സപ്തധാതുമയമായ സ്ഥൂലദേഹമല്ല ‘ഞാന്‍’. ശബ്ദസ്പര്‍ശരൂപരസഗന്ധമെന്ന പഞ്ചവിഷയങ്ങള്‍ യഥാക്രമം അറിയുന്ന ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളും ‘ഞാന്‍’ അല്ല. വചനം, ഗമനം, ദാനം, മലവിസര്‍ജ്ജനം, ആനന്ദിക്കല്‍ എന്നീ അഞ്ചു പ്രവൃത്തികളും നടത്തുന്ന വാക്ക്, പാദം, പാണി, പായു, ഉപസ്ഥം എന്നീ കര്‍മ്മേന്ദ്രിയപഞ്ചകവും ‘ഞാന്‍’ അല്ല. ശ്വസനാദി പഞ്ചപ്രവൃത്തികളും നടത്തുന്ന പ്രാണാദി പഞ്ചവായുക്കളും ‘ഞാന്‍’ അല്ല. വിചാരിക്കുന്ന മനസ്സും ‘ഞാന്‍’ അല്ല. സര്‍വ്വവിഷയങ്ങളും സര്‍വ്വകര്‍മ്മങ്ങളും ഇല്ലാതായി വിഷയവാസനകളെ മാത്രം വഹിക്കുന്ന അജ്ഞാനവും ‘ഞാന്‍’ അല്ല.
2. ഇവയൊന്നും ‘ഞാന്‍’ അല്ലെങ്കില്‍ പിന്നെ ‘ഞാന്‍’ എന്നുവച്ചാല്‍ ആരാ?
മുന്‍പറഞ്ഞമാതിരി ‘ഇതു ഞാന്‍ അല്ല, ഇതു ഞാന്‍ അല്ല’ എന്നു നിഷേധിച്ചു് ഒടുവില്‍ തള്ളുവാന്‍ തരമില്ലാതെ തനിയെ ശേഷിക്കുന്ന ‘അറിവ്’ ആകുന്നു ‘ഞാന്‍’.
3. അറിവിന്റെ സ്വരൂപം എന്ത്?
അറിവിന്റെ സ്വരൂപം സച്ചിദാനന്ദം.
4. സ്വരൂപദര്‍ശനം എപ്പോള്‍ കിട്ടും?
ദൃശ്യമായ ജഗത്തില്ലാതാവുമ്പോള്‍ ദൃക്കായ സ്വരൂപദര്‍ശനമുണ്ടാകും.
5. ജഗത്തുണ്ടെന്നു തോന്നുമ്പോള്‍ സ്വരൂപദര്‍ശനമുണ്ടാവില്ലേ?
ഉണ്ടാവില്ല.
6. എന്തുകൊണ്ട്?
ദൃക്കും ദൃശ്യവും, രജ്ജുവും സര്‍പ്പവും പോലെയാകുന്നു. കല്‍പ്പിതമായ സര്‍പ്പജ്ഞാനം പോകാതെ തദധിഷ്ഠാനമായ രജ്ജുജ്ഞാനം ഉണ്ടാകാത്തതുപോലെ, കല്പിതമായ ജഗല്‍ഭ്രാന്തി നശിച്ചല്ലാതെ അധിഷ്ഠാനമായ സ്വരൂപദര്‍ശനത്തിന്റെ ദര്‍ശനം ഉണ്ടാവില്ല.
7. ദൃശ്യമായ ജഗത്ത് എപ്പോഴാണ് മറയുക?
സകല ജ്ഞാനത്തിനും സകല കര്‍മ്മത്തിനും മൂലമായ മനസ്സ് അടങ്ങിയാല്‍ ജഗത്തും മറയും.
8. മനസ്സിന്റെ സ്വരൂപമെന്ത്?
മനസ്സെന്നാല്‍ ആത്മസ്വരൂപത്തിലുള്ള ഒരു അതിശയശക്തി. അത് സകല വിചാരങ്ങളെയും സങ്കല്‍പ്പിക്കുന്നു. വിചാരങ്ങളെല്ലാം നീക്കിനോക്കിയാല്‍ മനസ്സെന്നു പ്രത്യേകിച്ചൊരു പദാര്‍ത്ഥമില്ല. അതുകൊണ്ട് മനസ്സിന്റെ സ്വരൂപം വിചാരം തന്നെ. സങ്കല്‍പ്പമാത്രങ്ങളല്ലാതെ ജഗത്തെന്നു വേറെയൊരു പദാര്‍ത്ഥമില്ല. ഉറക്കത്തില്‍ വിചാരങ്ങളുമില്ല, ജഗത്തുമില്ല; ജാഗ്രല്‍സ്വപ്നങ്ങളില്‍ വിചാരങ്ങളും ജഗത്തും ഉണ്ട്. എട്ടുകാലി എങ്ങനെയോ തന്നില്‍നിന്നുണ്ടായ നൂല്‍നൂറ്റു വീണ്ടും അതു തന്നില്‍ പ്രതിസംഹരിക്കുന്നുവോ അതുപോലെതന്നെ മനസ്സും തന്നില്‍നിന്നു പ്രപഞ്ചത്തെ തോന്നിപ്പിച്ചു വീണ്ടും തന്നില്‍ത്തന്നെ ഒതുക്കുന്നു.
മനസ്സ് ആത്മസ്വരൂപത്തില്‍ നിന്നു പുറത്തുവരുമ്പോഴാണ് ജഗത്ത് ഭാസിക്കുന്നത്. അതുകൊണ്ട് ജഗല്‍ഭ്രമമുള്ളപ്പോള്‍ സ്വരൂപജ്ഞാനമുണ്ടാവില്ല; സ്വരൂപജ്ഞാനം പ്രകാശിക്കുമ്പോള്‍ ജഗല്‍പ്രകാശവുമില്ല. മനസ്സിന്റെ സ്വരൂപത്തെക്കുറിച്ച് നിരന്തരമായി വിചാരിച്ചുകൊണ്ടിരുന്നാല്‍ മനസ്സ് താനായി പരിണമിക്കും. ‘താന്‍’ എന്നത് ആത്മസ്വരൂപം തന്നെ. മനസ്സെപ്പോഴും ഒരു സ്ഥൂലവസ്തുവിനെ ആശ്രയിച്ചേ നില്‍ക്കുകയുള്ളൂ; തനിച്ചു നില്‍ക്കില്ല. മനസ്സിനെത്തന്നെയാണ് സൂക്ഷ്മശരീരമെന്നും ജീവനെന്നും പറയുന്നത്.
9. മനസ്സിന്റെ സ്വരൂപത്തെ വിചാരിച്ചറിയാനുള്ള മാര്‍ഗ്ഗമെന്താകുന്നു?
ഈ ദേഹത്തില്‍ ‘ഞാന്‍’ എന്ന് ഭാസിക്കുന്നതേതോ അത് മനസ്സാകുന്നു. ‘ഞാന്‍’ എന്ന വിചാരം ദേഹത്തില്‍ ഏതൊരിടത്തില്‍ നിന്നാണ് ആദ്യം പുറപ്പെടുന്നതെന്ന് ആലോചിച്ചാല്‍ ഹൃദയത്തില്‍ നിന്നാണെന്നു അറിയാറാകും. മനസ്സിന്റെ പിറപ്പിടം ആതാകുന്നു. ‘ഞാന്‍ ഞാന്‍’ എന്ന് ചിന്തിച്ചുകൊണ്ടിരുന്നാലും അവിടെത്തന്നെകൊണ്ടുചെന്നാക്കും. മനസ്സിലുദിക്കുന്ന എല്ലാ വിചാരങ്ങളിലും വെച്ചു ആദ്യമുണ്ടാകുന്ന വിചാരം ‘ഞാന്‍’ എന്ന വിചാരമാകുന്നു. ഇതു ഉദ്ഭവിച്ചതിന്റെ ശേഷമേ അനേകങ്ങളായ മറ്റു വിചാരങ്ങള്‍ ഉണ്ടാകുകയുള്ളൂ. ‘ഞാന്‍’ എന്ന ജ്ഞാനം ഉളവായതിന്റെ ശേഷമേ ‘നീ, അവന്‍’ മുതലായ ജ്ഞാനം ഉണ്ടാകുകയുള്ളൂ. ‘അഹം’ എന്നതില്ലെങ്കില്‍ ത്വം മുതലായ വാക്കുകള്‍ക്ക് പ്രസക്തിയില്ല.
10. മനസ്സെങ്ങനെയടക്കും?
‘ഞാന്‍ ആര്’ എന്ന വിചാരത്താല്‍ മാത്രമേ മനസ്സടങ്ങൂ. ‘ഞാന്‍ ആര്’ എന്ന ചിന്ത മറ്റുചിന്തകളെയെല്ലാം നശിപ്പിച്ചു ചുടലക്കൊള്ളിപോലെ ഒടുവില്‍ അതും നശിക്കും. പിന്നീട് സ്വരൂപദര്‍ശനവും ഉണ്ടാകും.
11. ഞാന്‍ ആരാണെന്നുള്ള വിചാരം സദാകാലവും ഉണ്ടാകുവാനുള്ള ഉപായം എന്ത്?
മനസ്സിന്റെ വിക്ഷേപങ്ങളുടെ അവസാനം കാണുവാന്‍ യത്നിക്കാതെ അവ ആര്‍ക്കാണ് ഉണ്ടായതെന്ന് വിചാരിക്കണം. എത്ര വിചാരങ്ങളുണ്ടായാലെന്താ, ഓരോരോ വിചാരവും ഉദിക്കുമ്പോള്‍ തന്നെ ജാഗ്രതയോടെ അത് ആര്‍ക്കാണുണ്ടായതെന്ന് വിചാരിച്ചാല്‍ ‘എനിക്ക്’ എന്ന് തോന്നും. ഈ ‘ഞാന്‍ ആര്’ എന്ന് വിചാരിച്ചാല്‍, മനസ്സ് തന്റെ പിറവി എവിടെയോ അവിടേയ്ക്ക് തിരിച്ചുപോകും. ഇങ്ങനെ പരിചയിച്ചു ശീലിച്ചാല്‍ മനസ്സിന് തന്റെ പിറപ്പിടത്തില്‍ ഉറച്ചുനില്‍ക്കുവാനുള്ള ശക്തി വര്‍ദ്ധിക്കും.
സൂക്ഷ്മമായ മനസ്സു ബുദ്ധീന്ദ്രിയാധീനമായി വിക്ഷേപിക്കുമ്പോള്‍ സ്ഥൂലങ്ങളായ നാമരൂപങ്ങള്‍ തോന്നുന്നു. ഹൃദയത്തില്‍ ഒതുങ്ങുമ്പോള്‍ നാമരൂപങ്ങള്‍ മറയുന്നു. മനസ്സിനെ പുറത്തേക്ക് വിടാതെ ഹൃദയത്തില്‍ത്തന്നെ ഒതുക്കിവച്ചുകൊണ്ടിരിക്കുന്നതിനു അന്തര്‍മുഖം എന്നുപറയുന്നു. ഹൃദയത്തില്‍നിന്ന് പുറത്തേക്കയക്കുന്നതിന് ബഹിര്‍മുഖം എന്നുംപറയുന്നു. ഇപ്രകാരം മനസ്സ് ഹൃദയത്തില്‍ വിശ്രമിക്കുമ്പോള്‍ സകല വിചാരങ്ങള്‍ക്കും മൂലമായ ‘ഞാന്‍’ എന്നത് പോയി നിത്യമായ ‘താന്‍’ മാത്രം പ്രകാശിക്കും. എന്തുതന്നെ ചെയ്യുന്നതായാലും ‘ഞാന്‍’ എന്ന അഹങ്കാരം നീക്കിയിട്ടുവേണം ചെയ്യുവാന്‍. അങ്ങനെ ചെയ്‌താല്‍ എല്ലാം ശിവാത്മകമായിത്തീരും.
12. മനസ്സടക്കുന്നതിനു വേറെ ഉപായങ്ങളില്ലേ?
അദ്ധ്യാത്മവിചാരമല്ലാതെ വേറെ തക്കതായ ഉപായമൊന്നുമില്ല. മറ്റുള്ള ഉപായങ്ങളെക്കൊണ്ട് പിടിച്ചുനിറുത്തിയാലും മനസ്സ് അടങ്ങിയതുപോലെയിരുന്നു വീണ്ടും ഉദിക്കുന്നതാണ്. പ്രാണായാമംകൊണ്ടും മനസ്സടക്കാം. പക്ഷേ, പ്രാണന്‍ അടങ്ങിനില്ക്കുന്നതുവരെ മനസ്സും അടങ്ങിയിരുന്നു, പ്രാണന്‍ ചലിക്കുവാന്‍ തുടങ്ങിയാല്‍ മനസ്സും വാസനാനുകൂലമായി അലയുവാന്‍ തുടങ്ങും. മനസ്സിന്റെയും പ്രാണന്റെയും പിറപ്പിടമൊന്നുതന്നെയാണ്. വിചാരംതന്നെ മനസ്സിന്റെ സ്വരൂപം; ‘ഞാന്‍’ എന്നതാണ് മനസ്സിലെ ആദ്യത്തെ വിചാരം; അതുതന്നെ അഹങ്കാരം. അഹങ്കാരം എവിടെനിന്നുത്ഭവിക്കുന്നുവോ അവിടെനിന്നുതന്നെയാണ് ശ്വാസവും ഉണ്ടാകുന്നത്. അതിനാല്‍ മനസ്സടങ്ങുമ്പോള്‍ പ്രാണനും പ്രാണന്‍ അടങ്ങുമ്പോള്‍ മനസ്സും അടങ്ങും.
എന്നാല്‍ സുഷുപ്തിയില്‍ മനസ്സടങ്ങുന്നുണ്ടെങ്കിലും പ്രാണന്‍ അടങ്ങുനില്ല. ദേഹത്തെ കാത്തുരക്ഷിപ്പാനും ദേഹം മൃതിയടഞ്ഞുപോയോ എന്ന് അന്യര്‍ സംശയിക്കാതിരിക്കാനുമായി ഇങ്ങനെയാണ് ഈശ്വരന്‍ നിയമിച്ചിട്ടുള്ളത്. ജാഗ്രത്തിലും സമാധിയിലും മനസ്സടങ്ങുമ്പോള്‍ പ്രാണനും അടങ്ങുന്നു. പ്രാണന്‍ മനസ്സിന്റെ സ്ഥൂലരൂപമാകുന്നു. മരണകാലം വരുന്നതുവരെ മനസ്സ് പ്രാണനെ ഉടലില്‍ വെച്ചുകൊണ്ടു ഉടല്‍ നിര്‍ജ്ജീവമാകുമ്പോള്‍ അതിനെ കവര്‍ന്നുകൊണ്ടുപോകുന്നു. അതുകൊണ്ട് പ്രാണായാമം മനസ്സടക്കുവാന്‍ സഹായമായിത്തീരുമെന്നല്ലാതെ മനസ്സിനെ നശിപ്പിക്കില്ല.
പ്രാണായാമം പോലെ മൂര്‍ത്തിധ്യാനം, മന്ത്രോച്ചാരണം, ആഹാരനിയന്ത്രണം എന്നിവയും മനസ്സിനെ അടക്കുവാന്‍ സഹായിക്കുന്നവതന്നെ.
മൂര്‍ത്തിധ്യാനംകൊണ്ടും മന്ത്രോച്ചാരണംകൊണ്ടും മനസ്സ് ഏകാഗ്രതയെ പ്രാപിക്കുന്നു. മനസ്സാകട്ടെ സദാ ചലിച്ചുകൊണ്ടുതന്നെയിരിക്കും. ആനയുടെ തുമ്പിക്കൈയില്‍ ഒരു ചങ്ങല കൊടുത്താല്‍ അത് എങ്ങനെ വേറെ ഒന്നിനെയും തൊടാതെ ചങ്ങലയെത്തന്നെ പിടിച്ചുകൊണ്ടുപോകുമോ, അതേപ്രകാരംതന്നെ മനസ്സിനെ ഏതെങ്കിലും ഒരു നാമത്തിലോ രൂപത്തിലോ നിര്‍ത്തി ശീലിപ്പിച്ചാല്‍ അതില്‍ത്തന്നെ പതിഞ്ഞുകൊണ്ടിരിക്കും. മനസ്സ് അനേകചിന്തകളായി പിരിയുന്നതിനാല്‍ ഓരോരോ ചിന്തയും ഏറ്റവും ബലഹീനമായിത്തീരുന്നു. വിചാരങ്ങള്‍ അടങ്ങിയടങ്ങി ഏകാഗ്രതയില്‍ എത്തി അതുകൊണ്ട് ബലവത്തായിത്തീര്‍ന്ന മനസ്സിന് ആത്മവിചാരം സുലഭമായി സിദ്ധിക്കും. എല്ലാ നിയമങ്ങളിലും വച്ചു സാത്വികമായ മിതഭക്ഷണനിഷ്ഠയാല്‍ മനസ്സിന്റെ സാത്വികഗുണം തെളിഞ്ഞു അതുവഴിയായി ആത്മവിചാരത്തിനും സ്വയം സഹായം സിദ്ധിക്കുന്നു.
13. വിഷയവാസനകള്‍ കടലിലെ തിരമാലകള്‍ പോലെ അളവറ്റു തോന്നുന്നുണ്ടല്ലോ; അവയെല്ലാം എപ്പോള്‍ ഇല്ലാതാകും?
സ്വരൂപധ്യാനം തെളിഞ്ഞു തെളിഞ്ഞു വരുന്തോറും വിചാരങ്ങളെല്ലാം അടങ്ങിക്കൊള്ളും.
14. വിചാരം ചുരുങ്ങിവന്നു സകല വിഷയവാസനകളും ഇല്ലാതായി സ്വരൂപധ്യാനം മാത്രമായി ഇരിക്കുവാന്‍ സാധിക്കുമോ?
സാദ്ധ്യമോ അല്ലയോ എന്ന ആശങ്കയ്ക്ക് ഇടംകൊടുക്കാതെ സ്വരൂപധ്യാനത്തെ വിടാതെ മുറുകെ പിടിക്കണം. ഒരുവന്‍ എത്രതന്നെ പാപിയായിരുന്നാലും ‘ഞാന്‍ പാപിയായിരുന്നല്ലോ, എങ്ങനെ എനിക്ക് ഗതി ഉണ്ടാകും’ എന്നിങ്ങനെ വ്യസനിച്ചുകൊണ്ടിരിക്കാതെ, താന്‍ പാപിയാണെന്നുള്ള വിചാരത്തെ തീരെ തള്ളിക്കളഞ്ഞു സ്വരൂപധ്യാനത്തില്‍ ശ്രദ്ധയുള്ളവനായിരുന്നാല്‍ അവന്‍ നിശ്ചയമായും നിവൃത്തനാകും. നല്ല മനസ്സെന്നും ചീത്ത മനസ്സെന്നും രണ്ടു മനസ്സില്ല; മനസ്സൊന്നേയുള്ളൂ. വാസനകളാകട്ടെ ശുഭമെന്നും ആശുഭമെന്നും രണ്ടു വിധമുണ്ട്. മനസ്സ് ശുഭവാസനയ്ക്ക് വശഗതമാകുമ്പോള്‍ നല്ല മനസ്സെന്നും അശുഭവാസനയുടെ വശത്താകുമ്പോള്‍ ചീത്ത മനസ്സെന്നും പറയപ്പെടുന്നു.
പ്രപഞ്ചവിഷയങ്ങളിലേക്കും മറ്റുള്ളവരുടെ കാര്യങ്ങളിലേക്കും മനസ്സിനെ വിട്ടയക്കരുത്. അന്യര്‍ എത്രതന്നെ നീചന്മാരായിരുന്നാലും അവരുടെ നേരെ ദ്വേഷം ഉണ്ടാകരുത്. രാഗം, ദ്വേഷം ഇവ രണ്ടും വെറുക്കത്തക്കവയാകുന്നു. മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതൊക്കെ തനിക്കാണ് കൊടുക്കുന്നത്. ഇങ്ങനെയാണെന്നറിഞ്ഞാല്‍ ഏവനാണ് കൊടുക്കാതിരിക്കുന്നത്. താന്‍ ഉയര്‍ന്നാല്‍ സകലവും ഉയരും; താന്‍ അടങ്ങിയാല്‍ എല്ലാം അടങ്ങും. എത്രത്തോളം താനടങ്ങുന്നുവോ അത്രത്തോളം നന്മയുമുണ്ട്. മനസ്സടക്കിക്കൊണ്ടിരുന്നാല്‍ എവിടെയിരുന്നാലും ഇരിക്കാം.
15. വിചാരണ എതുവരേയ്ക്കും വേണം?
മനസ്സില്‍ ഏതുവരെ വിഷയവാസന ഇരിക്കുന്നുവോ അതുവരെ ‘ഞാന്‍ ആരാണ്’ എന്ന വിചാരണയും വേണം. വിചാരങ്ങള്‍ വന്നുകൊണ്ടിരിക്കെ അപ്പോഴപ്പോള്‍ അവയെല്ലാം ഉത്പ്പത്തിസ്ഥാനത്തുതന്നെ വിചാരണകൊണ്ടു നശിപ്പിക്കണം. ഒരുവന്‍ സ്വരൂപത്തെ പ്രാപിക്കുന്നതുവരെ നിരന്തരമായി സ്വരൂപസ്മരണ നടത്തുന്നുവെങ്കില്‍ അതുമാത്രം മതി. കോട്ടയ്ക്കുള്ളില്‍ ശത്രുക്കള്‍ ഉള്ളകാലംവരെ അവര്‍ അതില്‍നിന്നു പുറത്തേക്ക് വന്നുകൊണ്ടിരിക്കും; വന്നുകൊണ്ടിരിക്കുമ്പോള്‍ അവരെ എല്ലാം വെട്ടിക്കൊന്നുകൊണ്ടിരുന്നാല്‍ കോട്ട കൈവശപ്പെടും.
16. സ്വരൂപത്തിന്റെ പ്രകാരം എന്താകുന്നു?
യഥാര്‍ത്ഥമായിട്ട് ആത്മസ്വരൂപം ഒന്നേയുള്ളൂ. ജഗത്ത്, ജീവന്‍, ഈശ്വരന്‍ എന്നതൊക്കെ ശുക്തിയില്‍ രജതമെന്നപോലെ അതില്‍ കല്‍പ്പിതങ്ങളാകുന്നു. ഇവ മൂന്നും ഒരുകാലത്ത് തോന്നും, ഒരുകാലത്ത് മറയും.
ഞാനെന്ന വിചാരം അല്‍പംപോലുമില്ലാത്ത അവസ്ഥ തന്നെയാകുന്നു സ്വരൂപം. അതുതന്നെയാണ് മൗനമെന്നു പറയുന്നത്. സ്വരൂപം തന്നെ ജഗത്ത്, സ്വരൂപം തന്നെ ഞാന്‍, സ്വരൂപം തന്നെ ഈശ്വരന്‍, എല്ലാം ശിവരൂപം തന്നെ.
17. എല്ലാം ഈശ്വരന്‍ ചെയ്യുന്നുവെന്നോ?
ഇച്ഛാശക്തി സങ്കല്പം കൂടാതെ ഉദിച്ച സൂര്യന്റെ സന്നിധിമാത്രത്താല്‍ സൂര്യകാന്തം അഗ്നിവമിക്കുന്നതും, താമര വിടരുന്നതും, ജലം വറ്റുന്നതും, ലോകം അതാതുകാര്യങ്ങളില്‍ പ്രവര്‍ത്തിച്ചു അടങ്ങുന്നതും കാന്തസൂചി ചേഷ്ടിപ്പതും പോലെ ഈശ്വരസന്നിധാനവിശേഷമാത്രത്താല്‍ നടക്കുന്ന സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ അഥവാ പഞ്ചകൃതങ്ങള്‍ക്കുള്‍പ്പെട്ട ജീവികള്‍ അതാതു കര്‍മ്മത്തിനനുസരിച്ചു ചേഷ്ടിച്ചടങ്ങുന്നു. അല്ലാതെ അവര്‍ സങ്കല്‍പ്പത്തോട് കൂടിയവരല്ല; ഒരു കര്‍മ്മവും അവര്‍ക്ക് ബാധകമല്ല; അത് ലോകകര്‍മ്മങ്ങള്‍ സൂര്യനെ ബാധിക്കാത്തതുപോലെയും ചതുര്‍ഭൂതങ്ങള്‍ വ്യാപകമായ ആകാശത്തെ ബാധിക്കാത്തതുപോലെയും ആകുന്നു.
18. ഭക്തരില്‍ ഉത്തമനായ ഭക്തന്‍ ആരാണ്?
ഏവനൊരുത്തനോ ദൈവികസ്വരൂപസന്നിധാനത്തില്‍ ത്യാഗം ചെയ്യുന്നു, അവന്‍തന്നെ ശ്രേഷ്ടനായ ഭക്തന്‍. ആത്മചിന്തനയല്ലാതെ വേറെ യാതൊരു വിചാരധാരക്കും അല്‍പ്പംപോലും അവകാശം നല്‍കാതെ ആത്മനിഷ്ടാപരനായിരിക്കുന്നത് തന്നെയാണ് ആത്മാര്‍പ്പണം ചെയ്തു എന്നത്.
ഈശ്വരന്റെ പേരില്‍ എത്രതന്നെ ഭാരം ചുമത്തിയാലും അതൊക്കെ അദ്ദേഹം വഹിച്ചുകൊള്ളും. സകലകാര്യങ്ങളെയും ഒരു പരമേശ്വരശക്തി നടത്തിക്കൊണ്ടിരിക്കുന്നതിനാല്‍ നമ്മളും അതിന് വഴങ്ങിയിരിക്കാതെ ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണം എന്ന് സദാ ചിന്തിക്കുന്നതെന്തിനാകുന്നു? തീവണ്ടി സകല ഭാരങ്ങളെയും വഹിച്ചുകൊണ്ട് പോകുന്നത് അറിഞ്ഞിരുന്നിട്ടും അതില്‍കയറിപോകുന്ന നാം നമ്മുടെ ചെറിയ ഭാണ്ഡത്തെയും അതില്‍വച്ചു സുഖമായിരിക്കാതെ അത് നമ്മുടെ തലയില്‍ കയറ്റിക്കൊണ്ടു എന്തിന് കഷ്ടപ്പെടുന്നു?
19. വൈരാഗ്യമെന്നത് എന്താകുന്നു?
ഏതേതു വിചാരങ്ങള്‍ ഉത്പാദിപ്പിക്കുന്നുവോ അവയെല്ലാം ഒന്നുപോലും വിടാതെ ഉല്‍പത്തിസ്ഥാനത്തുതന്നെ അടക്കിക്കളയുകയാകുന്നു വൈരാഗ്യം. മുത്തെടുക്കുന്നവര്‍ അരയില്‍ കല്ലുകെട്ടി മുങ്ങി കടലിന്റെ അടിയില്‍ കിടക്കുന്ന മുത്ത് എങ്ങനെയെടുക്കുന്നുവോ, അപ്രകാരംതന്നെ ഓരോരുത്തര്‍ക്കും വൈരാഗ്യത്തോടെ ഉള്ളില്‍ മുഴുകി ആത്മമുത്ത് സമ്പാദിക്കാം.
20. ദൈവത്താലും ഗുരുവിനാലും ഒരു ജീവനെ മുക്തനാക്കുവാന്‍ കഴിയുകയില്ലേ?
ദൈവവും ഗുരുവും മുക്തിമാര്‍ഗ്ഗം കാട്ടിക്കൊടുക്കും. അല്ലാതെ അവര്‍തന്നെ ജീവികളെ മുക്തരാക്കില്ല.
വാസ്തവത്തില്‍ ദൈവവും ഗുരുവും വേറെയില്ല. പുലിയുടെ വായില്‍പ്പെട്ടത് തിരിയെ വാരാത്തതെങ്ങനെയോ അതുപോലെ ഗുരുവിന്റെ കൃപാകടാക്ഷത്തില്‍പ്പെട്ടവര്‍ അദ്ദേഹത്താല്‍ രക്ഷിക്കപ്പെടുന്നതല്ലാതെ ഒരു കാലത്തും ഉപേക്ഷിക്കപ്പെടുന്നതല്ല. എങ്കിലും ഓരോരുത്തരും അവരവരുടെ പ്രയത്നത്താല്‍ത്തന്നെ ദൈവം അല്ലെങ്കില്‍ ഗുരു കാട്ടിത്തന്നവഴി തെറ്റാതെ മുക്തിയടയേണ്ടതാകുന്നു. തന്നെ തന്റെ ജ്ഞാനദൃഷ്ടി കൊണ്ടുതന്നെ അറിയണം; അല്ലാതെ അന്യരാല്‍ എങ്ങനെയറിയും? രാമനെന്ന ഒരുവന് താന്‍ രാമനാണെന്നറിയുവാന്‍ കണ്ണാടി വേണമോ?
21. മുക്തിയില്‍ ഇച്ഛയുള്ളവര്‍ക്ക് തത്ത്വവിചാരം ആവശ്യമാണോ?
കുപ്പയെ ചുട്ടുകരിച്ചുകളയേണ്ട ഒരുവന്‍ അതിനെ തിരഞ്ഞുനോക്കുന്നതില്‍ പ്രയോജനമില്ലാത്തതുപോലെ, അവനവനെ അറിയേണ്ടുന്ന ഒരുവന്‍ അവനെ മറച്ചുകൊണ്ടിരിക്കുന്ന തത്ത്വങ്ങളെ ഒന്നായി തള്ളിക്കളയാതെ അവയുടെ എണ്ണം കണക്കെടുക്കുന്നതിലും അവയുടെ ക്രമങ്ങളെ ആരായുന്നതിലും ഫലമില്ല. പ്രപഞ്ചത്തെ ഒരു സ്വപ്നത്തെപ്പോലെ ഗണിച്ചുകൊള്ളണം.
22. ജാഗ്രദവസ്ഥക്കും സ്വപ്നാവസ്ഥക്കും തമ്മില്‍ ഭേദമില്ലേ?
ജാഗ്രത്ത് ദീര്‍ഘം, സ്വപ്നം ക്ഷണികം എന്നല്ലാതെ ഭേദമൊന്നുമില്ല. ജാഗ്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യവഹാരങ്ങളെല്ലാം എങ്ങനെ സത്യമെന്നുതോന്നുന്നുവോ, അതുപോലെ സ്വപ്നത്തില്‍ നടക്കുന്ന വ്യവഹാരങ്ങളും ഉള്ളതായി ആ സമയത്ത് തോന്നും. സ്വപ്നത്തില്‍ മനസ്സു വേറെയൊരു ശരീരത്തെ അംഗീകരിക്കുന്നു. ജാഗ്രല്‍സ്വപ്നങ്ങള്‍ രണ്ടിലും വിചാരങ്ങളും നാമരൂപങ്ങളും ഏകകാലത്തില്‍ നടന്നുകൊണ്ടിരിക്കുന്നു.
23. മുമുക്ഷുക്കള്‍ക്ക് ശാസ്ത്രപഠനംകൊണ്ട് പ്രയോജനമുണ്ടോ?
ഏത് ശാസ്ത്രത്തിലും മുക്തി സമ്പാദിക്കുവാന്‍ മനസ്സിനെ അടക്കണമെന്ന് പറഞ്ഞിരിക്കുന്നതിനാല്‍ മനോനിഗ്രഹമാകുന്നു ശാസ്ത്രങ്ങളുടെ മുഖ്യപ്രയോജനം എന്നറിഞ്ഞതിനുശേഷം അവയെ അവസാനമില്ലാതെ പഠിക്കുന്നതുകൊണ്ട് ഫലമില്ല. മനസ്സ് അടക്കുന്നതിന് താന്‍ ആരെന്ന് തന്നോടുതന്നെ ചോദിക്കേണ്ടിയിരിക്കുന്നു. അല്ലാതെ എങ്ങനെ അത് ശാസ്ത്രങ്ങളില്‍ പ്രദിപാദിക്കപ്പെടുന്നു? അവനവനെ അവനവന്റെ ജ്ഞാനക്കണ്ണുകൊണ്ടുതന്നെ അറിയണം. താന്‍ പഞ്ചകോശങ്ങള്‍ക്കുള്ളില്‍ ഇരിക്കുന്നു. ശാസ്ത്രങ്ങള്‍ അവയില്‍നിന്നു ബഹിര്‍ഭാഗത്തും ഇരിക്കുന്നു. അതുകൊണ്ട് പഞ്ചകോശങ്ങളെയും നീക്കി വിചാരിക്കേണ്ടതായിരിക്കുന്ന ‘തന്നെ’ ശാസ്ത്രങ്ങളില്‍ തിരയുന്നത് വ്യര്‍ത്ഥമാകുന്നു. പഠിച്ചത് മുഴുവനും ഒരുകാലത്ത് മറക്കേണ്ടിവരും.
24. സുഖമെന്നാല്‍ എന്താണ്?
സുഖമെന്നത് ആത്മസ്വരൂപം തന്നെ. സുഖവും ആത്മസ്വരൂപവും വേറെയല്ല. പദാര്‍ഥങ്ങളില്‍ ഒന്നില്‍നിന്നെങ്കിലും സുഖമെന്നത് ലഭിക്കില്ല. അവയില്‍നിന്ന് സുഖം കിട്ടുമെന്ന് നാം നമ്മുടെ അവിവേകത്താല്‍ വിചാരിക്കുന്നു. മനസ്സ് ബഹിര്‍മുഖമാവുമ്പോള്‍ ദുഖത്തെ അനുഭവിക്കുന്നു. വാസ്‌തവത്തില്‍ നമ്മുടെ കാര്യങ്ങള്‍ പൂര്‍ത്തിയാവുന്നതോടുകൂടി മനസ്സ് തന്റെ യഥാസ്ഥാനത്തു തിരിച്ചുവന്നു ആത്മസുഖത്തെ തന്നെ അനുഭവിക്കുന്നു. അതുപോലെതന്നെ, ഉറക്കം, സമാധി, മൂര്‍ച്ഛ മുതലായ കാലങ്ങളിലും, ഇഷ്ടപദാര്‍ത്ഥം ലഭിക്കുമ്പോഴും അനിഷ്ടപദാര്‍ത്ഥം നശിക്കുമ്പോഴും മനസ്സ് അന്തര്‍മുഖമായി ആത്മസുഖത്തെ തന്നെ അനുഭവിക്കുന്നു. ഇങ്ങനെ മനസ്സ് ആത്മാവിനെവിട്ട് പുറമെ പോയ്ക്കൊണ്ടും ഉള്ളിലേക്ക് വന്നുകൊണ്ടും ഒഴിവില്ലാതെ അലയുന്നു. മരത്തിന്റെ കീഴില്‍ നിഴല്‍ സുഖമായി വാഴുന്നു, പുറമെ വെയില്‍ എരിയുന്നു. പുറത്തു സഞ്ചരിക്കുന്ന ഒരുവന്‍ നിഴലില്‍ച്ചെന്ന് തണുപ്പ് അനുഭവിക്കുന്നു.
അല്‍പനേരം കഴിഞ്ഞതിനുശേഷം പുറത്തിറങ്ങി വെയിലിന്റെ ചൂടു സഹിക്കാന്‍ വയ്യാതെ വീണ്ടും മരത്തിന്റെ കീഴില്‍ വന്നിരിക്കുന്നു. ഇങ്ങനെ തണലില്‍നിന്ന് വെയിലിലേക്ക് പോകുകയും, വെയിലില്‍നിന്ന് തണലിലേക്ക് വരുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നവന്‍ അവിവേകിയാകുന്നു. എന്നാല്‍ വിവേകിയാകട്ടെ, തണലില്‍നിന്നും മാറുന്നില്ല. അതുപോലെ, ജ്ഞാനിയുടെ മനസ്സും ഈശ്വരനെ വിട്ടുപിരിയുന്നതല്ല. പക്ഷേ, അജ്ഞാനിയുടെ മനസ്സാകട്ടെ, പ്രപഞ്ചത്തില്‍ കളിച്ചു ദുഃഖമനുഭവിക്കുകയും ഇടയ്ക്ക് ഈശ്വരനെ പ്രാപിച്ചു സുഖമനുഭവികുകയും ചെയ്യുന്നു. ജഗത്ത് എന്നത് സങ്കല്‍പ്പമാകുന്നു. ജഗത്ത് മറയുമ്പോള്‍, അതായത് സങ്കല്‍പ്പങ്ങള്‍ നശിക്കുമ്പോള്‍, മനസ്സ് ആനന്ദത്തെ അനുഭവിക്കുന്നു. ജഗത്തുണ്ടെന്നു തോന്നുമ്പോള്‍ ദുഖാനുഭവമുണ്ടാകുന്നു.
25. ജ്ഞാനദൃഷ്ടി എന്നാല്‍ എന്താണ്?
ചിന്താശൂന്യത തന്നെയാകുന്നു ജ്ഞാനദൃഷ്ടി. ചിന്താശൂന്യത എന്നാല്‍ ആത്മസ്വരൂപത്തില്‍ മനസ്സിന്റെ ലയമാകുന്നു. അല്ലാതെ അന്യരുടെ മനസ്സറിയുക, ത്രികാലജ്ഞാനം, ദൂരദേശവര്‍ത്തമാനങ്ങള്‍ അറിയുക, എന്നിവ ജ്ഞാനദൃഷ്ടിയാകുന്നതല്ല.
26. വൈരാഗ്യത്തിനും ജ്ഞാനത്തിനും തമ്മില്‍ ബന്ധമെന്ത്?
വൈരാഗ്യവും ജ്ഞാനവും വിഭിന്നമല്ല. യഥാര്‍ത്ഥത്തില്‍ രണ്ടും ഒന്നാകുന്നു. വൈരാഗ്യമെന്നത് ഒരു വിഷയത്തിലും മനസ്സിന് സക്തിയില്ലായ്കയാകുന്നു. ജ്ഞാനമെന്നാല്‍ ഒരു വിഷയവും ഓര്‍ക്കായ്കയാകുന്നു. അന്യവസ്തുക്കളില്‍ ആഗ്രഹമില്ലാതിരിക്കുന്നത് വൈരാഗ്യം. മനസ്സിനെ അവിടേക്ക് വിടാതിരികുന്നത് ജ്ഞാനം.
27. വിചാരത്തിനും ധ്യാനത്തിനും തമ്മില്‍ ഭേദമെന്ത്?
ആത്മവിചാരം. തന്നില്‍ ത്തന്നെ മനസ്സുവയ്ക്കുന്നത്; ധ്യാനമെന്നത് താന്‍ ഈശ്വരനെന്നും സച്ചിദാനന്ദമെന്നും ഭാവിക്കുന്നതാകുന്നു.
28. മുക്തി എന്നാല്‍ എന്ത്?
ബദ്ധനായിരിക്കുന്ന താന്‍ ആരാണെന്ന് ആലോചിച്ചു യഥാര്‍ത്ഥസ്വരൂപത്തെ അറിയുകയാകുന്നു മുക്തി.
ശുഭം
Read more:
http://sreyas.in/who-am-i-ramana-maharshi#ixzz23pItFQOn