ആത്മജ്ഞാനമല്ലാതെ ഈ ലൌകീക ബന്ധനത്തിന്റെ കേട്ടറുക്കാനും സംസാരമെന്ന ഈ സാഗരം തരണം ചെയ്യാനും ഉതകുന്ന മറ്റൊരു മാര്ഗ്ഗവും ഇല്ലെന്നറിയുക. പ്രബുദ്ധന്റെ ദൃഷ്ടിയില്‍ അലകടല്‍ ഒരുചെറുവെള്ളക്കുഴി മാത്രമാണ്. ദൂരെയുള്ളൊരാള്‍ക്കൂട്ടത്തെ നോക്കിക്കാണുന്നതുപോലെയാണയാള്‍ സ്വന്തം ദേഹത്തെ നോക്കുന്നത്. അതിനാല്‍ ദേഹത്തിനേല്‍ക്കുന്ന ദു:ഖാനുഭവങ്ങള്‍ അയാളെ ബാധിക്കുന്നില്ല.
കര്മ്മവും അകര്മ്മവും മനസിലാണ്. ശരീരം ഒന്നും ചെയ്യുന്നില്ല. അതിനാല്‍ ദൃഢചിത്തത്തോടെ ആന്തരീകമായി ഉണ്ടാവുന്ന ഈ മിഥ്യാഭിന്നത പൂര്ണ്ണമായും ഒഴിവാക്കേണ്ടതാണ്.
ശരീരത്തെ വെറും ജഢമായി കാണാന്‍ തുടങ്ങുന്നതോടെ ഒരുവനില്‍ ആത്മജ്ഞാനം അങ്കുരിക്കുന്നു. അഹമെന്ന ഇരുട്ട് നശിക്കുമ്പോള്‍ ആത്മജ്ഞാനപ്രകാശമാണ് പ്രഭാസിക്കുന്നത്. പ്രബുദ്ധത എന്നത് വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ കഴിയാത്ത ഒരു പ്രതിഭാസമത്രേ. പഞ്ചസാരയുടെ മധുരം വിവരണാതീതമാണെന്നതുപോലെ ആത്മജ്ഞാനം നേരറിവിന്റെ അനുഭവം മാത്രമാണ്. മനസ്സും അഹംകാരവും ഒടുങ്ങുമ്പോള്‍ ആത്മജ്ഞാനം പ്രകാശിക്കുന്നു. യോഗാഭ്യാസം കൊണ്ടിത് പ്രാപിക്കാം. ദീര്ഘസുഷുപ്തി പോലെയാണീ അവസ്ഥയെന്ന് ചിലര്‍ പറയുമെങ്കിലും വിവരണാതീതമാണത്. താരതമ്യങ്ങള്ക്ക് വഴങ്ങാത്ത ഒരഭൌമതലമാണത്.
ശാശ്വതമായ സംതൃപ്തിയുടെ തലമാണ് സമാധി. കാര്യങ്ങളെപ്പറ്റിയുള്ള തെളിഞ്ഞ അറിവ്, അഹംകാരത്തിന്റെ അഭാവം, ദ്വന്ദഭാവങ്ങളുടെ സ്വാധീനമില്ലായ്മ, ആശങ്കകളില്ലാത്ത മനസ്സ്, യാതൊരു വസ്തുക്കളേയും ഗ്രഹിക്കാനോ ത്യജിക്കാനോ ഉള്ള ആഗ്രഹമില്ലായ്മ എന്നിവയാണ് സമാധി ലക്ഷണങ്ങള്‍ . ആത്മജ്ഞാനോദയം ഉണ്ടാകുമ്പോള്‍ത്തന്നെ സാധകനില്‍ സമാധിസ്ഥിതി രൂഢമൂലമാവുന്നു. അവനതൊരിക്കലും നഷ്ടപ്പെടുകയില്ല; ഒരു നിമിഷം പോലും അത് തടസ്സപ്പെടുകയുമില്ല. കാലം മുന്നോട്ടുള്ള ഗമനം മറന്നാലും ആത്മജ്ഞാനി ആത്മാവിനെ മറക്കുകയില്ല. പദാര്‍ത്ഥങ്ങള്‍ അതായിത്തന്നെ നിലകൊള്ളുന്നത് പോലെ ആത്മജ്ഞാനിയായ മഹര്ഷി ആത്മജ്ഞാനിയായിത്തന്നെ നിലനില്ക്കും.
ആഗ്രഹിക്കാനോ ത്യജിക്കാനോ വാസ്തവത്തില്‍ യാതൊന്നുമില്ല. ബാഹ്യമായ ആ വസ്തുക്കളെല്ലാം അങ്ങിനെ നോക്കിയാല്‍ വെറും ധാരണകളും സങ്കല്പ്പങ്ങളും മാത്രമാണെന്ന് കാണാം. ബാഹ്യമായ യാതൊന്നും സ്വന്തമാക്കാന്‍ യോഗ്യതയുള്ളതല്ല എന്ന് തിരിച്ചറിയുമ്പോള്‍ യാതൊന്നും ഉപേക്ഷിക്കാനും അനുയോജ്യമല്ലാ എന്ന് തിരിച്ചറിയും. നന്മ-തിന്മകള്‍ , വലുപ്പച്ചെറുപ്പങ്ങള്‍ , തള്ളേണ്ടത്- കൊള്ളേണ്ടത്, എന്ന തരത്തിലുള്ള തരംതിരിവുകള്‍ , എല്ലാം അഭികാമ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ അഭികാമ്യത എന്ന ധാരണയ്ക്ക് അര്ത്ഥമൊന്നുമില്ലാത്തപ്പോള്പ്പിന്നെ മറ്റുള്ളവയെപ്പറ്റി എന്തുപറയാന്‍? ലോകത്ത് കാണപ്പെടുന്ന യാതൊന്നിനും സത്തയില്ല. പര്വ്വതങ്ങള്ക്കും, സമുദ്രങ്ങള്ക്കും, കാടുകള്ക്കും, സ്ത്രീപുരുഷന്മാര്ക്കും, മറ്റ് വസ്തുക്കള്ക്കും ഒന്നും വാസ്തവത്തില്‍ അസ്തിത്വം ഇല്ല. അതിനാല്‍ അവയില്‍ നമുക്ക് ആശയെന്തിനാണ്? ആശയില്ലാത്തപ്പോഴാണ് മനസ്സില്‍ പരമപ്രശാന്തി കളിയാടുന്നത് .
മനോപാധികളില്ലെങ്കില്പ്പിന്നെ യാതൊരു കര്മ്മവും കളങ്കമുണ്ടാക്കുന്നില്ല. എന്നാല്‍ മനസ്സിലെ കര്‍മ്മരാഹിത്യമാണ് സമാധാനം. അതാണ് പൂര്‍ണ്ണ സ്വാതന്ത്ര്യം. ആനന്ദാനുഗ്രഹമാണത്. ധ്യാനാവസ്ഥയും അതല്ലാത്ത അവസ്ഥയും തമ്മില്‍ ഉള്ള വ്യത്യാസമറിയുന്നത് മനസ്സില്‍ ചിന്താസഞ്ചാരങ്ങളുണ്ടോ എന്ന് നോക്കിയാണ്. അതുകൊണ്ട് മനോപാധികളെ ഇല്ലാതാക്കൂ. ഉപാധികളില്ലാത്ത മനസ്സ് ദൃഢമാണ്. അതുതന്നെ ധ്യാനാവസ്ഥയാണ്. മുക്തിയാണ്. ശാശ്വതമായ ശാന്തിയാണ്. ഉപാധികളുള്ള മനസ്സ് ശോകത്തിന് വഴിപ്പെടുന്നു. എന്നാല്‍ ഉപാധിരഹിതമാണ് മനസ്സെങ്കില്‍ അത് കര്‍മ്മരഹിതവുമാണ്. അങ്ങിനെയുള്ളയാള്‍ പരമപദമായ പ്രബുദ്ധതയെ അനായാസം പ്രാപിക്കുന്നു. അതുകൊണ്ട് ഏതുവിധേനെയും മനോപാധികളെ ഇല്ലാതാക്കാന്‍ നാം ശ്രമിക്കണം.
“ലോകത്തെക്കുറിച്ചുള്ള എല്ലാവിധ പ്രത്യാശകളും ആസക്തികളും ആഗ്രഹങ്ങളും അവസാനിച്ച്, ശോകഭയരഹിതമായി ആത്മാവ് സ്വയം തന്നില്ത്തന്നെ അഭിരമിക്കുന്ന അവസ്ഥയത്രേ ധ്യാനം അഥവാ സമാധി.” ആത്മാവുമായി വിഷയങ്ങള്ക്കുണ്ടെന്നു തെറ്റിദ്ധരിച്ചിരുന്ന എല്ലാ ബന്ധങ്ങളെയും മനസാ സംത്യജിച്ച് നിനക്കിഷ്ടമുള്ളയിടത്തു ജീവിക്കാം. അത് വീട്ടിലോ മലമുകളിലെ ഗുഹകളിലോ ആവാം. മനസ്സ് പരമപ്രശാന്തതയിലെത്തിയവന്റെ ഗൃഹമാണവന് ഏകാന്തത നല്കുന്ന കാട്. അഹംകാരമൊഴിഞ്ഞു മന:ശ്ശാന്തിയടഞ്ഞവന് നഗരങ്ങളും അപ്രകാരം തന്നെ. എന്നാല്‍ ആളൊഴിഞ്ഞ കാടുപോലും ഹൃദയത്തില്‍ ആസക്തികളും ദുഷ്ടതയും വെച്ച് പുലര്ത്തുന്നവനു തിരക്കേറിയ നഗരമാണ്. മനസ്സിനെ ചഞ്ചലപ്പെടുത്തുന്ന കാര്യങ്ങള്‍ ഗാഢസുഷുപ്തിയില്‍ ഇല്ലാതാവുന്നു. എന്നാല്‍ പ്രബുദ്ധത സ്വയം പ്രാപ്യമാവുകയാണ്. നിനക്ക് ഇഷ്ടമുള്ള പാത തിരഞ്ഞെടുക്കാം.
ആത്മാവിനെ ആരൊരുവന്‍ അതീന്ദ്രിയമായ ഒരു തത്വമായോ സര്വ്വഭൂതങ്ങളുടെയും ആത്മസ്വരൂപമായോ കാണുന്നുവോ അയാള്‍ സമതാഭാവം ആര്‍ജ്ജിച്ചവനാണ്. ആരൊരുവനില്‍ ഇഷ്ടാനിഷ്ടങ്ങളുടെ ദ്വന്ദത അവസാനിച്ചുവോ അവന് എല്ലാവരും ഒരുപോലെയാണ്. അയാള്‍ ജാഗ്രദവസ്ഥയിലും സ്വപ്നത്തിലെന്നപോലെ ബാഹ്യദൃശ്യങ്ങളെ വീക്ഷിക്കുന്നു. അയാള്‍ തിരക്കേറിയ ഗ്രാമത്തില്‍ ജീവിക്കുമ്പോഴും കാനനവാസിയായ മുനിയാണ്. അവനവന്‍റെയുള്ളില്‍ ആത്മാവിനെ ദര്‍ശിക്കുന്നവനു ഗ്രാമനഗരങ്ങള്‍ എല്ലാം കാടുപോലെ തപസ്സിനനുയോജ്യമാണ്. ഉള്ളില്‍ പ്രശാന്തിയാര്‍ജ്ജിച്ചവന് ലോകത്ത് എല്ലായിടത്തും സമാധാനം കണ്ടെത്തുവാന്‍ കഴിയും. എന്നാല്‍ മനസ്സില്‍ കാലുഷ്യവും അശാന്തിയും കുടികൊള്ളുമ്പോള്‍ ലോകവും അങ്ങിനെതന്നെയാവുന്നു. ഒരുവന്‍ തന്റെ അകമേ അനുഭവിക്കുന്നത് എന്താണോ അതുതന്നെയാണ് ബാഹ്യലോകത്ത് അവന് അനുഭവവേദ്യമാവുന്നത്.
"വാസ്തവത്തില്‍ ആകാശം, ഭൂമി, വായു, തുടങ്ങിയ എല്ലാം അന്തരേന്ദ്രിയങ്ങളുടെ ഭാഗമാണ്. അവ പുറമേ കാണപ്പെടുന്നു എന്ന് മാത്രം.” ഇവയെല്ലാം വിത്തിലിരിക്കുന്ന മരം പോലെയാണ് നിലകൊള്ളുന്നത്. അത് ബാഹ്യമായി പ്രകടമാകുന്നത് പൂക്കളിലെ സുഗന്ധം പോലെയുമാണ്. സത്യത്തില്‍ ആന്തരം, ബാഹ്യം, എന്നിങ്ങിനെ യാതൊന്നുമില്ല. ഉള്ളത് ബോധം മാത്രം. ബോധത്തിലെന്തു സങ്കല്പ്പിക്കുന്നുവോ അതങ്ങിനെ പ്രകടിതമായിത്തീരുന്നു...
ആത്മാവാണ് അകത്തും പുറത്തും എല്ലാടവും. ആരിലാണോ ആത്മപ്രഹര്ഷം പ്രഭചൊരിഞ്ഞു നിലനില്ക്കുന്നത്, ആരാണോ സുഖദു:ഖാദികളാല്‍ ചാഞ്ചാട്ടപ്പെടാത്തത്, ആരാണോ കര്മ്മങ്ങളെ ശരീരത്തിന്റെ മാത്രം പ്രവര്ത്തനങ്ങളായി ചെയ്യുന്നത്, അയാള്‍ സമതയില്‍ അഭിരമിക്കുന്നവനാണ്. അയാള്‍ ആകാശംപോലെ നിര്‍മ്മലന്‍. ആശയറ്റവന്‍. ഉചിതവും ക്ഷിപ്രവുമായി കാര്യങ്ങള്‍ ചെയ്യുന്നവന്‍. സുഖദു:ഖാദി വിഷയങ്ങളില്‍ തടിയോ കളിമണ്ണോ പോലെ നിര്മ്മമന്..
അയാളെപ്പോഴും പ്രശാന്തനാണ്. അയാള്‍ എല്ലാരെയും എല്ലാറ്റിനെയും കാണുന്നത് ആത്മാവായാണ്. മറ്റുള്ളവരുടെ വസ്തുക്കള്‍ അയാള്‍ക്ക് തൃണസമാനം. ഭയമില്ലായ്മ അയാള്‍ക്ക് നൈസര്‍ഗ്ഗികം. അയാളാണ് സത്യദര്‍ശി. എന്നാല്‍ അജ്ഞാനി ചെറുതും വലുതുമായ വസ്തുക്കളുടെ അയാഥാര്‍ത്ഥ്യം – അവ മിഥ്യയാണെന്ന്– തിരിച്ചറിയുന്നില്ല. പരമമായ നൈര്മ്മല്യത്തെ പ്രാപിച്ചവന്, ജീവിച്ചാലും, മരിച്ചാലും, വീട്ടിലായാലും, കാട്ടിലായാലും, സമ്പത്തിലും, ദാരിദ്ര്യത്തിലും, ആഹ്ലാദ-ദു:ഖപ്രകടനങ്ങളിലും, സംന്യാസത്തിലും, സുഗന്ധലേപനം അണിഞ്ഞാലുമില്ലെങ്കിലും, ജഡപിടിച്ച മുടിയുണ്ടായാലുമില്ലെങ്കിലും, തീയില്‍ വീണാലും, പാപകര്‍മ്മങ്ങള്‍ ചെയ്താലും, പുണ്യകര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടാലും, ഈ ലോകചക്രം തീരുംവരെ ജീവിച്ചാലും അതിനിടയില്‍ മരിച്ചാലും, ഒരിക്കലും ഒരു ച്യുതിയുമുണ്ടാവുകയില്ല. കാരണം അയാള്‍ ഒന്നും ‘ചെയ്യുന്നില്ല’.
ഉപാധിസ്ഥമായ മനസ്സാണ് അഹംകാരവും ധാരണകളും കൊണ്ട് കറപിടിക്കുന്നത്. എന്നാല്‍ ധാരണകള്‍ ഇല്ലാതെയായാല്‍ വിജ്ഞാനം ഉദിക്കുന്നു. അപ്പോള്‍ സഹജമായും മനോമാലിന്യങ്ങള്‍ നശിക്കുന്നു. പ്രബുദ്ധനായ മുനിയ്ക്ക് എന്തെങ്കിലും കര്‍മങ്ങള്‍ ചെയ്യാനോ ചെയ്യാതിരിക്കാനോ ഇല്ല. അവകൊണ്ടദ്ദേഹത്തിനു നേടാന്‍ യാതൊന്നുമില്ല. പാറക്കല്ലില്‍ നിന്നും ചെടിപൊട്ടിമുളച്ചു മരമുണ്ടായി പടര്ന്നു പന്തലിക്കാത്തതുപോലെ പ്രബുദ്ധന്റെയുള്ളില്‍ ആശകള്‍ മുളപൊട്ടുന്നില്ല. അഥവാ ചില ആശകള്‍ ക്ഷണനേരത്തേയ്ക്ക് ഉയര്‍ന്നു പൊങ്ങിയാല്ത്തന്നെ അവ വെള്ളത്തില്‍ എഴുതിയ വരപോലെ പൊടുന്നനേ ഇല്ലാതാവുന്നു. അങ്ങിനെ പ്രബുദ്ധതയിലഭിരമിക്കുന്ന മുനിയും പ്രപഞ്ചവും തമ്മില്‍ യാതൊരന്തരവുമില്ല.
മനസ്സിനെ ആഴത്തിലറിയുമ്പോള്‍ സൃഷ്ടിക്കപ്പെട്ട എല്ലാ വസ്തുക്കളും, പ്രകടമായ എല്ലാ കാഴ്ചകളും മനസ്സുണ്ടാക്കിയതാണെന്നറിയുന്നു. അനന്താവബോധം മാത്രമേ മനസ്സിന്റെ സൃഷ്ടിയല്ലാതെയുള്ളു.
മനസ്സെന്നത് പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള അറിവാണ്. അത് ബോധത്തിലെ ചലനമാണ്. ഈ ചലനം കര്‍മ്മമായി പുറത്തു പ്രകടമാവുന്നു. തുടര്‍ന്ന് ആ കര്‍മ്മത്തിന് ഫലപ്രാപ്തിയും ഉണ്ടാവുന്നു. സര്‍വ്വശക്തമായ അനന്താവബോധത്തില്‍ ഉദിക്കുന്ന ഉദ്ദേശ്യങ്ങളാണ്, ലക്ഷ്യമാണ്, മനസ്സ്. അത് സത്തിനും അസത്തിനും മദ്ധ്യേ നിലകൊള്ളുന്നപോലെ തോന്നുന്നു. എങ്കിലും അതിന് ധാരണാശക്തിയുമായാണ് അടുപ്പം. അനന്താവബോധത്തില്‍ നിന്നും വിഭിന്നമല്ലെങ്കിലും സ്വയം അങ്ങിനെയാണെന്ന് മനസ്സു ചിന്തിക്കുന്നു. കര്‍മ്മബന്ധിതനല്ലെങ്കിലും സ്വയം കര്‍ത്താവാണെന്ന് അഭിമാനിക്കുന്നു. മനസ്സ് ഇങ്ങിനെയൊക്കെയാണ്. ഈ സ്വഭാവസവിശേഷതകള്‍ മാറ്റാന്‍ സാധിക്കുകയില്ല. കാരണം, അവയില്ലെങ്കില്‍ മനസ്സില്ല. മനസ്സും ജീവനും തമ്മില്‍ വേര്‍പിരിക്കാനാവില്ല. മനസ്സില്‍ ചിന്തിക്കുന്നത് നടപ്പിലാക്കാന്‍ കര്‍മ്മേന്ദ്രിയങ്ങള്‍ പരിശ്രമിക്കുന്നു. അപ്പോള്‍ മനസ്സ് കര്‍മ്മവുമാണ്.
മനസ്സ്, ബുദ്ധി, അഹംകാരം, വ്യക്തി അവബോധം, കര്‍മ്മം, മോഹം, ജനന മരണങ്ങള്‍ , വാസനകള്‍ , അറിവ്, പരിശ്രമം, ഓര്‍മ്മ, ഇന്ദ്രിയങ്ങള്‍ , പ്രകൃതി, മായ, ഭ്രമം, പ്രവര്‍ത്തനം, തുടങ്ങിയ വാക്കുകള്‍ ഉണ്മയുമായി ബന്ധമൊന്നുമില്ലാത്ത കേവലശബ്ദങ്ങള്‍ മാത്രമാണ്. ഉണ്മയായുള്ളത് അനന്താവബോധം മാത്രം. ഈ ധാരണകളെല്ലാം ആ അവബോധത്തില്‍ നിലനില്‍ക്കുന്നതായി സങ്കല്‍പ്പിക്കപ്പെടുന്നു എന്നുമാത്രം. "കാകതാലീയ ന്യായേനയുണ്ടായ ഒരു യാദൃശ്ചികത്വമായാണ് മേല്‍പ്പറഞ്ഞ ധാരണകളെല്ലാം സംജാതമായത്.
അനന്താവബോധം ക്ഷണനേരത്ത് സ്വരൂപത്തെ മറന്നതിന്റെ ഫലമായി അതു സ്വയം 'അറിയപ്പെടുന്ന' വസ്തുവായി തെറ്റിദ്ധരിച്ചു". ഇങ്ങിനെ അവിദ്യകൊണ്ടു മൂടിയ അനന്താവബോധം, വിക്ഷോഭസ്ഥിതിയില്‍ നനാത്വങ്ങളെ കാണുന്നു. അവയുമായി താദാത്മ്യം ഭാവിക്കുന്നതാണ് മനസ്സ്. അതേ മനസ്സ് ചിലപ്രത്യേക ധാരണകളില്‍ യുക്തിസഹമായി ദൃഢീകൃതമാവുന്നതാണ് ബുദ്ധി. സ്വയം എല്ലാറ്റില്‍നിന്നും സ്വതന്ത്രനായ ഒരു വ്യക്തിയാണെന്ന് അഭിമാനിക്കുമ്പോള്‍ അത് അഹംകാരമായി. തുടര്‍ച്ചയായ അന്വേഷണങ്ങളെല്ലാം അവസാനിപ്പിച്ച് എണ്ണമില്ലാതെ വന്നു പോയിക്കൊണ്ടിരിക്കുന്ന ചിന്തകള്‍ക്ക് വിളയാടാന്‍ ഇടയാക്കുന്നതാണ് വ്യക്തിബോധം (അതാണ് മനോവസ്തു).
ബോധത്തിലെ ശുദ്ധ ചലനം കര്‍മ്മമാണെങ്കിലും അതിന് ഒരു 'കര്‍ത്താവ്' ഇല്ല. എന്നാല്‍ ബോധം ആ കര്‍മ്മഫലം കാംക്ഷിക്കുമ്പോള്‍ അത് 'കര്‍മ്മം' ആവുന്നു. 'ഞാന്‍ ഇതു മുന്‍പു കണ്ടിട്ടുണ്ടല്ലോ' എന്നൊരു ധാരണ കാണുന്നതിനെക്കുറിച്ചോ കാണാത്തതിനെക്കുറിച്ചോ ബോധത്തിലുയരുന്നതാണ് ഓര്‍മ്മ (സ്മൃതി). പൂര്‍വ്വാനുഭവങ്ങളുടെ ബാക്കിഫലപ്രതീതി ബോധതലത്തില്‍ പ്രകടമായോ അല്ലാതെയോ തങ്ങി നില്‍ക്കുന്നതാണ് ലീനവാസന അല്ലെങ്കില്‍ സാദ്ധ്യത. വിഭിന്നതയും നാനാത്വവും അവിദ്യ ഹേതുവായുണ്ടായ ഒരുഭ്രമം മാത്രമാണെന്ന തിരിച്ചറിവ് ബോധത്തില്‍ ഉണരുമ്പോള്‍ അത് ജ്ഞാനം. എന്നാല്‍ ബോധം തെറ്റായ മാര്‍ഗ്ഗത്തില്‍ ചലിച്ച് കൂടുതല്‍ ആത്മവിസ്മൃതിയിലാണ്ട് ഭ്രമകല്‍പ്പനയില്‍ ആസക്തമാവുമ്പോള്‍ അത് മലിനമാണ്. അത് അന്തര്യാമിയുമായി വൈകാരികതലത്തില്‍ സംവദിക്കുമ്പോള്‍ ഇന്ദ്രിയങ്ങളാവുന്നു. അപ്രത്യക്ഷമായി വിശ്വജീവനില്‍ നിലകൊള്ളുമ്പോള്‍ അത് പ്രകൃതിയാണ്. ഉണ്മയും പ്രത്യക്ഷലോകവും തമ്മിലുണ്ടാവുന്ന ചിന്താക്കുഴപ്പത്തില്‍ അത് മായ എന്നറിയപ്പെടുന്നു. അത് അനന്തതയില്‍ വിലയിക്കുമ്പോഴാണ് മുക്തി. 'ഞാന്‍ ബദ്ധന്‍' എന്നു ചിന്തിക്കുമ്പോള്‍ ബന്ധനം. 'ഞാന്‍ സ്വതന്ത്രന്‍' എന്നു ചിന്തിക്കുമ്പോള്‍ സ്വാതന്ത്ര്യം.
വ്സിഷ്ഠന്‍ തുടര്‍ന്നു: ആദിയില്‍ പരമപുരുഷനില്‍ (അനന്താവബോധത്തില്‍ ഒരു വിഭജനം ഉണ്ടായി. എങ്ങിനെയെന്നാല്‍ , അനന്തത, കാഴ്ച്ചവസ്തുവും കാഴ്ച്ചക്കാരനും ആയി. ഈ ദൃഷ്ടാവ് കാഴ്ച്ചയെ സമ്പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍, അറിയാന്‍ ശ്രമിക്കവേ ആകെ ചിന്താക്കുഴപ്പമായി. യാഥാര്‍ഥ്യമെന്ത്, കാഴ്ച്ചയെന്ത് എന്നു തിരിച്ചറിയാന്‍ വയ്യാത്ത ഒരവസ്ഥ. ഈ ചിന്താക്കുഴപ്പത്തിന്റെ ഫലമായി അനന്താവബോധത്തില്‍ പരിമിതമായ അനേകം ധാരണകള്‍ ഉണ്ടായി. ഈ പരിമിതമനസ്സ് എണ്ണമില്ലാത്ത സങ്കല്‍പ്പങ്ങളും ആശയങ്ങളുമുണ്ടാക്കി. അവ ആത്മാവിനെ ക്ഷീണിതമാക്കി ഉണ്മയെ മറച്ച് ദു:ഖാനുഭവം നല്കുന്നു. മനസ്സിവയെ പര്വ്വതാകാരമാക്കി അവതരിപ്പിക്കുന്നു. ഈ ആശയങ്ങളും അനുഭവങ്ങളും മനസ്സില്‍ മുദ്രിതമായി വാസനകളാവുന്നു. ഇവയില്‍ മിക്കതും പ്രകടമാവാതെ ലീനമായാണ് നിലകൊള്ളുന്നത്.. മനസ്സവയെ ഉപേക്ഷിക്കുമ്പോള്‍ സൂര്യോദയത്തില്‍ മൂടല്‍ മഞ്ഞെന്നപോലെ മൂടുപടം നീങ്ങി സത്യം തെളിയുന്നു. അതോടെ ദു:ഖത്തിനവസാനവുമായി. അതുവരെ കുട്ടികള്‍ തുമ്പികളെ കളിപ്പിക്കുമ്പോലെ, മനസ്സ് കളിയായി ലീലയാടുകയാണ്..
aadiyil parama purushanil purusha prakruti vibhajanam undaayi. kaazhchakkaranum kaazhchavastuvum undaayi. purushan prakrutiye ariyaan shramichappol vibhajanam drudhamaayi. chitha vruthikal potti purappedukayaayi. idam vruthiyil ninnum mano vruthi, buddhi vruthi, aham vruthi ennii chitha vruthikal undaayi, vruthi saarropyam drudamaakunnu.
thudarnnu dhaaranakalum aashayangalum undaakki ananthavabodhathe aavaranam cheythu marachu ennamatta putiya vruthi vikhepangal undaavukayum athil ninnu putiya anubhavangalundaayi, athu antakaranathil mudritamaayi vaasanakalayi adiyumpol manassundaakunnu.
vasanakalil ninnu raaga dweshangalum, karmangalum, karmabhala pratikaranangalum (gain/loss) sukha dukkhangalum, puthiya vaasanakalum undaakunnu.
Listen to the above process
http://archive.org/download/janani-navaratna-manjari_462/04-janani-navaratna-manjari.mp3
Listen to the above process
http://archive.org/download/janani-navaratna-manjari_462/04-janani-navaratna-manjari.mp3
വസിഷ്ഠന്‍ തുടര്‍ന്നു: രാമ: സര്വ്വവ്യാപിയും, നിര്മ്മലവും, ശാശ്വതവും അനന്താവബോധവുമായ ആ പരം പൊരുളിനെ മൂടുപടംകൊണ്ടു മറയ്ക്കാന്‍ മനസ്സിനാവുന്നു എന്നതിനേക്കാള്‍ വിസ്മയകരമായി മറ്റ് എന്തുണ്ട്? എന്നിട്ടോ, അതിനെ മനസ്സ് ഈ ജഢമാത്രമായ ശരീരവുമായി കൂട്ടിക്കലര്ത്തി സംഭ്രമിപ്പിക്കുന്നു.
ചലനവസ്തുക്കളില്‍ മനസ്സ് വായുവായി പ്രകടമാവുന്നു. ഭൂമിയുടെ ദൃഢതയും ആകാശത്തിലെ ശൂന്യതയും മനസ്സു തന്നെ. മനസ്സ് മറ്റൊരിടത്താണെങ്കില്‍ കഴിക്കുന്ന ആഹാരത്തിന്റെ സ്വാദ് അനുഭവവേദ്യമല്ല. മനസ്സ് മറ്റൊരിടത്തുള്ളപ്പോള്‍ കണ്മുന്നിലുള്ളതുകൂടി നമുക്ക് കാണാനാവില്ല. ഇന്ദ്രിയങ്ങള്‍ മനസ്സില്‍നിന്നുണ്ടായതാണ്-. തിരിച്ചല്ല. മനസ്സും ശരീരവും രണ്ടും രണ്ടാണെന്ന് വിഡ്ഢികളേ പറയൂ. അവ ഒന്നു തന്നെ. മനസ്സു മാത്രം. ഈ സത്യം സാക്ഷാത്കരിച്ച മഹര്ഷിമാര്ക്കു നമോവാകം. ഈ സത്യമറിഞ്ഞ മാമുനിമാര്ക്ക്, തന്നെയൊരു സ്ത്രീ വന്നു പുണര്ന്നാലും അതൊരു ശല്യമാവുന്നില്ല. ശരീരത്തിലൊരു തടിക്കഷണം സ്പര്ശിക്കുന്നതുപോലെയേ അതനുഭവമാകുന്നുള്ളു. കൈകള്‍ വെട്ടിമാറ്റിയാലും അചഞ്ചലമായിരിക്കാന്‍ അവര്‍ക്കാവും. എല്ലാ ദു:ഖങ്ങളേയും ആനന്ദാനുഭവമാക്കാനും അവര്‍ക്കാവും.
മനസ്സ് മറ്റൊരിടത്താണെങ്കില്‍ അതിരസകരമായ ഒരു കഥ ചെവിയിലെത്തിയാലും നാം അതു കേള്‍ ക്കുന്നില്ല. സ്വയം പല കഥാപാത്രങ്ങളായി അഭിനയിക്കാന്‍ കഴിയുന്ന ഒരു കൃതഹസ്തനടനേപ്പോലെ സ്വപ്നം, ജാഗ്രത്ത് തുടങ്ങിയ പലബോധതലങ്ങളും സൃഷ്ടിക്കാന്‍ മനസ്സിനു കഴിയുന്നു. ലവണ മഹാരാജാവിനേപ്പോലെയുള്ള ഒരു മഹാനെപ്പോലും അപരിഷ്കൃതനായ ഒരു ഗോത്രവര്‍ഗ്ഗക്കാരനായി മാറ്റാന്‍ മനസ്സിനെത്രവേഗമാണു സാധിച്ചത്!!. മനസ്സ് സ്വന്തമായി കെട്ടിയുണ്ടാക്കുന്നതിനെയാണ് അനുഭവിക്കുന്നത്.. ചിന്തകളാല്‍ പടുത്തുകെട്ടിയതാണ് മനസ്സ്.. ഇതറിഞ്ഞ് നീ നിനക്ക് ബോധിച്ചതുപോലെ പ്രവര്‍ത്തിച്ചാലും. തുടര്‍ച്ചയായ ചിന്തകള്‍കൊണ്ട് ദൃഢീകൃതമായ മനസ്സ് താന്‍ ജനിച്ചെന്നും മരിച്ചെന്നും ചിന്തിക്കുന്നു. സ്വയം രൂപരഹിതമെങ്കിലും മനസ്സ് ശരീരവുമായി തദാത്മ്യഭാവം കൈക്കൊള്ളുന്നു. ശരീരമുള്ള ഒരു ജീവനാണു താന്‍ എന്നു ധരിക്കുന്നു. ചിന്തകള്‍ കാരണമാണ് ഒരുവനില്‍ ദേശചിന്തയും സുഖ-ദു:ഖാനുഭവങ്ങളും അങ്കുരിക്കുന്നത്.. വിത്തിലെ എണ്ണപോലെ ലീനമായി ഇതെല്ലാം മനസ്സിലുള്ളതുതന്നെ.ആരൊരുവന്‍ മനസ്സിനെ സുഖം നേടാനായി വിഷയവസ്തുക്കളില്‍ അലയാന്‍ വിടുന്നില്ലയോ അവന്‍ മനസ്സിനെ വെന്നവനാണ്.. "തൂണില്‍ ബന്ധിച്ചവന്‍ തൂണിനെപ്പോലെ തന്നെ അചലമാണ്.. അതുപോലെ മഹാത്മാക്കളുടെ മനസ്സ് ഉണ്മയില്‍നിന്നും വ്യതിചലിക്കുന്നില്ല. അവനാണ് മനുഷ്യന്‍... മറ്റെല്ലാവരും വെറും പുഴുക്കളത്രേ." നിരന്തര ധ്യാനത്തിലൂടെ, സത്യമറിഞ്ഞവന്‍ പരമപദം പ്രാപിക്കുന്നു.
ധ്യായതോ വിഷയാന്‍ പുംസഃ സംഗസ്തേഷൂപജായതേ
സംഗാത്സഞ്ജായതേ കാമഃ കാമാത്ക്രോധോഭിജായതേ (62)
ക്രോധാദ്ഭവതി സമ്മോഹഃ സമ്മോഹാത്സ്മൃതിവിഭ്രമഃ
സ്മൃതിഭ്രംശാദ് ബുദ്ധിനാശോ ബുദ്ധിനാശാത്പ്രണശ്യതി (63)
വിഷയങ്ങളെ ധ്യാനിക്കുന്ന പുരുഷന്നു അവയില്‍ ആസക്തി ഉണ്ടാകുന്നു. ആസക്തിയില്നിന്നും ആഗ്രഹം ഉണ്ടാകുന്നു. ആഗ്രഹത്തില്‍ നിന്നും കോപം ജനിക്കുന്നു. കോപത്തില്നിന്നും അവിവേകം ഉടലെടുക്കുന്നു. അവിവേകത്തില്‍നിന്നും ഓര്‍മ്മക്കേടും ഓര്‍മ്മക്കേടില്‍നിന്നും ബുദ്ധിനാശവും ഉണ്ടാകുന്നു. ബുദ്ധിനാശം മൂലം മനുഷ്യന്‍ നശിക്കുകയും ചെയ്യുന്നു.
I have noticed it only now. Glad to see that the material from blog has been appropriately used. Hari Om!
ReplyDeleteSukumar Canada
Sukumar Ji, I feel lucky to have received your writings. Your compassionate work has helped thousands and will continue to help all malayalis all over the world. Thanks you very much :)
Delete