Saturday, February 9, 2013

മോക്ഷകവാടത്തിലെ നാലു ദ്വാരപാലകര്‍



മോക്ഷദ്വാരേ ദ്വാരപാലാശ്ചത്വാര: പരികീർത്തിതാ :
ശമോ വിചാര: സന്തോഷശ്ചതുർത്ഥ: സാധുസംഗമ: (2/11/59)

യോഗവാസിഷ്ഠം നിത്യപാരായണം



"രാമ: മോക്ഷകവാടത്തിലെ നാലു ദ്വാരപാലകര്‍ ഇവരാണ്‌: ആത്മസംയമനം, അന്വോഷണത്വര; സംതൃപ്തി,  സത്സംഗം." ബുദ്ധിമാനായ സാധകന്‍ ഈ നാലുപേരുമായി സൌഹൃദം സ്ഥപിക്കാന്‍ അനവരതം ശ്രമിച്ചുകൊണ്ടേയിരിക്കണം. അവരില്‍ ഒരാളെയെങ്കിലും തന്റെ ഉത്തമസുഹൃത്താക്കുകയും വേ ണം.

പ്രസന്നേ ചിത്തത്വേ ഹൃദി ശമഭവേ  വൽഗതിപരേ
ശമാഭോഗി ഭൂതാസ്വഖില കലനാദൃഷ്ടിഷു നര:
സമം യാതി സ്വാന്ത:ക്കരണ ഘടനാസ്വാദിത രസം
ധിയാ ദൃഷ്ടേ തത്ത്വേ രമണമഥനാം ജാ ഗതമിദം (2/12/21)


വസിഷ്ഠന്‍ തുടര്‍ന്നു: രാമ: പ്രശാന്തമായ, സംശയലേശം പോലുമില്ലാത്ത, തുറന്ന മനസ്സോടെ നിര്‍മ്മലഹൃദയനായി ഈ മുക്തിസാധനവിദ്യയെക്കുറിച്ച്‌ കേട്ടാലും. കാരണം പരമസത്യം സാക്ഷാത്കരിക്കുംവരെ ജനനമരണ ദുരിതങ്ങള്‍ക്ക്‌ അറുതി വരികയില്ല. ഈ അവിദ്യയെന്ന ഭയങ്കരസര്‍പ്പത്തെ ഈ ജന്മത്തില്‍ത്തന്നെ വെന്നില്ലെങ്കില്‍ അത്‌ ഈ ജീവിതത്തില്‍ മാത്രമല്ല, വരും ജന്മങ്ങളിലും അനന്തമായ ദുരിതങ്ങള്‍ക്ക്‌ കാരണമാവും. ആര്‍ക്കും ഈ ദു:ഖാനുഭവങ്ങളെ അവഗണിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഞാനുപദേശിക്കാന്‍ പോകുന്ന ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ ഇതിനെ മറികടക്കാന്‍ കഴിയുന്നതാണ്‌. രാമ: അങ്ങിനെ നീ 'സംസാരം' എന്ന ആവര്‍ത്തന ചരിത്രത്തിന്റെ മറുകരകടന്നാല്‍ നിനക്കും ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്മാരേപ്പോലെ, ഈ ലോകത്തില്‍ത്തന്നെ ഈശ്വരനായി ജീവിക്കാം. ആത്മാന്വേഷണത്തിലൂടെ മോഹമില്ലാതായാല്‍ സത്യം അകതാരില്‍ തെളിഞ്ഞുവിളങ്ങും.

"മനസ്സ്‌ പ്രശാന്തവും ഹൃദയം പരമസത്യത്തിലേയ്ക്കുന്മുഖവും ചിന്താസരണികള്‍ അലകളടങ്ങിയ കടലുപോലെ ശാന്തവും, ഇടമുറിയാത്ത ശാന്തി അനുഭവവേദ്യവും ആവുമ്പോള്‍ ഹൃദയത്തില്‍ പരമാനന്ദം നിറയുന്നു. അങ്ങിനെ പരം പൊരുളറിഞ്ഞവന്‌ ഇഹലോകജീവിതം തന്നെ പരമാനന്ദപ്രദമാണ്‌." അങ്ങിനെയുള്ള ഒരുവന്‌ നേടാനും നഷ്ടപ്പെടാനും ഒന്നുമല്ല. അവനില്‍ ജീവിതത്തിന്റെ കുറ്റങ്ങളും കുറവുകളും ഒരു കളങ്കമായിത്തീരുന്നില്ല. ദു:ഖങ്ങള്‍ അവനെ ബാധിക്കുന്നില്ല. അവന്‍ ജന്മമെടുക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല - മറ്റുള്ളവരുടെ ദൃഷ്ടിയില്‍ അതു പ്രത്യക്ഷമല്ലെങ്കിലും അതാണു സത്യം. ധാര്‍മ്മീകമോ മതപരമോ ആയ കാര്യങ്ങള്‍ പോലും അവന്‍ ചെയ്യേണ്ടതായില്ല.

അവനെ പൊയ്പ്പോയജന്മങ്ങളിലെ വാസനകള്‍ പ്രചോദിപ്പിക്കുന്നില്ല. കാരണം അവയുടെ ചാലകശക്തി നഷ്ടമായിരിക്കുന്നു. പ്രക്ഷുബ്ധമായ മനസ്സ്‌ അവിനിനിയില്ല. തന്റെ സ്വരൂപമായ പരമാനന്ദത്തിലാണ്‌ അവന്‍ അഭിരമിക്കുന്നത്‌. അത്തരം ആനന്ദം ആത്മജ്ഞാനം കൊണ്ടു മാത്രമേ ലഭിക്കൂ. അതുകൊണ്ട്‌ മനുഷ്യന്‍ ആത്മജ്ഞാനമാര്‍ഗ്ഗത്തിലൂടെ മാത്രമേ സഞ്ചരിക്കാവൂ. അത്മാന്വോഷണം മാത്രമാണ്‌ ഒരുവന്റെ ധര്‍മ്മം. പുണ്യഗ്രന്ഥങ്ങളേയും മഹാത്മാക്കളേയും നിന്ദിക്കുന്നവന്‌ ആത്മജ്ഞാനം ലഭ്യമല്ല. ഇഹലോകദുരിതങ്ങളേക്കാളെല്ലാം കൊടിയ ദുരന്തമാണ്‌ അത്തരം വിഡ്ഢിത്തങ്ങള്‍ ഒരുവനു സമ്മാനിക്കുന്നത്‌. അതുകൊണ്ട്‌ ശ്രദ്ധാഭക്തിബഹുമാനങ്ങളോടെ വേദശാസ്ത്രങ്ങളെ പഠിച്ച്‌ ആത്മാന്വേഷണത്തില്‍ മുഴുകുക. ഈ വേദഗ്രന്ഥം പഠിച്ചവന്‍ പിന്നെ അജ്ഞാനത്തിന്റെ അന്ധകൂപത്തില്‍ വീഴുകയില്ല. രാമ: നിനക്ക്‌ സംസാരമെന്ന ഈ തുടര്‍ക്കഥയില്‍ നിന്നുമുക്തിവേണമെങ്കില്‍ എന്നേപ്പോലുള്ള മഹര്‍ഷിമാരില്‍ നിന്നും ഈ വിജ്ഞാനം പഠിക്കാം. ഇതു തികച്ചും സൌജന്യമാണെന്നുമറിയുക!

സ്ഥിതോ പി സ്ഥിത ഇവ ന ഹൃഷ്യതി ന കുപ്യതി
യ: സുഷുപ്തസമ: സ്വസ്ഥ: സ ശാന്ത ഇതി കഥ്യതേ (2/13/76)


വസിഷ്ഠന്‍ തുടര്‍ന്നു: സംസാരസാഗരമാകുന്ന തുടര്‍ക്കഥയുടെ ഉള്ളില്‍ നിന്നും പുറത്തുകടക്കണമെങ്കില്‍ ഒരുവന്‍ മാറ്റങ്ങള്‍ ക്കു വിധേയമാക്കാത്ത സത്യവസ്തുവിനെ ആശ്രയിക്കണം. ശാശ്വതമായ ആ 'ഒന്നില്‍' മനസ്സുറച്ചവന്‍ മാത്രമാണ്‌ ഉത്തമന്‍. കാരണം അവന്‌ ആത്മനിയന്ത്രണം സ്വായത്തമായതുകൊണ്ട്‌ മനസ്സ്‌ പ്രശാന്തമാണ്‌. സുഖദു:ഖങ്ങള്‍ പരസ്പരം പോരാടി അവസാനം ഒരു സമതുലിതാവസ്ഥയെ പ്രാപിക്കുന്നു എന്ന അറിവിന്റെ നിറവിലാണ്‌ അവനില്‍ ആത്മസംയമനം സംഭവിക്കുന്നത്‌. ഈ സത്യം അറിയാത്തവന്‍ തീപിടിച്ച വീട്ടിലുറങ്ങുന്നവനേപ്പോലെ വ്യാകുലചിത്തനാണ്‌. ഈ ജീവിതവേളയില്‍ത്തന്നെ ശാശ്വതമായതെന്തെന്ന അറിവുറച്ചവന്‌ സംസാരത്തില്‍ നിന്നും മുക്തിയായി. അവന്‌ അവിദ്യയാല്‍ പുനര്‍ജന്മങ്ങളെടുക്കേണ്ടി വരികയില്ല. ചിലപ്പോള്‍ ഇപ്പറഞ്ഞ ശാശ്വതസത്യം എന്നത്‌ ഉള്ളതാണോ എന്ന സംശയം ഉണ്ടായേക്കാം. അപ്പോഴും അന്വേഷണം നിര്‍ത്തരുത്‌. കാരണം ജീവിതത്തിന്റെ സ്വഭാവത്തെപ്പറ്റിയുള്ള സമഗ്രമായ അന്വേഷണം ദു:ഖങ്ങളെ നേരിടാനും വേദനകളുടെ തീവ്രതയെ കുറയ്ക്കാനും നമ്മെ പര്യാപ്തമാക്കും. എന്നാല്‍ ശാശ്വതസത്യമെന്നത്‌ ഉണ്മയാണെങ്കിലോ, പരമശാന്തിയും ബന്ധനവിമുക്തിയുമാണ്‌ ഫലം.

ശാശ്വതമായ സത്യം കണ്ടെത്താന്‍ യാഗകര്‍മ്മാദികളോ തീര്‍ത്ഥാടനങ്ങളോ ധനമോ കൊണ്ടു സാധിക്കയില്ല.ശരിയായ അറിവിന്റെ വെളിച്ചത്തില്‍ പക്വപ്പെടുന്ന മനോനിയന്ത്രണം കൊണ്ടുമാത്രമേ അതു സാദ്ധ്യമാവൂ. മനുഷ്യരും, ദേവന്മാരും, ഉപദേവതകളും എന്നുവേണ്ട എല്ലാവരും എല്ലായ്പ്പോഴും -കിടക്കുമ്പോഴും ഇരിക്കുമ്പോഴും വീഴുമ്പോഴും- നിരന്തരം, മനസ്സിനെയടക്കാനുള്ള, ആത്മനിയന്ത്രണത്തിനുള്ള വഴികളിലൂടെ മാത്രമേ സഞ്ചരിക്കാവൂ. അറിവിന്റെ സഫലതയാണു മനോനിയന്ത്രണം. മനസ്സ്‌ പ്രശാന്തവും, നിര്‍മ്മലവും, മോഹവിഭ്രാന്തിയാല്‍ ബാധിക്കപ്പെടാതെയും, അനാസക്തവും ആകുമ്പോള്‍ അതിന്‌ മറ്റൊരു വസ്തുവും കൈവശപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടതില്ല. ഇതാണ്‌ ഞാന്‍ മുന്‍പു പറഞ്ഞ നാലു ദ്വാരപാലകരില്‍ ഒരാളായ 'ആത്മനിയന്ത്രണം'.

ശുഭോദര്‍ക്കമായതും നന്മയുള്ളതുമായ എല്ലാം ആത്മനിയന്ത്രണത്തിന്റെ പരിണിതഫലമത്രേ. തിന്മകളേയും ദുഷ്ടതയേയും അതില്ലാതാക്കുന്നു. യാതൊരുനേട്ടങ്ങളും- സ്വര്‍ഗ്ഗം പോലും ആത്മനിയന്ത്രണപ്രഹര്‍ഷത്തിനൊപ്പം വരില്ല. അതിനെ താരതമ്യപ്പെടുത്താന്‍ മറ്റൊരു ആനന്ദാവസ്ഥയുമില്ല. അപ്രകാരമുള്ള ഒരാള്‍ എല്ലാവര്‍ക്കും വിശ്വാസപാത്രമാണ്‌. അസുരവര്‍ഗ്ഗവും പിശാചുക്കള്‍ പോലും അവനെ വെറുക്കുന്നില്ല. രാമ:, ആത്മനിയന്ത്രണമാണ്‌ ശാരീരികവും മാനസീകവുമായ എല്ലാ വേദനകള്‍ക്കുമുള്ള ഒറ്റമൂലി. അത്മനിയന്ത്രണമുള്ളവന്‌ കിട്ടുന്ന ഭക്ഷണമെല്ലാം കയ്പ്പുണ്ടെങ്കില്‍ പ്പോലും സ്വാദുറ്റതാവുന്നു. ഈ കവചമണിഞ്ഞവന്‌ ദു:ഖത്തിന്റെ ആക്രമണം ഏശുകയില്ല.

ഏതൊരുവന്‍ പ്രിയമോ അപ്രിയമോ ആയി കണക്കാക്കപ്പെടുന്ന വസ്തുക്കള്‍ അമിതാഹ്ലാദമോ ദു:ഖമോ ഇല്ലാതെ കേള്‍ ക്കുകയും, കാണുകയും, തൊടുകയും മണക്കുകയും, സ്വാദുനോക്കുകയും ചെയ്യുന്നവോ അവന്‍ ആത്മനിയന്ത്രണം വന്നവനാണ്‌. അവന്‍ എല്ലാറ്റിനേയും സമദൃഷ്ടിയോടെ കാണുന്നു. സുഖദു:ഖങ്ങളെ ഇന്ദ്രിയനിയന്ത്രണം കൊണ്ട്‌ വരുതിയിലാക്കുന്നു. "അഗാധനിദ്രയില്‍ ഒരുവന്‌ ആരോടും വെറുപ്പോ അഭിനിവേശമോ ഇല്ലാത്തതുപോലെ ഒപ്പം ഇടപഴകി ജീവിക്കുമ്പോഴും ആത്മനിയന്ത്രണമുള്ളവനെ മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ ബാധിക്കുന്നില്ല."


വിചാരാജ്ജ്ഞായതേ തത്ത്വം തത്ത്വാദ്വിശ്രാന്തിരാത്മനി
അതോ മനസി ശാന്തത്വം സർവ ദു:ഖ പരീക്ഷയ: (2/14/53)


വസിഷ്ഠന്‍ തുടര്‍ന്നു:: രണ്ടാമത്തെ കാവല്‍ക്കാരനായ 'ആത്മാന്വേഷണം' നടത്തേണ്ടത്‌ വേദശാസ്ത്രങ്ങളിലെ അറിവിന്റെ വെളിച്ചത്തില്‍ ശുദ്ധമാക്കിയ ബുദ്ധികൊണ്ടാണ്‌. ഈ അന്വേഷണം ഇടമുറിയാതെ തുടരുന്നതുമൂലം ബുദ്ധി അതിസൂക്ഷ്മനിശിതമാവുകയും പരമസാക്ഷാത്കാരത്തിനു പാകപ്പെടുകയും ചെയ്യും. അതിനാല്‍ സംസാരമെന്ന ഈ മാറാരോഗത്തിനുള്ള പ്രതിവിധി ആത്മാന്വേഷണം തന്നെയാണ്‌. ജ്ഞാനിയെ സംബന്ധിച്ചിടത്തോളം പ്രാബല്യം, ബുദ്ധിസാമര്‍ത്ഥ്യം, കാര്യക്ഷമത, സമയോചിത പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ അന്വേഷണത്തിന്റെ ഫലപ്രാപ്തികളാണ്‌. രാജപദവി, ഐശ്വര്യം, സുഖഭോഗങ്ങള്‍, പിന്നെ അവസാനം മുക്തിപദപ്രാപ്തി, എല്ലാം ആത്മാന്വേഷണഫലങ്ങളത്രേ. ചിന്താരഹിതനായ വിഡ്ഢിയെ ബാധിക്കുന്നതരം ദുരിതങ്ങളില്‍ നിന്ന് സാധകന്‍ വിമുക്തനാണ്‌. അന്വേഷണത്വരിതമല്ലാത്തതുകൊണ്ട്‌ മന്ദമായ മനസ്സിന്‌ നിലാവിന്റെ ശീതളിമപോലും ഭയാനകമായ ആയുധങ്ങളായിത്തീരുന്നു. എല്ലാ ഇരുണ്ടമൂലകളിലും ബാലിശമായ ഭാവനകളാല്‍ അവന്‍ ഭൂതപിശാചുക്കളെ കാണുന്നു. അതുകൊണ്ട്‌ ആത്മാന്വേഷണമില്ലാത്തവന്‍ തീര്‍ച്ചയായും ദുരിതങ്ങളുടെ കലവറ തന്നെയാണ്‌. ആത്മാനുസന്ധാനമില്ലാത്ത ഒരുവന്‍ ചെയ്യുന്ന പ്രവൃത്തികള്‍ തനിക്കും മറ്റുള്ളവര്‍ക്കും ദോഷകരമായി പലവിധ മാനസീകവ്യാഥികള്‍ ക്കും ഇടവരുത്തുന്നു. ആയതിനാല്‍ അത്തരക്കാരുമായുള്ള സഹവാസം ഒഴിവാക്കണം.

ആരിലാണോ ആത്മാനുസന്ധാനപ്രവണത ഉണര്‍ന്നിരിക്കുന്നത്‌ അവന്‍ ലോകത്തെ ഭാസുരമാക്കുന്നു; താനുമായി ബന്ധപ്പെടുന്നവരെയെല്ലാം പ്രബുദ്ധരാക്കുന്നു; അജ്ഞാനാവരണം മൂലം മനസ്സുണ്ടാക്കുന്ന ഭൂതപിശാചുക്കളെ ഉന്മൂലനം ചെയ്യുന്നു; ഇന്ദ്രിയസുഖഭോഗങ്ങളുടേയും വസ്തുക്കളുടേയും വ്യര്‍ത്ഥതയെപ്പറ്റി ബോധ്യപ്പെടുത്തുന്നു. രാമ: ശാശ്വതവും മാറ്റങ്ങളില്ലാത്തതുമായ സത്യത്തെക്കുറിച്ച്‌ ആത്മാന്വേഷണത്തിന്റെ വെളിച്ചത്തില്‍ ഒരുവനില്‍ അറിവുണ്ടാകുന്നു. ഇതു പരമവിജ്ഞാനമാണ്‌. അവന്‌ മോഹവും ആസക്തിയുമില്ല. അവന്‍ കര്‍മ്മവിമുഖനോ കര്‍മ്മത്തില്‍ മുഴുകിയവനോ അല്ല.അവന്‍ ഈ ലോകത്തില്‍ സാധാരണക്കാരെപ്പോലെ ജീവിച്ച്‌ ആയുസ്സൊടുങ്ങി മരിക്കുന്നു. പക്ഷേ അവന്‍ ആനന്ദപൂര്‍ണ്ണമായ അവസ്ഥയിലാണ്‌ എത്തിച്ചേരുന്നത്‌. തിരക്കുപിടിച്ച പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ആത്മാന്വേഷണദൃഷ്ടി ഉപേക്ഷിക്കപ്പെടുന്നില്ല.

ഈ 'കാഴ്ച്ച'യില്ലാത്തവന്റെ കാര്യം കഷ്ടമെന്നേ പറയാവൂ. ചെളിവെള്ളത്തില്‍ കളിക്കുന്ന തവളയുടെ ജന്മവും, ചാണകത്തില്‍ പുളയുന്ന പുഴുവിന്റെ ജീവിതവും, മാളത്തിലിഴയുന്ന പാമ്പിന്റെ പൊറുതിയും ആത്മാന്വേഷണദൃഷ്ടിയില്ലാത്ത മനുഷ്യന്റെ ജീവിതത്തേക്കാള്‍ മഹത്തരമത്രേ.

എന്താണീ അന്വേഷണം? "ഞാന്‍ ആരാണ്‌" എന്ന നിരന്തരമായ അന്വേഷണമാണിത്‌. "എങ്ങിനെയാണ്‌ ഈ സംസാരമെന്ന ദുരിതം ഉണ്ടായത്‌?".

'അത്തരം അന്വേഷണത്തില്‍നിന്നും സത്യം തെളിഞ്ഞു കിട്ടും. ആ അറിവിന്റെ നിറവിലാണ്‌ ഒരുവനില്‍ മന:ശ്ശാന്തി ഉണ്ടാവുന്നത്‌. അങ്ങിനെ, ദുരിതങ്ങള്‍ക്കറുതിവന്ന് എല്ലാ അറിവുകള്‍ക്കുമതീതമായ പരമശാന്തി പ്രശോഭിക്കുന്നു.'

(അന്വേഷണം എന്നാല്‍ കാരണം കണ്ടെത്തുന്നതിനുള്ള അവലോകനമൊന്നുമല്ല. ഒരുവസ്തുവിനെ സമഗ്രവും സൂക്ഷ്മവുമായി നേരേ കാണുക എന്ന പ്രക്രിയയാണത്‌.)



സന്തോഷ: പരമോ ലാഭ: സത്സംഗ: പരമാ ഗതി:
വിചാര: പരമം ജ്ഞാനം ശമോ ഹി പരമം സുഖം (2/16/19)


വസിഷ്ഠന്‍ തുടര്‍ന്നു: ആത്മസംതൃപ്തി, മുക്തികവാടത്തിലെ മറ്റൊരു കാവല്‍ ക്കാരനാണ്‌. സ്വയം സംതൃപ്തിയെന്ന അമൃതുമൊത്തിക്കുടിച്ചവനെ ഇന്ദ്രിയ  സുഖഭോഗങ്ങള്‍ ആസക്തനാക്കുകയില്ല. എല്ലാ പാപങ്ങളേയും ഇല്ലാതാക്കുന്ന സംതൃപ്തിയേപ്പോലെ ഈ ലോകത്തില്‍ ആഹ്ലാദപ്രദമായി മറ്റൊന്നുമില്ല. എന്താണീ ആത്മസംതൃപ്തി? കിട്ടാത്ത വസ്തുക്കളില്‍ ആസക്തിലേശമില്ലാതെയും സ്വയമേവ വന്നുചേരുന്നവയില്‍ തൃപ്തനായും, രണ്ടിലും വിഷാദം, സന്തോഷം തുടങ്ങിയ വികാരവായ്പ്പുകള്‍ കൂടാതേയും ഇരിക്കുന്ന അവസ്ഥയാണിത്‌. ആത്മസംതൃപ്തിയില്ലാത്തവന്‌ വിഷാദം സഹജം. എന്നാല്‍ ആത്മസംതൃപ്തിയുള്ളവനോ, ഒന്നും 'സ്വന്ത്‌'മായി ഇല്ലാത്തപ്പോഴും അവന്‍ ലോകത്തിന്റെ മുഴുവന്‍ അധിപനാണ്‌. അവന്റെ ഹൃദയം നിര്‍മലമായി ലോകത്തോളം വികസിതമാവുന്നു.

സത്സംഗം - സദ്ജനങ്ങളുടെ, മഹാത്മാക്കളുടെ, പ്രബുദ്ധരുമായുള്ള സംസര്‍ഗ്ഗം - മുക്തികവാടത്തിലെ മറ്റൊരു കാവലാളാണ്‌. സത്സംഗം ഒരുവന്റെ ബുദ്ധിയെ പ്രചോദിപ്പിച്ച്‌ അജ്ഞാനത്തെ നീക്കി മാനസീകാസ്വാസ്ഥ്യങ്ങളെ അകറ്റാന്‍ സഹായിക്കുന്നു. എന്തു ത്യാഗം സഹിച്ചും, എന്തു വിലകൊടുത്തും സത്സംഗത്തെ അവഗണിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം അത്‌ ജീവിതപ്പാതയിലെ കെടാവിളക്കാണ്‌. ദാനധര്‍മ്മാദികള്‍, തപസ്സ്‌, തീര്‍ത്ഥാടനം, യാഗകര്‍മ്മങ്ങള്‍ എന്നിവയേക്കാളേറെ ഉയരെയാണ്‌ സത്സംഗത്തിന്റെ സ്ഥാനം.

ഹൃദയത്തിലെ അജ്ഞാനാന്ധകാരം നീങ്ങി സത്യസാക്ഷാത്കാരം നേടിയ മഹാത്മാക്കളെ കഴിവിന്റെ പരമാവധി ബഹുമാനിച്ച്‌ പൂജിക്കണം. മഹാത്മാക്കളെ ബഹുമാനിക്കാത്തവന്‌ ദുരിതമോചനം ലഭിക്കുകയില്ല. ഈ നാലുകാവല്‍ക്കാരാണ്‌ - ആത്മസംതൃപ്തി, സത്സംഗം, അത്മാന്വേഷണത്വര, ആത്മസംയമനം എന്നിവ സംസാരസാഗരത്തില്‍ മുങ്ങുന്നവന്റെ രക്ഷാമാര്‍ഗ്ഗങ്ങള്‍.

"ആത്മസംതൃപ്തി പരമപ്രധാനമാണ്‌. സത്സംഗം ലക്ഷ്യമാര്‍ഗ്ഗത്തിലെ ഉത്തമ സഹയാത്രികരാണ്‌. ആത്മാന്വേഷണം പരമാര്‍ത്ഥലാഭം തന്നെയാണ്‌. ആത്മ നിയന്ത്രണം പരമാനന്ദപ്രദമാണ്‌."

ഈ നാലും ഒരുപോലെ അനുഷ്ഠിക്കാനാവുന്നില്ലെങ്കില്‍ ഏതെങ്കിലുമൊന്ന് ആചരിക്കുക. ജാഗരൂകമായി ഇവയിലൊന്നനുഷ്ഠിച്ചു പക്വതവരുമ്പോള്‍ മറ്റുള്ളവ സ്വയം നിന്നെ തേടിയെത്തിക്കൊള്ളും. പരം പൊരുള്‍ സ്വയം നിന്നില്‍ ഉണരുകയും ചെയ്യും. നീ ഒരു ദേവനോ, ഉപദേവതയോ, മരമോ ആരുതന്നെ ആയിക്കൊള്ളട്ടെ, മനസ്സ്‌ എന്ന മദയാനയെ ഈ നാലു ഗുണങ്ങളാല്‍ മെരുക്കാതെ നിനക്ക്‌ പുരോഗതിയുണ്ടാവുകയില്ല. അതിനാല്‍ രാമ: ഈ ഉത്തമ സ്വഭാവങ്ങള്‍ ഏതുവിധേനേയും വളര്‍ത്തിക്കൊണ്ടുവരാന്‍ പരിശ്രമിച്ചാലും.


ദീപേ യഥാ വിനിദ്രസ്യ ജ്വലിതേ സം പ്രവർത്തതേ
അലോകോനിച്ഛതോപ്യേവം നിർവാണമനയാഭവേത് (2/17/7)


വസിഷ്ഠന്‍ പറഞ്ഞു: ഞാന്‍ വെളിപ്പെടുത്തുവാന്‍ പോകുന്ന വിജ്ഞാനമാര്‍ജ്ജിക്കാന്‍ മുന്‍പേ പറഞ്ഞ യോഗ്യതകള്‍ ഒരുവന്‍ സ്വായത്തമാക്കിയിരിക്കണം. രാമ: താങ്കള്‍ അങ്ങിനെ യോഗ്യനാണെന്നു ഞാനറിയുന്നു. മുക്തിപദപ്രാപ്തിക്കു പാകം വന്നവനേ ഇതു ശ്രവിക്കാന്‍ വെമ്പല്‍ കൊള്ളുകയുള്ളു താനും. "എന്നാല്‍ ഒരുവന്‌ ആഗ്രഹമില്ലെങ്കില്‍ കൂടി ഈ വിദ്യ അവനെ മുക്തിയിലേയ്ക്കു നയിക്കും. ഉറങ്ങിക്കിടക്കുന്നവന്റെ കണ്ണുകളേയും പ്രകാശമാനമാക്കാന്‍ വെളിച്ചത്തിനു കഴിയുമല്ലോ". കയറില്‍ പാമ്പിനെ ആരോപിച്ചു കണ്ടതിന്റെ ഭയം കയറിന്റെ സത്യാവസ്ഥ തിരിച്ചറിയുന്നതോടെ ഇല്ലാതാവുന്നു. അങ്ങിനെ ഭയജന്യമായിരുന്ന പാമ്പ്‌ അപ്രത്യക്ഷമാവുന്നതുപോലെ സംസാരദുരിതത്തില്‍ നിന്നും ഈ പഠനം കൊണ്ട്‌ മനുഷ്യന്‍ മോചിതനാവുന്നു.


കുറിപ്പ്‌:
ആകാശം എന്നാല്‍ മാനം, അളവ്‌ എന്നെല്ലാം അര്‍ത്ഥം. പുസ്തകത്തില്‍ മൂന്നു പ്രധാന വാക്കുകള്‍ വരുന്നുണ്ട്‌. ചിദാകാശം, ചിത്താകാശം, പിന്നെ ഭൂതാകാശം. ചിദാകാശമെന്നാല്‍ ബോധമണ്ഡലം. ചിത്താകാശമെന്നാല്‍ മനോമണ്ഡലം. ഭൂതാകാശമെന്നാല്‍ ധാതുമണ്ഡലം. ഭഗവാന്‍ രമണമഹര്‍ഷി ഈ മൂന്നു ധാരണകളെ ഭംഗിയായി വിവരിച്ചിട്ടുണ്ട്‌.

"ചിദാകാശം ആത്മസ്വരൂപമെന്നു പറയപ്പെടുന്നു. മനസ്സുകൊണ്ടുമാത്രമേ ഇതു കാണാന്‍ കഴിയൂ. അപ്പോള്‍പ്പിന്നെ മനസ്സൊടുങ്ങിയാല്‍ ആത്മസ്വരൂപം എങ്ങിനെ ദര്‍ശിക്കാനാവും?" ഒരാള്‍ ചോദിച്ചു. ഭഗവാന്‍ പറഞ്ഞു: "ആകാശത്തെ ഉദാഹരണമാക്കിയെടുത്താല്‍ അതിന്‌ മൂന്നു വിഭിന്ന ഭാവങ്ങളുണ്ട്‌. ചിദാകാശം, ചിത്താകാശം, ഭൂതാകാശം എന്നിവ. ചിദാകാശത്തില്‍നിന്നും 'ഞാന്‍ ' എന്നങ്കുരിക്കുന്ന 'സ്വ'ഭാവമാണ്‌ ചിത്താകാശം. ചിത്താകാശം താനേ വികസ്വരമായി പഞ്ചഭൂതങ്ങളുടെ ആകൃതിയെ പ്രാപിക്കുമ്പോള്‍ അത്‌ ഭൂതാകാശമായി. ചിത്താകാശം, ചിദാകാശത്തെ കാണാതെ ഭൂതാകാശത്തെ മാത്രം കാണുമ്പോള്‍ അതിനെ 'മനോ ആകാശം' എന്നു പറ യുന്നു. എന്നാല്‍ ഭൂതാകാശത്തെ കാണാതെ ചിദാകാശത്തെ മാത്രം ദര്‍ശിക്കുമ്പോള്‍ അതിനെ 'ചിന്മയം' - ശുദ്ധബോധം എന്നു പറയുന്നു. മനസ്സു വിലയിക്കുന്നു എന്നു പറഞ്ഞാല്‍ നാനാത്വസ്വഭാവമാര്‍ന്ന വസ്തുബോധം മറഞ്ഞ്‌ ഏകവസ്തു എന്ന ആശയം പ്രകടമാവുന്നു എന്നര്‍ത്ഥം. അപ്പോള്‍ എല്ലാം സ്വാഭാവികമായും സ്വരൂപമായി കാണപ്പെടുന്നു."

ആകാശം എന്നതിന്‌ 'മാനം' എന്ന അര്‍ത്ഥം കൂടുതല്‍ ഉചിതമാണെന്നു തോന്നുന്നു. (ഉദാഹരണത്തിന്‌ ത്രിമാനം). അനന്തബോധത്തെ ചിദാകാശമായും, ചിത്താകാശമായും ഭൂതാകാശമായും കാണുമ്പോള്‍ അത്‌ ആത്മീയം, മാനസീകം അല്ലെങ്കില്‍ ധാരണാപരം, ഭൌതീകം എന്നീ മാനങ്ങളുള്ളതായി പറയാം.

http://yogavasishtamnithyaparayanam.blogspot.com/2012/05/032-032.html

No comments:

Post a Comment