Sunday, February 3, 2013

മായാചക്രം

Wheel of Life

രാമന്‍ ചോദിച്ചു: മഹാത്മന്‍, പക്ഷെ ഇത്ര ശക്തിയോടെ ചുറ്റുന്ന ഈ മായാചക്രത്തെ എങ്ങിനെയാണ് നാം നിയന്ത്രിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: മനസ്സിനെ അച്ചുതണ്ടാക്കിയാണീ മായ ചുറ്റിക്കറങ്ങുന്നത്. അങ്ങിനെയാണത് ഭ്രമാത്മകമായ മനസ്സിനെ മായികതയില്‍ തളയ്ക്കുന്നത്. തീവ്രമായ സ്വപരിശ്രമത്തിലൂടെയും ബുദ്ധിശക്തിയിലൂടെയുമാണീ ചുറ്റല്‍ അവസാനിപ്പിക്കുവാന്‍ കഴിയുക. അച്ചുതണ്ട് അനങ്ങാതിരുന്നാല്‍പ്പിന്നെ ചക്രമുരുളുകയില്ലല്ലോ. അതുപോലെ മനസ്സ് നിലച്ചാല്‍പ്പിന്നെ മായക്കാഴ്ചയില്ല. ഈ വിദ്യ അറിയാത്തവരും അഭ്യസിക്കാത്തവരും അന്തമറ്റ ദുരിതങ്ങളിലൂടെ കടന്നുപോകുന്നു. എന്നാല്‍ സത്യം വെളിപ്പെട്ടാലുടന്‍ ദു:ഖങ്ങള്‍ക്കറുതിയായി. മനസ്സിനെ കീഴടക്കുക എന്ന ഒരൊറ്റ മരുന്നേയുള്ളു ലോകമെന്ന ഈ ‘തെറ്റിദ്ധാരണയെ’ അല്ലെങ്കില്‍ ഭവരോഗത്തെ ഇല്ലാതാക്കാന്‍... അതുകൊണ്ട് രാമാ, തീര്‍ത്ഥാടനം, ദാനം, അനുഷ്ഠാനങ്ങള്‍ എല്ലാമുപേക്ഷിച്ച് മനസ്സിനെ നിന്റെ വരുതിയില്‍ നിര്‍ത്താന്‍ പരിശ്രമിക്കൂ.

ഈ പ്രത്യക്ഷലോകം മനസ്സിലാണ് കുടികൊള്ളുന്നത്. ഒരു കുടം പൊട്ടുമ്പോള്‍ കുടത്തിനകത്തെ പരിമിതമായ ആകാശം ‘ഇല്ലാതാവുന്നത്’ കുടാകാശമെന്ന സങ്കല്‍പ്പസീമ ഇല്ലാതാവുന്നതിനാലാണ്. അതുപോലെ മനസ്സില്ലാതെയാവുമ്പോള്‍  മനസ്സിനകത്തെ സങ്കല്‍പ്പജന്യമായ ലോകവും ഇല്ലാതെയാകും. കുടമുടയുമ്പോള്‍ അതില്‍ക്കുടുങ്ങിയിരുന്ന എറുമ്പിനും സഞ്ചാര സ്വാതന്ത്ര്യമായി. അതുപോലെ മനസ്സില്ലാതാകുന്നതോടെ മനസ്സിലുള്ളിലെ പരിമിതമായ ലോകസങ്കല്‍പ്പവും ഇല്ലാതായി. നിനക്കു മുക്തിയായി.

“ബോധത്തെ പ്രയത്നലേശം കൂടാതെ ബാഹ്യാഭിമുഖമാക്കി ഇവിടെ, ഇപ്പോള്‍ , വര്‍ത്തമാനത്തില്‍ ജീവിക്കൂ. മനസ്സ് ഭൂത-ഭാവി കാര്യങ്ങളിലേയ്ക്ക് കോര്‍ത്തു ബന്ധിപ്പിക്കാതെയിരുന്നാല്‍ അത് മനസ്സില്ലാത്ത അവസ്ഥയാണ് (അമനസ്സ്). അനുനിമിഷം മനസ്സ് അതതുകാര്യങ്ങളിലേര്‍പ്പെട്ട് അയത്നലളിതമായി അവിടെത്തന്നെ ഉപേക്ഷിക്കുന്നതായാല്‍പ്പിന്നെ ‘അമനസ്സായി’. പരിപൂര്‍ണ്ണ നൈര്‍മ്മല്യമായി."  

മനസ്സ്ചഞ്ചലപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് അത് സ്വന്തം വിക്ഷേപങ്ങളാകുന്ന വൈവിദ്ധ്യത അനുഭവിക്കുന്നത്. മേഘങ്ങളുണ്ടെങ്കില്‍ മാത്രമാണല്ലോ മഴപെയ്യുക. അനന്താവബോധം സ്വയം ഒരു മനസ്സിന്റെ പരിമിതിയില്‍ നില്‍ക്കുമ്പോഴാണ് വിക്ഷേപം സംഭവിക്കുക. എന്നാല്‍ അനന്താവബോധം പരിമിതമനസ്സെന്ന ഒന്നിലേയ്ക്കു ചുരുങ്ങാതിരിക്കുമ്പോള്‍ ജനനമരണചക്രമെന്ന മായയുടെ വേര് തന്നെ കരിഞ്ഞുപോയി എന്നര്‍ത്ഥം. അവിടെ പരിപൂര്‍ണ്ണതയായി.

യോഗവാസിഷ്ഠം നിത്യപാരായണം
ചേതനം ചിത്തരിക്തം ഹി പ്രത്യക്ചേതന മുച്യതേ
നിര്‍മനസ്കസ്വഭാവം തന്ന തത്ര കലനാമല: (5/50/21)

വസിഷ്ഠന്‍ തുടര്‍ന്നു: “മനസ്സിന്റെ പരിമിതികള്‍ ബാധിക്കാത്ത ബോധമാണ് ചേതന, അല്ലെങ്കില്‍ ബുദ്ധിശക്തി. അതാണ്‌ ‘അമനസ്സിന്റെ’ സഹജഭാവം. അതില്‍ ധാരണകള്‍ , ആശയസങ്കല്‍പ്പങ്ങള്‍ എന്നീ മലിനതകളില്ല.” അതാണ്‌ പരമമായ അവബോധം. പരമാത്മാവിന്റെ തലമാണത്. അത് സര്‍വ്വവ്യാപിയാണ്. ദുഷ്ടമനസ്സു വര്‍ത്തിക്കുമ്പോള്‍ ആ ദിവ്യദര്‍ശനം സാദ്ധ്യമല്ല. മനസ്സുള്ളിടത്തു ആശകളുണ്ട്, പ്രത്യാശകളുണ്ട്, സുഖദു:ഖങ്ങളുമുണ്ട്.    

സത്യത്തിലേയ്ക്ക് ഉണര്‍ന്ന ബോധം ധാരണാപരിമിതികളുടെ കുഴിയില്‍ വീഴുന്നില്ല. അതുകൊണ്ട് മാനസീകമായി പലേ ഭാവങ്ങളിലൂടെ, അനുഭവങ്ങളിലൂടെ, കടന്നുപോകുമ്പോഴും ആ ബോധം ലോകമെന്ന മായക്കാഴ്ചയോ  പ്രത്യക്ഷലോകമെന്ന ആവര്‍ത്തനമോ ഉണ്ടാക്കുന്നില്ല.
വേദശാസ്ത്രപഠനത്തിലൂടെ അറിവുണര്‍ന്നവര്‍ , മഹാത്മാക്കളുടെ സത്സംഗം ഹേതുവായും ജാഗരൂകമായ സത്യാന്വേഷണത്താലും അഭ്യാസത്താലും വിഷയാനുബദ്ധമല്ലാത്ത ഒരവസ്ഥയെ പ്രാപിച്ചവരാണ്. അതിനാല്‍ ഒരു സാധകന്‍ തന്റെ മനസ്സിനെ അജ്ഞതയില്‍നിന്നും ചാഞ്ചല്യത്തില്‍നിന്നും ബലമായിത്തന്നെ നീക്കി ശാസ്ത്രപഠനത്തിലേയ്ക്കും സത്സംഗത്തിലേയ്ക്കും ഉന്‍മുഖമാക്കണം. അനന്താവബോധത്തെ, പരമാത്മാവിനെ സാക്ഷാത്ക്കരിക്കാന്‍ ഒരേയൊരു വഴി ആത്മജ്ഞാനം മാത്രമേയുള്ളു. ഒരുവന്റെ ദു:ഖനിവാരണത്തിനായുള്ള ഏക മാര്‍ഗ്ഗം ആത്മാവിനെ സ്വയമറിയുക എന്നത് മാത്രമാണ്.
     
അതുകൊണ്ട് രാമാ നീയീ ലോകത്ത് കര്‍മ്മനിരതനായിരിക്കുമ്പോഴും മനസ്സിന് പിടികൊടുക്കാതെ സ്വയം ശുദ്ധബോധമാണെന്നറിയുക. അതനുഭവമാക്കുക. ‘ഇതെന്റേത്, അത് അയാള്‍ , ഇത് ഞാന്‍’ തുടങ്ങിയ ഭേദചിന്തകള്‍ ഉപേക്ഷിച്ച് അവിച്ഛിന്നമായ ആ ഏകതയില്‍ അഭിരമിക്കൂ. ദേഹമുള്ളിടത്തോളം കാലം വര്‍ത്തമാനവും ഭാവിയും ഒരേബോധത്തോടെ സമതാഭാവത്തില്‍ കാണുക. എപ്പോഴും – സുഖദു:ഖങ്ങളിലും, യൌവനത്തിലും, വാര്‍ദ്ധക്യത്തിലും, നടക്കുമ്പോഴും, സ്വപ്നം കാണുമ്പോഴും, ദീര്‍ഘസുഷുപ്തിയിലും എല്ലാം ആ അനന്താവബോധത്തില്‍ വിലീനനാവൂ. വിഷയധാരണകള്‍ , ആശാസങ്കല്‍പ്പങ്ങള്‍ , എന്നീ മാലിന്യങ്ങളാല്‍ കളങ്കപ്പെടാതെ ആത്മജ്ഞാനത്തില്‍ അഭിരമിക്കൂ.
       
പാവനമെന്നും അല്ലെന്നും സംഭവങ്ങളെ തരംതിരിക്കാതെ ഇഷ്ടാനിഷ്ടങ്ങളെന്ന വേര്‍തിരിവ് മാറ്റിവച്ച് നീ ബോധസ്വരൂപമാണെന്നു തിരിച്ചറിയുക. വിഷയങ്ങളോ വിഷയിയോ കര്‍മ്മങ്ങളോ നിന്നെ ബാധിക്കയില്ലെന്നു തിരിച്ചറിയുക. അങ്ങിനെ നീ ശുദ്ധബോധസ്വരൂപമായി നിലകൊണ്ടാലും.  ജാഗ്രദവസ്ഥയില്‍ ‘ഞാനാണല്ലാമെല്ലാം’ എന്ന അറിവുറപ്പിച്ച് ദീര്‍ഘനിദ്രയിലെന്നപോലെ നിര്‍മമനായി വാഴുക. ദ്വൈതാദ്വൈതഭാവങ്ങളുടെ തരം തിരിവുകളെപ്പറ്റി വ്യാകുലപ്പെടാതെ സമതുലിതാവസ്ഥയെ പ്രാപിച്ചാലും. ശുദ്ധബോധത്തിന്റെയും പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തിന്റെയും ഉന്നതതലമാണത്.

അനന്തമായ വിശ്വാവബോധത്തെ ‘ഞാന്‍’ ‘മറ്റുള്ളവര്‍ ’ എന്നിങ്ങനെ ദ്വൈതഭാവത്തില്‍ തരംതിരിക്കാന്‍ സാധിക്കുകയില്ല എന്ന പരമസത്യം നിന്റെ മനസ്സില്‍ രൂഢമൂലമാകട്ടെ


ഭോഗാഭോഗതിരസ്കാരൈ: കാര്യം നേയം ശനൈര്‍മന:
രസാപഹാരൈസ്തജ്ഞേന കാലേനാജീര്‍ണ്ണപര്‍ണ്ണവത്  (5/50/56)

വസിഷ്ഠന്‍ തുടര്‍ന്നു: ക്ഷമയും അവധാനതയും കൊണ്ട് സമ്പന്നവും  അപരിമേയവുമായ ബുദ്ധിശക്തിയാല്‍ അശാപാശങ്ങളുടെ, പ്രത്യാശകളുടെ കെട്ടുകള്‍ പൊട്ടിച്ച് ധര്‍മ്മാധര്‍മ്മങ്ങള്‍ക്കുമപ്പുറം ഉയരുക. ആത്മജ്ഞാനത്തില്‍ വേരുറച്ചവനെ സംബന്ധിച്ചിടത്തോളം കൊടിയ വിഷംപോലും അമൃതസമാനമാണ്. അനന്താവബോധത്തെ മൂടി മറയ്ക്കുന്ന അജ്ഞാനാന്ധകാരം മൂലമാണ് ലോകമെന്ന ഈ ഭ്രമക്കാഴ്ച മനസ്സില്‍ സംജാതമാവുന്നത്.

എന്നാല്‍ അനന്തവും അപരിമേയവും ഉപാധികളില്ലാത്തതുമായ ആത്മജ്ഞാനത്തില്‍ അടിയുറച്ചാല്‍പ്പിന്നെ ലോകമെന്ന ഭ്രമക്കാഴ്ച നല്‍കുന്ന മായയ്ക്കവസാനമായി. പിന്നെ നാനാ ദിശകളില്‍നിന്നും ജ്ഞാനത്തിന്റെ വിവേകവെളിച്ചം ലോകം മുഴുവന്‍ പ്രസരിക്കുകയായി. ആത്മജ്ഞാനത്തില്‍ അഭിരമിച്ച് ആ അമൃതാസ്വദിക്കുന്നവര്‍ക്ക് ഇന്ദ്രിയസുഖങ്ങള്‍ തുലോം വേദനാജനകമത്രേ. ആത്മജ്ഞാനികളുമായി മാത്രമേ നമുക്ക് സംഗം അഭികാമ്യമായുള്ളു. കാരണം മറ്റുള്ളവര്‍ മനുഷ്യവേഷം കെട്ടിയ കഴുതകളത്രേ!. ഗജകേസരികള്‍ നീണ്ട കാലടിവെച്ചു നടക്കുന്നതുപോലെ ബോധതലത്തിന്റെ ഉത്തുംഗസീമകളിലെത്തിയ ഋഷിവര്യന്മാര്‍ , വീണ്ടും ആ പാതയില്‍ ഉയര്‍ന്നുയര്‍ന്നു പോവുന്നു.

അവര്‍ക്ക് ബാഹ്യമായ സഹായങ്ങള്‍ ഒന്നുമില്ല. അവരുടെ പാതയെ ഭാസുരമാക്കാന്‍ പോന്നത്ര പ്രഭയുള്ള മറ്റൊരു സൂര്യന്മാരുമില്ല. ആത്മജ്ഞാനം മാത്രമാണവരുടെ പാതയിലെ വെളിച്ചം. വാസ്തവത്തില്‍ സൂര്യചന്ദ്രന്മാര്‍ അവരുടെ പ്രജ്ഞയ്ക്ക് വിഷയമല്ല. കാരണം അവര്‍ വിഷയധാരണകള്‍ക്കപ്പുറം, അറിവുകള്‍ക്കപ്പുറം,  എത്തിയിരിക്കുന്നു. മധ്യാഹ്നസൂര്യന്റെ വെളിച്ചത്തില്‍ ചെറിയൊരു വിളക്കിനെന്താണ് പ്രസക്തി? ഔന്നത്യത്തിന്റെ ഉച്ചകോടിയിലുള്ള എല്ലാറ്റിന്റെയും മുകളിലാണ് ആത്മജ്ഞാനി. പ്രഭ, മാഹാത്മ്യം, ശക്തി, എന്നുവേണ്ട എല്ലാ സല്‍ഗുണങ്ങളുടെയും പൂര്‍ണ്ണത അയാളില്‍ കാണാം.

ഈ മഹര്‍ഷിമാര്‍ സൂര്യനെപ്പോലെ, ചന്ദ്രനെപ്പോലെ, അഗ്നിയെപ്പോലെ, നക്ഷത്രങ്ങള്‍ ഒന്നുചേര്‍ന്നതുപോലെ, പ്രഭാപൂരിതരാണ്. അതുപോലെ ആത്മജ്ഞാനം ലഭിക്കാത്തവര്‍ കീടാണുക്കളേക്കാള്‍ നികൃഷ്ടരത്രേ. ഭ്രമക്കാഴ്ച എന്ന ദുര്‍ഭൂതം ബാധിക്കുന്നത് ആത്മജ്ഞാനമില്ലാത്തവരെ മാത്രമാണ്. ആജ്ഞാനി എപ്പോഴും ദു:ഖാകുലനാണ്. ആ ദു:ഖങ്ങളെ ഇല്ലായ്മ ചെയ്യാന്‍ അയാള്‍ ഉഴറി നടക്കുന്നുണ്ടെങ്കിലും അവ അയാളെ വിട്ടുപോകുന്നില്ല. അയാള്‍ നടക്കുന്നൊരു ശവത്തിനു തുല്യം!. ആത്മജ്ഞാനം ലഭിച്ച ഋഷിയെ മാത്രമേ ജീവിക്കുന്ന, ചേതനയുറ്റ, ഒരു ജീവിയെന്ന് വിളിക്കാനാവൂ.

നിബിഢമായ കാര്‍മേഘങ്ങള്‍ സൂര്യനെ മറയ്ക്കുന്നതുപോലെ മനസ്സ് മാലിന്യം നിറഞ്ഞ് അജ്ഞതയിലാണ്ടിരിക്കുമ്പോള്‍ ആത്മജ്ഞാനം മൂടിമറയ്ക്കപ്പെടുന്നു. “അതിനാല്‍ ഇതുവരെ അനുഭവിക്കാത്ത സുഖങ്ങള്‍ക്കായും പണ്ടനുഭവിച്ച സുഖാനുഭവത്തിന്റെ ആവര്‍ത്തനത്തിനായുമുള്ള ത്വരകള്‍ നാമുപേക്ഷിക്കണം.  സുഖാന്വേഷണമെന്ന വ്യര്‍ഥകര്‍മ്മങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ മനസ്സില്‍ അവകളോടുള്ള പ്രതിപത്തി താനേ കുറഞ്ഞു വരും” എന്നാല്‍ ശരീരം, ഭാര്യ, വീട്, മക്കള്‍ , കുടുംബം തുടങ്ങിയ അനാത്മവസ്തുക്കളോടുള്ള ബന്ധം മനസ്സിനെ അധോഗതിയില്‍ നയിക്കുന്നു.

‘ഞാന്‍’, ‘നീ’, എന്നീ ധാരണകള്‍ മനസ്സിനെ മന്ദവും ജഢിലവുമാക്കുന്നു. ഇത് വാര്‍ദ്ധക്യമെത്തുമ്പോള്‍ കൂടുതല്‍ വഷളാവുന്നു. ദു:ഖം, ആഗ്രഹം, മനോവിഷമങ്ങള്‍ , ഗ്രാഹ്യ-ത്യാജ്യ വിഷയങ്ങള്‍ , അത്യാര്‍ത്തി, ധനത്തിനും ലൈംഗികാസ്വാദനത്തിനുമായുള്ള ത്വര, മറ്റ്‌ ഇന്ദ്രിയ സുഖങ്ങള്‍ക്കായുള്ള തൃഷ്ണ തുടങ്ങിയ എല്ലാം അജ്ഞാനാവരണത്തിന്റെ ഫലമായുണ്ടാവുന്ന ഭ്രമാത്മകത തന്നെയാണ്.


യോഗവാസിഷ്ഠം നിത്യപാരായണം

No comments:

Post a Comment