന്‌ ഒരിക്കലും ശാന്തിയില്ല, വിശ്രമമില്ല.

നമ്മള്‍ വെള്ളത്തിന്റെ മുകള്‍പ്പരപ്പ് മാത്രം കാണുന്നതുകൊണ്ട് അതിന്റെ ചലനം കാരണം അടിത്തട്ടും ചലിക്കുന്നതായി വിചാരിക്കുന്നു. അടിത്തട്ട് നിശ്ചലമാണ്.
അതുപോലെ മനസിലെ ചിന്തകള്‍ കാരണം അതിന്റെ അടിയിലുള്ള,അതിന് ആധാരമായ നിശ്ചലത്വം നമ്മള്‍ കാണാതെപോവുകയാണ് ചെയ്യുന്നത്. അതറിയണമെങ്കില്‍ ചിന്താതരംഗങ്ങള്‍ ഒടുങ്ങണം. ഇളകിമറിയുന്ന മനസല്ല, അതിന്റെ ഇളക്കമില്ലാത്ത അടിത്തട്ടാണ് നമ്മുടെ ഉണ്മ.
അവിടെ കാലുറച്ചാല്‍പ്പിന്നെ ഭയക്കാനില്ല. കുളത്തിന്റെ അടിത്തട്ട് കാണണമെങ്കില്‍ ഓളങ്ങളൊടുങ്ങിയാല്‍ മാത്രം പോരാ, വെള്ളവും തെളിഞ്ഞതായിരിക്കണം.
അതുപോലെ ചിത്തശുദ്ധി വരാതെ അല്‍പ്പനേരം ചിന്തയില്ലാതെ ഇരുന്നതുകൊണ്ട് മാത്രം മനസിന്റെ അടിത്തട്ട് കാണാന്‍ കഴിയില്ല. അതിനാണ് ആദ്ധ്യാത്മികത്തില്‍ സാധനയ്ക്ക് ഇത്ര പ്രാധാന്യം കൊടുത്തിരിക്കുന്നത്.
ഗുരു പറയുന്ന രീതിയിലുള്ള സാധനയും നിഷ്‌കാമകര്‍മവുംകൊണ്ടാണ് മനസിന് നിര്‍മലത കൈവരുന്നത്. അങ്ങനെ നിര്‍മലമായ മനസില്‍ ചിന്തകള്‍ അവസാനിക്കുമ്പോള്‍ ആത്മതത്ത്വം സ്വയം തെളിയുന്നു.

“യഥാര്‍ത്ഥ ഭക്തന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അത്‌ ഈശ്വരനോടുള്ള ആത്മസമര്‍പ്പണമാണ്‌. ഭക്തന്‍ സ്വന്തം ജീവിതം ഭഗവാനര്‍പ്പിക്കുകയാണ്‌. ശരിയായ പ്രാര്‍ത്ഥനയെന്നാല്‍ ഈശ്വരേച്ഛയ്ക്ക്‌ പൂര്‍ണമായും കീഴ്‌വഴങ്ങുകയാണ്‌. അവിടെ തനിക്ക്‌ ഇന്നത്‌ വേണമെന്നുള്ള നിബന്ധനയില്ല, ആവശ്യങ്ങളുടെ പട്ടികയില്ല, ഭഗവാനോട്‌ ഒന്നും അങ്ങോട്ട്‌ നിര്‍ദ്ദേശിക്കുന്നില്ല. യഥാര്‍ത്ഥ ഭക്തന്‌ ഭഗവാന്‍ തന്റെ അകത്തും പുറത്തും ഒരുപോലെ വ്യാപിച്ച, എങ്ങും നിറഞ്ഞ, എല്ലാം അറിയുന്ന, സര്‍വ്വശക്തിചൈതന്യമാണ്‌. ആ ബോധമുള്ളതുകൊണ്ട്‌ തന്റെ ബലഹീനതയും ഭഗവാന്റെ ദീനവാത്സല്യവും കാരുണ്യവുമൊക്കെയാണ്‌ ഭക്തന്റെ പ്രാര്‍ത്ഥനയില്‍ നിറഞ്ഞുനില്‍ക്കുന്നത്‌. അഹങ്കാരം തനിക്ക്‌ ഭാരമാണെന്നറിഞ്ഞ്‌ ആ ചുമട്‌ ഇറക്കിവയ്ക്കാന്‍ ഭക്തന്‍ ഭഗവാന്റെ സഹായത്തിനായി കേഴുന്നു.

ഭഗവാനെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍, അവിടുത്തോടു പ്രാര്‍ത്ഥിക്കുമ്പോള്‍ കണ്ണു നിറയണം. അതാണ്‌ ഏറ്റവും വലിയ സാധന. കരഞ്ഞുള്ള പ്രാര്‍ത്ഥനപോലെ ആ ദിവ്യപ്രേമത്തിന്റെ ആനന്ദം നുകരുവാന്‍ പറ്റിയ മറ്റൊരു സാധനയുമില്ല. ഈശ്വരനെ സ്നേഹിക്കാന്‍ പ്രത്യേകിച്ച്‌ എന്തെങ്കിലും യോഗ്യത നേടണമെന്നില്ല. വിദ്വാനോ തത്ത്വചിന്തകനോ മാത്രമേ ഭഗവാനെ വിളിക്കാവൂ, ആരാധിക്കാവൂ എന്നൊന്നുമില്ല. നമ്മള്‍ എങ്ങനെ വിളിച്ചാലും, ഹൃദയത്തില്‍നിന്ന്‌ ഉയരുന്നതാണെങ്കില്‍ നിശ്ചയമായും അത്‌ അവിടുന്ന്‌ കേള്‍ക്കുകതന്നെ ചെയ്യും. ഒരു കൊച്ചുകുഞ്ഞു വിശക്കുമ്പോഴും അമ്മയെക്കാണാനും താലോലിക്കപ്പെടാനുമെല്ലാം എങ്ങനെ വിളിച്ചു കരയുന്നുവോ അതുപോലെ നിഷ്കളങ്കമായി, മേറ്റ്ല്ലാം മറന്നു ഭഗവാനുവേണ്ടി കരഞ്ഞുപ്രാര്‍ത്ഥിക്കണം. അങ്ങനെ ചെയ്താല്‍ അവിടുത്തേക്ക്‌ വന്നേ മതിയാവൂ. ആരെങ്കിലും അങ്ങനെ പ്രാര്‍ത്ഥിക്കുന്നത്‌ കേട്ടുകൊണ്ട്‌ അടങ്ങിയിരിക്കാനവിടുത്തേക്ക്‌ കഴിയുകയില്ല.

- മാതാ അമൃതാനന്ദമയീദേവി

Source: http://www.janmabhumidaily.com/jnb/News/145702

No comments:

Post a Comment