രാമന്‍ ചോദിച്ചു: മഹാത്മന്‍ , വിഷയവസ്തു സത്യമാണെങ്കില്‍ അത് നശിക്കുകയില്ല. എന്നാല്‍ അത് അസത്താണെങ്കിലും നാം അതിനെ അങ്ങിനെത്തന്നെ അറിയുന്നില്ലെങ്കില്‍ എങ്ങിനെ നമുക്കതിനെ അതിജീവിക്കാനാവും?
http://yogavasishtamnithyaparayanam.blogspot.ca/
വസിഷ്ഠന്‍ പറഞ്ഞു: രാമ: മഹാത്മാക്കള്‍ ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്തിയതായി നമുക്കറിയാം. ആകാശം തുടങ്ങിയ ബാഹ്യവസ്തുക്കള്‍ , 'ഞാന്‍ ' മുതലായ മനോവിഷയങ്ങള്‍ എന്നിവ നിലനില്‍ക്കുന്നത് നാമങ്ങളില്‍ മാത്രമാണ്. "വാസ്തവത്തില്‍ വസ്തുപ്രപഞ്ചമോ, വിഷയാവബോധം കൊള്ളുന്ന ഞാനോ, അവബോധമെന്ന പ്രതിഭാസമോ, ശൂന്യതയോ, ജഢത്വമോ ഒന്നും ഉണ്മയില്‍ നിലനില്‍പ്പുള്ളതല്ല. വിശ്വബോധം (ചിത്ത്) മാത്രമേ ഉണ്മയായിട്ടുള്ളൂ." ഇതിനുള്ളില്‍ മനസ്സാണ് ഇന്ദ്രജാലത്തിലെന്നവണ്ണം നാനാവിഷയങ്ങളും, വൈവിധ്യമാര്‍ന്ന കര്‍മ്മാനുഭവങ്ങളും, ബന്ധനത്തിലാണെന്ന തോന്നലും, ബന്ധവിമോചനത്തിനുള്ള ആഗ്രഹങ്ങളും ഉണ്ടാക്കുന്നത്.
യസ്മാദ്വിഷ്ണവാദയോ ദേവാ: സൂര്യാദിവ മരീചയ:
യസ്മാജ്ജഗന്ത്യാനന്താനി ബുദ്ബുദാ ജലധേരിവ (3/5/9)
രാമന്‍ ചോദിച്ചു: മഹര്‍ഷേ, ഈ മനസ്സ് ആവിര്‍ഭവിച്ചത് എന്തില്‍ നിന്നാണ്? എങ്ങിനെയാണ് അതുത്ഭവിച്ചത്? ദയവായി എന്നെ പ്രബുദ്ധനാക്കിയാലും.
വസിഷ്ഠന്‍ പറഞ്ഞു: വിശ്വമഹാപ്രളയം കഴിഞ്ഞ് അടുത്തയുഗാരംഭത്തിനു മുന്‍പ് വസ്തുപ്രപഞ്ചം പരിപൂര്‍ണ്ണ സംതുലിതാവസ്ത്ഥയിലായിരുന്നു. അവിടെ അനശ്വരനും ഇതുവരെ പിറവിയെടുക്കാത്തവനും സ്വയം പ്രഭയുള്ളവനും, സര്‍വ്വ ശക്തിശാലിയും എല്ലാത്തിന്റെ ഉണ്മയുമായ പരം പൊരുളായി ഈശ്വരന്‍ ഉണ്ടായിരുന്നു. ധാരണകള്‍ക്കും വിശദീകരണങ്ങള്‍ക്കും അതീതനായ അവന് ആത്മാവെന്നും മറ്റും നാമമുള്ളത് ഓരോരുത്തരുടെ അഭിമതം മാത്രമാണ്. സത്യത്തില്‍ അവന്‍ സര്‍വ്വസ്വമാണെങ്കിലും ലോകത്തിലാരും അവനെ സാക്ഷാത്കരിക്കുന്നില്ല. ശരീരത്തിനുള്ളിലും അവന്റെ വ്യാപ്തി നിലനില്‍ക്കുമ്പോഴും അവന്‍ അകലെയാണ്. "സൂര്യനില്‍ നിന്നും എണ്ണമറ്റ രശ്മികള്‍ ഉദിക്കുന്നതുപോലെ അവനില്‍ നിന്നു മഹാവിഷ്ണുവടക്കം എണ്ണമറ്റ ദിവ്യ സത്വങ്ങള്‍ ആവിര്‍ഭവിക്കുന്നു. സമുദ്രജലത്തില്‍ അലകളുണ്ടാവും പോലെ അവനില്‍ നിന്നും അന്തമില്ലാതെ ലോകങ്ങള്‍ ഉദ്ഭവിക്കുന്നു."
വിശ്വാവബോധമായ അവനില്‍ എണ്ണമറ്റ വിഷയവസ്തുക്കള്‍ 'പ്രവേശി'ക്കുന്നു. ആത്മാവും പ്രപഞ്ചവും അവന്റെ പ്രകാശത്തില്‍ തിളങ്ങുന്നു. അവന്‍ സൃഷ്ടിക്കപ്പെട്ട എല്ലാ ജീവജാലങ്ങളുടേയും സ്വഭാവസവിശേഷതകളെ നിയന്ത്രിക്കുന്നു. മരുഭൂമിയിലെ കാനല്‍ ജലം പ്രത്യക്ഷവും അപ്രത്യക്ഷവുമാവുന്നപോലെ ലോകങ്ങള്‍ ഉണ്ടായി മറയുന്നു. അവന്റെ രൂപം (ലോകം) ഇല്ലാതാവുമ്പോഴും ആത്മാവ് മാറ്റമേതുമില്ലാതെ നിലകൊള്ളുന്നു.
അവന്‍ എല്ലാറ്റിലും അധിവസിക്കുന്നു. അവന്‍ മറയ്ക്കപ്പെട്ടിരിക്കുന്നു എന്നാല്‍ , സമൃദ്ധമാണുതാനും. അവന്റെ സാന്നിദ്ധ്യംകൊണ്ടു തന്നെ ഈ ജഢമായ ലോകവും അതിലധിവസിക്കുന്നവരും എപ്പോഴും കര്‍മ്മനിരതരായിരിക്കുന്നു. അവന്‍ സാര്‍വ്വഭൌമനും, സര്‍വ്വശക്തനും സര്‍വജ്ഞനുമാകയാല്‍ ചിന്താമാത്രയില്‍ വസ്തുക്കളെ സൃഷ്ടിക്കാന്‍ അവനു കഴിയുന്നു. രാമ: ഈ പരം പൊരുളിനെ അറിയാന്‍ വിജ്ഞാനം കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും കഴിയില്ല. യാഗാദികര്‍മ്മങ്ങള്‍കൊണ്ടും സാദ്ധ്യമല്ല.
ഈ ആത്മാവ് അടുത്തല്ല, ദൂരേയുമല്ല. അതു ദൂരെ എവിടേയൊ ഇരിക്കുന്ന ഒന്നല്ല; വിരല്‍ ത്തുമ്പത്തല്ലെന്നുമില്ല. ആനന്ദാനുഭവമായി കാണപ്പെടുന്ന അവനെ സ്വരൂപമായേ സാക്ഷാത്കരിക്കാനാവൂ. തപസ്സ്, ദാനം, യാഗകര്‍മ്മാദികള്‍ , വ്രതം എന്നിവയൊന്നും ആത്മസാക്ഷാത്കാരത്തിലേയ്ക്കു നയിക്കുകയില്ല. മഹാത്മാക്കളുടെ സത്സംഗവും വേദഗ്രന്ഥങ്ങളുടെ പഠനവും മാത്രമേ അതിനു സഹായകമായുള്ളു. കാരണം അവ മോഹത്തേയും അജ്ഞാനത്തേയും നീക്കുന്നു. മുക്തിപാതയിലെ യാത്രയില്‍ ആത്മാവുമാത്രമേ സത്യവസ്തുവായുള്ളൂ എന്ന അറിവുറച്ചവനും ദുരിതങ്ങളെ മറികടക്കേണ്ടതായുണ്ട്. തപസ്സും സന്യാസവും സ്വാര്‍ജ്ജിത പീഢനങ്ങളത്രേ.
മറ്റുള്ളവരെ കബളിപ്പിച്ചുണ്ടാക്കുന്ന ധനംകൊണ്ട് എത്ര ദാനധര്‍മ്മങ്ങള്‍ ചെയ്താലും എന്തു ഫലം? അത്തരം ദാനകര്‍മ്മങ്ങളുടെ ഉചിത പ്രതിഫലം മാത്രമേ ലഭിക്കൂ. മതപരമായ അനുഷ്ഠാനങ്ങള്‍ ഒരുവന്റെ പൊങ്ങച്ചം കൂട്ടാനേ ഉപകരിക്കൂ. എന്നാല്‍ ആത്മാവിനെക്കുറിച്ചുള്ള അവിദ്യയകറ്റാന്‍ ഒരേ ഒരു പോംവഴിയേയുള്ളു. നിശ്ചയദാര്‍ഢ്യത്തോടെ ഇന്ദ്രിയസുഖങ്ങള്‍ക്കായുള്ള ആസക്തി ഉപേക്ഷിക്കുക എന്ന ഒറ്റമൂലിയാണത്.
ദൃഷ്ടുദൃശ്യ ക്രമോ യത്ര സ്ഥിതോപ്യസ്തമയം ഗത:
യദനാകാശമാകാശം തദ്രൂപം പരമാത്മന: (3/7/21)
രാമന്‍ ചോദിച്ചു: ഈ ഈശ്വരന്‍ അധിവസിക്കുന്നതെവിടെയാണ്? എനിക്കെങ്ങിനെ അദ്ദേഹത്തെ പ്രാപിക്കാന്‍ കഴിയും?
വസിഷ്ഠന്‍ പറഞ്ഞു: ഈശ്വരന്‍ എന്നു പറയപ്പെടുന്നയാള്‍ ദൂരെയൊന്നുമല്ല. ഈ ശരീരത്തില്‍ കുടികൊള്ളുന്ന ബോധം തന്നെയാണീശ്വരന്‍ . വിശ്വമാണദ്ദേഹം എന്നാല്‍ വിശ്വം അദ്ദേഹമല്ല. ശുദ്ധബോധമാണത്.
രാമന്‍ പറഞ്ഞു: ഏതൊരു കുഞ്ഞിനുപോലും ഈശ്വരന്‍ ബോധസ്വരൂപനാണെന്നറിയാം. ഇതിനായി പ്രത്യേക പഠനത്തിന്റെ ആവശ്യമെന്താണ്?
വസിഷ്ഠന്‍ പറഞ്ഞു: ശുദ്ധബോധമാണ് വസ്തുപ്രപഞ്ചമെന്ന അറിവുള്ളവന് വാസ്തവത്തില്‍ ഒന്നും അറിയില്ല. പ്രപഞ്ചവും ജീവാത്മാവും ചേതനയുള്ളതാണ്. ഈ ചേതനയാണ് അറിയപ്പെടുന്നവയെ സൃഷ്ടിച്ച് ദു:ഖങ്ങളിലാമഗ്നമാവുന്നത്. ഈ 'അറിയപ്പെടുന്നവകള്‍ ' ഇല്ലാതായി ശ്രദ്ധ ശുദ്ധബോധത്തിലേയ്ക്കുന്മുഖമാവുമ്പോള്‍ (അറിയപ്പെടാനാവാത്തതിലേയ്ക്ക്) ഒരുവന് ദു:ഖങ്ങള്‍ക്കതീതമായ സാഫല്യം കൈവരുന്നു.
അറിയപ്പെടുന്നവ ഇല്ലാതായാല്‍ മാത്രമേ അവയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ പറ്റുകയുള്ളു. ജീവാത്മാവ് സംസാരത്തില്‍ മുഴുകിയിരിക്കുന്നു എന്ന കേവലജ്ഞാനം മാത്രം ഉണ്ടായതുകൊണ്ടു കാര്യമില്ല. എന്നാല്‍ പരം പൊരുളിനെ അറിഞ്ഞാല്‍ ദു:ഖങ്ങള്‍ക്ക് അറുതിയായി.
രാമന്‍ പറഞ്ഞു: ഭഗവന്‍ , ഈശ്വരനെപ്പറ്റി വിശദമായി പറഞ്ഞുതന്നാലും
വസിഷ്ഠന്‍ മറുപടിയായി പറഞ്ഞു: ഈ പ്രപഞ്ചം തന്നെ ഇല്ലാതായിത്തീരുന്ന ആ വിശ്വാവബോധം എന്താണോ അതാണീശ്വരന്‍ . "അവനില്‍ വിഷയവും വിഷയിയും തമ്മിലുള്ള ബന്ധം നിലച്ചതായി കാണപ്പെടുന്നു. പ്രത്യക്ഷമായ ഈ വിശ്വപ്രപഞ്ചം സ്ഥിതിചെയ്യുന്നതായി തോന്നുന്നത് ഈശ്വരനെന്ന ശൂന്യതയിലാണ്. അവനില്‍ വിശ്വാവബോധം മഹാമേരുവിനേപ്പോലെ അചലമാണ്."
രാമന്‍ വീണ്ടും ചോദിച്ചു: നാം സത്തെന്നു ചിന്തിച്ചു വിശ്വസിച്ച പോരുന്ന ഈ വിശ്വം ഉണ്മയല്ലെന്ന സത്യം നമുക്കെങ്ങിനെ അനുഭവസിദ്ധമാക്കാം?
വസിഷ്ഠന്‍ അതിനുത്തരമായിപ്പറഞ്ഞു: ഈശ്വരനെ സാക്ഷാത്കരിക്കണമെങ്കില്‍ വിശ്വം ഉണ്മയല്ലെന്നുള്ള കാര്യം ഉള്ളില്‍ ദൃഢീകരിച്ചാല്‍ മാത്രമേ സാധിക്കൂ. ആകാശത്തിന്റെ നീലിമ സത്യമല്ലെന്നുള്ള അറിവുപോലെ അതുള്ളില്‍ സുവിദിതമാകണം. ദ്വന്ദത എന്ന ധാരണ ഏകതയെക്കുറിച്ചുള്ള മുന്‍ ധാരണയില്‍ അധിഷ്ഠിതമാണ്. അതുപോലെ അദ്വൈതം (രണ്ടില്ല) എന്ന ധാരണ ദ്വൈതസങ്കല്‍പ്പത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സൃഷ്ടിയെന്നത് ഉണ്മയേ അല്ലെന്ന് നിശ്ശേഷം ബോദ്ധ്യമായാലേ ഈശ്വരനെ സാക്ഷാത്കരിക്കുവാന്‍ ആവൂ.
യോ ജാഗ്രതി സുഷുപ്തസ്തോ യസ്യ ജാഗ്രൻ നവിദ്യതേ
യസ്യ നിർവാസനോ ബോധ: സ ജീവന്മുക്ത: ഉച്യതേ (3/9/7)
രാമന്‍ ചോദിച്ചു: ഏതു മാര്‍ഗ്ഗത്തിലൂടെയാണ് ഈ അറിവുനേടുക? എന്നില്‍ ഈ 'അറിയപ്പെടുന്നവ' (കാണപ്പെടുന്നവ) അസ്തമിക്കണമെങ്കില്‍ എന്തറിവാണു ഞാന്‍ നേടേണ്ടത്?
വസിഷ്ഠന്‍ പറഞ്ഞു: നിരന്തരം തെറ്റായ വഴിയില്‍ ചിന്തിച്ചുവരുന്നതുകൊണ്ടാണ് ഈ ലോകം യാഥാർത്ഥ്യമാണെനുള്ള തെറ്റിദ്ധാരണ നമ്മില്‍ രൂഢമൂലമായിരിക്കുന്നത്. എന്നാല്‍ മഹാത്മാക്കളുടെ സത്സംഗവും വേദഗ്രന്ഥങ്ങളുടെ പഠനവും എന്നുതുടങ്ങുന്നുവോ അന്ന് ഈ ചിന്തയെ മാറ്റാം. വേദഗ്രന്ഥങ്ങളില്‍ ഉത്തമം "മഹാരാമായണം" എന്നറിയപ്പെടുന്ന യോഗവാസിഷ്ഠം എന്ന ഈ കൃതിയാണ്. ഇതിലുള്ളത് മറ്റുപലയിടത്തും കണ്ടെന്നുവരും എന്നാല്‍ ഇതില്‍ ഇല്ലാത്തത് മറ്റൊരിടത്തും കണ്ടുകിട്ടുകയില്ല. ഈ കൃതി പഠിക്കാന്‍ താത്പ്പര്യമില്ലാത്തവര്‍ക്ക് മറ്റുകൃതികളെ ആശ്രയിക്കാവുന്നതാണ്. നമുക്കതില്‍ യാതൊരാക്ഷേപവുമില്ല.
തെറ്റിദ്ധാരണ തീര്‍ത്തും നീങ്ങി സത്യം സാക്ഷാത്കരിച്ച്, ആ നിറവില്‍ സ്വയം ആണ്ടു മുങ്ങിയ ഒരുവന്‍ ചിന്തിക്കുന്നതും, പറയുന്നതും ഉല്ലസിക്കുന്നതും മറ്റുള്ളവരെ പഠിപ്പിക്കുന്നതും എല്ലാം അതു തന്നെയായിരിക്കും. അവരെ ജീവന്മുക്തരെന്നും ചിലപ്പോള്‍ വിദേഹ മുക്തരെന്നും വിളിക്കുന്നു.
http://yogavasishtamnithyaparayanam.blogspot.com/2012/05/040-040.html
No comments:
Post a Comment