ബ്രാഹ്മണ സ്പുരണം കിഞ്ചിദ്യദവാതാംബുധേരിവ
ദീപസ്യേവാപ്യവാതസ്യ തം ജീവം വിദ്ധി രാഘവം (3/64/8)
യോഗവാസിഷ്ഠം നിത്യപാരായണം
രാമന്‍ ചോദിച്ചു: അനന്തമായ അവബോധവും അതിന്റെ ചാലക ഊര്‍ജ്ജവും മാത്രം സത്യമായിരിക്കേ ഈ 'ഏകാദ്വയ'ത്തില്‍നിന്നും ജീവന്‍ എങ്ങിനെയാണ് താന്‍ യാഥാര്‍ഥ്യമാണെന്ന ധാരണ ഉരുത്തിരിക്കുന്നത്?
വസിഷ്ഠന്‍ പറഞ്ഞു: അജ്ഞാനിയുടെ മനസ്സില്‍ മാത്രമേ ജീവന്‍ എന്ന ഈ ഭൂതം ഒരു പ്രതിഫലനമായി സ്ഫുടീകരിക്കുന്നുള്ളു. ഇതെന്താണെന്നു കൃത്യമായിപ്പറയാന്‍ വിവേകവിജ്ഞാന വിചക്ഷണരായ മഹാത്മാക്കള്‍ക്കുപോലും കഴിയില്ല. കാരണം അതിനു സ്വഭാവസൂചനകള്‍ ഒന്നുമില്ല. അനന്താവബോധമെന്ന കണ്ണാടിയിലെ പ്രതിബിംബങ്ങളാണ് ലോകമായി കാണപ്പെടുന്നത്. "ജീവന്‍ എന്നത് ബ്രഹ്മസമുദ്രോപരി മന്ദസ്പന്ദനം പോലെയുള്ള അലകളാണ്. അല്ലെങ്കില്‍ കാറ്റില്ലാത്തൊരു മുറിയില്‍ വച്ചിട്ടുള്ള ദീപനാളത്തിന്റെ ലോലമായ ചലനമാണ്." അനന്തതയിലെ ആ മന്ദചലനം. അനന്താവബോധത്തെ ആഛാദനം ചെയ്യുമ്പോള്‍ ബോധത്തിനു പരിമിതിയുള്ളതായി തോന്നുകയാണ്. ഇതുപോലും അനന്തതയില്‍ സഹജം. അങ്ങിനെ പരിമിതപ്പെട്ട ബോധമാണ് ജീവന്‍. ഒരു ദീപനാളത്തില്‍ നിന്നു തെറിക്കുന്ന തീപ്പൊരി സ്വതന്ത്രമായ മറ്റൊരു നാളമാവും പോലെ ഈ പരിമിതബോധം നിര്‍ലീനവാസനകളാലും ഓര്‍മ്മകളാലും പ്രേരിതമായി, അഹംകാരമായി, - ഞാന്‍ - ആയി സ്ഫുടീകരിക്കുന്നു. ഈ 'ഞാന്‍' എന്ന ഭാവം ദൃഢമായ യാഥാര്‍ഥ്യമൊന്നുമല്ല. പക്ഷേ ജീവന്‍ അതിനെ സത്തായിക്കാണുന്നു. ആകാശത്തിന്റെ നീലനിറം പോലെയാണത്.
അഹംകാരം സ്വയം ധാരണകളുണ്ടാക്കി മനസ്സ് എന്ന 'വസ്തു' സംജാതമാവുന്നു. വ്യക്തിഗത ജീവന്‍, മനസ്സ്, മായ, പ്രപഞ്ചമെന്ന ഭ്രമം, അവയുടെ സ്വഭാവസവിശേഷതകള്‍ തുടങ്ങിയ ആശയങ്ങള്‍ ഭാവിതമാവുന്നു. ഈ ധാരണകള്‍ വെച്ചുപുലര്‍ത്തുന്ന മേധാശക്തി പഞ്ചഭൂതങ്ങളെ (ഭൂമി,ജലം,അഗ്നി,വായു,ആകാശം) ആവാഹനം ചെയ്തുണ്ടാക്കുന്നു. ഇതോടുചേര്‍ന്ന് ആ ബുദ്ധി സ്വയം പ്രകാശകണമായിത്തിരുന്നു. ഇതും വിശ്വദീപ്തിതന്നെയാണ്. അതു പിന്നീട് എണ്ണമറ്റ രൂപഭാവങ്ങളെ പ്രാപിക്കുന്നു. ചിലയിടത്ത് വൃക്ഷാദികള്‍ , ചിലയിടത്ത് പക്ഷിമൃഗാദികള്‍ , ചിലയിടത്ത് ഭൂതപിശാചുക്കള്‍ , മറ്റുചിലയിടത്ത് ദേവതകള്‍ ഇങ്ങിനെയെല്ലാം ആയിത്തീരുന്നു.
ഇതിലെ ആദ്യത്തെ രൂപീകൃതസത്വം സൃഷ്ടികര്‍ത്താവായ ബ്രഹ്മാവാണ്. ഈ ബ്രഹ്മാവാണ് ചിന്തകളും ഇച്ഛാശക്തിയുംകൊണ്ട് മറ്റു ജീവജാലങ്ങളെ സൃഷ്ടിക്കുന്നത്. ബോധത്തിലെ സ്പന്ദനം മാത്രമാണു ജീവന്‍. കര്‍മ്മവും, ദൈവവും, മറ്റ് എല്ലാം സ്പന്ദനമാണ്. മനസ്സിന്റെ സൃഷ്ടിയെന്നത് ബോധത്തിന്റെ ചലനമാണ്. ലോകം നിലനില്‍ക്കുന്നതോ, മനസ്സിലാണ്. ദര്‍ശനത്തിലെയും അറിവിലേയും അപൂര്‍ണ്ണതയാണ് മനസ്സിന്റെ നിലനില്‍പ്പിനു കാരണം. അതൊരു ദീര്‍ഘനിദ്രയേക്കാള്‍ സാംഗത്യമുള്ള ഒന്നുമല്ല. ഈ അറിവുറച്ചാല്‍ എല്ലാ ദ്വന്ദഭാവവും ഇല്ലാതാവും. ബ്രഹ്മം, ജീവന്‍, മനസ്സ്, മായ, കര്‍മ്മി, കര്‍മ്മം, ലോകം എന്നിവയെല്ലാം ആ അവിച്ഛിന്നവും അദ്വയവുമായ അനന്താവബോധത്തിന്റെ പര്യായങ്ങളാണെന്ന സാക്ഷാത്കാരവും ഉണ്ടാവും.
ചിദ്ഘനേനൈകതാമേത്യ യദാ തിഷ്ഠതി നിശ്ചല:
ശാമ്യന്വയവഹരന്വാപി തദാ സംശാന്ത ഉച്യതെ (3/66/12)
വസിഷ്ഠന്‍ തുടര്‍ന്നു: രാമാ ആ 'ഒന്ന്' ഒരിക്കലും പലതായിട്ടില്ല. ഒരു തിരിയില്‍നിന്നും മറ്റുതിരികളിലേയ്ക്ക് ദീപം കൊളുത്തുമ്പോള്‍ അതെല്ലാം ഒരേ ദീപനാളം തന്നെ. ഒരേ ബ്രഹ്മം പലതായി കാണപ്പെടുന്നു. ഈ നാനാത്വത്തിന്റെ അയാഥാര്‍ഥ്യത്തെപ്പറ്റി ബോധ്യമാവുമ്പോള്‍ അവന് ദു:ഖനിവൃത്തിയുണ്ടാവുന്നു. ജീവനെന്നത് പരിമിതപ്പെട്ട ബോധം മാത്രം. പരിമിതികള്‍ ഇല്ലാതാവുമ്പോള്‍ ശാന്തി അനുഭവിക്കുമാറാകുന്നു. പാദരക്ഷ ധരിച്ചവന് ഭൂമി മുഴുവന്‍ തോലുപൊതിഞ്ഞപോലെയാണല്ലോ.
എന്താണു ലോകം? അതൊരു പ്രകടനം മാത്രം. വാഴത്തട എന്നുപറയുന്നത് ഇലകള്‍ അല്ലാതെ മറ്റൊന്നുമല്ലല്ലോ. മദ്യപാനം ഒരുവനെ ശൂന്യാകാശത്ത് മായക്കാഴ്ചകള്‍ കാണുമാറാക്കുന്നതുപോലെ മനസ്സിന് ഒന്നിനെ പലതായി കാണാന്‍ കഴിയുന്നു. കുത്തനെ നില്‍ക്കുന്ന ഒരു സ്തംഭം ചലിക്കുന്നതായി മദ്യപനു തോന്നുന്നതു പോലെ അജ്ഞാനിക്കു ലോകത്തില്‍ ചലനങ്ങള്‍ ദൃശ്യമാകുന്നു. മനസ്സ് ദ്വന്ദഭാവം കൈക്കൊള്ളൂമ്പോള്‍ ദ്വന്ദതയും അതിന്റെ പ്രതിരൂപമായ ഏകതയും ഉണ്ട്. മനസ്സില്‍നിന്നും ഈ ധാരണ മാറുമ്പോള്‍ ദ്വന്ദതയോ ഏകതയോ ശേഷിക്കുന്നില്ല. "അനന്താവബോധത്തിന്റെ ഏകാത്മകതയില്‍ ദൃഢീകരിച്ചുകഴിഞ്ഞാല്‍ ഒരുവന്‍ നിശ്ശബ്ദനായി, നിഷ്ക്രിയനായിരുന്നാലും കര്‍മ്മങ്ങളില്‍ സജീവമായി മുഴുകിയാലും അയാള്‍ സ്വയം പ്രശാന്തനാണ്." ഇപ്രകാരം പരമപദത്തെ പ്രാപിച്ചവന്‍ അനാത്മാവസ്ഥയിലാണെന്നു പറയപ്പെടുന്നു. അത് നിശ്ശൂന്യതയെക്കുറിച്ച് അറിയുന്ന ഒരു തലമാണ്.
മനസ്സിലെ പ്രക്ഷോഭങ്ങളാണ് ബോധത്തെ അറിവിനു വിധേയമായ വസ്തുവാണെന്ന തോന്നലുണ്ടാക്കുന്നത്. പിന്നീട്, മനസ്സില്‍ 'ഞാന്‍ ജനിച്ചു' മുതലായ തെറ്റിദ്ധാരണകള്‍ ഉദിക്കുന്നു. ആ അറിവും മനസ്സുതന്നെയാണ്. അതുകൊണ്ട് അതിനെ 'അവിദ്യ' അല്ലെങ്കില്‍ ഭ്രമം എന്നു വിളിക്കുന്നു. ഒരുവന് സംസാരമെന്ന ഈ രോഗത്തില്‍നിന്നു മുക്തിയേകാന്‍ ആത്മജ്ഞാനമല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ല. കയറില്‍ പാമ്പിനെ കണ്ടതിനു പ്രതിവിധി ശരിയായ അറിവുണ്ടാവുകമാത്രമാണ്. അത്തരം അറിവുറയ്ക്കുമ്പോള്‍ മനസ്സില്‍ ഇന്ദ്രിയസുഖങ്ങളോടുള്ള ആസക്തി ഇല്ലാതാവുന്നു. അതാണല്ലോ അജ്ഞതയെ പെരുപ്പിക്കുന്നത്. അതുകൊണ്ട് ആസക്തികളെ, ആര്‍ത്തികളെ പ്രീണിപ്പിക്കാതിരിക്കുക. എന്താണതിനു ബുദ്ധിമുട്ട്?
മനസ്സ് വിഷയ (പദാര്‍ത്ഥ) ധാരണയിലിരിക്കുമ്പോള്‍ പ്രക്ഷുബ്ധമാണ്. എന്നാല്‍ വിഷയങ്ങളോ ആശയങ്ങളോ മഥിക്കാത്ത മനസ്സില്‍ ചിന്തകളില്ല. ചലനമില്ല. ലോകമെന്ന ദൃശ്യവിക്ഷേപവും അവിടെയില്ല. ചിന്തകളുടെ സഞ്ചാരമാണ് ജീവന്‍. കാരണവും കര്‍മ്മവും. അതാണ് ലോകദൃശ്യത്തിന്റെ വിത്ത്. പിന്നീടുള്ളത് ശരീരസൃഷ്ടിയാണ്.
അഹമർത്ഥോപരിജ്ഞാത: പരമാർത്ഥാംബരേ മലം
പരിജ്ഞാതോഹമർത്ഥസ്തു പരമാത്മാംബരം ഭവേത് (4/33/24)
വസിഷ്ഠൻ തുടർന്നു: “ശരിയായ അറിവിന്റെ വെളിച്ചത്തിലല്ലെങ്കിൽ, ‘ഞാൻ’ എന്നത് അനന്താവബോധത്തിലെ ഒരു തെറ്റിദ്ധാരണയാണ്.. എന്നാൽ ശരിയായ അറിവിന്റെ നിറവിലോ അത് അനന്തതാവബോധം തന്നെയാണ്.” സ്വന്തം ഉണ്മയെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ‘ഞാൻ’ എന്നത് അഹംഭാവമാണെന്ന ധാരണ പാടേ നീങ്ങി ഒരേയൊരു അനന്താവബോധം മാത്രമാണു ഞാൻ എന്ന സാക്ഷാത്കാരം ഉണ്ടാവുന്നു. വാസ്തവത്തിൽ ‘ഞാൻ’ എന്ന ഒരു പ്രത്യേക അസ്തിത്വം ഇല്ല തന്നെ. ഈ സത്യം നിർമ്മലമനസ്സുള്ള ഒരുവനു വെളിപ്പെടുമ്പോൾ അവന്റെ അജ്ഞാനം ക്ഷണനേരംകൊണ്ട് ഇല്ലാതെയാവുന്നു. മറ്റുള്ളവർ അവരുടെ തെറ്റിദ്ധാരണയ്ക്കു മാറ്റമൊന്നുമില്ലാതെ ചെറിയകുട്ടികൾ ഭൂതപിശാചുക്കളുടെ അസ്തിത്വത്തിൽ വിശ്വസിക്കുന്നതുപോലെ കഴിഞ്ഞു കൂടുന്നു. ‘ഞാൻ’ എന്ന ഒന്നിന് അസ്തിത്വമില്ല എന്ന വസ്തുത അറിയുന്നവൻ എങ്ങിനെയാണ് ‘ഞാനു’ മായി ബന്ധമുള്ള സ്വർഗ്ഗം, നരകം തുടങ്ങിയ മറ്റു ധാരണകൾക്ക് വില കൽപ്പിക്കുക? ‘ഞാൻ’ എന്ന ധാരണ സത്യമാണെന്നു കരുതുമ്പോൾ മാത്രമേ സ്വർഗ്ഗലാഭത്തിനും മുക്തിപദപ്രാപ്തിക്കും പോലുമുള്ള അഭിവാഞ്ഛ ഒരുവനിൽ ഉയരുകയുള്ളു.
‘ഞാൻ’ ഉള്ളിടത്തോളം ഒരുവന്റെ ജീവിതത്തിൽ അസന്തുഷ്ടി മാത്രമേയുള്ളു. ‘അഹം’ ഇല്ലാതാകാൻ ആത്മജ്ഞാനമല്ലാതെ മറ്റൊരുമാർഗ്ഗമില്ല. ഈ ‘അഹം’ എന്ന ഭൂതം ആവേശിച്ചുകഴിഞ്ഞാൽ ഒരു ശാസ്ത്രഗ്രന്ഥത്തിനും, മന്ത്രങ്ങൾക്കും ഒന്നും അതിനെ ഒഴിപ്പിക്കാൻ കഴിയില്ല. ആത്മാവ്, അനന്താവബോധത്തിന്റെ ശുദ്ധമായ പ്രതിഫലനം മാത്രമാണെന്ന സത്യം നിരന്തരമായി സ്മരിക്കുന്നതുകൊണ്ടു മാത്രമേ അഹത്തിന്റെ വളർച്ചയെ തടയുവാനാവൂ.
ലോകമെന്ന കാഴ്ച്ച (പ്രകടനം) ഒരു മികച്ച ജാലവിദ്യക്കാരന്റെ കൺകെട്ടാണ്.. വിഷയ-വിഷയീ ബന്ധങ്ങളും ‘എനിയ്ക്ക്’ അവയുമായുള്ള ബന്ധവും ശുദ്ധ അസംബന്ധവും. ഈ അറിവുറയ്ക്കുമ്പോള്‍ അഹംഭാവത്തിന്റെ വേരറ്റുപോവുന്നു. ഈ അഹമാണ് ‘ലോകം’ എന്ന ധാരണയ്ക്ക് കാരണമാവുന്നതെന്ന് അറിയുമ്പോൾ രണ്ടും പ്രശാന്തിയടഞ്ഞില്ലാതാവുന്നു. എന്നാൽ അഹംഭാവത്തിന്റെ ഉന്നതമായ ഒരു തലത്തിലാണ് പ്രബുദ്ധനായവൻ കഴിയുന്നത്. അതിൽ 'ഞാനാ'ണീ വിശ്വം മുഴുവനും നിറഞ്ഞുവിളങ്ങുന്നത്; 'എന്നി'ൽ നിന്നുവേറിട്ട് യാതൊന്നുമില്ല എന്ന ദൃഢമായ ധാരണയാണുള്ളത്. മറ്റൊരു തലത്തിലുള്ള അഹംഭാവത്തിൽ, 'ഞാന്‍' അതീവസൂക്ഷ്മമായ അണുമാത്രമാണെന്നും അതിനാൽ ഈ വിശ്വത്തിലെ എല്ലാറ്റിൽനിന്നും സർവ്വതന്ത്രസ്വതന്ത്രമാണെന്നും ഉള്ള അറിവാണുള്ളത്. ഇതും മുക്തിദായകമത്രേ. എന്നാൽ ദേഹാഭിമാനിയായ അഹം, ആത്മാവിനെ ശരീരത്തോട് തദാത്മ്യഭാവത്തിൽ കാണുന്നതാണ് തീർച്ചയായും വർജ്ജിക്കേണ്ടത്.
തുടർച്ചയായി ഉയർന്ന തലത്തിലുള്ള ഉത്തമ ‘അഹം’ ഭാവം ഉള്ളിൽ വളർത്തിയുറപ്പിക്കുകവഴി അധമമായ അഹംഭാവത്തെ ഇല്ലാതെയാക്കാം. അധമമായ അഹംഭാവത്തെ നിരാകരിച്ച് ഉന്നതമായ ‘അഖിലവും ഞാൻ’ എന്ന ഭാവമോ ‘ഏറ്റവും സൂക്ഷ്മമവും സ്വതന്ത്രവുമാണു ഞാൻ’ എന്ന ഭാവമോ നിരന്തരം ഉള്ളിലുറപ്പിക്കുക. കാലക്രമത്തില്‍ ഈ രണ്ട് ‘ഉന്നതാഹംഭാവങ്ങളും’ വർജ്ജിക്കണം. അതിനുശേഷം എല്ലാവിധ കർമ്മങ്ങളിലും സർവ്വാത്മനാ മുഴുകിക്കഴിയുകയോ ഒന്നിലും ഏർപ്പെടാതെ ഏകാന്തതയിൽ കഴിയുകയോ ചെയ്യാം. കാരണം അങ്ങിനെയുള്ള ജ്ഞാനിക്ക് അപചയം ഉണ്ടാകുന്നതല്ല.
http://yogavasishtamnithyaparayanam.blogspot.ca/2012/07/089-089.html
No comments:
Post a Comment