ഗീത രണ്ടാമദ്ധ്യായത്തിലാണ് ജീവന്മുക്തനായ സ്ഥിതപ്രജ്ഞനെക്കുറിച്ച്‌യയും യോഗബുദ്ധിയേയുംകുറിച്ച് വിശദമായി കേട്ടുകഴിഞ്ഞ അര്‍ജുനന്‍ സമാധിസ്ഥനായ സ്ഥിതപ്രജ്ഞന്റെ കെട്ടും മട്ടും എന്തൊക്കെയാണെന്ന് ഭഗവാനോട് ചോദിക്കുന്നു, സ്ഥിതപ്രജ്ഞന്റെ സംഭാഷണം ഏത് രീതിയിലുള്ളതാണ്? അദ്ദേഹത്തിന്റെ ഇരിപ്പും നടപ്പും എങ്ങനെയൊക്കെയാണ് എന്ന്.
ഇവിടെ പ്രജ്ഞയെന്ന പദംകൊണ്ട് സത്യബോധമെന്നാണര്‍ത്ഥമാക്കുന്നത്. സത്യബോധം സ്ഥിതമെന്നും അസ്ഥിതമെന്നും രണ്ടുതരത്തിലുണ്ട്. ഒരു ജാരപുരുഷനില്‍ അനുരക്തനായ സ്ത്രീ തന്റെ കൃത്യങ്ങളെല്ലാം അനുഷ്ഠിക്കുന്നുണ്ടെങ്കിലും തനിക്കായി നിശ്ചയിട്ടുള്ള ഗൃഹകാര്യങ്ങളെല്ലാം കൃത്യമായി നിറവേറ്റുന്നുണ്ടെങ്കിലും അവളുടെ ബുദ്ധി എപ്പോഴും ജാരപുരുഷനെത്തന്നെ സ്മരിച്ചുകൊണ്ടിരിക്കുന്നു. അനുഷ്ഠിച്ചുതീരുന്നതോടെ മറ്റ് കൃത്യങ്ങള്‍ വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. അതുപോലെ പരവൈരാഗ്യം നേടിയ സാധകന്‍ യോഗാഭ്യാസപാടവംകൊണ്ട് ചിത്തത്തെ പൂര്‍ണമായും വശീകരിച്ച് സത്യബോധം കൈവരിച്ചാല്‍ പിന്നെ ഇടവിടാതെ സത്യാനുഭൂതിയില്‍ത്തന്നെ മുഴുകുന്നു. ലോകകാര്യങ്ങള്‍ അനുഷ്ഠിച്ചുതീരുന്ന മാത്രയില്‍ വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. ഇതാണ് സ്ഥിതമായ സത്യബോധം.
പരവൈരാഗ്യമോ, യോഗാഭ്യാസപാടവമോ നേടിയിട്ടില്ലാത്ത ചിലര്‍ക്കും പുണ്യവിശേഷംകൊണ്ട് ചിലപ്പോള്‍ അല്‍പ്പസമയത്തേക്ക് തത്ത്വജ്ഞാനമുണ്ടായെന്ന് വരാം. എന്നാല്‍ അത് തുടര്‍ന്ന് നില്‍ക്കാനിടവരുന്നില്ല. മായ പെട്ടെന്ന് അതിനെ മായ്ച്ചുകളയുന്നു. ഇതാണ് അസ്ഥിതമായ സത്യബോധം. സാധനാനുഷ്ഠാനംകൊണ്ട് കാലാന്തരത്തില്‍ ഇത് സ്ഥിതമായിത്തീരുന്നതാണ്. ~~~ ജി. ബാലകൃഷ്ണന്‍ നായര്‍
ജ്ഞാനേശ്വരി - ഭാഷ്യം വായിക്കുക.
ശ്ലോകം 54
അര്‍ജുന ഉവാച:
സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ
സമാധിസ്ഥസ്യ കേശവ!
സ്ഥിതധീഃ കിം പ്രഭാഷേത
കിമാസീത വ്രജേത കിം?
അര്‍ത്ഥം: അല്ലയോ കേശവാ, സമാധിയിലിരിക്കുന്ന സ്ഥിതപ്രജ്ഞന്റെ ലക്ഷണമെന്താണ്? സ്ഥിതപ്രജ്ഞന്‍ എങ്ങനെ സംസാരിക്കുന്നു? എങ്ങനെ ഇരിക്കുന്നു? എങ്ങനെ നടക്കുന്നു?
ഭാഷ്യം: അര്‍ജ്ജുനന്‍ കൃഷ്ണനോട് ചോദിച്ചുഛ അല്ലയോ കാരുണ്യമൂര്‍ത്തേ! ഞാന്‍ ഇതേപ്പറ്റി ചില സംശയങ്ങള്‍ ചോദിക്കുകയാണ്. ദയവായി മറുപടി പറഞ്ഞാലും.
ഇതു കേട്ടപ്പോള്‍ ഭഗവാന്‍ കൃഷ്ണന്‍ അത്യന്തം ആമോദത്തോടെ അരുള്‍ ചെയ്തു: അര്‍ജ്ജുനാ, നിന്റെ മനസ്സിലുള്ള ഏത് ചോദ്യവും നിര്‍ബ്ബാധം ചോദിച്ചുകൊള്ളുക.
അര്‍ജ്ജുനന്‍ ചോദിച്ചു: അല്ലയോ കൃഷ്ണാ, സ്ഥിതപ്രജ്ഞനെന്നു വിളിക്കാവുന്നതാരെയാണ്? എങ്ങനെയാണ് അദ്ദേഹത്തെ അറിയുന്നത്? അദ്ദേഹത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? അദ്ദേഹം ആവിര്‍ഭവിക്കുന്നത് എപ്രകാരമാണ്? അദ്ദേഹത്തെ തിരിച്ചറിയുന്ന അടയാളങ്ങള്‍ എന്തൊക്കെയാണ്? സമാധിസുഖം നിരന്തരമായി അനുഭവിക്കുന്ന ഒരുവന്‍ ഏത് ഭാവത്തിലാണ് ഇരിക്കുന്നത്? അല്ലയോ ശ്രീകാന്തനായ ഭഗവാനേ, ഇതേപ്പറ്റിയെല്ലാം എനിക്ക് പറഞ്ഞുതന്നാലും.
അപ്പോള്‍ പരമമായ പരാശക്തിയുടെ അവതാരവും പതിനാറുലക്ഷണങ്ങളുടെയും ദിവ്യമാഹാത്മ്യംകൊണ്ട് പരിലസിക്കുന്നവനുമായ ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു.
ശ്ലോകം 55
ശ്രീഭഗവാനുവാച:
പ്രജഹാതി യദാ കാമാന്‍
സര്‍വാന്‍ പാര്‍ഥ മനോഗതാന്‍
ആത്മന്യേവാത്മനാ തുഷ്ടഃ
സ്ഥിതപ്രജ്ഞസ്തദോച്യതേ
അര്‍ത്ഥം: അല്ലയോ പാര്‍ത്ഥാ, മനസ്സിലിരിക്കുന്ന എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിച്ചിട്ട്, ആത്മാവ് കൊണ്ടു ആത്മാവില്‍ തന്നെ ആനന്ദം അനുഭവിക്കുന്ന ആളാണ് സ്ഥിതപ്രജ്ഞാന്‍.
ഭാഷ്യം: അര്‍ജ്ജുനാ, കേള്‍ക്കുക. ആത്മാവിന്റെ ആനന്ദത്തിന് തടസ്സമായി ഭവിക്കുന്നത് മനസ്സിന് വിഷയസുഖങ്ങളിലുണ്ടാകുന്ന ആസക്തിയാണ്. നിത്യതൃപ്തനും ഇച്ഛാപൂര്‍ത്തികൊണ്ട് നിറഞ്ഞ ഹൃദയത്തോടു കൂടിയവനും വിഷയങ്ങളാകുന്ന ചെളിക്കുണ്ടിലേക്ക് തലകുത്തിവീഴാന്‍ ഇടയാകുന്ന ഇന്ദ്രിയസുഖങ്ങളെ നിശ്ശേഷം വെടിഞ്ഞവനും സ്വന്തം ആത്മാവില്‍ ത്തന്നെ മുഴുകി ആനന്ദം കണ്ടെത്തുന്നവനുമായ ഒരുവന്‍ സ്ഥിതപ്രജ്ഞാനാണ്.
ശ്ലോകം 56
ദുഃഖേഷ്വനുദ്വിഗ്‌ന മനാഃ
സുഖേഷു വിഗതസ്പൃഹഃ
വീതരാഗഭയക്രോധഃ
സ്ഥിതധീര്‍ മുനിരുച്യതേ
അര്‍ത്ഥം: ദുഖങ്ങളില്‍ വ്യാകുലനാകാത്തവനും സുഖങ്ങളില്‍ തല്പരനാകാത്തവനും കാമക്രോധഭയങ്ങളില്ലാത്തവുമായ മുനിയാണ് സ്ഥിതപ്രജ്ഞന്‍ - നിശ്ചലജ്ഞാനി.
ഭാഷ്യം: നാനാപ്രകാരത്തിലുള്ള ദുഖത്തിലും കുണ്ഠിതപ്പെടാത്ത ചിത്തത്തോടുകൂടിയവനും കൂടുതല്‍ സുഖത്തിനായി ആഗ്രഹിച്ചു അതിന്റെ കുരുക്കില്‍ പെടാത്തവനുമായ ഒരുവനില്‍ കാമമോ ക്രോധമോ ഉണ്ടാവുകയില്ല. അവന്‍ ഭയത്തില്‍ നിന്നു മോചിതനായിരിക്കും. അവന്‍ എപ്പോഴും ആത്മസുഖത്തില്‍ മുഴുകിയിരിക്കും. അവന്‍ പരിമിതികള്‍ക്കും പ്രശസ്തിക്കും അതീതനായിരിക്കും. ഇപ്രകാരമുള്ള അവസ്ഥയില്‍ സദാ സ്ഥിതിചെയ്യുന്ന ഒരു മുനിയെ സ്ഥിതപ്രജ്ഞന്‍ എന്നുപറയുന്നു.
ശ്ലോകം 57
യഃ സര്‍വത്രാനഭിസ്നേഹഃ
തത്തത് പ്രാപ്യ ശുഭാശുഭം
നാഭിനന്ദതി ന ദ്വേഷ്ടി
തസ്യപ്രജ്ഞാ പ്രതിഷ്ഠിതാ
അര്‍ത്ഥം: ദേഹം, ധനം തുടങ്ങിയ യാതൊന്നിലും മമത ഇല്ലാത്തത് ആര്‍ക്കാണോ, ശുഭകാര്യങ്ങളില്‍ സന്തോഷമോ അശുഭകാര്യങ്ങളില്‍ ദ്വേഷമോ പ്രകടിപ്പിക്കാത്തവന്‍ ആരാണോ, അങ്ങനെയുള്ള ഒരുവന്റെ ജ്ഞാനം സുസ്ഥിരമാകുന്നു.
ഭാഷ്യം: ഉത്തമാന്മാര്‍ക്കും അധമാന്മാര്‍ക്കും നിഷ്പക്ഷമായ രീതിയില്‍ പ്രകാശം നല്‍കുന്ന പൗര്‍ണമിചന്ദ്രനെപ്പോലെ അവന്‍ എല്ലാവരോടും ഒരേ വിധത്തില്‍ പെരുമാറുന്നു. ജീവജാലങ്ങലോടുള്ള സമഭാവനയിലും കാരുണ്യത്തിലും അവന്റെ മനസ്സിന് ഒരിക്കലും മാറ്റമുണ്ടാവുകയില്ല. അവന്‍ നല്ലത് വരുമ്പോള്‍ ആഹ്ലാദിക്കുകയോ അല്ലല്‍ വരുമ്പോള്‍ തളരുകയോ ചെയ്യുകയില്ല. ഇപ്രകാരം ഇമ്പത്തില്‍ നിന്നും തുമ്പത്തില്‍ നിന്നും മോചനം നേടി ആത്മാനന്ദത്തില്‍ മുഴുകിയിരിക്കുന്നവന്‍ സ്ഥിതബുദ്ധിയാണ്.
ശ്ലോകം 58
യദാ സംഹരതേ ചായം
കൂര്‍മോശങ്ഗാനീവ സര്‍വശഃ
ഇന്ദ്രിയാണിന്ദ്രിയാര്‍ത്ഥേഭ്യഃ
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ
അര്‍ത്ഥം: ആമ അതിന്റെ അവയവങ്ങളെ എല്ലാ ഭാഗത്തുനിന്നും ഉള്ളിലേക്ക് വലിക്കുന്നതുപോലെ ഈ യോഗി (സ്ഥിതപ്രജ്ഞാന്‍) എപ്പോഴാണ് സകല വിഷയങ്ങളില്‍ നിന്നും ഇന്ദ്രിയങ്ങളെ പിന്‍വലിക്കുന്നത്, അപ്പോള്‍ അവന്റെ ജ്ഞാനം സ്ഥിരമായി ഭവിക്കുന്നു.
ഭാഷ്യം: ഒരു ആമ അതിന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ പുറത്തേക്ക് നീട്ടുകയോ അകത്തേക്ക് വലിക്കുകയോ ചെയ്യുന്നു. അപ്രകാരം ഒരു യോഗി തന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രണത്തില്‍ വയ്ക്കുകയും സ്വേച്ഛാനുസാരം പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ളവന്റെ ജ്ഞാനം ഉറച്ചതാണെന്ന് അറിഞ്ഞാലും.
ശ്ലോകം 59
വിഷയാ വിനിവര്‍ത്തന്തേ
നിരാഹാരസ്യ ദേഹിനഃ
രസവര്‍ജ്യം രസോശ പ്യസ്യ
പരം ദൃഷ്ട്വാ നിവര്‍ത്തതേ
അര്‍ത്ഥം: വിഷയങ്ങളെ കൈവെടിഞ്ഞു തപസ്സ് അനുഷ്ടിക്കുന്ന ഒരുവനില്‍ നിന്ന് ഇന്ദ്രിയവിഷയങ്ങള്‍ ക്രമേണ അകന്നുപോകുന്നു. പക്ഷേ, അവയിലുള്ള രസം (അഭിലാഷം) അവനില്‍ അവശേഷിക്കുന്നു. എന്നാല്‍ പരമാത്മദര്‍ശനത്തില്‍ ഈ രസങ്ങളും കൂടി ഒഴിഞ്ഞു പോകുന്നു.
ഭാഷ്യം: അല്ലയോ അര്‍ജ്ജുനാ, ശ്രദ്ധാര്‍ഹമായ ഒരു കാര്യം ഞാന്‍ പറയാം. സംയമനത്തില്‍ കൂടി ഇന്ദ്രിയങ്ങളെ ഉപേക്ഷിച്ചു തപസ്സുചെയ്യുന്ന ഒരുവന്‍ അവന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നുണ്ടെങ്കിലും അവയിലുള്ള രസത്തെ (അഭിലാഷങ്ങളെ) നിയന്ത്രിക്കാന്‍ കഴിയാതെ വിവിധ തരത്തിലുള്ള ഇന്ദ്രിയവിഷയങ്ങളുടെ കുരുക്കില്‍പ്പെട്ടു വലയുന്നു. ഒരു വൃക്ഷത്തിന്റെ മുകള്‍ഭാഗത്തെ പടര്‍പ്പുകള്‍ മുറിച്ചുമാറ്റുകയും അതേസമയം അതിന്റെ ചുവട്ടില്‍ വെള്ളം ഒഴിച്ച് കൊടുക്കുകയും ചെയ്‌താല്‍ ആ വൃക്ഷത്തെ നശിപ്പിക്കാന്‍ കഴിയുമോ? വേരുകള്‍ക്ക് വെള്ളം ലഭിക്കുന്ന ആ വൃക്ഷം നാലു ഭാഗങ്ങളിലേയ്ക്കും വളര്‍ന്നു പന്തലിക്കും. അതുപോലെ, അഭിലാഷങ്ങള്‍ ഇന്ദ്രിയഭോഗങ്ങളെ പരിപോഷിപ്പിക്കും. എന്നാല്‍, ബ്രഹ്മസാക്ഷാത്കാരത്തില്‍ അവന്റെ രസങ്ങളും അവനെ വിട്ടകലുന്നു. താന്‍ തന്നെയാണ് ബ്രഹ്മമെന്ന ജ്ഞാനം ഉദിക്കുമ്പോള്‍ ദേഹബുദ്ധി അവനെ കൈവെടിയുകയും ഇന്ദ്രിയങ്ങള്‍ വിഷയങ്ങളില്‍ വ്യാപരിക്കാതാവുകയും ചെയ്യുന്നു.
ശ്ലോകം 60
യതതോഹ്യപി കൗന്തേയ
പുരുഷസ്യ വിപശ്ചിതഃ
ഇന്ദ്രിയാണി പ്രമാഥീനി
ഹരന്തിപ്രസഭം മനഃ
അര്‍ത്ഥം: അല്ലയോ കൌന്തേയാ,
ഇന്ദ്രിയങ്ങള്‍, മോക്ഷത്തിനായിക്കൊണ്ട് പ്രയത്നം ചെയ്യുന്ന വിവേകിയായ ഒരു പുരുഷന്റെ മനസ്സിനെപ്പോലും ഇളക്കിയതിനുശേഷം ബലാല്‍ക്കാരമായി വിഷയങ്ങളിലേക്ക് ഇഴച്ചുകൊണ്ടുപോകുന്നു.
ഭാഷ്യം: ഇന്ദ്രിയങ്ങളെ എല്ലായ്പ്പോഴും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തന്നെ അത് അനിയന്ത്രിതമായിത്തീരുന്നു. യമനിയമാദികള്‍കൊണ്ട് സംരക്ഷണവലയം സൃഷ്ടിച്ച്, മതാനുഷ്ടാനങ്ങള്‍ കൊണ്ട് ബലം ആര്‍ജ്ജിച്ചു മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്തുന്നവര്‍ക്ക് തീവ്രമായ പോരാട്ടം അനുഭവപ്പെടുന്നു. ഇന്ദ്രിയങ്ങളുടെ ആക്രമണസ്വഭാവം അപ്രകാരമാണ്. ഈ ഇന്ദ്രിയവിഷയങ്ങള്‍ അലൗകികശക്തികളുടെ കപടവേഷത്തില്‍ വന്നു ഇന്ദ്രിയങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തി ഒരുവന്റെ മനസ്സിനെ ചലിപ്പിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ മനസ്സ് അനിയന്ത്രിതമായി ഇന്ദ്രിയങ്ങളുടെ കാരുണ്യത്തിനുവേണ്ടി കാല്‍ക്കല്‍ വീഴേണ്ടിവരും. ഇന്ദ്രിയങ്ങളുടെ പ്രാഭവം അങ്ങനെയുള്ളതാണ്.
Courtesy : http://sreyas.in/jnaneshwari-samkhya-yogam-54-60#ixzz2JoiUR0t7