സമസ്ഥാ: സമതൈവാന്താ: സംവിദോ ബുദ്ധ്യതേ യത:
സര്‍വഥാ സര്‍വദാ സര്‍വം സര്‍വാത്മകമജസ്തത: (3,61,2)
http://yogavasishtamnithyaparayanam.blogspot.ca/
രാമന്‍ ചോദിച്ചു: മഹാത്മന്‍, കാരണമൊന്നും കൂടാതെ, ഈ 'ഞാന്‍', 'ലോകം', എന്നീ ഭ്രമധാരണകള്‍ എങ്ങിനെയുണ്ടായിയെന്ന് ഒരിക്കല്‍ക്കൂടി ചെറുതായൊന്നു വിവരിച്ചു തന്നാലും.
വസിഷ്ഠന്‍ പറഞ്ഞു: "എല്ലാ വസ്തുക്കളുടേയും (ജീവജാലങ്ങളടക്കം) അന്തര്യാമിയായ പ്രജ്ഞ ഏവരിലും ഒരേരീതിയില്‍ കുടികൊള്ളുന്നു. അതുകൊണ്ട് എല്ലായ്പ്പോഴും അസ്പഷ്ടമായ അതുതന്നെയാണ് എല്ലാറ്റിന്റേയും ആത്മസത്ത." എല്ലാ വസ്തുക്കളും എന്ന് ആലങ്കാരികമായി പറഞ്ഞുവെന്നേയുള്ളു. വാസ്തവത്തില്‍ ബ്രഹ്മം മാത്രമേ ഉള്ളു. അത് അനന്തമായ ബോധമാണ്. സ്വര്‍ണ്ണത്തിനും സ്വര്‍ണ്ണാഭരണത്തിനും തമ്മില്‍ വ്യത്യാസമില്ലാത്തതുപോലെ, ജലത്തിനും അലകള്‍ ക്കും തമ്മില്‍ വ്യത്യാസമില്ലാത്തതുപോലെ, വസ്തുപ്രപഞ്ചവും അനന്താവബോധവും വിഭിന്നങ്ങളല്ല. ഒരുമനുഷ്യനും അവന്റെ അവയവങ്ങളും തമ്മില്‍ വ്യത്യാസമില്ലെന്നു പറയുമ്പോലെ എല്ലാജീവജാലങ്ങളേയും അനന്തബോധത്തിന്റെ സാന്നിദ്ധ്യം എന്നു വിളിക്കാം. അവ തമ്മില്‍ അന്തരമില്ല എന്നര്‍ത്ഥം.
അനന്തതയെ സ്വയം തിരിച്ചറിയാതിരിക്കുന്ന അവസ്ഥ അനന്തബോധത്തില്‍ സഹജമായി വരുമ്പോള്‍ അത് 'ഞാന്‍' ആയും 'ലോകം' ആയും പ്രകടമാവുന്നതായി തോന്നുന്നു. ഒരു വെണ്ണക്കല്ലില്‍ ഇനിയുംകൊത്തിയിട്ടില്ലാത്ത ശില്‍പ്പത്തിനേപ്പോലെ അനന്താവബോധത്തില്‍ 'ഞാനും' 'ലോകവും' നിര്‍ലീനമാണ്. പ്രശാന്തമായ സമുദ്രത്തിലും തിരകള്‍ ഒരു സാദ്ധ്യതാ സാന്നിദ്ധ്യമായിനിലകൊള്ളുന്നപോലെ ലോകം ഒരു സാദ്ധ്യതയായി അനന്തതയില്‍ എപ്പോഴുമുണ്ട്. അതിനെയാണ് സൃഷ്ടിയെന്നു പറയുന്നത്. 'സൃഷ്ടി' എന്ന പദത്തിന് മറ്റ് യാതൊരര്‍ത്ഥവും കല്‍പ്പിക്കേണ്ടതില്ല. പരം പൊരുളില്‍ സൃഷ്ടിയൊന്നും സംഭവിക്കുന്നില്ല; അനന്താവബോധം സൃഷ്ടികര്‍മ്മത്തില്‍ പങ്കാളിയുമല്ല. അവ തമ്മില്‍ വിഭജിച്ചുള്ള ഒരു നിലനില്‍പ്പുമില്ല. തമ്മില്‍ വ്യത്യാസമൊന്നുമില്ലെങ്കിലും, അനന്തബോധം, സ്വപ്രജ്ഞയെ സ്വന്തം ഹൃദയത്തില്‍ സ്വാംശീകരിക്കുന്നു; കാറ്റും അതിന്റെ ഗതിവിഗതിയും തമ്മില്‍ അന്തരമേതുമില്ലാത്തതുപോലെയത്രേ ഇത്.
യാഥാര്‍ത്ഥ്യമല്ലാത്ത ആ 'വിഭജനം' നടക്കുന്ന ക്ഷണത്തില്‍ത്തന്നെ, ബോധത്തില്‍ 'ആകാശം' എന്ന ധാരണ ഉദിക്കുന്നു. അത് ബോധത്തിന്റെ തന്നെ ബലം കൊണ്ട് സൂക്ഷ്മാകാശം (വിയത്ത്) എന്ന മൂല ഘടകമായി പ്രകടമാവുന്നു. അതു പിന്നീട് സ്വയം വായുവായും അഗ്നിയായും ഭാവിക്കുന്നു. ഈ ധാരണയില്‍നിന്നാണ് അഗ്നി, ജ്വാലയായും വെളിച്ചമായും പ്രത്യക്ഷമാവുന്നത്. അതുതന്നെയാണ് പിന്നീട് സഹജസ്വഭാവമായ സ്വാദോടുകൂടിയ ജലമായും ദൃഢതയും ഗന്ധവും സഹജമായ ഭൂമിയായും ഭാവന ചെയ്യുന്നത്. അങ്ങിനെ ഭാവനയിലെ ജലതത്വവും ഭൂ തത്വവും അതതു മൂലഘടകങ്ങളായി പ്രകടിതമാവുന്നു.
നാസ് തമേ തി ന ചോടെതി ക്വചിത് കിഞ്ചിത് കദാചന
സര്‍വം ശാന്തമജം ബ്രഹ്മ ചിദ്ഘനം സുശിലാഘനം (3/61/31)
വസിഷ്ഠന്‍ തുടര്‍ന്നു: അതേസമയം, ആ അനന്തബോധത്തില്‍ കാലയളവിന്റെ ഏകകമായി (യൂണിറ്റ് ) ഇമവെട്ടാനെടുക്കുന്ന സമയത്തിന്റെ പത്തുലക്ഷത്തിലൊന്ന് എന്നൊരു ധാരണയുണ്ടായി. ഇതില്‍നിന്നാണ് ചതുര്യുഗം വരെയുള്ള കാലമാപിനി (ടൈം സ്കൈയില്‍ ) ഉണ്ടായത്. ചതുര്യുഗങ്ങളുടെ പല ആവര്‍ത്തനങ്ങള്‍ കഴിഞ്ഞാലാണ് വിശ്വസൃഷ്ടിയുടെ ഒരായുസ്സുകാലം ആവുന്നത്. എന്നാല്‍ അനന്താവബോധം കാലത്തിന്റെ സ്വഭാവമായ വിക്ഷേപം, ആവരണം എന്നിവകളില്‍ തീരെ നിമഗ്നമായിരുന്നില്ല. കാരണം അതിന് ആദിമദ്ധ്യാന്തങ്ങളില്ല. പ്രബുദ്ധവും ജാഗ്രത്തുമായ അനന്താവബോധം മാത്രമേ ഉണ്മയായുള്ളു. സൃഷ്ടികാര്യത്തിലും അതപ്രകാരമാണ്... അതു തന്നെയാണ് അവിദ്യാകൃതമായ സൃഷ്ടിപ്രകടനവും. പ്രളയശേഷവും അതങ്ങിനെത്തന്നെ അനന്തമായി നിലകൊള്ളൂം.
ഒരുവന്‍ തന്റെ ആത്മാവിനെ ആത്മാന്വേഷണത്തിലൂടെ സാക്ഷാത്കരിക്കുമ്പോള്‍ അവന്റെ ബോധതലം പരബ്രഹ്മം തന്നെയാണ്.. അപ്പോളവന്‍ എല്ലാം അനുഭവിക്കുന്നു. ശരീരത്തിന്റെ ഒരേ ഊര്‍ജ്ജം തന്നെയാണല്ലോ അവയവങ്ങളിലും പ്രസരിക്കുന്നത്.. ഈ പ്രത്യക്ഷലോകം നേരനുഭവത്തിന്റെ വെളിച്ചത്തില്‍ ബോധത്തിന്റെയൊരു പ്രകടനമാണെന്നതുകൊണ്ട് സത്യമാണെന്ന് ഒരാള്‍ക്ക് വേണമെങ്കില്‍ പറയാം. എന്നാല്‍ അതിനെ മനസ്സുകൊണ്ടും ഇന്ദ്രിയങ്ങള്‍കൊണ്ടും അറിയുമ്പോള്‍ അത് യാഥാര്‍ഥ്യമല്ല. വായുവിനെ അറിയുന്നത് (കാറ്റായി) അതിന്റെ ചലനം-ഗമനം കൊണ്ടാണ്. എന്നാല്‍ ചലനമില്ലാത്തപ്പോള്‍ വായു ഉള്ളതായി തോന്നുന്നേയില്ല. അതുപോലെ ഈ പ്രത്യക്ഷലോകം ഉള്ളതായും ഇല്ലാത്തതായും കണക്കാക്കാം.
കാനല്‍ ജലം പോലെ കാണപ്പെടുന്ന ത്രിലോകങ്ങള്‍ നിലകൊള്ളുന്നത് പരബ്രഹ്മത്തില്‍നിന്നും വിഭിന്നമായല്ല. ബ്രഹ്മത്തില്‍ സൃഷ്ടിയുള്ളത് വിത്തില്‍ മുളയിരിക്കുന്നതുപോലെ, ജലത്തിനു നനവുള്ളതുപോലെ, പാലിനു മധുരമുള്ളതുപോലെ മുളകിനെരിവുള്ളതുപോലെ സഹജമായാണ്. എന്നാല്‍ അവിദ്യയില്‍ ഇവ ബ്രഹ്മത്തില്‍നിന്നും സ്വതന്ത്രമാണെന്നു തോന്നുന്നു. ഈ ലോകനിര്‍മ്മിതിക്ക് കാരണമൊന്നും ഇല്ല. അത് പരബ്രഹ്മത്തിന്റെ നിര്‍മ്മല-പ്രതിഫലനം മാത്രം.
'സൃഷ്ടി' എന്നൊരു ധാരണയുള്ളപ്പോള്‍ സൃഷ്ടി ഉള്ളതായിത്തോന്നുന്നു. എന്നാല്‍ സ്വപ്രയത്നംകൊണ്ട് സൃഷ്ടിയുടെ 'അയാഥാര്‍ഥ്യ തലം' അറിഞ്ഞവന് ലോകം ഇല്ല. "യാതൊന്നും ഒരിടത്തും ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടേയില്ല. അതിനാല്‍ത്തന്നെ യാതൊന്നിനും നാശമുണ്ടാവുകയുമില്ല. പരബ്രഹ്മമാണെല്ലാം. അതു പരമശാന്തമാണ്, അജമാണ്, നിര്‍മ്മലബോധമാണ്. ശാശ്വതവുമാണ്." ഒരോ അണുവിലും ലോകങ്ങള്‍ക്കുള്ളില്‍ ലോകങ്ങള്‍ കാണാകുന്നു. ഈ വിക്ഷേപങ്ങള്‍ക്ക് കാരണമെന്താണ്? 'ഞാന്‍', 'ഈ ലോകം' എന്നീ ധരണകള്‍ ഇല്ലാത്തപ്പോള്‍ ഒരുവന്‍ മുക്തനാണ്. എന്നാല്‍ 'ഞാന്‍ ഇതാണ്' തുടങ്ങിയ ധാരണകളാണ് നമ്മുടെ ഒരേയൊരു ബന്ധനം. ആരൊരുവന്‍ അനന്താവബോധത്തിനെ, വിശ്വത്തിന്റെ നാമരൂപങ്ങളില്ലാത്ത അടിസ്ഥാനമായി അറിയുന്നുവോ അവന് സംസാരമെന്ന ആവര്‍ത്തനചക്രത്തിനെ മറികടക്കാം.
അസ്തീഹ നിയതി ബ്രാഹ്മീ ചിച്ഛക്തി: സ്പന്ദ രൂപിണീ
അവശ്യഭവിതവൈൃകസത്താ സകലകല്‍പഗാ (3/62/8)
രാമന്‍ ചോദിച്ചു: ബ്രഹ്മം മാത്രമേ സത്യമായുള്ളു എന്നത് നിശ്ചയം! മഹര്‍ഷേ അങ്ങിനെയെങ്കില്‍ എന്തിനാണീ ലോകത്ത് സത്യത്തിന്റെ പൊരുളറിഞ്ഞ മഹാത്മാക്കളും ഋഷിവര്യന്മാരും ദൈവനിയോഗത്താലെന്നവണ്ണം വര്‍ത്തിക്കുന്നത്? എന്താണ് ഈ ദൈവം?
വസിഷ്ഠന്‍ പറഞ്ഞു: "രാമാ, അനന്താവബോധത്തിന്റെ ചൈതന്യം, ഊര്‍ജ്ജം, എല്ലായിടത്തും എല്ലായ്പ്പോഴും ചലിച്ചുകൊണ്ടേയിരിക്കുന്നു. എല്ലാ അനിവാര്യമായ ഭാവിസംഭവങ്ങള്‍ക്കും പിന്നിലെ സത്യം അതാണ്.. കാരണം ആ ഊര്‍ജ്ജം കാലാതീതമായി യുഗങ്ങളേയും ഭേദിച്ച് നിലകൊള്ളുന്നു." ആ ശക്തിയാലാണ് പ്രപഞ്ചത്തിലെ ഓരോ വസ്തുവിന്റേയും സ്വാഭാവികത ക്രമീകൃതമായിരിക്കുന്നത്... 'ചിത്ശക്തി' എന്നറിയപ്പെടുന്ന ഇതിന് മഹാസത്ത എന്നും പേരുണ്ട്.. മഹാചിതി (മഹാബുദ്ധി); മഹാശക്തി, മഹാദൃഷ്ടി, മഹാക്രിയ, മഹോദ്ഭാവം, മഹാസ്പന്ദം എന്നെല്ലാം ഇതറിയപ്പെടുന്നു. ഈ ശക്തിയാണ് എല്ലാറ്റിനും ഗുണഗണങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഇത് പരബ്രഹ്മത്തില്‍ നിന്നും സ്വതന്ത്രമല്ല. 'ആകാശത്തിലെ അപ്പം' പോലെ 'യാഥാര്‍ഥ്യം'ആണത് . (വ്യാവഹാരികമായി, തോന്നുന്നു എന്നര്‍ത്ഥം). മഹര്‍ഷിമാര്‍ ബ്രഹ്മത്തിനും ഈ ശക്തിക്കും തമ്മില്‍ വാക്കുകള്‍ കൊണ്ടു മാത്രം ഒരു വ്യതിരിക്തത കല്‍പ്പിച്ചിരിക്കുന്നു. എന്നിട്ടു പറയുന്നു, ഈ ശക്തിയാണ് സൃഷ്ടിക്കു കാരണമെന്ന്. ശരീരവും അതിന്റെ ഭാഗങ്ങളും എന്നു പറയുമ്പോള്‍ അവ തമ്മിലെ വിവേചനം വാക്കുകളില്‍മാത്രമാണല്ലോ.
അനന്താവബോധം സഹജമായ ശക്തിയെ തിരിച്ചറിയുന്നത് ഒരുവന്‍ സ്വശരീരത്തിലെ അവയവങ്ങളെ തിരിച്ചറിയുംപോലെയാണ്. ഈ 'അറിവിന്', 'നിയതി' എന്നു പേര്. ഇതാണ് പരമ്പൊരുളിന്റെ ശക്തി. ഇതിനാലാണ് എല്ലാറ്റിന്റേയും സ്വഭാവം നിര്‍ണ്ണയിക്കപ്പെടുന്നത്. ഇത് ദൈവം, ദിവ്യനിയോഗം എന്നെല്ലാം അറിയപ്പെടുന്നു. നീ ഇപ്പോള്‍ എന്നോടീ ചോദ്യങ്ങള്‍ ചോദിച്ചത് ഇപ്പറഞ്ഞ നിയതിയുടെ നിയോഗം മൂലമാണ്.. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്കനുസരിച്ച് നീ കര്‍മ്മോന്മുഖനാവുന്നതും നിയതിയുടെ നിയോഗമാണ്.. ഒരുവന്‍ 'എനിക്കു ദൈവം ഭക്ഷണം കൊണ്ടുതരും അതിനാല്‍ ഞാന്‍ ജോലിയൊന്നും ചെയ്യുന്നില്ല' എന്നു പറഞ്ഞിരിക്കുന്നതും നിയതിയാലാണ്.. രുദ്രനുപോലും നിയതിയെ മാറ്റി വെയ്ക്കാനാവില്ല. എന്നാല്‍ വിവേകശാലിയായ മനുഷ്യനെ ഇതൊന്നും സ്വപ്രയത്നത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നില്ല. കാരണം നിയതി പ്രാവര്‍ത്തികമാവണമെങ്കില്‍ സ്വപ്രയത്നത്തിലൂടെ മാത്രമേ സാധിക്കൂ.
നിയതിക്ക് രണ്ടുതലങ്ങളുണ്ട്. മാനുഷീകവും അതിമാനുഷികവും. സ്വപ്രയത്നം ഫലപ്രദമാവുന്നത് മാനുഷീക തലത്തിലും ഫലപ്രദമാവാത്തത് അതിമാനുഷീക തലത്തിലുമാണ്. 'എല്ലാം ദൈവഗത്യം' എന്നു പറഞ്ഞ് കര്‍മ്മരഹിതനായിരിക്കുന്നവന്റെ ജീവന്‍ താമസംവിനാ ശരീരം വിട്ടകലുന്നു. കാരണം ജീവന്‍ എന്നുപറഞ്ഞാല്‍ അതു കര്‍മ്മമാണ്.. അവന് ശ്വാസമടക്കിപ്പിടിച്ച് അത്യുന്നതമായ ബോധതലത്തിലെത്തി മുക്തിപദത്തെ പ്രാപിക്കാം. പക്ഷേ അതിന് വളരെ കഠിനമായ പ്രയത്നം കൂടിയേ തീരൂ. അനന്താവബോധം തന്നെയാണ് ഒരിടത്തൊന്നായും മറ്റൊരിടത്ത് വേറൊന്നായും കാണപ്പെടുന്നത്.. ആ ബോധവും അതിന്റെ ശക്തിയും തമ്മില്‍ ഭിന്നതകളില്ല. ജലവും ഓളങ്ങളും തമ്മില്‍ വ്യത്യാസമില്ല. ശരീരവും അവയവങ്ങള്‍ തമ്മിലും വ്യതാസമില്ല. അജ്ഞാനികള്‍ മാത്രമേ അവയില്‍ ഭിന്നത ദര്‍ശിക്കൂ.
ബ്രാഹ്മണ സ്പുരണം കിഞ്ചിദ്യദവാതാംബുധേരിവ
ദീപസ്യേവാപ്യവാതസ്യ തം ജീവം വിദ്ധി രാഘവം (3/64/8)
രാമന്‍ ചോദിച്ചു: അനന്തമായ അവബോധവും അതിന്റെ ചാലക ഊര്‍ജ്ജവും മാത്രം സത്യമായിരിക്കേ ഈ 'ഏകാദ്വയ'ത്തില്‍നിന്നും ജീവന്‍ എങ്ങിനെയാണ് താന്‍ യാഥാര്‍ഥ്യമാണെന്ന ധാരണ ഉരുത്തിരിക്കുന്നത്?
വസിഷ്ഠന്‍ പറഞ്ഞു: അജ്ഞാനിയുടെ മനസ്സില്‍ മാത്രമേ ജീവന്‍ എന്ന ഈ ഭൂതം ഒരു പ്രതിഫലനമായി സ്ഫുടീകരിക്കുന്നുള്ളു. ഇതെന്താണെന്നു കൃത്യമായിപ്പറയാന്‍ വിവേകവിജ്ഞാന വിചക്ഷണരായ മഹാത്മാക്കള്‍ക്കുപോലും കഴിയില്ല. കാരണം അതിനു സ്വഭാവസൂചനകള്‍ ഒന്നുമില്ല. അനന്താവബോധമെന്ന കണ്ണാടിയിലെ പ്രതിബിംബങ്ങളാണ് ലോകമായി കാണപ്പെടുന്നത്.. "ജീവന്‍ എന്നത് ബ്രഹ്മസമുദ്രോപരി മന്ദസ്പന്ദനം പോലെയുള്ള അലകളാണ്.. അല്ലെങ്കില്‍ കാറ്റില്ലാത്തൊരു മുറിയില്‍ വച്ചിട്ടുള്ള ദീപനാളത്തിന്റെ ലോലമായ ചലനമാണ്." അനന്തതയിലെ ആ മന്ദചലനം. അനന്താവബോധത്തെ ആഛാദനം ചെയ്യുമ്പോള്‍ ബോധത്തിനു പരിമിതിയുള്ളതായി തോന്നുകയാണ്.. ഇതുപോലും അനന്തതയില്‍ സഹജം. അങ്ങിനെ പരിമിതപ്പെട്ട ബോധമാണ് ജീവന്‍.. ഒരു ദീപനാളത്തില്‍ നിന്നു തെറിക്കുന്ന തീപ്പൊരി സ്വതന്ത്രമായ മറ്റൊരു നാളമാവും പോലെ ഈ പരിമിതബോധം നിര്‍ലീനവാസനകളാലും ഓര്‍മ്മകളാലും പ്രേരിതമായി, അഹംകാരമായി, - ഞാന്‍ - ആയി സ്ഫുടീകരിക്കുന്നു. ഈ 'ഞാന്‍' എന്ന ഭാവം ദൃഢമായ യാഥാര്‍ഥ്യമൊന്നുമല്ല. പക്ഷേ ജീവന്‍ അതിനെ സത്തായിക്കാണുന്നു. ആകാശത്തിന്റെ നീലനിറം പോലെയാണത്..
അഹംകാരം സ്വയം ധാരണകളുണ്ടാക്കി മനസ്സ് എന്ന 'വസ്തു' സംജാതമാവുന്നു. വ്യക്തിഗത ജീവന്‍, മനസ്സ്, മായ, പ്രപഞ്ചമെന്ന ഭ്രമം, അവയുടെ സ്വഭാവസവിശേഷതകള്‍ തുടങ്ങിയ ആശയങ്ങള്‍ ഭാവിതമാവുന്നു. ഈ ധാരണകള്‍ വെച്ചുപുലര്‍ത്തുന്ന മേധാശക്തി പഞ്ചഭൂതങ്ങളെ (ഭൂമി,ജലം,അഗ്നി,വായു,ആകാശം) ആവാഹനം ചെയ്തുണ്ടാക്കുന്നു. ഇതോടുചേര്‍ന്ന് ആ ബുദ്ധി സ്വയം പ്രകാശകണമായിത്തിരുന്നു. ഇതും വിശ്വദീപ്തിതന്നെയാണ്. അതു പിന്നീട് എണ്ണമറ്റ രൂപഭാവങ്ങളെ പ്രാപിക്കുന്നു. ചിലയിടത്ത് വൃക്ഷാദികള്‍ , ചിലയിടത്ത് പക്ഷിമൃഗാദികള്‍ , ചിലയിടത്ത് ഭൂതപിശാചുക്കള്‍ , മറ്റുചിലയിടത്ത് ദേവതകള്‍ ഇങ്ങിനെയെല്ലാം ആയിത്തീരുന്നു.
ഇതിലെ ആദ്യത്തെ രൂപീകൃതസത്വം സൃഷ്ടികര്‍ത്താവായ ബ്രഹ്മാവാണ്. ഈ ബ്രഹ്മാവാണ് ചിന്തകളും ഇച്ഛാശക്തിയുംകൊണ്ട് മറ്റു ജീവജാലങ്ങളെ സൃഷ്ടിക്കുന്നത്. . ബോധത്തിലെ സ്പന്ദനം മാത്രമാണു ജീവന്‍.. കര്‍മ്മവും, ദൈവവും, മറ്റ് എല്ലാം സ്പന്ദനമാണ്. . മനസ്സിന്റെ സൃഷ്ടിയെന്നത് ബോധത്തിന്റെ ചലനമാണ്. . ലോകം നിലനില്‍ക്കുന്നതോ, മനസ്സിലാണ്. . ദര്‍ശനത്തിലെയും അറിവിലേയും അപൂര്‍ണ്ണതയാണ് മനസ്സിന്റെ നിലനില്‍പ്പിനു കാരണം. അതൊരു ദീര്‍ഘനിദ്രയേക്കാള്‍ സാംഗത്യമുള്ള ഒന്നുമല്ല. ഈ അറിവുറച്ചാല്‍ എല്ലാ ദ്വന്ദഭാവവും ഇല്ലാതാവും. ബ്രഹ്മം, ജീവന്‍, മനസ്സ്, മായ, കര്‍മ്മി, കര്‍മ്മം, ലോകം എന്നിവയെല്ലാം ആ അവിച്ഛിന്നവും അദ്വയവുമായ അനന്താവബോധത്തിന്റെ പര്യായങ്ങളാണെന്ന സാക്ഷാത്കാരവും ഉണ്ടാവും.
ചിദ്ഘനേനൈകതാമേത്യ യദാ തിഷ്ഠതി നിശ്ചല:
ശാമ്യന്വയവഹരന്വാപി തദാ സംശാന്ത ഉച്യതെ (3/66/12)
വസിഷ്ഠന്‍ തുടര്‍ന്നു: രാമാ ആ 'ഒന്ന്' ഒരിക്കലും പലതായിട്ടില്ല. ഒരു തിരിയില്‍നിന്നും മറ്റുതിരികളിലേയ്ക്ക് ദീപം കൊളുത്തുമ്പോള്‍ അതെല്ലാം ഒരേ ദീപനാളം തന്നെ. ഒരേ ബ്രഹ്മം പലതായി കാണപ്പെടുന്നു. ഈ നാനാത്വത്തിന്റെ അയാഥാര്‍ഥ്യത്തെപ്പറ്റി ബോധ്യമാവുമ്പോള്‍ അവന് ദു:ഖനിവൃത്തിയുണ്ടാവുന്നു. ജീവനെന്നത് പരിമിതപ്പെട്ട ബോധം മാത്രം. പരിമിതികള്‍ ഇല്ലാതാവുമ്പോള്‍ ശാന്തി അനുഭവിക്കുമാറാകുന്നു. പാദരക്ഷ ധരിച്ചവന് ഭൂമി മുഴുവന്‍ തോലുപൊതിഞ്ഞപോലെയാണല്ലോ.
എന്താണു ലോകം? അതൊരു പ്രകടനം മാത്രം. വാഴത്തട എന്നുപറയുന്നത് ഇലകള്‍ അല്ലാതെ മറ്റൊന്നുമല്ലല്ലോ. മദ്യപാനം ഒരുവനെ ശൂന്യാകാശത്ത് മായക്കാഴ്ചകള്‍ കാണുമാറാക്കുന്നതുപോലെ മനസ്സിന് ഒന്നിനെ പലതായി കാണാന്‍ കഴിയുന്നു. കുത്തനെ നില്‍ക്കുന്ന ഒരു സ്തംഭം ചലിക്കുന്നതായി മദ്യപനു തോന്നുന്നതു പോലെ അജ്ഞാനിക്കു ലോകത്തില്‍ ചലനങ്ങള്‍ ദൃശ്യമാകുന്നു. മനസ്സ് ദ്വന്ദഭാവം കൈക്കൊള്ളൂമ്പോള്‍ ദ്വന്ദതയും അതിന്റെ പ്രതിരൂപമായ ഏകതയും ഉണ്ട്. . മനസ്സില്‍നിന്നും ഈ ധാരണ മാറുമ്പോള്‍ ദ്വന്ദതയോ ഏകതയോ ശേഷിക്കുന്നില്ല. "അനന്താവബോധത്തിന്റെ ഏകാത്മകതയില്‍ ദൃഢീകരിച്ചുകഴിഞ്ഞാല്‍ ഒരുവന്‍ നിശ്ശബ്ദനായി, നിഷ്ക്രിയനായിരുന്നാലും കര്‍മ്മങ്ങളില്‍ സജീവമായി മുഴുകിയാലും അയാള്‍ സ്വയം പ്രശാന്തനാണ്." ഇപ്രകാരം പരമപദത്തെ പ്രാപിച്ചവന്‍ അനാത്മാവസ്ഥയിലാണെന്നു പറയപ്പെടുന്നു. അത് നിശ്ശൂന്യതയെക്കുറിച്ച് അറിയുന്ന ഒരു തലമാണ്..
മനസ്സിലെ പ്രക്ഷോഭങ്ങളാണ് ബോധത്തെ അറിവിനു വിധേയമായ വസ്തുവാണെന്ന തോന്നലുണ്ടാക്കുന്നത്.. പിന്നീട്, മനസ്സില്‍ 'ഞാന്‍ ജനിച്ചു' മുതലായ തെറ്റിദ്ധാരണകള്‍ ഉദിക്കുന്നു. ആ അറിവും മനസ്സുതന്നെയാണ്.. അതുകൊണ്ട് അതിനെ 'അവിദ്യ' അല്ലെങ്കില്‍ ഭ്രമം എന്നു വിളിക്കുന്നു. ഒരുവന് സംസാരമെന്ന ഈ രോഗത്തില്‍നിന്നു മുക്തിയേകാന്‍ ആത്മജ്ഞാനമല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ല. കയറില്‍ പാമ്പിനെ കണ്ടതിനു പ്രതിവിധി ശരിയായ അറിവുണ്ടാവുകമാത്രമാണ്.. അത്തരം അറിവുറയ്ക്കുമ്പോള്‍ മനസ്സില്‍ ഇന്ദ്രിയസുഖങ്ങളോടുള്ള ആസക്തി ഇല്ലാതാവുന്നു. അതാണല്ലോ അജ്ഞതയെ പെരുപ്പിക്കുന്നത്.. അതുകൊണ്ട് ആസക്തികളെ, ആര്‍ത്തികളെ പ്രീണിപ്പിക്കാതിരിക്കുക. എന്താണതിനു ബുദ്ധിമുട്ട്?
മനസ്സ് വിഷയ (പദാര്‍ത്ഥ) ധാരണയിലിരിക്കുമ്പോള്‍ പ്രക്ഷുബ്ധമാണ്.. എന്നാല്‍ വിഷയങ്ങളോ ആശയങ്ങളോ മഥിക്കാത്ത മനസ്സില്‍ ചിന്തകളില്ല. ചലനമില്ല. ലോകമെന്ന ദൃശ്യവിക്ഷേപവും അവിടെയില്ല. ചിന്തകളുടെ സഞ്ചാരമാണ് ജീവന്‍.. കാരണവും കര്‍മ്മവും. അതാണ് ലോകദൃശ്യത്തിന്റെ വിത്ത്.. പിന്നീടുള്ളത് ശരീരസൃഷ്ടിയാണ്.
യഥാ സംപധ്യതേ ബ്രഹ്മാ കീട: സംപധ്യതേ തദാ
കീടസ്തു രൂഠഭൂതൌഘവലനാത്തുച്ഛകര്‍മക: (3/67/69)
വസിഷ്ഠന്‍ തുടര്‍ന്നു: പലേവിധ കാരണങ്ങള്‍ കൊണ്ട് ചിന്തകളുടെ ചലനം ഉണ്ടാവുന്നു. ചിലര്‍ ഒരേയൊരുജന്മം കൊണ്ട് ഇതില്‍നിന്നും മോചിതരാവുന്നു. മറ്റുചിലര്‍ ആയിരം ജന്മംകഴിഞ്ഞ് മുക്തരാവുന്നു. ചിന്തകള്‍ ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ സത്യദര്‍ശനം സാദ്ധ്യമല്ല,കാരണം അപ്പോളവിടെ 'ഞാന്‍' ഉണ്ട്, 'ഇതെന്റേതാണ്' തുടങ്ങിയ ധാരണകള്‍ അപ്പോള്‍ നിലവിലുണ്ടല്ലോ.
കാണപ്പെടുന്ന ലോകം അവബോധത്തിന്റെ ജാഗ്രതാവസ്ഥയാണ്.. അഹംകാരം അതിന്റെ സ്വപ്നാവസ്ഥയാണ്.. മനസ്സെന്ന വസ്തുവാണതിന്റെ സുഷുപ്തി അവസ്ഥ. ശുദ്ധബോധമാണ് നാലാമത്തെ അവസ്ഥ. അത് വൈരുദ്ധ്യമേതുമില്ലാത്ത, നിഷേധിക്കാനരുതാത്ത സത്യമത്രേ. ഈ നാലാമത്തെ അവസ്ഥയ്ക്കുമപ്പുറം ബോധത്തിന്റെ പരമനൈര്‍മ്മല്യമുണ്ട്.. ഈ സത്യത്തില്‍ ദൃഢീകരിച്ചവനെ ദു:ഖം തീണ്ടുകയില്ല. കാണപ്പെടുന്ന ഈ ലോകത്തിന്റെ കാരണമായി പരബ്രഹ്മത്തിനെ പറയുന്നു. ഒരു വൃക്ഷം വളര്‍ന്നു വലുതാവാനുള്ള കാരണം ആകാശമാണെന്നു പറയുന്നതുപോലെയാണത്.. (അകാശം മരത്തിന്റെ വളര്‍ച്ചയെ തടയുന്നില്ല;അതുകൊണ്ട് ആകാശം വളര്‍ച്ചക്കു ഹേതുവാകുന്നു). സമഗ്രമായ അന്വേഷണത്തിലൂടെ, വാസ്തവത്തില്‍ ബ്രഹ്മം സജീവമായി യതൊന്നിനും ഹേതുവായി വര്‍ത്തിക്കുന്നില്ല എന്നറിയാന്‍ കഴിയും. മണ്ണുകുഴിച്ചുനീങ്ങുന്നവന്‍ അവസാനം കണ്ടെത്തുന്നത് ശൂന്യമായ ആകാശമാണെന്നതുപോലെ അന്വേഷണം തുടരുമ്പോള്‍ ഇതെല്ലാം അനന്താവബോധമല്ലാതെ മറ്റൊന്നുമല്ല എന്നറിയുന്നു.
രാമന്‍ ചോദിച്ചു: ഈ സൃഷ്ടിജാലങ്ങള്‍ ഇത്ര ബ്രഹത്തായതെങ്ങിനെയെന്ന് ദയവായി പറഞ്ഞു തരൂ.
വസിഷ്ഠന്‍ തുടര്‍ന്നു: ബോധത്തിലെ ആന്ദോളനവും അനന്താവബോധത്തിലെ കമ്പനങ്ങളും വ്യത്യസ്ഥമല്ല. ആന്ദോളനങ്ങളില്‍നിന്നും ജീവന്‍ പ്രത്യക്ഷമാവുന്നതുപോലെ ജീവനില്‍ മനസ്സുണ്ടാവുന്നത് ചിന്തകളുള്ളതുകൊണ്ടാണ്.. മനസ്സ് സ്വയം പഞ്ചഭൂതങ്ങളാണെന്ന ധാരണ പുലര്‍ത്തി അവയായിത്തീരുന്നു. മനസ്സ് എന്തു ചിന്തിക്കുന്നുവോ അതുമാത്രം കാണുന്നു. അതുകഴിഞ്ഞ് ഓരോന്നോരോന്നായി ജീവന്‍ - നാവ്, കണ്ണുകള്‍ , മൂക്ക്, സ്പര്‍ശം തുടങ്ങിയ ഇന്ദ്രിയങ്ങളെ ആര്‍ജ്ജിക്കുന്നു. ഇതില്‍ ഇന്ദ്രിയങ്ങളും മനസ്സും തമ്മില്‍ കാര്യ കാരണബന്ധമില്ല. എന്നാല്‍ കാക്കയും പനമ്പഴവും പോലുള്ള ആകസ്മികതയാണ് ചിന്തകളും ഇന്ദ്രിയങ്ങളുടെ ആവിര്‍ഭാവവും. ഒരു കാക്ക പറന്നുവന്ന് പനയില്‍ ഇരിക്കുന്ന നിമിഷം നിലത്തുവീഴുന്ന പനമ്പഴം കാക്ക കൊത്തിയിട്ടതാണെന്നു കാണികള്‍ക്കു തോന്നാം, അത്രമാത്രം. അങ്ങിനെയാണ് ആദ്യത്തെ വിശ്വജീവന്‍ ഉണ്ടായത്.
രാമന്‍ ചോദിച്ചു: അവിദ്യയെന്നത് സത്യത്തില്‍ നിലനില്‍പ്പില്ലാത്ത ഒന്നാണല്ലോ. അപ്പോള്‍പ്പിന്നെ എന്തിനാണു നാം മുക്തിയെപ്പറ്റിയും ആത്മാന്വേഷണത്തെപ്പറ്റിയും ആലോചിച്ച് വിഷമിക്കുന്നത്?
വസിഷ്ഠന്‍ പറഞ്ഞു: രാമ: ആ ചോദ്യം അതുയരേണ്ട സമയത്തുയരണം, ഇപ്പോഴല്ല. പൂക്കള്‍ വിടരുന്നതും കായ്കള്‍ പഴുക്കുന്നതും അതതിന്റെ സമയത്താണല്ലോ. ഈ വിശ്വജീവന്‍ 'ഓം' എന്നുരുവിട്ട് ശുദ്ധമായ ഇഛകൊണ്ട് ഇക്കാണായതെല്ലാം സൃഷ്ടിക്കുന്നു. "ബ്രഹ്മാവിനെ ഇഛയാല്‍ എങ്ങിനെ സൃഷ്ടിച്ചുവോ അങ്ങിനെതന്നെയാണ് ഒരു പുഴുവിനെ സൃഷ്ടിച്ചതും. പുഴുവില്‍ മാലിന്യമുള്ളതുകൊണ്ട് അതിനു തുഛമായ കര്‍മ്മമേ അനുഷ്ഠിക്കാനുള്ളു." ഇവ തമ്മിലുള്ള അന്തരം വെറും ഭാവനമാത്രം. സത്യത്തില്‍ സൃഷ്ടിയേ ഇല്ല, അതിനാല്‍ ഭിന്നതയും ഇല്ല.
ചെറിയൊരു വിത്തില്‍ വന്മരത്തിന്റെ എല്ലാ പ്രഭാവങ്ങളും - ഇലകള്‍ , പൂക്കള്‍ , കായ്കള്‍ , എല്ലാം..- അടങ്ങിയിരിക്കുമ്പോള്‍ അവിടെ വ്യതിരിക്തത ഇല്ല. അതുപോലെ ഈ വൈവിദ്ധ്യമാര്‍ന്ന പ്രപഞ്ചം അനന്താവബോധത്തില്‍ നിന്നും വ്യാപൃതമത്രേ. രാമ: എന്റെയീ വാക്കുകള്‍ കേട്ടാല്‍ത്തന്നെ നീ പ്രബുദ്ധനാവുമെന്നെനിക്കുറപ്പുണ്ട്... വിശ്വം ബ്രഹ്മത്തില്‍നിന്നുദ്ഭൂതമാണെന്നും അത് ബ്രഹ്മത്തില്‍നിന്നും വിഭിന്നമല്ലെന്നും അറിയുക.
രാമന്‍ ചോദിച്ചു: ഈ ഏകാത്മകത എന്നതാണുണ്മ എങ്കില്‍ എന്തിനാണു നാം 'ഇന്നതിലൂടെ അതിനെ പ്രാപിക്കാം' എന്നും മറ്റും പ്രസ്താവിക്കുന്നത്?
വസിഷ്ഠന്‍ പറഞ്ഞു: വേദങ്ങളില്‍ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത് കാര്യങ്ങള്‍ പഠിപ്പിക്കാനാണ്.. കാര്യവും കാരണവും, ആത്മാവും ഈശ്വരനും, വ്യത്യാസവും അതിന്റെ അഭാവവും, വിദ്യയും അവിദ്യയും, വേദനയും സുഖവും, ഇങ്ങനെയുള്ള ദ്വന്ദസംജ്ഞകളെ വികസിപ്പിച്ചെടുത്തിട്ടുള്ളത് പഠനത്തിനായാണ്.. അവ സ്വയം യാഥാര്‍ഥ്യമല്ല. "ഈ ചര്‍ച്ചയും തര്‍ക്കവും നടക്കുന്നത് അവിദ്യകൊണ്ടു മാത്രമാണ്. ജ്ഞാനമുണരുമ്പോള്‍ ദ്വന്ദതയില്ലാതാവുന്നു. സത്യസാക്ഷാത്കാരമുണ്ടാവുമ്പോള്‍ എല്ലാ വിവരണങ്ങളും നിലയ്ക്കുന്നു. മൌനം മാത്രം ബാക്കിയാവുന്നു." അപ്പോള്‍ നീയറിയും, 'ഒന്നു' മാത്രമേയുള്ളു എന്ന്. അതിന് ആദിയും അന്തവുമില്ല. പക്ഷേ സത്യത്തെ നിര്‍വ്വചിക്കാന്‍ പദങ്ങള്‍ ഉപയോഗിക്കുന്നിടത്തോളം ദ്വന്ദത അനിവാര്യമാണ്.. എന്നാല്‍ ഈ ദ്വന്ദത സത്യമല്ല. എല്ലാ വിഭാഗീയതകളും ഭ്രമാത്മകമാണ്...
ഞാന്‍ വേറൊരുദാഹരണം പറയാം. ശ്രദ്ധിച്ചു കേട്ടാലും. എന്റെ വിശദീകരണങ്ങളാകുന്ന ശക്തിയേറിയ മരുന്നുകൊണ്ട് നിന്റെ രോഗവും മനപ്രയാസവുമെല്ലാം മാറും. ഇക്കാണുന്ന ലോകം ഇഷ്ടാനിഷ്ടങ്ങള്‍ നിറഞ്ഞ മനസ്സാണ്. മനസ്സ് അവയില്‍നിന്നും സ്വതന്ത്രമായാല്‍ ഈ പ്രത്യക്ഷലോകത്തിന് അവസാനമായി. മനസ്സിലെ ബോധമാണ് എല്ലാ പദാര്‍ത്ഥങ്ങള്‍ക്കും ബീജമാവുന്നത്. മനസ്സിന്റെ ജഢമായ വശമാണ് ഈ ദൃശ്യപ്രപഞ്ചമെന്ന മായക്കാഴ്ച്ചകള്‍ക്ക് കാരണം. ബോധത്തിന്റെ സര്‍വ്വവ്യാപിത്വം കാരണം മനസ്സ് 'അറിയപ്പെടുന്നതായി' ഭവിക്കുന്നു. അത് വിശ്വനിര്‍മ്മിതിക്കു കാരണവുമാവുന്നു. മനസ്സ്, ഒരു കുഞ്ഞിന്റെ ഭാവന പോലെ ലോകത്തെ ഉണ്ടാക്കുന്നു. മനസ്സിനു തെളിച്ചമുണ്ടാവുമ്പോള്‍ അത് തനിക്കുള്ളില്‍ അനന്താവബോധത്തെ അനുഭവിക്കുന്നു. വിഷയം-വിഷയി വിഭജനം എങ്ങിനെയെന്ന് ഇനി ഞാന്‍ പറഞ്ഞുതരാം
സദസദിതി കാലഭിരാതതം യത്
സദസദ്ബോധവിമോഹദായിനീഭി:
അവിരതരചനാഭിരീശ്വരാത്മൻ
പ്രവിലസതീഹ മനോ മഹന്മഹാത്മൻ (3/85/39)
വസിഷ്ഠന്‍ തുടര്‍ന്നു: ഒരിക്കല്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിനോട് ഈ വിശ്വനിര്‍മ്മിതി ആദ്യം എങ്ങിനെയാണു സംഭവിച്ചതെന്ന് ഞാന്‍ ചോദിക്കുകയുണ്ടായി. അദ്ദേഹം ഇങ്ങിനെപറഞ്ഞു: മകനേ മനസ്സാണ് ഇക്കാണായതെല്ലാം ആവുന്നത്. ഈ യുഗാരംഭത്തില്‍ എനിക്കെന്തു സംഭവിച്ചുവെന്ന് ഞാന്‍ പറയാം. കഴിഞ്ഞ യുഗാന്ത്യത്തില്‍ വിശ്വമുറങ്ങിക്കിടന്ന രാത്രിയുടെ അന്ത്യത്തില്‍ ഞാനുണര്‍ ന്നു. പ്രഭാതത്തിലെ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് വിശ്വനിര്‍മ്മിതി എന്ന ആശയത്തോടെ ഞാന്‍ ചുറ്റും നോക്കി. ഞാനാ അനന്തശ്ശൂന്യതയിലേയ്ക്കു നോക്കിയപ്പോള്‍ അത് ഇരുണ്ടതോ ദീപ്തമോ ആയിരുന്നില്ല. എന്റെ മനസ്സില്‍ സൃഷ്ടിക്കുള്ള അഭിവാഞ്ഛയുണ്ടായപ്പോള്‍ ഹൃദയത്തില്‍ സൂക്ഷ്മമായ ദൃശ്യങ്ങള്‍ പ്രത്യക്ഷമാവാന്‍ തുടങ്ങി. മനക്കണ്ണുകൊണ്ട് ഞാന്‍ അനേകം വിവിധങ്ങളായ പ്രപഞ്ചങ്ങള്‍ കണ്ടു. അവകളിലെല്ലാം എന്നേപ്പോലുള്ള സൃഷ്ടികര്‍ത്താക്കളേയും ഞാന്‍ കണ്ടു. ആ ലോകങ്ങളില്‍ ഞാന്‍ എല്ലാത്തരം ജീവജാലങ്ങളേയും കണ്ടു. മലകളും നദികളും, സമുദ്രവും കാറ്റും, സൂര്യനും സ്വര്‍ഗ്ഗവാസികളും, പാതാളവും രാക്ഷസന്മാരും എല്ലാം എനിക്കു കാണായി.
ആ വിശ്വങ്ങളിലെല്ലാം വേദങ്ങളും ആചാരമര്യാദാ പ്രമാണങ്ങളും കണ്ടു. അവയാണല്ലോ നന്മ-തിന്മകളെയും സ്വര്‍ഗ്ഗ-നരകങ്ങളെയും നിശ്ചയിക്കുന്നത്. അവിടെ ഞാന്‍ മുക്തി മാര്‍ഗ്ഗവും സൌഖ്യമാര്‍ഗ്ഗവും വിവരിക്കുന്ന വേദങ്ങളേയും കണ്ടു. ഇത്തരം വിവിധങ്ങളായ പല ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന ആളുകളേയും ഞാന്‍ കണ്ടു. ഞാന്‍ ഏഴുലോകങ്ങളും ഏഴു ഭൂഖണ്ഡങ്ങളും മലകളും സമുദ്രങ്ങളും എല്ലാം നാശത്തിലേയ്ക്കു പായുന്നതായും കണ്ടു. ദിനരാത്രങ്ങളടക്കമുള്ള കാലഗണനകള്‍ ഞാന്‍ കണ്ടു. ദിവ്യനദിയായ ഗംഗ, മൂന്നുലോകങ്ങളേയും -സ്വര്‍ഗ്ഗം, ആകാശം, ഭൂമി എന്നിവയെ- കോര്‍ത്തിണക്കുന്നതായും ഞാന്‍ കണ്ടു. ആകാശത്തുണ്ടാക്കിയ കോട്ടപോലെ സൃഷ്ടി, അതാതിന്റെ ഭൂമിയും, സമുദ്രവും ആകാശവുമൊക്കെയായി വിസ്തൃതമായി നിലകൊണ്ടു. ഇതൊക്കെക്കണ്ട് ഞാന്‍ വിസ്മയചകിതനായി. "എന്താണു ഞാനെന്റെ മനസ്സില്‍ ഇവയെല്ലാം കാണുന്നത്? എന്റെ കണ്ണൂകള്‍ ഇവയെ ഇതുവരെ കണ്ടിട്ടുമില്ല." ഞാന്‍ ഇതിനെപ്പറ്റി കുറേയേറെ ആലോചിച്ചു. അവസാനം സൌരയൂഥങ്ങളില്‍ ഒന്നിലെ ഒരു സൂര്യനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ട് അദ്ദേഹത്തോട് എനിക്കരികിലേയ്ക്ക് വരാന്‍ പറഞ്ഞു. എന്നെ അലട്ടിയിരുന്ന ഈ പ്രശ്നത്തെപ്പറ്റി ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു.
സൂര്യന്‍ മറുപടിയായി പറഞ്ഞു: "അല്ലയോ മഹാത്മന്‍, സര്‍വ്വശക്തനായ സൃഷ്ടാവെന്ന നിലയില്‍ അങ്ങ് ഈശ്വരന്‍ തന്നെയാണ്.. മനസ്സുതന്നെയാണ് ഈ നിലയ്ക്കാത്ത പ്രവര്‍ത്തനങ്ങളും അന്തമില്ലാത്ത സൃഷ്ടികളൂം ആയി കാണപ്പെടുന്നത്.. അവിദ്യയുടെ പ്രാഭവംകൊണ്ട് ഇവയെല്ലാം യാഥാര്‍ത്ഥ്യമാണെന്നുള്ള ധാരണ ഒരുവനെ ഭ്രമിപ്പിക്കുകയാണ്.". തീര്‍ച്ചയായും അങ്ങേയ്ക്കു സത്യമറിയാമെങ്കിലും എന്നോട് ഉത്തരം പറയാന്‍ ആവശ്യപ്പെട്ടതുകൊണ്ട് ഞാനിതു പറഞ്ഞു എന്നേയുള്ളു.
http://yogavasishtamnithyaparayanam.blogspot.com/2012/08/109-109.html