Tuesday, February 5, 2013

മനസ്സ് - യോഗവാസിഷ്ഠം




ചിത്തേന ചേതഃ: ശമമാശു നീത്വാ
ശുദ്ധേന ഘോരാസ്ത്രമിവാസ്ത്രയുക്ത്വാ
ചിരായ സാധോ ത്യജ ചഞ്ചലത്വം
വിമര്‍ക്കടോ വൃക്ഷ ഇവാക്ഷതശ്രീ:

വസിഷ്ഠന്‍ തുടര്‍ന്നു: ശരീരമെന്ന ഒരു കൊടുംവനത്തില്‍ വേരുറപ്പിച്ച മരം പൊലെയാണീ മനസ്സ്. ആശങ്കകളും ആകുലതകളുമാണതിന്റെ മൊട്ടുകള്‍ . വാര്‍ദ്ധക്യവും ജരാനരകളും അതിന്റെ ഫലങ്ങള്‍ .   ആഗ്രഹങ്ങള്‍ , ഇന്ദ്രിയ സുഖങ്ങള്‍ എന്നീ പൂക്കളാണതിനെ അലങ്കരിച്ചിരിക്കുന്നത്. പ്രത്യാശകളും ഉള്‍ക്കടമായ അഭിവാഞ്ഛകളും അതിന്റെ ശിഖരങ്ങള്‍ . വികടമായ താന്തോന്നിത്തമാണതിന്റെ അസംഖ്യം ഇലകള്‍ . മലപോലെ ഉറച്ചതും വെട്ടിമുറിക്കാനരുതാത്തതുമെന്നും തോന്നുന്ന ഈ വൃക്ഷത്തെ  അന്വേഷണമെന്ന മൂര്‍ച്ചയേറിയ കോടാലികൊണ്ട് വെട്ടി മുറിക്കണം.

രാമാ, ഈ മനസ്സ് ശരീരമെന്ന വനത്തില്‍ മേഞ്ഞുനടക്കുന്ന ഒരു മദയാനയാണ്. അതിന്റെ കാഴ്ച ഭ്രമങ്ങളാല്‍ മങ്ങിപ്പോയിരിക്കുന്നു. അജ്ഞാനത്തിന്റെയും ഉപാധികളുടേയും വരുതിയിലായതിനാല്‍ അതിനു സ്വയം ആത്മാനന്ദത്തില്‍ അഭിരമിക്കുക അസാദ്ധ്യം. ജ്ഞാനികളായ മഹത്തുക്കളില്‍ നിന്നും കേട്ടിട്ടുള്ള സത്യസ്വരൂപത്തെപ്പറ്റി അറിയാനാഗ്രഹമുണ്ടെങ്കിലും സ്വയമത് ഉപാധികള്‍ക്കും ഇഷ്ടാനിഷ്ടങ്ങള്‍ക്കും വൈവിദ്ധ്യങ്ങള്‍ക്കും വശംവദമാണ്. പലപ്പോഴും കാമക്രോധാദികള്‍ അതിനെ കീഴ്പ്പെടുത്തുന്നു. അതിനുള്ളത് കാമത്വരയെന്ന തുമ്പിക്കൈയാണ്. രാമാ, നീ രാജകുമാരന്മാരില്‍ വെച്ച് സിംഹമാണ്. ഈ ആനയെ നിന്റെ മൂര്‍ച്ചയേറിയ ബുദ്ധിശക്തികൊണ്ട് കീഴ്പ്പെടുത്തി തുണ്ടം തുണ്ടമാക്കിയാലും.

രാമാ മനസ്സ്, ഈ ശരീരത്തെ തന്റെ കിളിക്കൂടാക്കിയ ഒരു കാക്കയാണ്. അത് രസിക്കുന്നത് മാലിന്യത്തില്‍ക്കിടന്നാണ്. അതഭിവൃദ്ധിപ്പെടുന്നത് മാംസം കഴിച്ചാണ്. മറ്റുള്ളവരുടെ ഹൃദയമത് കുത്തിത്തുളയ്ക്കുന്നു. അതിനു താന്‍ സത്യമെന്ന് വിശ്വസിക്കുന്ന ഒരേ ഒരു മാര്‍ഗ്ഗത്തിലേ അറിവുള്ളൂ. മറ്റുള്ള ചിന്താഗതികളെ അതിനു ശ്രദ്ധിക്കാന്‍ കൂടി അറിയില്ല. കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന മന്ദത ഹേതുവായി അതിന് ആന്ധ്യം പിടിപെട്ടിരിക്കുന്നു. അങ്ങിനെ ദുഷ്ടവിചാരവും പ്രവൃത്തിയും അതിന്റെ സഹജസ്വഭാവമായിരിക്കുന്നു. അത് ഭൂമിക്കൊരു ഭാരമാണ് രാമാ. അതിനെ നിന്റെ അടുക്കല്‍ നിന്നും ദൂരേയ്ക്ക് പറത്തിക്കളയൂ.


യോഗവാസിഷ്ഠം നിത്യപാരായണം



രാമാ മനസ്സ്, ഒരു ദുര്‍ഭൂതമാണ്. ആസക്തിയെന്ന പിശാചിനിയാണവനെ പരിചരിക്കുന്നത്. അജ്ഞതയുടെ കൊടുംകാട്ടിലാണവന്റെ വാസം. എണ്ണമറ്റ ശരീരങ്ങളിലൂടെ വിഭ്രാന്തനായി അവന്‍ അലഞ്ഞുതിരിയുന്നു. ഗുരുകാരുണ്യം, സ്വപ്രയത്നം, മന്ത്രോച്ചാരണം, നിര്‍മമത, അറിവ് എന്നിവയിലൂടെ ഈ ഭൂതത്തെ തുരത്തിയാലല്ലാതെ ഒരുവന് എങ്ങിനെ ആത്മജ്ഞാനം ലഭിക്കാനാണ്?

രാമാ, മനസ്സ് അനേകം ജീവികളെ കൊന്നൊടുക്കിയ ഒരു വിഷസര്‍പ്പം തന്നെയാണ്. ഉചിതമായ ധ്യാനസപര്യയോ ശാസ്ത്രജ്ഞാനമോ ആണ് ഇവനെ കൊല്ലാന്‍ പറ്റിയ ഗരുഡന്‍.. നീയവ ശരിയായി പരിശീലിക്കൂ.

രാമാ, ഈ മനസ്സ് ഒരു മര്‍ക്കടനാണ്. അവന്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേയ്ക്ക് സുഖങ്ങള്‍ , സ്ഥാനമാനങ്ങള്‍ എന്നീ ഫലങ്ങള്‍ക്കായി ചാടിച്ചാടി നടക്കുന്നു. ഈ ലോകചക്രത്തില്‍ ചുറ്റിക്കൊണ്ട് ആളുകളെ രസിപ്പിച്ച് അവന്‍ നടനമാടുകയാണ്. പൂര്‍ണ്ണതയാണ് നീയുദ്ദേശിക്കുന്നതെങ്കില്‍ ഇവനെ എല്ലാ രീതിയിലും തളച്ചിടണം.
രാമാ, ഈ മനസ്സ് , അവിദ്യയുടെ, അജ്ഞാനത്തിന്റെ, കാര്‍മേഘമാണ്. ആശയ സങ്കല്‍പ്പങ്ങളെയും ധാരണകളെയും ആവര്‍ത്തിച്ച് നിരാകരിച്ച് ഈ മേഘത്തെ നീ ഉന്മൂലനം ചെയ്യണം.

“അതീവ ശക്തിയേറിയ ആയുധത്തെ നേരിടാനും മറ്റൊരായുധം കൂടിയേ തീരൂ. മനസ്സെന്ന മരുന്നുകൊണ്ട് തന്നെ മനസ്സിനെ മയക്കിക്കിടത്തൂ. അങ്ങിനെ മനസ്സിലെ എല്ലാ ചഞ്ചലത്വവും ഇല്ലാതാക്കൂ. മര്‍ക്കടന്മാര്‍ വിട്ടുപോയ മരത്തിന്റെ പ്രശാന്തതയെന്നപോലെ നീ നിലകൊണ്ടാലും.”


കദോപശാന്തമനനോ ധരണീധരകന്ദരേ
സമേഷ്യാമി ശിലാസ്മായം നിര്‍വികല്‍പസമാധിനാ (5/51/33)

വസിഷ്ഠന്‍ തുടര്‍ന്നു: അതീവ സൂക്ഷ്മമായി മനസ്സില്‍ നിനക്കുണ്ടാവുന്ന ധാരണകളിലും സങ്കല്‍പ്പങ്ങളിലും നീയായിട്ട് തീരുമാനങ്ങള്‍ ഒന്നും എടുക്കേണ്ടതില്ല. കാരണം മനസ്സുണ്ടാക്കിയത് കാലമാണ്. കാലം തന്നെയാണതിനെ ബാലവത്താക്കുന്നതും. കാലം ഈ ശരീരമാകുന്ന പാഴ്വള്ളിച്ചെടിയെ ഇല്ലാതാക്കും മുമ്പ് വിവേകജ്ഞാനം കൊണ്ട് മനസ്സിനെ നിന്റെ വരുതിയിലാക്കുക. എന്റെയീ വാക്കുകള്‍ ഭക്തിയോടെ മനനം ചെയ്താലും. അങ്ങിനെ നിനക്ക് പരമാനന്ദത്തെ പ്രാപിക്കാം.

രാമാ, ഇനി മഹര്‍ഷി ഉത്താലകന്‍ എന്ന മാമുനി പരം പൊരുളിനെ സാക്ഷാത്കരിച്ചതിന്റെ കഥ ഞാന്‍ പറയാം. ലോകത്തിന്റെ ഒരു കോണില്‍ ഗന്ധമാദനം എന്ന് പേരായ ഒരു പര്‍വ്വതം. അതിന്റെയൊരു കൊടുമുടിയിലായി വലിയൊരു മരം. ആ പ്രദേശത്തായിരുന്നു ഉത്താലകന്‍ ജീവിച്ചിരുന്നത്. ചെറു പ്രായത്തിലേതന്നെ അദ്ദേഹത്തിനുള്ളില്‍  ആത്മജ്ഞാനത്തിനായി സ്വയം പരിശ്രമിക്കണമെന്ന ബോധം അങ്കുരിച്ചിരുന്നു. നിര്‍മല ഹൃദയനായിരുന്നുവെങ്കിലും ചെറുപ്പത്തിന്റെ ചഞ്ചലതയും അറിവില്ലായ്മയും അദ്ദേഹത്തിലുണ്ടായിരുന്നു താനും.

തീവ്രതപസ്സിനാലും ശാസ്ത്ര പഠനത്താലും അദ്ദേഹത്തില്‍ വിജ്ഞാനം വര്‍ദ്ധിച്ചുവന്നു. ഒരിക്കല്‍ ഏകനായി ഇരിക്കുമ്പോള്‍ അദ്ദേഹമിങ്ങിനെ ആലോചിച്ചു. എന്താണീ മുക്തി? അതാണ്‌ നെടാവുന്നതില്‍ ഏറ്റവും ഉത്തമായത് എന്ന് പറയപ്പെടുന്നു. അത് കിട്ടിയാല്‍പ്പിന്നെ ഒരുവന് ദു:ഖനിവൃത്തിയായി. പിന്നീടവനു പുനര്‍ജന്മങ്ങളില്ലത്രെ! എനിക്കെപ്പോഴാണാ സ്ഥിതിയില്‍ ശാശ്വതമായി ആമഗ്നനാവാന്‍ സാധിക്കുക? ആഗ്രഹങ്ങളുടേയും ആസക്തികളുടേയും ഫലമായുണ്ടാവുന്ന മാനസീക വിക്ഷോഭങ്ങള്‍ എന്നില്‍ എപ്പോഴാണവസാനിക്കുക? ‘ഞാനിത് ചെയ്തു’, ‘എനിക്കിത് ചെയ്യാനുണ്ട്’ തുടങ്ങിയ ചിന്തകളില്‍ നിന്നുമെന്നാണ് ഞാന്‍ വിടുതല്‍ നേടുക?സദാ ജലത്തില്‍ക്കഴിയുന്ന താമരയിലയില്‍ വെള്ളമൊട്ടിപ്പിടിക്കാത്തതുപോലെ ഇഹലോകബന്ധുക്കളും അവരുടെ വിചിത്രരീതികളും എന്റെ മനസ്സിനെ ചഞ്ചലപ്പെടുത്തുന്നതെപ്പോഴാണവസാനിക്കുക?

എപ്പോഴാണ് ഞാന്‍ പരമവിജ്ഞാനത്തിന്റെ തോണിയിലേറി മുക്തിപദത്തിന്റെ തീരമണയുക? മനുഷ്യരുടെ വൈവിദ്ധ്യ പ്രവര്‍ത്തനങ്ങളെ ചെറിയ കുട്ടികളുടെ കണ്ണിലെ വിസ്മയത്തോടെ എന്നാണെനിക്കു ദര്‍ശിക്കാനാവുക? എന്റെ മനസ്സെപ്പോഴാണു പ്രശാന്തമാവുക? അനുഭവങ്ങളിലെ വിഷയ-വിഷയീ ഭിന്നത അനന്താവബോധത്തിന്റെ നിറവില്‍ എന്നിലെപ്പോഴാണവസാനിക്കുക? ഈ കാലമെന്ന പ്രഹേളികയെ അതിന്റെ സ്വാധീനത്തില്‍പ്പെടാതെ എന്നാണു ഞാന്‍ അറിയുക?

“ഒരു ഗുഹാവാസിയായി, പാറപോലെ ഉറച്ച മനസ്സില്‍ പ്രശാന്തിയോടെ ഞാനിനിയെന്നാണെന്നിലെ  ചിന്തകളുടെ സഞ്ചാരത്തെ തീരെ ഇല്ലാതാക്കുക?” ഇങ്ങിനെ ചിന്തിച്ച്  ഉദ്ദാലകന്‍ തന്റെ ധ്യാനസപര്യ തുടര്‍ന്നു. എന്നാലദ്ദേഹത്തിന്റെ മനസ്സിന്റെ ഇളക്കം നിന്നില്ല. ചില ദിനങ്ങളില്‍ ബാഹ്യവസ്തുക്കളെ മനസ്സുപേക്ഷിച്ചു നിര്‍മ്മലമായിത്തീര്‍ന്നിരുന്നു. എന്നാല്‍ മറ്റുള്ള ദിനങ്ങളില്‍ മനസ്സ് അതിദ്രുതം ചാഞ്ചാടിക്കൊണ്ടിരുന്നു. മനസ്സിന്റെ ഈ ക്ഷിപ്രമാറ്റങ്ങളില്‍ പരിതപിച്ച് അദ്ദേഹം വനത്തില്‍ അലഞ്ഞു നടന്നു. ഒരുദിനം അദ്ദേഹം വനത്തില്‍ മറ്റാരും എത്തിപ്പെടാത്ത ഏകാന്തമായ ഇരിടം കണ്ടെത്തി. അവിടെ പരമശാന്തി ലഭിക്കാന്‍ ഉചിതമായ ഒരു ഗുഹയുണ്ടായിരുന്നു. സുന്ദരമായ സ്ഥലം. ചുറ്റുമുള്ള വള്ളിച്ചെടികളില്‍ പൂക്കളുലഞ്ഞു നിന്നിരുന്നു. സുഖകരമായ താപനിലയുള്ള ആ ഗുഹ മരതകല്ലില്‍ കൊത്തിവച്ചതുപോലെ പ്രശോഭിച്ചു.

കുരംഗാലിപതംഗേഭമീനാസ്ത്വേകൈകശോ ഹതാ:
സര്‍വ്വൈര്‍യുക്തൈരനര്‍ത്ഥേസ്തു വ്യാപ്തസ്യാജ്ഞ കുത: സുഖം (5/52/21)

വസിഷ്ഠന്‍ തുടര്‍ന്നു: ഉത്താലകന്‍ രമണീയമായ ആ ഗുഹയില്‍ക്കയറി ധ്യാനനിരതനായി ഇരിപ്പുറപ്പിച്ചു. ചിന്തകളൊഴിഞ്ഞ അചഞ്ചലമായ മനസ്സുണ്ടാവണമെന്ന ദൃഢ നിശ്ചയത്തോടെ അദ്ദേഹം തന്റെ ശ്രദ്ധയെ മനസ്സിലെ ലീനവാസനകളിലേയ്ക്ക് സംക്രമിപ്പിച്ചു. അദ്ദേഹം ആലോചിച്ചു: മനസ്സേ ഈ പ്രത്യക്ഷലോകത്തില്‍ നിനക്കെന്താണ് ജോലി? ജ്ഞാനികള്‍ സുഖാനുഭാവങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നില്ല. കാരണം അവ പിന്നീട് ദു:ഖാനുഭവങ്ങളാവുന്നതായാണ് എല്ലാവരുടെയും അനുഭവം. അകമേയുള്ള പരമാനന്ദത്തെ അവഗണിച്ചുകൊണ്ട് ഇന്ദ്രിയസുഖങ്ങളുടെ പിന്നാലെ പോകുന്നവര്‍ രമണീയമായൊരു നന്ദനോദ്യാനം വേണ്ടെന്നുവെച്ച് വിഷച്ചെടികള്‍ വളരുന്ന കുറ്റിക്കാട്ടില്‍ ആശ്രയം തേടുന്നവരത്രേ.  

നിനക്കും  എങ്ങോട്ട് വേണമെങ്കില്‍ പോവാം. എന്നാല്‍ മനസ്സിനെ പരമപ്രശാന്തമാക്കിയാലല്ലാതെ പരമാനന്ദം അറിയുകയില്ല. അതുകൊണ്ട് എല്ലാ ആശകളും പ്രത്യാശകളും അവസാനിപ്പിച്ചാലും. കാരണം ഇപ്പോള്‍ക്കാണുന്ന, അത്ഭുതകരങ്ങളായി കാണപ്പെടുന്ന, ഭാവാഭാവപ്രകൃതി ദൃശ്യങ്ങള്‍ പോലും നിനക്ക് സുഖം നല്‍കുകയില്ല. മാധുര്യമേറിയ മണിനാദവും സംഗീതവുമാണ് മാന്‍പേടയെ കുടുക്കുന്നത്. പെണ്ണാനയെക്കൊണ്ടാണ് (സ്പര്‍ശനം) കൊമ്പനാനയെ ചതിക്കുഴിയില്‍ വീഴ്ത്തുന്നത്. സ്വാദിഷ്ടമായ ഇര വിഴുങ്ങാനാര്‍ത്തി പിടിക്കുമ്പോഴാണ് മത്സ്യം ചൂണ്ടയില്‍ കുരുങ്ങുന്നത്. ദീപപ്രഭയില്‍ തലകറങ്ങി ആകര്‍ഷിക്കപ്പെട്ടാണ് ഈയാംപാറ്റകള്‍ വിളക്കിലെ ദീപനാളത്തിലേയ്ക്ക് പറന്നുചെന്ന് മരണം വരിക്കുന്നത്. മധുവുണ്ണാന്‍ വരുന്ന തേനീച്ച മണംപിടിച്ചാണ് പൂവിനുള്ളില്‍ കയറുന്നത്. എന്നാല്‍ അതേപൂവുതന്നെ കൂമ്പിയടയുമ്പോള്‍ അതൊരു മരണക്കെണിയാകുന്നു.      

“അല്ലയോ മൂഢമനസ്സേ, ഇപ്പറഞ്ഞ ജീവികളെല്ലാം നശിക്കുന്നത് കേവലം ഒരേയൊരിന്ദ്രിയത്തിന്റെ ആകര്‍ഷണവലയത്തില്‍പ്പെട്ടാണ്. (മാനുകള്‍  കേള്‍വിസുഖത്താല്‍ , തേനീച്ചകള്‍ മണത്താല്‍ , ഈയാംപാറ്റകള്‍  ദൃഷ്ടിസുഖത്താല്‍ , ആനകള്‍ സ്പര്‍ശനസുഖത്താല്‍ , മത്സ്യങ്ങള്‍ രസനാസുഖത്താല്‍ . എന്നാല്‍ നീ അഞ്ച് ഇന്ദ്രിയങ്ങളുടേയും പ്രലോഭനങ്ങള്‍ക്കടിമയാണ്. അപ്പോള്‍പ്പിന്നെ നിനക്കെങ്ങിനെ ശാശ്വതസുഖം ലഭിക്കാനാണ്?” പട്ടുനൂല്‍പ്പുഴു സ്വയമൊരു കൂടുണ്ടാക്കി അതില്‍പ്പെട്ടിരിക്കുമ്പോലെ നീ ധാരണകളുടേയും സങ്കല്‍പ്പങ്ങളുടേയും വല സ്വയം നെയ്ത് അതില്‍ക്കുടുങ്ങിയിരിക്കുന്നു. 

എന്നാല്‍ അതില്‍ നിന്നും രക്ഷപ്പെടാമെങ്കില്‍ നിനക്ക് പരമശുദ്ധിയും ജനന മരണഭയങ്ങളില്‍ നിന്ന് മോചനവും പ്രാപ്തമാവും. അങ്ങിനെ സര്‍വ്വസമത്വ ഭാവവും ഉന്നതവിജയവും നിന്റെ വരുതിയിലാവും. മറിച്ച് ഈ മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ സുഖസാദ്ധ്യതകളിലാണ് നീ കടിച്ചുതൂങ്ങിക്കിടക്കുന്നതെങ്കില്‍ നിനക്ക് കൊടിയദു:ഖവും അതിലൂടെ നാശവുമുറപ്പാണ്.കഷ്ടം! ഞാനെന്തിനാണ് മനസ്സേ നിന്നോടിതൊക്കെ പറഞ്ഞു തരുന്നത്! മനസ്സെന്നൊരു വസ്തു തന്നെയില്ലല്ലോ! മനസ്സ് അജ്ഞാനത്തിന്റെ സന്തതിയാണ്. അജ്ഞാനമില്ലാതാവുമ്പോള്‍ മനസ്സും ഇല്ലാതാവുന്നു. അതിനാല്‍ നീ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നറിഞ്ഞാലും. അപചയത്തിലാണ്ട് പോയ്‌ക്കൊണ്ടിരിക്കുന്ന ഒരുവനോടുപദേശം നടത്തുന്നത് മൂഢത്വമാണ്!. ദിനംതോറും അവശനായിക്കൊണ്ടിരിക്കുന്ന, ഇല്ലാതായിക്കൊണ്ടിരിക്കുന്ന  നിന്നെ ഞാനിതാ സംത്യജിക്കുന്നു. ഉപേക്ഷിക്കാന്‍പോവുന്നവനെ വിവേകശാലികള്‍ വീണ്ടും ഉപദേശിക്കുകയില്ലല്ലോ.

മനസ്സേ, ഞാന്‍ അഹംകാരരഹിതമായ, അവിച്ഛിന്നമായ, അനന്താവബോധമാണ്. അഹത്തിനു കാരണമായ നീയുമായി എനിക്കിനി യാതൊരു ബന്ധവുമില്ല.


http://yogavasishtamnithyaparayanam.blogspot.com/2013/02/269-269.html


No comments:

Post a Comment