Sunday, November 10, 2013

ഉദ്ദാലകന്‍ന്റെ മനനം


http://yogavasishtamnithyaparayanam.blogspot.com/
http://sreyas.in/yogavasishtam
http://www.4shared.com/office/9DpSGhve/75815994-vasistha-s-yoga-swami.html
http://www.scribd.com/doc/75815994/Vasistha-s-Yoga-Swami-Venkatesananda
http://www.swamivenkatesananda.org/index.php?src=events&srctype=detail&category=Yoga%20Vasistha&refno=818
http://dailyreadings.com/

രാമന്‍ ചോദിച്ചു: മഹാത്മന്‍, പക്ഷെ ഇത്ര ശക്തിയോടെ ചുറ്റുന്ന ഈ മായാചക്രത്തെ എങ്ങിനെയാണ് നാം നിയന്ത്രിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: മനസ്സിനെ അച്ചുതണ്ടാക്കിയാണീ മായ ചുറ്റിക്കറങ്ങുന്നത്. അങ്ങിനെയാണത് ഭ്രമാത്മകമായ മനസ്സിനെ മായികതയില്‍ തളയ്ക്കുന്നത്. തീവ്രമായ സ്വപരിശ്രമത്തിലൂടെയും ബുദ്ധിശക്തിയിലൂടെയുമാണീ ചുറ്റല്‍ അവസാനിപ്പിക്കുവാന്‍ കഴിയുക. അച്ചുതണ്ട് അനങ്ങാതിരുന്നാല്‍പ്പിന്നെ ചക്രമുരുളുകയില്ലല്ലോ. അതുപോലെ മനസ്സ് നിലച്ചാല്‍പ്പിന്നെ മായക്കാഴ്ചയില്ല. ഈ വിദ്യ അറിയാത്തവരും അഭ്യസിക്കാത്തവരും അന്തമറ്റ ദുരിതങ്ങളിലൂടെ കടന്നുപോകുന്നു. എന്നാല്‍ സത്യം വെളിപ്പെട്ടാലുടന്‍ ദു:ഖങ്ങള്‍ക്കറുതിയായി. മനസ്സിനെ കീഴടക്കുക എന്ന ഒരൊറ്റ മരുന്നേയുള്ളു ലോകമെന്ന ഈ ‘തെറ്റിദ്ധാരണയെ’ അല്ലെങ്കില്‍ ഭവരോഗത്തെ ഇല്ലാതാക്കാന്‍... അതുകൊണ്ട് രാമാ, തീര്‍ത്ഥാടനം, ദാനം, അനുഷ്ഠാനങ്ങള്‍ എല്ലാമുപേക്ഷിച്ച് മനസ്സിനെ നിന്റെ വരുതിയില്‍ നിര്‍ത്താന്‍ പരിശ്രമിക്കൂ.

ഈ പ്രത്യക്ഷലോകം മനസ്സിലാണ് കുടികൊള്ളുന്നത്. ഒരു കുടം പൊട്ടുമ്പോള്‍ കുടത്തിനകത്തെ പരിമിതമായ ആകാശം ‘ഇല്ലാതാവുന്നത്’ കുടാകാശമെന്ന സങ്കല്‍പ്പസീമ ഇല്ലാതാവുന്നതിനാലാണ്. അതുപോലെ മനസ്സില്ലാതെയാവുമ്പോള്‍  മനസ്സിനകത്തെ സങ്കല്‍പ്പജന്യമായ ലോകവും ഇല്ലാതെയാകും. കുടമുടയുമ്പോള്‍ അതില്‍ക്കുടുങ്ങിയിരുന്ന എറുമ്പിനും സഞ്ചാര സ്വാതന്ത്ര്യമായി. അതുപോലെ മനസ്സില്ലാതാകുന്നതോടെ മനസ്സിലുള്ളിലെ പരിമിതമായ ലോകസങ്കല്‍പ്പവും ഇല്ലാതായി. നിനക്കു മുക്തിയായി.

“ബോധത്തെ പ്രയത്നലേശം കൂടാതെ ബാഹ്യാഭിമുഖമാക്കി ഇവിടെ, ഇപ്പോള്‍ , വര്‍ത്തമാനത്തില്‍ ജീവിക്കൂ. മനസ്സ് ഭൂത-ഭാവി കാര്യങ്ങളിലേയ്ക്ക് കോര്‍ത്തു ബന്ധിപ്പിക്കാതെയിരുന്നാല്‍ അത് മനസ്സില്ലാത്ത അവസ്ഥയാണ് (അമനസ്സ്). അനുനിമിഷം മനസ്സ് അതതുകാര്യങ്ങളിലേര്‍പ്പെട്ട് അയത്നലളിതമായി അവിടെത്തന്നെ ഉപേക്ഷിക്കുന്നതായാല്‍പ്പിന്നെ ‘അമനസ്സായി’. പരിപൂര്‍ണ്ണ നൈര്‍മ്മല്യമായി."  

മനസ്സ്ചഞ്ചലപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് അത് സ്വന്തം വിക്ഷേപങ്ങളാകുന്ന വൈവിദ്ധ്യത അനുഭവിക്കുന്നത്. മേഘങ്ങളുണ്ടെങ്കില്‍ മാത്രമാണല്ലോ മഴപെയ്യുക. അനന്താവബോധം സ്വയം ഒരു മനസ്സിന്റെ പരിമിതിയില്‍ നില്‍ക്കുമ്പോഴാണ് വിക്ഷേപം സംഭവിക്കുക. എന്നാല്‍ അനന്താവബോധം പരിമിതമനസ്സെന്ന ഒന്നിലേയ്ക്കു ചുരുങ്ങാതിരിക്കുമ്പോള്‍ ജനനമരണചക്രമെന്ന മായയുടെ വേര് തന്നെ കരിഞ്ഞുപോയി എന്നര്‍ത്ഥം. അവിടെ പരിപൂര്‍ണ്ണതയായി.  

വസിഷ്ഠന്‍ തുടര്‍ന്നു: “മനസ്സിന്റെ പരിമിതികള്‍ ബാധിക്കാത്ത ബോധമാണ് ചേതന, അല്ലെങ്കില്‍ ബുദ്ധിശക്തി. അതാണ്‌ ‘അമനസ്സിന്റെ’ സഹജഭാവം. അതില്‍ ധാരണകള്‍ , ആശയസങ്കല്‍പ്പങ്ങള്‍ എന്നീ മലിനതകളില്ല.” അതാണ്‌ പരമമായ അവബോധം. പരമാത്മാവിന്റെ തലമാണത്. അത് സര്‍വ്വവ്യാപിയാണ്. ദുഷ്ടമനസ്സു വര്‍ത്തിക്കുമ്പോള്‍ ആ ദിവ്യദര്‍ശനം സാദ്ധ്യമല്ല. മനസ്സുള്ളിടത്തു ആശകളുണ്ട്, പ്രത്യാശകളുണ്ട്, സുഖദു:ഖങ്ങളുമുണ്ട്.    

സത്യത്തിലേയ്ക്ക് ഉണര്‍ന്ന ബോധം ധാരണാപരിമിതികളുടെ കുഴിയില്‍ വീഴുന്നില്ല. അതുകൊണ്ട് മാനസീകമായി പലേ ഭാവങ്ങളിലൂടെ, അനുഭവങ്ങളിലൂടെ, കടന്നുപോകുമ്പോഴും ആ ബോധം ലോകമെന്ന മായക്കാഴ്ചയോ  പ്രത്യക്ഷലോകമെന്ന ആവര്‍ത്തനമോ ഉണ്ടാക്കുന്നില്ല.

വേദശാസ്ത്രപഠനത്തിലൂടെ അറിവുണര്‍ന്നവര്‍ , മഹാത്മാക്കളുടെ സത്സംഗം ഹേതുവായും ജാഗരൂകമായ സത്യാന്വേഷണത്താലും അഭ്യാസത്താലും വിഷയാനുബദ്ധമല്ലാത്ത ഒരവസ്ഥയെ പ്രാപിച്ചവരാണ്. അതിനാല്‍ ഒരു സാധകന്‍ തന്റെ മനസ്സിനെ അജ്ഞതയില്‍നിന്നും ചാഞ്ചല്യത്തില്‍നിന്നും ബലമായിത്തന്നെ നീക്കി ശാസ്ത്രപഠനത്തിലേയ്ക്കും സത്സംഗത്തിലേയ്ക്കും ഉന്‍മുഖമാക്കണം. അനന്താവബോധത്തെ, പരമാത്മാവിനെ സാക്ഷാത്ക്കരിക്കാന്‍ ഒരേയൊരു വഴി ആത്മജ്ഞാനം മാത്രമേയുള്ളു. ഒരുവന്റെ ദു:ഖനിവാരണത്തിനായുള്ള ഏക മാര്‍ഗ്ഗം ആത്മാവിനെ സ്വയമറിയുക എന്നത് മാത്രമാണ്.
     
അതുകൊണ്ട് രാമാ നീയീ ലോകത്ത് കര്‍മ്മനിരതനായിരിക്കുമ്പോഴും മനസ്സിന് പിടികൊടുക്കാതെ സ്വയം ശുദ്ധബോധമാണെന്നറിയുക. അതനുഭവമാക്കുക. ‘ഇതെന്റേത്, അത് അയാള്‍ , ഇത് ഞാന്‍’ തുടങ്ങിയ ഭേദചിന്തകള്‍ ഉപേക്ഷിച്ച് അവിച്ഛിന്നമായ ആ ഏകതയില്‍ അഭിരമിക്കൂ. ദേഹമുള്ളിടത്തോളം കാലം വര്‍ത്തമാനവും ഭാവിയും ഒരേബോധത്തോടെ സമതാഭാവത്തില്‍ കാണുക. എപ്പോഴും – സുഖദു:ഖങ്ങളിലും, യൌവനത്തിലും, വാര്‍ദ്ധക്യത്തിലും, നടക്കുമ്പോഴും, സ്വപ്നം കാണുമ്പോഴും, ദീര്‍ഘസുഷുപ്തിയിലും എല്ലാം ആ അനന്താവബോധത്തില്‍ വിലീനനാവൂ. വിഷയധാരണകള്‍ , ആശാസങ്കല്‍പ്പങ്ങള്‍ , എന്നീ മാലിന്യങ്ങളാല്‍ കളങ്കപ്പെടാതെ ആത്മജ്ഞാനത്തില്‍ അഭിരമിക്കൂ.
       
പാവനമെന്നും അല്ലെന്നും സംഭവങ്ങളെ തരംതിരിക്കാതെ ഇഷ്ടാനിഷ്ടങ്ങളെന്ന വേര്‍തിരിവ് മാറ്റിവച്ച് നീ ബോധസ്വരൂപമാണെന്നു തിരിച്ചറിയുക. വിഷയങ്ങളോ വിഷയിയോ കര്‍മ്മങ്ങളോ നിന്നെ ബാധിക്കയില്ലെന്നു തിരിച്ചറിയുക. അങ്ങിനെ നീ ശുദ്ധബോധസ്വരൂപമായി നിലകൊണ്ടാലും.  ജാഗ്രദവസ്ഥയില്‍ ‘ഞാനാണല്ലാമെല്ലാം’ എന്ന അറിവുറപ്പിച്ച് ദീര്‍ഘനിദ്രയിലെന്നപോലെ നിര്‍മമനായി വാഴുക. ദ്വൈതാദ്വൈതഭാവങ്ങളുടെ തരം തിരിവുകളെപ്പറ്റി വ്യാകുലപ്പെടാതെ സമതുലിതാവസ്ഥയെ പ്രാപിച്ചാലും. ശുദ്ധബോധത്തിന്റെയും പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തിന്റെയും ഉന്നതതലമാണത്.

അനന്തമായ വിശ്വാവബോധത്തെ ‘ഞാന്‍’ ‘മറ്റുള്ളവര്‍ ’ എന്നിങ്ങനെ ദ്വൈതഭാവത്തില്‍ തരംതിരിക്കാന്‍ സാധിക്കുകയില്ല എന്ന പരമസത്യം നിന്റെ മനസ്സില്‍ രൂഢമൂലമാകട്ടെ.  

ക്ഷമയും അവധാനതയും കൊണ്ട് സമ്പന്നവും  അപരിമേയവുമായ ബുദ്ധിശക്തിയാല്‍ അശാപാശങ്ങളുടെ, പ്രത്യാശകളുടെ കെട്ടുകള്‍ പൊട്ടിച്ച് ധര്‍മ്മാധര്‍മ്മങ്ങള്‍ക്കുമപ്പുറം ഉയരുക. ആത്മജ്ഞാനത്തില്‍ വേരുറച്ചവനെ സംബന്ധിച്ചിടത്തോളം കൊടിയ വിഷംപോലും അമൃതസമാനമാണ്. അനന്താവബോധത്തെ മൂടി മറയ്ക്കുന്ന അജ്ഞാനാന്ധകാരം മൂലമാണ് ലോകമെന്ന ഈ ഭ്രമക്കാഴ്ച മനസ്സില്‍ സംജാതമാവുന്നത്.

എന്നാല്‍ അനന്തവും അപരിമേയവും ഉപാധികളില്ലാത്തതുമായ ആത്മജ്ഞാനത്തില്‍ അടിയുറച്ചാല്‍പ്പിന്നെ ലോകമെന്ന ഭ്രമക്കാഴ്ച നല്‍കുന്ന മായയ്ക്കവസാനമായി. പിന്നെ നാനാ ദിശകളില്‍നിന്നും ജ്ഞാനത്തിന്റെ വിവേകവെളിച്ചം ലോകം മുഴുവന്‍ പ്രസരിക്കുകയായി. ആത്മജ്ഞാനത്തില്‍ അഭിരമിച്ച് ആ അമൃതാസ്വദിക്കുന്നവര്‍ക്ക് ഇന്ദ്രിയസുഖങ്ങള്‍ തുലോം വേദനാജനകമത്രേ. ആത്മജ്ഞാനികളുമായി മാത്രമേ നമുക്ക് സംഗം അഭികാമ്യമായുള്ളു. കാരണം മറ്റുള്ളവര്‍ മനുഷ്യവേഷം കെട്ടിയ കഴുതകളത്രേ!. ഗജകേസരികള്‍ നീണ്ട കാലടിവെച്ചു നടക്കുന്നതുപോലെ ബോധതലത്തിന്റെ ഉത്തുംഗസീമകളിലെത്തിയ ഋഷിവര്യന്മാര്‍ , വീണ്ടും ആ പാതയില്‍ ഉയര്‍ന്നുയര്‍ന്നു പോവുന്നു.

അവര്‍ക്ക് ബാഹ്യമായ സഹായങ്ങള്‍ ഒന്നുമില്ല. അവരുടെ പാതയെ ഭാസുരമാക്കാന്‍ പോന്നത്ര പ്രഭയുള്ള മറ്റൊരു സൂര്യന്മാരുമില്ല. ആത്മജ്ഞാനം മാത്രമാണവരുടെ പാതയിലെ വെളിച്ചം. വാസ്തവത്തില്‍ സൂര്യചന്ദ്രന്മാര്‍ അവരുടെ പ്രജ്ഞയ്ക്ക് വിഷയമല്ല. കാരണം അവര്‍ വിഷയധാരണകള്‍ക്കപ്പുറം, അറിവുകള്‍ക്കപ്പുറം,  എത്തിയിരിക്കുന്നു. മധ്യാഹ്നസൂര്യന്റെ വെളിച്ചത്തില്‍ ചെറിയൊരു വിളക്കിനെന്താണ് പ്രസക്തി? ഔന്നത്യത്തിന്റെ ഉച്ചകോടിയിലുള്ള എല്ലാറ്റിന്റെയും മുകളിലാണ് ആത്മജ്ഞാനി. പ്രഭ, മാഹാത്മ്യം, ശക്തി, എന്നുവേണ്ട എല്ലാ സല്‍ഗുണങ്ങളുടെയും പൂര്‍ണ്ണത അയാളില്‍ കാണാം.

ഈ മഹര്‍ഷിമാര്‍ സൂര്യനെപ്പോലെ, ചന്ദ്രനെപ്പോലെ, അഗ്നിയെപ്പോലെ, നക്ഷത്രങ്ങള്‍ ഒന്നുചേര്‍ന്നതുപോലെ, പ്രഭാപൂരിതരാണ്. അതുപോലെ ആത്മജ്ഞാനം ലഭിക്കാത്തവര്‍ കീടാണുക്കളേക്കാള്‍ നികൃഷ്ടരത്രേ. ഭ്രമക്കാഴ്ച എന്ന ദുര്‍ഭൂതം ബാധിക്കുന്നത് ആത്മജ്ഞാനമില്ലാത്തവരെ മാത്രമാണ്. ആജ്ഞാനി എപ്പോഴും ദു:ഖാകുലനാണ്. ആ ദു:ഖങ്ങളെ ഇല്ലായ്മ ചെയ്യാന്‍ അയാള്‍ ഉഴറി നടക്കുന്നുണ്ടെങ്കിലും അവ അയാളെ വിട്ടുപോകുന്നില്ല. അയാള്‍ നടക്കുന്നൊരു ശവത്തിനു തുല്യം!. ആത്മജ്ഞാനം ലഭിച്ച ഋഷിയെ മാത്രമേ ജീവിക്കുന്ന, ചേതനയുറ്റ, ഒരു ജീവിയെന്ന് വിളിക്കാനാവൂ.

നിബിഢമായ കാര്‍മേഘങ്ങള്‍ സൂര്യനെ മറയ്ക്കുന്നതുപോലെ മനസ്സ് മാലിന്യം നിറഞ്ഞ് അജ്ഞതയിലാണ്ടിരിക്കുമ്പോള്‍ ആത്മജ്ഞാനം മൂടിമറയ്ക്കപ്പെടുന്നു. “അതിനാല്‍ ഇതുവരെ അനുഭവിക്കാത്ത സുഖങ്ങള്‍ക്കായും പണ്ടനുഭവിച്ച സുഖാനുഭവത്തിന്റെ ആവര്‍ത്തനത്തിനായുമുള്ള ത്വരകള്‍ നാമുപേക്ഷിക്കണം.  സുഖാന്വേഷണമെന്ന വ്യര്‍ഥകര്‍മ്മങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ മനസ്സില്‍ അവകളോടുള്ള പ്രതിപത്തി താനേ കുറഞ്ഞു വരും” എന്നാല്‍ ശരീരം, ഭാര്യ, വീട്, മക്കള്‍ , കുടുംബം തുടങ്ങിയ അനാത്മവസ്തുക്കളോടുള്ള ബന്ധം മനസ്സിനെ അധോഗതിയില്‍ നയിക്കുന്നു.

‘ഞാന്‍’, ‘നീ’, എന്നീ ധാരണകള്‍ മനസ്സിനെ മന്ദവും ജഢിലവുമാക്കുന്നു. ഇത് വാര്‍ദ്ധക്യമെത്തുമ്പോള്‍ കൂടുതല്‍ വഷളാവുന്നു. ദു:ഖം, ആഗ്രഹം, മനോവിഷമങ്ങള്‍ , ഗ്രാഹ്യ-ത്യാജ്യ വിഷയങ്ങള്‍ , അത്യാര്‍ത്തി, ധനത്തിനും ലൈംഗികാസ്വാദനത്തിനുമായുള്ള ത്വര, മറ്റ്‌ ഇന്ദ്രിയ സുഖങ്ങള്‍ക്കായുള്ള തൃഷ്ണ തുടങ്ങിയ എല്ലാം അജ്ഞാനാവരണത്തിന്റെ ഫലമായുണ്ടാവുന്ന ഭ്രമാത്മകത തന്നെയാണ്

 ശരീരമെന്ന ഒരു കൊടുംവനത്തില്‍ വേരുറപ്പിച്ച മരം പൊലെയാണീ മനസ്സ്. ആശങ്കകളും ആകുലതകളുമാണതിന്റെ മൊട്ടുകള്‍ . വാര്‍ദ്ധക്യവും ജരാനരകളും അതിന്റെ ഫലങ്ങള്‍ .   ആഗ്രഹങ്ങള്‍ , ഇന്ദ്രിയ സുഖങ്ങള്‍ എന്നീ പൂക്കളാണതിനെ അലങ്കരിച്ചിരിക്കുന്നത്. പ്രത്യാശകളും ഉള്‍ക്കടമായ അഭിവാഞ്ഛകളും അതിന്റെ ശിഖരങ്ങള്‍ . വികടമായ താന്തോന്നിത്തമാണതിന്റെ അസംഖ്യം ഇലകള്‍ . മലപോലെ ഉറച്ചതും വെട്ടിമുറിക്കാനരുതാത്തതുമെന്നും തോന്നുന്ന ഈ വൃക്ഷത്തെ  അന്വേഷണമെന്ന മൂര്‍ച്ചയേറിയ കോടാലികൊണ്ട് വെട്ടി മുറിക്കണം.

രാമാ, ഈ മനസ്സ് ശരീരമെന്ന വനത്തില്‍ മേഞ്ഞുനടക്കുന്ന ഒരു മദയാനയാണ്. അതിന്റെ കാഴ്ച ഭ്രമങ്ങളാല്‍ മങ്ങിപ്പോയിരിക്കുന്നു. അജ്ഞാനത്തിന്റെയും ഉപാധികളുടേയും വരുതിയിലായതിനാല്‍ അതിനു സ്വയം ആത്മാനന്ദത്തില്‍ അഭിരമിക്കുക അസാദ്ധ്യം. ജ്ഞാനികളായ മഹത്തുക്കളില്‍ നിന്നും കേട്ടിട്ടുള്ള സത്യസ്വരൂപത്തെപ്പറ്റി അറിയാനാഗ്രഹമുണ്ടെങ്കിലും സ്വയമത് ഉപാധികള്‍ക്കും ഇഷ്ടാനിഷ്ടങ്ങള്‍ക്കും വൈവിദ്ധ്യങ്ങള്‍ക്കും വശംവദമാണ്. പലപ്പോഴും കാമക്രോധാദികള്‍ അതിനെ കീഴ്പ്പെടുത്തുന്നു. അതിനുള്ളത് കാമത്വരയെന്ന തുമ്പിക്കൈയാണ്. രാമാ, നീ രാജകുമാരന്മാരില്‍ വെച്ച് സിംഹമാണ്. ഈ ആനയെ നിന്റെ മൂര്‍ച്ചയേറിയ ബുദ്ധിശക്തികൊണ്ട് കീഴ്പ്പെടുത്തി തുണ്ടം തുണ്ടമാക്കിയാലും.

രാമാ മനസ്സ്, ഈ ശരീരത്തെ തന്റെ കിളിക്കൂടാക്കിയ ഒരു കാക്കയാണ്. അത് രസിക്കുന്നത് മാലിന്യത്തില്‍ക്കിടന്നാണ്. അതഭിവൃദ്ധിപ്പെടുന്നത് മാംസം കഴിച്ചാണ്. മറ്റുള്ളവരുടെ ഹൃദയമത് കുത്തിത്തുളയ്ക്കുന്നു. അതിനു താന്‍ സത്യമെന്ന് വിശ്വസിക്കുന്ന ഒരേ ഒരു മാര്‍ഗ്ഗത്തിലേ അറിവുള്ളൂ. മറ്റുള്ള ചിന്താഗതികളെ അതിനു ശ്രദ്ധിക്കാന്‍ കൂടി അറിയില്ല. കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന മന്ദത ഹേതുവായി അതിന് ആന്ധ്യം പിടിപെട്ടിരിക്കുന്നു. അങ്ങിനെ ദുഷ്ടവിചാരവും പ്രവൃത്തിയും അതിന്റെ സഹജസ്വഭാവമായിരിക്കുന്നു. അത് ഭൂമിക്കൊരു ഭാരമാണ് രാമാ. അതിനെ നിന്റെ അടുക്കല്‍ നിന്നും ദൂരേയ്ക്ക് പറത്തിക്കളയൂ.

രാമാ മനസ്സ്, ഒരു ദുര്‍ഭൂതമാണ്. ആസക്തിയെന്ന പിശാചിനിയാണവനെ പരിചരിക്കുന്നത്. അജ്ഞതയുടെ കൊടുംകാട്ടിലാണവന്റെ വാസം. എണ്ണമറ്റ ശരീരങ്ങളിലൂടെ വിഭ്രാന്തനായി അവന്‍ അലഞ്ഞുതിരിയുന്നു. ഗുരുകാരുണ്യം, സ്വപ്രയത്നം, മന്ത്രോച്ചാരണം, നിര്‍മമത, അറിവ് എന്നിവയിലൂടെ ഈ ഭൂതത്തെ തുരത്തിയാലല്ലാതെ ഒരുവന് എങ്ങിനെ ആത്മജ്ഞാനം ലഭിക്കാനാണ്?

രാമാ, മനസ്സ് അനേകം ജീവികളെ കൊന്നൊടുക്കിയ ഒരു വിഷസര്‍പ്പം തന്നെയാണ്. ഉചിതമായ ധ്യാനസപര്യയോ ശാസ്ത്രജ്ഞാനമോ ആണ് ഇവനെ കൊല്ലാന്‍ പറ്റിയ ഗരുഡന്‍.. നീയവ ശരിയായി പരിശീലിക്കൂ.

രാമാ, ഈ മനസ്സ് ഒരു മര്‍ക്കടനാണ്. അവന്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേയ്ക്ക് സുഖങ്ങള്‍ , സ്ഥാനമാനങ്ങള്‍ എന്നീ ഫലങ്ങള്‍ക്കായി ചാടിച്ചാടി നടക്കുന്നു. ഈ ലോകചക്രത്തില്‍ ചുറ്റിക്കൊണ്ട് ആളുകളെ രസിപ്പിച്ച് അവന്‍ നടനമാടുകയാണ്. പൂര്‍ണ്ണതയാണ് നീയുദ്ദേശിക്കുന്നതെങ്കില്‍ ഇവനെ എല്ലാ രീതിയിലും തളച്ചിടണം.
രാമാ, ഈ മനസ്സ് , അവിദ്യയുടെ, അജ്ഞാനത്തിന്റെ, കാര്‍മേഘമാണ്. ആശയ സങ്കല്‍പ്പങ്ങളെയും ധാരണകളെയും ആവര്‍ത്തിച്ച് നിരാകരിച്ച് ഈ മേഘത്തെ നീ ഉന്മൂലനം ചെയ്യണം.

“അതീവ ശക്തിയേറിയ ആയുധത്തെ നേരിടാനും മറ്റൊരായുധം കൂടിയേ തീരൂ. മനസ്സെന്ന മരുന്നുകൊണ്ട് തന്നെ മനസ്സിനെ മയക്കിക്കിടത്തൂ. അങ്ങിനെ മനസ്സിലെ എല്ലാ ചഞ്ചലത്വവും ഇല്ലാതാക്കൂ. മര്‍ക്കടന്മാര്‍ വിട്ടുപോയ മരത്തിന്റെ പ്രശാന്തതയെന്നപോലെ നീ നിലകൊണ്ടാലും.”

അതീവ സൂക്ഷ്മമായി മനസ്സില്‍ നിനക്കുണ്ടാവുന്ന ധാരണകളിലും സങ്കല്‍പ്പങ്ങളിലും നീയായിട്ട് തീരുമാനങ്ങള്‍ ഒന്നും എടുക്കേണ്ടതില്ല. കാരണം മനസ്സുണ്ടാക്കിയത് കാലമാണ്. കാലം തന്നെയാണതിനെ ബാലവത്താക്കുന്നതും. കാലം ഈ ശരീരമാകുന്ന പാഴ്വള്ളിച്ചെടിയെ ഇല്ലാതാക്കും മുമ്പ് വിവേകജ്ഞാനം കൊണ്ട് മനസ്സിനെ നിന്റെ വരുതിയിലാക്കുക. എന്റെയീ വാക്കുകള്‍ ഭക്തിയോടെ മനനം ചെയ്താലും. അങ്ങിനെ നിനക്ക് പരമാനന്ദത്തെ പ്രാപിക്കാം.

രാമാ, ഇനി മഹര്‍ഷി ഉദ്ദാലകന്‍ എന്ന മാമുനി പരം പൊരുളിനെ സാക്ഷാത്കരിച്ചതിന്റെ കഥ ഞാന്‍ പറയാം. ലോകത്തിന്റെ ഒരു കോണില്‍ ഗന്ധമാദനം എന്ന് പേരായ ഒരു പര്‍വ്വതം. അതിന്റെയൊരു കൊടുമുടിയിലായി വലിയൊരു മരം. ആ പ്രദേശത്തായിരുന്നു ഉത്താലകന്‍ ജീവിച്ചിരുന്നത്. ചെറു പ്രായത്തിലേതന്നെ അദ്ദേഹത്തിനുള്ളില്‍  ആത്മജ്ഞാനത്തിനായി സ്വയം പരിശ്രമിക്കണമെന്ന ബോധം അങ്കുരിച്ചിരുന്നു. നിര്‍മല ഹൃദയനായിരുന്നുവെങ്കിലും ചെറുപ്പത്തിന്റെ ചഞ്ചലതയും അറിവില്ലായ്മയും അദ്ദേഹത്തിലുണ്ടായിരുന്നു താനും.

തീവ്രതപസ്സിനാലും ശാസ്ത്ര പഠനത്താലും അദ്ദേഹത്തില്‍ വിജ്ഞാനം വര്‍ദ്ധിച്ചുവന്നു. ഒരിക്കല്‍ ഏകനായി ഇരിക്കുമ്പോള്‍ അദ്ദേഹമിങ്ങിനെ ആലോചിച്ചു. എന്താണീ മുക്തി? അതാണ്‌ നെടാവുന്നതില്‍ ഏറ്റവും ഉത്തമായത് എന്ന് പറയപ്പെടുന്നു. അത് കിട്ടിയാല്‍പ്പിന്നെ ഒരുവന് ദു:ഖനിവൃത്തിയായി. പിന്നീടവനു പുനര്‍ജന്മങ്ങളില്ലത്രെ! എനിക്കെപ്പോഴാണാ സ്ഥിതിയില്‍ ശാശ്വതമായി ആമഗ്നനാവാന്‍ സാധിക്കുക? ആഗ്രഹങ്ങളുടേയും ആസക്തികളുടേയും ഫലമായുണ്ടാവുന്ന മാനസീക വിക്ഷോഭങ്ങള്‍ എന്നില്‍ എപ്പോഴാണവസാനിക്കുക? ‘ഞാനിത് ചെയ്തു’, ‘എനിക്കിത് ചെയ്യാനുണ്ട്’ തുടങ്ങിയ ചിന്തകളില്‍ നിന്നുമെന്നാണ് ഞാന്‍ വിടുതല്‍ നേടുക?സദാ ജലത്തില്‍ക്കഴിയുന്ന താമരയിലയില്‍ വെള്ളമൊട്ടിപ്പിടിക്കാത്തതുപോലെ ഇഹലോകബന്ധുക്കളും അവരുടെ വിചിത്രരീതികളും എന്റെ മനസ്സിനെ ചഞ്ചലപ്പെടുത്തുന്നതെപ്പോഴാണവസാനിക്കുക?

എപ്പോഴാണ് ഞാന്‍ പരമവിജ്ഞാനത്തിന്റെ തോണിയിലേറി മുക്തിപദത്തിന്റെ തീരമണയുക? മനുഷ്യരുടെ വൈവിദ്ധ്യ പ്രവര്‍ത്തനങ്ങളെ ചെറിയ കുട്ടികളുടെ കണ്ണിലെ വിസ്മയത്തോടെ എന്നാണെനിക്കു ദര്‍ശിക്കാനാവുക? എന്റെ മനസ്സെപ്പോഴാണു പ്രശാന്തമാവുക? അനുഭവങ്ങളിലെ വിഷയ-വിഷയീ ഭിന്നത അനന്താവബോധത്തിന്റെ നിറവില്‍ എന്നിലെപ്പോഴാണവസാനിക്കുക? ഈ കാലമെന്ന പ്രഹേളികയെ അതിന്റെ സ്വാധീനത്തില്‍പ്പെടാതെ എന്നാണു ഞാന്‍ അറിയുക?

“ഒരു ഗുഹാവാസിയായി, പാറപോലെ ഉറച്ച മനസ്സില്‍ പ്രശാന്തിയോടെ ഞാനിനിയെന്നാണെന്നിലെ  ചിന്തകളുടെ സഞ്ചാരത്തെ തീരെ ഇല്ലാതാക്കുക?” ഇങ്ങിനെ ചിന്തിച്ച്  ഉദ്ദാലകന്‍ തന്റെ ധ്യാനസപര്യ തുടര്‍ന്നു. എന്നാലദ്ദേഹത്തിന്റെ മനസ്സിന്റെ ഇളക്കം നിന്നില്ല. ചില ദിനങ്ങളില്‍ ബാഹ്യവസ്തുക്കളെ മനസ്സുപേക്ഷിച്ചു നിര്‍മ്മലമായിത്തീര്‍ന്നിരുന്നു. എന്നാല്‍ മറ്റുള്ള ദിനങ്ങളില്‍ മനസ്സ് അതിദ്രുതം ചാഞ്ചാടിക്കൊണ്ടിരുന്നു. മനസ്സിന്റെ ഈ ക്ഷിപ്രമാറ്റങ്ങളില്‍ പരിതപിച്ച് അദ്ദേഹം വനത്തില്‍ അലഞ്ഞു നടന്നു. ഒരുദിനം അദ്ദേഹം വനത്തില്‍ മറ്റാരും എത്തിപ്പെടാത്ത ഏകാന്തമായ ഇരിടം കണ്ടെത്തി. അവിടെ പരമശാന്തി ലഭിക്കാന്‍ ഉചിതമായ ഒരു ഗുഹയുണ്ടായിരുന്നു. സുന്ദരമായ സ്ഥലം. ചുറ്റുമുള്ള വള്ളിച്ചെടികളില്‍ പൂക്കളുലഞ്ഞു നിന്നിരുന്നു. സുഖകരമായ താപനിലയുള്ള ആ ഗുഹ മരതകല്ലില്‍ കൊത്തിവച്ചതുപോലെ പ്രശോഭിച്ചു.

ഉദ്ദാലകന്‍ രമണീയമായ ആ ഗുഹയില്‍ക്കയറി ധ്യാനനിരതനായി ഇരിപ്പുറപ്പിച്ചു. ചിന്തകളൊഴിഞ്ഞ അചഞ്ചലമായ മനസ്സുണ്ടാവണമെന്ന ദൃഢ നിശ്ചയത്തോടെ അദ്ദേഹം തന്റെ ശ്രദ്ധയെ മനസ്സിലെ ലീനവാസനകളിലേയ്ക്ക് സംക്രമിപ്പിച്ചു. അദ്ദേഹം ആലോചിച്ചു: മനസ്സേ ഈ പ്രത്യക്ഷലോകത്തില്‍ നിനക്കെന്താണ് ജോലി? ജ്ഞാനികള്‍ സുഖാനുഭാവങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നില്ല. കാരണം അവ പിന്നീട് ദു:ഖാനുഭവങ്ങളാവുന്നതായാണ് എല്ലാവരുടെയും അനുഭവം. അകമേയുള്ള പരമാനന്ദത്തെ അവഗണിച്ചുകൊണ്ട് ഇന്ദ്രിയസുഖങ്ങളുടെ പിന്നാലെ പോകുന്നവര്‍ രമണീയമായൊരു നന്ദനോദ്യാനം വേണ്ടെന്നുവെച്ച് വിഷച്ചെടികള്‍ വളരുന്ന കുറ്റിക്കാട്ടില്‍ ആശ്രയം തേടുന്നവരത്രേ.

നിനക്കും  എങ്ങോട്ട് വേണമെങ്കില്‍ പോവാം. എന്നാല്‍ മനസ്സിനെ പരമപ്രശാന്തമാക്കിയാലല്ലാതെ പരമാനന്ദം അറിയുകയില്ല. അതുകൊണ്ട് എല്ലാ ആശകളും പ്രത്യാശകളും അവസാനിപ്പിച്ചാലും. കാരണം ഇപ്പോള്‍ക്കാണുന്ന, അത്ഭുതകരങ്ങളായി കാണപ്പെടുന്ന, ഭാവാഭാവപ്രകൃതി ദൃശ്യങ്ങള്‍ പോലും നിനക്ക് സുഖം നല്‍കുകയില്ല. മാധുര്യമേറിയ മണിനാദവും സംഗീതവുമാണ് മാന്‍പേടയെ കുടുക്കുന്നത്. പെണ്ണാനയെക്കൊണ്ടാണ് (സ്പര്‍ശനസുഖാസക്തിയാല്‍ ) കൊമ്പനാനയെ ചതിക്കുഴിയില്‍ വീഴ്ത്തുന്നത്. സ്വാദിഷ്ടമായ ഇര വിഴുങ്ങാനാര്‍ത്തി പിടിക്കുമ്പോഴാണ് മത്സ്യം ചൂണ്ടയില്‍ കുരുങ്ങുന്നത്. ദീപപ്രഭയില്‍ തലകറങ്ങി ആകര്‍ഷിക്കപ്പെട്ടാണ് ഈയാംപാറ്റകള്‍ വിളക്കിലെ ദീപനാളത്തിലേയ്ക്ക് പറന്നുചെന്ന് മരണം വരിക്കുന്നത്. മധുവുണ്ണാന്‍ വരുന്ന തേനീച്ച മണംപിടിച്ചാണ് പൂവിനുള്ളില്‍ കയറുന്നത്. എന്നാല്‍ അതേപൂവുതന്നെ കൂമ്പിയടയുമ്പോള്‍ അതൊരു മരണക്കെണിയാകുന്നു.    

“അല്ലയോ മൂഢമനസ്സേ, ഇപ്പറഞ്ഞ ജീവികളെല്ലാം നശിക്കുന്നത് കേവലം ഒരേയൊരിന്ദ്രിയത്തിന്റെ ആകര്‍ഷണവലയത്തില്‍പ്പെട്ടാണ്. (മാനുകള്‍  കേള്‍വിസുഖത്താല്‍ , തേനീച്ചകള്‍ മണത്താല്‍ , ഈയാംപാറ്റകള്‍  ദൃഷ്ടിസുഖത്താല്‍ , ആനകള്‍ സ്പര്‍ശനസുഖത്താല്‍ , മത്സ്യങ്ങള്‍ രസനാസുഖത്താല്‍ . എന്നാല്‍ നീ അഞ്ച് ഇന്ദ്രിയങ്ങളുടേയും പ്രലോഭനങ്ങള്‍ക്കടിമയാണ്. അപ്പോള്‍പ്പിന്നെ നിനക്കെങ്ങിനെ ശാശ്വതസുഖം ലഭിക്കാനാണ്?” പട്ടുനൂല്‍പ്പുഴു സ്വയമൊരു കൂടുണ്ടാക്കി അതില്‍പ്പെട്ടിരിക്കുമ്പോലെ നീ ധാരണകളുടേയും സങ്കല്‍പ്പങ്ങളുടേയും വല സ്വയം നെയ്ത് അതില്‍ക്കുടുങ്ങിയിരിക്കുന്നു.

എന്നാല്‍ അതില്‍ നിന്നും രക്ഷപ്പെടാമെങ്കില്‍ നിനക്ക് പരമശുദ്ധിയും ജനന മരണഭയങ്ങളില്‍ നിന്ന് മോചനവും പ്രാപ്തമാവും. അങ്ങിനെ സര്‍വ്വസമത്വ ഭാവവും ഉന്നതവിജയവും നിന്റെ വരുതിയിലാവും. മറിച്ച് ഈ മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ സുഖസാദ്ധ്യതകളിലാണ് നീ കടിച്ചുതൂങ്ങിക്കിടക്കുന്നതെങ്കില്‍ നിനക്ക് കൊടിയദു:ഖവും അതിലൂടെ നാശവുമുറപ്പാണ്.
കഷ്ടം! ഞാനെന്തിനാണ് മനസ്സേ നിന്നോടിതൊക്കെ പറഞ്ഞു തരുന്നത്! മനസ്സെന്നൊരു വസ്തു തന്നെയില്ലല്ലോ! മനസ്സ് അജ്ഞാനത്തിന്റെ സന്തതിയാണ്. അജ്ഞാനമില്ലാതാവുമ്പോള്‍ മനസ്സും ഇല്ലാതാവുന്നു. അതിനാല്‍ നീ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നറിഞ്ഞാലും. അപചയത്തിലാണ്ട് പോയ്‌ക്കൊണ്ടിരിക്കുന്ന ഒരുവനോടുപദേശം നടത്തുന്നത് മൂഢത്വമാണ്!. ദിനംതോറും അവശനായിക്കൊണ്ടിരിക്കുന്ന, ഇല്ലാതായിക്കൊണ്ടിരിക്കുന്ന  നിന്നെ ഞാനിതാ സംത്യജിക്കുന്നു. ഉപേക്ഷിക്കാന്‍പോവുന്നവനെ വിവേകശാലികള്‍ വീണ്ടും ഉപദേശിക്കുകയില്ലല്ലോ.

മനസ്സേ, ഞാന്‍ അഹംകാരരഹിതമായ, അവിച്ഛിന്നമായ, അനന്താവബോധമാണ്. അഹത്തിനു കാരണമായ നീയുമായി എനിക്കിനി യാതൊരു ബന്ധവുമില്ല.

ഉദ്ദാലകന്‍ തന്റെ മനനം തുടര്‍ന്നു. അനന്താവബോധത്തെ മനസ്സിനുള്ളില്‍ ഉള്‍ക്കൊള്ളുക എന്നത് ആനയെ കൂവളക്കായ്ക്കുള്ളില്‍ കുത്തിനിറയ്ക്കാമെന്നു വ്യാമോഹിക്കുന്നതുപോലെയാണ്. സ്വയം പരിമിതപ്പെടുത്തിയ ബോധമണ്ഡലം ധാരണാകല്‍പ്പനകളുടെ ചെറിയ പരിധിയ്ക്കുള്ളില്‍ നിലകൊള്ളുന്നതാണ്‌ മനസ്സ്. അജ്ഞാനജന്യമായതിനാല്‍ അതെനിയ്ക്ക് സ്വീകാര്യമല്ല. അഹംഭാവം എന്നത് വെറും ബാലിശമായ ധാരണയാണ്. സത്യമന്വേഷിക്കാന്‍ പരിശ്രമിക്കാത്തവരാണ് അതിനെ വിശ്വസിക്കുന്നത്.

“എന്റെ കാല്‍വിരല്‍ത്തുമ്പ്‌ മുതല്‍ ഉച്ചിവരെ ഞാന്‍ വിശദമായി പരിശോധിച്ചു പഠിച്ചിരിക്കുന്നു. എന്നാല്‍ ‘ഇത് ഞാനാണ്’ എന്ന് നിശ്ചയിച്ചു പറയാവുന്ന ഒന്നുമെനിക്ക് കണ്ടെത്താനായിട്ടില്ല. അരാണീ ‘ഞാന്‍’?” സര്‍വ്വവ്യാപിയായ ഞാന്‍ അറിവിനുള്ള ഒരു വിഷയമാവുക അസാദ്ധ്യം. അറിയുക എന്ന പ്രക്രിയയാവുകയും സാദ്ധ്യമല്ല. അതില്‍ പരിമിതമായ വ്യക്തിത്വം ഇല്ല. ഞാന്‍ നാമരൂപങ്ങളില്ലാത്ത അവിച്ഛിന്നസ്വരൂപമാണ്. മാറ്റങ്ങള്‍ക്കും ഏകത്വം, നാനാത്വം തുടങ്ങിയ ധാരണകള്‍ക്കും, ചെറുതും വലുതുമായ എല്ലാ  അളവുകള്‍ക്കും അതീതമാണത്. അതല്ലാതെ വേറൊന്നുമില്ല.

ദു:ഖത്തിന്റെ അവസാനിക്കാത്ത സ്രോതസ്സായതിനാല്‍ മനസ്സേ നിന്നെ ഞാനിതാ ഉപേക്ഷിക്കുന്നു. രക്താസ്ഥിമാംസ നിബദ്ധമായ ഈ ശരീരത്തില്‍ ‘ഇതാണ് ഞാന്‍’ എന്നുപറയുന്നതാരാണ്? ചലനം ചൈതന്യത്തിന്റെ സഹജഭാവം; ചിന്തകള്‍ ബോധത്തിനും ജരാനരകള്‍ ദേഹത്തിനും സഹജം. ‘ഇതാണ് ഞാന്‍’ എന്നാരാണുല്‍ഘോഷിക്കുന്നത്? ഇതാണ് നാവ്, ഇതാണ് ചെവികള്‍ , ഇതാണ് മൂക്ക്, ഇതാണ് ചലനം, ഇതാണ് കണ്ണുകള്‍ , എന്നൊക്കെ നമുക്ക് ചൂണ്ടിക്കാണിക്കാം. എന്നാല്‍ ‘ഇതാണ് ഞാന്‍’ എന്ന് പറയുന്നതാര് ? ഞാനിതൊന്നുമല്ല. ഞാന്‍ നീയുമല്ല, മനസ്സേ. അത് ധാരണാ കല്‍പ്പനകളല്ല. ശുദ്ധസ്വതന്ത്രമായ അനന്താവബോധം മാത്രമാണ് ഞാന്‍... എന്നാല്‍ ‘ഞാനാണിതെല്ലാം’ എന്നുപറഞ്ഞാലും അത് ശരിതന്നെ. കാരണം ഒരേ സത്യത്തിന്റെ രണ്ടുതരം വ്യാഖ്യാനങ്ങളത്രേ ഇവ.

കഷ്ടം! ഇത്രകാലം ഞാന്‍ ഈ അജ്ഞാനത്തിന്റെ ഇരയായിരുന്നു. എന്നാല്‍ ഭാഗ്യവശാല്‍ എന്റെ ആത്മജ്ഞാനത്തെ മോഷ്ടിച്ച കള്ളനെ ഞാന്‍ പിടിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയൊരിക്കലും ഞാന്‍ അവന്  കീഴ്പ്പെടുകയില്ല. മലമുകളില്‍ കാണപ്പെടുന്ന കാര്‍മേഘം മലയുടേതല്ലാത്തതുപോലെ എന്നെ ചൂഴ്ന്നുനില്‍ക്കുന്ന ദു:ഖങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല. ആത്മജ്ഞാനമില്ലാത്തപ്പോള്‍ അഹംഭാവം ഉണ്ട്. ഇപ്പോള്‍ ഞാന്‍ അതില്‍ നിന്നും മുക്തനായിരിക്കുന്നു.

ഇന്ദ്രിയങ്ങളും ശരീരാദികളും മറ്റും നശിച്ചുകൊള്ളട്ടെ. എനിക്കവയുമായി ബന്ധമൊന്നുമില്ല. കണ്ണ് മുതലായ ഇന്ദ്രിയങ്ങള്‍ അവയുമായി ബന്ധമുള്ള വിഷയങ്ങളെ തേടി അലഞ്ഞുകൊള്ളട്ടെ. ‘ഞാനാണിത്’, ‘ഞാന്‍ കാണുന്നു’ എന്നെല്ലാം അവകാശപ്പെടുന്നതാരാണ്? ഇന്ദ്രിയങ്ങള്‍ സ്വയം പ്രവര്‍ത്തിക്കുന്നത്, അല്ലെങ്കില്‍ അനുഭവിക്കുന്നത് വാസനകളുടെ സമ്മര്‍ദ്ദത്താലല്ല. അതുകൊണ്ട് മനോവസനകളുടെ ഉപാധികളില്ലാതെ സഹജമായി ചെയ്യുന്ന കര്‍മ്മങ്ങള്‍ നല്‍കുന്ന അനുഭവങ്ങള്‍ ശുദ്ധമായിരിക്കും. അവ പൂര്‍വ്വാനുഭവസന്തുഷ്ടികളും അസുന്തുഷ്ടികളുമായി സങ്കലനം ചെയ്തു കൂടുതല്‍ വാസനാ മാലിന്യങ്ങളെ ഉണ്ടാക്കുന്നില്ല. അതുകൊണ്ട് ഇന്ദ്രിയങ്ങളേ, നിങ്ങള്‍ സ്വകര്‍മ്മങ്ങള്‍ മനോവാസനകളുടെ അകമ്പടികൂടാതെ നിര്‍വ്വഹിച്ചാലും.

വാസനകള്‍ എന്നത് വാസ്തവത്തില്‍ വസ്തുതാപരമായി നിലനില്‍ക്കുന്ന ഒന്നല്ല. അനന്താവബോധത്തില്‍ നിന്നും വിഭിന്നമായി, സ്വതന്ത്രമായി നിലകൊള്ളുന്ന ഒന്നല്ല അത്. ബോധതലത്തില്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരാതിരുന്നാല്‍ അവയെ നിഷ്പ്രയാസം ഇല്ലായ്മചെയ്യാം. അതിനാല്‍ മനസ്സേ, വ്യത്യസ്ഥത, നാനാത്വം എന്നീ തെറ്റിദ്ധാരണകളെ അകറ്റിയാലും. അനന്താവബോധത്തില്‍ നിന്നും ഭിന്നമായി നിനക്ക് സ്വതന്ത്രമായ ഒരസ്ഥിത്വമില്ലെന്നു നീയറിയുക. അതാണ്‌ മുക്തി.

ഉദ്ദാലകന്റെ മനനം തുടര്‍ന്നു: വാസ്തവത്തില്‍ ബോധത്തിന് ഉപാധികളുണ്ടാവുക വയ്യ. അതിനു പരിമിതികളില്ല. അണുവിനേക്കാള്‍ സൂക്ഷ്മാതിസൂക്ഷ്മമാണത്. അതുകൊണ്ട് മനോപാധികള്‍ക്കതിനെ സ്വാധീനിക്കാനാവില്ല. മനസ്സ് അഹംകാരത്തിലും ഇന്ദ്രിയങ്ങളുടെ ഛായാ ബോധത്തിലും അഭിരമിക്കുന്നു. അതില്‍ നിന്നാണ് സ്വയാര്‍ജിതമായ  പരിമിതിയെപ്പറ്റി ബോധമുടലെടുക്കുന്നത്. ഈ അനുഭവത്തെ ആവര്‍ത്തിച്ചു വിചാരം ചെയ്ത് അഹംഭാവവും സ്വപരിമിതിയെന്ന ഭ്രമകല്‍പ്പനയും   സ്വയമൊരസ്ഥിത്വം സാധൂകരിച്ചു കല്‍പ്പിക്കുകയാണ്.

എന്നാല്‍ അവയ്ക്കൊന്നിനാലും തോടാനരുതാത്ത അവബോധമാണ് ഞാന്‍.. അതുണ്ടാകാനിടയായ അജ്ഞാനം ഹേതുവായി ശരീരം കര്‍മ്മങ്ങളില്‍ ആമഗ്നമായികൊള്ളട്ടെ, അല്ലെങ്കില്‍ കര്‍മ്മങ്ങളെ ഉപെക്ഷിച്ചുകൊള്ളട്ടെ. അവയാലൊന്നും ബാധിക്കപ്പെടാത്ത അനന്താവബോധമാണ് ഞാന്‍.. അവബോധത്തിന് ജനനമരണങ്ങളോ ഉടമസ്ഥരോ ഇല്ല. അത് സര്‍വ്വവ്യാപിയും അനന്തവുമാണ്. സ്വയം വിഭിന്നമായി ജീവിച്ചതുകൊണ്ടതിനെന്തെങ്കിലും നേടുവാനില്ല. ജനന-മരണാദികള്‍ മനോകല്‍പ്പിതങ്ങള്‍ മാത്രം . ആത്മാവുമായി അതിനു ബന്ധമില്ല. അഹംഭാവത്തിനാല്‍ പരിമിതപ്പെട്ടതിനെ മാത്രമേ ‘അറിയാന്‍’ കഴിയൂ. പരിമിതപ്പെടുത്താന്‍ കഴിയൂ. ആത്മാവ് പരിമിതികള്‍ക്കെല്ലാം അതീതമാണ്. ഭാവാഭാവങ്ങള്‍ക്കുമതീതം. അഹംഭാവമെന്നത് വൃഥാഭ്രമം. മനസ്സെന്നത് മരീചിക. പ്രപഞ്ചവസ്തുക്കള്‍ വെറും ജഢം. ആരാണവയില്‍ ‘ഇത് ഞാന്‍’ എന്നവകാശപ്പെടുന്നത്?

ദേഹം രക്താസ്ഥിസഞ്ചയം. മനസ്സ് ആത്മാന്വേഷണത്തില്‍ ഇല്ലാതാവുന്നു. ബോധത്തിലെ സ്വാര്‍ജ്ജിതപരിമിതികളായ ധാരണാ കല്‍പ്പനകള്‍ വെറും ജഢം. അപ്പോള്‍പ്പിന്നെ ഈ അഹം എന്താണ്? ഇന്ദ്രിയങ്ങള്‍ അവയുടെ സ്വാഭീഷ്ടങ്ങള്‍ സാധിതമാക്കി എപ്പോഴും വര്‍ത്തിക്കുന്നു. പ്രപഞ്ചവസ്തുക്കള്‍ ലോകവിഷയങ്ങളാണ്. പിന്നെ അഹമെവിടെ?
പ്രകൃതി അതിന്റെ നൈസര്‍ഗ്ഗിക സ്വഭാവങ്ങളനുസരിച്ച് പരസ്പര പൂരകങ്ങളായി വര്‍ത്തിക്കുന്നു. കണ്ണ് വെളിച്ചമായും കാത് ശബ്ദമായും ചേര്‍ന്നിരിക്കുന്നു. സ്വയം നിലകൊള്ളുന്നതെന്താണ്? അഹമെവിടെയാണ്?

ആത്മാവ്, എല്ലാവരുടെയും പരമാത്മാവായി എല്ലാടവും എല്ലായ്പ്പോഴും നിലകൊള്ളുന്നു. ഞാനാരാണ്? എന്താണെന്റെ രൂപം? എന്നെയുണ്ടാക്കിയതെന്തു വസ്തുകൊണ്ടാണ്? ആരാണുണ്ടാക്കിയത്? ഞാനെന്താണ് ഗ്രഹിക്കേണ്ടതും ത്യജിക്കേണ്ടതും? “ ‘ഞാന്‍’ എന്ന് വിളിക്കാന്‍ പര്യാപ്തമായ ഒന്നും ഇല്ല. ഭാവാഭാവങ്ങള്‍ക്ക് വിധേയമാവാത്ത ഒന്നുമില്ല.  അഹം എന്ന വസ്തു വാസ്തവത്തില്‍ ഇല്ലാത്തതാണെന്നിരിക്കേ ആ അഹവുമായി ആരെങ്ങിനെയാണ് ബന്ധപ്പെട്ടിരിക്കുക?”

ഇങ്ങിനെ യാതൊരുവിധ ബന്ധങ്ങളും സത്തല്ല എന്നറിയുമ്പോള്‍ ദ്വന്ദത എന്ന തെറ്റിദ്ധാരണ ഇല്ലാതെയാകുന്നു. അപ്പോള്‍പ്പിന്നെ ആകെയുള്ളത് ഒരേയൊരു വിശ്വസത്തമാത്രം. ബ്രഹ്മം, ആത്മാവ് എന്നെല്ലാം വിളിക്കപ്പെടുന്ന ആ ഒന്ന്‍.. ഞാനാണാ സത്ത. പിന്നെയെന്തിനു ഭ്രമങ്ങളില്‍പ്പെട്ടുഴറണം? സര്‍വ്വവ്യാപിയായ നിത്യശുദ്ധ ബോധം മാത്രമുള്ളപ്പോള്‍ അഹം എന്ന ധാരണതന്നെ എങ്ങിനെ സത്യമാവാനാണ്?

യാതൊരു വസ്തുക്കള്‍ക്കും സത്യത്തില്‍ സത്തയില്ല. ആത്മാവ് മാത്രമാണുണ്മ. വസ്തുക്കള്‍ക്ക് എന്തെങ്കിലും സത്ത കല്‍പ്പിച്ചു നല്‍കിയാല്‍ത്തന്നെ അവയുമായി ആത്മാവിനു ബന്ധുതയൊന്നുമില്ല. ഇന്ദ്രിയങ്ങള്‍ , മനസ്സ്, എന്നിവ അവയവയുടെ ധര്‍മ്മം ചെയ്യുന്നു. എന്നാല്‍ ബോധം അവയെ ബാധിക്കുന്നില്ല. എന്താണീ ബന്ധങ്ങള്‍ ? അവയെങ്ങിനെ സംജാതമായി? ഒരു കല്ലും ഇരുമ്പു ദണ്ഡും അടുത്തടുത്ത് കിടക്കുന്നതുപോലെ, അവ അടുത്തടുത്ത് (((-  --ആപേക്ഷികമായി- നില്‍ക്കുന്നു എന്നുള്ളതുകൊണ്ട് മാത്രം അവ തമ്മില്‍ ഏതെങ്കിലും ബന്ധം ആരോപിക്കുന്നത് ശരിയല്ല.

മനസ്സ് സ്വയം ശരീരത്തില്‍ നിന്നും വിഭിന്നമായി കാണുന്നതോടെ അത് തന്റെ ഉപാധികളും ധാരണകളും ഉപേക്ഷിക്കുന്നു. തന്റെ ക്ഷണികാസ്ഥിത്വത്തെപ്പറ്റി ബോധമുണ്ടായി വിജയിക്കുന്നു. മനസ്സും ശരീരവും പരസ്പരം ശത്രുതയിലാണ്. അവയുടെ അന്ത്യത്തോടെ പരമാനന്ദം സാദ്ധ്യമാവുന്നു. അവര്‍ രണ്ടുമുള്ളപ്പോള്‍ പരസ്പരമുള്ള കലഹം മൂലം, എണ്ണമറ്റ ദുരിതാനുഭവങ്ങളുണ്ടാവുന്നു. മനസ്സാണ് സ്വന്തം ചിന്താശക്തിയിലൂടെ ശരീരത്തിന് ജന്മം നല്‍കുന്നത്. ഈ ശരീരത്തിന് തുടര്‍ച്ചയായി ദു:ഖങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നതും മനസ്സ് തന്നെയാണ്. ഇങ്ങിനെ കഷ്ടപ്പെടുത്തുന്നതുകൊണ്ട് ശരീരം മനസ്സിനെ (അതായത് സ്വന്തം സൃഷ്ടാവിനെ) ഇല്ലായ്മചെയ്യാന്‍ ഇച്ഛിക്കുന്നു.  

ഈ ലോകത്തില്‍ ആരും സുഹൃത്തായോ ശത്രുവായോ ഇല്ല. കാരണം താല്‍ക്കാലികമായി ആരാണോ സുഖാനുഭവങ്ങള്‍ നല്‍കുന്നത്, അവനാണ് സുഹൃത്ത്. ദു:ഖാനുഭവദാദാക്കള്‍ ശത്രുക്കളും.മനസ്സും ശരീരവും നിരന്തരമിങ്ങിനെ പരസ്പരം പോരടിച്ചു കൊണ്ടിരിക്കുമ്പോള്‍ എങ്ങിനെയാണ് സുഖമുണ്ടാവുക? മനസ്സിനെ ഇല്ലാതാക്കിയാലാണ് സുഖമുണ്ടാവുക എന്നതുകൊണ്ട് ശരീരം എല്ലാ ദിവസവും ദീര്‍ഘനിദ്രയില്‍ അതിനായി പരിശ്രമിക്കുന്നു. എന്നാല്‍ ആത്മജ്ഞാനമുണ്ടാവുന്നത് വരെ ശരീരവും മനസ്സും പരസ്പരം പ്രബലപ്പെടുത്തി ഒരേ ലക്ഷ്യത്തോടെ നീങ്ങുന്നതായാണു കാണുന്നത്. ജലവും അഗ്നിയും പരസ്പര വിരുദ്ധമാണെങ്കിലും അവ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നത് പാചകത്തിന്റെ കാര്യത്തില്‍ നമുക്കനുഭവമാണല്ലോ.

“മനസ്സൊടുങ്ങുമ്പോള്‍ ശരീരവുംഇല്ലാതാവുന്നു. അത് സംഭവിക്കുന്നത് ചിന്താശക്തിയും മനോപാധികളും നിലയ്ക്കുന്നതുകൊണ്ടാണ്. എന്നാല്‍ ശരീരമില്ലാതാവുമ്പോള്‍ മനസ്സ് നിലയ്ക്കുന്നില്ല. അതിനാല്‍ മനസ്സിനെ ഇല്ലാതാക്കാനാണ് സാധകന്‍ ശ്രമിക്കേണ്ടത്.”

 ചിന്താശതങ്ങളാകുന്ന മരങ്ങള്‍ നിറഞ്ഞ കാടാണ് മനസ്സ്. അതിലെ വള്ളിച്ചെടികളാണാസക്തികള്‍ .  അതിനെ ഇല്ലാതാക്കിയാലെനിക്ക് നിത്യാനന്ദം പ്രാപിക്കാം. മനസ്സ് മരിച്ചുകഴിഞ്ഞ് മാംസാസ്ഥിരക്തസഞ്ചയമായ ഈ ശരീരം നിലനിന്നാലുമില്ലെങ്കിലും എനിക്കൊന്നുമില്ല. കാരണം ‘ഞാന്‍’ ഈ ശരീരമല്ല എന്നുറപ്പ്. ശവശരീരം പ്രവര്‍ത്തനക്ഷമമല്ലല്ലൊ. ആത്മജ്ഞാനമുള്ളിടത്ത് മനസ്സും ഇന്ദ്രിയങ്ങളുമില്ല. ധാരണകളും ആശാസങ്കല്‍പ്പങ്ങളും ഇല്ല. ഞാനാ പരമപദത്തിലെത്തിയിരിക്കുന്നു. ഞാന്‍ വിജയിയായിരിക്കുന്നു. എനിക്ക് മോക്ഷമായിരിക്കുന്നു. ഞാന്‍ നിര്‍വാണപദം പ്രാപിച്ചിരിക്കുന്നു.

എണ്ണക്കുരുവില്‍നിന്നും ആട്ടിയെടുത്ത എണ്ണയ്ക്ക് ആ കുരുവുമായി പിന്നെ യാതൊരു ബന്ധവുമില്ലാത്തതുപോലെ മനോബുദ്ധിന്ദ്രിയങ്ങളുമായുള്ള എന്റെ ബന്ധങ്ങളെല്ലാം അവസാനിച്ചിരിക്കുന്നു. ഇപ്പോളെനിക്ക് മനസ്സും ശരീരവും ഇന്ദ്രിയങ്ങളും വെറും കളിപ്പാട്ടങ്ങളാണ്.
നിര്‍മലത, ആശകളുടെ പൂര്‍ണ്ണസഫലത (അതിനാല്‍ത്തന്നെ ആശകളില്ലാത്ത അവസ്ഥ), സൌഹൃദം, സത്യം, വിവേകം, പ്രശാന്തത, മധുരഭാഷണം, മഹത്വം, പ്രഭ, എകാത്മകത, അവികലവും അവിഛിന്നവുമായ അനന്താവബോധം എന്നിവയാണ് എന്റെ സന്തതസഹചാരികള്‍ . എല്ലായ്പ്പോഴും എല്ലാം എവിടെയും ഏതുവിധേനെയും നടക്കുന്നത് എന്നിലായതിനാല്‍ പ്രീതികരമോ അപ്രീതികരമോ ആയ ഒന്നിനോടും എനിക്കാമുഖ്യമോ വിരോധമോ ഇല്ല. മനസ്സൊടുങ്ങി, ഭ്രമങ്ങളടങ്ങി, ദുഷ്ചിന്തകളില്ലാതെ ഞാനെന്നില്‍ത്തന്നെ പരമപ്രശാന്തിനാണിപ്പോള്‍ .

വസിഷ്ഠന്‍ തുടര്‍ന്നു: എന്നിട്ട് മഹര്‍ഷി ഉദ്ദാലകന്‍ പത്മാസനത്തിലിരുന്നു. പാതി അടഞ്ഞ കണ്ണുകളോടെ ധ്യാനത്തിലാണ്ടു. അദ്ദേഹം പരമോന്നതാവസ്ഥയെ പ്രദാനം ചെയ്യുന്ന പ്രണവമന്ത്രമായ ഓംകാരം ജപിച്ചു. അദ്ദേഹത്തില്‍ മുഖരിതമായ ഓംകാരം ആ ദേഹത്തില്‍ ആപാദചൂഡം ചെറുപ്രമ്പനങ്ങളുണ്ടാക്കി. ആദ്യമായി അദ്ദേഹം ശ്വാസത്തെ പൂര്‍ണ്ണമായും ഉഛ്വസിച്ചു കളഞ്ഞു. പ്രാണശക്തി, ശരീരമുപേക്ഷിച്ച് ആകാശസീമകളില്‍ , അനന്താവബോധത്തില്‍ , ചുറ്റിത്തിരിയുന്നതു പോലെയായിരുന്നു അത്. ഹൃദയത്തില്‍ നിന്നുയര്‍ന്ന അഗ്നി അദ്ദേഹത്തിന്‍റെ ദേഹത്തെ ആകമാനം ചൂടാക്കി. ഹഠയോഗാഭ്യാസത്തിന്റെ ഭാഗമായി ഉദ്ദാലകന്‍ ഇതെല്ലാം നേരത്തെ പഠിച്ചിരുന്നു.

രണ്ടാമത്തെ ഓംകാരജപത്തോടെ അദ്ദേഹം പൂര്‍ണ്ണമായ സമസംതുലിതാവസ്ഥയെ പ്രാപിച്ചു. പെട്ടെന്ന് പ്രാണശക്തി പ്രകമ്പനമോ പ്രകോപനമോ ഇല്ലാതെ, ചലനമേതുമില്ലാതെ പിടിച്ചു നിന്നു. അകത്തും പുറത്തുമല്ലാതെ താഴെയോ മുകളിലോ അല്ലാതെ പ്രാണന്‍ അനങ്ങാതെ നിന്നിടത്തുറച്ചു നിന്നു. ശരീരം എരിഞ്ഞു ഭസ്മമായിക്കഴിഞ്ഞപ്പോള്‍ അഗ്നി സ്വയമടങ്ങി. ശുദ്ധശുഭ്രമായ ഭസ്മം മാത്രം അവശേഷിച്ചു കാണായി.

അസ്ഥികള്‍ ഭംഗിയില്‍ സ്വയം കര്‍പ്പൂരമെന്നതുപോലെ ജാജ്വല്യമാനമായി എരിയുന്നുണ്ടായിരുന്നു.Iഅവശേഷിച്ച ചാരം പ്രബലമായ ഒരു കാറ്റില്‍ പറന്നുപോയി ആകാശത്തില്‍ വിലയിച്ചു. ഹഠയോഗത്തിന്റെ സഹജമായ വേദനകളൊന്നുമില്ലാതെയാണദ്ദേഹമിത് സാധിച്ചത്. മൂന്നാമത്തെ ഓംകാരം പ്രശാന്തതയുടെ ഉത്തുംഗസീമയില്‍ എത്തവേ പ്രാണവായു അകത്തേക്കെടുക്കാന്‍ സമയമായി. ഈയവസരത്തില്‍ ബോധമെന്ന അമൃതിന്റെ ഉള്ളിലായി നിലകൊണ്ടിരുന്ന പ്രാണന്‍ ശാന്തശീതളമായ മാരുതനായി ആകാശം നിറഞ്ഞു. അത് ചാന്ദ്രസീമയിലെത്തി. അവിടെ നിന്നത് പവിത്രരശ്മികളായി ശരീരത്തില്‍ ബാക്കിനിന്ന ഭസ്മത്തില്‍ വര്‍ഷിക്കപ്പെട്ടു. പൊടുന്നനെ ആ ചാരത്തില്‍ നിന്നും വിഷ്ണുരൂപത്തില്‍ നാല് കൈകളോടെ ഒരു ദിവ്യസത്വം ഉയര്‍ന്നു വന്നു. ഉദ്ദാലകന്‍ ദിവ്യതയുടെ മൂര്‍ത്തിമദ്ഭാവമായ ദേവനായി പരിണമിച്ചു.

“കുണ്ഡലിനിയില്‍ നിറഞ്ഞു നിന്ന പ്രാണശക്തി സര്‍പ്പിളമായി എല്ലാടവും പരന്നു.” അങ്ങിനെ ഉദ്ദാലകന്റെ ശരീരം പരിപൂര്‍ണ്ണമായും നിര്‍മലതയെ പ്രാപിച്ചു. പിന്നീടദ്ദേഹം തന്റെ പത്മാസനത്തെ പൂര്‍വ്വാധികം ഉറപ്പിച്ചു നിര്‍ത്തി, ഇന്ദ്രിയങ്ങളെ മുറുകെ കെട്ടി, തന്റെ ബോധമണ്ഡലത്തെ ചിന്തകളുടെ കണിക പോലുമില്ലാതെയാക്കാനുള്ള ശ്രമം തുടങ്ങി. മനസ്സിനെ എല്ലാ ശക്തികളുമുപയോഗിച്ച് നിയന്ത്രിച്ചു. അപ്പോഴും അദ്ദേഹത്തിന്‍റെ അര്‍ദ്ധനിമീലിതങ്ങളായ നേത്രങ്ങള്‍ അനക്കമൊന്നുമില്ലാതെ നിശ്ചലവും പ്രശാന്തവുമായിരുന്നു. മനസ്സ് നിശ്ശബ്ദമായിരിക്കെ അദ്ദേഹം പ്രാണനെയും അപാനനെയും സംതുലമാക്കി നിലനിര്‍ത്തി.

വിത്തില്‍നിന്നും എണ്ണയെടുക്കുന്നതുപോലെ അന്തരേന്ദ്രിയങ്ങളെ അവയുടെ സഹജമായ ബാഹ്യവസ്തുക്കളിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നതില്‍ നിന്നും അദ്ദേഹം ശ്രദ്ധയോടെ പിന്‍വലിച്ചു. എന്നിട്ടദ്ദേഹം മുന്‍കാല അനുഭവങ്ങളുടെ ഫലമായുണ്ടായ മനോപാധികളെപ്പറ്റി മനപ്പൂര്‍വ്വം ബോധവാനായി. പിന്നീട് ഈ ഉപാധികളില്‍ നിന്നും തന്റെ അവബോധത്തെ സ്വതന്ത്രവും അങ്ങിനെ ശുദ്ധവുമാക്കി. അദ്ദേഹമെന്നിട്ട് തന്റെ ഗുദദ്വാരം തുടങ്ങിയ നവദ്വാരങ്ങളേയും അടച്ചുപിടിച്ചു. അങ്ങിനെ സമഗ്രമായ യോഗവിദ്യയിലൂടെ പ്രാണനെയും അവബോധത്തെയും ബാഹ്യാഭിമുഖമാവുന്നതില്‍ നിന്നും വിലക്കിയിട്ട് അദ്ദേഹം തന്റെ മനസ്സ് ഹൃദയത്തില്‍ അഭിരമിപ്പിച്ചു.

അപ്പോള്‍ ഉദ്ദാലകന്റെ മനസ്സ് പൂര്‍ണ്ണപ്രശാന്തതയില്‍ അചഞ്ചലമായി പരിലസിച്ചു. തന്റെ ആത്മപ്രകാശത്തിനു തടസ്സമായി നിന്ന അവിദ്യയെന്ന ഇരുട്ടിനെ അദ്ദേഹം നേരില്‍ക്കണ്ടു. എന്നിട്ടാ ഇരുട്ടിനെ ജ്ഞാനമാകുന്ന വെളിച്ചം കൊണ്ട് ഇല്ലാതാക്കിയിട്ട് ആ പ്രഭാപൂരത്തെ ഉള്ളില്‍ ആവാഹിച്ചു നിര്‍ത്തി. ആ വെളിച്ചം മങ്ങുമ്പോഴാണ് മഹര്‍ഷി സുഷുപ്തിയിലേയ്ക്കു വീണു പോവാന്‍ തുടങ്ങിയത്. എന്നാലാ മാന്ദ്യവും ഇല്ലാതാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സുഷുപ്തിയുടെ ആലസ്യം ഇല്ലാതായതോടെ മഹര്‍ഷിയുടെ മനസ്സ് വൈവിധ്യമാര്‍ന്നതും ഉജ്വലപ്രഭ പരത്തുന്നതുമായ അനേകം രൂപങ്ങളെ വിക്ഷേപിക്കാന്‍ തുടങ്ങി. എന്നാലീ ദര്‍ശനങ്ങളെയും മുനി മറികടന്നു. അപ്പോഴേക്ക് അദ്ദേഹം ലഹരിയില്‍ മദിച്ചവനെപ്പോലെ വീണ്ടും മന്ദനായി പരിണമിച്ചു. എന്നാലാ തമസ്സും അദ്ദേഹം ക്ഷണത്തില്‍  അതിജീവിച്ചു.

അതിനുശേഷം ഇതുവരെ പറഞ്ഞതില്‍ നിന്നുമെല്ലാം വ്യത്യസ്ഥമായ ഒരവസ്ഥയില്‍ മഹര്‍ഷിയുടെ മനസ്സ് വിശ്രമം കൊണ്ടു. അല്‍പ്പനേരം അങ്ങിനെ കഴിഞ്ഞപ്പോഴേയ്ക്ക് അസ്തിത്വത്തിന്റെ സമഷ്ടി ദര്‍ശനത്തിലേയ്ക്ക് ആ മനസ്സുണര്‍ന്നുന്മുഖമായി. പിന്നീട് ക്ഷണത്തിലദ്ദേഹത്തില്‍ ശുദ്ധാവബോധമങ്കുരിച്ചു. ഇതുവരെ മറ്റ്‌ വസ്തുക്കളുമായി ബന്ധപ്പെട്ടിരുന്ന അവബോധമിപ്പോള്‍ സര്‍വ്വമാലിന്യങ്ങളും കളഞ്ഞു സ്വതന്ത്രവും നിര്‍മ്മലവുമായിരിക്കുന്നു. മണ്‍കുടത്തിലെ കളിമണ്ണു കലങ്ങിയ ജലം മുഴുവന്‍ ബാഷ്പീകരിച്ച് കുടം വരണ്ടുണങ്ങുമ്പോള്‍ ആ ചെളിയും കുടത്തിന്റെ അവിഭാജ്യഘടകമായി മാറുമല്ലോ.

അലകള്‍ കടലില്‍ അലിഞ്ഞുചേര്‍ന്ന്‍ ഒന്നാകുന്നതുപോലെ ബോധം വസ്തുപരിമിതികള്‍ വെടിഞ്ഞ് പരമനൈര്‍മ്മല്യം പ്രാപിക്കുന്നു. ഉദ്ദാലകന്‍ പ്രബുദ്ധനായി. ബ്രഹ്മാദി ദേവതകള്‍ അനുഭവിക്കുന്ന ആനന്ദം ഉദ്ദാലകനില്‍ വേദ്യമായി. അനിര്‍വ്വചനീയമായ ആനന്ദമാണത്. ആനന്ദസാഗരം. മഹാമുനിമാരെ ആ അനന്താവബോധത്തില്‍ ഉദ്ദാലകന്‍ കണ്ടുവെങ്കിലും അദ്ദേഹമവരെപ്പോലും അവഗണിച്ചു. ത്രിമൂര്‍ത്തികളെപ്പോലും അദ്ദേഹം അവിടെ കണ്ടു. എന്നാലദ്ദേഹം അവരില്‍നിന്നുമെല്ലാം അതീതമായ ഒരിടത്ത് പരമമായ ആനന്ദത്തോടെ ജീവന്‍മുക്തനായി വിരാജിച്ചു.

“അദ്ദേഹം പരിപൂര്‍ണ്ണമായ ആനന്ദസ്വരൂപമായി പരിണമിച്ചു കഴിഞ്ഞിരുന്നു. അതിനാല്‍ അനുഭവവേദ്യമായ ആനന്ദത്തിനപ്പുറമായിരുന്നു ആ അവസ്ഥ. അദ്ദേഹം ആനന്ദമോ നിരാനന്ദമോ അനുഭവിച്ചില്ല.” അദ്ദേഹം സ്വയം ശുദ്ധാവബോധമായി.

ഈയവസ്ഥ ഒരു ക്ഷണാര്‍ദ്ധമെങ്കിലും അറിഞ്ഞവര്‍ സ്വര്‍ഗ്ഗസുഖങ്ങളില്‍പ്പോലും തല്‍പ്പരരല്ല. ഇതാണ് പരമമായ ലക്ഷ്യം; ശാശ്വതമായ നിവാസസ്ഥലം. ഈ നിലയിലെത്തിവര്‍ പിന്നെ വിഷയ-വിഷയീ ബന്ധങ്ങളില്‍പ്പെട്ടുഴറുകയില്ല. പൂര്‍ണ്ണമായും അറിവുണര്‍ന്ന അവര്‍ക്ക് പിന്നീട് ധാരണകളാലും സങ്കല്‍പ്പമോഹങ്ങളാലും കഷ്ടപ്പെടേണ്ടി വരികയില്ല. ഇതൊരു ‘നേട്ടം’ അല്ല. ഒന്നും നേടേണ്ടതില്ലാത്ത ഒരവസ്ഥയാണിത്. മാനസീകമായി തന്നെ സമീപിച്ച സിദ്ധികളുടെയൊന്നും പ്രലോഭനങ്ങളില്‍പ്പെടാതെ ആറു മാസക്കാലം ഉദ്ദാലകന്‍ ആ സ്ഥിതിയില്‍ത്തന്നെയിരുന്നു. മാമുനിമാരും മഹര്‍ഷിമാരും അദ്ദേഹത്തെ വാഴ്ത്തി.

സ്വര്‍ഗ്ഗവാസത്തിനായി കിട്ടിയ ക്ഷണം അദ്ദേഹം നിരാകരിച്ചു. എല്ലാ മോഹങ്ങളുമൊഴിഞ്ഞ ജീവന്മുക്തനായ ഒരു മാമുനിയായി അദ്ദേഹം എല്ലാടവും കറങ്ങി നടന്നു. അദ്ദേഹം ദിവസങ്ങളും മാസങ്ങളും ഗുഹകളിലിരുന്നു ധ്യാനം ചെയ്തു ചിലവഴിച്ചു. മറ്റവസരങ്ങളില്‍ അദ്ദേഹം സാധാരണ ജീവിതം നയിച്ചുവെങ്കിലും സമ്പൂര്‍ണ്ണസമതയുടെ സംതുലിതാവസ്ഥയിലായിരുന്നു അദ്ദേഹം വിരാജിച്ചിരുന്നത്. അദ്ദേഹത്തിലെ ഉള്‍വെളിച്ചം എപ്പോഴും ഒരേ തരത്തില്‍ ജ്വലിച്ചു പ്രഭ പരത്തിക്കൊണ്ടിരുന്നു. ഒരിക്കലുമതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായില്ല. ദ്വന്ദാവസ്ഥയുടെ എല്ലാ വികലതകളുമൊടുങ്ങി ദേഹാഭിമാനരഹിതനായി ശുദ്ധസ്വരൂപത്തില്‍ അദ്ദേഹം സദാ അഭിരമിച്ചു.    

ശുദ്ധ സത്വസ്വരൂപത്തെപ്പറ്റി രാമന്‍ ചോദിച്ചതിനുത്തരമായി വസിഷ്ഠന്‍ ഇങ്ങിനെ പറഞ്ഞു: വിഷയബോധം, അതായത് വസ്തു- പദാര്‍ത്ഥ- അസ്തിത്വത്തെപ്പറ്റിയുള്ള ചിന്തകളില്ലാതെ മനസ്സൊടുങ്ങിക്കഴിയുമ്പോള്‍ ബോധം അതിന്റെ സ്വരൂപമായിത്തന്നെ യാതൊരുപാധികളുമില്ലാതെ നിലകൊള്ളുന്നു. അതാണ്‌ ശുദ്ധസ്വരൂപം. അതായത് വസ്തുധാരണകളോ ആശയങ്ങളോ ഇല്ലാത്ത ബോധത്തിന് വ്യക്തിഗതസ്വഭാവങ്ങളൊന്നുമില്ല. അതാണ്‌ ശുദ്ധസത്വം.  ബാഹ്യവസ്തുക്കളും അന്തര്‍ധാരണകളും ബോധത്തില്‍ വിലയിക്കുമ്പോള്‍ ശുദ്ധസത്വമായി. ദേഹത്തോട് കൂടിയോ അല്ലാതെയോ ഉള്ള മുക്തന്മാരുടെയെല്ലാം ദിവ്യദര്‍ശനം ഇത്തരത്തിലുള്ളതാണ്.

ഈ ദര്‍ശനം പൂര്‍ണ്ണമായും അറിവുറച്ചവനും, ആഴമേറിയ ധ്യാനത്തില്‍ ആമഗ്നനായവനും, ആത്മജ്ഞാനിക്കും ലഭ്യമാകുമ്പോള്‍ അജ്ഞാനിക്ക് ഇതപ്രാപ്യമത്രേ. മാമുനിമാരും ത്രിമൂര്‍ത്തികളും ഈയൊരവബോധതലത്തിലാണ് വിരാജിക്കുന്നത്. ഈ ഉന്നതതലത്തിലെത്തിയ ഉദ്ദാലകനും കുറേക്കാലമങ്ങിനെ കഴിഞ്ഞു. കാലക്രമത്തില്‍ ‘ഈ മൂര്‍ത്തരൂപം ഉപേക്ഷിക്കുകതന്നെ’ എന്നൊരു ചിന്ത അദ്ദേഹത്തില്‍ അങ്കുരിച്ചു. ഉടനെതന്നെ മലമുകളിലെ ഒരു ഗുഹയില്‍പ്പോയി പത്മാസനത്തില്‍ അര്‍ദ്ധനിമീലിത നേത്രങ്ങളുമായി അദ്ദേഹമിരുന്നു. എന്നിട്ട് നവദ്വാരങ്ങളെയും അടച്ചുപിടിച്ചു. ഗുദദ്വാരം ഉപ്പൂറ്റി കൊണ്ടമര്‍ത്തിപ്പിടിച്ച് ഇന്ദ്രിയങ്ങളെ ഓരോന്നായി ഹൃദയത്തിലേയ്ക്ക് പിന്‍വലിച്ചു. പ്രാണനെ അടക്കിപ്പിടിച്ച് ദേഹത്തെ സമതുലിതാവസ്ഥയില്‍ നിലനിര്‍ത്തി. താടിയെല്ലുകള്‍ അല്‍പ്പം അകത്തിവെച്ച്, നാവിന്‍തുമ്പ് വായുടെ ഉള്ളിലെ മുകളറ്റമായ താലുവില്‍ മുട്ടിച്ചുവെച്ചു.

അദ്ദേഹത്തിന്‍റെ ഉല്‍ക്കാഴ്ച അകത്തേയ്ക്കോ പുറത്തേയ്ക്കോ, മുകളിലേയ്ക്കോ താഴേയ്ക്കോ ലക്ഷ്യമാക്കിയിരുന്നില്ല. അതിനു വിഷയങ്ങളുമായി ബന്ധമുണ്ടായിരുന്നില്ല. എന്നാലത് നിശ്ശൂന്യമായിരുന്നുമില്ല. അദ്ദേഹം പരമമായ അനന്താവബോധത്തില്‍ ആനന്ദതുന്ദിലനായി നിലകൊണ്ടു. ആനന്ദാനുഭവത്തിനുമപ്പുറം ശുദ്ധസ്വരൂപമായ അവബോധം മാത്രമായിരുന്നു ആ തലം. ഒരു ചിത്രപടംപോലെ ഉദ്ദാലകന്‍ ആ അഭൌമതലത്തില്‍ ഏറെനേരം നിലകൊണ്ടു.

 “ക്രമേണ അദ്ദേഹം പരിപൂര്‍ണ്ണ പ്രശാന്തതയിലെത്തി. സ്വയം സ്വരൂപത്തില്‍ വിലയിച്ചു. ജനനമരണചക്രത്തിന്റെ വരുതിയില്‍ നിന്നും എന്നെന്നേയ്ക്കുമായി മുക്തനായി.” അദ്ദേഹത്തിന്‍റെ സംശയങ്ങളെല്ലാം തീര്‍ന്നു. എല്ലാ ചിന്തകളും അവസാനിച്ചു. എല്ലാ മാലിന്യങ്ങളും ഒഴിഞ്ഞു. സ്വര്‍ഗ്ഗരാജ്യത്തെ ചക്രവര്‍ത്തിയുടെ സുഖത്തെപ്പോലും ത്രുണവല്‍ഗണിക്കാവുന്ന, വിവരണാതീതമായ ആനന്ദത്തിന്റെ ഉത്തുംഗത്തില്‍ അദ്ദേഹമെത്തി. അങ്ങിനെയൊരാറുമാസം കഴിഞ്ഞു.

അങ്ങിനെയിരിക്കെ ഒരുദിവസം ഒരു ഭക്തന്റെ പ്രാര്‍ത്ഥനയുടെ ഫലമായി പാര്‍വ്വതീദേവിയുടെ നേതൃത്വത്തില്‍ കുറേ ദേവതമാര്‍ ഉദ്ദാലകന്‍ ധ്യാനത്തിലിരുന്നയിടത്ത് എത്തി. ദേവന്മാര്‍പോലും പൂജിക്കുന്ന ആ ദേവി സൂര്യതാപത്താല്‍ വരണ്ടുണങ്ങിയ ഉദ്ദാലകന്റെ ദേഹമെടുത്ത് തന്റെ  ശിരസ്സിലണിഞ്ഞു. ഇതാണ്‌ ഏതോരന്വേഷകനേയും ഉത്തേജിപ്പിച്ച് അവനില്‍ ഉന്നതമായ ആത്മജ്ഞാനത്തിന്റെ ഉണര്‍വ്വുണര്‍ത്തുന്ന ഉദ്ദാലകചരിതം.

No comments:

Post a Comment