Friday, March 15, 2013

മുക്തിപദപ്രാപ്തിക്ക്‌ മനോനിയന്ത്രണമല്ലാതെ മറ്റ്‌ മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല

മനോമാത്രം ജഗത്‌ കൃത്സ്നം മന: പര്യന്തമണ്ഡലം
മനോ വ്യോമ മനോ ഭൂമിര്‍മനോ വായുര്‍മനോ മഹാന്‍ (3/110/15)

വ്സിഷ്ഠന്‍ തുടര്‍ന്നു: ആദിയില്‍ പരമപുരുഷനില്‍ (അനന്താവബോധത്തില്‍ ഒരു വിഭജനം ഉണ്ടായി. എങ്ങിനെയെന്നാല്‍ ,അനന്തത, കാഴ്ച്ചവസ്തുവും കാഴ്ച്ചക്കാരനും ആയി. ഈ ദൃഷ്ടാവ്‌ കാഴ്ച്ചയെ സമ്പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍, അറിയാന്‍ശ്രമിക്കവേ ആകെ ചിന്താക്കുഴപ്പമായി. യാഥാര്‍ഥ്യമെന്ത്‌, കാഴ്ച്ചയെന്ത്‌ എന്നു തിരിച്ചറിയാന്‍ വയ്യാത്ത ഒരവസ്ഥ. ഈചിന്താക്കുഴപ്പത്തിന്റെ ഫലമായി അനന്താവബോധത്തില്‍ പരിമിതമായ അനേകം ധാരണകള്‍ ഉണ്ടായി. ഈ പരിമിതമനസ്സ്‌എണ്ണമില്ലാത്ത സങ്കല്‍പ്പങ്ങളും ആശയങ്ങളുമുണ്ടാക്കി. അവ ആത്മാവിനെ ക്ഷീണിതമാക്കി ഉണ്മയെ മറച്ച്‌ ദു:ഖാനുഭവംനല്‍കുന്നു. മനസ്സിവയെ പര്‍വ്വതാകാരമാക്കി അവതരിപ്പിക്കുന്നു. ഈ ആശയങ്ങളും അനുഭവങ്ങളും മനസ്സില്‍ മുദ്രിതമായിവാസനകളാവുന്നു. ഇവയില്‍ മിക്കതും പ്രകടമാവാതെ ലീനമായാണ്‌ നിലകൊള്ളുന്നത്‌.. മനസ്സവയെ ഉപേക്ഷിക്കുമ്പോള്‍സൂര്യോദയത്തില്‍ മൂടല്‍ മഞ്ഞെന്നപോലെ മൂടുപടം നീങ്ങി സത്യം തെളിയുന്നു. അതോടെ ദു:ഖത്തിനവസാനവുമായി.അതുവരെ കുട്ടികള്‍ തുമ്പികളെ കളിപ്പിക്കുമ്പോലെ, മനസ്സ്‌ കളിയായി ലീലയാടുകയാണ്‌..
മലിനമായ മനസ്സ്‌ വെറുമൊരു വിളക്കുകാലില്‍ ഭൂതത്തെ കാണുന്നു. അതു ബന്ധങ്ങളെ നശിപ്പിക്കുന്നു.സുഹൃത്തുക്കള്‍ക്കിടയില്‍പ്പോലും സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തി അവരെ ശത്രുക്കളാക്കുന്നു. മദ്യപിച്ചുലക്കുകെട്ടവന്‌ ലോകം മുഴുവന്‍ അവനുചുറ്റും കറങ്ങുന്നതായി കാണുന്നതുപോലെയത്രേ ഇത്‌.. തീവ്രവ്യഥക്കടിമപ്പെട്ട മനസ്സ്‌ഭക്ഷണത്തെ വിഷമാക്കുന്നു. രോഗത്തിനും മരണത്തിനും അതു കാരണമാകുന്നു. വാസനാമാലിന്യം നിറഞ്ഞ മനസ്സാണ്‌ഭ്രമകല്‍പ്പനകള്‍ക്കും ഭയത്തിനും മോഹവിഭ്രാന്തികള്‍ക്കും കാരണം. ഇതിനെയെല്ലാം വേരോടെ കളയാന്‍ ഒരുവന്‍പരിശ്രമിക്കേണ്ടതുണ്ട്‌..
മനസ്സല്ലാതെ മനുഷ്യന്‍ പിന്നെ മറ്റ്‌ എന്താണ്‌? ശരീരം ജഢമാണ്‌. അതിനു സ്വന്തമായി ചൈതന്യമില്ല. മനസ്സ്‌ ജഢമാണെന്നുപറയുകവയ്യ. അത്‌ ചൈതന്യവത്താണെന്നും ഉറപ്പില്ല. മനസ്സിന്റെ ചെയ്തികളാണ്‌ കര്‍മ്മങ്ങളായിപ്രകടമാവുന്നത്‌.. മനസ്സുകൊണ്ട്‌ ഉപേക്ഷിക്കുന്നതാണ്‌ സംന്യാസം.

"മനസ്സാണീ ലോകമഖിലം. മനസ്സാണ്‌ അന്തരീക്ഷം; മനസ്സാണ്‌ ആകാശം; മനസ്സാണ്‌ ഭൂമി; മനസ്സാണ്‌ വായു; മനസ്സ്‌അതിമഹത്താണ്‌.". മനസ്സിനു ജളത്വം ബാധിച്ചവനത്രേ മൂഢന്‍.. എന്നാല്‍ മരണത്തില്‍ ശരീരത്തിലെ പ്രജ്ഞ നഷ്ടപ്പെടുമ്പോള്‍ശവത്തെ ആരും 'വിഡ്ഢി' എന്നു വിളിക്കുകയില്ല. മനസ്സു കാണുന്നു; കണ്ണുകള്‍ അങ്ങിനെയുണ്ടായി. മനസ്സു കേള്‍ ക്കുന്നു;കാതുകള്‍ അങ്ങിനെയുണ്ടായി. മറ്റ്‌ ഇന്ദ്രിയങ്ങളും ഉണ്ടാക്കിയത്‌ മനസ്സാണ്‌..
ഏതു മധുരമെന്നും ഏതു കയ്പ്പെന്നും നിശ്ചയിക്കുന്നത്‌ മനസ്സാണ്‌.. ആരാണ്‌ ശത്രുവെന്നും ആരാണ്‌ മിത്രമെന്നും മനസ്സാണുതീരുമാനിക്കുന്നത്‌.. മനസ്സിലാണ്‌ കാലത്തെപ്പറ്റിയുള്ള ധാരണകളുള്ളത്‌.. ലവണരാജാവിന്റെ അനുഭവത്തില്‍ഒരുമണിക്കൂറിന്‌ ഒരായുസ്സിന്റെ നീളമുണ്ടായിരുന്നല്ലോ. മനസ്സാണ്‌ സ്വര്‍ഗ്ഗനരകങ്ങളെ നിശ്ചയിക്കുന്നത്‌. അതുകൊണ്ട്‌മനസ്സിനെ ജയിച്ചാല്‍ ഇന്ദ്രിയങ്ങളടക്കം എല്ലാത്തിനേയും ജയിച്ചു.

ന സ്പന്ദതേ മനോ യസ്യ ശസ്ത്രസ്തംഭ ഇവോത്തമ:സദ്‌ വസ്തുതോസൌ പുരുഷ: ശിഷ്ടാ: കര്‍ദ്ദമ കീടകാ: (3/110/63)

വസിഷ്ഠന്‍ തുടര്‍ന്നു: രാമ: സര്‍വ്വവ്യാപിയും, നിര്‍മ്മലവും, ശാശ്വതവും അനന്താവബോധവുമായ ആ പരം പൊരുളിനെമൂടുപടംകൊണ്ടു മറയ്ക്കാന്‍ മനസ്സിനാവുന്നു എന്നതിനേക്കാള്‍ വിസ്മയകരമായി മറ്റ്‌ എന്തുണ്ട്‌? എന്നിട്ടോ, അതിനെ മനസ്സ്‌ഈ ജഢമാത്രമായ ശരീരവുമായി കൂട്ടിക്കലര്‍ത്തി സംഭ്രമിപ്പിക്കുന്നു.

ചലനവസ്തുക്കളില്‍ മനസ്സ്‌ വായുവായി പ്രകടമാവുന്നു. ഭൂമിയുടെ ദൃഢതയും ആകാശത്തിലെ ശൂന്യതയും മനസ്സു തന്നെ.മനസ്സ്‌ മറ്റൊരിടത്താണെങ്കില്‍ കഴിക്കുന്ന ആഹാരത്തിന്റെ സ്വാദ്‌ അനുഭവവേദ്യമല്ല. മനസ്സ്‌ മറ്റൊരിടത്തുള്ളപ്പോള്‍കണ്മുന്നിലുള്ളതുകൂടി നമുക്ക്‌ കാണാനാവില്ല. ഇന്ദ്രിയങ്ങള്‍ മനസ്സില്‍നിന്നുണ്ടായതാണ്‌-. തിരിച്ചല്ല. മനസ്സും ശരീരവും രണ്ടുംരണ്ടാണെന്ന് വിഡ്ഢികളേ പറയൂ. അവ ഒന്നു തന്നെ. മനസ്സു മാത്രം. ഈ സത്യം സാക്ഷാത്കരിച്ച മഹര്‍ഷിമാര്‍ക്കുനമോവാകം. ഈ സത്യമറിഞ്ഞ മാമുനിമാര്‍ക്ക്‌, തന്നെയൊരു സ്ത്രീ വന്നു പുണര്‍ന്നാലും അതൊരു ശല്യമാവുന്നില്ല.ശരീരത്തിലൊരു തടിക്കഷണം സ്പര്‍ശിക്കുന്നതുപോലെയേ അതനുഭവമാകുന്നുള്ളു. കൈകള്‍ വെട്ടിമാറ്റിയാലുംഅചഞ്ചലമായിരിക്കാന്‍ അവര്‍ക്കാവും. എല്ലാ ദു:ഖങ്ങളേയും ആനന്ദാനുഭവമാക്കാനും അവര്‍ക്കാവും.

മനസ്സ്‌ മറ്റൊരിടത്താണെങ്കില്‍ അതിരസകരമായ ഒരു കഥ ചെവിയിലെത്തിയാലും നാം അതു കേള്‍ ക്കുന്നില്ല. സ്വയം പലകഥാപാത്രങ്ങളായി അഭിനയിക്കാന്‍ കഴിയുന്ന ഒരു കൃതഹസ്തനടനേപ്പോലെ സ്വപ്നം, ജാഗ്രത്ത്‌ തുടങ്ങിയപലബോധതലങ്ങളും സൃഷ്ടിക്കാന്‍ മനസ്സിനു കഴിയുന്നു. ലവണ മഹാരാജാവിനേപ്പോലെയുള്ള ഒരു മഹാനെപ്പോലുംഅപരിഷ്കൃതനായ ഒരു ഗോത്രവര്‍ഗ്ഗക്കാരനായി മാറ്റാന്‍ മനസ്സിനെത്രവേഗമാണു സാധിച്ചത്‌!!. മനസ്സ്‌

സ്വന്തമായികെട്ടിയുണ്ടാക്കുന്നതിനെയാണ്‌ അനുഭവിക്കുന്നത്‌.. ചിന്തകളാല്‍ പടുത്തുകെട്ടിയതാണ്‌ മനസ്സ്‌.. ഇതറിഞ്ഞ്‌ നീ നിനക്ക്‌ബോധിച്ചതുപോലെ പ്രവര്‍ത്തിച്ചാലും. തുടര്‍ച്ചയായ ചിന്തകള്‍കൊണ്ട്‌ ദൃഢീകൃതമായ മനസ്സ്‌ താന്‍ ജനിച്ചെന്നും മരിച്ചെന്നുംചിന്തിക്കുന്നു. സ്വയം രൂപരഹിതമെങ്കിലും മനസ്സ്‌ ശരീരവുമായി തദാത്മ്യഭാവം കൈക്കൊള്ളുന്നു. ശരീരമുള്ള ഒരുജീവനാണു താന്‍ എന്നു ധരിക്കുന്നു. ചിന്തകള്‍ കാരണമാണ്‌ ഒരുവനില്‍ ദേശചിന്തയും സുഖ-ദു:ഖാനുഭവങ്ങളുംഅങ്കുരിക്കുന്നത്‌.. വിത്തിലെ എണ്ണപോലെ ലീനമായി ഇതെല്ലാം മനസ്സിലുള്ളതുതന്നെ.

ആരൊരുവന്‍ മനസ്സിനെ സുഖം നേടാനായി വിഷയവസ്തുക്കളില്‍ അലയാന്‍ വിടുന്നില്ലയോ അവന്‍ മനസ്സിനെവെന്നവനാണ്‌.. "തൂണില്‍ ബന്ധിച്ചവന്‍ തൂണിനെപ്പോലെ തന്നെ അചലമാണ്‌.. അതുപോലെ മഹാത്മാക്കളുടെ മനസ്സ്‌ഉണ്മയില്‍നിന്നും വ്യതിചലിക്കുന്നില്ല. അവനാണ്‌ മനുഷ്യന്‍... മറ്റെല്ലാവരും വെറും പുഴുക്കളത്രേ." നിരന്തര ധ്യാനത്തിലൂടെ,സത്യമറിഞ്ഞവന്‍ പരമപദം പ്രാപിക്കുന്നു.

സര്‍വ്വം സര്‍വ്വഗതം ശാന്തം ബ്രഹ്മ സംപദ്ധ്യതേ തദാ
അസങ്കല്‍പ്പനശസ്ത്രേണ ച്ഛിന്നം ചിത്തം ഗതം യദാ  (3/111/15)

വസിഷ്ഠന്‍ തുടര്‍ന്നു: ഈ മനസ്സെന്ന ഭൂതത്തെ ജയിക്കാനുള്ള മാര്‍ഗ്ഗം സ്വപ്രയത്നത്തിന്റെ, അല്ലെങ്കില്‍ ആത്മജ്ഞാനത്തിന്റെസഹായത്താല്‍ സുഖാനുഭവങ്ങള്‍ക്കായുള്ള അതിന്റെ ആര്‍ത്തിപൂണ്ട  ആശകള്‍ ഉപേക്ഷിക്കുക എന്നതാണ്‌.. വാസ്തവത്തില്‍ ഇതിന്‌ പ്രത്യേകിച്ച്‌ കഠിനാദ്ധ്വാനം ഒന്നും ആവശ്യമില്ല. ചെറിയ കുട്ടികളുടെ ശ്രദ്ധഎളുപ്പത്തില്‍ തിരിച്ചുവിടുന്നതുപോലെ, ഉചിതമായ ഭാവമുണ്ടാക്കിയെടുക്കുന്നതിലൂടെ, നമുക്കും ഇതു സാധിക്കാം.അത്യാര്‍ത്തികളെ ഉപേക്ഷിക്കാന്‍ കഴിയാത്തവന്‍ നശിക്കുന്നു; കാരണം അതിലൂടെ മാത്രമേ ഒരുവന്‍ നന്മയിലേയ്ക്കുനയിക്കപ്പെടുകയുള്ളു. തീവ്രമായ സാധനയിലൂടെ മനസ്സിനെ ജയിക്കാം.

 അങ്ങിനെ ക്ലേശലേശംകൂടാതെ വ്യക്തിബോധത്തിന്‌അനന്താവബോധത്തില്‍ ആമഗ്നമാവാം. അപ്പോള്‍ വ്യക്തിത്വത്തിന്റെ ചട്ടക്കൂടെന്ന പരിമിതി ഇല്ലാതായിക്കഴിഞ്ഞു. ഇത്‌തീര്‍ച്ചയായും എളുപ്പത്തില്‍ സാധിക്കാവുന്നതാണ്‌.. ഇതിനു കഴിയാത്തവന്‍ മനുഷ്യരൂപത്തിലുള്ള കഴുകന്മാരത്രേ.
മുക്തിപദപ്രാപ്തിക്ക്‌ മനോനിയന്ത്രണമല്ലാതെ മറ്റ്‌ മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. അതായത്‌ മനസ്സിന്റെ ആര്‍ത്തികളെഉപേക്ഷിക്കാന്‍ തീവ്രപരിശ്രമം നടത്തുക എന്നതു തന്നെ. മനസ്സിനെ 'കൊല്ലാന്‍' സംശയലേശമന്യേ ഒരുറച്ചതീരുമാനമെടുക്കുക. ഇതു സാധിച്ചില്ലെങ്കില്‍ ഗുരുനാഥന്റെ നിദ്ദേശങ്ങള്‍ ക്കും, വേദഗ്രന്ഥപഠനത്തിനും മന്ത്രജപത്തിനുമെല്ലാംതൃണമൂല്യം മാത്രമേയുള്ളു എന്നറിയുക. "അസങ്കല്‍പ്പം എന്ന ആയുധംകൊണ്ട്‌ മനസ്സിന്റെ വേരറുത്താല്‍ മാത്രമേ ഒരുവന്‌സര്‍വ്വവ്യാപിയും പരമശാന്തവുമായ പരബ്രഹ്മപദം പ്രാപിക്കുവാന്‍ കഴിയൂ.

" തെറ്റായ ധാരണകളുടെയുംദു;ഖത്തിന്റെയും സന്തതിയാണ്‌ സങ്കല്‍പ്പം, അല്ലെങ്കില്‍ ഭാവന. ഇത്‌ ആത്മജ്ഞാനംകൊണ്ട്‌ ഇല്ലാതാക്കിയാല്‍പ്പിന്നെപരമശാന്തിയായി. എന്തുകൊണ്ടാണിത്‌ വളരെ ക്ലേശകരമായി തോന്നുന്നത്‌? മന്ദബുദ്ധികളാല്‍ ഉണ്ടാക്കപ്പെട്ട വിധി,നിയോഗം, ദൈവങ്ങള്‍ തുടങ്ങിയ പരിമിത സങ്കല്‍പ്പങ്ങളെ ഉപേക്ഷിക്കൂ എന്നിട്ട്‌ സ്വപ്രയത്നം കൊണ്ട്‌,ആത്മജ്ഞാനംകൊണ്ട്‌, മനസ്സിനെ 'അമനസ്സ്‌' ആക്കൂ. അനന്താവബോധത്തില്‍ വ്യക്തിബോധം മുങ്ങിവിലയനം  പ്രാപിച്ചപോലെ  ഇല്ലാതാവട്ടെ. എന്നിട്ട്‌ എല്ലാത്തിനും അപ്പുറം പോവുക.

പരംപൊരുളുമായി താദാത്മ്യം പ്രാപിച്ച നിന്റെ മേധാശക്തി, അനശ്വരമായ ആത്മാവില്‍ വിലീനമാവട്ടെ. അങ്ങിനെമനസ്സടക്കി എല്ലാ വികല്‍പ്പങ്ങളുമൊഴിഞ്ഞ ഒരുവന്‌ മൂന്നുലോകങ്ങളെ കീഴടക്കുക എന്നതുപോലുംപാഴ്വേലയായിത്തോന്നും. ഇതിന്‌ വേദപരിജ്ഞാനമോ, സമൂഹത്തിലെ ഉയര്‍ച്ച താഴ്ചകളോ പ്രശ്നമല്ല. ആത്മജ്ഞാനംമാത്രമാണു കാര്യം. എന്താണിതിനു പ്രയാസം? ഇതൊരാള്‍ക്ക്‌ പ്രയാസമെന്നു തോന്നിയാല്‍പ്പിന്നെ  എങ്ങിനെയാണീ ലോകത്ത്‌അത്മജ്ഞാനമില്ലാതെ നിഷ്പ്രയാസം ജീവിക്കുക? അതും പ്രയാസമേറിയതുതന്നെയല്ലേ? ഒരിക്കലും മരണമില്ലാത്തആത്മാവിനെ അറിഞ്ഞവന്‌ മരണത്തെ പേടിയില്ല. ബന്ധുമിത്രാദികളുടെ വേര്‍പാട്‌ അവനെ ബാധിക്കുന്നില്ല. 'ഇതു ഞാന്‍', 'ഇതെന്റേത്‌', എന്നീ ചിന്തകളാണ്‌ മനസ്സ്‌.. ഇവയെ മാറ്റിയാല്‍ പിന്നെ മനസ്സില്ല. അത്‌ ഭയരഹിതമായ അവസ്ഥയാണ്‌.. വാള്‍മുതലായ ആയുധങ്ങള്‍ ഭയജനകമാണ്‌.. എന്നാല്‍ അഹംകാരം നശിപ്പിക്കുന്ന വിജ്ഞാനമെന്ന ആയുധം അഭയമാണ്‌നല്‍കുന്നത്‌..

യത്തു ചഞ്ചലതാഹീനം തന്‍മനോ മൃതമുച്യതേ
തദേവ ച തപ:ശാസ്ത്രസിദ്ധാന്തോ മോക്ഷ ഉച്യതെ (3/112/8)

വസിഷ്ഠന്‍ തുടര്‍ന്നു: മനസ്സ്‌ എതേതു പദാര്‍ത്ഥങ്ങളിലേയ്ക്കാണോ തീക്ഷ്ണമായി ശ്രദ്ധതിരിച്ച് ചലിക്കുന്നത്‌, അവിടെആര്‍ത്തികളെ അടക്കാനുള്ള വഴി മനസ്സ്‌ സ്വയം കണ്ടെത്തുന്നു. എന്നാല്‍  ഈ ചലനത്തിന്റെ ദിശ തികച്ചും വ്യക്തമല്ല.സമുദ്രോപരിയുള്ള ഓളങ്ങളെപ്പോലെ അവ ചിലപ്പോള്‍ ചിലയിടത്ത്‌ അപ്പപ്പോള്‍ കാണപ്പെട്ടു മറയുകയാണ്‌.. മഞ്ഞുകട്ടയില്‍തണുപ്പ്‌ സഹജമെന്നതുപോലെ മനസ്സും ഈ ചഞ്ചലത്വവും  തമ്മില്‍ വേര്‍പിരിക്കാനാവില്ല.

രാമന്‍ ചോദിച്ചു: മഹാത്മന്‍, മനസ്സിന്റെ ഈ അസ്വസ്ഥതയെ ബലമായി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്‌ കൂടുതല്‍വിക്ഷോഭങ്ങള്‍ക്കിടയാക്കുകയില്ലേ?
വസിഷ്ഠന്‍ പറഞ്ഞു: ശരിയാണ്‌, അസ്വസ്ഥതകളില്ലെങ്കില്‍ മനസ്സില്ല. മനസ്സിന്റെ സഹജഭാവം തന്നെഅസ്വസ്ഥതയാണ്‌.. അനന്താവബോധത്തെ അടിസ്ഥാനമാക്കി മനസ്സിലുള്ള അസ്വസ്ഥതയാണ്‌ ഈ ലോകമായിപ്രകടമാവുന്നത്‌.. രാമ: അതാണ്‌ മനസ്സിന്റെ ശക്തി. "എന്നാല്‍ മനസ്സില്‍ നിന്ന് ഈ അസ്വസ്ഥതയെ നീക്കം ചെയ്താല്‍ അതു'മരിച്ച' മനസ്സാണ്‌.. അതാണ്‌ തപസ്സ്‌.. വേദശാസ്ത്രങ്ങളിലൂടെ വെളിവാകുന്ന മുക്തിയും അതാണ്‌.". മനസ്സങ്ങിനെഅനന്താവബോധത്തില്‍ വിലയിക്കുമ്പോള്‍ പരമ ശാന്തിയും മനസ്സ്‌ ചിന്തകളില്‍ മുഴുകുമ്പോള്‍ ദു:ഖവുമാണ്‌ ഫലം.

മനസ്സിന്റെ ഈ അസ്വസ്ഥതയാണ്‌ അവിദ്യ, അജ്ഞാനം, എന്നൊക്കെ അറിയപ്പെടുന്നത്‌.. അതാണ്‌ വാസനകളുടെ ഇരിപ്പിടം.നിരന്തരമായ അന്വേഷണത്തിലൂടെ, സുഖദായികളായ വിഷയവസ്തുക്കളോടുള്ള ആസക്തി ഉപേക്ഷിച്ച്‌, അതിനെഇല്ലാതാക്കുക. രാമ: മനസ്സ്‌ ഒരു നാഴികമണിയുടെ നാക്കുപോലെ സത്തില്‍ നിന്നും അസത്തിലേയ്ക്ക്‌, ബോധത്തില്‍നിന്നുംജഢത്തിലേയ്ക്ക്‌, ചഞ്ചാടിക്കൊണ്ടേയിരിക്കുന്നു. ജഢവസ്തുവില്‍ ഏറെക്കാലം ശ്രദ്ധപതിപ്പിച്ചിരുന്നാല്‍ മനസ്സ്‌ ആജഢസ്വഭാവം സാത്മീകരിക്കുന്നു. അതേ മനസ്സ്‌ ആത്മാന്വേഷണത്തിന്റേയും ജ്ഞാനത്തിന്റേയും മാര്‍ഗ്ഗത്തിലേയ്ക്ക്‌ഉന്മുഖമാവുമ്പോള്‍ എല്ലാ സങ്കല്‍പ്പങ്ങളും കുടഞ്ഞെറിഞ്ഞ്‌ നിര്‍മ്മലബോധമെന്ന സ്വരൂപത്തിലേയ്ക്ക്‌ തിരിച്ചെത്തുന്നു.

സ്വാഭാവികമായുള്ളതോ സങ്കല്‍പ്പിച്ചുണ്ടാക്കിയതോ ആയ വസ്തുവിന്റെ രൂപം മനസ്സ്‌ ആര്‍ജ്ജിക്കുന്നു. അതുകൊണ്ട്‌ദൃഢനിശ്ചയത്തോടെ, ബുദ്ധിപൂര്‍വ്വം എല്ലാ ദു:ഖങ്ങള്‍ക്കുമതീതമായ, സംശയരഹിതമായ ആ അവസ്ഥയെ ധ്യാനിക്കൂ.മനസ്സിന്‌ സ്വയം നിയന്ത്രിക്കാന്‍ അറിയാം മറ്റൊരു മാര്‍ഗ്ഗം ഇല്ല താനും. ജ്ഞാനികള്‍ അവരുടെ ലീനവാസനകളെ (അതു മനസ്സുതന്നെ) അവ ഉയരുന്ന മാത്രയില്‍ത്തന്നെ നീക്കംചെയ്ത്‌ അവിദ്യയെ ജയിക്കുന്നു. ആദ്യം ആര്‍ത്തികളെ ത്യജിച്ച്‌മനോപാധികളെ നശിപ്പിക്കുക. പിന്നീട്‌ ബന്ധനം, മോചനം തുടങ്ങിയ ധാരണകളെപ്പോലും മനസ്സില്‍നിന്നു നീക്കുക. അങ്ങിനെഎല്ലാ ഉപാധികളില്‍നിന്നും പൂര്‍ണ്ണമായി സ്വതന്ത്രനാവുക.

മാ വാകര്‍ത്താ ഭവ പ്രാജ്ഞ കിമകര്‍തൃതയേഹിതേ
സാദ്ധ്യം സാദ്ധ്യം ഉപാദേയം തസ്മാത്‌ സ്വസ്ഥോ ഭവാനഘാ (3/113/7)
വസിഷ്ഠന്‍ തുടര്‍ന്നു: മാനസീകമായ ഉപാധികള്‍ , അഥവാ വാസന, യാഥാര്‍ത്ഥ്യമല്ലെങ്കിലും അത്‌ മനസ്സില്‍ഉയര്‍ന്നുവരുന്നുണ്ട്‌. ഒരേവസ്തുവിനെ (ചന്ദ്രനെ) രണ്ടായിക്കാണുന്ന ഒരുതരം മാനസീക രോഗത്തോട്‌ ഇതിനെ ഉപമിക്കാം.അതുകൊണ്ട്‌ ഈ വാസനകളെ വെറും മതിഭ്രമമെന്നു മനസ്സിലാക്കി തീര്‍ത്തും ത്യജിക്കണം. അവിദ്യയുടെ പരിണിതഫലംഅജ്ഞാനിയെ മാത്രമേ ബാധിക്കൂ. ജ്ഞാനിക്കോ, അത്‌ വെറും വാക്കുകള്‍ മാത്രം. വന്ധ്യയുടെ പുത്രന്‍ എന്നുപറയുന്നതുപോലെ അസംബന്ധം.

രാമാ, അജ്ഞതയില്‍ തുടരാതിരിക്കൂ. ജ്ഞാനിയാവാന്‍ ശ്രമിക്കൂ. രണ്ടാമതൊരു ചന്ദ്രനുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതുതള്ളിക്കളയുന്നതുപോലെ മനസ്സിന്റെ ഉപാധികളെ ഉപേക്ഷിച്ചാലും. ഇവിടെ യാതൊരു കര്‍മ്മത്തിന്റേയും കര്‍ത്താവ്‌നീയല്ല. രാമ: പിന്നെ നീയെന്തിന്‌ കര്‍ത്തൃത്വ ഭാവം കൈക്കൊള്ളുന്നു? 'ഒന്നു' മാത്രം ഉള്ളപ്പോള്‍ ആര്‌ എന്തു കര്‍മ്മം എങ്ങിനെചെയ്യാനാണ്‌? "നിഷ്ക്രിയനാകരുത്‌; ഒന്നും ചെയ്യാതിരുന്നിട്ട്‌ എന്തു കിട്ടാനാണ്‌? ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുകതന്നെ വേണം.അതുകൊണ്ട്‌ ആത്മാവില്‍ അഭിരമിക്കൂ." സ്വയം സഹജമായ കര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും അവയോട്‌ നിനക്ക്‌ മമതയില്ലെങ്കില്‍നീ കര്‍ത്താവല്ല. നീയൊന്നും ചെയ്യുന്നില്ലെങ്കിലും, ആ 'നിഷ്ക്രിയത്തോട്‌' മമതവെച്ചുകൊണ്ടിരിക്കുന്നുവെങ്കില്‍ നീകര്‍ത്താവാണ്‌. .

പ്രത്യക്ഷ ലോകത്തിന്റെ ചാലകശക്തി വാസനകളാണ്‌.. അത്‌ മണ്‍കുടമുണ്ടാക്കുന്ന കുശവന്റെ ചക്രം പോലെചുറ്റിക്കൊണ്ടിരിക്കുന്നു. പാഴ്മുളത്തണ്ടുപോലെ അകം പൊള്ളയായ ഒന്നാണു വാസന. നദിയിലെ ഓളങ്ങളെപ്പോലെ,മുറിച്ചുമാറ്റിയാലും അതൊടുങ്ങുന്നില്ല. അതീവ സൂക്ഷ്മവും മൃദുവുമാണെങ്കിലും അതിന്‌ വാളിനേക്കാള്‍മൂര്‍ച്ചയുണ്ട്‌.. അതിനെ ഗ്രഹിക്കുക വയ്യ. അതിനെ അറിയുന്നത്‌ അതിന്റെ പ്രതിഫലനങ്ങളില്‍നിന്നുമാണ്‌.. എന്നാല്‍ഒരുവന്റെ സത്യാന്വേഷണത്തില്‍ അതുകൊണ്ട്‌ പ്രയോജനങ്ങളൊന്നുമില്ല. സൃഷ്ടിജാലങ്ങളില്‍ നാനാത്വം കാണപ്പെടുന്നത്‌ ഈഉപാധികളാലാണ്‌..  അതിന്‌ പ്രത്യേകിച്ച്‌ വാസസ്ഥലങ്ങളൊന്നുമില്ല. എല്ലാടവും അതുണ്ട്‌..  മനോപാധികള്‍ മേധാശക്തിയുടെപ്രകടനമല്ലെങ്കിലും അത്‌ ബുദ്ധിയില്‍ അധിഷ്ഠിതമായതിനാല്‍ അങ്ങിനെ തോന്നുന്നു.

എപ്പോഴും മാറ്റത്തിനുവിധേയമായികൊണ്ടിരിക്കുമ്പോഴും അത്‌ ശാശ്വതമാണെന്ന തോന്നലുളവാക്കുന്നു. അനന്താവബോധവുമായുള്ള ഇടപഴകല്‍നിമിത്തം അത്‌ കര്‍മ്മോന്മുഖമായും അനുഭവപ്പെടുന്നു. അനന്താവബോധം സാക്ഷാത്കരിക്കുമ്പോള്‍ ഈ മനോപാധികള്‍ക്ക്‌അവസാനമായി. വിഷയങ്ങളോടുള്ള ആസക്തിയാണ്‌ വാസനകളെ ഊട്ടി വളര്‍ത്തുന്നത്‌.. ഈ ആസക്തിയുടെഅഭാവത്തില്‍പ്പോലും വാസന ഒരു സാദ്ധ്യതയായി അവശേഷിക്കുന്നു.

സനിതംബസ്തനീ  ചിത്രേ ന സ്ത്രീ സ്ത്രിധര്‍മ്മിണീ  യഥാ
തഥൈവാകാരചിന്തേയം കര്‍ത്തും യോഗ്യാ ന കിഞ്ചന (3/113/32)
വസിഷ്ഠന്‍ തുടര്‍ന്നു: ഈ വാസനകളെ, അജ്ഞതയെ, മനുഷ്യന്‍ നിഷ്പ്രയാസം ആര്‍ജ്ജിച്ചു കൂട്ടിവയ്ക്കുന്നു.സുഖദായകമാണെന്നുതോന്നുമെങ്കിലും അവ ദു:ഖത്തിനു കാരണമാകുന്നു. ആത്മജ്ഞാനത്തെ മറയ്ക്കുന്നതുകൊണ്ടാണ്‌ ഇത്‌സുഖം തരുന്നതായി തോന്നുന്നത്‌..  ലവണ രജാവിന്‌ ഒരേയൊരുമണിക്കൂറിനെ ഒരായുസ്സുകാലമാക്കാന്‍ കഴിഞ്ഞുവല്ലോ. ഈമനോപാധി, വാസന, എന്തെങ്കിലും ചെയ്യാന്‍ സ്വയം അശക്തമാണ്‌.. എന്നാല്‍ കണ്ണാടിയില്‍ക്കാണുന്ന ദീപനാളത്തിന്റെഇളക്കം പോലെ വാസനകള്‍ വളരെ ഊര്‍ജ്ജസ്വലമായി കാണപ്പെടുന്നു.

"മനോഹരമായി വരച്ചുവച്ച ചിത്രപടത്തിലെ സ്ത്രീയ്ക്ക്‌ ഒരു സ്തീയുടെ കര്‍ത്തവ്യങ്ങള്‍ ചെയ്യാനാകാത്തതുപോലെവാസനകള്‍ പ്രബലങ്ങളാണെന്നു തോന്നുമെങ്കിലും സ്വയമായി എന്തെങ്കിലും ചെയ്യാന്‍ അവ പര്യാപ്തമല്ല." ജ്ഞാനിയെഭ്രമിപ്പിക്കാന്‍ അതിനാവില്ല. എന്നാല്‍ മൂഢനെ അതു കീഴടക്കുന്നു. മരുഭൂമിയിലെ കാനല്‍ ജലം കണ്ട്‌ മൃഗങ്ങള്‍വിഡ്ഢികളാവുന്നു. എന്നാല്‍  ബുദ്ധിയുള്ള മനുഷ്യന്‌ അതിന്റെ സത്യമറിയാം. മനോപാധികള്‍ക്ക്‌ നൈമിഷികമായഅസ്തിത്വമേയുള്ളു; എങ്കിലും ഒഴുക്കുള്ള നദിപോലെ അതിനു സ്ഥിരതയുള്ളതായി തോന്നുന്നു. അതിന്‌ സത്യത്തെ മൂടാന്‍കഴിയുന്നതുകൊണ്ട്‌ സ്വയം ഉണ്മയാണെന്നു ഭാവിക്കുന്നു. എന്നാല്‍ അതിനെ അറിയാന്‍ തുനിഞ്ഞാലോ, അതിന്റെ'കഥയില്ലായ്മ' വെളിപ്പെടുന്നു. തുലോം ദുര്‍ബ്ബലമായ ചെറുനാരുകള്‍ പിരിച്ചു കൂട്ടി ശക്തിയുള്ള കയറുണ്ടാക്കുന്നതുപോലെവാസനകള്‍ ശക്തിയും ദൃഢതയും ആര്‍ജ്ജിക്കുന്നത്‌ പ്രത്യക്ഷലോകത്തിലെ മുമ്പു പറഞ്ഞ ഗുണഗണങ്ങളാലാണ്‌. .
വാസനകള്‍ പെരുകുന്നതായി തോന്നുന്നുവെങ്കിലും അതു സത്യമല്ല.

തീനാളത്തിന്റെ തുമ്പിനെ പിടിക്കാനാവാത്തതുപോലെഅന്വേഷണത്തില്‍ അതപ്രത്യക്ഷമാവുന്നു. എങ്കിലും ആകാശത്തിന്റെ നീലനിറം പോലെ വാസനകള്‍ക്ക്‌ അസ്തിത്വമുണ്ടെന്നുതോന്നുന്നു. 'രണ്ടാമതൊരു' ചന്ദ്രന്റെ ദൃശ്യം പോലെ, സ്വപ്നത്തിലെ വസ്തുക്കളെപ്പോലെ, അതുചിന്താക്കുഴപ്പമുണ്ടാക്കുന്നു. ശാന്തമായി വഞ്ചിയില്‍ പോകുന്നവര്‍ക്ക്‌ നദീതീരമാണ്‌ നീങ്ങുന്നതെന്ന്തോന്നുമ്പോലെയാണിത്‌..  കര്‍മ്മോന്മുഖമാവുമ്പോള്‍ പ്രത്യക്ഷലോകമെന്ന ഒരു നീണ്ടസ്വപ്നത്തെ അതു കാണിക്കുന്നു. എല്ലാബന്ധങ്ങളേയും അനുഭവങ്ങളെയും അതു വികടമാക്കുന്നു.
ഈ അവിദ്യ, അല്ലെങ്കില്‍ വാസനകളാണ്‌ ദ്വന്ദതയെ ഉണ്ടാക്കുന്നതും ആ ഭാവത്തെ വളര്‍ത്തുന്നതും. അനുഭവങ്ങളുംധാരണകളും തമ്മിലുള്ള അന്തരത്തിനും വിഭാഗീയചിന്തയ്ക്കും അതുതന്നെ കാരണം. ഈ അയാഥാര്‍ത്ഥ്യ സ്ഥിതിയെപ്പറ്റിഅവബോധമുദിക്കുമ്പോള്‍ മനസ്സു നിലയ്ക്കുന്നു. വെള്ളത്തിന്റെ ഒഴുക്കു നിലയ്ക്കുമ്പോള്‍ നദിയില്ല.
രാമന്‍ ചോദിച്ചു: മഹാത്മന്‍, മരീചികയില്‍ കാണുന്ന നദി ഒരിക്കലും അവസാനിക്കുന്നില്ലല്ലോ! ലോകത്തെ മുഴുവന്‍അന്ധമാക്കുന്ന ഈ അജ്ഞാനം എത്ര വിസ്മയകരം! ആശ, വെറുപ്പ്‌, എന്നീ രണ്ടു ചാലകശക്തികളാണ്‌ അജ്ഞാനത്തെ,വാസനകളെ, പരിപോഷിപ്പിക്കുന്നത്‌..  ഭഗവന്‍,   ഈ മനോപാധികള്‍ , അല്ലെങ്കില്‍ അജ്ഞാനം, വീണ്ടുമൊരിക്കലുംഉദിച്ചുയരാതിരിക്കുവാന്‍ എന്താണ്‌ ഏറ്റവും ഉചിതമായ മാര്‍ഗ്ഗം?

നാ  ഹം ബ്രഹ്മേതി സങ്കല്‍പാത്സുദൃഢാത്ബദ്ധ്യതേ മന:സര്‍വ്വം ബ്രഹ്മേതി സങ്കല്‍പാത്‌ സുദൃഢാന്മുച്യതേ മന: (3/114/23)
http://yogavasishtamnithyaparayanam.blogspot.ca/
രാമന്‍ ചോദിച്ചു: മഹാത്മന്‍, ഈ ഭയാനകമായ അജ്ഞാനത്തിന്റെ ഇരുട്ട്‌ എങ്ങിനെയാണ്‌ ഇല്ലാതെയാവുക?

വസിഷ്ഠന്‍ പറഞ്ഞു: രാമ: നമ്മുടെ നോട്ടം വിളക്കിലേയ്ക്കു തിരിഞ്ഞാല്‍പ്പിന്നെ നമ്മെസംബന്ധിച്ചിടത്തോളം ഇരുട്ട്‌ഇല്ലാതെയായി. അതുപോലെ ആത്മാവിലേക്ക്‌ ശ്രദ്ധതിരിച്ചാല്‍ അജ്ഞാനത്തിനും അവസാനമായി.അത്മജ്ഞാനമാര്‍ജ്ജിക്കാന്‍ സ്വാഭാവികമായ ഒരുള്‍വിളി ഉണ്ടാവുന്നതുവരെ ഈ അവിദ്യ, അല്ലെങ്കില്‍മാനസീകോപാധികള്‍ എണ്ണമറ്റ ലോകങ്ങളെ പ്രകടമാക്കിക്കൊണ്ടേയിരിക്കും. പ്രകാശമെന്തെന്നറിയാന്‍ ഒരു നിഴല്‍ആഗ്രഹിച്ചാല്‍ വെളിച്ചത്തിന്റെ അറിവില്‍ നിഴല്‍ ഇല്ലാതെയാവുന്നു. അതുപോലെയാണ്‌ ആത്മാന്വേഷണത്തിലൂടെഅജ്ഞാനത്തിന്റെ നാശമുണ്ടാവുന്നത്‌.. രാമ: ആശയാണ്‌ അജ്ഞാനം. ആശകളൊടുങ്ങലാണ്‌ മുക്തി. മനസ്സില്‍ചിന്തകളില്ലാത്തപ്പോഴാണിതു സാദ്ധ്യമാവുക.
രാമന്‍ ചോദിച്ചു: മഹര്‍ഷേ, അങ്ങുപറഞ്ഞല്ലോ ആത്മജ്ഞാനം ഉണ്ടാവുമ്പോള്‍ അവിദ്യ ഇല്ലാതാവുന്നു, എന്ന്. എന്താണീആത്മാവ്‌?

വസിഷ്ഠന്‍ പറഞ്ഞു: രാമ: ബ്രഹ്മാവു മുതല്‍ പുല്‍ക്കൊടിവരെ എല്ലാം ആത്മാവുതന്നെ. അവിദ്യയെന്നത്‌ നിലനില്‍പ്പില്ലാത്തഒരു അയഥാര്‍ഥ്യമാണ്‌ (അസത്ത്‌). ))  മനസ്സ്‌ എന്നുപറയുന്നത്‌ രണ്ടാമതൊരു വസ്തുവല്ല. അത്മാവിലാണ്‌ ഈമൂടുപടത്തിന്റെ (അവിദ്യയുടെ) പ്രഭാവത്താല്‍ വിഷയം-വിഷയി എന്നീ ഭാവങ്ങളുണ്ടാവുന്നതും അവയെഅനന്താവബോധത്തില്‍നിന്നു വേറിട്ടു കാണാനിടയാവുന്നതും. അതാണ്‌ മനസ്സെന്നറിയപെടുന്നത്‌.. ഈ മൂടുപടം പോലുംഅത്മാവുതന്നെ.

ഈ മൂടുപടമെന്നത്‌ അനന്താവബോധത്തില്‍ ഒരു ചിന്ത, അല്ലെങ്കില്‍ ആശയം, ഉദ്ദേശം, അങ്കുരിക്കുന്നതാണ്‌.. മനസ്സ്‌ ഈചിന്തയുടെ സന്തതിയാണ്‌.. ഈ മനസ്സിനെ ഇല്ലാതാക്കാനും ചിന്തകളുടെ സഹായം വേണം. അതായത്‌ ചിന്തകളുടെ,ആശയങ്ങളുടെ, അവസാനമെത്താനും ചിന്തകള്‍ വേണം.  'ഞാന്‍ പരബ്രഹ്മമല്ല' എന്നൊരു സുദൃഢമായ വിശ്വാസം (ചിന്ത)മനസ്സിനെ ബന്ധിക്കുന്നു. മനസ്സിനെ സ്വതന്ത്രമാക്കാന്‍ 'എല്ലാം പരബ്രഹ്മം മാത്രം' എന്നൊരു സുദൃഢവിശ്വാസത്തിനുസാധിക്കും." ആശയങ്ങളും ചിന്തകളും ബന്ധനമാണ്‌.. അവയുടെ അവസാനം മോചനവും. അതുകൊണ്ട്‌ അവയില്‍ നിന്നുസ്വതന്ത്രനാവുക. എന്നിട്ട്‌ സ്വേഛയാ സഹജമായ കര്‍മ്മങ്ങള്‍ ചെയ്യുക.
ചിന്ത, അല്ലെങ്കില്‍ ഒരാശയമാണ്‌ ആകാശത്തിന്റെ നീലനിറത്തിനു നിദാനം. അതുപോലെ മനസ്സ്‌ ലോകത്തെ സത്തായികാണുന്നു. ആകാശത്തിന്‌ സത്യത്തില്‍ നീലനിറമില്ല. പ്രകാശതരംഗംങ്ങളെ ഒരു പരിധിക്കപ്പുറം സ്പഷ്ടമായി കാണാന്‍കണ്ണുകള്‍ അപര്യാപ്തമായതിനാലാണ്‌ നീലനിറം കാണപ്പെടുന്നത്‌. അതുപോലെ നമ്മുടെ ചിന്തകളുടെ പരിമിതിയാണ്‌ലോകമെന്ന ഈ 'കാഴ്ച്ച'. രാമ: ഈ ലോകമെന്നത്‌ വെറും ഭ്രമമാണ്‌.. അതിനെക്കുറിച്ചുള്ള ചിന്തപോലും മനസ്സില്‍ഉയരാതിരിക്കട്ടെ. 'ഞാന്‍ മതിമയങ്ങിയിരിക്കുന്നു' എന്ന ചിന്ത ദു:ഖത്തിനു കാരണമാവുന്നു. 'ഞാന്‍ ഉണര്‍ന്നിരിക്കുന്നു' എന്നചിന്ത ആനന്ദത്തിനും കാരണമാവുന്നു.

തസ്മാന്‍മനോനുസന്ധാനം ഭാവേഷു ന കരോതി യ:
അന്തശ്ചേതന യത്നേന സ ശാന്തിമധിഗച്ഛതി (3/114/48)

വസിഷ്ഠന്‍ തുടര്‍ന്നു: മനസ്സ്‌ മോഹ ജഢിലവും, മൂഢത്വം നിറഞ്ഞ ആശയങ്ങളില്‍ അഭിരമിക്കുന്നതുമായാല്‍ അതുഭ്രമാത്മകമാവും. എന്നാല്‍ മനസ്സ്‌ പ്രബോധാത്മകവും ഉന്നതവുമായ ആശയങ്ങളിലാണഭിരമിക്കുന്നതെങ്കില്‍ അത്‌പ്രബുദ്ധമാവും. മനസ്സില്‍ അവിദ്യാചിന്ത സന്ദേഹത്തോടെ തൂങ്ങിനില്‍ക്കുന്നുവെങ്കില്‍ ആ ചിന്തകള്‍ ദൃഢീകരിക്കപ്പെടും.എങ്കിലും അത്മസാക്ഷാത്കാരം നേടിയാല്‍പ്പിന്നെ അവിദ്യ അപ്രത്യക്ഷമാവും. മനസ്സ്‌ എന്തുനേടുവാന്‍ ആഗ്രഹിക്കുന്നുവോഅവയെ ലഭ്യമാക്കാന്‍ പഞ്ചേന്ദ്രിയങ്ങള്‍ അവയുടെ മുഴുവന്‍ ഊര്‍ജ്ജവുമെടുത്ത്‌ സദാ സന്നദ്ധമായി നില്‍ക്കുന്നു. "അതുകൊണ്ട്‌ ഏതൊരുവന്‍ മനസ്സിനെ വിഷയചിന്തകളിലും ആശയങ്ങളിലും മുഴുകാന്‍ അനുവദിക്കുന്നില്ലയോ, അവന്‍ആത്മബോധലാഭത്തിനായി പരിശ്രമിക്കുന്നതിലൂടെ ശാന്തി കണ്ടെത്തുന്നു."

തുടക്കത്തിലേ ഇല്ലാതിരുന്ന ഒന്നും ഇപ്പോഴും സത്തായിട്ട്‌ ഇല്ല. ആദിയിലേ ഉണ്ടായിരുന്നതും ഇപ്പോഴുള്ളതുമായ ഒന്ന്,പരബ്രഹ്മം മാത്രമാണ്‌...  ഇതിനെപ്പറ്റി ധ്യാനിക്കുന്നതിലൂടെ പ്രശാന്തി കൈവരുന്നു. ബ്രഹ്മം, ശാന്തി തന്നെയാണ്‌.. ഒരുവന്‍മറ്റൊന്നിനേയും ഒരിക്കലും ഒരിടത്തും ധ്യാനിക്കേണ്ടതില്ല. സുഖസമ്പാദനം എന്ന ചിന്തയുടെ വേരുതന്നെഎല്ലാശക്തിയുമുപയോഗിച്ച്‌, ബുദ്ധികുശലതയോടെ നാം അറുത്തുമാറ്റണം. അജ്ഞാനമാണ്‌ വാര്‍ദ്ധക്യത്തിനുംമരണത്തിനും ഹേതു. ആശകളും ആസക്തികളും ശാഖോപശാഖകളായി വളര്‍ന്ന് പന്തലിക്കുന്നത്‌ മാനസീകോപാധികള്‍എന്ന ഈ അജ്ഞാനത്താലാണ്‌...  ഈ ശാഖകളുടെ സ്വഭാവം, 'ഇതെന്റെ ധനം', 'ഇതെന്റെ മക്കള്‍ ' മുതലായവയാണ്‌...
http://yogavasishtamnithyaparayanam.blogspot.ca/
ഈ പുറംതോടായ ശരീരത്തില്‍ 'ഞാന്‍' എന്നറിയപ്പെടുന്ന വസ്തു എവിടെയാണ്‌? രാമ: സത്യത്തില്‍ , 'ഞാന്‍', 'എന്റെ',തുടങ്ങിയ ഭാവങ്ങള്‍ക്ക്‌ അസ്തിത്വമില്ല. ഒരേയൊരാത്മാവു മാത്രമേ സത്യമായുള്ളു. അജ്ഞാനത്തിന്റെ ഫലമായാണ്‌കയറില്‍ ഒരുവന്‍ പാമ്പിനെ കാണുന്നത്‌..  പ്രബുദ്ധര്‍ക്ക്‌ അത്തരം തെറ്റിദ്ധാരണയില്ലല്ലോ. പ്രബുദ്ധരായവരുടെ ദര്‍ശനത്തില്‍അനന്താവബോധം മാത്രമേ ഉണ്മയായുള്ളു. രാമ: അജ്ഞതയില്‍ തുടരാതെ ഋഷിയാവൂ. ഈ ലോകമെന്ന കാഴ്ച്ചയെ നല്‍കുന്നമാനസീകോപാധികളെ നശിപ്പിച്ചാലും. ഒരജ്ഞാനിയേപ്പോലെ, ഈ ശരീരം നിന്റെ സ്വത്വമാണെന്നു ധരിച്ച്‌ദു:ഖിതനായിരിക്കുന്നതെന്തിന്‌? ഈ ശരീരവും ആത്മാവും ഒരുമിച്ചു സ്ഥിതിചെയ്യുന്നു എന്നു തോന്നുന്നുവെങ്കിലും അവവേര്‍പിരിക്കാനരുതാത്തതല്ല. ശരീരം മരിക്കുമ്പോള്‍ ആത്മാവ്‌ മരിക്കുന്നില്ല.

രാമ: എന്തത്ഭുതമാണെന്നു നോക്കൂ, മനുഷ്യര്‍ പരബ്രഹ്മം മാത്രമേയുള്ളൂ എന്ന സത്യം മറന്ന് അസത്യമായ, അവിദ്യയാണ്‌ഉണ്മയെന്ന് വിശ്വസിക്കുകയാണ്‌...  രാമ: ഈ അവിദ്യയുടെ അസ്തിത്വത്തെപ്പറ്റിയുള്ള മൂഢവിശ്വാസം നിന്നില്‍വേരുറക്കാതിരിക്കട്ടെ. ബോധമണ്ഡലം മലീമസമായാല്‍ അത്‌ അന്തമില്ലാത്ത ദുരിതാനുഭവങ്ങളെ ക്ഷണിച്ചുവരുത്തുന്നു.അജ്ഞാനം ഉണ്മയല്ലെങ്കിലും അതിന്‌ ശരിയായ ദുരിതാനുഭവം നല്‍കാന്‍ കഴിയും. അവിദ്യകൊണ്ടാണ്‌മരീചികപോലെയുള്ള ഭ്രമങ്ങള്‍ ഉണ്ടാവുന്നത്‌...  ആകാശഗമനം, പറക്കല്‍ , തുടങ്ങി വിവിധങ്ങളായ ദൃശ്യവിസ്മയങ്ങള്‍ ,സ്വര്‍ഗ്ഗനരകങ്ങളിലെ അനുഭവങ്ങള്‍ എല്ലാം അവിദ്യയാല്‍ ഉണ്ടാവുന്നു. അതുകൊണ്ട്‌ രാമ:, ദ്വന്ദഭാവനകള്‍ക്കു കാരണമായമാനസീകോപാധികളെ തീര്‍ത്തുമുപേക്ഷിച്ച്‌ സര്‍വ്വ സ്വതന്ത്രനായാലും. അങ്ങിനെ നിനക്ക്‌ സമാനതകളില്ലാത്തഉത്കൃഷ്ടത സ്വായത്തമാക്കാം.

സർവ്വേഷു സുഖദു:ഖേഷു സർവാസു കലനാസു ച
മന: കർതൃ മനോ ഭോക്തൃ, മാനസം വിദ്ധി മാനവം (3/115/24)
കുറച്ചുനേരം ധ്യാനനിരതനായിരുന്നശേഷം രാമൻ ചോദിച്ചു: മഹർഷേ, യഥാർത്ഥ്യത്തില്‍ നിലനിൽപ്പില്ലാത്ത അജ്ഞാനത്തിന്‌ഇത്രയധികം ചിന്താക്കുഴപ്പമുണ്ടാക്കാൻ കഴിയുന്നു എന്നത് എത്ര അത്ഭുതകരം! സത്യത്തിൽ ‘ഇല്ലാത്ത’ ഈലോകം എത്രയഥാർത്ഥ്യമായാണ്‌ നമുക്കനുഭവപ്പെടുന്നത്‌!. ഇതെങ്ങിനെ സാധിക്കുന്നുവെന്ന് ഒന്നുകൂടി വിശദമാക്കിയാലും. ലവണമഹാരാജാവിന്‌ പലവിധ ദുരിതാനുഭവങ്ങൾ ഉണ്ടാവാൻ എന്താണു കാരണം? മാത്രമല്ല, അരാണ്‌, അല്ലെങ്കിൽ എന്താണ്‌ ഈഅനുഭവങ്ങളുടെ ഭോക്താവ്?

വസിഷ്ഠൻ പറഞ്ഞു: രാമ: ബോധം ഈ ശരീരവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നത് സത്യമല്ല. ശരീരംബോധമണ്ഡലത്തിലെ ഒരു ഭ്രമകൽപ്പന മാത്രമാണ്‌.. ഒരു സ്വപ്നദൃശ്യം പോലെ. ബോധം, ചൈതന്യമെന്ന (ഊര്‍ജ്ജം)വസ്ത്രമുടുത്ത് സ്വയം ഒരു ജീവനായി പരിമിതഭാവം ധരിക്കുകയാണ്‌. ജീവനോ, വിക്ഷുപ്തമായ  ഈ ഊർജ്ജത്തിന്റെശക്തികൊണ്ട് പ്രത്യക്ഷലോകത്തിൽ ആമഗ്നമാവുകയാണ്‌.. പൂർവ്വാർജ്ജിതകർമ്മഫലങ്ങൾ അനുഭവിക്കുന്ന, സുഖവും ദു;ഖവുംഅറിയുന്ന, ശരീരമെടുത്ത ഈ സത്ത, അഹംകാരം, മനസ്സ്, ജീവൻ എന്നൊക്കെ അറിയപ്പെടുന്നു. ശരീരത്തിനോ,പ്രബുദ്ധതയാർജ്ജിച്ച ജീവനോ അനുഭവങ്ങൾ ഇല്ല.

അജ്ഞാനാവൃതമായ മനസ്സാണ്‌ സുഖദുഖാനുഭവങ്ങളുടെ ഭോക്താവ്.സ്വപ്നദൃശ്യങ്ങളുണ്ടാവുന്നത് ഉറക്കത്തിൽ മാത്രമാണല്ലോ. അതുപോലെ അവിദ്യയിലാണ്‌ മനസ്സ്ബാഹ്യപ്രകടനമായ പ്രത്യക്ഷലോകത്തെ ഭാവനചെയ്തുണ്ടാക്കുന്നത്. ഉറക്കമുണരുമ്പോൾ സ്വപ്നമില്ല; ജ്ഞാനത്തിന്റെപ്രബുദ്ധതയിൽ ലോകം ഇല്ല. മനസ്സ്, അവിദ്യ, മാനസീകോപാധികൾ, വ്യക്തി ബോധം എന്ന പേരുകളിലെല്ലാം അറിയപ്പെടുന്നജീവനാണ്‌ അനുഭവഭോക്താവ്‌.. ശരീരം ചൈതന്യരഹിതമാകയാൽ സുഖിക്കാനോ ദുരിതം സഹിക്കാനോ അതിനാവില്ല.അവിദ്യയാണ്‌ അശ്രദ്ധയ്ക്കും അജ്ഞാനത്തിനും ഹേതു. അതിനാൽ അവിദ്യയാണ്‌ സുഖദു:ഖങ്ങളുടെ ഭോക്താവ്.

മനസ്സുതന്നെയാണ്‌ ജനിക്കുന്നതും, വിലപിക്കുന്നതും, കൊല്ലുന്നതും, പോവുന്നതും, മറ്റുള്ളവരെ ഉപദ്രവിക്കുന്നതും. ഈശരീരമല്ല. “സുഖ ദു:ഖാനുഭവങ്ങളിലും എല്ലാ മോഹവിഭ്രാന്തികളിലും ഭാവനകളിലും മനസ്സാണെല്ലാം ചെയ്യുന്നത്;മനസ്സാണെല്ലാം അനുഭവിക്കുന്നത്; മനസ്സ് മനുഷ്യനാണ്‌.” ലവണ രാജാവിന്‌ ദുരിതങ്ങൾ സഹിക്കേണ്ടതായിവന്നതിനെക്കുറിച്ച് ഞാൻ പറഞ്ഞുതരാം. ഹരിശ്ചന്ദ്രന്റെ കുലത്തിലാണ്‌ ലവണൻ ജനിച്ചത്.

ലവണൻ ആലോചിച്ചു: 'എന്റെ മുത്തശ്ശനായ ഹരിശ്ചന്ദ്രന്‍ വലിയ യാഗകർമ്മങ്ങള്‍  ചെയ്ത്   മഹത്വമാർജ്ജിച്ചവ്യക്തിയാണ്‌.. എനിയ്ക്കും അതേപോലെ  യാഗം ചെയ്ത് മഹത്വം പ്രാപിക്കണം.' അദ്ദേഹംമനസാ  യാഗസാമഗ്രികളെല്ലാമൊരുക്കി; മനസ്സില്‍ത്തന്നെ പരികർമ്മികളെയെല്ലാം സംഘടിപ്പിച്ചു. സ്വന്തംപൂന്തോട്ടത്തിലിരുന്ന് ഒരുവർഷക്കാലം ഭാവനയിൽ ഈ യാഗം ഭംഗിയായി ചെയ്തു. മാനസീകമായി യാഗംപൂർത്തീകരിച്ചതിനാൽ അതിന്റെഫലവും അദ്ദേഹത്തിനു ലഭിച്ചു. അതുകൊണ്ട് രാമാ, മനസ്സാണ്‌ കർത്താവും ഭോക്താവും.അതുകൊണ്ട് മനസ്സിനെ മുക്തിപദത്തിലേയ്ക്ക് നയിച്ചാലും.

No comments:

Post a Comment