വിരക്തനും മുമുക്ഷുവുമായ ഒരാള്‍ക്കുണ്ടാവേണ്ട ജ്ഞാനത്തെയാണ് ഉത്പത്തിപ്രകരണം മുതല്‍ ഉപന്യസിക്കാന്‍ തുടങ്ങുന്നത്. സംസാരത്തിന്റെ ഉല്പത്തിയും സ്ഥിതിയുംഎങ്ങനെയാണെന്ന് തത്ത്വം വേണ്ടപോലെ ഗ്രഹിക്കുമ്പോള്‍ ചിത്തമടങ്ങും. മനസ്സടങ്ങിയാല്‍ സംസാരനിവൃത്തിയും ജ്ഞാനപ്രാപ്തിയും ഉണ്ടാവുകയും ചെയ്യും.
വാസ്തവത്തില്‍ സംസാരം ഉണ്ടായതും നിലനില്ക്കുന്നതും എങ്ങനെയാണെന്ന് അറിയാത്തതുകൊണ്ടാണ് അതിനെ ലയിപ്പിക്കാന്‍വേണ്ടി പലരും പലപ്പോഴും പല രൂപത്തിലുള്ള പ്രയത്നങ്ങളും ചെയ്യാറുണ്ടെങ്കിലും ഉല്പത്തിയുടെ സ്വരൂപത്തെ അറിയാത്തതുകൊണ്ട് മിക്കപ്പോഴും പരാജയപ്പെടലാണ് പതിവ്. ശാസ്ത്രങ്ങള്‍ തന്നെ പലരുപത്തിലാണ് ജഗദുല്പത്തിയുടെ സ്വഭാവത്തെപ്പറയുന്നത്. അതിനാല്‍ അതിനെ ശരിയാവണ്ണം അറിയുകയെന്നതൊരു വലിയ കാര്യമാണ്.
വസിഷ്ഠമഹര്‍ഷി ശ്രീരാമചന്ദ്രനോടു പറകയാണ്. ലോകത്തില്‍ അനുഭൂതി, വേദനം, പ്രതിപത്തി, പ്രത്യക്ഷം എന്നൊക്കെ പറയുന്നതെന്തോ അതുതന്നെയാണ് ജീവന്‍. അതായതു ലോകം നമുക്കെല്ലാവര്‍ക്കും അനുഭവസ്വരൂപവും, വേദനാത്മകവും, പ്രതിപത്തിക്കാസ്പദവും പ്രത്യക്ഷവുമാണ്. അതിനാല്‍ പറയപ്പെട്ട ശബ്ദങ്ങളെല്ലാം ലോകത്തിന്റെ പര്യായങ്ങളാണെന്ന് പറഞ്ഞാല്‍ തെറ്റില്ല; എന്നാല്‍ അതാണ് ജീവന്‍ എന്നര്‍ത്ഥമല്ല. ജീവനില്‍നിന്നു വേറെയല്ല പറയപ്പെട്ട വേദന അല്ലെങ്കില്‍ പ്രത്യക്ഷം. ‘ഞാന്‍’ എന്ന അഭിമാനത്തോടുകൂടിയ വിജ്ഞാനമാണ് ജീവന്റെ സ്വരൂപം. പ്രസ്തുത വിജ്ഞാനംതന്നെ സങ്കല്പാകാരേണ വിജൃംഭിക്കുന്നു എന്നുള്ളതാണ് പദാര്‍ത്ഥത്തിന്റെ സത്ത. അപ്രകാരമുള്ള പദാര്‍ത്ഥങ്ങളുടെ സമുച്ചയമാണ് ലോകം. ജലം, തിര, നുര, തുടങ്ങിയവയായിത്തീരുമ്പോലെ സങ്കല്പവികല്പങ്ങളെക്കൊണ്ടു സംവിത്ത് - വിജ്ഞാനം - തന്നെ അനേകം രൂപത്തില്‍ കാണപ്പെടുന്നു എന്നുള്ളതുതന്നെ ലോകം.
തിരമാലകള്‍ ഉണ്ടാവുന്നതും വളരുന്നതും ലയിക്കുന്നതും ജലത്തിലാണ്. അതുപോലെ പദാര്‍ത്ഥങ്ങള്‍ ഉണ്ടാവുന്നതും നിലനില്കുന്നതും ലയിക്കുന്നതും വിജ്ഞാനത്തിലാണ്. തിരമാലകളുണ്ടാവുന്നതിനുമുമ്പും ലയിച്ചതിനുശേഷവും, ജലം മാത്രമാണുള്ളതെന്ന കാരണത്താല്‍ തിരമാലകളും ജലം മാത്രമാണെന്ന് എപ്രകാരം വിശ്വസിക്കാമോ, അതുപോലെ പദാര്‍ത്ഥങ്ങളുണ്ടാവുന്നതിനുമുമ്പും ലയിച്ചതിന്നുശേഷവും വിജ്ഞാനം മാത്രമാണുള്ളതെന്ന കാരണത്താല്‍ പദാര്‍ത്ഥവും വിജ്ഞാനം മാത്രമല്ലാതെ മറ്റൊന്നുമല്ല. കാറ്റുവീശി ചലനമുണ്ടാവുമ്പോള്‍ ജലംതന്നെ തിരയുടെ ആകൃതിയില്‍ കാണപ്പെടുംപോലെ സങ്കല്പവികല്പങ്ങളെക്കൊണ്ടു വിജ്ഞാനംതന്നെ പദാര്‍ത്ഥകാരേണ കാണപ്പെടുന്നു എന്നു മാത്രമാണ്. അതായതു സൃഷ്ടിക്കുമുമ്പ് അകാരണമായ ബ്രഹ്മംതന്നെ ഈ ക്ഷണസ്വരൂപമായ സ്വര്‍ഗ്ഗലീലയാല്‍ തമ്മിലുള്ള സംസ്ക്കാരപരമ്പരകളാല്‍ ജഗദാകാരേണ വിളങ്ങുന്നു എന്നുമാത്രം, വായുവില്‍ സ്പര്‍ശശക്തി എപ്രകാരമാണോ സ്വാഭാവികമായി അടങ്ങിയിരിക്കുന്നത്, അതുപോലെയാണ് ബ്രഹ്മത്തില്‍ സ്ഥൂലസൂക്ഷമാകാരമായ ജഗത്തു കാണപ്പെടുന്നത്.
കാലദേശാദികള്‍ക്കതീതമായും മറ്റൊന്നിന്റെ ചേര്‍ച്ചയില്ലാത്തതിനാല്‍ അത്യന്തസംശുദ്ധവുമായ സര്‍വ്വാത്മജ്ഞാനം കാലദേശാദികലനകള്‍ക്കു വിധേയമായി, ഏതുമാതിരിയായിമാറുന്നുവോ, ആ വിധത്തിലുള്ള ശരീരമുണ്ടായിത്തീരുന്നു, അതുതന്നെ സൃഷ്ടി. വിജ്ഞാനം എവിടെ ഏതു രൂപത്തില്‍ വിജൃംഭിക്കുന്നുവോ, അവിടെ ആ മാതിരി രൂപമുള്ളതായി തോന്നപ്പെടുന്നു എന്നുമാത്രം, അതിനാല്‍ കാണപ്പെടുന്ന ഈ ബ്രഹ്മാണ്ഡം - പ്രപഞ്ചം - കേവലം അകാരണമാണ്. യാതൊരു കാരണവുമില്ലാതെ തോന്നപ്പെടുന്ന കാര്യമാണ്. കാരണമില്ലാത്ത കാര്യം അസത്യമാണെന്നു പറയേണ്ടതില്ലല്ലോ. പ്രത്യക്ഷമായ ഈ ജഗത്തിനു ജഗത്തുതന്നെയാണ് കാരണം. അല്ലാതെ മറ്റൊരു കാരണവുമില്ല. കയറില്‍ തോന്നപ്പെടുന്ന പാമ്പിനും കുറ്റിയില്‍ തോന്നപ്പെടുന്ന പുരുഷനും അവതന്നെയാണ് കാരണം. അല്ലാതെ മറ്റൊരു കാരണവുമില്ല. മൂന്നു കാലത്തും ഉണ്ടായിട്ടില്ലാത്തവയാണ് കയറിലെ പാമ്പും കുറ്റിയിലെ പുരുഷനും. അതുപോലെ മൂന്നുകാലത്തും ഉണ്ടായിട്ടില്ലാത്തതാണ് പ്രപഞ്ചവും. ജഗത്തിന്റെ നിര്‍മ്മാതാവു ജഗത്തുതന്നെയാണ്. അതിനാല്‍ എങ്ങിനെയുണ്ടായി എന്ന ചോദ്യംതന്നെ അസ്ഥാനത്താണ്. ജഗത്തിന്റെതന്നെ ചില അംശങ്ങളാണ് അനുമാനാദികളുമെന്ന കാരണത്താല്‍ അവയും കേവലം മൂന്നുകാലത്തുമില്ലാത്തവതന്നെ. ദ്രഷ്ടാവിനു ദൃശ്യത്തോടുള്ള സംബന്ധവും, ദൃശ്യത്തിലുള്ള സത്യബുദ്ധിയുമാണ് ബന്ധം. ദൃശ്യമേ ഇല്ലാത്തതാണെന്നു വന്നാല്‍ പിന്നെ എന്തു ബന്ധമാണ്! ദൃശ്യം കേവലം ഇല്ലാത്തതാവുമോ എന്നാണെങ്കില്‍ സംശയമില്ല മൂന്നു കാലത്തും ഇല്ലാത്തതുതന്നെ. അതിനെ വ്യക്തമാക്കുകയും ചെയ്യാം.
കാണപ്പെടുന്ന സ്ഥൂലസൂക്ഷ്മാകാരമായ ജഗത്തു മുഴവന്‍ കല്പാവസാനത്തില്‍ സൂഷുപ്തിയില്‍ സ്വപ്നമെന്നപോലെ ലയിച്ചില്ലാതായിത്തീരും. ദൃശ്യം മുഴുവന്‍ ലയിക്കുമ്പോള്‍ തമസ്സും തേജസ്സുമില്ലാതെ സ്തിമിതഗംഭീരമായ ചൈതന്യം താനേ ശേഷിക്കും. വ്യഷ്ടിയിലും അങ്ങനെതന്നെ. ശരീരമടക്കം എല്ലാ ദൃശ്യങ്ങളും ദൃശ്യങ്ങള്‍ക്കാസ്പദമായ തമസ്സും ലയിക്കുമ്പോള്‍ സ്തിമിതഗംഭീരവും, തേജസ്സെന്നോ, തമസ്സെന്നോ പറയാന്‍ വയ്യാത്തതും, ഇന്ന രൂപത്തിലെന്നു പറയാന്‍ വയ്യാത്ത നിലയില്‍ അനഭിവ്യക്തവും, ഇന്നതെന്നു നിര്‍ദ്ദേശിക്കാന്‍ പേരില്ലാത്തതുമായ ചൈതന്യം താനേ ശേഷിക്കും. വ്യഷ്ടിയിലായായും സമഷ്ടിയിലായാലും അതിനെത്തന്നെ, സത്യമെന്നും ആത്മാവെന്നും പരമെന്നും ബ്രഹ്മമെന്നും മറ്റും പറഞ്ഞുവരുന്നത് . വ്യവഹാരം അവസാനിച്ച ദശയില്‍ വ്യഷ്ടിസമഷ്ടികളില്ലാത്തതിനാല്‍ വ്യവഹാരദശയില്‍ മാത്രമാണ് വ്യഷ്ടിയെന്നും സമഷ്ടിയെന്നും പറഞ്ഞുവരുന്നതും. അങ്ങനെ സ്വയം താനായിരിക്കുന്ന പറയപ്പെട്ട ആത്മാവസ്തു ഇന്ന് അന്യനെപ്പോലെയായിട്ടിരിക്കയാണ്. അതാണ് ശരീരാഭിമാനം തുടങ്ങിയ അജ്ഞാനവൃത്തികളാല്‍ തോന്നപ്പെടുന്ന ആഭാസസ്വരൂപമായ ജീവിത്വം നിലനില്‍കുന്നത്. അപ്പോള്‍ സ്വപ്നാനുഭവങ്ങളെന്നപോലെ ഞാന്‍ ജനിച്ചുവെന്നും ജീവിക്കുന്നുവെന്നും മരണമുണ്ടെന്നും എല്ലാം തോന്നാനിടയായി.
മുന്‍പറയപ്പെട്ട ആഭാസസ്വരൂപമായ ജീവത്വംതന്നെ മനസ്സും ബുദ്ധിയും ഇന്ദ്രിയങ്ങളുമെല്ലായിത്തീര്‍ന്നത്. മനനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മനസ്സായി. ബോധിക്കാന്‍ തുടങ്ങിയപ്പോള്‍ ബുദ്ധിയായി. വിഷയഗ്രഹണങ്ങളെക്കൊണ്ട് ഇന്ദ്രിയങ്ങളുമായി. ജലരാശിയില്‍നിന്നു തിരമാല പൊന്തുംപോലെയാണ് പരമാത്മാവില്‍ നിന്നു മനസ്സുണ്ടാവുന്നതെന്നു പറയണം. സങ്കല്പക്രിയകൊണ്ടാണ് മനസ്സെന്നതത്വം തന്നെ ഉണ്ടായത്. അപ്പോള്‍ മനസ്സു നിലനില്‍ക്കുന്നതും സങ്കല്പങ്ങളെക്കൊണ്ടാണെന്നു പറയേണ്ടതില്ലല്ലോ. മനസ്സിന്റെ വിവിധങ്ങളും വിചിത്രങ്ങളുമായ സങ്കല്പങ്ങള്‍ വളരുംതോറും പല പ്രകാരത്തിലുള്ള പദാര്‍ത്ഥങ്ങളും നിറയുന്നു. അങ്ങനെ സമുച്ചയമായ സ്വപ്നലോകംതന്നെ ജഗത്ത്. സങ്കല്പങ്ങളടങ്ങി മനസ്സു ലയിച്ചാല്‍ ജഗത്തുമില്ല. എന്നാല്‍ ജഗത്തുണ്ടെന്നു തോന്നുന്ന സമയത്തും പരചൈതന്യം തന്നെയാണ് ജഗദാകാരേണ വിളങ്ങുന്നത്, ജലത്തില്‍ നിന്നു വേറെയായി തിരയോ, സ്വര്‍ണ്ണത്തില്‍ നിന്നു വേററെയായി കടകമോ ഇല്ലാ അതുപോലെ ബ്രഹ്മത്തില്‍ നിന്നു വേറെയായി ജഗത്തുമില്ല.
മനസ്സുതന്നെ അസത്താണെന്നിരിക്കേ മനസ്സിന്റെ കല്പനാസ്വരൂപമായ ജഗത്തിനെന്തു സത്യത്വമാണുണ്ടാവുന്നത്! മൃഗതൃഷ്ണാനദിയിലെ തിരമാലകള്‍ സത്യമാണെന്നു പറയും പോലെയാണ് ജഗത്തു സത്യമാണെന്നു പറയുന്നത്. മായാ, സംസൃതി, ബന്ധം, അവിദ്യ, മോഹം, മലം, തമസ്സ് എന്നൊക്കെ ഈ പ്രപഞ്ചത്തിനെത്തന്നെയാണ് അറിവുള്ളവര്‍ പറയുന്നത്. വാസ്തവത്തില്‍ മൂന്നു കാലത്തുമില്ലാത്ത മൃഗതൃഷ്ണയെന്നപോലെ അസല്‍ സ്വരൂപമാണ് ജഗത്ത്. ഈ സ്ഥിതിക്ക് ജഗത്തുഹേതുവായിട്ടുണ്ടാവുന്ന ബന്ധമോക്ഷങ്ങള്‍ക്കെവിടെയാണ് സത്യത്വം? എങ്കിലും സ്വപ്നാനുഭവമെന്ന പോലെ വര്‍ത്തമാനകാലത്തു സത്യപ്രതീതിയോടെ അനുഭവിക്കപ്പെട്ടു കൊണ്ടിരിക്കുന്നു ബന്ധമോക്ഷങ്ങള്‍. എന്താണീ ബന്ധമോക്ഷങ്ങളുടെ സ്വരൂപം എന്നാണെങ്കില്‍ പറയാം.
ദ്രഷ്ടാവിന്നു ദൃശ്യത്തിന്റെ പ്രതീതിയുണ്ടായിത്തീരുന്നു എന്നതുതന്നെ ബന്ധം. സ്വസ്വരൂപത്തിന്റെ വിസ്മൃതിയാണ് ദൃശ്യപ്രതീതിക്കു കാരണം. അപ്പോള്‍ സ്വരൂപവിസ്മൃതിയും അതുഹേതുവായിട്ടുണ്ടാവുന്ന ദൃശ്യപ്രതീതിയും തന്നെ ബന്ധം. പ്രതീതി ദൃഢപ്പെട്ടു സത്യമെന്നപോലെയായിത്തീര്‍ന്ന ദൃശ്യം ഭ്രഷ്ടാവിനു ശക്തിയായ ബന്ധനമായിത്തീരുന്നു. ദൃശ്യമില്ലാതായാല്‍ ബന്ധവും നീങ്ങി. ദൃശ്യവിലയം തന്നെ മോക്ഷം. പക്ഷെ ഏതുവരെ അല്പമായിട്ടെങ്കിലും ദൃശ്യപ്രതീതി നിലനില്ക്കുന്നവോ, അതുവരേയും മോക്ഷമില്ല. സൂക്ഷ്മമായ ബീജത്തില്‍ അത്യന്തസ്ഥൂലമായ വൃക്ഷവും അതിന്റെ ഘടകങ്ങളും അടങ്ങിയിരിക്കുന്നത്. എത്രയോ വലിയ ആല്‍വൃക്ഷം മുഴുവന്‍ സൂക്ഷമമായ ബീജത്തില്‍ അടങ്ങിയിരിക്കുന്നതുപോലെ ഭ്രഷ്ടമാവായ ബ്രഹ്മത്തില്‍ അത്യന്തസ്ഥൂലങ്ങളായ ബ്രഹ്മാണ്ഡദൃശ്യങ്ങളുടെ ശക്തി അടങ്ങിയിരിക്കുന്നു. ദൃശ്യശക്തിക്കു വികസിക്കാനുള്ള അവസരമുള്ളേടത്തോളം കാലം ബന്ധം അവസാനിക്കുന്നില്ല. ദൃശ്യശക്തി ദ്രഷ്ടാവായ തന്നില്‍ അടങ്ങി ലയിച്ചിരിക്കുന്നുവെങ്കിലും അതിനു വികസിക്കാന്‍ വയ്യാത്ത നിലവന്നു ക്രമേണ ചുരുങ്ങിച്ചുരുങ്ങി അവസാനം ദൃശ്യശക്തി കേവലം ഇല്ലാതായിത്തീര്‍ന്നപോലെയാവുന്നതുതന്നെ മുക്തി, ഇതിന്നുദാഹരണമായി ഒരു കഥ പറയാം.
Courtesy : http://sreyas.in/ulpathiprakaranam-laghuyogavasishtam-03#ixzz2DAweR0MN