Friday, November 13, 2015

കര്മ്മമോ ധ്യാനമോ കൂടുതല്‍ അഭികാമ്യം?

രാമന്‍ ചോദിച്ചു: മഹര്‍ഷേ, ചിലര്‍ ആത്മജ്ഞാനത്തില്‍ പ്രബുദ്ധരായി അഭിരമിച്ചിരിക്കെതന്നെ കര്‍മ്മനിരതരായിരിക്കുന്നതായി കാണുന്നു. എന്നാല്‍ മറ്റുചിലര്‍ ഒറ്റപ്പെട്ട ജീവിതം നയിച്ച് ധ്യാനസമാധിസ്ഥരായും കഴിയുന്നു. ഈ രണ്ടു മാര്‍ഗ്ഗങ്ങളില്‍ ഏതാണ് കൂടുതല്‍ അഭികാമ്യം?

 Source: yogavasishtamnithyaparayanam

വസിഷ്ഠന്‍ പറഞ്ഞു: ധ്യാന-സമാധിയില്‍ ഒരുവന്‍ ഇന്ദ്രിയ വസ്തുക്കളെ അനാത്മാവായി തിരിച്ചറിഞ്ഞു അകമേ ശാന്തിയും സമാധാനവും എപ്പോഴും അനുഭവിക്കുന്നു. ഇങ്ങിനെ വിഷയവസ്തുക്കള്‍ മനസ്സിനെ സംബന്ധിച്ചത് മാത്രമാണെന്ന അറിവിന്റെ നിറവില്‍ , സദാ പ്രശാന്തതയോടെ ചിലര്‍ കര്‍മ്മനിരതരാവുന്നു, മറ്റു ചിലര്‍ ഏകാന്തവാസം നയിക്കുന്നു.  രണ്ടു കൂട്ടര്‍ക്കും സമാധിയുടെ ആനന്ദം ഉണ്ടാവുന്നുണ്ട്.      

സമാധിസ്ഥനായ ഒരുവന്റെ മനസ്സില്‍ ചാഞ്ചല്യമുണ്ടായി അയാളുടെ ശ്രദ്ധ വഴിതിരിഞ്ഞുപോയാല്‍ അയാള്‍ ഭ്രാന്തനാണ്. എന്നാല്‍ ഭ്രാന്തനായി കാണപ്പെടുന്ന ചിലര്‍ എല്ലാ ധാരണാസങ്കല്‍പ്പങ്ങളില്‍ നിന്നുമൊഴിഞ്ഞ് പ്രബുദ്ധതയോടെ അവിച്ഛിന്നമായ സമാധിസ്ഥിതിയില്‍ ആയിരിക്കുകയും ചെയ്യും. കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നുവോ ഇല്ലയോ എന്നത് പ്രബുദ്ധതയെ സംബന്ധിച്ച് പ്രാധാന്യമുള്ള കാര്യമല്ല. അത് യാതൊരു വ്യത്യാസവും ഉണ്ടാക്കുന്നില്ല.
 
മനോപാധികളില്ലെങ്കില്‍പ്പിന്നെ യാതൊരു കര്‍മ്മവും കളങ്കമുണ്ടാക്കുന്നില്ല. എന്നാല്‍ മനസ്സിലെ കര്‍മ്മരാഹിത്യമാണ് സമാധാനം. അതാണ്‌ പൂര്‍ണ്ണ സ്വാതന്ത്ര്യം. ആനന്ദാനുഗ്രഹമാണത്. ധ്യാനാവസ്ഥയും അതല്ലാത്ത അവസ്ഥയും തമ്മില്‍ ഉള്ള വ്യത്യാസമറിയുന്നത് മനസ്സില്‍ ചിന്താസഞ്ചാരങ്ങളുണ്ടോ എന്ന് നോക്കിയാണ്. അതുകൊണ്ട് മനോപാധികളെ ഇല്ലാതാക്കൂ. ഉപാധികളില്ലാത്ത മനസ്സ് ദൃഢമാണ്. അതുതന്നെ ധ്യാനാവസ്ഥയാണ്. മുക്തിയാണ്. ശാശ്വതമായ ശാന്തിയാണ്. ഉപാധികളുള്ള മനസ്സ് ശോകത്തിന് വഴിപ്പെടുന്നു. എന്നാല്‍ ഉപാധിരഹിതമാണ് മനസ്സെങ്കില്‍ അത് കര്‍മ്മരഹിതവുമാണ്. അങ്ങിനെയുള്ളയാള്‍ പരമപദമായ പ്രബുദ്ധതയെ അനായാസം പ്രാപിക്കുന്നു. അതുകൊണ്ട് ഏതുവിധേനെയും മനോപാധികളെ ഇല്ലാതാക്കാന്‍ നാം ശ്രമിക്കണം.

“ലോകത്തെക്കുറിച്ചുള്ള എല്ലാവിധ പ്രത്യാശകളും ആസക്തികളും ആഗ്രഹങ്ങളും അവസാനിച്ച്, ശോകഭയരഹിതമായി ആത്മാവ് സ്വയം തന്നില്‍ത്തന്നെ അഭിരമിക്കുന്ന അവസ്ഥയത്രേ ധ്യാനം അഥവാ സമാധി.” ആത്മാവുമായി വിഷയങ്ങള്‍ക്കുണ്ടെന്നു തെറ്റിദ്ധരിച്ചിരുന്ന എല്ലാ ബന്ധങ്ങളെയും മനസാ സംത്യജിച്ച് നിനക്കിഷ്ടമുള്ളയിടത്തു ജീവിക്കാം. അത് വീട്ടിലോ മലമുകളിലെ ഗുഹകളിലോ ആവാം. മനസ്സ് പരമപ്രശാന്തതയിലെത്തിയവന്റെ ഗൃഹമാണവന് ഏകാന്തത നല്‍കുന്ന കാട്. അഹംകാരമൊഴിഞ്ഞു മന:ശ്ശാന്തിയടഞ്ഞവന് നഗരങ്ങളും അപ്രകാരം തന്നെ. എന്നാല്‍ ആളൊഴിഞ്ഞ കാടുപോലും ഹൃദയത്തില്‍ ആസക്തികളും ദുഷ്ടതയും  വെച്ച് പുലര്‍ത്തുന്നവനു തിരക്കേറിയ നഗരമാണ്. മനസ്സിനെ ചഞ്ചലപ്പെടുത്തുന്ന കാര്യങ്ങള്‍ ഗാഢസുഷുപ്തിയില്‍ ഇല്ലാതാവുന്നു. എന്നാല്‍ പ്രബുദ്ധത സ്വയം പ്രാപ്യമാവുകയാണ്. നിനക്ക് ഇഷ്ടമുള്ള പാത തിരഞ്ഞെടുക്കാം.  

വസിഷ്ഠന്‍ തുടര്‍ന്നു:ആത്മാവിനെ ആരൊരുവന്‍ അതീന്ദ്രിയമായ ഒരു തത്വമായോ സര്‍വ്വഭൂതങ്ങളുടെയും ആത്മസ്വരൂപമായോ കാണുന്നുവോ അയാള്‍ സമതാഭാവം ആര്‍ജ്ജിച്ചവനാണ്. ആരൊരുവനില്‍ ഇഷ്ടാനിഷ്ടങ്ങളുടെ ദ്വന്ദത അവസാനിച്ചുവോ അവന് എല്ലാവരും ഒരുപോലെയാണ്. അയാള്‍ ജാഗ്രദവസ്ഥയിലും സ്വപ്നത്തിലെന്നപോലെ ബാഹ്യദൃശ്യങ്ങളെ വീക്ഷിക്കുന്നു. അയാള്‍ തിരക്കേറിയ ഗ്രാമത്തില്‍ ജീവിക്കുമ്പോഴും കാനനവാസിയായ മുനിയാണ്. അവനവന്‍റെയുള്ളില്‍ ആത്മാവിനെ ദര്‍ശിക്കുന്നവനു ഗ്രാമനഗരങ്ങള്‍ എല്ലാം കാടുപോലെ തപസ്സിനനുയോജ്യമാണ്. ഉള്ളില്‍ പ്രശാന്തിയാര്‍ജ്ജിച്ചവന് ലോകത്ത്‌ എല്ലായിടത്തും സമാധാനം കണ്ടെത്തുവാന്‍ കഴിയും. എന്നാല്‍ മനസ്സില്‍ കാലുഷ്യവും അശാന്തിയും കുടികൊള്ളുമ്പോള്‍ ലോകവും അങ്ങിനെതന്നെയാവുന്നു. ഒരുവന്‍ തന്റെ അകമേ അനുഭവിക്കുന്നത് എന്താണോ അതുതന്നെയാണ് ബാഹ്യലോകത്ത് അവന് അനുഭവവേദ്യമാവുന്നത്.
   
“വാസ്തവത്തില്‍ ആകാശം, ഭൂമി, വായു, തുടങ്ങിയ എല്ലാം അന്തരേന്ദ്രിയങ്ങളുടെ ഭാഗമാണ്. അവ പുറമേ കാണപ്പെടുന്നു എന്ന് മാത്രം.” ഇവയെല്ലാം വിത്തിലിരിക്കുന്ന മരം പോലെയാണ് നിലകൊള്ളുന്നത്. അത് ബാഹ്യമായി പ്രകടമാകുന്നത് പൂക്കളിലെ സുഗന്ധം പോലെയുമാണ്. സത്യത്തില്‍ ആന്തരം, ബാഹ്യം, എന്നിങ്ങിനെ യാതൊന്നുമില്ല. ഉള്ളത് ബോധം മാത്രം. ബോധത്തിലെന്തു സങ്കല്‍പ്പിക്കുന്നുവോ അതങ്ങിനെ പ്രകടിതമായിത്തീരുന്നു.

ആത്മാവാണ് അകത്തും പുറത്തും എല്ലാടവും. ആരിലാണോ ആത്മപ്രഹര്‍ഷം പ്രഭചൊരിഞ്ഞു നിലനില്‍ക്കുന്നത്‌, ആരാണോ സുഖദു:ഖാദികളാല്‍ ചാഞ്ചാട്ടപ്പെടാത്തത്, ആരാണോ കര്‍മ്മങ്ങളെ ശരീരത്തിന്റെ മാത്രം പ്രവര്‍ത്തനങ്ങളായി ചെയ്യുന്നത്, അയാള്‍ സമതയില്‍ അഭിരമിക്കുന്നവനാണ്. അയാള്‍ ആകാശംപോലെ നിര്‍മ്മലന്‍. ആശയറ്റവന്‍. ഉചിതവും ക്ഷിപ്രവുമായി കാര്യങ്ങള്‍ ചെയ്യുന്നവന്‍. സുഖദു:ഖാദി വിഷയങ്ങളില്‍ തടിയോ കളിമണ്ണോ പോലെ നിര്‍മ്മമന്‍..

അയാളെപ്പോഴും പ്രശാന്തനാണ്. അയാള്‍ എല്ലാരെയും എല്ലാറ്റിനെയും കാണുന്നത് ആത്മാവായാണ്. മറ്റുള്ളവരുടെ വസ്തുക്കള്‍ അയാള്‍ക്ക് തൃണസമാനം. ഭയമില്ലായ്മ അയാള്‍ക്ക്‌ നൈസര്‍ഗ്ഗികം. അയാളാണ് സത്യദര്‍ശി. എന്നാല്‍ അജ്ഞാനി ചെറുതും വലുതുമായ വസ്തുക്കളുടെ അയാഥാര്‍ത്ഥ്യം – അവ മിഥ്യയാണെന്ന്– തിരിച്ചറിയുന്നില്ല. പരമമായ നൈര്‍മ്മല്യത്തെ പ്രാപിച്ചവന്, ജീവിച്ചാലും, മരിച്ചാലും, വീട്ടിലായാലും, കാട്ടിലായാലും, സമ്പത്തിലും, ദാരിദ്ര്യത്തിലും, ആഹ്ലാദ-ദു:ഖപ്രകടനങ്ങളിലും, സംന്യാസത്തിലും, സുഗന്ധലേപനം അണിഞ്ഞാലുമില്ലെങ്കിലും, ജഡപിടിച്ച മുടിയുണ്ടായാലുമില്ലെങ്കിലും, തീയില്‍ വീണാലും, പാപകര്‍മ്മങ്ങള്‍ ചെയ്താലും, പുണ്യകര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടാലും, ഈ ലോകചക്രം തീരുംവരെ ജീവിച്ചാലും അതിനിടയില്‍ മരിച്ചാലും, ഒരിക്കലും ഒരു ച്യുതിയുമുണ്ടാവുകയില്ല.  കാരണം അയാള്‍ ഒന്നും ‘ചെയ്യുന്നില്ല’.

ഉപാധിസ്ഥമായ മനസ്സാണ് അഹംകാരവും ധാരണകളും കൊണ്ട് കറപിടിക്കുന്നത്. എന്നാല്‍ ധാരണകള്‍ ഇല്ലാതെയായാല്‍ വിജ്ഞാനം ഉദിക്കുന്നു. അപ്പോള്‍ സഹജമായും മനോമാലിന്യങ്ങള്‍ നശിക്കുന്നു. പ്രബുദ്ധനായ മുനിയ്ക്ക്‌ എന്തെങ്കിലും കര്‍മങ്ങള്‍ ചെയ്യാനോ ചെയ്യാതിരിക്കാനോ ഇല്ല. അവകൊണ്ടദ്ദേഹത്തിനു നേടാന്‍ യാതൊന്നുമില്ല. പാറക്കല്ലില്‍ നിന്നും ചെടിപൊട്ടിമുളച്ചു മരമുണ്ടായി പടര്‍ന്നു പന്തലിക്കാത്തതുപോലെ  പ്രബുദ്ധന്റെയുള്ളില്‍ ആശകള്‍ മുളപൊട്ടുന്നില്ല. അഥവാ ചില ആശകള്‍ ക്ഷണനേരത്തേയ്ക്ക് ഉയര്‍ന്നു പൊങ്ങിയാല്‍ത്തന്നെ അവ വെള്ളത്തില്‍ എഴുതിയ വരപോലെ പൊടുന്നനേ ഇല്ലാതാവുന്നു. അങ്ങിനെ പ്രബുദ്ധതയിലഭിരമിക്കുന്ന മുനിയും പ്രപഞ്ചവും തമ്മില്‍ യാതൊരന്തരവുമില്ല.

വസിഷ്ഠന്‍ തുടര്‍ന്നു: അല്ലയോ രാമാ, അനന്താവബോധം മുളകിന്റെ എരിവറിയുന്നു; അത് എല്ലാ വൈവിദ്ധ്യങ്ങളോടും കൂടിയ, കാലദേശനിബദ്ധമായ  അഹംബോധത്തിനു കാരണമാകുന്നു. അനന്താവബോധം ഉപ്പിന്റെ സ്വാദറിയുന്നു; അത് എല്ലാ വൈവിദ്ധ്യങ്ങളോടും കൂടിയ, കാലദേശാനുസാരിയെന്ന് തോന്നിപ്പിക്കുന്ന ‘അഹ’മാവുന്നു. അനന്താവബോധം കരിമ്പിന്‍തുണ്ടിലെ മാധുര്യമറിയുന്നു; അതിനതിന്റെ തനത് ഗുണങ്ങളെപ്പറ്റി അവബോധമുണ്ടാവുന്നു.

അതുപോലെ അനന്താവബോധം അന്തര്യാമിയും സര്‍വ്വവ്യാപിയുമാകയാല്‍ അതിന് പാറക്കല്ലിന്റെ ഗുണം, മലയുടെ പ്രത്യേകത, മരത്തിന്റെ, ജലത്തിന്റെ, ആകാശത്തിന്റെ എല്ലാം പ്രത്യേകതകള്‍ ഭിന്നമായി തിരിച്ചറിയുന്നതോടെ ആത്മബോധം, അല്ലെങ്കില്‍ വ്യക്തിത്വം ഉരുവാകുന്നു. ബോധംതന്നെ അന്തര്യാമിയായ ആണവമൂലകങ്ങള്‍ സ്വാഭാവികമായി സങ്കലനത്തിലേര്‍പ്പെട്ട് സ്വയം ഉണ്ടാക്കുന്ന തടവറയുടെ  മതിലുകളെന്നപോലെ ഞാന്‍, നീ തുടങ്ങിയ തരംതിരിവുകള്‍ ഉണ്ടാക്കുന്നു. അവ ബോധത്തിനു ബാഹ്യമായ വസ്തുക്കളാണെന്ന ധാരണയും അവയില്‍ സംജാതമാവുന്നു. എന്നാല്‍ ഇതെല്ലാം ബോധത്തിന്റെ പ്രതിഫലനങ്ങള്‍ മാത്രമാണ്. വൈവിദ്ധ്യതയെപ്പറ്റി അവബോധമുണ്ടാവുമ്പോഴാണ് വ്യക്തിത്വമെന്ന ധാരണയുണ്ടാകുന്നത്. ബോധം സ്വയമറിയുന്നു. വസ്തു-അവബോധമെന്നത് ബോധം തന്നെയാണ്. അതുതന്നെയാണ് അഹംബോധം മുതലായ ധാരണകളെ ഉണ്ടാക്കുന്നതും.      

“അനന്താവബോധമെന്ന ഈ സ്ഫടികം സ്വന്തം പ്രകാശത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അത് എല്ലാ അണുസംഘാതങ്ങളിലും വസ്തുക്കളിലും കുടികൊള്ളുന്നു. ആ വസ്തുക്കള്‍ വ്യതിരിക്തമായ ആത്മബോധം ഉണ്ടെന്നമട്ടില്‍ ‘ഞാന്‍’ തുടങ്ങിയ ചിന്തകളെ ഉണ്ടാക്കുന്നു.”

വാസ്തവത്തില്‍ അനന്താവബോധവും ഈ വസ്തുസംഘാതങ്ങളും തമ്മില്‍ വ്യത്യാസമേതുമില്ലാത്തതിനാല്‍ അവ തമ്മില്‍ വിഷയ-വിഷയീ ബന്ധത്തിനോ, ‘ഇത്-അത്‌’ തുടങ്ങിയ ഭേദചിന്തകള്‍ക്കോ യാതൊരു സാംഗത്യവുമില്ല. ഒന്ന് മറ്റൊന്നിനെ നേടുകയോ, വെല്ലുകയോ, മാറ്റിമറിക്കുകയോ ചെയ്യുന്നുമില്ല.  രാമാ, ഞാനീ പറഞ്ഞതെല്ലാം നിനക്ക് മനസ്സിലാക്കാനായി ഉണ്ടാക്കിയ വാക്കുകളുടെ വെറും കളിമാത്രം. സത്യത്തില്‍ ‘ഞാന്‍’, ‘ലോകം’ (അണുസംഘാതങ്ങള്‍ )  എന്നിവ ഉള്ളതല്ല. മനസ്സോ, അറിവിനുള്ള വിഷയങ്ങളോ ലോകമെന്ന ഭ്രമക്കാഴ്ചയോ ഒന്നും ‘ഉള്ളതല്ല’.

നിയതമായ രൂപമൊന്നുമില്ലാത്ത ജലം ഒരുചുഴിയായി തല്‍ക്കാലത്തേയ്ക്ക് സ്വയമൊരു വ്യക്തിത്വം ആര്‍ജ്ജിക്കുന്നതുപോലെ ബോധം സ്വയമേവ ‘ഞാന്‍’ തുടങ്ങിയ പ്രകടനങ്ങള്‍ നടത്തുന്നു. എന്നാല്‍ ബോധം തന്നെ സ്വയം പരമശിവനെന്നു ചിന്തിച്ചാലും ചെറിയൊരു പരിമിതജീവനെന്നു കരുതിയാലും, അത് ബോധം മാത്രമാണ്. ‘ഞാന്‍’, ‘നീ’, ‘പദാര്‍ത്ഥങ്ങള്‍ ’,  തുടങ്ങിയ ഭിന്നരൂപങ്ങള്‍ അജ്ഞാനിയുടെ സംതൃപ്തിക്കായിമാത്രം ഉണ്ടായതാണ്. അജ്ഞാനി അനന്താവബോധത്തില്‍ സങ്കല്‍പ്പിക്കുന്നതെന്തോ അതാണവന് ദൃശ്യമാവുന്നത്. ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ ജീവിതം എന്നത് ബോധമാണ്. എന്നാലതിനെ ജീവിതമായി കണ്ടാല്‍ അതിന് അങ്ങിനെയൊരു പരിമിത മൂല്യമേയുള്ളു. വാസ്തവത്തില്‍ ജീവിതവും ബോധവും വിഭിന്നമല്ല. അതുപോലെ വ്യക്തിജീവനും, സമഷ്ടിജീവനും, (ശിവന്‍ )  തമ്മിലും യാതൊരു ഭിന്നതയുമില്ല. എല്ലാം ഒരവിച്ഛിന്നഅനന്താവബോധമാണെന്നറിയുക.

Source: yogavasishtamnithyaparayanam