Friday, December 6, 2013

രമണ മൊഴികള്


എനിക്കെന്തെങ്കിലും പറഞ്ഞു തരണം.
ഉ: എന്തു പറയണം?

ചോ: എനിക്കൊന്നും അറിഞ്ഞുകൂടാ, അങ്ങയില്‍ നിന്നും എന്തെങ്കിലും കേട്ടറിയാന്‍ ആഗ്രഹിക്കുന്നു.

ഉ: ഒന്നും അറിഞ്ഞുകൂടാ എന്നറിയാമല്ലോ. ആ അറിവിനെ അറിഞ്ഞുകൊണ്ടാല്‍ മതി. അതുതന്നെയാണ്‌ മുക്തി.

Source: http://sreyas.in/ramana

ചോ: സ്വാമി, ഞാനാരാണ്‌? അതറിയുന്നത് എങ്ങനെ?

ഉ: ഈ ചോദ്യം നിങ്ങളോടുതന്നെ ചോദിക്കൂ! അന്നമയകോശവും (ദേഹവും) അതിന്റെ വൃത്തികളും, ‘ഞാന്‍ ‍’ അല്ല. ഇനിയും പറഞ്ഞാല്‍ മനോമയവും അതിന്റെ വൃത്തികളും ‘ഞാന്‍’ അല്ല. അടുത്തത്തായി നോക്കേണ്ടത്‌ ഈ വിചാരം എവിടെ നിന്നും പുറപ്പെടുന്നു എന്നാണ്‌. വിചാരം തനിയേ ജനിക്കുന്നതാണ്‌. അത്‌ ബാഹ്യവും ഭേദവുമുള്ളതാണ്‌. അത്‌ ബുദ്ധിയില്‍ വര്‍ത്തിക്കുന്നു. അതിനാല്‍ അതറിയുന്നതാര്‌? വിചാരങ്ങളുടെ നിലപാടും അവയുടെ സ്പഷ്ടമായ അറിവും അതിന്റെ പ്രകാശവും പുരുഷന്‍ അറിയുന്നു. ഈ പുരുഷനെ ദ്രഷ്ടാവെന്നോ അഹംകാരനെന്നോ പറയാം. അതിനാല്‍ വിജ്ഞാനമയകോശം അഹംകാരന്റെ ഉപാധി മാത്രമാണ്‌, ഞാന്‍ എന്ന അഹംകാരനല്ല.

ഈ ‘ഞാന്‍ ‍’ ആരാണെന്ന ചോദ്യം എന്നും അവശേഷിക്കുന്നു. നിദ്രയില്‍ അഹംകാരന്‍ സ്വയം അറിയാതിരിക്കുന്നു. ഈ മൂഢത്വം (ജഡത്വം) മാറുമ്പോള്‍ സ്വപ്നമോ, ജാഗ്രത്തോ ആയിത്തീരുന്നു. സ്വപ്നത്തെപ്പറ്റി ഇപ്പോള്‍ നിരൂപിക്കേണ്ട കാര്യമില്ല. നിദ്രയ്ക്കു മുന്‍പും പിന്‍പും ‘ഞാന്‍ ‍’ ഉണ്ടായിരുന്നുവെങ്കില്‍ ‘ഞാന്‍ ‍’ നിദ്രയില്‍ അമഞ്ഞിരുന്നു എന്നു മനസ്സിലാക്കാം. വേദങ്ങളും ആചാര്യന്മാരും പരാമര്‍ശിക്കുന്ന ആത്മസ്വരൂപം അതായിരിക്കാനിടയില്ല. ‘ഞാന്‍ ‍’ നിദ്രയ്ക്കും അതീതനായിരിക്കണം. ‘ഞാന്‍ ‍’ ഉറക്കത്തിലും സ്വപ്നത്തിലും ജാഗ്രത്തിലും ഒന്നു പോലെ ഉള്ള ഒന്നും, അവസ്ഥാത്രയങ്ങള്‍ സ്പര്‍ശിക്കാത്ത ഒന്നുമായിരിക്കണം. ‘ഞാന്‍ ‍’ അവസ്ഥാത്രയങ്ങളുടെ അധിഷ്ഠാനമായും സാക്ഷിയായും ഗുണമോ സ്വരൂപമോ ഇല്ലാത്തതുമായിരിക്കുന്ന ഒന്നാണ്‌ യഥാര്‍ത്ഥമായ ‘ഞാന്‍ ‍’ എന്നു മനനത്താല്‍ അറിഞ്ഞുകൊള്ളേണ്ടതാണ്‌. ആത്മസ്വരൂപം പഞ്ചകോശങ്ങളെയും കടന്നു നില്‍ക്കുന്നു. അനാത്മാകാരങ്ങളെയെല്ലാം ‘ഞാനല്ല’ എന്നൊഴിച്ചുവയ്ക്കുമ്പോള്‍ കേവല സച്ചിദാനന്ദസ്വരൂപമായ (ഞാന്‍ ) ആത്മാവ്‌ പ്രകാശിക്കുന്നത്‌ കാണാം.

ചോ: ആത്മസ്വരൂപത്തെ അപരോക്ഷ(പ്രത്യക്ഷ)മായറിയുന്നതെങ്ങനെ?

ഉ: ഇപ്പോള്‍ നമ്മെ നയിക്കുന്ന ആപേക്ഷികജ്ഞാനം ഒഴിയണം. ആത്മാവ്‌ ദൃക്ക്‌ എന്ന ഭാവത്തില്‍ തനിക്കന്യമായ ഒന്നിനെ (ദൃശ്യം) കാണുന്നതായി ബോധ്യം വരും. അന്തര്‍മുഖദൃഷ്ടിയില്‍കൂടി നമ്മുടെ അധിഷ്ഠാനചൈതന്യത്തെ അറിയുമ്പോള്‍ തനിക്കന്യമായിക്കാണപ്പെടുന്ന ദൃക്ക്‌, ദൃശ്യങ്ങള്‍ ഒഴിഞ്ഞ്‌ (ദ്രഷ്ടാവ്‌) താനേ താനായി പ്രകാശിക്കും.

ദൃക്‌, ദൃശ്യങ്ങള്‍ക്കിടയില്‍ രണ്ടിനും അതിരെന്നോണം അഹംകാരന്‍ വര്‍ത്തിക്കുന്നു. ദൃക്ക്‌ സത്തിന്റെ ആത്മാവായും ദൃശ്യം അസത്തിന്റെ അനാത്മാവായും സ്ഥാനം വഹിക്കുന്നു. എന്നാല്‍ രണ്ടിന്റെയും അധിഷ്ഠാനം ഒന്നായിരിക്കണം. അതിനാല്‍ അധിഷ്ഠാനചൈതന്യത്തിന്‌ (അസത്ത്‌ സത്തിന്റെ നിഷേധമാണെന്ന നിലക്ക്‌) സത്തിനോടാണ് ഐക്യമുള്ളത്‌. ഇങ്ങനെ ദൃക്കിന്റെ (സത്തിന്റെ) യാഥാര്‍ത്ഥ്യത്തെ ബോധിക്കുമ്പോള്‍ അസത്തായ ദൃശ്യം (വിഷയപ്രപഞ്ചം) നിര്‍വിഷയമാവുകയും ദൃക്ക്‌ ചിന്മാത്രസ്വരൂപമായി ഭവിക്കുകയും ചെയ്യും. ഈ പ്രപഞ്ച തിരോധാനത്തെയാണ്‌ ദൃശ്യവിലയം എന്നു പറയുന്നത്‌.

ചോ: ദൃശ്യങ്ങളെ ഒഴിക്കണമെന്നുണ്ടോ? അതുള്ളപ്പോഴും സത്യത്തെ സാക്ഷാല്‍ക്കരിച്ചുകൂടേ?

ഉ: ഇല്ല. വസ്തുവിനും, വിഷയങ്ങള്‍ക്കും തമ്മിലുള്ള ഭേദത്തെ ഇല്ലാതാക്കുകയാണ്‌ ദൃശ്യവിലയം കൊണ്ടുദ്ദേശിക്കുനത്‌. വിഷയം സത്യമല്ല. അഹംകാരനുള്‍പ്പെടെ എല്ലാ ദൃശ്യങ്ങളും വിഷയമാണ്‌, വസ്തുവല്ല. മിഥ്യ ഒഴിയുമ്പോള്‍ സത്യം വിളങ്ങും. കയറിനെ പാമ്പെന്നു ശങ്കിച്ചിടത്തു സത്യം വെളിപ്പെടാന്‍ പാമ്പിന്റെ തെറ്റായ കാഴ്ചയെ മാറ്റിയാല്‍ മതി. ഇത്തരം നിഷേധം കൂടാതെ സത്യം എത്തപ്പെടുകയില്ല.

ചോ: എപ്പോള്‍, എങ്ങനെ വിഷയ പ്രപഞ്ചത്തെ നിവര്‍ത്തിക്കാം?

ഉ: അതിന്റെ കര്‍ത്താവായ മനസ്സിനെ ഒടുക്കുമ്പോള്‍. ഈ കാര്യകാരണങ്ങളെ സൃഷ്ടിക്കുന്നതും ഈ ദ്വൈതബോധത്തിനാസ്പദവും മനസ്സാണ്‌. തന്നിമിത്തം തെറ്റായ വൃഷ്ടിബോധത്തിനും സങ്കുചിതജ്ഞാനത്തിലേര്‍പ്പെടുന്ന ദുഃഖത്തിനും അത്‌ ഹേതുവാകുന്നു.

Source:  http://sreyas.in/ramana

ചോ: കേട്ടുപഠിച്ച അറിവു സ്ഥായിയല്ല. എന്നാല്‍ ധ്യാനവശാല്‍ ലഭിക്കുന്ന അറിവ്‌ സ്ഥായിയായിട്ടിരിക്കും എന്നു പറയപ്പെടുന്നല്ലോ?

ഉ: മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ പരോക്ഷജ്ഞാനം കൊണ്ട്‌ ഫലമില്ല, മറിച്ച്‌ അപരോക്ഷജ്ഞാനമേ (സാക്ഷാല്‍ക്കാരവശാലുള്ള പ്രത്യക്ഷാനുഭൂതി) ഉറച്ചുനില്‍ക്കുകയുള്ളൂ എന്നാണ്‌.

ശ്രവണം മൂലം സത്യത്തെ ബുദ്ധിയില്‍ കൂടി അറിയും. ധ്യാന(മനന)ത്തില്‍കൂടി ആ അറിവ്‌ സന്ദേഹവിപരീതങ്ങളെ നീക്കി പ്രകാശിപ്പിക്കും. നിദിധ്യാസനം കൊണ്ട്‌ ദൃഢപ്പെടുന്നുവെന്നും പറയപ്പെടുന്നു. കരതലാമലകംപോലെ ജ്ഞാനം തനിക്കു വശപ്പെടുമ്പോഴേ ദൃഢപ്പെടുന്നുള്ളു എന്നും പറയാറുണ്ട്‌. വേറെ ചിലര്‍ സ്വസ്വരൂപസത്യശ്രവണമാണ്‌ പ്രധാനം, അതു ലഭിച്ചാല്‍ മറ്റെല്ലാം തനിയെ ഉണ്ടാവുമെന്നും പറയുന്നുണ്ട്‌. പൂര്‍വ്വജന്മസംസ്കാരത്താല്‍ പരിപാകതയുള്ള ഒരു പക്വന്‍ ഇന്നതാണ്‌ സത്യം എന്ന്‌ ഒരു പ്രാവശ്യം കേട്ടാല്‍ ആ നിമിഷത്തില്‍ തന്നെ സ്വരൂപജ്ഞാനം കൈവന്നവനായി സാക്ഷാല്‍ക്കാരത്തില്‍ തന്നെ നില്‍ക്കും. മറ്റുള്ളവര്‍ മേല്‍പ്പറഞ്ഞ മാര്‍ഗ്ഗത്തില്‍ കൂടി സമാധിപ്രാപിക്കേണ്ടതാണ്‌.

ചോ: ഒന്നിനെ അറിഞ്ഞാല്‍ സംശയങ്ങളെല്ലാം നിവര്‍ത്തിക്കപ്പെടും എന്നു പറയപ്പെടുന്ന ആ ഒന്നേതാണ്‌?
ഉ: സംശയിക്കുന്ന ആളിനെ അറിയുക. അവന്റെ പിടി നിറുത്തിയാല്‍ സംശയങ്ങളെല്ലാം ഒഴിയും. സംശയിക്കുന്ന ഒരുത്തന്‍ ഇരുന്നിട്ടല്ലേ സംശയങ്ങളെ ഇളക്കിവിടുന്നത്‌, അവനെ മാറ്റി വിട്ടാല്‍ മതി. എല്ലാവരും ജ്ഞാനികളാണ്‌, ജീവന്മുക്തരാണ്‌. സംശയിക്കുന്ന ദോഷം (പ്രതിബന്ധം) മാറിയാല്‍ സംശയിക്കുന്നവനില്ലാത്ത സ്ഥാനത്ത്‌ അത്‌ പ്രകാശിക്കും.
ചോ: സംശയിക്കുന്നവനെ മാറ്റുന്നതെങ്ങനെ?
ഉ: അവന്‍ ആരെന്ന്‌ (ഞാന്‍ ആരെന്ന്‌) ശ്രദ്ധിച്ചാല്‍ മതി.

Source:  http://sreyas.in/ramana

ചോ: അജ്ഞാനത്തെ നിവര്‍ത്തിക്കുന്നതെങ്ങനെയാണ്‌?
ഉ: നിങ്ങള്‍ തിരുവണ്ണാമലയില്‍ കിടന്നുകൊണ്ട്‌ വേറൊരു നഗരത്തെ സ്വപ്നം കണ്ടുവെന്നിരിക്കട്ടെ. ആ കണ്ടത്‌ നിങ്ങള്‍ക്ക്‌ സത്യമാണ്‌. നിങ്ങള്‍ നിങ്ങളുടെ മുറിക്കുള്ളില്‍ കിടക്കുകയാണ്‌. കാണപ്പെട്ട വലിയ നഗരത്തിനു നിങ്ങളുടെ മുറിയില്‍ പ്രവേശിക്കാന്‍ കഴിയുമോ? അല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ ശരീരത്തെ ഇവിടെ വിട്ടിട്ട്‌ ആ നഗരത്തില്‍ പോകാനൊക്കുമോ? അതിനാല്‍ നിങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെന്നുള്ളതും അതേ സമയം മറ്റൊരിടത്ത്‌ പോയി എന്നുള്ളതും രണ്ടും അസത്യം. എന്നാല്‍ മനസ്സിനു രണ്ടും സത്യമണെന്നു തന്നെ തോന്നുന്നു. സ്വപ്നത്തില്‍ (ഉറക്കത്തില്‍) തോന്നിയ ആ ‘ഞാന്‍ ‘ മറയുന്നു. മറ്റൊരു ‘ഞാന്‍ ‘ ഉണ്ടായി സ്വപ്നത്തെപ്പറ്റി പറയുന്നു. ഈ ‘ഞാന്‍ ‘ ഉറങ്ങുമ്പോഴില്ല. രണ്ട്‌ ‘ഞാനു’കളും അസത്യം. ഈ ഞാനും ആ ഞാനും, രണ്ടിന്റെയും വ്യാപാരങ്ങളും മനോമയം. ഒരോ വിചാരത്തോടുകൂടി ഓരോ ‘ഞാന്‍ ‘ ഉദിക്കുന്നു. ആ വിചാരം മാറുമ്പോള്‍ ആ ഞാനും ഒഴിയുന്നു. എല്ലാം മനോമയം. ജനകന്‍ കണ്ടുപിടിച്ച തസ്കരന്‍ ഈ മനസ്സാണ്‌. നമ്മളും ഈ തസ്കരനേയും അവന്റെ വിദ്യകളെയും മനസ്സിലാക്കി ആ വിധത്തില്‍ സന്തോഷമായിരിക്കാം.


No comments:

Post a Comment