സ്വന്തം മനസ്സുകൊണ്ട് തന്നെ അവനവന്റെ മനസ്സിനെ അടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആത്മജ്ഞാനം സിദ്ധിക്കുകയില്ല. ചിത്രപടത്തിലെ സൂര്യന് അസ്തമയമില്ലാത്തതുപോലെ ‘ഞാന്‍, എന്റെ’ തുടങ്ങിയ ധാരണകളും ദു:ഖങ്ങളും ഒഴിയാതെ ആത്മജ്ഞാനം ഉണ്ടാവുകയില്ല. ജ്ഞാനത്തിനെ നശിപ്പിക്കുന്നത് ആസക്തിയാണ്.... ഇന്ദ്രിയ സുഖാനുഭവം തേടി ജന്മങ്ങള്‍ ക്ഷണത്തില്‍ കഴിഞ്ഞ് പോവുന്നു. ഇന്ദ്രിയസുഖമെന്ന ഇരുട്ടുകിണറിലാണ് മനസ്സ് വീണുപോവുന്നത്. സംസാരത്തിന്റെ മറുകര താണ്ടാന്‍ ഉതകുന്ന, ആത്മജ്ഞാനത്തിനുതകുന്ന, ഉത്തമവാഹനമായ ഈ ശരീരം എന്തുകൊണ്ടാണ് ഈ വിഷയങ്ങളാകുന്ന ചെളിക്കുണ്ടില്‍ വീണുപോവുന്നത്? ചെറിയൊരു കമ്പനത്തില്‍ നിന്നുണ്ടായ അലയെ ഇമചിമ്മുന്ന നേരംകൊണ്ട് മനസ്സ് വലിയൊരു തിരമാലയാക്കുന്നു. മനുഷ്യന്‍ തന്റെ ശോകങ്ങളെ നിത്യശുദ്ധമുക്തമായ ആത്മാവില്‍ ആരോപിക്കുന്നു. എന്നിട്ടതില്‍ ആമഗ്നനായി സ്വയം ദുരിതമനുഭവിക്കുന്നു.
ഒരിക്കലീ ലോകത്തിന്റെ യഥാര്‍ത്ഥസത്യം തിരിച്ചറിഞ്ഞാല്‍പ്പിന്നെ നാമൊരിക്കലും ഈ ചെളിക്കുണ്ടില്‍ വീഴുകയില്ല. രാമാ, മഹാത്മാക്കളുമായുള്ള സത്സംഗം നിനക്ക് ആത്മജ്ഞാനമാര്‍ജ്ജിക്കുവാനുള്ള എല്ലാ തയ്യാറെടുപ്പും നല്‍കും. അതിനാല്‍ സത്സംഗം ഇല്ലാത്തിടത്ത് സത്യാന്വേഷി താമസിക്കരുത്. മഹര്‍ഷിമാരുടെ സാന്നിദ്ധ്യത്തില്‍ സാധകന്റെ മനസ്സ് ക്ഷണത്തില്‍ പ്രശാന്തമാവുന്നു. ഒരുവന്‍ എപ്പോഴും അഭിവൃദ്ധിയാണല്ലോ കാംക്ഷിക്കുന്നത്. അതിനാല്‍ ഈ അജ്ഞാനത്തില്‍ത്തന്നെ കഴിഞ്ഞ് നീയൊരിക്കലും സ്വയം വളര്‍ച്ച മുരടിപ്പിക്കരുത്.
വിവേകശാലികള്‍ എപ്പോഴും ലോകത്തിന്റെ സ്വഭാവത്തെപ്പറ്റിയും ആത്മാവിനെപ്പറ്റിയും ആലോചിക്കണം. സുഹൃത്തുക്കളോ, ബന്ധുക്കളോ, ശാസ്ത്രങ്ങളോ, ഇങ്ങിനെയുള്ള മനനത്തിനു സഹായകരമല്ല. അനാസക്തമായ, ആത്മാന്വേഷണനിരതമായ ശുദ്ധമായ മനസ്സാണ് സംസാരസാഗരം തരണം ചെയ്യുവാനാവശ്യം.
മനസ്സിലെ ധാരണാ സങ്കല്‍പ്പങ്ങള്‍ക്കനുസൃതമായി ഈ കാഴ്ചകളിവിടെ ഉണ്ടാക്കിയതാരാണാവോ? മനസാ ഉണ്ടായ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച്, ഉപാധികള്‍ക്കനുസരിച്ച്, ശൂന്യാകാശത്ത് പ്രപഞ്ചമുണ്ടാക്കിയാത്രെ! അതെങ്ങിനെ യഥാര്‍ത്ഥത്തില്‍ ഉള്ളതാവും? അത് മിഥ്യ മാത്രമാവാനേ തരമുള്ളൂ. ലോകവുമായി, ദേഹവുമായി സംഗത്തില്‍ നില്‍ക്കുന്ന എല്ലാ ജീവജാലങ്ങളുടെയും സുഖാന്വേഷണത്വര അവരെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു. അവയുടെ എണ്ണമാണെങ്കില്‍ കടല്‍ത്തീരത്തെ മണല്‍ത്തരികളേപോലെ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. ഈ ജീവികളിലെ മനോപാധികളുടെ പ്രതികരണമാണ് ബ്രഹ്മാവിന്റെ സൃഷ്ടിയായി നാം കാണുന്ന ഈ പ്രപഞ്ചം. ഈ ജീവജാലങ്ങള്‍ ഇവിടെ, ഇപ്പോള്‍ത്തന്നെ നരകത്തീയെരിക്കാനുതകുന്ന ഉണങ്ങിയ വിറകുകള്‍ തന്നെയാണ്. ലോകത്തുള്ള സകല ദു:ഖങ്ങളും ഈ ജീവികള്‍ക്കായി മാത്രമുള്ളതാണ്.
എന്നാല്‍ സുഖാന്വേഷണത്വരയെ വേരോടെ അറുക്കാന്‍ കഴിഞ്ഞാല്‍ മാനസീകോപാധികളാകുന്ന 'പരിമിതികള്‍ ' പവിത്രമായിത്തീര്‍ന്ന് ആത്മവികാസത്തിന് വഴിതെളിക്കും. “സോപാധികമായ മനസില്‍ ഉയരുന്ന പരിമിതമായതിനോടുള്ള ആസക്തി, വേദനാജനകമാണ് രാമാ. എന്നാല്‍ അനന്തതയിലേയ്ക്കുള്ള വികാസം അല്ലെങ്കില്‍ അനന്തതയോടുള്ള ഭക്തി ഈ വേദനയെ മാറ്റുന്ന ദിവ്യൌഷധമാണ്.” യാതൊന്നിനോടും ആസക്തിയില്ലാത്ത മനസ്സ് അനന്തതയുടെ പ്രശാന്തതയില്‍ അഭിരമിക്കുമ്പോള്‍ ആനന്ദം സിദ്ധമാകുന്നു
രാമാ, എല്ലായ്പ്പോഴും ഉചിതമായ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കണം . എന്നാല്‍ ചിന്തകളിലോ വസ്തുക്കളിലോ മനസ്സിനു സംഗമുണ്ടാകാതെയായിരിക്കണം കര്‍മ്മങ്ങളിലേര്‍പ്പെടേണ്ടത്. അവ മുകളിലുള്ള സ്വര്‍ഗ്ഗത്തെയോ താഴെയുള്ള നരകങ്ങളെയോ മറ്റു ദിശകളെയോ ലക്ഷ്യമാക്കി ആകരുത്. അവ ബാഹ്യബന്ധങ്ങളെയോ അന്തരേന്ദ്രിയങ്ങളുടെ സ്വാഭാവിക ചലനത്തെയോ പ്രാണശക്തിയേയോ ആശ്രയിച്ചാകരുത്. മനസ്സ് ശിരസ്സിലോ, അണ്ണാക്കിലോ പുരികങ്ങള്‍ക്കിടയിലോ മൂക്കിന്‍തുമ്പിലോ വായിലോ കണ്ണിലോ ഒന്നും കേന്ദ്രീകൃതമാകരുത്.
അത് അന്ധകാരത്തിലോ വെളിച്ചത്തിലോ ഹൃദയഗുഹയിലോ അഭിരമിക്കരുത്. അത് ജാഗ്രദവസ്ഥയിലോ, സ്വപ്നത്തിലോ സുഷുപ്തിയിലോ പിടിച്ചുനിര്‍ത്തരുത്. വിടര്‍ന്നു വികസിച്ച ശുദ്ധമായ ആകാശത്തും അതിനെ തളച്ചിടരുത്. നിറഭേദങ്ങളിലോ, അവയുടെ വിന്യാസങ്ങളിലോ ചലനത്തിലോ, സുസ്ഥിരതയിലോ, ആദിയിലോ മദ്ധ്യത്തിലോ അന്ത്യത്തിലോ മറ്റെവിടെയെങ്കിലുമോ മനസ്സ് ഉറയ്ക്കരുത്. മുന്നിലോ പിന്നിലോ അടുത്തോ അകലത്തോ വസ്തുക്കളിലോ ആത്മാവിലോ പോലും മനസ്സുടക്കി നില്‍ക്കരുത്.
ഇന്ദ്രിയാനുഭവങ്ങള്‍ , ഭ്രമാത്മകമായ സന്തോഷനിമിഷങ്ങള്‍ , ധാരണകള്‍ , പ്രതീതികള്‍ , എന്നിവയ്ക്കൊന്നും മനസ്സിനുമേല്‍ സ്വാധീനം ഉണ്ടാവാന്‍ ഇടകൊടുക്കരുത്. മനസ്സ് ശുദ്ധാവബോധത്തില്‍ , ശുദ്ധമായ വെറും ബോധമായി മാത്രം നിലകൊള്ളട്ടെ. അതിന്, ലോകത്തിന്റെ വ്യര്‍ത്ഥതയെപ്പറ്റി അറിഞ്ഞുവെക്കാനായി മാത്രം ബാഹ്യമായ ചെറിയൊരു ചിന്താശകലം വേണമെങ്കിലാവാം. അങ്ങിനെ എല്ലാ സംഗവും ഇല്ലാതെയാകുമ്പോള്‍ ജീവന്‍, ‘അജീവന്‍’ ആകും. അതിനുശേഷം എന്തു സംഭവിച്ചാലും അത് വെറും സംഭവം മാത്രം. കര്‍ത്താവില്ലാത്ത കര്‍മ്മം. കര്‍മ്മനിരതമാണെങ്കിലും അല്ലെങ്കിലും അവയ്ക്ക് ബന്ധിക്കാന്‍ ആരാണുള്ളത്? അങ്ങിനെ നിര്‍മമമായ ജീവന് കര്‍മ്മഫലങ്ങളനുഭവിക്കേണ്ടി വരുന്നില്ല.
ഒടുവില്‍ അല്‍പം ബാക്കിനില്‍ക്കുന്ന ശേഷവസ്തുബോധത്തെയും വേണ്ടെന്നു വെച്ച് ജീവന്‍ പരമപ്രശാന്തതയില്‍ വിലീനമാവട്ടെ. അങ്ങിനെ മുക്തനായ ഒരാള്‍ മറ്റുള്ളവരുടെ ദൃഷ്ടിയില്‍ കര്‍മ്മനിരതനായിരുന്നാലുമില്ലെങ്കിലും അയാള്‍ പിന്നെ ദു:ഖത്തിനും ഭയത്തിനും വശംവദനാവുകയില്ല. എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുന്നു, ആദരിക്കുന്നു. മറ്റുള്ളവരുടെ കണ്ണില്‍ അയാള്‍ ചഞ്ചലനായി കാണപ്പെട്ടാലും ഉള്ളാലെ അയാള്‍ ജ്ഞാനത്തില്‍ സമാരൂഢനാണ്. സുഖദു:ഖങ്ങള്‍ അയാളുടെ ബോധത്തിന് നിറഭേദം ഉണ്ടാക്കുകയില്ല. ലോകത്തിന്‍റെ വര്‍ണ്ണത്തിളക്കം അയാളുടെ കണ്ണഞ്ചിപ്പിക്കുന്നില്ല.
ആത്മവിദ്യയുടെ നിറവില്‍ സദാ ധ്യാനനിരതനെപ്പോലെ, അതുകൊണ്ടുതന്നെ ലോകത്തിലെ ഒന്നിനോടും മമതയില്ലാതെ ജ്ഞാനി ജീവിക്കുന്നു. പരസ്പര വിരുദ്ധങ്ങളായ ദ്വന്ദശക്തികളുടെ സ്വാധീനത്തില്‍ അല്ലാത്തതുകൊണ്ട് ജാഗ്രദിലും അയാള്‍ ദീര്‍ഘസുഷുപ്തിയിലത്രേ. ഈയവസ്ഥയില്‍ മനസ്സില്‍ ചിന്തകളില്ല. ഉള്ളത് പ്രശാന്തതയുടെ നേരനുഭവം മാത്രം. ‘ജാഗ്രദിലെ ദീര്‍ഘസുഷുപ്തി’ എന്നാണീ അവസ്ഥയ്ക്ക് പറയുന്നത്. അതില്‍ അഭിരമിക്കുന്നവരുടെ ജീവിതം സ്വേച്ഛയാലല്ല മുന്നോട്ടു പോവുന്നത്. എല്ലാ മനോവികലതകളും അയാളില്‍ അസ്തമിച്ചിരിക്കുന്നു. ആയുസ്സ് ദീര്‍ഘമോ ഹൃസ്വമോ എന്നയാള്‍ക്ക് ആശങ്കയില്ല.
"രാമാ, ഇങ്ങിനെയുള്ള ‘ജാഗ്രദില്‍ ദീര്‍ഘസുഷുപ്തി’ എന്ന അവസ്ഥ പക്വമാവുമ്പോള്‍ അത് ‘തുരീയം’ അല്ലെങ്കില്‍ നാലാമത്തെ അവസ്ഥ എന്നറിയപ്പെടുന്നു. ആ സ്ഥിതിയില്‍ ഉറച്ചുനിന്നുകൊണ്ട് ഋഷികള്‍ വിശ്വപ്രപഞ്ചത്തെ ബോധത്തിന്റെ വിശ്വലീലയ്ക്കുള്ള കളിത്തട്ടായും ജീവിതത്തെ പ്രപഞ്ചനൃത്തമായും അറിയുന്നു." ഭയദു:ഖാദികളില്‍ നിന്നും പൂര്‍ണ്ണമായും മുക്തരായി തുരീയാവസ്ഥയെ പ്രാപിച്ചവര്‍ വീണ്ടും തെറ്റുകളിലേയ്ക്ക് വീഴാന്‍ ഇടവരുന്നില്ല. അയാള്‍ ആനന്ദത്തില്‍ എന്നെന്നേയ്ക്കുമായി ആമഗ്നനാണ്. ഈയവസ്ഥ്യ്ക്കുമപ്പുറം പരമമായ ആനന്ദത്തിന്റെ വിവരണാതീതമായ മറ്റൊരു തലത്തിലേയ്ക്കാണ് അയാളുടെ ഗമനം. ആ അഭൌമതലത്തെ നമ്മുടെ അറിവിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് വിവരിക്കാനോ അറിയാനോ ആവില്ല.
നാലാമത്തെ തലമായ തുരീയാവസ്ഥയില്‍ വിരാജിക്കുന്ന ജ്ഞാനിയെപ്പറ്റി, അയാളനുഭവിക്കുന്ന പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തെപ്പറ്റി ഏകദേശമായി നമുക്ക് അനുമാനിച്ചു പറയാന്‍ സാധിക്കും. എന്നാല്‍ തുരീയത്തിനുമതീതമായി ദേഹബോധംതന്നെ അതീന്ദ്രിയമായിരിക്കുന്ന പരമാവസ്ഥയെപ്പറ്റി ഒന്നും പറയുവാനാവില്ല. അതാണ് തുരീയാതീത അവസ്ഥ. രാമാ ആ തലത്തിലെത്താന്‍ ശ്രമിക്കൂ.
എന്നാല്‍ ആദ്യം ‘ജാഗ്രദില്‍ ദീര്‍ഘസുഷുപ്തി’ എന്ന അവസ്ഥയെ പ്രാപിക്കണം. ശരീരത്തെപ്പറ്റി യാതൊരാശങ്കകളും വേണ്ട. കാരണം അതൊരു ഭ്രമം മാത്രമാണല്ലോ. രാമാ നിനക്ക് ജ്ഞാനമുണ്ട്. നിന്റെയുള്ളില്‍ നിനക്ക് പ്രശാന്തി സഹജമായുണ്ടുതാനും. ആത്മജ്ഞാനിയുടെ പാത ഒരിക്കലും അപചയത്തിലേയ്ക്കാവുകയില്ല. ശുദ്ധാവബോധം മാത്രമാണുണ്മ. അതുകൊണ്ട് ‘ഞാന്‍ ഇന്നയാളാണ്’, ‘ഇതെന്റേതാണ്’ തുടങ്ങിയ ധാരണകളെ നിന്റെയുള്ളില്‍ ഉയരാന്‍ അനുവദിക്കരുത്. ആത്മാവ് എന്നതുപോലും പറയാന്‍ സൌകര്യപ്രദമായ വെറുമൊരു വാക്കെന്നു മാത്രം കരുതുക. സത്യം അതിനുമപ്പുറമാണ്.
സത്യത്തില്‍ ദ്വന്ദത എന്നത് ഇല്ലാത്ത ഒന്നാണ്. വാസ്തവത്തില്‍ വൈവിധ്യമാര്‍ന്ന ശരീരങ്ങള്‍ ‘ഇല്ലാ’ത്തതാണ്. സൂര്യനില്‍ നിഴലുണ്ടാവുന്നതെങ്ങിനെ? ഇല്ലാത്തവയ്ക്ക് എങ്ങിനെ ബന്ധങ്ങള്‍ ഉണ്ടാവാനാണ്? ഇരുട്ടും വെളിച്ചവും തമ്മില്‍ എങ്ങിനെ ബന്ധമുണ്ടാവാനാണ്? ദേഹത്തിനും ദേഹരൂപമെടുത്ത ദേഹിക്കും തമ്മില്‍ യാതൊരു ബന്ധവുമില്ല. സത്യമറിയുമ്പോള്‍പ്പിന്നെ അസത്യത്തിനു നിലനില്‍പ്പുണ്ടോ?
മനസ്സാണ് ലോകമെന്ന ഈ പ്രകടനത്തിന് ഹേതുവാകുന്നത്. ബോധം സര്‍വ്വവ്യാപിയും അനന്തവും അന്തിമവിശകലനത്തില്‍ എല്ലാറ്റിന്റെയും കാരണവുമാണെങ്കിലും പ്രകടിതപ്രപഞ്ചത്തിന്റെ കാരണം മനസ്സാണ്. ബോധമല്ല. അതുകൊണ്ട് പ്രത്യക്ഷലോകത്തിന്റെ കാരണം സത്യാന്വേഷണത്തിന്റെ അഭാവമത്രേ. അതായത് അജ്ഞാനമാണതിന്റെ ഹേതു. പക്ഷേ, വിളക്കിന്റെ വെളിച്ചം ഇരുട്ടിനെ ഇല്ലാതാക്കുന്നതുപോലെ ആത്മജ്ഞാനം അജ്ഞാനാന്ധകാരത്തെ ക്ഷണത്തില്‍ ഇല്ലാതാക്കുന്നു. അതിനാല്‍ എന്താണ് ജീവന്‍, എന്താണ് മനസ്സ്, തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുകയാണ് സാധകന്‍ ചെയ്യേണ്ടത്.
ആത്മാവ് നിത്യശുദ്ധശാശ്വതമായ ബോധമാണ്. അതിന് മാറ്റങ്ങളില്ല. എന്നാല്‍ ശരീരമോ മാറിക്കൊണ്ടിരിക്കുന്നതും അശുദ്ധവും കേവലം താല്‍ക്കാലികവുമാണ്. താല്‍ക്കാലികമായത് അന്തിമവിശകലനത്തില്‍ ‘ഇല്ലാ’ത്തതാണ്. സ്വപ്നത്തിലെ ലോകങ്ങള്‍ എന്നപോലെ എല്ലാറ്റിനും, എല്ലാ വസ്തുക്കള്‍ക്കും ജീവജാലങ്ങള്‍ക്കും നൈമിഷീകമായ നിലനില്‍പ്പേയുള്ളുവെന്നു ജ്ഞാനി അറിയുന്നു. വാസ്തവത്തില്‍ എവിടെയും യാതൊരു തരത്തിലുമുള്ള ബന്ധനങ്ങളും ഇല്ല. അതുകൊണ്ട് തന്നെ ആര്‍ക്കും ഒരിടത്തും മുക്തിയുമില്ല. ഇതെല്ലാം ഏകമായ, അദ്വയമായ അനന്താവബോധം മാത്രമാണ്. ‘ഞാന്‍ സന്തുഷ്ടന്‍’, ‘ഞാന്‍ അജ്ഞാനി’, തുടങ്ങിയ ധാരണകള്‍ക്ക് നീ ചെവികൊടുക്കുകയാണെങ്കില്‍ അവ നിനക്ക് അന്തമില്ലാത്ത ദു:ഖമാണ് നല്‍കുക. ദ്വന്ദത എന്നത് ഇല്ലാത്ത ഒരു കാര്യമാണെന്നുവരികില്‍ പിന്നെ ബന്ധം എന്ന ഈ ചിന്തയ്ക്കുപോലും സാധുതയില്ല. ഈ സത്യം നിന്നില്‍ രൂഢമൂലമാകട്ടെ.
ആത്മാവ് അജ്ഞതയാല്‍ സ്വയം പരിമിതപ്പെട്ട് മനസ്സായി ലൌകീക വസ്തുക്കളുടെ കറപുരണ്ടിരിക്കുന്നതുപോലെ തോന്നുന്നു. എന്നാല്‍ ഇതേ ആത്മാവ് ആത്മജ്ഞാനത്തിന്റെ വെളിച്ചത്തില്‍ ഭ്രമചിന്തകള്‍ ഉപേക്ഷിച്ച് പ്രബുദ്ധമാവുകയും ചെയ്യുന്നു. അപ്പോള്‍ മനസ്സ് ദേഹത്തെ പുതിയൊരുയര്‍ന്ന തലത്തില്‍ നിന്ന് വീക്ഷിക്കുന്നു. ദേഹത്തെ അതിന്റെ മൂലഘടകങ്ങളുടെ സംഘാതമായി തിരിച്ചറിഞ്ഞ്, ശരീരബോധത്തിനതീതമായി സ്വയമുണര്‍ന്ന് പ്രബുദ്ധമാവുന്നു.
അങ്ങിനെ പ്രബുദ്ധതയെ പ്രാപിച്ചവര്‍ക്ക് ലൌകീകതയോ അജ്ഞാനമോ, ലോകവ്യവഹാരമോ ഒന്നും കളങ്കമുണ്ടാക്കുന്ന കാര്യങ്ങളല്ല. ലോകത്തിലെ ഒന്നിനോടും അയാള്‍ക്ക് ആസക്തിയോ വിരക്തിയോ ഇല്ല. അയാള്‍ക്ക് കാലത്തിന്റെ മൂന്നു തലങ്ങളിലെയും ‘ഞാന്‍’ എന്നാലെന്താണെന്നും ലോകമെന്താണെന്നും നന്നായറിയാം. അത് നിത്യശുദ്ധമായ അനുഭവവും, അനുഭവം എന്ന പ്രതിഭാസവും തമ്മിലുള്ള സംശ്ലിഷ്ട സംയോഗത്തിന്റെ സ്വാഭാവികവികാസ പരിണാമങ്ങള്‍ മാത്രമാണെന്ന് അയാള്‍ക്കറിയാം.
ശുദ്ധമായ, വസ്തു-വിഷയ നിബദ്ധമല്ലാത്ത സ്വാനുഭവം. അതിനെ പരബ്രഹ്മം എന്ന് പറയുന്നു. അതാണ് പരമമായ സത്ത.”. ആത്മാനന്ദത്തിന്റെ അഭൌമമായ അനുഭവമാണത്. ശുദ്ധാനുഭവത്തെ സന്ധിക്കുന്ന ഈ അനുഭവം അതീവമായ പരമാനന്ദത്തെ ഉണര്‍ത്തുന്നു. അജ്ഞാനിക്കത് ലൌകീകതമാത്രമാവുമ്പോള്‍ ജ്ഞാനിക്ക് മുക്തിയാണത്. ശുദ്ധമായ സ്വാനുഭവം തന്നെയാണ് അനന്തമായ പരമാത്മാവ്.. അത് വസ്തുക്കളിലേയ്ക്കുന്മുഖമാവുമ്പോള്‍ ബന്ധനം. അത് സ്വതന്ത്രമാവുന്നതാണ് മോക്ഷം അല്ലെങ്കില്‍ മുക്തി. സ്വാനുഭവത്തിനു അപചയമില്ലാതിരിക്കുകയും ആശങ്കകളുടെ കാലുഷ്യമില്ലാതിരിക്കുകയും ചെയ്യുമ്പോളതുതന്നെയാണ് മുക്തി. വിഷയ-വിഷയീ ബന്ധം ഇല്ലാത്തപ്പോള്‍ ലോകമെന്ന കാഴ്ച്ച തന്നെ ഇല്ല. അതാണ് നാലാമത്തെ അവസ്ഥയായ തുരീയം – 'ജാഗ്രദില്‍ ദീര്‍ഘ സുഷുപ്തി' എന്ന അവസ്ഥ.
കണ്ണ് കേവലം കാണുന്നു എന്നുമാത്രം എന്നാല്‍ അതിലൂടെ ലഭിക്കുന്ന അറിവ്, സന്തുഷ്ടമോ അസന്തുഷ്ടമോ ആയ ധാരണകള്‍ , എന്നിവ കണ്ണിലല്ല ഉദിക്കുന്നത്. അതുപോലെതന്നെ മറ്റ് ഇന്ദ്രിയങ്ങളും സ്വയം സംവേദനക്ഷമമല്ല. അതുകൊണ്ട് ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം ഒരിക്കലും ദുഷിച്ചതല്ല. എന്നാല്‍ ക്ഷണികങ്ങളായ ഈ ഇന്ദ്രിയപ്രവര്‍ത്തനങ്ങളുടെ കൂടെ അഹംകാരം ചേരുമ്പോള്‍ മനസ്സില്‍ ചാഞ്ചല്യമുണ്ടാവുന്നു. അവ ദുഷിക്കുന്നു. കണ്ണുകളേ! നീ കാണുന്ന വസ്തുക്കള്‍ ഉണ്ടായി മറയുന്ന വെറും പ്രകടനങ്ങള്‍ മാത്രം.
മനസ്സേ! കണ്ണുകള്‍ എണ്ണമറ്റ കാഴ്ചകള്‍ കാണുന്നത് അതിന്റെ സ്വഭാവമാണ്. നീയെന്തിനാണ് അവയില്‍ ഇടപെടുന്നത്? നിന്റെയുള്ളില്‍ ഈ കാഴ്ചകള്‍ പ്രതിഫലിക്കുകയും അവ നിനക്ക് തിരിച്ചറിയാനാവുകയും ചെയ്യുന്നു എന്നിരിക്കിലും നീയെന്തിനാണ് അവയോട് അഹംകാരത്തോടെ പ്രതികരിക്കുന്നത്? തീര്‍ച്ചയായും കണ്ണുകളും അവയുടെ കാഴ്ചവസ്തുക്കളും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്ന് നിശ്ചയം. പക്ഷെ നീയെന്തിനാണ് ആ ബന്ധത്തിന് സ്വയം സമര്‍പ്പിച്ചും ഒത്താശചെയ്തും അതിനെ പരിപോഷിപ്പിക്കുന്നത്?
സത്യത്തില്‍ കാണപ്പെടുന്ന ദൃശ്യങ്ങളും കാഴ്ചയും മനസ്സും ഒന്നും പരസ്പരം ബന്ധപ്പെട്ടവയല്ല. അവ കണ്ണാടിയും അതില്‍ പ്രതിഫലിച്ച വസ്തുക്കളും പോലെയാണ്. എങ്കിലും ‘ഞാന്‍ കാണുന്നു’ എന്നൊരു ഭ്രമാത്മക ധാരണ ഉടലെടുക്കുകയാണ്. ഒന്ന് മറ്റൊന്നുമായി അജ്ഞാനം എന്ന മെഴുക് കൊണ്ടുറപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ ആത്മജ്ഞാനം എന്ന അഗ്നിയുടെ സാന്നിദ്ധ്യം ഈ മെഴുകിനെ പാടെ ഉരുക്കിക്കളയും.
ആവര്‍ത്തിച്ചു ചിന്തിച്ചുറപ്പിക്കുന്നതിലൂടെ മാത്രമാണ് ഈ ബന്ധം ദൃഢീകരിച്ചത്. പക്ഷെ ശരിയായ അന്വേഷണംകൊണ്ട് ഞാന്‍ ഇതിനെ തീര്‍ച്ചയായും ഇല്ലാതാക്കും. ഒരിക്കല്‍ ഈ അജ്ഞാനം നീങ്ങിയാല്‍പ്പിന്നെ ദൃക്, ദൃശ്യം, മനസ്സ്, എന്നിവ തമ്മില്‍ വീണ്ടും ബന്ധമുണ്ടാവുകയില്ല. മനസ്സാണ് ഇന്ദ്രിയങ്ങള്‍ക്ക് ആവശ്യമായ ബുദ്ധിശക്തി നല്‍കുന്നത്. അപ്പോള്‍ മനസ്സിനെയാണ് ഇല്ലാതാക്കേണ്ടത്. “ഇതെന്റെ മനസ്സാണ്’ എന്ന് കരുതുന്നവര്‍ മാത്രമേ നിന്റെ മായയ്ക്കു വശംവദരാവൂ. മനസ്സേ നിനക്ക് അസ്തിത്വമില്ല. നീ എന്നെ വിട്ടുപോയാലും എന്റെ കൂടെ നിന്നാലും എനിക്കൊന്നുമില്ല. നീ വെറും മിഥ്യ. അസത്ത്. മായ. വെറുമൊരു മൂഢനേ നീയൊരുക്കുന്ന ഭ്രാമക്കാഴ്ചയില്‍ അടിപതറുകയുള്ളു. ജ്ഞാനിക്ക് നീ ഒരു പ്രശനമേയല്ല. ഈ അറിവ് അജ്ഞാനത്തിന്റെ ഇരുട്ടിനെ ഇല്ലായ്മചെയ്യുന്നു.
ആത്മാവ് നിത്യശുദ്ധശാശ്വതമായ ബോധമാണ്. അതിന് മാറ്റങ്ങളില്ല. എന്നാല്‍ ശരീരവും ദൃശ്യങ്ങളും കാഴ്ചയും മനസ്സും മാറിക്കൊണ്ടിരിക്കുന്നതും അശുദ്ധവും കേവലം താല്‍ക്കാലികവുമാണ്. ഉണ്ടായി മറയുന്ന വെറും പ്രകടനങ്ങള്‍ മാത്രം. താല്‍ക്കാലികമായത് അന്തിമവിശകലനത്തില്‍ ‘ഇല്ലാ’ത്തതാണ്. സ്വപ്നത്തിലെ ലോകങ്ങള്‍ എന്നപോലെ എല്ലാറ്റിനും, എല്ലാ വസ്തുക്കള്‍ക്കും ജീവജാലങ്ങള്‍ക്കും നൈമിഷീകമായ നിലനില്‍പ്പേയുള്ളുവെന്നു ജ്ഞാനി അറിയുന്നു