രാമന്‍ പറഞ്ഞു: ആദ്യം തന്നെ ഒരുകാര്യം പറഞ്ഞു തരിക. എന്തുകൊണ്ടാണ് വേദവ്യാസനെ മുക്തനായി കണക്കാക്കാതെ മകന്‍ ശുകമുനിയെ മുക്തനായി കരുതുന്നത്?
വസിഷ്ടന്‍ പറഞ്ഞു: രാമ: എണ്ണമൊടുങ്ങാത്ത ബ്രഹ്മാണ്ഡങ്ങള്‍ ഉണ്ടായി നിലനിന്നു നശിച്ചുപോയിരിക്കുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്ന ബ്രഹ്മാണ്ഡങ്ങളെപ്പറ്റി മനസ്സിലാക്കുക എന്നതുപോലും അസാധ്യം. വായുവില്‍ കെട്ടിയുണ്ടാക്കുന്ന കോട്ടകള്‍പോലെ ഈ ജഗത്തും ആഗ്രഹങ്ങളുടെ, ഹൃദയത്തിലുയരുന്ന ഭാവനയുടെ, സൃഷ്ടിയാണെന്ന് പെട്ടെന്നു തന്നെ നമുക്ക് ബോധ്യമാവും. ജീവജാലങ്ങള്‍ അവരുടെ ഹൃദയത്തില്‍ ഈ ലോകത്തെ ആവാഹനം ചെയ്യുന്നു. ജീവനോടെയിരിക്കുമ്പോള്‍ ഈ മിഥ്യാഭാവന ശക്തിയാര്‍ജ്ജിക്കുന്നു. മരണശേഷം അവന്‍ ഇതിനുമപ്പുറത്തുള്ള ലോകത്തെ ആവാഹനംചെയ്ത് അനുഭവിക്കുന്നു. അങ്ങിനെ വാഴപ്പോളപോലെ ഒന്നിനുള്ളില്‍ ഒന്നൊന്നായി ലോകങ്ങള്‍ ഉയിര്‍ക്കൊള്ളുകയാണ്. വസ്തുപ്രപഞ്ചമോ സൃഷ്ടിപ്രക്രിയയോ ശരിയായ അര്‍ത്ഥത്തില്‍ സത്യമല്ല. എന്നാല്‍ ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും ഇവ യാഥാര്‍ഥ്യമാണെന്നു തോന്നുകയാണ്. ഈ അജ്ഞതയുള്ളിടത്തോളം ദൃശ്യപ്രപഞ്ചമുണ്ടാവും.
രാമ: ഈ സംസാരസാഗരത്തില്‍ ജീവികള്‍ അവിടവിടെയായി സാമ്യരൂപത്തിലും വിഭിന്നരൂപത്തിലും പിറവിയെടുക്കുന്നു. ഈ വേദവ്യാസന്‍ സൃഷ്ടിധാരയിലെ ഇരുപത്തിമൂന്നാമത്തേതാണ്. അദ്ദേഹവും മറ്റ് ഋഷിമാരും വീണ്ടും വീണ്ടും മൂര്‍ത്തരൂപമാര്‍ന്ന് പിന്നെ അമൂര്‍ത്തതയില്‍ ലയിച്ചുകൊണ്ടിരിക്കും. ചില ജന്മങ്ങളില്‍ അവര്‍ മറ്റുള്ളവര്‍ക്കു തുല്യരായും മറ്റുചിലതില്‍ അതുല്യരായുമിരിക്കും. ഈ ജന്മത്തില്‍ വേദവ്യാസന്‍ മുക്തനായ ഒരു ഋഷിവര്യനത്രേ. ഇങ്ങിനെയുള്ള മാമുനിമാര്‍ അനേകം ജന്മങ്ങളെടുത്ത് മറ്റുള്ളവരുമായി ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു. ചിലപ്പോള്‍ അവര്‍ പഠിപ്പിലും അറിവിലും മറ്റുള്ളവര്‍ക്കൊപ്പമായിരിക്കും. മറ്റുചിലപ്പോള്‍ സ്വഭാവത്തിലും പഠിപ്പിലും അവര്‍ ഇതര മുനിമാര്‍ക്ക് സമന്മാരാവണമെന്നുമില്ല.
അശുഭേഷു സമാവിഷ്ടം ശുഭേഷ്വേവാവതാരയേത്
പ്രയത്നാചിത്തമിത്യേഷ സർവശാസ്ത്രാര്‍ത്ഥസംഗ്രഹ: (2/7/12)
യോഗവാസിഷ്ഠം നിത്യപാരായണം
വസിഷ്ഠന്‍ തുടര്‍ന്നു: രാമ: വീണ്ടും വീണ്ടും ജന്മമെടുക്കാതിരിക്കാന്‍ ഒരുവന്‍ ശാരീരികമായ അസുഖങ്ങളോ മാനസീകമായ അസ്വസ്ഥതകളോ ഇല്ലാത്തപ്പോള്‍ ആത്മജ്ഞാനത്തിനായി പ്രയത്നിക്കണം. അങ്ങിനെയുള്ള ഉദ്യമങ്ങള്‍ക്ക് മൂന്നുവേരുകളാണുള്ളത് - ആന്തരീകമായി ബോധത്തിലെ ഉണര്‍വ്വ്, മനസ്സിലെ നിശ്ചയദാര്‍ഢ്യം, ശാരീരികമായ പ്രവൃത്തി.
സ്വപ്രയത്നം ഇനിപ്പറയുന്ന മൂന്നുകാര്യങ്ങളെ ആസ്പദിച്ചാണു നിലകൊള്ളുന്നത്. വേദശാസ്ത്രങ്ങളിലുള്ള അറിവ്, ഗുരുവിന്റെ നിര്‍ദ്ദേശങ്ങള്‍, പിന്നെ സ്വന്തം അദ്ധ്വാനം. ദിവ്യനിയോഗം അല്ലെങ്കില്‍ വിധി എന്നതിന് ഇവിടെ സ്ഥാനമില്ല. "അതുകൊണ്ട് മുക്തിയാഗ്രഹിക്കുന്നവന്‍ അനവരതമായ സ്വപ്രയത്നം കൊണ്ട് മലിനമായ മനസ്സിനെ പരിശുദ്ധിയിലേയ്ക്കു വഴിതിരിച്ചുവിടാനുള്ള പരിശ്രമം ചെയ്യണം. വേദശാസ്ത്രങ്ങളുടെയെല്ലാം സാരാംശം ഇതത്രേ"
ഏവം കർമ്മസ്ഥകർമ്മാണി കർമ്മപ്രൗഢ സ്വവാസനാ
വാസനാ മാനസോ നാന്യാ മനോഹി പുരുഷ: സ്മൃത: (2/9/17)
http://yogavasishtamnithyaparayanam.blogspot.com/2012/05/026-026.html
രാമന്‍ ചോദിച്ചു: ഭഗവന്‍, അങ്ങ് സത്യജ്ഞാനിയാണ്. ആളുകള്‍ ദൈവം, വിധി, ഈശ്വരന്‍ എന്നൊക്കെപ്പറയുന്ന വസ്തു എന്താണെന്നു പറഞ്ഞു തന്നാലും.
വസിഷ്ഠന്‍ പറഞ്ഞു: ഒരാളുടെ പൂര്‍വ്വകര്‍മ്മങ്ങളുടെ ഫലം അവന് നല്ലതോ ചീത്തയോ ആയ അനുഭവങ്ങളാവുന്നതാണ് വിധി, നിയോഗം, ദൈവം എന്നൊക്കെ അറിയപ്പെടുന്നത്. ആ ഫലാനുഭവങ്ങളുടെ നന്മയും തിന്മയും ദൈവഗത്യമാണെന്നു ജനങ്ങള്‍ പറയുന്നു. ഒരു വിത്തു മുളപൊട്ടി വലുതായി വന്മരമാവുമ്പോള്‍ അത് ദൈവത്തിന്റെ ചെയ്തിയാണെന്നു കരുതപ്പെടുന്നു. പക്ഷേ എനിക്കു തോന്നുന്നത് നിയോഗമെന്നത് ഒരുവന്റെ സ്വന്തം കര്‍മ്മങ്ങളുടെ സഫലീകരണം തന്നെയാണെന്നാണ്. മനുഷ്യമനസ്സില്‍ അനേകം വാസനകള്‍ ലീനമായിരിക്കുന്നു. അവയാണ് മനസാ-വാചാ-കര്‍മ്മണാ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാവുന്നത്. തീര്‍ച്ചയായും ഒരുവന്റെ പ്രവര്‍ത്തികള്‍ വാസനകളുടെ അടിസ്ഥാനത്തിലാണ് വര്‍ത്തിക്കുന്നത്.
"അങ്ങിനെയാണ് കര്‍മ്മങ്ങളുടെ നിജസ്ഥിതി: കര്‍മ്മം എന്നത് വാസനകളില്‍ വെച്ചേറ്റവും പ്രബലമായ വാസനാവിശേഷത്തിന്റെ പ്രകടിതഭാവമാണ്. ഈ വാസനകള്‍ മനസ്സില്‍ നിന്നു ഭിന്നമല്ല. മനുഷ്യന്‍ മനസ്സുതന്നെയാണ്"
മനസ്സ്, വാസനകള്‍, കര്‍മ്മം, വിധി (ദൈവം) എന്നീ തരംതിരിക്കലുകള്‍ സത്യത്തിലുണ്ടോ എന്നാര്‍ക്കും അറിയാന്‍ കഴിയില്ല. അതിനാല്‍ ജ്ഞാനികള്‍ അവയെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നു.
രാമന്‍ വീണ്ടും ചോദിച്ചു: മഹാത്മന്‍, പൂര്‍വ്വജന്മങ്ങളില്‍ നിന്നുമാര്‍ജ്ജിച്ച വാസനകളാണ് എന്നേക്കൊണ്ട് കര്‍മ്മംചെയ്യിക്കുന്നതെങ്കില്‍ കര്‍മ്മങ്ങളില്‍ എനിക്കെവിടെയാണ് സ്വാതന്ത്ര്യം?
വസിഷ്ഠന്‍ പറഞ്ഞു: രാമ: പൂര്‍വ്വജന്മാര്‍ജ്ജിത വാസനകള്‍ രണ്ടുതരമുണ്ട്. നിര്‍മ്മലവാസനകളും മലിനവാസനകളും. നിര്‍മ്മലമായവ നമ്മെ മുക്തിയിലേയ്ക്കു നയിക്കുന്നു. മറ്റേത് കൂടുതല്‍ ബന്ധനങ്ങളിലേയ്ക്കും. നാം ബോധസ്വരൂപമായ ആത്മാവാണ്. വെറും ഭൌതീകവസ്തുവല്ല. നിന്റെ കര്‍മ്മങ്ങള്‍ ക്കു പ്രചോദനമായിരിക്കുന്നത് മറ്റാരുമല്ല. നീ തന്നെയാണ്. അതുകൊണ്ട് നിന്റെ നിര്‍മ്മലവാസനകളെ മലിനവാസനകളെ അപേക്ഷിച്ച് പ്രബലമാക്കാന്‍ നിനക്കു സ്വാതന്ത്രമുണ്ട്. മനസ്സിനെ ശരിയായ വഴിയ്ക്കുതിരിച്ച്, മലിനവാസനകളെ പതുക്കെപ്പതുക്കെ ഉപേക്ഷിക്കണം. കാരണം അവയെ പെട്ടെന്നുപേക്ഷിച്ചാലുള്ള ഫലം ചിലപ്പോള്‍ തീക്ഷ്ണമായേക്കാം. ഉപയോഗിക്കാതിരിക്കുന്നതിനാല്‍ മലിനവാസനകള്‍ ക്രമേണ ശക്തിഹീനമാവും. അതുപോലെ സദ്‌വാസനകള്‍ കര്‍മ്മമാര്‍ഗ്ഗങ്ങളിലൂടെ ആവര്‍ത്തിച്ചുപയോഗിക്കുന്നതിലൂടെ അവ പ്രബലപ്പെടുകയും ചെയ്യും. അങ്ങിനെ നീ ചെയ്യുന്ന പ്രവര്‍ത്തികള്‍ എല്ലാം നിര്‍മ്മലമായ വാസനകളുടെ പ്രകടനമായ സദ്‌കര്‍മ്മങ്ങള്‍ മാത്രമാവും. അങ്ങിനെ ആദ്യം ദുര്‍വ്വാസനകളെ നിര്‍മ്മാര്‍ജ്ജനംചെയ്ത് സദ്കര്‍മ്മങ്ങളില്‍ പാകം വരുമ്പോള്‍ ആ പ്രവര്‍ത്തികളെപ്പോലും ഉപേക്ഷിക്കാം. അപ്പോള്‍ നിനക്ക് സദ്‌വാസനകളില്‍ നിന്നുദിക്കുന്ന ബോധപ്രഭയില്‍ പരമസത്യത്തെ സാക്ഷാത്കരിക്കാം.
ഇമാം മോക്ഷ കഥാ ശ്രുത്വാ സഹസർവൈർവിവേകിഭി:
പരം യസ്യസി നിർദു:ഖം നാശോ യത്ര ന വിദ്ധ്യതേ (2/10/8)
വസിഷ്ഠന്‍ തുടര്‍ന്നു: മനുഷ്യര്‍ നിയതിയെന്നു പറയുന്ന പ്രപഞ്ചനീതിയാണ് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഉചിതമായ ഫലപൂര്‍ത്തി അനുഗ്രഹിച്ചുറപ്പാക്കുന്നത്. അതു നടപ്പിലാവുന്നത് സര്‍വ്വശക്തവും സര്‍വ്വവ്യാപിയുമായ ബ്രഹ്മം മൂലമാണ്. അതുകൊണ്ട് മനസ്സേന്ദ്രിയങ്ങളെ സംയമനം ചെയ്ത് മനസ്സിനെ ഏകാഗ്രമാക്കി ഞാന്‍ പറയാന്‍ പോവുന്ന കാര്യം ശ്രദ്ധയോടെ കേട്ടാലും. "ഇത് മുക്തിയെപ്പറ്റിയുള്ള ആഖ്യാനമാണ്. ഇവിടെ സന്നിഹിതരായ മറ്റു സത്യാന്യോഷികളോടൊത്ത് ഇതു ശ്രവിച്ചാല്‍ നിനക്ക് പരംപൊരുളിനെ സാക്ഷാത്കരിക്കാനാവും. അതു ദു:ഖമോ വിനാശമോ ഇല്ലാത്തൊരു തലമത്രേ."
കഴിഞ്ഞ യുഗത്തില്‍ ബ്രഹ്മദേവന്‍ എനിക്കു വെളിപ്പെടുത്തിയതാണിത്. രാമ: എല്ലാ ജീവജാലങ്ങളിലും സര്‍വ്വശക്തനായ സര്‍വ്വവ്യാപി, വിശ്വനാഥന്‍, നിതാന്തഭാസുര സാന്നിദ്ധ്യമായി വിരാജിക്കുന്നു. ഉണ്മയില്‍ ഉണ്ടായ ആദ്യപ്രകമ്പനത്തില്‍നിന്നും ഭഗവാന്‍ വിഷ്ണു സംജാതനായി. സമുദ്രോപരി കാറ്റടിച്ചും മറ്റുമുണ്ടാവുന്ന അസ്വസ്ഥതകള്‍ തിരകളുണ്ടാവാന്‍ കാരണമാവുന്നതുപോലെയാണത്. വിഷ്ണുവില്‍ നിന്നും സൃഷ്ടികര്‍ത്താവായ ബ്രഹ്മാവു ജനിച്ചു. ബ്രഹ്മാവ് അസംഖ്യം തരത്തിലുള്ള ജീവ-നിര്‍ജ്ജീവജാലങ്ങളെയും ബോധമുള്ളവയും ഇല്ലാത്തതുമായ സത്വങ്ങളേയും സൃഷ്ടിക്കാന്‍ തുടങ്ങി. പ്രളയത്തിനുമുന്‍പുണ്ടായിരുന്നതുപോലെ വിശ്വം വീണ്ടും ഉണര്‍ന്നു. ജീവജാലങ്ങള്‍ രോഗത്തിനും വേദനകള്‍ക്കും ദുരിതങ്ങള്‍ക്കും മരണത്തിനും അടിപ്പെട്ടിരിക്കുന്നതു കണ്ട് ബ്രഹ്മാവിന്റെ മനസ്സലിഞ്ഞു. ഈ ദുരിതസഞ്ചയങ്ങളില്‍ നിന്നും അവയെ രക്ഷിക്കാനുള്ള മാര്‍ഗ്ഗമെന്തുള്ളു എന്ന് അദ്ദേഹം ആരാഞ്ഞു. അങ്ങിനെ തീര്‍ത്ഥാടന സങ്കേതങ്ങളും; തപസ്സ്, ദാനം, ധര്‍മ്മം, സത്യം എന്നീ ഉത്തമഗുണങ്ങളും സ്ഥാപിച്ചു. എന്നാല്‍ ഇവ അപര്യാപ്തമായിരുന്നു. കാരണം അവയ്ക്ക് ദുരിതങ്ങളില്‍ നിന്നും താല്‍ ക്കാലികമായ ശമനം നല്‍കാനേ കഴിഞ്ഞുള്ളു. അന്തിമമുക്തി അപ്രാപ്യമായി നിലനിന്നു. ഇതേപറ്റി ധ്യാനിച്ച് സൃഷ്ടാവെന്നെ മാനസപുത്രനായി ജനിപ്പിച്ചു.
എന്നെ അദ്ദേഹം ചേര്‍ത്തുപിടിച്ചു നിര്‍ത്തി ആദ്യം തന്നെ അജ്ഞാനത്തിന്റെ മുഖപടം അണിയിച്ചു. അപ്പോള്‍ത്തന്നെ എന്റെ സ്വത്ത്വബോധം മറഞ്ഞു. ഞാന്‍ സ്വയം ആരെന്ന അറിവേതുമില്ലാതെ വലയുകയായിരുന്നു. ഈ കഷ്ടപ്പാടില്‍നിന്നും രക്ഷകിട്ടാനുള്ള മാര്‍ഗ്ഗമുപദേശിക്കാന്‍ ഞാന്‍ ബ്രഹ്മാവിനോട് യാചിച്ചു. ദുരവസ്ഥയില്‍ മുങ്ങിയ ഞാന്‍ ഒന്നും ചെയ്യാനരുതാതെ മടിയനും കര്‍മ്മവിമുഖനുമായിത്തീര്‍ന്നിരുന്നു. എന്റെ പ്രാര്‍ത്ഥനയില്‍ സം പ്രീതനായ പിതാവ് എനിക്കായി ആ സത്യജ്ഞാനം വെളിപ്പെടുത്തി. ആ ക്ഷണത്തില്‍ അദ്ദേഹം എന്നെ മൂടിയ അജ്ഞാനാവരണം നീങ്ങി. അപ്പോള്‍ ബ്രഹ്മാവ് പറഞ്ഞു: "മകനേ ഞാന്‍ നിന്നെ ആദ്യം അജ്ഞാനാവരണം കൊണ്ട് മൂടിയിട്ട് പിന്നീട് അതുമാറ്റി നിനക്ക് സത്യം വെളിപ്പെടുത്തിയത് എന്റെ മഹിമ നിനക്ക് അനുഭവവേദ്യമാക്കാനാണ്. അങ്ങിനെമാത്രമേ ജീവജാലങ്ങള്‍ കടന്നുപോകുന്ന കഷ്ടപ്പാടുകളെപ്പറ്റി മനസ്സിലാക്കി അവരെ സഹായിക്കാന്‍ നിനക്കു സാദ്ധ്യമാവൂ."
രാമ: ഈ വിദ്യയുമായി സൃഷ്ടി അവസാനിക്കുവോളം ഞാന്‍ സേവനനിരതനായി ഇവിടെയുണ്ടാവും.
No comments:
Post a Comment