കാണപ്പെടുന്ന ഈ ലോകം, ആകാശാദിഭൂതങ്ങള്‍, നീ ഞാന്‍ എന്നീ വ്യത്യസ്തഭാവങ്ങള്‍ തുടങ്ങി എല്ലാംതന്നെയും സങ്കല്‍പമല്ലാതെ മറ്റൊന്നുമല്ല. അതിനാല്‍ സങ്കല്‍പമടങ്ങിയാല്‍ ഇവയെല്ലാമില്ലാതാവും. ഭ്രഷ്ടാവും ചിദ്രൂപനുമായ ആത്മാവുമാത്രം അപ്പോള്‍ ശേഷിക്കും. ദൃശ്യങ്ങളില്ലാതാവുമ്പോള്‍ ആത്മാവിനു ഭ്രഷ്ടാവെന്ന ബന്ധമില്ലാതായിത്തീരുന്നതിനാല്‍ സങ്കല്‍പമടങ്ങിയാല്‍ കൈവല്യം കൈവന്നുവെന്നുതന്നെ പറയാം.
പ്രതിഫലിക്കാന്‍ വസ്തുക്കളില്ലാത്തിടത്ത് കണ്ണാടി എപ്രകാരം നിര്‍മ്മലമായും സ്വസ്വരൂപമായും വിളങ്ങുന്നുവോ, അതുപോലെ ദൃശ്യങ്ങളില്ലാതായിത്തീരുമ്പോള്‍ ആത്മാവും നിര്‍മ്മലവും നിരൂപാധികവുമായി കേവലസ്വരൂപേണ വിളങ്ങും, അതുതന്നെ കൈവല്യം. ഇല്ലാത്ത സ്വപ്നം അതുപോലെ ഇല്ലാത്തതായ മറ്റൊരു സ്വപ്നത്തെ ഉണ്ടാക്കിത്തീര്‍ക്കും പോലെയാണ് ഇല്ലാത്ത് മനസ്സ് ഇല്ലാത്ത ദൃശ്യങ്ങളെ സൃഷ്ടിക്കുന്നത് ചലനം ഹേതുവായിട്ടാണ് ചിത്തത്തിന് പല മാറ്റങ്ങളും അപ്പഴപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. പ്രസ്തുത മാറ്റങ്ങള്‍തന്നെയാണ് വികാരങ്ങളും വൃത്തികളും സുഖദുഃഖങ്ങളുമെല്ലാം. ചിത്തം നിശ്ചലമാവുമ്പോള്‍ ഇവയൊന്നുമുണ്ടാവുന്നില്ല നിശ്ചലമായ ജലാശയത്തില്‍ തിര-നുര-കുമിള തുടങ്ങിയവയൊന്നുമുണ്ടാവത്തതുപോലെയാണ് നിശ്ചലമായ മനസ്സില്‍ വികാരങ്ങളും വൃത്തികളുമൊന്നും പൊന്താനിടയാവാതിരിക്കുന്നത്.
മഹാപ്രളയകാലത്തു കാണപ്പെടുന്ന ലോകങ്ങളെല്ലാം നശിക്കുന്നു. ആത്യന്തികയായ ഒരു ശാന്തി മാത്രം അപ്പോള്‍ ശേഷിക്കുന്നു. ഒരിക്കലും അസ്തമിക്കാത്ത ആത്മദേവനാകുന്ന ആദിത്യന്‍ മാത്രം അപ്പോള്‍ വിളങ്ങുന്നു. മറ്റെല്ലാം ഇല്ലാതായിത്തീരുന്നു. അപ്പോള്‍ ശേഷിക്കുന്ന ആത്മസ്വരൂപമാകട്ടെ വാക്കിനോ മനസ്സിനോ എത്താവുന്നതല്ല. മുക്തന്മാരാല്‍ പ്രാപിക്കുപ്പെടുന്നു എന്നു മാത്രം പറയാം. ആത്മാദി ശബ്ദങ്ങള്‍കൂടിയും അവിടേയ്ക്കു വെറും കല്‍പനകളാണ്; അല്ലാതെ സ്വാഭാവികങ്ങളല്ല.
സാംഖ്യന്മാര്‍ പുരുഷനെന്നും, വേദാന്തികള്‍ ബ്രഹ്മമെന്നും, വിജ്ഞാനികള്‍ വിജ്ഞാനമെന്നും, ശൂന്യവാദികള്‍ ശൂന്യമെന്നും പറയുന്നതൊക്കെയും ഇതേ ആത്മാവിനെത്തന്നെയാണ്.
Courtesy : http://sreyas.in/ulpathiprakaranam-laghuyogavasishtam-03#ixzz2IDRTXmjx
No comments:
Post a Comment