ഉദ്ധവര് ഗോപികമാരുടെ കര്മ്മങ്ങള്കണ്ട് അതിശയിച്ചുപോയി. അവര്, ബ്രാഹ്മമുഹൂര്ത്തത്തിലേ ഉണര്ന്ന്, മുറ്റം കഴുകി വൃത്തിയാക്കി ശരീരശൗചം ചെയ്ത് വിളക്കുവച്ച് തയിര് കടയുകയായിരുന്നു. ഈശ്വരഭക്തിയുടെ സ്ഥൂലഭൂമിയില് ‘മേഞ്ഞു നടക്കുന്ന, ഒരാള്ക്ക് ഈ സൂചകത്തിലെ അമൃതരസം നുകയുവാനാവില്ല. ബാഹ്യമായ വൃത്തികളനുസ്മരിപ്പിക്കുന്ന ആന്തരതത്ത്വം ചിന്താബന്ധുരമാണ്. ഭക്തിയുടെ ഉദാത്തതയുമാണ്.
നിഷ്കളഭക്തനായ ഉപാസകന് ഭഗവാന്റെ മുമ്പില് സ്വയം അര്പ്പിച്ചവനാണ്. അവന്റെ സമര്പ്പണം സ്വയം പരിശുദ്ധമായ മനസ്സാണ്. മുറ്റം വൃത്തിയാക്കി ഗോപികമാരുടെ പ്രവൃത്തിയില് കാണേണ്ടത് ആ സമര്പ്പണത്തെയാണ്. മുറ്റമടിച്ചുവൃത്തിയാക്കി വിളക്കുവച്ചശേഷമാണ് അവര് തയിര് കടയാനാരംഭിച്ചത്. ബാഹ്യാഭ്യന്തരശൗചത്തോടെയുള്ള ധ്യാനമാണിത്. മുറ്റം മനസ്സല്ലാതെ മറ്റൊന്നല്ല! സച്ചിന്തയാകുന്ന ചൂലുകൊണ്ട്, സജ്ജനങ്ങള് മനസ്സിലെ മാലിന്യങ്ങളകറ്റുന്നു.
ആ സന്ദര്ഭവും ശ്രദ്ധേയമാണ്. ബ്രാഹ്മമുഹൂര്ത്തം! ബ്രഹ്മജ്ഞാനാര്ജ്ജനത്തിനുള്ള സമയമാണത്. പ്രശാന്തമായ പരിസരത്തില് ഉപശാന്തമായ മനസ്സിനെ ഭക്തന്മാര് ഈശ്വരചിന്തയാല് നിര്മ്മലമാക്കുന്നു. ആ ഭക്തന്മാര് ഗോപികമാരാണ്.
ആ തയിര്കടച്ചില്പോലും പ്രതീകാത്മകമാണ്. തയിര്കലം മനസ്സാണ്. അതില് നിറച്ചിട്ടുള്ള അനുഭവമാകുന്ന പാലില് ഈശ്വരചിന്തയാകുന്ന ‘ഉറ’ യൊഴിച്ച് ബുദ്ധിയാകുന്ന കടകോല്കൊണ്ട് ചിന്തയാകുന്ന മഥനം നടത്തുകയാണ്. ആദ്യന്തം തുടരുന്ന ‘കടച്ചില്’, ‘നറുനെയ്യ്്’ ലഭിക്കുമ്പോഴും ഭക്തന്റെ ധ്യാനാവസ്ഥിതി സുചിന്തനയാകുന്ന മഥനത്താല് ആനന്ദമാകുന്ന നവനീതലബ്ധിയിലെത്തി നിഷ്പന്ദമാകുന്നു! ആനന്ദനിര്വൃതിക്കായുള്ള യത്നമാണ് മഥനം! ഗോപികമാര് (ഭക്തന്മാര്) തുടരുന്ന മഥനം ജീവിത യാത്രാന്ത്യത്തോളം ഉണ്ടാകും. അവസാനം മനോബുദ്ധ്യോദികളും ജ്ഞാനകര്മ്മേന്ദ്രിയങ്ങളും മന്ദചേഷ്ടങ്ങളാവുകയും ജീവിതാനുഭവസാരമായി ഉയര്ന്നുനില്ക്കുന്ന ‘നവനീതത്തി’ല് (ആനന്ദാനുഭൂതിയില്) വിലയിക്കുകയും ചെയ്യുന്നു! അപ്പോള് ഭക്തമനസ്സ് ‘ശോകമോഹങ്ങള്’ക്കതീതമാകുന്നു! ആ നിര്വൃതിയെപ്പുകഴാന് മനഃസങ്കല്പത്തിനോ വാഗ്വൈഭവത്തിനോ കഴിയുകയില്ല. ‘ന മനോഗച്ഛതി, ന വാഗച്ഛതി’ എന്നുണ്ടല്ലോ? നിഷ്ഠയാര്ന്ന തപസ്സിലൂടെ മഹായോഗികള് നേടുന്ന ഫലം നിഷ്ക്കളകര്മ്മാചരണത്തിലൂടെ ഭക്തരാര്ജിക്കുന്നു. ഉദ്ധവര് വൃന്ദാവനത്തിലെല്ലാവരിലും കണ്ടത് ഇത്തരത്തിലുള്ള ഭക്തിയാണ്! സ്വസുഖനിരഭിലാഷികളായി, പരഹിതാനുവര്ത്തികളായി, പരമാത്മനിലീനമാനസരായി ഭക്തര് അമൃതാനന്ദമനുഭവിക്കുന്നു
ശ്രീകൃഷ്ണസന്ദേശം വായിച്ചുകൊണ്ടിരുന്ന രാധ, ഉദ്ധവസാന്നിദ്ധ്യത്തില്ത്തന്നെ, മോഹാലസ്യപ്പെട്ടുവീണു. അവളുടെ കൃഷ്ണഭക്തിയോര്ത്തും തല്ക്കാലീനന്ദദുഃഖമോര്ത്തും ഗോപികമാരും ഉദ്ധവരും കണ്ണീരണിഞ്ഞുപോയി. ആ കണ്ണീര് ചാലുകളായി ഒഴുകിയിറങ്ങി. ഒന്നിച്ചുകൂടി ഒരു സരസ്സായിമാറി. അതാണ് പ്രസിദ്ധമായ ലീലാസരോവരം! താമരപ്പൂക്കളോടുകൂടിയ ആ സരസ്സില് സ്നാനം ചെയ്യുകയോ അതിനെ കാണുകയെങ്കിലുമോ ചെയ്യുന്നവര്ക്ക് മോക്ഷം സുനിശ്ചിതമത്രേ! രാധാഭക്തി അറിയുകയും അതിലഭിരമിക്കുകയും ചെയ്യുന്ന ഭക്തന് സംസാരമുക്തനാകുമെന്നുസാരം! ആവിധം ആര്ദ്രമാകുന്ന മനസ്സ് നിഷ്കളഭക്തിയുടേതാണ്. എങ്കില്പ്പിന്നെ മോക്ഷം ലഭിക്കാതിരിക്കുമോ?
ഭക്തിയുടെ ഉദാത്തമാതൃകകളാണ് ഗോപികമാര്! അവര് സര്വ്വേന്ദ്രിയങ്ങളിലൂടെയും ഈശ്വരാമൃതം നുകര്ന്നുകൊണ്ടേയിരിക്കുന്നു. രാധാദേവിയും ഗോപികമാരും നിറഞ്ഞഭക്തിയുടെ നിറഞ്ഞ രൂപങ്ങളാണ്. ശ്രീനാരദന് ഭക്തിസൂത്രത്തില് ഇപ്രകാരം പറയുന്നു:-
‘യത് പ്രാപ്യന കിഞ്ചിത് വാഞ്ചതി
ന ഗോചതി നദ്വേഷ്ടീ
ന രമതേ നോത്സാഹീ ഭവതി!’ (നാ.ഭ.സൂ.5)
( ആ രസമറിഞ്ഞാല് പിന്നെ ഒന്നിലും ആഗ്രഹമില്ല. ശോകമോ ദ്വേഷമോ ഇല്ല. മനസ്സ് മറ്റൊന്നിലും രമിക്കുന്നില്ല. യാതൊന്നിലും ഉത്സാഹിക്കുന്നുമില്ല.) ഇതാണ് നിഷ്ക്കള ഭക്തിയുടെ ശുദ്ധ സ്വരൂപം! ഒന്നിലും ആഗ്രഹമില്ല എന്നതിന്, ഭഗവാനിലല്ലാതെ മറ്റൊന്നിലും ആഗ്രഹമില്ലെന്നാണര്ത്ഥം! മനസ്സ് ഒന്നിലും രമിക്കുന്നില്ല എന്നതിന്, ഭഗവാനിലല്ലാതെ മറ്റൊന്നിലും മനസ്സ് രമിക്കുകയില്ലെന്നുമാണര്ത്ഥം! ചുരുക്കത്തില് ഭക്തിവിലീനനായ വ്യക്തി സദാ ‘സോfഹം’ എന്നുരുവിട്ട് ‘തന്മയനായി’ ആന്തരാനന്ദമനുഭവിക്കുന്നു.
രാധയും ഗോപികമാരും സാധാരണ ഭക്തരല്ല. വളരെ ഉന്നതമായ ഭക്തി അവരില് വളര്ന്നു കഴിഞ്ഞിരുന്നു. അവരെല്ലാം ഈശ്വരന്റെ പ്രിയതമകളാണ്. ഈശ്വരനേറ്റം പ്രിയമുള്ളവരെന്നര്ത്ഥം! നദിസമുദ്രത്തിലേയ്ക്കെന്നപോലെ അവരുടെ മനസ്സ് ‘കേശവം പ്രതി’ സ്വച്ഛന്ദം ഗമിക്കുന്നു. അതിരുമെതിരുമില്ലാതെ പ്രവഹിക്കുന്ന ഭക്തിഗംഗ ഈശ്വരനാകുന്ന സാഗരത്തെയല്ലാതെ മറ്റൊന്നിനേയും ലക്ഷ്യമാക്കുന്നില്ല.
ഇത്തരം സന്ദര്ഭങ്ങളില് ഭക്തമനസ്സ് സമതയില്ലാത്തതും ചപലവുമാണെന്ന് പുറമേ കാണപ്പെടും. ഗോപികമാരുടെ വിരഹാതുരത വര്ണ്ണിക്കുന്ന ഭാഗം അതാണ് വ്യക്തമാക്കുന്നത്. ഈശ്വരനില് കുറ്റാരോപണം നടത്തുകയും തുടര്ന്ന് ഉത്കണ്ഠിതരാവുകയും സ്വയം സമാധാനം കണ്ടെത്തുകയും ചെയ്യുന്ന ഗോപികമാര്, ഭക്തിയുടെ പരിണാമക്രമമാണ് പ്രകടമാക്കുന്നത്.
‘യത് ജ്ഞാത്വാ മത്തോ ഭവതി
സ്തബ്ദ്ധോ ഭവതി ആത്മാരാമോ ഭവതി!’
(അതറിഞ്ഞ് ഭക്തന് മത്തനാകുന്നു. സ്ത്ബ്ധനാകുന്നു. ആത്മാനന്ദത്തില് നിമജ്ഞനുമാകുന്നു – നാ.ഭ.സൂ.6) ഈ നാരദവാക്യത്തിലന്തര്ഗ്ഗതമായ സാരമാണ് ഗോപീ ജനഭക്തിയില് സാര്ത്ഥകമാകുന്നത്.
മനുഷ്യന് ചെയ്യുന്ന പുണ്യകര്മ്മങ്ങള് അവനില് ധര്മ്മബുദ്ധി വളര്ത്തുന്നു. ധാര്മ്മികവൃത്തി ഈശ്വരരതിയേ ക്രമേണ പല പല മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് ആ മനസ്സ് ഈശ്വരഭാവത്തില് ലയിക്കുന്നു. ആതത്ത്വജ്ഞനായ വ്യക്തി ഭക്തി പൂയൂഷം നുകര്ന്ന് മത്തനാകുന്നു. സാധാരണ വ്യക്തികളുടെ മദമത്തതയല്ലിത്. തേന് നുകര്ന്ന വണ്ട് മാദ്ധ്വീലഹരിയാല് മത്തമാകുന്നതുപോലെ ഇന്ദ്രിയങ്ങളിലൂടെ ഈശ്വരാമൃതം നുകര്ന്ന്, ഭക്തന്, മത്തനാകുന്നു. ഐന്ദ്ര്യവ്യാപാരമെല്ലാം ശ്രീഹരിയിലാമഗ്നമാകുമ്പോള് അനുഭവപ്പെടുന്ന ആനന്ദമൂര്ച്ഛയാണിവിടെ സൂചിപ്പിക്കുന്നത്. അപ്പോഴയാള് ഭൗതികചിന്ത വെടിഞ്ഞ് കണ്ണന്റെ അമൃതാത്മകരൂപത്തില് മാത്രം ലയിക്കുന്നു. അയാളുടെ വൃത്തി, ബാഹ്യദൃഷ്ടികള്ക്കജ്ഞേയമാണ്. ചപലത കാട്ടുന്നതായേ ബാഹ്യദൃക്കുകള്ക്കു കാണാന് കഴിയൂ.
കാരണം, ഭക്തന്, സാധാരണവ്യക്തിയുടെ യുക്തിക്കും ചിന്തയ്ക്കും എത്രയോ മുകളിലായിരിക്കും വ്യാപരിക്കുക!
രാധയും ഗോപികമാരും ഭക്തിയുടെ ഉദാത്ത തലത്തില് നില്ക്കുന്നതായാണ് ഉദ്ധവര് ആദ്യം കണ്ടത്. ആവൃന്ദാവന നാരിമാര് ഭഗവാനില് കുറ്റമാരോപിക്കുന്നതും വിചാരണ നടത്തുന്നതും ന്യായം കണ്ടെത്തുന്നതും ആ സ്വഭാവത്താലാണ്. ‘ഭക്തനും ദാനവ്രതനുമായ മഹാബലിയില് നിന്ന് കിട്ടേണ്ടതെല്ലാം വാങ്ങിയിട്ട് ചതിച്ചില്ലേ?’ എന്നു ചോദിക്കുന്ന ഗോപീഭാവം ഈ നിലയ്ക്കു വേണം കാണാന്. തൊട്ടടുത്ത് അവരുടെ മനസ്സ് ഈശ്വരന്റെ കൃപാമയ കര്മ്മങ്ങളിലേക്കാണ് പായുന്നത്. ‘കൃപാലുവായ ആ ഭഗവാന് വരാഹമായവതരിച്ച് ഭൂമയെ സമുദ്ധരിച്ചു. പൃഥുവായവതരിച്ച് സംരക്ഷിച്ചു’. ഈ വാക്യങ്ങള് പരസ്പര വിരുദ്ധമായി സഞ്ചരിക്കുന്ന ചപലമനസ്സിനെ പ്രതിനിധാനം ചെയ്യുന്നതായിതോന്നാം. പക്ഷേ, അതല്ല സത്യം! ഭക്തി നിറഞ്ഞ മനസ്സ് വാത്സല്യം നിറഞ്ഞ മാതൃമനംപോലെ ഉപാസ്യദേവനില് അധികാരം നേടുന്നു. പുത്രനെ ലാളിക്കുന്ന മാതാവ് അവനെ ‘കള്ളന്’, ‘കുസൃതിക്കാരന്’ എന്നൊക്കെ സംബോധന ചെയ്യുമ്പോള് പദങ്ങളുടെ വാച്യാര്ത്ഥങ്ങള്ക്കല്ലല്ലോ പ്രാധാന്യം! അതുപോലെ ഭക്തന് ഭഗവാനില് നേടുന്ന വിനീതാധികാരം ‘നിന്ദാസ്തുതി’ ചെയ്യുവാന് ഇടയാക്കുന്നു. ഈ അര്ത്ഥം കാണാന് കഴിഞ്ഞില്ലെങ്കില് ഭക്തലക്ഷണമായ ‘മത്തോഭവതി’ എന്നതിന്റെ രഹസ്യം മനസ്സിലാവുയില്ല.
‘സ്തബ്ധോ ഭവതി’ എന്നതാണടുത്ത പടി. ഈശ്വര ചിന്തയിലൂടെ ശാശ്വത ശാന്തി നേടുന്ന മനസ്സ്, മന്ദേന്ദ്രിയ വൃത്തിയായി ചേഷ്ടാരഹിതമായിവര്ത്തിക്കുന്നു. ‘കാറ്റില്പ്പെട്ടദ്ദീപ’വുമെന്നപോലെ നിശ്ചലം നില്ക്കുന്ന മനസ്സ് വേദാന്തികള്പറയുന്ന ‘മനോ നാശത്തി’ലേയ്ക്കുയരുന്നു. അതൊരു സ്തംഭനാവസ്ഥയാണ്. യോഗികള് ചിലര്, ഈ അവസ്ഥയില് ശ്വാസനിരോധംപോലും വരുത്താറുണ്ട്. ഭക്തിരസം നുകര്ന്ന് സ്തബ്ധനാകുന്നുവെന്നാല്, ഈശ്വരനില് പൂര്ണ്ണമായും ലയിച്ച മനസ്സോടുകൂടി ബാഹ്യബോധമറ്റു കഴിയുന്നു എന്നാണര്ത്ഥം! കഥാസന്ദര്ഭത്തിലെ പ്രാരംഭ ഭാഗത്ത്, പലതും പറഞ്ഞും ഖേദിച്ചും അവസാനം ആശ്വാസം പൂണ്ടും സ്രീകൃഷ്ണവൃത്തികളില് ന്യായം കണ്ടും പ്രഹൃഷ്ട മനസ്സുകളുമായി കണ്ട ഗോപവനിതമാരല്ല, തുടര്ന്ന്, തപസ്വികളെപ്പോലെ ചിന്തയിലാണ്ടു കാണപ്പെട്ടത്. കൃഷ്ണസ്മരണയാല് അവര്, മൂര്ച്ഛിച്ചു വീഴുകയായിരുന്നു. ഇതിനെ വെറും വൈകാരിക മോഹാലസ്യമായി കാണാന് പാടില്ല. സ്വയം ഭഗവാങ്കലേയ്ക്കര്പ്പിതമാകുന്നതിന്റെ പ്രതീകമായിവേണം മനസ്സിലാക്കാന്.
രാധികയാകട്ടെ, ഇത്തരം ഭക്തമനസ്സിന്റെ പ്രതീകമാകുന്നു. സങ്കല്പങ്ങളൊടുങ്ങി ഭഗദ്രതിമാത്രം ചിത്തവൃത്തിയായുള്ള മഹാഭക്തന്റെ / ഭക്തയുടെ മനസ്സാണവള്! രാധയെന്ന ‘ധാരാ’ ഭക്തിയാണിവിടെ. ഈശ്വരദര്ശനമല്ലാതെ മറ്റൊന്നും അവിടെ ഫലിക്കുകയില്ല. ശ്രീകൃഷ്ണ സന്ദേശത്തിന് പ്രതിപത്രം നല്കാന് ശ്രമിച്ച രാധയെ ശ്രദ്ധിക്കുന്നതുകൊള്ളാം. അവള്ക്കൊന്നുമെഴുതാന് കഴിഞ്ഞില്ല. മറുപടിയെഴുതുവാന് ഓര്ത്തപ്പോള്ത്തന്നെ മനം നിറയെ ശ്രീകൃഷ്ണരൂപം! മനസ്സു കുളിരുന്നു ആ വേളയില് ‘നവാഗച്ഛതി മനോഗച്ഛതി’ എന്ന നിലയിലെത്തുന്നു. വാഗതീതമായ ആനന്ദമനുഭവിച്ച രാധ, ആനന്ദക്കണ്ണീരിനാല് എഴുത്തുപകരണങ്ങളെ ആവിലമാക്കി. ഒരക്ഷരവുമെഴുതാനാകാതെ കുഴങ്ങിപ്പോയി. ‘സ്തബ്ധമായി’പ്പോകുന്ന ഭക്തചിത്തമാണ് രാധയിലൂടെ വെളിവാക്കുന്നത്.
അമൃതാനുഭവത്തിന്റെ അവസാനം ഭക്തന്, ആത്മാരാമനായി ഭവിക്കുന്നു. ഭഗവാനില് ലയിച്ച മനസ്സ് വിവരണാതീതമായ ആനന്ദത്തില് മുഴുകുന്നു.
Source: http://punnyabhumi.com/news-23445