Monday, November 11, 2013

ലോകം മനസ്സുതന്നെയാണ്‌

 

“മനസ്സ് ജഢമാണ്‌.. അതിനുണ്മയില്ല. അതെന്നും മൃതമാണ്‌.. എന്നാലും ഈ മൃതസത്വം ലോകത്തിലെ ജീവജാലങ്ങളെ 'കൊന്നു'കൊണ്ടേയിരിക്കുന്നു. എത്ര വിചിത്രവും വിസ്മയകരവുമാണീ വിഡ്ഡിത്തം!” മനസ്സിനു സ്വന്തമായി ആത്മാവോ, ദേഹമോ, ആലംബമോ, രൂപമോ ഇല്ല. എങ്കിലും ഈ മനസ്സ് ലോകത്തിലെ എല്ലാമെല്ലാമാണ്‌.. തീർച്ചയായും ഇതൊരു സമസ്യതന്നെ. യഥാർത്ഥ്യത്തിൽ 'ഇല്ലാത്ത മനസ്സെന്നെ പീഢിപ്പിക്കുന്നു' എന്നു പറഞ്ഞാൽ അത് താമരപ്പൂവിതൾ കൊണ്ടെന്റെ തലയടിച്ചുടയ്ക്കുന്നു എന്നു പരാതിപറയും പോലെ അസംബന്ധമാണ്. ആരെങ്കിലും താൻ മനസ്സിന്റെ ഉപദ്രവത്താൽ വലയുന്നു എന്നു പറയുന്നത് ചാന്ദ്രരശ്മിയുടെ ‘ചൂടിൽ’ ചുട്ടുപൊള്ളൂന്നു എന്നു പറയുന്നതുപോലുള്ള വിഡ്ഡിത്തമാണ്‌ . മനസ്സ് ജഢവും, മൂകവും അന്ധവുമാണ്‌..

തന്റെ മുന്നിലുള്ള സൈന്യത്തെ മുഴുവൻ അടിച്ചമർത്തി ഇല്ലാതാക്കുന്ന വീരയോദ്ധാവിനെപ്പോലും ഈ ‘ഇല്ലാത്ത’ മനസ്സ് നശിപ്പിക്കുന്നു. ചിന്തകൾ കൊണ്ടു മെനഞ്ഞ ഈ മനസ്സെന്ന പ്രഹേളികയ്ക്ക് അസ്തിത്വമില്ല. അതിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള അന്വേഷണം നടത്തിയാലോ, അത് അസത്തായിത്തീരുന്നു. മൂഢത്വവും അജ്ഞതയുമാണ്‌ ഈ ലോകത്തിലെ ദു:ഖങ്ങൾക്കു കാരണം. ഈ ലോകസൃഷ്ടിയുടെ കാരണവും മറ്റൊന്നല്ല. ഇതറിഞ്ഞിട്ടുപോലും ഈ അസത്തായ ‘അവസ്തു’ വിനെ ജീവജാലങ്ങൾ പരിപോഷിപ്പിക്കുന്നത് എത്ര വിചിത്രം!

ലോകമെന്ന ഈ വിസ്മയക്കാഴ്ച്ച ഒരു സേനാനായകന്റെ ദു:സ്വപ്നം പോലെയാണ്‌.. സങ്കൽപ്പത്തിലെ ശത്രുവിന്റെ കണ്ണിൽ നിന്നും കാണാച്ചങ്ങലകൾ ബഹിര്‍വമിച്ചു  വന്ന് തന്നെ കെട്ടിവരിയുന്നു എന്ന തോന്നല്‍ !. ശത്രുവിനെപ്പറ്റിയുള്ള സ്വചിന്തകൾ സൃഷ്ടിച്ച അദൃശ്യരായ ശത്രുസേനകളാൽ താൻ ഉപദ്രവിക്കപ്പെടുന്നു. ഇങ്ങിനെ അസ്തിത്വമില്ലാത്ത, മനസ്സുണ്ടാക്കിയ ലോകത്തെ മറ്റൊരു മനസ്സ് നശിപ്പിക്കുന്നു. അതും 'അവസ്തു' തന്നെയെന്നു പറയേണ്ടതില്ലല്ലോ.

ഈ മായക്കാഴ്ച്ചയാകുന്ന ലോകം മനസ്സുതന്നെയാണ്‌.. മനസ്സിന്റെ ഈ സത്യാവസ്ഥ അറിയാൻ കഴിവില്ലാത്തവർക്ക് ശാസ്ത്രം ഉദ്ഘോഷിക്കുന്ന പരമസത്യമെന്തെന്നറിയാൻ യോഗ്യതയില്ല. അങ്ങിനെയുള്ള ഒരാളില്‍ ഈ അതിസൂക്ഷ്മമായ ശാസ്ത്രവിഷയം പതിയുകയില്ല. ആ മനസ്സിന്‌ ലോകമെന്ന മായാക്കാഴ്ചയുടെ പരിമിതമായ അറിവു തന്നെ ധാരാളം. ആ മനസ്സിൽ നിറയെ ഭയമായിരിക്കും. മധുരമായ വീണാനാദവും ദീർഘനിദ്രയിലുള്ള ബന്ധുജനങ്ങൾപോലും അവരെ ഭയപ്പെടുത്തുന്നു. അന്യരുടെ ഒച്ചപ്പാടും കൃമികീടങ്ങളുടെ ദൃശ്യവും അവർക്കു ഭയമാണ്‌.. അജ്ഞാനിയായവൻ ഈ ലോകദൃശ്യത്തിൽ, സ്വന്തം മൂഢമനസ്സിൽ ആമഗ്നനാണ്‌.. അയാൾ തന്റെ തന്നെ ഹൃദയനിവാസിയായ മനസ്സിന്റെ താപത്താൽ ചുട്ടെരിക്കപ്പെടുന്നു. ചിലപ്പോൾ സന്തോഷാനുഭവങ്ങളെ പ്രദാനംചെയ്യുമെങ്കിലും ഈ മനസ്സ് കൊടിയവിഷം പോലെ വിനാശകാരിയാണ്‌.. മൂഢമനസ്സെന്ന ഭ്രമക്കാഴ്ച്ചയിലാകയാൽ അയാൾ സത്യമറിയുന്നില്ല. ഇതെത്ര വിചിതം!

വസിഷ്ഠൻ തുടർന്നു: ബുദ്ധിവൈകല്യമുള്ളവരെ ആത്മീയതയിലേയ്ക്കുണര്‍ത്താന്‍ ശ്രമിക്കുന്നവർ ഒരു ചെറിയ കുടകൊണ്ട് ആകാശത്തെ മറയ്ക്കാൻ ശ്രമിക്കുന്നവരാണ്‌.. കാരണം, മൃഗങ്ങളെപ്പോലെ ജീവിക്കുന്നവരെ ഉന്നതനിലവാരത്തിലുള്ള തത്വചിന്താപാഠങ്ങള്‍ മനസ്സിലാക്കുക അസാദ്ധ്യം. സ്വന്തം മനസ്സാകുന്ന കയറാൽ ബന്ധിക്കപ്പെട്ട് അവർ മേയ്ക്കപ്പെടുകയാണ്‌.. അവർ സ്വന്തം മനസ്സിന്റെ മായാബന്ധത്തിൽപ്പെട്ടുഴന്ന് അജ്ഞാനത്തിന്റെ ചെളിക്കുണ്ടിലേയ്ക്കാഴ്ന്നു പോകുന്നതു കണ്ടാൽ കല്ലിനുപോലും കണ്ണീരു വരും. അതുകൊണ്ട് ജ്ഞാനികൾ അങ്ങിനെയുള്ള, മനോനിയന്ത്രണമില്ലാതെ വ്യാകുലചിത്തരായവരെ ആത്മവിദ്യ പഠിപ്പിക്കാൻ തുനിയുകയില്ല.

എന്നാൽ മനോനിയന്ത്രണം വന്ന് ആത്മാന്വേഷണത്തിനായി പക്വതയാർജ്ജിച്ചവരുടെ ദു:ഖം നീക്കാൻ മഹാത്മാക്കൾ മുൻകയ്യെടുക്കുകയും ചെയ്യും. രാമാ, മനസ്സിന്‌ അസ്തിത്വമില്ല. ആവശ്യമില്ലാതെ അതിന്റെ അസ്തിത്വത്തെ സങ്കൽപ്പിച്ചുണ്ടാക്കാതിരിക്കൂ. കാരണം സങ്കൽപ്പിച്ചുണ്ടാക്കിയാല്‍ മനസ്സൊരു ഭൂതത്തെപ്പോലെയാണ്‌.. നമ്മെയത് നശിപ്പിച്ചുകളയും. ആത്മാവിനെ നാം മറന്നുവെന്നാൽ ഈ സാങ്കൽപ്പിക വസ്തു- മനസ്സുണ്ട് എന്നർത്ഥം. മനസ്സ് വലുതാവുന്നത് തുടർച്ചയായി അതിനെക്കുറിച്ചാലോചിച്ചുറപ്പിച്ചുകൊണ്ടിരിക്കുന്നതിനാലാണ്‌.. അത്തരം ചിന്തകളുപേക്ഷിക്കൂ.

നിന്നിൽ വസ്തുതാബോധം അങ്കുരിക്കുമ്പോൾ നിന്റെ ബോധമണ്ഡലം പരിമിതപ്പെടുന്നു. നീ ഉപാധികൾക്കടിമയാവുന്നു. അതാണു ബന്ധനം. ഈ ഉപാധികളാകുന്ന  പരിമിതികളില്ലാതാവുന്നതാണു മുക്തി. മനസ്സില്ലാത്ത അവസ്ഥ. പ്രകൃതിയുടെ ഗുണഗണങ്ങളുമായി സമ്പർക്കമുണ്ടാവുന്നത് ബന്ധനത്തിനു കാരണമാകുന്നു. ആ സമ്പർക്കമുപേക്ഷിച്ചാൽ അതു മുക്തിയിലേയ്ക്കാണു നയിക്കുക. ഇതറിഞ്ഞ് നിനക്കിഷ്ടമുള്ള പാത സ്വീകരിക്കാം.

‘ഞാൻ അല്ല’, ‘ഇതല്ല’ (നേതി, നേതി) എന്നിങ്ങനെ ഉറപ്പിച്ച് അനന്താകാശം പോലെ അചഞ്ചലനായി വർത്തിക്കുക. ആത്മാവ്, ലോകം എന്നിങ്ങനെ 'രണ്ടായി പിരിഞ്ഞിരിക്കുന്ന' ലോകത്തെ സൃഷ്ടിക്കുന്ന മലിനചിന്തകളെ ഉപേക്ഷിക്കൂ. “ആത്മാവെന്ന ദൃഷ്ടാവിനും ലോകമെന്ന ദൃശ്യത്തിനും മദ്ധ്യേ നീ ദൃഷ്ടിയായി നിലകൊള്ളുന്നു. ഈ ദർശനത്തിന്റെ സാക്ഷാത്കാരം നിന്നുള്ളിലെപ്പോഴും നിറഞ്ഞുവിളങ്ങട്ടെ”. അനുഭവിക്കുന്നയാളിനും അനുഭവത്തിനും ഇടയിൽ നീയാണ്‌ ‘അനുഭവിക്കൽ’ എന്ന പ്രതിഭാസം എന്നറിഞ്ഞ് ആ ആത്മജ്ഞാനത്തിൽ ഉറച്ചു നിൽക്കുക.

ഈ ആത്മാവിനെവിട്ട് നീയൊരു വസ്തുവിനെക്കുറിച്ചു (വിഷയം) ചിന്തിക്കുമ്പോൾ നീ മനസ്സാകുന്നു (വിഷയി). അങ്ങിനെ ദു:ഖത്തിനു പാത്രമാകുന്നു. ആത്മവിദ്യയിൽ നിന്നു വേറിട്ട ബുദ്ധിശക്തിയാണു മനസ്സ്. ദു:ഖത്തിന്റെ മൂലഹേതുവാണത്. ‘എല്ലാമെല്ലാം ആത്മാവുമാത്രം’ എന്ന സാക്ഷാത്കാരമുണ്ടായാൽപ്പിന്നെ മനസ്സില്ല. വിഷയമില്ല, വിഷയി ഇല്ല, ചിന്തകളുമില്ല. ‘ഞാൻ ജീവനാണ്‌’ എന്നു ചിന്തിച്ചാലോ ദു:ഖസങ്കുലമായ മനസ്സുണ്ടാവുന്നു.

‘ഞാൻ ആത്മാവാണ്‌; ജീവനോ അതുപോലെ മറ്റെന്തെങ്കിലും വസ്തുക്കളോ സത്യത്തിൽ ഇല്ല’ എന്ന അറിവുണ്ടായാൽപ്പിന്നെ മനസ്സു നിലച്ചു. പരമാനന്ദമാണു പിന്നെ. “ഈ പ്രപഞ്ചം മുഴുവനും ആത്മാവു മാത്രം‘ എന്ന അറിവിന്റെ വെളിച്ചത്തിൽ മനസ്സെന്ന ഇരുട്ടിനു നിലനിൽപ്പില്ല. മനസ്സെന്ന സർപ്പം ദേഹത്തു കുടിയിരിക്കുമ്പോൾ മാത്രമേ ഭയമുള്ളു. യോഗസാധനകൾ കൊണ്ട് മനസ്സിനെ നീക്കംചെയ്താൽപ്പിന്നെ ഭയത്തിനു സ്ഥനമെവിടെ?

From: http://sreyas.in/mayakazhcha-yv217

No comments:

Post a Comment