Saturday, February 9, 2013

ജീവന്‍ എന്നത്‌ ഒരു നാമം മാത്രം.


രാമന്‍ പറഞ്ഞു: ഭഗവന്‍ , പ്രാപഞ്ചികമായി ഒരേ ഒരു ജീവനേ ഉള്ളോ അതോ അനേകം ജീവനുകള്‍ ഉണ്ടോ?
http://yogavasishtamnithyaparayanam.blogspot.ca/

വസിഷ്ഠന്‍ മറുപടിയായി പറഞ്ഞു: രാമ: ഒരു ജീവനോ, അനേകം ജീവനുകളോ അവയുടെ സമുച്ചയങ്ങളോ ഒന്നും യദാര്‍ത്ഥത്തില്‍ ഇല്ല. ജീവന്‍ എന്നത്‌ ഒരു നാമം മാത്രം. നിലനില്‍ ക്കുന്നത്‌ ബ്രഹ്മം മാത്രം. പരബ്രഹ്മം സര്‍വ്വശക്തമാകയാല്‍ അവന്റെ ചിന്തകള്‍ മൂര്‍ത്തീകരിക്കുന്നു. വിളക്കെടുത്ത്‌ ഇരുട്ടിനെക്കുറിച്ചുള്ള സത്യമന്വേഷിക്കാന്‍ പോവുമ്പോള്‍ അപ്രത്യക്ഷമാവുന്ന ഇരുട്ടുപോലെ അവിദ്യയാല്‍ കാണപ്പെടുന്ന നാനാത്വം അന്വേഷണമാത്രയില്‍ ഇല്ലാതാവുന്നു. "ബ്രഹ്മം മാത്രമാണ്‌ വിശ്വാത്മാവും (മഹാജീവന്‍) മറ്റ്‌ കോടിക്കണക്കായ ജീവനുകളും. ബ്രഹ്മമല്ലാതെ മറ്റൊന്നുമില്ല."


ചേത്യസംവേദനാജ്ജീവോ ഭവത്യായാതി സംസൃതിം
തദസംവേദനാദ്രൂപം സമായാതി സമം പുന: (3/14/36)


വസിഷ്ഠന്‍ തുടര്‍ന്നു: "അറിയപ്പെടുന്നവയെക്കുറിച്ചുള്ള തെറ്റിദ്ധാരണമൂലം ബോധം ജീവഭാവത്തില്‍ സംസാരചക്രത്തിലെ ആവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. അറിവും അറിവാളിയും രണ്ടാണെന്ന തെറ്റിദ്ധാരണ നിങ്ങുമ്പോള്‍ സമതുലിതാവസ്ഥയിലേയ്ക്കു തിരിച്ചുവരുകയും ചെയ്യുന്നു."

ചിലപ്പോള്‍ ക്രമീകമായും മറ്റുചിലപ്പോള്‍ അല്ലാതേയും ഈ മഹാജീവന്‍, പോയ ജന്മത്തില്‍നിന്നും ആര്‍ജ്ജിച്ച ദ്വന്ദതയും വ്യക്തിത്വവും മൂലം വ്യക്തിഗതജീവനാവുന്നു. ബോധത്തിന്റെ വിവരണാതീതവും മാസ്മരീകവുമായ പ്രഭാവത്താല്‍ അഹംകാരമെന്നറിയപ്പെടുന്ന നാമരൂപങ്ങള്‍ ഉണ്ടാവുന്നു. അതേ ബോധം സ്വരൂപത്തെ അനുഭവിച്ചറിയാന്‍ ഇച്ഛിക്കുമ്പോള്‍ വിശ്വാവബോധമാവുന്നു. പക്വതയില്ലാത്തവര്‍ മാത്രമേ ഇതൊരു മായക്കാഴ്ച്ചയോ 'മാറ്റമോ' ആണെന്നു കരുതുകയുള്ളു, കാരണം ബോധമല്ലാതെ മറ്റൊരുണ്മയുമില്ല. സമുദ്രം ജലമാണ്‌. അലകള്‍ ജലമാണ്‌. ഈ അലകള്‍ സമുദ്രോപരി വര്‍ത്തിക്കുമ്പോള്‍ ഓളങ്ങളുണ്ടാവുന്നു. അവയും ജലം തന്നെ. അതുപോലെയാണീ വിശ്വം. അലകളെ വ്യക്തിത്വമുള്ളവയായി സമുദ്രം 'കണ്ടാല്‍' എന്നതുപോലെ വിശ്വബോധം ജീവന്‌ വ്യക്തിത്വം കല്‍പ്പിച്ചിരിക്കുന്നു. അങ്ങിനെ അഹംകാരം (ഞാന്‍) ഉണ്ടായി. ഇതാണ്‌ ബോധത്തിന്റെ മാസ്മരീക പ്രഭാവം. അതുതന്നെയാണ്‌ വിശ്വമായതും.

സ്വയം, ബോധത്തില്‍ നിന്നു വിഭിന്നമല്ലെങ്കിലും അഹംകാരം ഒരു ജീവനില്‍ അങ്കുരിക്കുമ്പോള്‍ അത്‌ പ്രപഞ്ചത്തിലെ നാനാ നാമരൂപങ്ങളില്‍ താദാത്മ്യം പ്രാപിക്കുകയും അവ ഉണ്ടാവുകയും ചെയ്യുന്നു. ഏകത്വത്തില്‍ നാനാത്വമുദിക്കുന്നു. രാമ: 'ഞാന്‍, നീ' തുടങ്ങിയ ചിന്തകളും ജീവന്‍, അവയുടെ ഉല്‍ പ്പത്തി ഇവയെക്കുറിച്ചുള്ള ധാരണകളും ഉപേക്ഷിക്കൂ. ഇവയെല്ലാം പൊയ്ക്കഴിഞ്ഞാല്‍ നീ യാദാര്‍ത്ഥ്യത്തിനും അയാദാര്‍ത്ഥ്യത്തിനും മദ്ധ്യേ സത്യത്തെ സാക്ഷാത്കരിക്കും. ഈ മേഘപടലങ്ങള്‍ മാറിയാല്‍ അവിച്ഛിന്നമായ ആ പ്രബോധപ്രഭയില്‍ നിനക്കഭിരമിക്കാം. ആ പ്രഭ ഒരിക്കലും ഭാസുരമല്ലാതിരുന്നിട്ടില്ല. യാദാര്‍ത്ഥ്യവും അല്ലാത്തതും തമ്മിലുള്ള വ്യത്യാസം നമുക്കറിയില്ല. ഈ ബോധമെന്നത്‌ 'അറിയപ്പെടാവുന്ന' ഒന്നല്ല. അതിനു സ്വയം അറിയാന്‍ ഇച്ഛതോന്നുമ്പോള്‍ അത്‌ വിശ്വമെന്നറിയപ്പെടുന്നു. മനസ്സ്‌, ബുദ്ധി, അഹംകാരം, പഞ്ചഭൂതങ്ങള്‍, ലോകം, എന്നുവേണ്ട ലോകത്തിലെ എണ്ണമറ്റ നാമരൂപങ്ങള്‍ എല്ലാം ബോധം തന്നെ. ഒരു മനുഷ്യനും അവന്റെ പ്രവൃത്തികളും വേര്‍തിരിക്കാനരുതാത്തത്‌ അവ ഒരേവസ്തുവിന്റെ നിശ്ചലാവസ്ഥയും ചലനാത്മകതയും ആയതിനാലാണ്‌. ജീവന്‍, മനസ്സ്‌, തുടങ്ങിയ എല്ലാ കമ്പനങ്ങളും ബോധം മാത്രമാണ്‌.



സ്വയമസ്തം ഗതേ ബാഹ്യേ സ്വജ്ഞാനാദുദിതാ ചിതി:
സ്വയം ജഡേശു ജാഡ്യേന പദം സൗഷുപ്തമാഗതാ (3/14/67)


വസിഷ്ഠന്‍ തുടര്‍ന്നു: "എന്നെ മുറിക്കാന്‍ കഴിയില്ല; എന്നെ ജ്വലിപ്പിക്കാന്‍ ആവില്ല; എന്നെ നനയ്ക്കാനാവില്ല; എന്നെ ഉണക്കാന്‍ ആവില്ല; ഞാന്‍ ശാശ്വതമായി നിലകൊള്ളുന്നു. സര്‍വ്വവ്യാപിയും ഒരിക്കലുമിളകാത്തതും മാറ്റങ്ങള്‍ക്കുവിധേയമാവത്തതുമാണ്‌ ഞാന്‍". ഇതാണു സത്യം. ആളുകള്‍ പൊതുവേ തര്‍ക്കിക്കാനും ചിന്താക്കുഴപ്പമുണ്ടാക്കനും താല്‍പ്പര്യപ്പെടുന്നവരാണ്‌. പക്ഷേ രാമ: നീ അതിനെല്ലാം അതീതനാണ്‌. മാറ്റമില്ലാത്തവയില്‍ മാറ്റങ്ങളെ അരോപിക്കുന്നത്‌ അജ്ഞാനികളാണ്‌. ആത്മജ്ഞാനികളായ ഋഷിവര്യന്മാരുടെ ദൃഷ്ടിയില്‍, ബോധത്തില്‍ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. രാമ: ഈ ബോധം തന്നെയാണ്‌ ആകാശമായി പരന്നു വികാസം പ്രാപിച്ചത്‌; പക്ഷേ അതിനു മാറ്റങ്ങള്‍ ഉണ്ടായില്ല. അതിനുശേഷം ബോധം, ചലനം സഹജമായ വായുവായി പ്രത്യക്ഷമായി. അതേ ബോധം തന്നെയാണ്‌ ജലം, അഗ്നി, ധാതുക്കളോടുകൂടിയ മണ്ണ്‌ , ഒക്കെയായത്‌. ജീവികളുടെ ശരീരവും അതത്രേ. "ബാഹ്യമായി, 'അറിയപ്പെടാനുള്ളവ'യേപ്പറ്റിയുള്ള ധാരണകള്‍ നീങ്ങുമ്പോള്‍ ആത്മജ്ഞാനം ഉദിക്കുന്നു. അതുപോലെ ജഢത്വവും അലംഭാവവും, അജ്ഞാനവും അടിഞ്ഞുകൂടുമ്പോള്‍ ഗാഢനിദ്രയുമായി"

അതിനാല്‍ ബോധം മാത്രമേ എക്കാലവും നിലനില്‍ക്കുന്നതായുള്ളു എന്നറിയുക. അകാശം ഉണ്ടെന്നും ഇല്ലെന്നും പറയാം; അതുപോലെ ലോകം നിലനില്‍ക്കുന്നു എന്നും ഇല്ലെന്നും പറയാം. തീയിന്‌ ചൂടെങ്ങിനെയോ, ശംഖിനു വെണ്മയെങ്ങിനെയോ, പര്‍വ്വതത്തിന്റെ അചലതയെങ്ങിനെയോ, ജലത്തിന്റെ ദ്രവഗുണമെങ്ങിനെയോ, കരിമ്പുതണ്ടിന്റെ മാധുര്യമെങ്ങിനെയോ, പാലിലെ വെണ്ണയെങ്ങിനെയോ, മഞ്ഞുകട്ടയുടെ ശീതളിമയെങ്ങിനെയോ, ദീപാലങ്കാരത്തിന്റെ പ്രഭയെങ്ങിനെയോ, കടുകുമണിയിലെ എണ്ണയെങ്ങിനെയോ, നദിയുടെ ഒഴുക്കെങ്ങിനെയോ, തേനിന്റെ മാധുര്യമെങ്ങിനെയോ, ആഭരണങ്ങളില്‍ സ്വര്‍ണ്ണമെങ്ങിനെയോ, പൂക്കളില്‍ സൌരഭ്യമെങ്ങിനെയോ അതുപോലെയാണ്‌ പ്രപഞ്ചത്തില്‍ ബോധം. ലോകം നിലനില്‍ ക്കുന്നത്‌ ബോധത്തിലാണ്‌. ബോധത്തിന്റെ ശരീരമാണ്‌ വിശ്വം. അതില്‍ ഭിന്നതകളോ വിവേചനമോ വിഭാഗീയതയോ ഇല്ല.

അതുകൊണ്ട്‌ ഈ പ്രപഞ്ചത്തെ യാഥാര്‍ത്ഥ്യമെന്നും അയാഥാര്‍ത്ഥ്യമെന്നും പറയാം. യാഥാര്‍ത്ഥ്യം, എന്തുകൊണ്ടെന്നാല്‍ വിശ്വാവബോധത്തിനു സ്വയം നിലനില്‍പ്പുണ്ട്‌. അയാഥാര്‍ത്ഥ്യം, എന്തുകൊണ്ടെന്നാല്‍ വിശ്വം വിശ്വമായി സ്വയം നിലനില്‍ക്കുന്നില്ല. ബോധത്തില്‍ അധിഷ്ഠിതമാണതിന്റെ നിലനില്‍ പ്പ്‌.

ബോധമെന്നത്‌ ഭാഗങ്ങളായി വിഭജിക്കാവുന്ന ഒന്നല്ല. അതിന്‌ അവയവങ്ങള്‍ ഇല്ല. അതില്‍ പര്‍വ്വതങ്ങളും, കടലും, ഭൂമിയും, നദികളും ഒന്നും ബോധത്തില്‍ നിന്നു വേറിട്ട്‌ വ്യതിരിക്തമായി നിലകൊള്ളുന്നില്ല. അതിനാല്‍ ബോധത്തില്‍ ഭാഗങ്ങളോ അവയവങ്ങളോ ഇല്ല. പ്രപഞ്ചത്തിന്റെ അയാഥാര്‍ത്ഥ്യ വസ്തുതയെ കാരണമാക്കി പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനടിസ്ഥാനമായ ബോധവും യാഥാര്‍ത്ഥ്യമല്ല എന്ന നിഗമനത്തില്‍ എത്തുന്നത്‌ അര്‍ത്ഥവത്തല്ല. കാരണം അതു നമ്മുടെ അനുഭവങ്ങള്‍ക്കു നിരക്കുന്നതല്ല. ബോധത്തിന്റെ സാന്നിദ്ധ്യം ആര്‍ക്കും നിഷേധിക്കാനാവില്ല.


വർജയിത്വാ ജ്ഞവിജ്ഞാനം ജഗച്ഛബ്ദാർത്ഥ ഭാജനം
ജഗദ്ബ്രഹ്മസ്വശബ്ദാനാമർത്ഥേ നാസ്ത്യേവ ഭിന്നതാ (3/15/10)


വസിഷ്ഠന്‍ തുടര്‍ന്നു: രാമ: സ്വപ്നസമയത്ത്‌ അപ്പോഴത്തെ കാഴ്ച്ചകളെല്ലാം യാഥാര്‍ത്ഥ്യമായിരുന്നു എങ്കിലും ഉണര്‍ന്നിരിക്കുന്ന അവസ്ഥയില്‍ , നാം കണ്ട സ്വപ്നത്തിലെ വസ്തുക്കള്‍ക്ക്‌ ഉണ്മയില്ല എന്നു നാം അറിയുന്നു. അതുപോലെ ഈ ലോകം പദാര്‍ത്ഥസഞ്ചയമെന്നു കാണപ്പെടുന്നുവെങ്കിലും സത്യത്തില്‍ ഇതു ബോധം മാത്രമാണ്‌. മരീചികയില്‍ സൂക്ഷ്മമായോ താല്‍ക്കാലികമായോ ഒരരുവി ഇല്ല തന്നെ. അതുപോലെ ഒരു യാഥാര്‍ത്ഥ്യലോകമെന്നത്‌, ഇല്ല. ഉള്ളത്‌ ശുദ്ധബോധം മാത്രം.

"അജ്ഞാനത്തിലധിഷ്ഠിതമായ അറിവാണ്‌ ലോകമെന്ന ധാരണയില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നത്‌. സത്യത്തില്‍ , ലോകം, ബ്രഹ്മം, അനന്തത, ആത്മന്‍ എന്നീ വാക്കുകള്‍ എല്ലാം സൂചിപ്പിക്കുന്നത്‌ ഒന്നിനെയാണ്‌."  ഉണര്‍ന്നിരിക്കുന്നവന്‌ സ്വപ്നത്തില്‍ക്കാണപ്പെട്ട നഗരം എത്ര സത്യമാണോ അത്ര സത്യമാണീ ലോകം. ലോകം, വിശ്വാവബോധം എന്നീ വാക്കുകള്‍ പര്യായങ്ങളത്രേ. ഈ ആശയങ്ങള്‍ വ്യക്തമാക്കാന്‍ ഞാന്‍ മണ്ഡപന്‍ എന്നൊരാളിന്റെ കഥ പറയാം ശ്രദ്ധിച്ചു കേട്ടാലും.

http://yogavasishtamnithyaparayanam.blogspot.com/2012/06/051-051.html


No comments:

Post a Comment