ചിത്തശുദ്ധി
സ്വാമി ജ്ഞാനാനന്ദ സരസ്വതിശ്രീഹൃദയം – യോഗ വേദാന്ത മാസിക
ആത്മജ്ഞാനവിഷയത്തില്‍ ചിത്തശുദ്ധി അതിപ്രധാനമായൊരു സംഗതിയാണ്. ചിത്തം സംശുദ്ധമാവാതെ ഒന്നും സാദ്ധ്യമല്ല. അതിനാല്‍ വേദാന്തശ്രവണംവരെയുള്ള സാധനകളൊക്കെ ഒരുപ്രകാരത്തില്‍ ചിത്തശുദ്ധിക്കുമാത്രമുള്ളവയാണ്. ചിത്തം സംശുദ്ധമായിക്കഴിഞ്ഞാല്‍ പിന്നെ മറ്റൊന്നും വേണമെന്നുതന്നെയില്ല; തത്ത്വം താനേ പ്രകാശിക്കും. ചളിപുരണ്ട കണ്ണാടിയില്‍ വസ്തുക്കള്‍ പ്രതിബിംബിക്കാത്തതുപോലെയാണ് നാമരൂപങ്ങളെക്കൊണ്ടും കര്‍മ്മവാസനകളെക്കൊണ്ടും വൃത്തികളെക്കൊണ്ടും മലിനമായിരിക്കുന്ന ചിത്തത്തില്‍ വസ്തുതത്ത്വം പ്രകാശിക്കാത്തത്. കണ്ണാടിയിലെചളി തുടച്ചു കളയുംപോലെ ചിത്തത്തിന്റെ അശുദ്ധിയെ സാധനകളെക്കൊണ്ടു തുടച്ചു ശുദ്ധിവരുത്തണം. സാധാരണ ഒരാളുടെ ചിത്തം തന്നില്‍ അടങ്ങാതെ എപ്പോഴും ബാഹ്യപ്രപഞ്ചത്തിലും പലവിധ നാമരൂപങ്ങളിലും ഓടിപ്പാ ഞ്ഞുനടക്കുകയാണ്. ആദ്യംതന്നെ അതിന്റെ ഓട്ടത്തെ നിര്‍ത്തി തന്നില്‍ അടക്കണം. ഉപവാസം, മന്ത്രപുരശ്ചരണം, സ്വരൂപദ്ധ്യാനം എന്നിവ ചിത്തത്തെ തന്നില്‍ അടക്കിനിര്‍ ത്താന്‍ പറ്റുന്ന ഏറ്റവും നല്ല സാധനകളാണ്. കുറെ കാലത്തെ നിരന്തരപരിശ്രമംകൊണ്ടു ചിത്തം തന്നില്‍ത്തന്നെ അടങ്ങിനില്‍ക്കാന്‍ തുടങ്ങും. അപ്പോള്‍ തത്ത്വങ്ങളെക്കുറിച്ചു വിചാരംചെയ്യാന്‍തുടങ്ങണം. താന്‍ ആരാണ്? ഈ പ്രപഞ്ചമെന്താണ്? ഇതെങ്ങനെയുണ്ടായി?
ഈശ്വരന്‍ എന്നാലെന്താണ്? താനും ഈശ്വരനും തമ്മിലുള്ള സംബന്ധമെന്താണ്? മരണത്തില്‍ നിന്നെങ്ങനെ രക്ഷപ്പെടാന്‍ സാധിക്കും? ഇങ്ങനെ ഓരോന്നിനെക്കുറിച്ചും അതിന്റെ നിഷ്‌കൃഷ്ടതത്ത്വം മനസ്സിലാവുന്നതുവരെ വിടാതെ വിചാരം ചെയ്യണം. അപ്പോള്‍ ശാസ്ത്രാഭ്യാസം, സല്‍സംഗം, പുരാണശ്രവണം ഇവയെല്ലാം ആവശ്യമായിത്തോന്നും. അവയിലെല്ലാം ശ്രദ്ധയുമുണ്ടാവും. കഴിവിന്നനുസരിച്ച് അവയെയൊക്കെ സേവിച്ചുകൊണ്ടു വിചാരത്തെ മുന്നോട്ടു കൊണ്ടുപോകുന്നപക്ഷം ക്രമേണ ഈശ്വരങ്കല്‍ വിശ്വാസവും കുറേശ്ശെ ഭക്തിയുമുണ്ടാവാന്‍ തുടങ്ങും. ഭക്തിയും വിശ്വാസവും വര്‍ ദ്ധിക്കുന്തോറും വിചാരം സഫലമാവാന്‍ തുടങ്ങും. ഓരോ തത്ത്വത്തിന്റെയും നിഗൂഢമായ രഹസ്യമറിയാന്‍തുടങ്ങും. അറിയുംതോറും ഭക്തിയും വിശ്വാസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. ക്രമേണ വൈരാഗ്യവും ആരംഭിക്കും. ജഗത്തു മിത്ഥ്യയാണെന്നു ബോദ്ധ്യം വരുമ്പോള്‍ വൈരാഗ്യത്തിന്നു ദൃഢതയുണ്ടാവും. വൈരാഗ്യം വളര്‍ന്നു ചിത്തം സകലവിഷയങ്ങളില്‍നിന്നും കേവലം വിട്ടുമാറുമ്പോള്‍ മാലിന്യങ്ങള്‍ നീങ്ങി പ്രായേണ സംശുദ്ധമാവും. വിക്ഷേപം, ആവരണം, ഇങ്ങനെ രണ്ടായിട്ടാണ് ചിത്തത്തിന്റെ അശുദ്ധിയെ കണക്കാക്കിവരുന്നത്.
വസ്തുബോധമില്ലായ്മ ആവരണവും വസ്തുവിന്റെ അന്യഥാഗ്ര ഹണം വിക്ഷേപവുമാണെന്നു പറഞ്ഞാല്‍ ഏതാണ്ടവയുടെ സ്വരൂപം ശരിയാവും. എന്നാല്‍ അന്യഥാ ഗ്രഹണമെന്നതിന് എത്ര സ്വരൂപങ്ങളാണുണ്ടായിക്കൂടാത്തത്? അതിനാല്‍ വിക്ഷേപത്തിന്റെ സ്വരൂപങ്ങളെ കണക്കാക്കാന്‍ സാദ്ധ്യമേ അല്ല. സ്വപ്നത്തില്‍ എന്തൊക്കെ കാണുമെന്നെങ്ങനെ തീര്‍ച്ചപ്പെടുത്താം? അതുതന്നെയാണ് വിക്ഷേപത്തിന്റെ രൂപം. മായയുടെ അതിപ്രധാനങ്ങളായ രണ്ടു ശക്തികളാണ് വിക്ഷേപാവരണങ്ങള്‍. അവയാണ് സംസാരത്തിന്റെ സൃഷ്ടിയും സ്ഥിതിയും സംഹാരവുമെല്ലാം നടത്തുന്നത്. അവ നീങ്ങിയാല്‍ സംസാരംതന്നെ ഇല്ലെന്നു പറയണം. അവതന്നെയാണ് ചിത്തത്തില്‍ വസ്തുബോധത്തിന്നു തടസ്സങ്ങളായിട്ടിരിക്കുന്നതും. ചിത്തത്തിന്റെ അശുദ്ധിയും അവതന്നെയാണ്. അവ എങ്ങനെയുണ്ടായി എന്ന അന്വേഷണമല്ല, എങ്ങനെ നശിക്കുമെന്ന കാര്യമാണന്വേഷിക്കുകയും അറിയുകയും ചെയ്യേണ്ടിയിരിക്കുന്നത്. നാമരൂപങ്ങളും അവയോടുള്ള സംബന്ധവുമാണ് വിക്ഷേപത്തിന്റെ സ്ഥൂലരൂപം. വസ്തുബോധമില്ലായ്മയാകുന്ന തമസ്സ് ആവരണത്തിന്റെയും സ്വരൂപമാണ്. വസ്തുബോധത്തിന്റെ അഭാവത്തിലല്ലേ ആ വസ്തുവിന്റെ പ്രതീതിയുണ്ടാവുന്നത്?
അതിനാല്‍ വിക്ഷേപങ്ങള്‍ക്കൊക്കെ അവലംബം ആവരണമാണ്. കയറില്‍ കയറെന്ന ബോധമില്ലാതായപ്പോഴാണല്ലോ പാമ്പിന്റെ പ്രതീതിയുണ്ടായത്. കയറിന്റെ ബോധമില്ലായ്മയാണ് വസ്തുബോധത്തിന്റെ അഭാവം. അതുതന്നെ ആവരണം. പാമ്പിന്റെ പ്രതീതി വിക്ഷേപവും. അപ്പോള്‍ രണ്ടും കൂടിച്ചേര്‍ന്നാണ് നില്ക്കുന്നതെന്നു വരുന്നു. വിള ക്കുകൊണ്ടുവന്നുനോക്കിയപ്പോള്‍ പാമ്പിന്റെ പ്രതീതി നീങ്ങലും കയറിന്റെ ബോധം പ്രകാശിക്കലും ഒപ്പം കഴിഞ്ഞു. വസ്തുബോധമുണ്ടാവുമ്പോള്‍ വിക്ഷേപവും ആവരണവും ഒപ്പം നീങ്ങുമെന്നത് അതുകൊണ്ടു മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇതുപോലെ ആത്മബോധമുണ്ടാവുമ്പോള്‍ വിക്ഷേപാവരണങ്ങള്‍ രണ്ടും നീങ്ങി ചിത്തം പവിത്രമായിത്തീരും. ആത്മഭാവത്തിന്നും അനുഭൂതിക്കും തടസ്സവും ഇല്ലാതായിത്തീരും. പക്ഷേ വിക്ഷേപാവരണങ്ങള്‍ നിലവിലുള്ളപ്പോള്‍ ആത്മബോധമുണ്ടാവാമോ എന്നാണ് പിന്നെ ആലോചിക്കാനുള്ളത്. വിഷമമാണ് എങ്കിലും ഉണ്ടായിക്കൂടായ്കയില്ല. ഇടവിടാതെ നിരന്തരം തത്ത്വവിചാരം ചെയ്യുന്നുവെങ്കില്‍ കാലംകൊണ്ടുണ്ടാവാം. ഏതായാലുംതത്ത്വവിചാരവും സല്‍സംഗവുമാണ് ചിത്തശുദ്ധിക്കുള്ള അതിപ്രധാനങ്ങളായ രണ്ടുപാധികള്‍.
ജീവിതശുദ്ധി
വിവേകിയായ മനുഷ്യന്റെ ജീവിതം എല്ലാ പ്രകാരത്തിലും പവിത്രമായിരിക്കേണ്ടതാണ്. ശരീരമനോബുദ്ധികളുടെ പവിത്രതയാണ് ജീവിതത്തിന്റെ ശുദ്ധി. ശുദ്ധമായ ജീവിതം നയിക്കുന്നൊരാള്‍ക്കുമാത്രമേ സം തൃപ്തിയും സമാധാനവും കൃതാര്‍ത്ഥതയുമുണ്ടാവു. ധാര്‍മ്മികങ്ങളായ കര്‍ത്തവ്യകര്‍മ്മങ്ങളെമാത്രം ചെയ്തുകൊണ്ടിരിക്കുന്ന ഒരാളുടെ ശരീരം എപ്പോഴും ശുദ്ധമാണ്. ദുഷ് കര്‍മ്മങ്ങളാണ് ശരീരത്തിന്റെ അശുദ്ധി. അവയെ സ്പര്‍ശിക്കാതെ ജീവിക്കുന്നൊരാളുടെ ശരീരം കുളിച്ചാലും ഇല്ലെങ്കിലും എപ്പോഴും സംശുദ്ധമാണ്. എന്നാല്‍ അങ്ങ നെ ചെയ്യാന്‍ വളരെ കുറച്ചുപേര്‍ക്കേ സാധി ക്കുന്നുള്ളു. മനസ്സിന്റെ അശുദ്ധിയാണതിനു കാരണം. രാഗാദിവികാരങ്ങളെക്കൊണ്ടും വര്‍ദ്ധിച്ച വിഷയതൃഷ്ണകൊണ്ടുമാണ് മനസ്സു ദുഷിക്കുന്നത്. ജീവികളിലും, പദാര്‍ ത്ഥങ്ങളിലും രാഗദ്വേഷങ്ങളും മദമത്സരങ്ങളും വര്‍ദ്ധിച്ചാല്‍ പലപ്പോഴും ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്യാനിടയാവും. ദുര്‍ഭാവങ്ങളെക്കൊണ്ടു മനസ്സു കലുഷമായിത്തീര്‍ന്നാല്‍ മിക്കപ്പോഴും ദുഷ്‌കര്‍മ്മങ്ങളെ നിയന്ത്രിക്കാന്‍ കഴിയില്ല. അങ്ങനെ അനിയന്ത്രിതവും ഉച്ശൃംഖലവുമായ മനുഷ്യജീവിതം എത്ര വലിയ നരകത്തിലാണെത്തിപ്പെടുന്നതെന്നു പറയാന്‍ വയ്യ ! ബുദ്ധിയുടെ കടിഞ്ഞാണ്‍ പിടിയില്ലാത്ത ക്ഷുബ്ധവും, പ്രാകൃതവുമായ മനസ്സിനാല്‍ നയിക്കപ്പെടുന്ന ജീവിതമാണ് ഇങ്ങനെയൊക്കെയായിത്തീരുന്നത്. നിര്‍മ്മലമായ ബുദ്ധിയുടെ നിയന്ത്രണത്തിലുള്ള മനസ്സും, ശുദ്ധവും ഉപശാന്തവുമായ മനസ്സിനാല്‍ നയിക്കപ്പെടുന്ന ശരീരവുമാണ് ഒരാളുടെ ജീവിതത്തിന്റെ ഘടകങ്ങളെന്നുവന്നാല്‍ ആ ജീവിതം സര്‍വ്വോല്‍കൃഷ്ടവും വിജയവുമാവാതിരിക്കാന്‍ വയ്യ. തെറ്റിദ്ധാരണകളും അവിവേകവുമാണ് ബുദ്ധിയുടെ അശുദ്ധി.
ബോധവിവേകങ്ങളെക്കൊണ്ട് അവയെനീക്കി ബുദ്ധിയെ നിര്‍മ്മലമാക്കാന്‍ കഴിയും.
ദൃഢമായ ഈശ്വരവിശ്വാസം, ത്യാഗം, വൈരാഗ്യം, ശമം, ദമം, സഹിഷ്ണുത തുടങ്ങിയ ഗുണങ്ങളെല്ലാം ചെറുപ്പത്തില്‍ തന്നെ സമ്പാദിക്കപ്പെടേണ്ടവയാണ്. ജീവിതത്തില്‍ വിജയം വേണമെന്നുള്ളൊരാള്‍ക്ക് ഇവയെല്ലാം ഒഴിക്കാന്‍ പാടില്ലാത്തവയാണ്. വിവേകാദിഗുണങ്ങളെക്കൊണ്ടു ബുദ്ധി വേണ്ടത്ര നിര്‍മ്മലയും വീര്യയുക്തയുമായിരിക്കണം. അങ്ങനെയുള്ള ബുദ്ധിക്കു മാത്രമേ എളുപ്പത്തില്‍ ഏതൊരു കാര്യത്തിന്റെയും ഗുണദോഷങ്ങളെ തിരിച്ചറിയാന്‍ കഴിയൂ. ഒരു നല്ല ജീവിതത്തിന്ന് ആ തിരിച്ചറിയല്‍ അത്യാവശ്യമാണുതാനും. തക്കസമയത്ത് വേണ്ടതുവേണ്ടപോലെ ഗ്രഹിക്കാനും പ്രവര്‍ത്തിക്കാനും കഴിയണം. അതാണ് വിവേകത്തിന്റെ ലക്ഷണവും. അതില്ലെങ്കില്‍ പിന്നെ മറ്റെന്തെല്ലാം ഗുണങ്ങളുണ്ടായിട്ടും കാര്യമില്ല. എല്ലാകാര്യത്തിലും പരാജയമായിരിക്കും ഫലം.
ലോകത്തില്‍ ഓരോരുത്തരും അനുഭവിക്കുന്ന എല്ലാവിധ അനുഭവങ്ങള്‍ക്കും അവരവരുടെ കര്‍മ്മങ്ങള്‍ തന്നെയാണ് കാരണം. നല്ലതോ ചീത്തയോ ആയ ഒരനുഭവം ആരില്‍ക്കൂടെ വന്നുചേരുന്നതാണെങ്കിലും അതിന്റെ ഉത്തരവാദി അനുഭോക്താവാണ്. തനിക്കനുഭവിക്കാന്‍ അര്‍ഹതയില്ലാത്തൊരനുഭവം ഒരിക്കലും ഒരാള്‍ക്കു വന്നുചേരില്ല. പക്ഷേ തന്റെ അര്‍ഹത മിക്കപ്പോഴും ഓരോരുത്തര്‍ക്കും അജ്ഞാതമായിരിക്കും. വന്നുചേരുന്ന അനുഭവവും താനും തമ്മിലുള്ള സം ബന്ധം ഓരോരുത്തര്‍ക്കും അജ്ഞാതമാണെ ന്നതുകൊണ്ടാണ് പൊതുവെ അദൃഷ്ടങ്ങളെന്നു പറഞ്ഞുവരുന്നത്. അദൃഷ്ടഫലങ്ങളെല്ലാം ദൃഷ്ടങ്ങളായ ചില കര്‍മ്മങ്ങളുടെ പ്രതിഫലങ്ങളാണ്. ഫലാസ്പദങ്ങളായ കര്‍മ്മങ്ങള്‍ മുമ്പു കഴിഞ്ഞുപോയതിനാല്‍ വര്‍ത്തമാനകാലത്തിനെ അറിയാന്‍ കഴിയുന്നില്ലെന്നേ ഉള്ളു. അതിനാല്‍ അവരവരുടെ ജീവിതത്തിലെ ശുഭാശുഭങ്ങളായ എല്ലാ അനുഭവങ്ങള്‍ക്കും അവരവര്‍ തന്നെയാണ് തികച്ചും ഉത്തരവാദിയായിട്ടിരിക്കുന്നത്.
അപ്പഴപ്പോള്‍ മനസ്സില്‍ പൊന്തിക്കൊണ്ടിരിക്കുന്ന വിചാരങ്ങളും ഭാവങ്ങളുമെല്ലാം മനസ്സിന്റെ വൃത്തികളാണ്. വൃത്തികളെല്ലാം അകത്താണ് ഉണ്ടാവുന്നതെങ്കിലും പുറത്തുള്ള പദാര്‍ത്ഥങ്ങളോടും ജീവികളോടും ബന്ധപ്പെടുന്നു. പല രൂപത്തില്‍ പല വസ്തുക്കളിലും ജനങ്ങളിലും വൃത്തികള്‍ വഴി യ്ക്കു ജീവന്‍ ബന്ധപ്പെടുന്നു. അതാണൊരുപ്രകാരത്തില്‍ സംസാരബന്ധം. ബന്ധത്തിനനുസരിച്ചാണ് ഓരോരുത്തരുടെയും വിചാരങ്ങളും പ്രവൃത്തികളും. അങ്ങനെ ചെയ്യപ്പെടുന്ന പ്രവൃത്തികളാണ് പില്‍ക്കാലത്തു ഫലസ്വരൂപങ്ങളായി മാറുന്നത്. ഏതേതു വസ്തുക്കളേയോ, ജീവികളേയോ ആശ്രയിച്ചുകൊണ്ടാണോ കര്‍മ്മം വളരാനിടവന്നത്; അതാതു വ്യക്തികളില്‍കൂടെ ഫലവും വന്നുചേരുന്നു. ഇതാണ് സംസാരത്തിന്റെ സ്വഭാവം. അതാതു വ്യക്തികളില്‍കൂടെയാണ് ഫലാനുഭൂതി വന്നുചേരുന്നതെങ്കിലും അവരാരും അതിനുത്തരവാദിയല്ലെന്നും ഭോക്താവുമാത്രമാണ് ഉത്തരവാദിയെന്നും ഈ വീക്ഷണത്തില്‍കൂടെ നോക്കിയാല്‍ അറിയാന്‍ കഴിയും. മനസ്സില്‍ അപ്പഴപ്പോള്‍ പൊന്തിക്കൊണ്ടിരിക്കുന്ന വൃത്തികളെ മുഴുവന്‍ – അവ ഏതെല്ലാം രൂപത്തിലൊക്കെയുള്ളതായാലും-ഈശ്വരനോടു മാത്രം ബന്ധപ്പെടുത്തുന്നു എന്നുള്ളതാണ് ഏറ്റവും സുരക്ഷിതമായ അവസ്ഥ. അങ്ങനെ ചെയ്യാന്‍ കഴിഞ്ഞാല്‍ കര്‍മ്മങ്ങള്‍ വളരാന്‍ തന്നെ ഇടയാവില്ല. എന്തെങ്കിലും കര്‍ത്തവ്യകര്‍മ്മങ്ങളെയൊക്കെ ചെയ്താലും അവയൊന്നും യാതൊരു വ്യക്തിയോടും ബന്ധപ്പെടാനും പോവുന്നില്ല.
പക്ഷേ; പരമാര്‍ത്ഥമായ ഈശ്വരവിശ്വാസവും, സമ്പൂര്‍ണ്ണമായ ഈശ്വരശരണാഗതിയും ഉള്ളൊരാള്‍ക്കു മാത്രമേ അങ്ങനെ ചെയ്യാന്‍ കഴിയൂ. ജഡമായിരിക്കുന്ന ഈ പ്രപഞ്ചത്തില്‍ ചൈതന്യസ്വരൂപനും സര്‍വ്വശക്തനുമായ ഈശ്വരനെയല്ലാതെ മറ്റാരെയാണ് വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യേണ്ടത് ! വിവേകമുള്ള ഏതൊരാള്‍ക്കും ഉപേക്ഷിക്കാന്‍ കഴിയാത്തതാണ് ഈശ്വരാശ്രയം. ജീവിതത്തിന്റെ വിജയത്തിനു അതില്‍പ്പരം നല്ലൊരു മാര്‍ഗ്ഗം മറ്റൊന്നുംതന്നെയില്ലെന്നു പറയണം. ശരീരമനോബുദ്ധികളുടെ ശുദ്ധിയാണ് ജീവിതവിജയത്തിന്റെ മുഖ്യഹേതു. ഈശ്വരശരണാഗതി കൊണ്ടല്ലാതെ കരണങ്ങള്‍ സംശുദ്ധങ്ങളാവാന്‍ പോവുന്നില്ല. അറിവും, വിചാരവും, പ്രവൃത്തിയും നന്നായാല്‍ മാത്രമേ ഒരാളുടെ അനുഭവങ്ങള്‍ നന്നാവാന്‍ പോവുന്നുള്ളൂ. കരണങ്ങളുടെ പരിശുദ്ധിയാണ് അറിവിനേയും, വിചാരങ്ങളേയും, പ്രവൃത്തികളേയും നന്നാക്കിത്തീര്‍ക്കുന്നത്. ശാസ്ത്രബോധം, സല്‍സംഗം, ദൃഢമായ ഈശ്വരവിശ്വാസം എന്നിവയാണ് ശരീരാദികരണങ്ങളെ പവിത്രങ്ങളാക്കിത്തീര്‍ക്കുന്നത്. കരണങ്ങളുടെ പവിത്രതയും ശരിയായ വിവേകവും തന്നെ ജീവിതത്തിന്റെ ശുദ്ധി. അതുള്ളവന്‍ അനുഗ്രഹീതനും ധന്യനുമാണ്. അവന്റെ ജീവിതം ഇഹത്തിലും പരത്തിലും വിജയവുമാണ്.
ഈശാവാസ്യമിദം സര്‍വ്വം
ഒരായിരത്തിലധികം വരുന്ന നമ്മുടെ ഉപനിഷല്‍ഭണ്ഡാരത്തിലെ ഒന്നാമത്തെ ഉപനിഷത്താണ് ഈശാവാസ്യം എന്നാണ് പറയ പ്പെട്ടുവരുന്നത്. പ്രസ്തുത ഉപനിഷത്തിലെ പ്രഥമ മന്ത്രത്തിന്റെ പ്രഥമപാദമാണ് മുകളില്‍ ഉദ്ധരിച്ച തലവാചകം. അത്യന്തം സൂക്ഷ്മമായ പരമാണുമുതല്‍ അത്യന്തംസ്ഥൂലമായ ബ്രഹ്മാ ണ്ഡമടക്കമുള്ള എല്ലാവസ്തുക്കളിലുംഈശ്വരന്‍ അധിവസിക്കുന്നുവെന്നാണ് പ്രസ്തുത വാക്യത്തിന്റെ ശബ്ദാര്‍ത്ഥം. അതെങ്ങനെ നമുക്ക് ബോധ്യപ്പെടാമെന്നാണ് ഈ ലേഖനവിഷയം. പദാര്‍ത്ഥങ്ങളെ പൊതുവെ മൂന്നുഘടകങ്ങളായി വേര്‍തിരിക്കാം. ശരീരം, ജീവന്‍, ആത്മാവ്ഇങ്ങനെ. ഒരുമാമ്പഴത്തെ എടുക്കുകഅണ്ടിയും തൊലിയും കൂടിയ സ്ഥൂലവിഭാഗം അതിന്റെ ശരീരവും, കാമ്പാകുന്ന സൂക്ഷ്മവിഭാഗം ജീവനും, രസം ആത്മാവുമാണ്. ഇങ്ങനെ എല്ലാ പദാര്‍ത്ഥത്തെയും അപഗ്രഥിച്ചു മുമ്മൂന്നുഘടകങ്ങളായി വേര്‍തിരിക്കാം. വ്യഷ്ടിയിലും സമഷ്ടിയിലും അതു തുല്യവും പ്രായോഗികവുമാണ്. സ്ഥൂലാംശ മാകുന്ന ശരീരത്തെ അധിഭൂതമെന്നും, സൂ ക്ഷ്മാംശമാകുന്ന ജീവനെ അദ്ധ്യാത്മമെന്നും, അത്യന്തസൂക്ഷ്മാംശമാകുന്ന ആത്മാവിനെ അധിദൈവമെന്നും പറയും. അധിഭൂതമാകുന്ന സ്ഥൂലാംശം നമുക്കു കാണാനും തൊടാനും എടുക്കാനുമെല്ലാം കഴിയുമെങ്കില്‍ക്കൂടി ക്ഷണികമാണ്. വളരെ കുറച്ചുസമയം മാത്രമേ നിലനില്ക്കു. മാത്രമല്ല, അതില്‍ നിര്‍വൃതിക്കാസ്പദമായ രസാംശം വളരെ കുറയുകയുംചെയ്യും. മാമ്പഴത്തിന്റെ രസമാസ്വദിക്കുന്ന വര്‍ അതിന്റെ അണ്ടിയും തൊലിയും കളയു ന്നത് അവയില്‍ രസാംശം വളരെ കുറച്ചേ ഉള്ളു എന്നതുകൊണ്ടാണ്. കാമ്പിനെ തിന്നു ന്നത് അതില്‍ രസാംശത്തിന്റെ ആധിക്യമുള്ള തുകൊണ്ടും, കാമ്പിനേയും തള്ളി രസത്തെ മാത്രമായി ആസ്വദിക്കാന്‍ കഴിയാത്തതുകൊ ണ്ടുമാണ്. സൂക്ഷ്മാംശമാകുന്ന അദ്ധ്യാത്മമല്ലെങ്കില്‍ ജീവനും ശരീരത്തെപ്പോലെ ക്ഷണികമല്ലെങ്കിലുംനശ്വരമാണ്. എന്നാല്‍ അധിദൈ വമാകുന്ന ആത്മാവിനെപ്പോഴും നാശമില്ല. അത് സ്ഥിരമായിനില്ക്കുന്നു. മാമ്പഴത്തിന്റെ അണ്ടിയും തൊലിയുംകാമ്പും നശിച്ചുംരസം നിലനില്ക്കുന്നു. ഇതുപോലെ എല്ലാറ്റിന്റേയും അധിദൈവാംശം ശാശ്വതമായി നിലനില് ക്കുന്നു. പക്ഷേ ഉപാധിയിലൂടെമാത്രമേ അതു ഗ്രഹിക്കാന്‍ കഴിയൂ എന്ന കാരണത്താല്‍ ഉപാധികളില്ലാത്തപ്പോള്‍ അതിന്റെ ഗ്രഹണമില്ലെന്നുമാത്രം. മുന്‍കൊല്ലത്തെ മാമ്പഴങ്ങളല്ല അടുത്തകൊല്ലത്തില്‍ മാവിന്‍മേലുണ്ടാവു ന്നത്. മുന്‍കൊല്ലത്തെ അണ്ടികളും തൊലികളും കാമ്പുകളുമെല്ലാംവേറെ. എല്ലാം മാറിയിരിക്കുന്നു. എന്നാല്‍ രസത്തിന്നു യാതൊരു മാറ്റവുമില്ല. അതു മുന്‍കൊല്ലത്തേതുതന്നെ. അപ്പോള്‍ മാമ്പഴങ്ങളെല്ലാം നശിച്ചാലും അതിന്റെ രസം നിലനില്ക്കുന്നുവെന്നും അതിനു നാശമില്ലെന്നും വ്യക്തമാണ്. ഇതുപോലെ ഏതു പദാര്‍ത്ഥത്തിലേയും അധിദൈവാംശത്തിന്ന് എപ്പോഴും മാറ്റമോ നാശമോ സംഭവിക്കു ന്നില്ല.
അതിന്റെ സ്വാഭാവികമായ രൂപം അല്ലെ ങ്കില്‍ രസം ഇന്നതാണെന്നും പറയാനും വയ്യ. ഏതേതു വസ്തുക്കള്‍ അധിദൈവചൈതന്യ ത്തിന്റെ ഉപാധികളായിത്തീരുന്നുവോ,അതതു പദാര്‍ത്ഥങ്ങള്‍ക്ക് അനുയോജ്യമായി അതു വ്യഞ്ജിക്കപ്പെടുന്നു. മാമ്പഴത്തില്‍ രസമായി പ്രകാശിച്ച അധിദൈവാംശംതന്നെ പുഷ്പ ത്തില്‍ സുഗന്ധമായും, അഗ്നിയില്‍ ദാഹകശ ക്തിയായും, ആദിത്യനില്‍ തേജസ്സായും മനു ഷ്യനില്‍ വിജ്ഞാനമായും പ്രകാശിക്കുന്നു. വസ്തുക്കളുടെ അധിഭൂതാത്മഘടകങ്ങള്‍ – ശരീരവും ജീവനും -പരിച്ഛിന്നങ്ങളും, ഓരോ ന്നിന്റേയും പ്രത്യേകമായി മറ്റുള്ളവയില്‍ നിന്നു വേര്‍പിരിഞ്ഞുനില്‍ക്കുന്നവയുമാണെ ങ്കില്‍ക്കൂടി അധിദൈവചൈതന്യം അപരിച്ഛി ന്നവും അദൈ്വതവുമാണ്. അതിനാല്‍ അധിഭൂതപദാര്‍ത്ഥങ്ങളും അദ്ധ്യാത്മഘടകങ്ങളും അധിദൈവചൈതന്യത്തെ അവലംബിച്ചു നില്ക്കുകയെന്നല്ലാതെ അധിദൈവം മറ്റൊ ന്നിനേയും അവലംബിക്കുന്നില്ല. മാമ്പഴത്തിന്റെ കാമ്പ് രസത്തേയും തൊലി കാമ്പിനേയും അവലംബിച്ചു നില്ക്കുന്നു. രസമില്ലെങ്കില്‍ കാമ്പില്ല. എന്നാല്‍ കാമ്പില്ലെങ്കിലും രസമു ണ്ടുതാനും. അതുപോലെതന്നെ എല്ലാറ്റി ന്റേയും അവസ്ഥ. മനുഷ്യനില്‍ ആത്മാവിനെ അവലംബിച്ചു ജീവനും ജീവനെ അവലംബിച്ചു ശരീരവും നിലനില്‍ക്കുന്നു. ശരീരമി ല്ലെങ്കിലും ജീവനുണ്ട,് എന്നാല്‍ ജീവനില്ലെ ങ്കില്‍ ശരീരമില്ല.
അതുപോലെ ജീവനില്ലെങ്കി ലും ആത്മാവുണ്ട്, ആത്മാവില്ലെങ്കില്‍ ജീവനി ല്ലതാനും. അതിനാല്‍ അധിദൈവമാകുന്ന ആ ത്മാവിനെ അവലംബിച്ച് അദ്ധ്യാത്മമാകുന്ന ജീവനും, ജീവനെ അവലംബിച്ച് അധിഭൂതമാ കുന്ന ശരീരവും നിലനില്ക്കുന്നുവെന്ന് വ്യക്തമാണ്. ഇങ്ങനെതന്നെ എല്ലാ വസ്തുക്ക ളുടേയും അവസ്ഥ. പ്രസ്തുത അധിദൈവത്തെയാണല്ലോ ഈശ്വരനെന്നുപറയുന്നത്. ഈ ദൃഷ്ടിയില്‍ക്കൂടി നോക്കുമ്പോള്‍ ഏതുവസ്തുവിലാണ് ഈശ്വരവാസമില്ലാത്തത്? ഏതൊരു വസ്തുവാണ് ഈശ്വരന്റെ ആവാസകേന്ദ്രമല്ലാത്തത്? എല്ലാം ഈശ്വരാവാസോപാ ധികള്‍തന്നെ. ഏതില്‍ അധിദൈവചൈതന്യം അല്ലെങ്കില്‍ ഈശ്വരനില്ലയോ, ആ വസ്തു ഇല്ലെന്നര്‍ത്ഥമാണ്. അവലംബമില്ലാതെ ഒന്നി നും നിലനില്ക്കാന്‍ വയ്യ. ലോകത്തിലെ ഓരോ പദാര്‍ത്ഥവും പ്രത്യേകമായും ലോകമൊ ട്ടാകെ സാമാന്യമായും അധിദൈവമാകുന്ന ആത്മാവിനെ അല്ലെങ്കില്‍ ഈശ്വരനെ അവലംബിച്ചു നില്ക്കുന്നുവെന്നു വ്യക്തമായല്ലോ.ഇതിനുപുറമെ ശക്തി, സ്വാതന്ത്ര്യം, അറിവ്, പ്രകാശം എന്നീ വിഭൂതികളായും ഈശ്വരന്‍ എല്ലാവരിലും, എല്ലാറ്റിലും അധിവസിക്കുന്നുവെന്നു കാണാന്‍ കഴിയും. എങ്ങനെയെ ന്നാല്‍ നാം കാലുകൊണ്ട് നടക്കുകയും കൈകൊണ്ടെടുക്കുകയും ചെയ്യുന്ന ശക്തി കാലി ന്റേയോ കൈയ്യിന്റേയോ അല്ലെന്നും അവയി ലേക്കു വന്നതാണെന്നും അല്പം ചിന്തിച്ചാല്‍ മനസ്സിലാക്കാം. എവിടെനിന്നാണ് കാലി ലേക്കും കയ്യിലേക്കും ശക്തി വന്നത്? പ്രാണന്‍, മനസ്സ്, ബുദ്ധി എന്നീ കരണങ്ങളും സ്വാഭാവികമായി ജഡങ്ങളും മറ്റൊന്നിന്റെ ചേര്‍ച്ചകൊണ്ടുമാത്രം പ്രവര്‍ത്തിക്കുന്നവകളുമാകയാല്‍ ആ മറ്റൊന്നില്‍ നിന്ന് മാത്രമേ കരചരണാദ്യവയവങ്ങളിലേക്കു ശക്തിയും വന്നെത്താന്‍ കാരണമുള്ളു. വന്നതു പക്ഷേ ബുദ്ധിയില്‍കൂടെയും മനസ്സില്‍ കൂടെയും പ്രാണനില്‍കൂടെയും ഒക്കെയായിരിക്കാം.
എന്നിരുന്നാലും ആ ശക്തിയുടേയും ഉറവിടം അധിദൈവമാകുന്ന ആത്മാവാണെന്നതിനു സംശയമില്ല. അതുപോലെ മനോബുദ്ധീന്ദ്രിയങ്ങ ളുടെ അറിവും സ്വാതന്ത്ര്യവും അവയുടേത ല്ലെന്നുവ്യക്തമാണ്. എന്തുകൊണ്ടെന്നാല്‍ അവ അത്യന്ത പരിമിതങ്ങളാണ്. അറിയേണ്ട തിനെ അറിയാനോ ചെയ്യേണ്ടതിനെ ചെയ്യാ നോ ഉള്ള സ്വാതന്ത്ര്യം മിക്കപ്പോഴും മനോബു ദ്ധ്യാദികരണങ്ങള്‍ക്കില്ലാതെയാണ് കണ്ടുവരുന്നത്. അതിനാല്‍ അവയും അധിദൈവമാകുന്ന ആത്മാവില്‍നിന്നാണ് വരുന്നതെന്ന് നിസ്സംശയമാണ്. ശരീരംമുതല്‍ ബുദ്ധിയടക്ക മുള്ള എല്ലാ കരണങ്ങളും ലോകത്തിലെ പദാര്‍ത്ഥങ്ങളും ലോകമൊട്ടാകെ തന്നെയും അന്ധകാരസ്വരൂപമാണ്. എങ്കിലും അവയെ ല്ലാം അറിയപ്പെടുന്നുണ്ട്. ഒരു പ്രകാശത്തില്‍ അവ വിളങ്ങുന്നതുകൊണ്ടാണ് അവ അറിയ പ്പെടുന്നത്. പദാര്‍ത്ഥങ്ങളെ വിളക്കുന്ന പ്രകാശം ആദിത്യചന്ദ്രാഗ്നികളുടേതാണെന്നു പറയാമെങ്കിലും ആ ആദിത്യചന്ദ്രാഗ്നികള്‍ക്ക് സ്വയമേവ പ്രകാശിക്കാന്‍ കഴിയുന്നില്ലെന്നും അവയിലുള്ള അധിദൈവചൈതന്യമാണ് പ്രകാശമായിട്ടിരിക്കുന്നതെന്നും മുമ്പു സൂചിപ്പിച്ചു. അതിനാല്‍ ആദിത്യാദിപ്രകാശം ആത്മപ്രകാശംതന്നെ. സ്വപ്നാവസ്ഥയില്‍ ആദിത്യചന്ദ്രാഗ്നികളുടെ പ്രകാശം കടക്കാനിടയില്ലാത്ത ശരീരാന്തര്‍ഭാഗത്ത് പദാര്‍ത്ഥങ്ങള്‍ വിളങ്ങു ന്നത് യാതൊരു പ്രകാശത്തിലാണോ, അതേ പ്രകാശംതന്നെയാണ് ആദിത്യചന്ദ്രാഗ്നികളാകുന്ന ഉപാധികളില്‍ക്കൂടെ ലോകത്തില്‍ മുഴുവന്‍ വ്യാപിച്ചു പദാര്‍ത്ഥങ്ങളെ പ്രകാശിപ്പി ക്കുന്നത്. അത് ആത്മപ്രകാശമല്ലാതെ മറ്റൊ ന്നുമല്ല. അപ്പോള്‍ അവലംബം, ശക്തി, സ്വാതന്ത്ര്യം, അറിവ്, പ്രകാശം എന്നീ രൂപത്തിലെല്ലാം ഈശ്വരന്‍ ഓരോ വസ്തുവിലും ഓരോ ജീവിയിലും അധിവസിക്കുന്നു. അധിഭൂതം അദ്ധ്യാത്മത്തില്‍നിന്നും അദ്ധ്യാ ത്മം അധിദൈവത്തില്‍നിന്നും അതായത് ശരീരം ജീവനില്‍നിന്നും ജീവന്‍ ആത്മാവില്‍ നിന്നുമാണുണ്ടായതെന്നും പറഞ്ഞുവല്ലോ. ആ സ്ഥിതിക്ക് വിശാലവീക്ഷണത്തില്‍ക്കൂടെ നോക്കുമ്പോള്‍ അധിദൈവമാകുന്ന ആത്മ ചൈതന്യമാണ് അദ്ധ്യാത്മമായും അധിഭൂതമായും അല്ലെങ്കില്‍ ജീവനായും ശരീരമായും നില്‍ക്കുന്നതെന്നുകൂടിവരുന്നു. അപ്പോള്‍ ഈശ്വരന്‍ എല്ലാറ്റിലും അധിവസിക്കുന്നു എന്നുമാത്രമല്ല; ഈശ്വരന്‍തന്നെ എല്ലാമായി ജഗത്തായി വിളങ്ങുന്നു എന്നുകൂടി പറയണം. ബ്രഹ്മൈവേദം സര്‍വ്വം എന്നിങ്ങനെയുള്ള അന്യവാക്യങ്ങള്‍കൂടി ഇവിടെ അധ്യാഹരിക്കേ ണ്ടതായിവരും. വേദാന്തശാസ്ത്രത്തിന്റെ മര്‍ മ്മപ്രധാനങ്ങളായ സിദ്ധാന്തങ്ങളൊക്കെത്ത ന്നെയും മുകളില്‍ ഉദ്ധരിച്ച മന്ത്രപാദത്തില്‍ അടങ്ങിയിരിക്കുന്നതായി ബോധിക്കാന്‍ കഴിയും.
അഖണ്ഡസച്ചിദാനന്ദാകാരമായ അദൈ്വതബ്രഹ്മത്തില്‍ നിന്നന്യമായി മറ്റൊന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും വെള്ളത്തില്‍ തിര പോലെയും കയറില്‍ പാമ്പുപോലെയുമുള്ള പ്രതിഭാസം മാത്രമാണ് ജഗത്തെന്നും പ്രസ്തുത മന്ത്രവാക്യത്തില്‍നിന്ന് ഗ്രഹിക്കാന്‍ കഴിയുന്നു. കയറില്‍ തോന്നപ്പെട്ട പാമ്പിന്റെ അസ്തിത്വത്തിനു ഹേതു കയറാണ്. കയറില്ലെ ങ്കില്‍ അങ്ങനെയൊരു സര്‍പ്പപ്രതീതിയുമു ണ്ടാവാന്‍ പോവുന്നില്ല. തിരകളുടെ അസ്തിത്വത്തിന്നു ഹേതു ജലവുമാണ്. ജലമില്ലെങ്കില്‍ തിരകളുടെ പ്രതീതിക്കും കാരണമില്ല. അതുപോലെ ജഗത്തിന്റെ അസ്തിത്വത്തിന്നു ഹേതുബ്രഹ്മംതന്നെ. ബ്രഹ്മത്തില്‍ തോന്നപ്പെടുന്ന പ്രതിഭാസം മാത്രമാണ് ജഗത്ത്. അപ്പോള്‍ ജഗദ്വസ്തുക്കളില്‍ ഈശ്വരനല്ല; ഈശ്വരനില്‍ ജഗദ്വസ്തുക്കളാണ് പ്രകാശിക്കുന്നത്. ഇല്ലാ ത്ത അതിഭൂതാധ്യാത്മവസ്തുക്കളുടെ പ്രതീ തിക്കാസ്പദവും സത്തയും അധിദൈവമാകുന്ന ബ്രഹ്മംതന്നെ. നാമൊരു പുഷ്പത്തെക്ക ണ്ടാഹ്ലാദിക്കുന്നുവെന്നിരിക്കട്ടെ. വര്‍ണ്ണശബളവും സുഗന്ധഭൂയിഷ്ഠവുമായ ആ പുഷ്പം ഇന്നലെ ഉണ്ടായിരുന്നില്ല; നാളേയ്ക്കു നില നില്ക്കാനും പോവുന്നില്ല. ഇന്നലെയും നാളെ യുമാകുന്ന ഭൂതഭവിഷ്യല്‍കാലങ്ങളിലില്ലാ ത്തതും അവ രണ്ടിന്റേയും മധ്യമായ ഇന്നാകുന്ന വര്‍ത്തമാനകാലത്തുള്ളതുമായ പുഷ്പം എവിടെനിന്നു വന്നുഎന്നു പരിശോധിക്കുമ്പോള്‍ ഇന്നലെയും നാളെയും ഇല്ലാ ത്ത വസ്തു ഇന്നുമാത്രമായി ഉണ്ടാവാന്‍ അര്‍ ഹതയില്ലെന്നും, അങ്ങനെയുള്ളതായി തോന്ന പ്പെടുന്നുവെങ്കില്‍ അതിന്റെ സത്ത മറ്റൊന്നാണെന്നും ആ സത്തയില്‍ താല്ക്കാലികമായി തോന്നപ്പെട്ട സ്ഫുരണംമാത്രമാണ് പുഷ്പമെന്നും പറയണം.
ഈ നിലയില്‍ ജഗത്തിനെ ഒട്ടാകെ വിശാലവീക്ഷണം ചെയ്യുമ്പോള്‍ എല്ലാ വസ്തുക്കളും ക്ഷണികമായ പുഷ്പ മെന്നപോലെ ഇന്നലെയും നാളെയും ഇല്ലാ ത്തവയും വര്‍ത്തമാനകാലത്തുമാത്രം പ്രതീ തിക്കാസ്പദമായി സ്ഫുരിക്കപ്പെടുന്നവയാണെന്നും ബോദ്ധ്യമാവും. അപ്പോള്‍ ജഗത്തൊട്ടാകെത്തന്നെയും അപരിഛിന്നവിജ്ഞാനാനന്ദഘനസ്വരൂപവും എല്ലാറ്റിന്റേയും മൂലസത്തയുമായ ബ്രഹ്മത്തില്‍ താല്ക്കാലികമായി സ്ഫുരിച്ചുതോന്നപ്പെടുന്ന ഒരു സ്ഫുരണവിശേഷംമാത്രമാണെന്നുബോധി ക്കാന്‍കഴിയും. ബ്രഹ്മത്തില്‍നിന്നന്യമായി ഒന്നുംതന്നെ എപ്പോഴുംസംഭവിച്ചിട്ടില്ല. കയറിലെ സര്‍പ്പപ്രതീതി ഭ്രമമാണ്. കയറിന്റെ ബോധമുണ്ടാവുമ്പോള്‍ ഭ്രമംതീര്‍ന്നുപരമാര്‍ത്ഥബോധമുണ്ടാവുകയും ചെയ്യും. അതുപോലെ ബ്രഹ്മത്തില്‍ ജഗല്‍പ്രതീതിയും ഭ്രമംമാത്രമാണ്. ബ്രഹ്മബോധംകൊണ്ടു ജഗല്‍ പ്രതീതിയും നീങ്ങി പരമാര്‍ത്ഥമായ വസ്തുബോധമുണ്ടാവുകയും ചെയ്യും. എന്നിരുന്നാ ലും പ്രസ്തുത രണ്ടുഭ്രമങ്ങളും തമ്മില്‍ ഗണ്യ മായ വ്യത്യാസമുണ്ട്. അതിനാല്‍ ഭ്രമം നീങ്ങി പരമാര്‍ത്ഥബോധപ്രകാശത്തിന്നും സാരമായ വ്യത്യാസമുണ്ട്. എങ്ങനെയെന്നാണെങ്കില്‍ പറയാം. കയറിനെ പാമ്പെന്നു തെറ്റിദ്ധരിച്ചു ഭ്രമിക്കുന്ന ആള്‍ കയറില്‍നിന്നും പാമ്പില്‍ നിന്നും വേറെയാണ്. ഭ്രമാസ്പദമായ വസ്തു കയറായാലും പാമ്പായാലും തനിക്കൊന്നും വരാന്‍ പോവുന്നില്ല. എന്നാല്‍ ബ്രഹ്മത്തില്‍ ജഗല്‍ഭ്രാന്തികൊണ്ടു ഭ്രമിക്കുന്നവന്‍ ഭ്രമാസ്പദമായ ബ്രഹ്മത്തിന്റെയും ഭ്രമസ്വരൂപമായ ജഗത്തിന്റെയും അംശമാണ്.
അപ്പോള്‍ ഭ്രമം തന്നില്‍ത്തന്നെ; തന്നെസ്സംബന്ധിച്ചുതന്നെയാണെന്നാണിരിക്കുന്നത്. അതിനാല്‍ ആദ്യത്തെ ഭ്രമംപോലെയല്ല ഈ ഭ്രമം തന്നെ ബാധിക്കു ന്നത്. ആ ബാധയാണ് ബന്ധം. ആ ബന്ധംതന്നെ ദുഃഖവും. ബന്ധത്തിന്നും ദുഃഖത്തിന്നും ഹേതു അജ്ഞാനം. അജ്ഞാനത്തിന്റെ നിവൃത്തി ജ്ഞാനംകൊണ്ടുമാത്രം. ആ ജ്ഞാ നോപദേശംതന്നെ ഈ ലേഖനത്തിന്റെ തലവാചകമായ ഈശാവാസ്യമിദം സര്‍വ്വംഎന്ന മന്ത്രപാദം. കേവലം പത്തൊന്‍പതുമന്ത്രങ്ങള്‍ മാത്രമുള്ള ഈശാവാസ്യോപനിഷത്തിലെ പ്രഥമമന്ത്രത്തിലെ പ്രഥമപാദമാണിവിടെ നിരൂപി ക്കപ്പെട്ടത്. വേദാന്തശാസ്ത്രം മുഴുവന്‍തന്നെയും അതിലുള്‍ക്കൊണ്ടിട്ടുണ്ടോ എന്നുതോന്നും. അത്രമാത്രം ഗഹനവും തത്വസംഫു ല്ലവുമാണ് അതില്‍ ഉള്ളടക്കപ്പെട്ടിരിക്കുന്ന ആശയം. ഈ സ്ഥിതിക്കു പ്രസ്തുത ഉപനിഷത്തിലെ എല്ലാ മന്ത്രങ്ങളേയും വേണ്ടപോലെ പഠിച്ചു വിചാരംചെയ്യുന്ന ഒരാള്‍ക്ക് ആത്മജ്ഞാനത്തിന്നും ആത്മാനുഭൂതിക്കും എന്താണുവിഷമം! വാസ്തവത്തില്‍ വളരെ സുഗമമാണെന്നു പറയണം. എങ്കിലും ഉപനി ഷത്തുക്കളെ വേണ്ടപോലെ പഠിക്കലോ പഠി പ്പിക്കലോ വിചാരംചെയ്തു ഗ്രഹിക്കലോ ഒന്നുമില്ലാതായിത്തീര്‍ന്നു എന്നുള്ളതുകൊ ണ്ടാണ് ആത്മജ്ഞാനം ഇന്നു സുലഭവസ്തുവല്ലാതായിത്തീരാന്‍ കാരണം. ഉപനിഷന്മന്ത്ര ങ്ങള്‍ക്കോ, അവയുടെ അര്‍ത്ഥവ്യാപ്തിക്കോ ആത്മജ്ഞാനത്തിന്റെ സമ്പ്രദായത്തിനോ ഒന്നും ഇന്നുംപണ്ടത്തേതില്‍നിന്ന് ഒരുമാറ്റവും വന്നിട്ടില്ല. അവയെ കൈകാര്യം ചെയ്യുന്നരീതിക്കും അവയോടുള്ള സമീപനരീതിക്കും മാത്രമേ മാറ്റംസംഭവിച്ചിട്ടുള്ളു. അതുകൊ ണ്ടാണ് ജ്ഞാനംദുര്‍ഗ്ഗമമായിത്തീര്‍ന്നതും. ജ്ഞാനം – ആത്മജ്ഞാനം – വളരെ ബുദ്ധി മുട്ടുളെളാരു കാര്യമാണ്. ഉപനിഷത്തുക്കള്‍ പഠിക്കാനും, തത്വവിചാരം ചെയ്യാനുമൊക്കെ വിഷമമാണ്.
അതൊന്നും ഇക്കാലത്തേയ്ക്കു പറ്റിയതല്ല, ഭക്തിയാണെളുപ്പം. അതുകൊണ്ടെ നിക്കു ഭക്തിമതി എന്നുപറയാറുണ്ട് ചിലര്‍. ഭക്തിയുടേയും ജ്ഞാനത്തിന്റെയുമൊന്നും സ്വരൂപമറിയാത്തവരെന്നല്ലാതെന്താണവരെ പ്പറ്റി പറയേണ്ടത്? ഈശ്വരനെ അറിയാതെ എങ്ങനെയാണ് മോക്ഷധര്‍മ്മസ്വരൂപിണിയായ ഭക്തിയുണ്ടാവുന്നത്! ഗീതയില്‍ ഭക്തിയെ നാലായി തരംതിരിച്ചു പറയുന്നിടത്തു ജ്ഞാനികളാണ് ശരിയായിട്ടുള്ള ഭക്തന്മാ രെന്നും അവരുടെ ഭക്തിയെ ശരിയായ മോ ക്ഷധര്‍മ്മമായിട്ടിരിക്കുന്നുള്ളുവെന്നും എത്ര വ്യക്തമായിപ്പറഞ്ഞിരിക്കുന്നു! ഇതിനുപുറമെ ജ്ഞാനം ബുദ്ധിമുട്ടുള്ളതാണെന്നും ഭക്തിസാധന വളരെഎളുപ്പമാണെന്നും അറിഞ്ഞത് അറിവുകൊണ്ടല്ലേ? അപ്പോള്‍ ഭക്തിയുണ്ടാവു ന്നതിനു മുമ്പുതന്നെ ഒരാളില്‍ അറിവുണ്ടെന്നും ആ അറിവില്‍നിന്നുണ്ടായി ആ അറിവില്‍ത്തന്നെ വികസിച്ച് ആ അറിവില്‍ ത്തന്നെ അടങ്ങുന്ന ഒന്നാണ് ഭക്തിയെന്നും വ്യക്തമല്ലേ? മറ്റെല്ലാറ്റിന്റെയുമെന്നപോലെ ഭക്തിയുടേയും ഊടും പാവുമാകുന്ന അറിവിനെ നിഷേധിച്ചുകൊണ്ടുള്ള ഭക്തിശ്രമം എത്രമാത്രം സഫലമാവും? ആ അറിവുതന്നെ യല്ലേ ജ്ഞാനം? അതു വിഷയാകാരമാവുമ്പോള്‍ ലൗകികവും ആത്മാകാരമാവുമ്പോള്‍ അദ്ധ്യാത്മവുമായി. അല്ലാതെന്താണു വ്യത്യാ സം? വിദ്യയും അവിദ്യയും ജ്ഞാനവും അജ്ഞാനവുമെല്ലാം ഒരേ അറിവുതന്നെ. കര്‍ മ്മവും ഭക്തിയും യോഗവുമെല്ലാം ആ അറിവിന്റെ അല്ലെങ്കില്‍ ജ്ഞാനത്തിന്റെ രൂപവിശേഷങ്ങള്‍മാത്രം. അപ്രകാരമുള്ള അദൈ്വതജ്ഞാനമാണ്. ഈശാവാസ്യമിദം സര്‍വ്വം എന്ന മന്ത്രപാദംകൊണ്ടുപദേശിക്കു ന്നത്. ഇതിനെ പഠിച്ചാല്‍ മതി. എന്നാല്‍ത്തന്നെ കര്‍മ്മവും ഭക്തിയും യോഗവും ജ്ഞാനവുമെല്ലാം പൂര്‍ണ്ണമാവും, ജന്മം സഫലവുമാകും.
ജ്ഞാനഭക്തി
ഇഷ്ടദേവതാസ്വരൂപിയായ ഈശ്വരങ്കല്‍ നിഷ്‌കളങ്കയായ ഭക്തിയുണ്ട് ഒരാള്‍ക്കെന്നു വന്നാലും നിസ്സംശയമായ ആത്മജ്ഞാനം ആവശ്യമില്ലെന്നു വരുന്നില്ല. ജ്ഞാനിക്കു ഭക്തിയോ, ഭക്തനു ജ്ഞാനമോ ആവശ്യമില്ലെന്നു പറയാറുണ്ട് ചിലര്‍. അതു ശരിയല്ല, മാഹാത്മ്യമുള്ളൊരു വസ്തുവിനെ കൂടുതല്‍ അറിയുംതോറുമാണ് അതില്‍ പ്രേമവും ബഹുമാനവും വളരാനിടവരുന്നത്. അല്പം പോലും അറിയാനിടവന്നിട്ടില്ലാത്ത വസ്തുവില്‍ ആര്‍ക്കും പരമാര്‍ത്ഥമായ പ്രേമമുണ്ടാവാന്‍ വയ്യ. എന്തെങ്കിലും കാരണവശാല്‍ ഉണ്ടായി എന്നു വന്നാലും അതു അന്ധമാണ്. അങ്ങനെയുള്ള പ്രേമത്തിനു ദൃഢതയോ വികാസമോ ഉണ്ടാവാന്‍ വയ്യ. മാത്രമല്ല, അതു മറ്റേതെങ്കിലും നിസ്സാരമായ ആവശ്യത്തിനുവേണ്ടി ദുരുപയോഗപ്പെടുത്താനിടയാവുകയും ചെയ്യും. ലൌകികങ്ങളായ നിസ്സാരാവശ്യങ്ങള്‍ക്കുവേണ്ടി ഈശ്വരഭജനം ചെയ്യാനിടയാവുന്നതും അതുകൊണ്ടാണ്. സംസാരാതീതമായ അമൃതാനുഭൂതികൂടി ഈശ്വരഭജനംകൊണ്ടു സുലഭമായി കിട്ടുമെന്നിരിക്കെ സംസാരത്തിലെ ഏതെങ്കിലും ചില വിഷയങ്ങളുടെ ലാഭത്തിന്നുവേണ്ടിമാത്രം അതിനെ തരംതാഴ്ത്തുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നതെത്ര മൂഢതയാണ്! കൂടാതെ സംസാരത്തിലെ ഏതെങ്കിലും ഒരാവശ്യം സാധിക്കാന്‍വേണ്ടിമാത്രം ഈശ്വരനെ ഭജിക്കുന്നൊരാളുടെ ഭക്തി ആ ആവശ്യം നിറവേറിക്കഴിഞ്ഞാല്‍ അവസാനിക്കുമെന്നും കരുതണം. എന്നാല്‍ ഈശ്വരമഹിമയുടെ ഗൌരവത്തെയും, ഭക്തിയുടെ ആവശ്യത്തെയും അറിയുന്ന ജ്ഞാനിയുടെ ഭക്തി ഒരു കാലത്തും അവസാനിക്കുകയോ കുറയുകപോലുമോ ചെയ്യുന്നില്ല. നേരെമറിച്ച് ഉത്തരോത്തരം കൂടിക്കൊണ്ടിരിക്കയാണ് ചെ യ്യുന്നത്. എപ്പോഴും നിലനില്‍ക്കുന്ന ഭക്തി ജ്ഞാനിയുടേതു മാത്രമാണെന്നു ഭഗവല്‍ഗീതയിലും പറഞ്ഞിട്ടുണ്ട്.
അജ്ഞാനമാണ് ബന്ധത്തിന്നും ദുഃഖത്തി ന്നും കാരണം. ജ്ഞാനംകൊണ്ടുമാത്രമേ അതു നിവര്‍ത്തിക്കയുള്ളു. നിരുപാധികവും, അദൈ്വതവുമായ ആത്മജ്ഞാനം പ്രകാശിക്കാന്‍ അനേകപ്രതിബന്ധങ്ങളുണ്ട്. അവയെ നീക്കി അദൈ്വതമായ പരമജ്ഞാനത്തെ പ്രകാശിപ്പിക്കാനുള്ള അനേക ഉപാധികളില്‍ അതിപ്രധാനമായ ഒന്നാണ് നിഷ്‌കളങ്കയായ വിഷ്ണുഭക്തി. എന്തെല്ലാം സാഹചര്യങ്ങള്‍ ഒത്തുചേര്‍ന്നാലും നിഷ്‌കളങ്കഭക്തി വളരാതെ ഒരാളില്‍ പരമജ്ഞാനം പ്രകാശിക്കുകയെന്നതു തുലോം വിരളമാണ്. ശാസ്ത്രപാണ്ഡിത്യം, ആത്മാനാത്മവിവേകം, ശരിയായ തത്ത്വശ്രവണം എന്നിവയൊക്കെ ജ്ഞാനപ്രകാശനത്തിന്ന് ഒഴിക്കാന്‍ പാടില്ലാത്ത ഉപാധികളാണ്. എന്നാല്‍ അവയൊക്കെയുണ്ടായാലും ഒരാളില്‍ പരമജ്ഞാനം പ്രകാശിച്ചുകൊള്ളണമെന്നില്ല. എന്തുകൊണ്ടെന്നാല്‍ പുണ്യവും ഈശ്വരാനുഗ്രഹവുംകൂടി അവയോടുകൂടിച്ചേരേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ അവ രണ്ടുമാണ് അദൈ്വതപരമജ്ഞാനത്തെ പ്രകാശിപ്പിക്കുന്ന പ്രമുഖങ്ങളായ രണ്ടു ഉപാധികളെന്നു പറഞ്ഞാല്‍പ്പോലും തെറ്റില്ല. അവയാകട്ടെ ഭഗവല്‍ കാരുണ്യംകൊണ്ടുമാത്രം ഉണ്ടാകേണ്ടവയുമാണ്. ആ സ്ഥിതിക്കു ഭക്തിയുടെയും ഭജനത്തിന്റെയും സ്ഥാനം എത്ര വലുതാണെന്നു പറയാതെത്തന്നെ വ്യക്തമാവുന്നുണ്ടല്ലോ. ശരി, ജ്ഞാനസമ്പാദനത്തിന്ന് ഒഴിച്ചുവിടാന്‍ വയ്യാത്ത മുഖ്യോപാധിയാണ് ഭക്തിയെന്നിരിക്കട്ടെ; എന്നാല്‍ ജ്ഞാനം പ്രകാശിക്കുന്നതുവരെയല്ലേ ഭക്തിയുടെ ആവശ്യമുള്ളു; ജ്ഞാനിയായ ഒരാളെന്തിന് ഈശ്വരനെ ഭജിക്കുന്നു എന്നാണെങ്കില്‍ പറയാം. ശരിയായ ഈശ്വരജ്ഞാനമുണ്ടാവുമ്പോഴാണ് ഭക്തിയുടെ ഗൌരവവും ആവശ്യവുമൊരാള്‍ക്കറിയാന്‍ കഴിയുന്നത്. പരമാര്‍ത്ഥമായ ജ്ഞാനത്തിന്റെ അല്ലെങ്കില്‍ മുക്തിയുടെതന്നെ മറ്റൊരു സ്വരൂപം മാത്രമാണ് നിഷ്‌കളങ്കമായ ഈശ്വരപ്രേമമെന്നയാള്‍ക്കു ബോദ്ധ്യമാവുന്നു. പിന്നെയെങ്ങനെ അതിനെ വിട്ടുനില്‍ ക്കും?
സാധാരണ ഒരാളുടെ ഭക്തിപോലെയല്ല ജ്ഞാനിയുടെ ഭക്തി. ഈശ്വരപ്രേമമാകുന്ന അമൃതസമുദ്രത്തില്‍ മുങ്ങിക്കിടന്നുകൊണ്ടാണ് ജ്ഞാനിയുടെ ഓരോ നിമിഷവും നീങ്ങുന്നത്. അകാരണമായി രോമാഞ്ചമോ, അശ്രുക്കളോ, കണ്ഠല്‍ഗദമോ ഒരു ജ്ഞാനിയില്‍ കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍ എപ്പോഴും അനിര്‍വ്വാച്യപ്രേമാമൃതസരിത്തില്‍ മുങ്ങിമുഴുകി ഈശ്വരനെ സ്വയം അനുഭവിച്ചുകൊണ്ടിരിക്കയാണ് ജ്ഞാനി. രാമകൃഷ്ണാദി അവതാരസ്വരൂപങ്ങളെയും ത്രിമൂര്‍ത്തികളെയും മറ്റും സാധാരണഭക്തന്‍ ഈശ്വരസ്വരൂപങ്ങളായിക്കാണുമ്പോള്‍ ഒരു ജ്ഞാനി ജഗത്തിലുള്ള സകലരൂപങ്ങളെയും, ജഗത്തിനെ ഒട്ടാകെത്തന്നെ യും ഈശ്വരസ്വരൂപമായിട്ടാണ് കാണുന്നത്. അതുപോലെ കേള്‍ക്കുന്ന എല്ലാ ശബ്ദങ്ങളെയും ഈശ്വരകീര്‍ത്തനങ്ങളായും, അനുഭ വിക്കുന്ന എല്ലാ അനുഭവങ്ങളെയും അമൃതായമാനങ്ങളായ ഈശ്വരാനുഭൂതികളായിട്ടും മാത്രമേ ഒരു ജ്ഞാനിക്കു കാണാന്‍ കഴിയുന്നുള്ളു. ജ്ഞാനിയുടെ ദൃഷ്ടിയില്‍ ഈശ്വരമഹിമകളും ഈശ്വരലീലകളുമല്ലാതെ ഒന്നുംതന്നെയില്ല. എല്ലാം അമൃതായമാനങ്ങളായ ദിവ്യാനുഭൂതികളുമാണ്.അതിനാല്‍ എപ്പോഴും എന്തിനെ കാണുമ്പോഴും കേള്‍ക്കുമ്പോഴും അനുഭവിക്കുമ്പോഴും, അവയൊന്നുമില്ലാത്ത സമാധിയിലും ജ്ഞാനി ആനന്ദമത്തനാണ്. ഈശ്വരേതരമായ ഭാവമോ, അനുഭവമോ മിക്കപ്പോഴും ഇല്ല ഒരു ജ്ഞാനിക്കെന്നു പറയണം. അങ്ങനെയുള്ളദശയില്‍ ഭക്തിയും ജ്ഞാനവും രണ്ടു സംസ്‌കാരമോ, രണ്ടനുഭവമോ അല്ല. രണ്ടും അന്യോന്യം കൂടിച്ചേര്‍ന്നു രണ്ടുമല്ലാത്ത ഈശ്വരനിര്‍വൃതിയുടെ രൂപത്തിലാണ് ജ്ഞാനിയില്‍ പ്രകാശിക്കുന്നതെന്നുപറയണം.
എന്നാല്‍ അങ്ങനെയുള്ള ഭക്തി ഒരു ജ്ഞാനിക്കല്ലാതെ മറ്റാര്‍ക്കുമുണ്ടാവാന്‍ വയ്യ. അതിനാല്‍ അവശ്യം തത്ത്വബോധമുണ്ടാവുകതന്നെ വേണം. വേണ്ടത്ര തത്ത്വബോധമില്ലാത്തൊരാള്‍ക്ക് ഈശ്വരനെയോ, അവിടുത്തെ മഹിമകളെയോ, അതിന്റെ ഗൌരവത്തെയോ, അറിയാന്‍ കഴിയില്ല. അറിയാതെ നിഷ്‌കളങ്കയും, നിരപേക്ഷയുമായ ഭക്തിയോ, അതുകൊണ്ടുള്ള അമൃതാനുഭൂതിയോ ഉണ്ടാവാനും പോവുന്നില്ല. സംസാരത്തില്‍ ഒന്നിന്റെയും അപേക്ഷ കേവലം ഇല്ലാതാവുമ്പോഴല്ലാതെ നിഷ്‌കളങ്കഭക്തിയെങ്ങനെയുണ്ടാവും? ഉണ്ടാവാന്‍ വിഷമമാണെന്നുതന്നെ പറയണം. സംസാരത്തില്‍ നിരപേക്ഷകത്വം ഒരാള്‍ക്കുണ്ടാവണമെങ്കില്‍ അതിന്റെ മിത്ഥ്യാത്വവും, ദുഃഖാത്മകതയും ബോദ്ധ്യമാവുകതന്നെ വേണം. തത്ത്വവിചാരംചെയ്തു വസ്തുബോധം വരുമ്പോഴേ അതുണ്ടാവാന്‍ പോവുന്നുള്ളു. അതിനാല്‍ ഭക്തന്‍ ജ്ഞാനിയാവുകതന്നെവേണം. അതുപോലെ ഭക്തിയില്ലാത്ത ജ്ഞാനം കേവലം ശുഷ്‌കവും അനുഭൂതിക്ക് പറ്റാത്തതുമാണ്. ഈ കാരണങ്ങളാല്‍ ജ്ഞാനഭക്തിയാണ് ഒരാളെ ഉല്‍ബുദ്ധനും അനുഭൂതിരസികനും ചരിതാര്‍ത്ഥനുമാക്കിത്തീര്‍ക്കുന്ന അദ്ധ്യാത്മസംസ്‌കാരം.
അസംസക്തി
സുപ്രസിദ്ധങ്ങളായ ജ്ഞാനഭൂമികകളില്‍ മൂന്നാമത്തെഭൂമികയാണ് അസംസക്തി. വിഷയങ്ങളുമായി യാതൊരുവിധ സമ്പര്‍ക്കവുമി ല്ലാതിരിക്കുക എന്നാണ് ശബ്ദാര്‍ത്ഥം. അങ്ങനെ ഒരാള്‍ക്കു ജീവിക്കാന്‍ കഴിയുമോ എന്നു സംശയമുണ്ടാവാം. വിഷയാത്മകമാണ് ജഗത്ത്. വിഷയങ്ങളില്ലാത്ത ഒരു പ്രദേശവും ജഗത്തിലില്ല. ജീവനില്‍ ധാരാളം വിഷയവാസനകളുമുണ്ട്. ആ സ്ഥിതിക്ക് ഒരു വിഷ യത്തിന്റെയും സമ്പര്‍ക്കമില്ലാതെ ഒരാളെങ്ങനെ ജീവിക്കുമെന്നസംശയം യുക്തം തന്നെ. സമുദ്രത്തില്‍ ഉപ്പുവെള്ളം മാത്രമേ ഉള്ളു. സമുദ്രത്തില്‍ ജീവിക്കുന്നൊരാള്‍ക്ക് എന്തെങ്കിലും അനുഭവിക്കണമെങ്കില്‍ ഉപ്പുവെള്ളമല്ലാതെ മറ്റെന്താണ് കിട്ടാനുള്ളത്? അതുപോലെ വിഷയങ്ങളല്ലാതെ മറ്റൊന്നുമില്ലാത്ത ജഗത്തില്‍ ജീവിക്കുന്ന ഒരാള്‍ക്കു വിഷയങ്ങളല്ലാതെ മറ്റെന്താണനുഭവിക്കാന്‍ കിട്ടുന്നത്? ഒന്നുംതന്നെ കിട്ടാനില്ലെന്നു പറയണം. എന്നാല്‍ ഈവക സംശയങ്ങളൊക്കെ വിഷയാലുക്കള്‍ക്കുള്ളതാണ്. ജ്ഞാനഭൂമികകളില്‍ക്കൂടെസഞ്ചരിക്കുന്ന ഒരാള്‍ക്ക് അസം സക്തനായി ജീവിക്കാനൊരു വിഷമവുമില്ല. സക്തിയില്ലാത്തൊരാള്‍ അല്പമായആഹാരം കഴിക്കാനോ വെള്ളംകുടിക്കാന്‍ പോലുമോ പാടില്ലെന്നൊന്നും വരുന്നില്ല. വിഷയങ്ങളില്‍ ആഗ്രഹമോ, ചിന്തയോ, പ്രവൃത്തിയോ ഇല്ലാത്തവനെന്നേ അസംസക്തനെന്നതിനര്‍ത്ഥ മുള്ളു. ശുഭേച്ഛയും, സുവിചാരണയുമാകുന്ന പൂര്‍വ്വഭൂമികളില്‍ക്കൂടെ വന്നൊരാള്‍ക്കു വിഷയസംബന്ധമില്ലാതെ അസംസക്തനായി രിക്കാനൊരു വിഷമവുമില്ല.
മനസ്സെപ്പോഴും ഏതിനെയാണോര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്, അതിലാണ് ആഗ്രഹം വളരാനിടയായിത്തീരുന്നത്. സാധകന്റെ ചിത്തം വിഷയസ്പര്‍ശമില്ലാതെ എപ്പോഴും തത്വവിചാരവും, തത്വാനുസന്ധാനവും ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ വിഷയചിന്തയോ, വിഷയാഗ്രഹമോ അദ്ദേഹത്തിനുണ്ടാവാന്‍ വയ്യ. ആഗ്രഹമോ, ചിന്തയോ ഇല്ലാതെ ചിലപ്പോള്‍ സാഹചര്യംകൊണ്ടോ, പരപ്രേരണകൊണ്ടോ എന്തെങ്കിലും ചില വിഷയങ്ങളെ അല്പമായനുഭവിച്ചാലും അതു സക്തിക്കോ, ബന്ധത്തിനോ കാരണമായിത്തീരുന്നില്ല. അതിനാല്‍ ശരിയായ സാധകന്റെ അസംസക്തിക്ക് എപ്പോഴും ഭംഗമില്ല. മനസ്സിനെ ജഗത്തില്‍ന്നു പിന്‍തിരിച്ച് ആത്മാഭിമുഖമാക്കിത്തീര്‍ക്കാതെ ആര്‍ക്കും അസംസക്തനായിരിക്കാനും സാദ്ധ്യമല്ല. ബാഹ്യാഭ്യന്തരങ്ങളായ കരണങ്ങള്‍ ഒരു വിഷയത്തെ ആസ്വദിക്കുമ്പോള്‍ വേറെ എന്തെല്ലാം ആകര്‍ ഷകങ്ങളായ വിഷയങ്ങള്‍ ചുറ്റുപാടുമുണ്ടായാല്‍ക്കൂടിയും അവയുടെയൊന്നും അനു ഭവമുണ്ടാവാന്‍ വയ്യ. ഒരു സമയത്ത് ഒരു വിഷയത്തെ മാത്രമേ മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും അനുഭവിപ്പാന്‍ സാധിക്കു എന്നാണതു കാണിക്കുന്നത്. എന്നാല്‍ മനസ്സും ഇന്ദ്രിയങ്ങളും ആത്മാഭിമുഖങ്ങളായിക്കഴിഞ്ഞാല്‍-ഒരിക്കലും ആത്മവിസ്മൃതിയില്ലെങ്കില്‍-പിന്നെയെങ്ങനെ വിഷയചിന്തയുണ്ടാവും?
എന്നാലും അങ്ങനെയൊരവസ്ഥ പ്രായോഗികമായിത്തീരുമോ എന്നു പിന്നെയും സംശയിക്കുന്നവരുണ്ടാവാം. ശുഭേച്ഛയും, സുവിചാരണയുമാകുന്ന പൂര്‍വ്വഭൂമികകളിലെ അനുഭവം അവര്‍ക്കില്ലാത്തതുകൊണ്ടാണ് ചിലരങ്ങനെ സംശയിക്കുന്നത്. കഠിനമായ വിശപ്പുള്ളൊരാള്‍ ഉറങ്ങിയെന്നിരിക്കട്ടേ, ആ ഉറക്കത്തില്‍ വിശപ്പിനെ അനുഭവിക്കാറില്ലെന്നതു സ്പഷ്ടമാണല്ലോ. പ്രപഞ്ചത്തിന്റെയും ശരീരത്തിന്റെയും വിസ്മൃതിയാണതിനു ഹേതു. അതുപോലെ സാധകന് ആത്മഭാവത്തിന്റെ ഏകാഗ്രതകൊണ്ടു ശരീരം വിസ്മൃതമായിത്തീരുമെങ്കില്‍ പിന്നെയെങ്ങനെ വിഷയചിന്തയുണ്ടാവും?
ശരീരം വിസ്മൃതമായിത്തീരുമോ എന്നാണെങ്കില്‍ അതിനു സംശയമേ ഇല്ല. ഒരു വസ്തുവില്‍ മനസ്സിന്നേകാഗ്രതയുണ്ടായിത്തീരുമ്പോള്‍ മറ്റെല്ലാം വിസ്മൃതങ്ങളായിത്തീരുകയെന്നതു സാധാരണ സംഭവമാണ്. പ്രായേണ എല്ലാവര്‍ക്കും ആ വിഷയത്തില്‍ അനുഭവമുണ്ടാവാം. ആ സ്ഥിതിക്ക് ആത്മഭാവത്തില്‍ ഏകാഗ്രത കിട്ടിക്കഴിഞ്ഞ സാധകന്റെ മനസ്സ് ശരീരത്തെ മറക്കുകയും, വിഷയങ്ങളുടെ സ്പര്‍ശമില്ലാതിരിക്കുകയും ചെയ്താലതിലത്ഭുതമില്ല. അതിനാല്‍ ശരീരവിസ്മൃതിയോടും വിഷയസ്പര്‍ശമില്ലാതെയുമുള്ള അസംസക്തജീവിതം സാധകന്മാര്‍ക്ക് തികച്ചും പ്രായോഗികമാണ്. അസംസക്തനായി വിഷയസ്പര്‍ശമില്ലാതെ എപ്പോഴും ആത്മചിന്തയോടുകൂടിക്കഴിയുന്ന സാധകന്‍ സുഖിയും സംതൃപ്തനുമാണ്. ആത്മനിര്‍വൃതി പൂര്‍ണ്ണമായി അദ്ദേഹത്തിന്നു കിട്ടിക്കഴിഞ്ഞിട്ടില്ലെങ്കിലും വിഷയങ്ങള്‍ഹേതുവായിട്ടുള്ള ദുഃഖം അല്പംപോലും അദ്ദേഹത്തെ ബാധിക്കുന്നില്ല. പ്രായേണ എല്ലാവരുടെയും എല്ലാവിധ ദുഃഖങ്ങളുടെയും മുഖ്യഹേതു വിഷയങ്ങളാണ്. ദുഃഖാത്മകങ്ങളാണ് വിഷയങ്ങളെന്നറിഞ്ഞിട്ടും പിന്നെയും അവ യെത്തന്നെ അന്വേഷിക്കുകയും സേവിക്കുകയും ചെയ്തുകൊണ്ടിരിക്കലാണ് ലോകസ്വഭാവം. ആ കാരണത്താല്‍തന്നെ ദുഃഖാനുഭവങ്ങള്‍ വളരലല്ലാതെ ആര്‍ക്കും ക്ഷയിക്കുന്നില്ലെന്നുംപറയണം.എന്നാല്‍ അസംസക്തനാ യസാധകന്‍ ഒരിക്കലും വൈഷയിക ദുഃഖ ത്തെ അനുഭവിക്കുന്നില്ല. വാസനാവിശേഷ ത്താല്‍ ചിലപ്പോള്‍ ചില വിഷയങ്ങളുടെ ഓര്‍ മ്മയുണ്ടായാലും, വിവേകമുള്ളതുകൊണ്ട് ഒന്നിലും ആഗ്രഹമുണ്ടാവുന്നില്ല. ആഗ്രഹമില്ലെങ്കില്‍ പ്രവൃത്തിയും ഉണ്ടാവാന്‍ വയ്യല്ലോ. അഥവാ വല്ല കാരണവശാലും വല്ല വിഷയത്തിലും ചിലപ്പോള്‍ പ്രവൃത്തിയുണ്ടായാലും അതു കേവലം യാന്ത്രികമെന്നപോലെ ജഡമാകയാല്‍ സക്തിക്കോ ബന്ധത്തിന്നോ കാരണമാവുന്നുമില്ല. അതിനാല്‍ വിഷയങ്ങള്‍ ക്കൊരിക്കലും അസംസക്തനെ ബാധിക്കാനോ ദുഃഖിപ്പിക്കാനോ സാധിക്കില്ലെന്നുതന്നെ പറയണം.
എങ്കിലും അസംസക്തന്റെ ജീവിതം കുറെ ബുദ്ധിമുട്ടുള്ളതാണെന്നു പറയാതിരിക്കാന്‍ വയ്യ. എന്തുകൊണ്ടെന്നാല്‍ സാദ്ധ്യമായ അദൈ്വതാനുഭൂതി കിട്ടിക്കഴിഞ്ഞിട്ടില്ല, വിഷയാനുഭവങ്ങളില്ലതാനും. അപ്പോള്‍ ഇഹപര ങ്ങളായ രണ്ടു ലോകങ്ങളുടെയും ശരിയായ അനുഭവമില്ലാതെ, രണ്ടിന്റെയും മദ്ധ്യത്തിലാണ് അസംസക്തന്‍ നില്ക്കുന്നതെന്നു പറയണം. അങ്ങനെയുള്ള ജീവിതത്തില്‍ തൃപ്തിയും ദൃഢതയും കിട്ടുകയെന്നതു സുകൃതവിശേഷംകൊണ്ടും, ഈശ്വരാനുഗ്രഹംകൊണ്ടും മാത്രം സാധിക്കേണ്ടതാണ്. എന്നാല്‍ മുന്നോട്ടു പോവുംതോറും സാധകന്‍ കൂടുതല്‍ സംതൃപ്തനും, ചരിതാര്‍ത്ഥനുമായിക്കൊണ്ടിരക്കുകയും ചെയ്യും. അതോടൊപ്പം വിവേകവും വളര്‍ന്നുകൊണ്ടിരിക്കും. വിവേകം വളരുംതോറും വിഷയനിവൃത്തികൊണ്ടും, അസംസക്തികൊണ്ടും അദ്ദേഹം കൂടുതല്‍ കൂടുതല്‍ ചരിതാര്‍ത്ഥനായിക്കൊണ്ടിരിക്കും. ഇപ്രകാരമുള്ള അസംസക്തിയില്‍ക്കൂടെവേണം ആത്മാനുഭൂതിയാകുന്ന ജീവിതലക്ഷ്യത്തെ തികച്ചുമറിയാനും പ്രാപിക്കാനുമെന്നു വരുമ്പോള്‍ അസംസക്തജീവിതത്തിന്റെ നേട്ടം എത്ര വലിയതാണെന്നുപറയാന്‍ വയ്യ. പൂര്‍വ്വസാധനകളെക്കൊണ്ട് അതു വേണ്ടത്ര ശുദ്ധവും, ബലപ്പെട്ടതും കൂടിയാണെങ്കില്‍ അസംസക്തി മോക്ഷമാകുന്ന പരമലക്ഷ്യത്തിന്റെ കവാടവും, അസംസക്തന്‍ ധന്യനും ചരിതാര്‍ത്ഥനുമാണുതാനും.
ജ്ഞാനാനനന്ദസരസ്വതി
“അന്വര്‍ത്ഥനാമാവായ അദ്ധ്യാത്മജ്ഞാനനിധി”
ജ്ഞാനാനനന്ദസരസ്വതി എന്ന അന്വര്‍ത്ഥ നാമാവായ മഹാപുരുഷനെക്കുറിച്ച് കേള്‍ക്കാത്തവരായി കേരളക്കരയില്‍ ആദ്ധ്യാത്മികമണ്ഡലത്തില്‍ ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. തരണം ചെയ്യാന്‍ പ്രയാസമുള്ള സംസാരസമുദ്രം സ്വപ്രയത്നംകൊണ്ട് നീന്തിക്കടന്ന് മറ്റുള്ളവരേയും സംസാരത്തിന്റെ മറുകരയെത്തിക്കാന്‍ ജീവിതകാലമത്രയും പരിശ്രമിച്ച സമുജ്വലപ്രഭാവനാണദ്ദേഹം.
1910 ജനുവരി 16-ാം തീയതി വെള്ളിനേഴി പുളിക്കല്‍ വാര്യത്തെ കൃഷ്ണവാര്യരുടേയും കരിമ്പുഴ പടിഞ്ഞാറെ പുതിയ വാര്യത്തെ കുഞ്ഞിക്കുട്ടിവാരസ്യാരുടേയും മൂന്നാമത്തെ സന്താനമായി ജനിച്ച അദ്ദേഹം 4-ാംതരം വരെ പഠിച്ചശേഷം നിയതിയുടെ ഗതിയനുസരിച്ച് സംസ്കൃതപഠനമാരംഭിച്ചു. സംസ്കൃതത്തില്‍ ഏതാണ്ട് നല്ല പ്രാവീണ്യം ഉണ്ടായിരുന്ന അദ്ദേഹത്തിന് മറ്റു ഗ്രന്ഥാപേക്ഷയില്ലാതെ ശ്ലോകങ്ങളുടെ അര്‍ത്ഥഗ്രഹണവും പാഠനവും സാധിച്ചിരുന്നു.
ചെറുപ്പം മുതലേ സുദൃഢമായ ഭക്തിയും, ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മറ്റും അടിയുറച്ച വിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു. സുഖത്തിലും ദുഃഖത്തിലും തനിക്കാശ്രയം ഭഗവാന്‍ കൃഷ്ണനാണെന്ന ധാരണ അദ്ദേഹത്തിന് എപ്പോഴുമണ്ടായിരുന്നു. അതുകൊണ്ടുതന്നെ സുഖത്തില്‍ അധികകാംക്ഷയോ ദുഃഖത്തില്‍ അധികവ്യഥയോ അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നില്ല. എല്ലാം ഈശ്വരേച്ഛപോലെയേ വരൂ എന്ന ഉറച്ച വിശ്വാസത്തോടെ പ്രവര്‍ത്തിച്ചിരുന്നു. മറ്റുള്ളവര്‍ തന്നെ എങ്ങനെ വിലയിരുത്തുന്നു എന്നു നോക്കാതെ തനിക്ക് ശരിയെന്ന് തോന്നുന്നതില്‍ മനസ്സും ബുദ്ധിയും ഉറപ്പിച്ച് സര്‍വ്വ പ്രവൃത്തികളിലും ഏര്‍പ്പെട്ടിരുന്നു.
ശ്രീമദ് ഭാഗവതത്തോട് സ്വാമിജിക്ക് ചെറുപ്പം മുതലേ വലിയ പ്രതിപത്തിയായിരുന്നു. ഭാഗവതം വായന എവിടെയുണ്ടെങ്കിലും അവിടെയെത്തും. ഒരു ഭാഗവത ഗ്രന്ഥം സ്വന്തമാക്കുക എന്നത് ചെറുപ്പകാലത്തെ ഒരു ജീവിതാഭിലാഷമായിരുന്നു.
നിര്‍ധനാവസ്ഥയിലായിരുന്ന അദ്ദേഹം പതിനെട്ടാം വയസില്‍ അതു സാധിച്ചു. “ശ്രീമദ് ഭാഗവതാഖ്യോയം പ്രത്യക്ഷ കൃഷ്ണയേവഹി” – ശ്രീമദ് ഭാഗവതം എന്നത് സാക്ഷാത് ശ്രീകൃഷ്ണപരമാത്മാവുതന്നെ എന്നാണല്ലോ മാഹാത്മ്യം. അതുകൊണ്ട് ഭാഗവതം സ്വന്തമായി കിട്ടിയപ്പോള്‍ സ്വാമിജിക്കുണ്ടായ ആനന്ദം സര്‍വ്വസിദ്ധികരമായിരുന്നു. സ്വാമിജിയുടെ സപ്താഹം ശ്രവിച്ചിട്ടുള്ളവരെ അതേരീതിയില്‍ സര്‍വ്വസിദ്ധികരമായി ഭഗവത് കഥാരസത്തില്‍ ആറാടിക്കുകയും ചെയ്തിട്ടുണ്ട്.
ജഗജ്ജനനിയും വരദായിനിയുമായ മൂകാംബികാദേവിയുടെ സന്നിധിയിലെ സരസ്വതീമണ്ഡപത്തില്‍വച്ച് 22 -ാം വയസില്‍ സ്വാമിജി പ്രഥമ സപ്താഹം നടത്തി. ജിജ്ഞാസുവായ ഭക്തന്‍ വിശ്വമാതൃത്വം സാക്ഷിയായി ഭാഗവതസ്വരൂപിയായ ശ്രീകൃഷ്ണപരമാത്മാവിനെ വരിച്ച ധന്യനിമിഷമായിരുന്നു അത്. ധാരാളം സപ്താഹയജ്ഞങ്ങളും ഗീതാപ്രവചനങ്ങളും പ്രഭാഷണങ്ങളും കേരളത്തിനകത്തും പുറത്തും തുടര്‍ന്ന് നടത്തുകയുണ്ടായി. ശാസ്ത്രസമ്മതവും സാരവത്തുമായ യജ്ഞങ്ങളിലൂടെ തന്റെ സമകാലീനരായ ജനതതിക്ക് നിസ്സംശയം ആത്മാനുസന്ധാനം ചെയ്യാനുള്ള മാര്‍ഗ്ഗം അദ്ദേഹം തുറന്നുകൊടുത്തു.
കര്‍മ്മഗ്രാഹഗൃഹീതനായ മനുഷ്യന് ലോകത്തില്‍ ചെയ്യേണ്ടതെന്ത്, ചെയ്യരുതാത്തതെന്ത് എന്ന് ശരിയായി അറിഞ്ഞുകൊള്ളണമെന്നില്ല. കര്‍മ്മമാകുന്ന പാതയിലൂടെ നീങ്ങുമ്പോള്‍ പലക്ലേശങ്ങളും ഉണ്ടാവും. ജീവിതായോധനം അത്ര നിസാരമായി കണക്കാക്കാവുന്നതല്ല. എങ്കിലും ഭാഗവതത്തിലും ഭഗവാനിലുമുള്ള അചഞ്ചലമായ വിശ്വാസം താങ്ങും തണലുമായി ഉണ്ടാകുമെന്ന് സ്വാമിജി നമുക്ക് കാട്ടിത്തരുന്നു.
“ഗുരോരനുഗ്രഹേണൈവ പുമാന്‍ പൂര്‍ണ പ്രശാന്തയേ” – ഗുരുവിന്റെ അനുഗ്രഹം കൊണ്ടേ ഒരുവന് പൂര്‍ണ്ണനും പ്രശാന്തചിത്തനുമാകാന്‍ കഴിയുകയുള്ളൂ. ഈശ്വരനും ഗുരുവും ആത്മാവും ഒന്നുതന്നെയാണ്. ഗുരുവിന്റെ കരുണാലേശമുണ്ടായാല്‍ സാധ്യമല്ലാത്തതായി ഒന്നും തന്നെയില്ല. ഗുരുവിലും വലുതായി അറിവോ, തപസോ, ജ്ഞാനമോ ഇല്ല.
“ശരീരമര്‍ത്ഥം പ്രാണ ച സദ്ഗുരുഭ്യോനിവേദയേത്” എന്നാണ് ശാസ്ത്രം. അതായത് തന്റെ സര്‍വ്വസ്വവും ഗുരുവിന് സമര്‍പ്പിച്ച് അഗ്നിസമ്പര്‍ക്കം കൊണ്ട് അയോഗോളം അഗ്നിയുടെ ദാഹകശക്തിയും ചൂടും പ്രകാശവുമുള്ളതായി മാറുന്നതുപോലെ, ഗുരുവിന്റെ അനുഗ്രഹത്തോടെ ഉത്തമനായ ശിഷ്യന്‍ ഭക്തിജ്ഞാനവൈരാഗ്യങ്ങളാകുന്ന ഉത്തമഗുണങ്ങളോടെ പ്രകാശിക്കും. ഇത് സ്വാമിജി ശരിക്കും മനസ്സിലാക്കിയിരുന്നു.
ആത്മാന്വേഷികള്‍ക്ക് എന്നും അഭയസ്ഥാനമായിട്ടുള്ള ഋഷികേശ് ശിവാനന്ദാശ്രമസ്ഥാപകന്‍ സംപൂജ്യ സ്വാമി ശിവാനന്ദസരസ്വതിയെ തന്റെ ഗുരുവായി സ്വാമിജി സ്വീകരിച്ചു. 1951 ജൂണ്‍ 6-ാം തീയതി ശിവാനന്ദസ്വാമിയില്‍നിന്നും സംന്യാസം സ്വീകരിച്ച് സ്വാമി ജ്ഞാനാനന്ദസരസ്വതി എന്ന നാമം സ്വീകരിച്ചു. അങ്ങനെ സര്‍വ്വസംഗപരിത്യാഗത്തോടെ തന്റെ ജീവിതം പൂര്‍ണ്ണവളര്‍ച്ചയെ പ്രാപിച്ചു. വേദമാകുന്ന കല്പതരുവിന്റെ ശാഖയില്‍ നിന്നും വീണുകിട്ടിയ കനിപോലെ, മത്സരബുദ്ധിയില്ലാത്ത സമസ്ത ജീവരാശികള്‍ക്കും അനുഭവേദ്യമായ ജീവിതമാണ് തുടര്‍ന്ന് അദ്ദേഹം നയിച്ചിട്ടുള്ളത്.
ലോകത്തില്‍ ആരെങ്കിലും ക്ലേശം അനുഭവിക്കുന്നുണ്ടെങ്കില്‍ അതു തന്റെ ക്ലേശമാണ് എന്നുമനസ്സിലാക്കി അവന്റെ ക്ലേശനിവാരണത്തിന് പരിശ്രമിക്കണം. അതില്‍നിന്ന് ആ ജീവനുണ്ടാകുന്ന സന്തോഷം തന്റെ സന്തോഷമായി കാണണം. അങ്ങനെ സര്‍വ്വജീവരാശികളുടേയും അന്തര്യാമിയായി വര്‍ത്തിക്കുന്ന ഈശ്വരനെ അനുഭവിക്കണം. ഇതായിരുന്നു സ്വാമി ശിവാനന്ദയുടെ ജീവിതരഹസ്യം. സകല ദേഹികളുടേയും അന്തരാത്മദൃക്കായ ഭഗവാനെ അനുഭവിക്കണമെങ്കില്‍ സമഭാവന, ജീവകാരുണ്യം, സഹാനുഭൂതി മുതലായ ഗുണങ്ങള്‍ ഉണ്ടായേ മതിയാവൂ. എങ്കിലേ വൈചിത്ര്യമായ ലോകത്ത് ദിവ്യജീവനം നയിക്കാനാകൂ എന്നുമനസ്സിലാക്കിയ സ്വാമിജി സമസ്ത ജീവരാശികളുടേയും ഉല്‍ക്കര്‍ഷത്തെ ലാക്കാക്കി “ദിവ്യജീവനസംഘം” എന്ന പ്രസ്ഥാനം തന്നെ തുടങ്ങിയിരുന്നു. സ്വാമി ജ്ഞാനാനന്ദസരസ്വതിയും ആ മഹാപ്രസ്ഥാനത്തിലെ ഒരു കണ്ണിയായി തീരുകയാണുണ്ടായത്.
ശിവാനന്ദസ്വാമിജിയുടെ സാന്നിദ്ധ്യത്തില്‍ ആശ്രമത്തില്‍ നിത്യവും വൈകിട്ട് സത്സംഗം, ഭജന മുതലായവ നടക്കും. ധാരാളം ഭക്തന്മാര്‍ പരിപാടികളില്‍ പങ്കെടുക്കും. അവരില്‍ നിന്നും സമര്‍ത്ഥരായവരെ തിരഞ്ഞുവിളിച്ച് പ്രഭാഷണങ്ങളും ഭജനയും മറ്റും ചെയ്യിക്കുക സ്വാമിജിയുടെ പതിവായിരുന്നു. ഒരു ദിവസം സ്വാമിജിയെ വിളിച്ച് (അന്ന് സംന്യസിച്ചിട്ടില്ല) ഒരു പ്രഭാഷണം നടത്തുവാന്‍ ആവശ്യപ്പെട്ടു. ഭാഗവതത്തിലെ രാസക്രീഡ എന്ന വിഷയത്തെ ആസ്പദമാക്കി രണ്ടുമണിക്കൂര്‍ സംസാരിച്ചു. ഭാഷ ഏതെന്നുകൂടി അറിയാത്തവര്‍ക്കുകൂടി രസിക്കുന്ന തരത്തിലായിരുന്നു സ്വാമിജിയുടെ പ്രഭാഷണം. സന്തുഷ്ടനായ സ്വാമിജി തന്റെ ശിഷ്യന് ഭാഗവതപ്രവീണന്‍ എന്ന ബഹുമതിയും നല്കി അനുഗ്രഹിച്ചു.
1952-ല്‍ സ്വാമിജി കേരളത്തിലേക്ക് മടങ്ങി. ദിവ്യജീവനത്തിന്റെ രസം ആമൂലാഗ്രം ഉള്‍ക്കൊണ്ടുകൊണ്ടാണ് അദ്ദേഹം കേരളക്കരയിലേക്ക് പ്രവേശിച്ചത്. ഒറ്റപ്പാലത്ത് ദിവ്യജീവനസംഘത്തിന്റെ ശാഖയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് ഇരുന്നിലംകോട് ജ്ഞാനാനന്ദാശ്രമം എന്നപേരില്‍ ഒരു സ്ഥാപനം തുടങ്ങി. അവിടെ അഗതികളായ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുവേണ്ട കാര്യങ്ങള്‍, നിര്‍ധനരായവര്‍ക്ക് വൈദ്യസഹായം, ഈശ്വരപ്രാപ്തിക്ക് സാധാരണക്കാര്‍ അറിയേണ്ടകാര്യങ്ങള്‍ എഴുതി പ്രസിദ്ധീകരിക്കല്‍ തുടങ്ങിയവയെല്ലാം സ്വാമിജി ചെയ്തിരുന്നു. പരമപുരുഷാര്‍ത്ഥം മാസികയിലെ ലേഖനങ്ങള്‍ എഴുതലും, പ്രൂഫുനോട്ടവും, ജനങ്ങളില്‍ എത്തിക്കലും എല്ലാം സ്വാമിജിതന്നെയാണ് ആദ്യകാലങ്ങളില്‍ ചെയ്തിട്ടുള്ളത്. 1952-ല്‍ കൊണ്ടയൂര്‍ ജ്ഞാനാനന്ദാശ്രമം പ്രവര്‍ത്തനം ആരംഭിച്ചു. അവിടെവച്ചാണ് നിരവധി ആധ്യാത്മികഗ്രന്ഥങ്ങളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ളത്. ഏതാണ്ട് അറുപതോളം ഗ്രന്ഥങ്ങള്‍ സ്വാമിജിയുടേതായിട്ടുണ്ട്. രാമായണതത്വം, ഭാഗവതരഹസ്യം, വേദാന്തവിജ്ഞാനം, നന്മയുടെ ഓളങ്ങള്‍ , മഹാഭാരതസാരസര്‍വ്വസ്വം മുതലായവ ജനപ്രീതിനേടിയ ഗ്രന്ഥങ്ങളാണ്.
അതുപോലെ ആശ്രമത്തില്‍ വരുന്ന ആരും ഒരു കാര്യത്തിലും നിരാശരായി മടങ്ങാനിടയാകരുതെന്നു സ്വാമിജിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. വരുന്നതു മുഴുവന്‍ ചിലവഴിക്കുക. നാളത്തേക്കുണ്ടോയെന്ന് നോക്കാറില്ല. നാളത്തേക്ക് നാളെ ഭഗവാന്‍ കൊണ്ടുത്തരും എന്നതായിരുന്നു സ്വാമിജിയുടെ നിലപാട്. രാവിലെ നാലുമണിമുതല്‍ രാത്രി ഒന്‍പതുമണിവരെയാണ് നിഷ്ടയോടുള്ള ആശ്രമപ്രവര്‍ത്തനങ്ങള്‍. കേരളത്തിനുകിട്ടിയ കടാക്ഷം എന്നേ സ്വാമിയുടെ ജീവിതത്തേക്കുറിച്ച് പറയാനുള്ളൂ.
“ഏകഏവചരേദ്ഭിക്ഷുഃ ആത്മരാമോഽനപാശ്രയഃ
സര്‍വ്വഭൂതസുഹൃച്ഛാന്തോ നാരായണ പരായണഃ (ഭാ7.13.3)
ഭിക്ഷാന്നംകൊണ്ട് ശരീരക്ഷചെയ്ത്, ആത്മാനന്ദത്തില്‍ രമിക്കുന്നവനും, അന്യാശ്രയമില്ലാതെ സര്‍വ്വാത്മനാ ഭഗവാനെ ശരണം പ്രാപിച്ചവനും, സര്‍വ്വഭൂതങ്ങളുടെ ഹിതം സങ്കല്‍പ്പിക്കുന്നവനും, രാഗാദിവൃത്തികള്‍ വെടിഞ്ഞവനുമായി സഞ്ചരിക്കുന്നു യഥാര്‍ത്ഥസംന്യാസി എന്നു ഭാഗവതം പറയുന്നു. ഇതേരീതിയില്‍ സ്വാമിജി സഞ്ചരിക്കുകയും ധര്‍മ്മപ്രചരണം നടത്തുകയും ചെയ്തിട്ടുണ്ട്. സംസ്കാരസമ്പന്നരും, പാമരന്മാരുമായ മലയാളജനതയ്ക്കുകിട്ടിയ ഭാഗ്യമെന്നേ നമുക്കിതിനെ കാണാന്‍ കഴിയൂ. സ്വാമിജിയുടെ സംസര്‍ഗ്ഗം ലഭിച്ചവരെല്ലാം ആ ധന്യനിമിഷം ആജീവനാന്തം ഓര്‍മ്മവയ്ക്കുന്നതായി നമുക്കു കാണാം. ദര്‍ശന, സ്പര്‍ശന വചസ്സുകളെകൊണ്ട് ഒരുകാലത്ത് കേരളീയരെ ആത്മനിര്‍വൃതിയിലാറാടിച്ച മഹാപ്രതിഭയായി പ്രശോഭിച്ചിരുന്നു സ്വാമിജി.
കന്യാകുമാരിദേവിയുടെ പാദഭക്തനായി ദേവിയുടെ കടാക്ഷ വീഷണത്തോടെ 1972-ല്‍ തുടങ്ങിയ ‘ആനന്ദകുടീരം’ ആശ്രമത്തില്‍ വളരെക്കാലം സ്വാമിജി താമസിച്ചിരുന്നു. അക്കാലത്ത് രണ്ടുനേരവും സത്സംഗം ഉണ്ടാവും. ധാരാളം ഭക്തജനങ്ങള്‍ അവിടെയെത്തി ദേവീദര്‍ശനവും സ്വാമിജിയുടെ സത്സഗവും ശ്രവിച്ച് ധന്യരായി തീര്‍ന്നിട്ടുണ്ട്. ഭക്തിമുക്തിപ്രധായിനിയായ ദേവിയാല്‍ നിയോഗിക്കപ്പെട്ടവന്‍ എന്നുതോന്നുമാറ് അടുത്തെത്തുന്ന ഭക്തന്മാര്‍ക്ക് ഭുക്തിക്കുവേണ്ട വിഭവങ്ങളും, മോക്ഷമാര്‍ഗ്ഗവും ഒരുപോലെ പ്രദാനം ചെയ്തിരുന്നു.
1962-ല്‍ ഒലവക്കോട്, ശ്രീമാന്‍ ദിവാകരകൈമളുടേയും റ്റി. ആര്‍. നായരുടേയും നേതൃത്വത്തില്‍ ദിവ്യജീവനസംഘത്തിന്റെ ഒരുശാഖ പ്രവര്‍ത്തനമാരംഭിച്ചു. അവിടെ ഒരു ഗണപതിക്ഷേത്രവും നിത്യേന ഭജനകീര്‍ത്തനങ്ങളും നടന്നിരുന്നു. ശിവാനന്ദഗ്രന്ഥാലയം എന്നപേരില്‍ ഒരു ലൈബ്രറിയും പില്‍ക്കാലത്ത് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. കുറച്ചുകാലങ്ങള്‍ക്ക് ശേഷം സ്വാമിജിയെ അവിടെകൊണ്ട് വന്ന് പ്രഭാഷണങ്ങളും ഭാഗവതസപ്താഹയജ്ഞങ്ങളും മറ്റും നടത്തിവന്നു.
1976 മുതല്‍ സ്വാമിജി ദിവ്യജീവനസംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 1980 സെപ്തംബര്‍ 8-ാം തീയതി പ്രവര്‍ത്തനങ്ങളുടെ ചുമതല പൂര്‍ണ്ണമായും സ്വാമിജിയുടെ മേല്‍നോട്ടത്തിലായി. ജലാശയത്തില്‍നിന്ന് ഒരുകൈക്കുമ്പിള്‍ ജലമെടുത്ത് സൂര്യന് അര്‍ഘ്യം സമര്‍പ്പിക്കുന്നതുപോലെ, തന്റെ ഗുരുനാഥനായ ശിവാനന്ദസ്വാമിജിയെപ്പോലെ കര്‍മ്മഭക്തിജ്ഞാനയോഗങ്ങളുടെ സമന്വയമായി തന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് ലോകോപകാരപ്രദമാക്കിതീര്‍ക്കുകയും, തദ്വാരാ ഗുരുദക്ഷിണാ സമര്‍പ്പണമായും ഭവിക്കണം തന്റെ ജീവിതം എന്ന ഭാവനയോടെ 1980 ഒക്ടോബര്‍ 1 ന് പാലക്കാട് ഗുരുദക്ഷിണാമണ്ഡപത്തിന് സ്വാമിജി തറക്കല്ലിട്ടു. 1981 ഫെബ്രുവരി 14 ന് ആയതിന്റെ ഉത്ഘാടനം അന്നത്തെ കേരളാഗവര്‍ണ്ണറായ ജ്യോതി വെങ്കിടാചലം നിര്‍വ്വഹിക്കുകയും അതോടൊപ്പം ശിവാനന്ദാശ്രമം എന്നപേരില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
തന്റെ ഗുരുനാഥനായ ശിവാനന്ദസ്വാമിജിയുടെ പേരും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും കേരളത്തിലാകമാനം എത്തിക്കണം എന്ന ലക്ഷ്യത്തോടെ സ്വാമിജി പാലക്കാട് ശിവാനന്ദാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി. ആശ്രമത്തിന്റെ സുഗമവും അനുസ്യൂതവും ശക്തിമത്തുമായ പ്രവര്‍ത്തനത്തിനായി തന്റെ ശിഷ്യനായ സ്വാമി നിത്യാനന്ദസരസ്വതിയെ ചുമതലപ്പെടുത്തി. ഗുരുനാഥന്റെ അനുഗ്രഹത്തോടുകൂടി ഭാവഗ്രാഹിയായ അദ്ദേഹം സ്വാമിജിയുടെ അഭിലാഷം നിറവേറ്റുന്നതിനായി അനവരതം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു.
ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന ക്ഷേത്രങ്ങള്‍ സമുദ്ധരിക്കുക, സാധുക്കളായ വിദ്യാര്‍ത്ഥികളെ പഠനകാര്യത്തില്‍ സഹായിക്കുക, ജിജ്ഞാസുക്കള്‍ക്ക് ആത്മവിദ്യ ഉപദേശിച്ചുകൊടുക്കുക, തുടങ്ങി ജിജ്ഞാസുക്കളായ ജനതയ്ക്ക് ആത്മചേതനയും, ഈശ്വരചൈതന്യവും, ധര്‍മ്മബോധവും ഉണര്‍ത്തുന്ന ആദ്ധ്യാത്മിക പുസ്തകങ്ങളുടെ പ്രസിദ്ധീകരണം, അന്നദാനം ഇവയെല്ലാം സ്വാമിജി വളരെയധികം ഉത്സാഹത്തോടെ ചെയ്തിരുന്ന കാര്യങ്ങളാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇരുളടഞ്ഞ ഹൃദയങ്ങളില്‍ അന്തര്‍ലീനമായി പ്രവഹിക്കുന്ന ആത്മചേതനയെ ഉണര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സ്വാമിജി എല്ലായ്പ്പോഴും ചെയ്തിരുന്നു. സ്വാമിജിയുമായി ബന്ധപ്പെട്ടിട്ടുള്ള ഓരോ ജീവന്മാരിലും സ്വാമിജി ചെലുത്തിയിട്ടുള്ള ആത്മീയസ്വാധീനം ചെറുതൊന്നുമല്ല. ഇന്നും പ്രായമുള്ള സ്വാമിജിയുടെ ശിഷ്യന്മാരുമായി സംസാരിക്കുമ്പോള്‍ അവരുടെ ഹൃദയം നിറഞ്ഞ് പുളകിതഗാത്രരായി ആനന്ദാശ്രുപൊഴിക്കുന്ന സന്ദര്‍ഭങ്ങള്‍ കാണാന്‍ കഴിയും.
“ശരീരസ്ഥോപി കൗന്തേയ ന കരോതി ന ലിപ്യതേ” ഒന്നിലും അലിഞ്ഞുചേരാതെ ഒന്നായിരിക്കുന്ന, ഒന്നുമാത്രമായ ഭാവത്തെയാണ് സജ്ജനങ്ങള്‍ സമാശ്രയിക്കുന്നത്. ആ ഭാവത്തെ ആശ്രയിക്കുകയും അനുസന്ധാനം ചെയ്യുകയും ചെയ്യുന്നവരാണ് മഹാത്മാക്കള്‍ . ഉപാധിക്കു സംഭവിക്കുന്ന വൃദ്ധിക്ഷയങ്ങള്‍ അവരെ ബാധിക്കുകയില്ല. ദേഹത്തിന് ദേഹധര്‍മ്മങ്ങള്‍ ഉണ്ടല്ലോ. അത് ആര്‍ക്കും ഒഴിവാക്കാവുന്നതല്ല. അതുകൊണ്ട് സ്വാമിജിയുടെ ശരീരവും അതിന്റെ പരിണാമദശകളെല്ലാം പിന്നിട്ട് 1997ജൂണ്‍ 17-ാം തീയതി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. സ്വാമിജി ഇന്നും നമ്മെ അനുഗ്രഹിച്ചുകൊണ്ട് നമ്മോടൊപ്പം ഉണ്ട് എന്നകാര്യം വിസ്മരിക്കരുത്. നിരാകാരനെങ്കിലും സാകാര രൂപത്തില്‍ ശിവാനന്ദാശ്രമത്തിലെ സമാധി ശിവക്ഷേത്രത്തിലൂടെ സ്വാമിജിയുടെ സാന്നിദ്ധ്യം ഇന്നും നമുക്ക് അനുഭവവേദ്യമാവുന്നുണ്ട്.
അമ്പതില്‍പരം സന്യാസിശിഷ്യന്മാര്‍ സ്വാമിജിക്കുണ്ട്. സ്വാമി ചിതാനന്ദസരസ്വതി, സ്വാമി സത്യാനന്ദസരസ്വതി, സ്വാമി അച്ചുദാനന്ദസരസ്വതി തുടങ്ങിയവര്‍ ഇതില്‍പ്പെടുന്നു. സ്വാമിജിയുടെ സന്യാസിശിഷ്യന്മാരെല്ലാവരും ആത്മസാക്ഷാത്കാരനിരതന്മാരായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഏതാണ്ട് ഇരുപതോളം പേര്‍ ഇതിനകം ബ്രഹ്മലീനരായിട്ടുണ്ട്.
സ്വാമിജിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, ആദ്ധ്യാത്മികവും ധാര്‍മ്മികവുമായ മൂല്യങ്ങളുടെ പ്രചാരണവും ലക്ഷ്യമിട്ടുകൊണ്ട് ശിവാനന്ദാശ്രമം പ്രവര്‍ത്തിച്ചുവരികയാണ്. ആശ്രമത്തിന്റെ കീഴില്‍ ശിവാനന്ദഗുരുകുലം എന്നപേരില്‍ എല്‍ .കെ. ജി, യു. കെ. ജി. സ്കൂള്‍ ജ്ഞാനാനന്ദഗുരുകുലം എന്നപേരില്‍ പത്തനംതിട്ടജില്ലയില്‍ അഞ്ചാംതരം വരെയുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍, ശിവാനന്ദ സാധനാലയം എന്നപേരില്‍ പാലക്കാട് ജില്ലയില്‍ തേനാരിയില്‍ അദ്ധ്യാത്മികമായി ജീവിതം നയിക്കാനാഗ്രഹിക്കുന്ന വൃദ്ധജനങ്ങള്‍ക്കായി വൃദ്ധസദനം, ഒറ്റപ്പാലത്ത് അമ്പലവട്ടം എന്നസ്ഥലത്ത് ജീര്‍ണിച്ചുകിടക്കുന്ന ഒരു വിഷ്ണുക്ഷേത്രത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ , ശ്രീ ഹൃദയം എന്ന യോഗവേദാന്തമാസികയുടെ പ്രസിദ്ധീകരണം, സ്വാമിജി കൈരളിക്കു കാഴ്ചവച്ച പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിനും മറ്റ് ആദ്ധ്യാത്മികപ്രസിദ്ധീകരണങ്ങള്‍ക്കുമായി ശിവാനന്ദ ഓഫ്സെറ്റ് പ്രിന്‍റിംഗ് പ്രസ്സ്, ശാരീരികവും, മാനസികവും, ബുദ്ധിപരവുമായ ഉണര്‍വും തദ്വാരാ ആദ്ധ്യാത്മിക പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ടുള്ള യോഗപരിശീലനം, സംസ്കൃതഭാഷാപരിശീലനം , സംഗീതപഠനം, സംപൂജ്യസ്വാമിജിയുടെ സമാധി ശിവക്ഷേത്രം, ധ്യാനമണ്ഡപം, ചില ആശ്രമങ്ങള്‍ എല്ലാം ഇന്ന് ശിവാനന്ദാശ്രമത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഗണേശഭഗവാന്റെ അനുഗ്രഹവും, ഭക്തന്മാരുടെ സഹകരണവും, നിത്യാനന്ദസ്വാമിജിയുടെ സശ്രദ്ധവുമായ പ്രവര്‍ത്തനവുംകൊണ്ട് ഇവയെല്ലാം മംഗളമായി നടക്കുന്നു.
ഈദൃശമായ പ്രവര്‍ത്തനങ്ങള്‍ ഓരോജനങ്ങളിലും എത്തിക്കേണ്ടതുണ്ട്. ഗംഗയുടെ മഹത്വമറിഞ്ഞ് ഗംഗാസ്നാനത്തിനായി പോകുന്നതുപോലെ നമ്മില്‍ ഓരോരുത്തരിലും അന്തര്‍ലീനമായിരിക്കുന്ന അദ്ധ്യാത്മിക സ്രോതസ്സില്‍ നമുക്ക് സ്നാനം ചെയ്യാന്‍ കഴിയണം. അത് അനുഭവവേദ്യമാക്കണം. കര്‍മ്മവാസനകള്‍ അതിനനുവദിച്ചില്ലെങ്കില്‍ആ സ്രോതസ്സിന്റെ തീരവാസിയായിരിക്കാനെങ്കിലും കഴിയാത്ത ജന്മം നമുക്കെന്തിനാണ്? സ്വാമിജിയുടെ പ്രേമവും, സഹാനുഭൂതിയും, കര്‍മ്മകുശലതയും, ലളിതമായ ജീവിതശൈലിയും, ഉയര്‍ന്നചിന്താപദ്ധതിയും , ഗുരുശുശ്രൂഷയും എല്ലാം ഉള്‍ക്കൊണ്ട് നമുക്ക് പ്രവര്‍ത്തിക്കാം. മാനസ്സികമായ ഐക്യം, ബുദ്ധിപരമായ ഏകതാനത, ധാര്‍മ്മികമായ ധനവിനിയോഗം, കര്‍മ്മകുശ്ശലത ഇത്രയുമായാല്‍ ജീവനൊന്നാകും. ആത്മജ്ഞാനികളും സ്വാമിജിയുടെ നിത്യസാന്നിദ്ധ്യം അനുഭവിക്കുന്നവരുമായിത്തീരും. അങ്ങനെ ആത്മസാധനയെ നമുക്ക് കൈവരിക്കാനാകും. അതിന് ഗുരുദേവന്റെ അനുഗ്രഹം നമുക്കേവര്‍ക്കും ഉണ്ടാകട്ടെ.
ജീവിതക്കുറിപ്പ്
പേര്:സ്വാമി ജ്ഞാനാനനന്ദസരസ്വതി (6.6.1951). ഗോവിന്ദവാര്യര്‍ (പൂര്‍വ്വാശ്രമത്തിലെ നാമം)
ജനനം: 1910 ജനുവരി16 -ാംനു പഞ്ചമി 1085 മകരം 3 -ാംനു ഉത്രട്ടാതിനക്ഷത്രം.
മാതാപിതാക്കള്‍ : അമ്മ പടിഞ്ഞാറെ പുതിയവാര്യത്തെ കുഞ്ഞുക്കുട്ടി വാരസ്യാര്‍ , അച്ഛന്‍ വെള്ളിനേഴി പുളിക്കല്‍ വാര്യത്തെ കൃഷ്ണവാര്യര്‍ .
വിദ്യാഭ്യാസം: പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഗുരുകുലസമ്പ്രദായത്തില്‍ സംസ്കൃതവിദ്യാഭ്യാസം ചില ഗുരുക്കന്മാരില്‍ നിന്നും നേടിയിട്ടുണ്ട്.
ജോലി: നോര്‍മന്‍ പ്രിന്‍റിംഗ് പ്രസ്സില്‍ , പൊന്‍മാറ എലിമെന്‍ററി സ്കൂള്‍ അദ്ധ്യാപകന്‍ , നീലേശ്വരത്ത് അരവത്ത് എന്നസ്ഥലത്ത് സംസ്കൃതാദ്ധ്യാപകന്‍, (ഇക്കാലത്ത് വൈരാഗ്യം എന്നൊരു പുസ്തകം രചിച്ചു. വിവേകചൂഡാമണിക്ക് ഒരു ലളിത വ്യാഖ്യാനവും എഴുതി.)
ഇഷ്ടദേവന്‍: ശ്രീകൃഷ്ണന്‍
ദീക്ഷാമന്ത്രം: അഷ്ടാക്ഷരീമന്ത്രം
ഇഷ്ടഗ്രന്ഥം: ഭാഗവതം. 18-ാം വയസ്സുമുതല്‍ ഭാഗവതപാരായണം നിഷ്ഠയോടെ ആരംഭിച്ചു. 21-ാം വയസ്സില്‍ ആദ്യ കവിതാരചന നടത്തി. 22-ാം വയസ്സില്‍ ഭാഗവതം സപ്താഹമായി പാരായണം നടത്തി
തീര്‍ത്ഥാടനം: 1936-ല്‍ ഇന്ത്യയിലെ പ്രധാന തീര്‍ത്ഥങ്ങളെല്ലാം സന്ദര്‍ശിച്ചു.
ഗൃഹസ്ഥാശ്രമം: 1943 മുതല്‍ 1951 വരെ . ഭാര്യ വിദ്യാദേവിയില്‍ രണ്ട് പുത്രിമാരുണ്ട്.
സംന്യാസം: 1951 ജൂണ്‍ 6 ന് ഋഷികേശം സ്വാമി ശിവാനന്ദസരസ്വതിയില്‍ നിന്ന് സംന്യാസദീക്ഷ സ്വീകരിച്ചു. ശിവാന്ദസ്വാമികള്‍ സ്വാമിജിക്ക് ഭാഗവതപ്രവീണന്‍ ബഹുമതിയും നല്കി. അങ്ങനെ ഗോവിന്ദ വാര്യര്‍ സ്വാമി ജ്ഞാനാനന്ദസരസ്വതിയായി മാറി.
ആശ്രമപ്രവര്‍ത്തനങ്ങള്‍
ജ്ഞാനാനനന്ദാശ്രമം ഇരുനിലംകോട്, (തൃശ്ശൂര്‍ജില്ല) 1952ല്‍ സ്ഥാപിച്ചു., പരമപുരുഷാര്‍ത്ഥം മാസിക പ്രസിദ്ധീകരണമാരംഭിച്ചു. ജ്ഞാനാനന്ദവൈദ്യശാലയും ജ്ഞാനാനന്ദ ഗുരുകുലവും അവിടെ നടത്തിയിരുന്നു. കൊണ്ടയൂര്‍ ജ്ഞാനാനന്ദ ആശ്രമം 1962 ല്‍ സ്ഥാപിച്ചു. 1972 ല്‍ ആനന്ദകുടീരം കന്യാകുമാരിയില്‍ സ്ഥാപിച്ചു. ശ്രീകൃഷ്ണമന്ദിരം കന്യാകുമാരി 1976 ല്‍ സ്ഥാപിച്ചു. ജ്ഞാനാനന്ദാശ്രമം പാലക്കാട് 1980ല്‍ സ്ഥാപിച്ചു.
ഗ്രന്ഥരചന
അറുപതോളം അദ്ധ്യാത്മികഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അനവധി ഭാഗവത സപ്താഹങ്ങളും, ഗീതാരാമായണാദി ജ്ഞാനയജ്ഞങ്ങളും നടത്തിയിട്ടുണ്ട്. ശിവാനന്ദശതാബ്ദി സ്മാരകമായി അമ്മമാര്‍ക്കുവേണ്ടി മാത്യദേവീ മന്ദിരമെന്നപേരില്‍ ഒരു സാധനാലയം ശിവാനന്ദാശ്രമത്തിനടുത്ത് സ്ഥാപിച്ച് 1987മുതല്‍ പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. 1972 മുതല്‍ കന്യാകുമാരി ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന്റെ ഒന്നാം ഉത്സവം സ്വാമിജി തന്നെ ഏറ്റെടുത്ത് പൂര്‍വ്വാധികം മെച്ചമായി നടത്തിവരുന്നു. 1984 ല്‍ ശിവാനന്ദ പ്രിന്‍റിംഗ് പ്രസ് സ്ഥാപിച്ച് ശ്രീഹൃദയം യോഗവേദാന്തമാസിക പ്രസിദ്ധീകരിച്ചുവരുന്നു. കന്യാകുമാരി ആനന്ദകുടീരത്തിനടുത്തുള്ള അതിപുരാതനമായ കാശിവിശ്വനാഥ ക്ഷേത്രത്തെ ഉദ്ധരിച്ച് സ്വന്തം മേല്‍നോട്ടത്തില്‍ അവിടുത്തെ പൂജാദികര്‍മ്മങ്ങള്‍ 1996 വരെ നടത്തിവന്നു. തന്റെ ആദ്ധ്യാത്മികഗ്രന്ഥങ്ങളെല്ലാം ആകര്‍ഷകമായരീതിയില്‍ പുനഃപ്രസിദ്ധീകരിച്ചു. 1990ല്‍ ഈ പുനഃപ്രസിദ്ധീകരണം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
പ്രത്യേകതകള്‍
ക്ഷേത്രകലകളിലെല്ലാം നല്ല വാസനയുണ്ട്. പാഠകത്തിലും ചാക്യാര്‍കൂത്തിലും പ്രത്യേകിച്ചും. ആരെയും എതിര്‍ക്കാറില്ല. എന്നാല്‍ നര്‍മ്മരസംതുളുമ്പുന്നതും ചിന്തോദ്ദീപകവുമായ മറുപടിയും വിമര്‍ശനവും സാധാരണമാണ്. അന്നദാനത്തില്‍ അന്യാദൃശ്യമായ താല്പര്യമുണ്ട്. പാചകകലയിലും നല്ല പ്രാവീണ്യമുണ്ട് ഏതുകാര്യവും വേഗത്തിലും വെടിപ്പിലും നടത്തണമെന്ന് നിര്‍ബന്ധമുണ്ട്. ഏതു പണിയെടുക്കാനും സാമര്‍ത്ഥ്യവും ഉത്സാഹവുമുണ്ട്. എഴുതുന്നതുകണ്ടാല്‍ ചിന്തയേക്കാള്‍ വേഗത്തില്‍ എഴുതാന്‍ കഴിവുണ്ടോ എന്നുതോന്നിപ്പോകും.
ജനപ്രീതി നേടിയ ഗ്രന്ഥങ്ങള്‍
1. മഹാഭാരതസാരസര്‍വസ്വം (രണ്ടുഭാഗങ്ങള്‍ )
2. രാമായണതത്വം
3. യോഗരാമായണം
4. രാമഗീത
5. സനല്‍സുജാതീയം
6. ശ്രീമത് ഭഗവദ്ഗീത
7. ഭഗവദ്ഗീതാ സംഗ്രഹം
8. ഉത്തരഗീത
9. സമ്പൂര്‍ണ്ണ ഭാഗവത രഹസ്യം
10. ഭാഗവത മാഹാത്മ്യം
11. ഉദ്ധവോപദേശം
12. ഗോപികാഗീതം
13. വിഷ്ണുപുരാണ സംഗ്രഹം
14. ബ്രഹ്മസൂത്രം
15. പാതഞ്ജലയോഗസൂത്രം
16. സാംഖ്യദര്‍ശനം
17. നാരദഭക്തിസൂത്രം
18. യോഗസമന്വയം
19. ഈശോവാസ്യോപനിഷത്ത്
20. കേനോപനിഷത്ത്
21. കഠോപനിഷത്ത്
22. പ്രശ്നോപനിഷത്ത്
23. മൂണ്ഡകോപനിഷത്ത്
24. മാണ്ഡൂക്യ ഉപനിഷത്തും ഗൌഡപാദകാരിയും
25. ഐതരോപനിഷത്ത്
26. കൈവല്യോപനിഷത്ത്
27. ശ്വേതാശ്വതരോപനിഷത്ത്
28. നാരായണാഥര്‍വ്വശിരോപനിഷത്ത്
29. ബ്രഹ്മബിന്ദു ഉപനിഷത്ത്
30. വേദാന്തവിജ്ഞാനം
31. പഞ്ചദശി
32. ലഘുയോഗവാസിഷ്ഠസംഗ്രഹം
33. അഷ്ടാവക്രഗീതഥ
34. ആത്മാനാത്മവിവേകം
35. വിജ്ഞാനനൗക
36. അദ്വൈതാനുഭൂതി
37. ദൃക് ദൃശ്യ വിവേകം
38. സ്വാത്മനിരൂപണം
39. സര്‍വ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം
40. അപരോക്ഷാനുഭൂതി
41. വിവേകചൂഡാമണി
42. ശ്രീമത് അയ്യപ്പഗീത
43. ദക്ഷിണാമൂര്‍ത്തി സ്തോത്രം
44. ഹരിമീഡേ സ്തോത്രം
45. ശങ്കര സ്തോത്ര രത്നാകരം
46. ജപയോഗം
47. ബ്രഹ്മജ്ഞാനാവലി
48. ആശ്രമ ഭജനാവലി
49. ഹരിനാമകീര്‍ത്തനം
50. വൈരാഗ്യം
51. ശ്രീകൃഷ്ണശരണാഗതി
52. നന്മയുടെ ഓളങ്ങള്‍
53. അയ്യപ്പഭഗവാന്‍
54. കേദാരഖണ്ഡം