Tuesday, July 2, 2013

ശ്രീശങ്കരനും ശ്രീനാരായണഗുരുവും

Spiritual instructions and teachings should be taken seriously only if it comes from Realized Gurus and not from people who only have academic interest. Commentaries and analysis on spiritual leaders and their works by intellectuals and academics are only another kind of chatter and can only sink the readers deeper and deeper in the ocean of aparavidya, the delusion that everything can be objectified, verbalised and possesed as a concept by human intellect. So sometimes it helps to read opinions of intellectuals so we know how strong the bondage is our urge to satisfy the intellect. :)

Study me as much as you like, you will not know me,
for I differ in a hundred ways from what you see me to be.
Put yourself behind my eyes and see me as I see myself,
for I have chosen to dwell in a place you cannot see.
Rumi ♥

ദര്‍ശനം - ശ്രീശങ്കരനും ശ്രീനാരായണഗുരുവും
ഡോ. എന്‍ വി പി ഉണിത്തിരി

ശ്രീനാരായണഗുരുവിന് പ്രത്യേകമായി എന്തു ദര്‍ശനമാണുള്ളത്? ശ്രീശങ്കരന്റെ അദ്വൈതവേദാന്തദര്‍ശനംതന്നെയല്ലേ അദ്ദേഹത്തിന്റേതും? ചില പണ്ഡിതന്മാര്‍പോലും ഈ അഭിപ്രായക്കാരാണ്. ഇതിന്റെ സാധുത പരിശോധിക്കേണ്ടതുണ്ട്.

ജഗദ്ഗുരു’ എന്നപേരില്‍ പണ്ടേ പ്രസിദ്ധനാണ് ശ്രീശങ്കരന്‍. ആ പേരില്‍ പ്രസിദ്ധനാകേണ്ടിയിരുന്ന, അടുത്തകാലത്തുമാത്രം ലോകശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്ന, മഹാപുരുഷനാണ് ശ്രീനാരായണഗുരു. ഇതിനു കാരണങ്ങള്‍ പലതാകാം. ഒരു കാരണം വ്യക്തമാണ് - ഇരുവരുടെയും സാമൂഹ്യസാഹചര്യങ്ങളിലെ പ്രകടമായ വ്യത്യാസം.

ഇരുവരും അദ്വൈതികള്‍. അദ്വൈതവേദാന്തദര്‍ശനത്തിന്റെ ആവിഷ്‌ക്കര്‍ത്താവെന്നുപോലും തെറ്റായി വിശേഷിപ്പിക്കപ്പെട്ടുപോരുന്ന ആചാര്യനാണ് ശ്രീശങ്കരന്‍. ഔപനിഷദദര്‍ശനം മാത്രമാണ് താന്‍ പ്രപഞ്ചനം ചെയ്യുന്നതെന്ന് അദ്ദേഹംതന്നെ സ്‌പഷ്‌ടമായി പറഞ്ഞിട്ടുണ്ടെങ്കിലും ആരാധകര്‍ക്ക് അതൊന്നും പ്രശ്‌നമല്ല. വാസ്‌തവത്തില്‍, പ്രാചീനമായ ഉപനിഷത്തുകളിലെ ആശയവാദത്തിന്റെ മുഖ്യതത്വമായ ബ്രഹ്മദര്‍ശനം പില്‍ക്കാലത്ത് മഹായാനബൌദ്ധദാര്‍ശനികര്‍ ശൂന്യവാദമെന്നും വിജ്ഞാനവാദമെന്നുമുള്ള പേരുകളില്‍ സവിസ്‌തരം വിവരിച്ചതിനെ മിക്കവാറും അതേപടി ഉള്‍ക്കൊണ്ട് അദ്വൈതവേദാന്തമെന്നപേരില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ് ശ്രീശങ്കരന്‍ ചെയ്‌തത്. അദ്ദേഹം ബൌദ്ധരോട് തനിക്കുള്ള ഈ കടപ്പാട് മറച്ചുവെച്ചുവെന്നു മാത്രമല്ല, അവരെ അതിനിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ഏതായാലും, ‘പ്രച്‌ഛന്നബൌദ്ധന്‍’ എന്ന് ആചാര്യന്‍ പരിഹസിക്കപ്പെട്ടതില്‍ അത്‌ഭുതമില്ല.

പക്ഷേ, ഇതുകൊണ്ട് ശ്രീശങ്കരന്റെ പ്രസക്തിയോ പ്രാധാന്യമോ ഒട്ടും കുറയുന്നില്ല - അന്നായാലും ഇന്നായാലും. ഒരുവശത്ത് ജീര്‍ണിച്ചുവഷളായ, കര്‍മകാണ്ഡാസക്തമായ, വൈദികബ്രാഹ്മണപൌരോഹിത്യമതം; മറുവശത്ത് ശ്രീബുദ്ധന്റെ ആദര്‍ശങ്ങളില്‍നിന്നു പലപാട് വ്യതിചലിച്ച് അങ്ങേയറ്റം അധഃപതിച്ച ബൌദ്ധമതം - ഈ രണ്ടിനെയും ഒരേസമയം എതിര്‍ത്തുതോല്പിച്ചുകൊണ്ട് ഇതിനെല്ലാം പരിഹാരമായി സര്‍വസമത്വദര്‍ശനമെന്നു വിശേഷിപ്പിക്കാവുന്ന ഔപനിഷദബ്രഹ്മാദ്വൈതസിദ്ധാന്തത്തെ ഉയര്‍ത്തിപ്പിടിച്ച ശ്രീശങ്കരന്റെ അക്കാലത്തെ പ്രസക്തിയെയോ പ്രാധാന്യത്തെയോ ആര്‍ക്കാണ് കാണാതിരിക്കാന്‍ കഴിയുക? ഇന്നുമതേ, ആ ദര്‍ശനത്തിന് പ്രസക്തിയും പ്രാധാന്യവുമേറെ. ജാതി-മത-പ്രദേശ-ഭാഷാദി സങ്കുചിത ഭേദബുദ്ധികളുടെ പ്രവര്‍ത്തനഫലമായി ശക്തിക്ഷയം വന്നുകൊണ്ടിരിക്കുന്ന ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതില്‍ ശ്രീശങ്കരന്‍ പ്രചരിപ്പിച്ച അദ്വൈതദര്‍ശനത്തിന്റെ സമത്വസ്‌നേഹസന്ദേശം വളരെയധികം പ്രയോജനപ്പെടും.

ശ്രീനാരായണഗുരു സ്വാംശീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തതും ഇതേ ഔപനിഷദാദ്വൈതദര്‍ശനംതന്നെ. തന്നില്‍ ബുദ്ധമതം ചെലുത്തിയ സ്വാധീനത്തെ അദ്ദേഹം മറച്ചുവച്ചില്ല. മാത്രമല്ല, അദ്വൈതദര്‍ശനത്തിന്റെ കാതലായ അംശത്തെ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ' എന്ന സന്ദേശത്തിലൂടെ വ്യക്തമായി വെളിപ്പെടുത്തി, പ്രായോഗികതയില്‍ ഊന്നിനിന്നുകൊണ്ട്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി ' എന്ന ആദര്‍ശം പ്രചരിപ്പിച്ചു. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം' എന്ന പ്രസ്‌താവനയിലൂടെ ഹൈന്ദവക്ഷേത്രസങ്കല്‍പ്പത്തില്‍പോലും ജാതിമതാതീതമായ അദ്വൈതദര്‍ശനത്തിന്റെ അന്തസ്സത്തയെ ഉള്‍ക്കൊള്ളിച്ചുയര്‍ത്തിപ്പിടിച്ചു. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കും മതപരമായ ഭേദഭാവനകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ദുരനുഷ്‌ഠാനങ്ങള്‍ക്കും എതിരെയുള്ള പോരാട്ടത്തിന് ഗുരു നേതൃത്വം കൊടുത്തു. അങ്ങനെ സിദ്ധാന്തത്തിലും പ്രയോഗത്തിലും ഒരുപോലെ അദ്വൈതവേദാന്തത്തിന്റെ സാരാംശം സ്വായത്തമാക്കാന്‍ ഗുരുവിന് സാധിച്ചു. ഇതില്‍ അദ്ദേഹത്തിന് ഏറെ സഹായകമായത് തമിഴ്‌ശൈവസിദ്ധാന്തമാണെന്ന് അദ്ദേഹത്തിന്റെ കൃതികള്‍ വ്യക്തമാക്കുന്നു.

ശ്രീശങ്കരനോ? അത്രത്തോളം സാധിച്ചുവെന്നു പറയാനാവില്ല. സിദ്ധാന്തത്തില്‍ ശരി, പ്രയോഗത്തിലാണ് പ്രയാസം. തന്റെ കാലത്ത് നിലവിലിരുന്ന ബ്രാഹ്മണപൌരോഹിത്യത്തെയും യജ്ഞസംസ്‌ക്കാരത്തെയും എതിര്‍ത്തുവെങ്കിലും, ജാതീയമായ ഉച്ചനീചത്വങ്ങളെ എതിര്‍ക്കാന്‍ ആചാര്യനു കഴിഞ്ഞില്ല. ജാതിവ്യവസ്ഥയെ എതിര്‍ത്ത ബുദ്ധമതത്തെയാകട്ടെ അദ്ദേഹം ശത്രുനിരയില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു. പരമാര്‍ഥസത്യത്തിന്റെ തലത്തില്‍ സമത്വസിദ്ധാന്തം അംഗീകരിച്ചുവെങ്കിലും, വ്യാവഹാരികസത്യത്തിന്റെ തലത്തില്‍ (പ്രായോഗികമായി എന്നര്‍ഥം) നിലവിലിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങളെയും മതപരമായ വിഭാഗീയതകളെയും അംഗീകരിക്കുകയും ന്യായീകരിക്കുകയുമാണ്, സത്യത്തില്‍, അദ്ദേഹം ചെയ്തത്. അപശൂദ്രാധികരണഭാഷ്യംതന്നെ ഏറ്റവും വലിയ തെളിവ്. ബ്രഹ്മസൂത്രത്തിലെ അപശൂദ്രാധികരണവും അതിന്റെ ശാങ്കരഭാഷ്യവും പ്രക്ഷിപ്‌തമാണെന്ന വാദം ഒട്ടും യുക്തിയുക്തമല്ല. (വിശദവിവരങ്ങള്‍ക്ക് എന്റെ സ്വാമി വിവേകാനന്ദന്‍, എന്‍ ബി എസ്, കോട്ടയം, 2008, പേജ് 99-108 നോക്കുക.)

‘ജാതി മനുഷ്യനില്‍ കയറി മൂത്തുപോയി. ശങ്കരാചാര്യരും അതില്‍ തെറ്റുകാരനാണ്.’ എന്നാണ് നാരായണഗുരു ഇതേപ്പറ്റി പറഞ്ഞത്. അപശൂദ്രാധികരണത്തിന്റെ ഭാഷ്യം ചമച്ച ശ്രീശങ്കരനെ ‘അനുകമ്പാദശകമെഴുതിയ ശ്രീനാരായണനുമായി താരതമ്യപ്പെടുത്തുന്നത് പ്രയോജനകരമായിരിക്കും. സുകുമാര്‍ അഴീക്കോട് നിരീക്ഷിച്ചതുപോലെ, 'ജ്ഞാനത്തില്‍നിന്നു ദയയിലേക്കുള്ള അതിശീഘ്രമായ ഒരു സംക്രമണപ്രവണത ശങ്കരനില്‍നിന്നു നാരായണനിലെത്തുമ്പോള്‍ നമുക്കു കാണാം.' (ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണകൃതികള്‍, മാതൃഭൂമി, കോഴിക്കോട്, 1985, അവതാരിക, പേജ് 14)

ചുരുക്കത്തില്‍, അദ്വൈതദര്‍ശനത്തിലൂടെ സൈദ്ധാന്തികമായി സാമൂഹ്യസമത്വം ഉയര്‍ത്തിപ്പിടിച്ച ശ്രീശങ്കരന് പ്രായോഗികമായി സാമൂഹ്യാസമത്വത്തെ ന്യായീകരിക്കേണ്ടിവന്നു. ഈ വൈരുധ്യത്തില്‍നിന്നു മുക്തനാവാന്‍ സാധിച്ചു എന്നതാണ് ശ്രീനാരായണന്റെ മേന്മ. അതായത്, അദ്വൈതദാര്‍ശനികനായിരിക്കെത്തന്നെ സാമൂഹ്യപരിഷ്‌ക്കര്‍ത്താവെന്ന നിലയില്‍ ഗുരുവിന് യഥേഷ്‌ടം പ്രവര്‍ത്തിക്കുന്നതിന് ഒരു തടസ്സവുമുണ്ടായില്ല.

വ്യാവഹാരികസത്യദശയില്‍ സ്ഥിതവ്യവസ്ഥയെ ന്യായീകരിച്ചുവെങ്കിലും ശ്രീശങ്കരന്‍ പരമാര്‍ഥസത്യദശയില്‍ ബ്രഹ്മസത്യത്വത്തിന്റെയും ജഗന്മിഥ്യാത്വത്തിന്റെയും കാര്യത്തില്‍ തരിമ്പും വിട്ടുവീഴ്ച്ച കാട്ടിയില്ല. കര്‍മവാദത്തെമാത്രമല്ല, ജ്ഞാനകര്‍മസമുച്ചയവാദത്തെയും നഖശിഖാന്തം ഖണ്ഡിച്ചുകൊണ്ട് അദ്ദേഹം ജ്ഞാനവാദത്തെമാത്രം ഉയര്‍ത്തിപ്പിടിച്ചു. ശ്രീനാരായണദര്‍ശനത്തില്‍ ഇത്തരമൊരു കടുംപിടുത്തം കാണുന്നില്ല. സൈദ്ധാന്തികമായി ജ്ഞാനവാദത്തെ സമര്‍ഥിക്കുന്നുണ്ടെങ്കിലും കര്‍മവാദത്തെ പാടേ തള്ളിപ്പറയാന്‍ ഗുരു മടിക്കുന്നുണ്ട്. ദര്‍ശനമാലയില്‍ കര്‍മ-ഭക്തി-ജ്ഞാനയോഗങ്ങളെ സമന്വയിച്ചവതരിപ്പിക്കുന്നതില്‍നിന്ന് ഇക്കാര്യം വ്യക്തമാണ്. ജ്ഞാനകര്‍മസമുച്ചയവാദത്തോട് പ്രായോഗികമായി അനുഭാവംതന്നെ അദ്ദേഹം പ്രകടിപ്പിക്കുന്നതു കാണാം. അതിനാല്‍, സൈദ്ധാന്തികമായി ബ്രഹ്മസത്യത്വസിദ്ധാന്തത്തില്‍നിന്നു വ്യതിചലിക്കാതെതന്നെ, പ്രായോഗികമായി ജഗന്മിഥ്യാത്വവാദത്തില്‍ ഊന്നല്‍ നല്‍കാതിരിക്കാന്‍ ഗുരു ശ്രദ്ധവെച്ചതായി തോന്നുന്നു. നിലവിലുള്ള അസമത്വത്തെ തുടച്ചുമാറ്റാന്‍ അദ്വൈതദര്‍ശനത്തെ ആയുധമാക്കുന്നതിലാണ് അദ്ദേഹം നിഷ്‌ക്കര്‍ഷിച്ചതെന്നു ചുരുക്കം.

ഇപ്രകാരം സൈദ്ധാന്തികമായ കടുംപിടുത്തം വര്‍ജിച്ചതുകൊണ്ട് ശ്രീനാരായണഗുരു അദ്വൈതിയായിരിക്കെത്തന്നെ ബിംബപ്രതിഷ്ഠ നടത്തിയപ്പോഴും ക്ഷേത്രനിര്‍മാണത്തെ പ്രോത്സാഹിപ്പിച്ചപ്പോഴും വിവിധദേവീദേവന്മാരെപ്പറ്റി സ്‌തോത്രങ്ങള്‍ രചിച്ചപ്പോഴും ആര്‍ക്കും എടുത്തുപറയത്തക്ക ഒരു വൈരുധ്യവും തോന്നിയില്ല (ശ്രീശങ്കരന്റെ കാര്യത്തില്‍ ഇതെല്ലാം ഉത്തരം കിട്ടാത്ത പ്രശ്നങ്ങളായി പലര്‍ക്കും അനുഭവപ്പെടുകയും ചെയ്യുന്നു). ഒരു ഘട്ടമെത്തിയപ്പോള്‍ ഗുരു, ഇനി ജാതിവ്യത്യാസത്തെ അധികമാക്കുന്ന ദേവാലയങ്ങളല്ല, അറിവു നല്‍കുന്ന വിദ്യാലയങ്ങളാണ് വേണ്ടതെന്ന് ആഹ്വാനം ചെയ്‌തപ്പോഴാകട്ടെ, അതിനെ സ്വാഭാവികമായേ നിരീക്ഷകര്‍ കണ്ടുള്ളൂ.

പണ്ഡിതലോകത്തിലാണ്, സാധാരണജനങ്ങള്‍ക്കിടയിലല്ല, ശ്രീശങ്കരനു പ്രവര്‍ത്തിക്കേണ്ടിവന്നത്. ബ്രഹ്മകാരണവാദമൊഴിച്ച് മറ്റെല്ലാ വാദങ്ങളെയും ഖണ്ഡിക്കുക ജീവിതവ്രതമായെടുത്തുകൊണ്ട് അദ്ദേഹത്തിന് അനേകം വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടേണ്ടിവന്നു. അതിന്റെ ഭാഗമായി വേദഗ്രന്ഥങ്ങളടക്കം ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കേണ്ടിവന്നു. സംസ്‌കൃതഭാഷയ്ക്ക് ഇത് ഈടുറ്റ മുതല്‍ക്കൂട്ടായി. അതിമനോഹരമായ കവിത, തര്‍ക്കകര്‍ക്കശമെന്നല്ല യുക്തിസുന്ദരമെന്നു വിശേഷിപ്പിക്കേണ്ടുന്ന ഹൃദ്യവും ചടുലവുമായ ഗദ്യം. സംസ്‌കൃതസാഹിത്യത്തില്‍ അപൂര്‍വവ്യക്തിത്വശോഭയോടെയാണ് ശ്രീശങ്കരന്റെ ഈ തലയുയര്‍ത്തിനില്പ്.

ശ്രീബുദ്ധനും നാരായണഗുരുവും

സാമാന്യജനങ്ങളുടെ ലോകമാണ് നാരായണഗുരുവിന്റെ പ്രവര്‍ത്തനമണ്ഡലം. വാദരതനല്ലായ്‌കയാല്‍, ആളുകളെ ആധ്യാത്മികാദികാര്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു സൌമ്യസുന്ദരമായി പ്രേരിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ശൈലി. അവര്‍ക്ക് എളുപ്പം മനസ്സിലാകത്തക്കവിധം ലളിതമായി, അധികവും മലയാളത്തില്‍, പദ്യത്തിലും ഗദ്യത്തിലും കൃതികള്‍ രചിക്കുക - അതാണദ്ദേഹം ചെയ്തത്. അങ്ങനെ പിറന്നവയാണ് ഗുരുവിന്റെ സ്‌തോത്രങ്ങളും ദാര്‍ശനികകൃതികളും മറ്റും. അതേസമയം, പണ്ഡിതമണ്ഡലത്തിന് ആലോചനാമൃതമായ ആശയങ്ങള്‍ അവയിലെങ്ങും അനുഭവവേദ്യവുമാണ്. ജനാധിപത്യം, മതനിരപേക്ഷത, സാമൂഹ്യനീതി, സമത്വം മുതലായ ആധുനികാശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ഗുരുവിന്റെ കര്‍മരംഗം. മധ്യകാലഘട്ടത്തില്‍ ജീവിച്ച ശ്രീശങ്കരന് ഇവയൊന്നും കാണാന്‍ കഴിയാത്തതില്‍ അസാധാരണമായൊന്നുമില്ല. എന്നാല്‍, കറേക്കൂടി പിറകോട്ടുപോകുമ്പോള്‍, ശ്രീബുദ്ധനില്‍ ഈ പ്രവണതകളൊക്കെ സാരാംശത്തില്‍ കാണാന്‍ കഴിയുകയും ചെയ്യും. അതേ, ശ്രീനാരായണന് ശ്രീബുദ്ധനോടാണ്, ശ്രീശങ്കരനോടല്ല, സാമ്യങ്ങളേറെയുള്ളത് - സൈദ്ധാന്തികതലത്തിലും പ്രായോഗികതലത്തിലും.

എന്നുവെച്ച് ബൌദ്ധദര്‍ശനമാണ് ഗുരുദര്‍ശനമെന്നു പറഞ്ഞുകൂട. കുമാരനാശാന്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയപോലെ, ഏകജാതിദര്‍ശനത്തില്‍ ഗുരു ബുദ്ധനോടൊപ്പമാണെങ്കിലും നിരീശ്വരമായ ബൌദ്ധദര്‍ശനത്തോട് അക്കാര്യത്തില്‍ യോജിച്ചുപോകാന്‍ ഗുരുവിന്റെ ഏകദൈവദര്‍ശനത്തിനാവില്ല. മതപരമായി വിഭാഗീയത പുലര്‍ത്തുന്ന ബൌദ്ധമുള്‍പ്പെടെയുള്ള ഒരു മതദര്‍ശനത്തോടും ഏകമതദര്‍ശനമുയര്‍ത്തിപ്പിടിക്കുന്ന ഗുരുവിന് യോജിക്കാന്‍ പറ്റില്ല. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന മുദ്രാവാക്യം ആവിഷ്‌ക്കരിച്ച ഗുരുവിന് എല്ലാ മതങ്ങളെയും വിശാലമായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനാവുമെങ്കിലും, സൈദ്ധാന്തികമായും പ്രായോഗികമായും വ്യതിരിക്തത പുലര്‍ത്തിക്കൊണ്ടു നിലകൊള്ളുന്ന ഒരു മതത്തിനും ഗുരുദര്‍ശനത്തെ പൂര്‍ണമായി സ്വാംശീകരിക്കാനാവില്ല. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ' എന്നതാണ് സനാതനധര്‍മം എന്നു നാരായണഗുരു വ്യക്തമാക്കിയിട്ടുണ്ട്. പരമ്പരാഗതമായി പറഞ്ഞുവരുന്ന 'സനാതനധര്‍മത്തിന്, വര്‍ണാശ്രമധര്‍മത്തിന്, ഇതുമായി ഒരു ബന്ധവുമില്ല. എന്നല്ല, തീര്‍ത്താല്‍ തീരാത്ത വൈരുധ്യം ആ രണ്ടു സനാതനധര്‍മങ്ങള്‍ തമ്മിലുണ്ടുതാനും.

ഈ വിചിന്തനത്തില്‍നിന്ന് ഗുരുദര്‍ശനം ശ്രീശങ്കരദര്‍ശനത്തില്‍നിന്നു വ്യതിരിക്തമാണെന്നു വ്യക്തമാകുമല്ലോ.

ഗുരുവിന്റേത് സമത്വദര്‍ശനം

ഇനി നമുക്ക് ശ്രീനാരായണഗുരുദര്‍ശനത്തെ പ്രത്യേകമായെടുത്ത് പരിശോധിക്കാം.

എന്താണ് ആ ദര്‍ശനത്തിന്റെ കാതല്‍? ഒറ്റവാക്കില്‍ പറഞ്ഞാല്‍ അത് സമത്വമല്ലാതെ മറ്റൊന്നുമല്ല. സമത്വം എന്ന വാക്ക് അദ്ദേഹം പ്രയോഗിച്ചിട്ടുണ്ടാവില്ല. പക്ഷേ, എന്തു പറയുമ്പോഴും അദ്ദേഹത്തിന്റെ ഉള്ളില്‍ അതാണ് തെളിഞ്ഞുനിന്നിരുന്നത്. അത്യന്തം ലളിതമായ അല്പം വാക്കുകളില്‍ ഗുരു തന്റെ സമത്വദര്‍ശനം ലോകസമക്ഷം വെളിപ്പെടുത്തി. അത് പ്രായോഗികമാക്കുന്നതിനുള്ള പരിപാടികള്‍ ആവിഷ്‌ക്കരിച്ചുനടപ്പിലാക്കി.

ഈ സമത്വദര്‍ശനം, എല്ലാവര്‍ക്കും അറിയാവുന്നതുപോലെ, താഴെ ചേര്‍ക്കുന്ന ചില മുദ്രാവാക്യങ്ങളിലൂടെയാണ് ഗുരു അവതരിപ്പിച്ചത്.

1. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും

സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്.

2. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.

3. ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്.

4. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.

5. സംഘടനകൊണ്ട് ശക്തരാകുവിന്‍, വിദ്യകൊണ്ട് സ്വതന്ത്രരാകുവിന്‍.

6. മദ്യം വിഷമാണ്; അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്.

7. അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-

ലവനിയിലാദിമമായൊരാത്മരൂപം;

അവനവനാത്മസുഖത്തിനാചരിക്കു-

ന്നവയപരന്നു സുഖത്തിനായ് വരേണം.

ഈ ഏഴു മഹദ്വചനങ്ങളും ചേര്‍ന്നാല്‍ ഗുരുദര്‍ശനമായി. സാമൂഹ്യവും സാംസ്‌ക്കാരികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ രംഗങ്ങളില്‍ സമത്വം പുലര്‍ന്നുകാണുകയാണ് ഗുരുവിന്റെ ലക്ഷ്യമെന്ന് ഈ വചനങ്ങളുടെ അപഗ്രഥനം വെളിവാക്കും. ലൌകികവും ആത്മീയവും ഇവിടെ ഒന്നിക്കുന്നതു നാം കാണുന്നു. അതാണ് ഗുരുദര്‍ശനം.

ജാതിയെ അദ്ദേഹം തീര്‍ത്തും നിഷേധിക്കുകതന്നെ ചെയ്യുന്നുണ്ട്. ഒരു ജാതിയേ ഉള്ളൂ; അത് മനുഷ്യജാതിയാണ്. അതായത്, സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞതുപോലെ, ‘ജാതി വേണ്ട’ എന്നുതന്നെയാണ് ഇതിന്നര്‍ഥം. അതിനാല്‍ ജാതിവിരുദ്ധത ശ്രീനാരായണദര്‍ശനത്തിന്റെ അകക്കാതലാകുന്നു. ഉപനിഷത്തുകളിലെ ബ്രഹ്മവാദത്തില്‍, ബുദ്ധമതത്തില്‍, ജൈനമതത്തില്‍, ചാര്‍വാക(ലോകായത)ദര്‍ശനത്തില്‍, സൂഫിദര്‍ശനത്തില്‍, ക്രൈസ്തവദര്‍ശനത്തില്‍, രാജാറാം മോഹന്‍ റോയിയുടെയും വിവേകാനന്ദന്റെയും മറ്റും നവോത്ഥാനദര്‍ശനത്തില്‍, തൊഴിലാളിവര്‍ഗദര്‍ശനത്തില്‍ - അങ്ങനെ ഭാരതീയദര്‍ശനങ്ങളില്‍ മിക്കതിലുമുള്ള ജാതിവിരോധഘടകത്തെ ഗുരുദര്‍ശനത്തിന്റെ മുഖ്യസ്ഥാനത്തുതന്നെ നമുക്കു കാണാം. ഇന്ത്യന്‍ സാഹചര്യത്തില്‍ സമത്വത്തിന്റെ മുഖ്യശത്രു ജാതിയാണെന്നു കാണുക.

എന്നാല്‍ മതത്തെ അദ്ദേഹം നിഷേധിച്ചിട്ടില്ല. എല്ലാ മതങ്ങളുടെയും സാരാംശം ഒന്നായതുകൊണ്ട് ഒരു മതമേ ഉള്ളൂ, അഥവാ ഒരു മതമേ വേണ്ടൂ, എന്നാണ് അദ്ദേഹം നിഷ്‌ക്കര്‍ഷിച്ചത്. ഈ അര്‍ഥത്തില്‍, പ്രത്യേകം പ്രത്യേകം മതങ്ങള്‍ വേണ്ട എന്ന അര്‍ഥത്തില്‍, സഹോദരന്‍ അയ്യപ്പന്റെ ‘മതം വേണ്ട’ എന്ന അഭിപ്രായം ഗുരുവിന് അഭിമതമായിരിക്കും; ‘വേണം ധര്‍മം’ എന്ന് സഹോദരന്‍ തുടര്‍ന്നുപറയുന്നതുകൊണ്ട് വിശേഷിച്ചും. ബാഹ്യവും ആഭ്യന്തരവുമായ മതത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ബാഹ്യാംശങ്ങളില്‍ വിഭിന്നങ്ങളാവാമെങ്കിലും ആഭ്യന്തരാംശത്തില്‍ ഏകമതമേയുള്ളൂ എന്നു ശ്രീനാരായണഗുരു വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന ഗുരുവാക്യത്തിന് ‘ഒരു മതം’ എന്ന വാക്യവുമായി വൈരുധ്യമില്ലാത്തത്. താന്‍ ശ്രീശങ്കരന്റെ അദ്വൈതമതക്കാരനാണെന്നും ബുദ്ധമതക്കാരനാണെന്നും ക്രിസ്‌തുമതക്കാരനാണെന്നും ഇസ്ളാംമതക്കാരനാണെന്നുമൊക്കെ പലപ്പോഴായി ഗുരു പറഞ്ഞിട്ടുള്ളതിന്റെ പൊരുള്‍ അപ്പോഴേ വ്യക്തമാവുകയുള്ളൂ.

ഈ ഏകമതസിദ്ധാന്തം മതപരമായ വിഭാഗീയതകൊണ്ട് കുപ്രസിദ്ധമായ മതദര്‍ശനങ്ങളിലൊന്നും കാണാത്തതാണ്. ഉപനിഷത്തുകളിലെ ബ്രഹ്മദര്‍ശനത്തില്‍ ഈ പേരില്ലെങ്കിലും ഈ ആശയമുണ്ട്. പിന്നീട് സ്വാമി വിവേകാനന്ദനെപ്പോലുള്ളവര്‍ ആവിഷ്‌ക്കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മതതുല്യതാവാദം ഇതുതന്നെയാണ്. ഇന്ത്യയില്‍ അശോകന്റെ കാലംതൊട്ടേ സാമാന്യമായി നിലനിന്നിരുന്നതും ദേശീയസ്വാതന്ത്ര്യ സമരകാലത്ത് കുറേക്കൂടി വ്യക്തമായ രൂപം കൈക്കൊണ്ടതും നമ്മുടെ ഭരണഘടനയില്‍ വിഭാവനം ചെയ്യപ്പെട്ടതുമായ മതനിരപേക്ഷത, വാസ്‌തവത്തില്‍, ഗുരുവിന്റെ ഈ ഏകമതസിദ്ധാന്തമാണെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. അതുകൊണ്ടുതന്നെ, ‘മതവിരോധത്തിന്റെ മതമാണ് ഗുരുദര്‍ശനം’, ‘ആദര്‍ശഹിന്ദുസന്ന്യാസിയാണ് ഗുരു, ഹിന്ദുത്വാഭിമാനിയാണ് ഗുരു’ എന്നും മറ്റുമുള്ള അതിരുകവിഞ്ഞ അവകാശവാദങ്ങള്‍ വസ്‌തുതയ്‌ക്കു നിരക്കുന്നതല്ല.

ഒരു ദൈവം’ എന്നരുളിയ ഗുരു ഉപനിഷത്തുകളില്‍ ആവിഷ്‌കൃതമായ സര്‍വസമത്വദര്‍ശനത്തിന്റെ പിന്തുടര്‍ച്ചക്കാരന്‍തന്നെ. സകലചരാചരങ്ങളുടെയും സൃഷ്‌ടിസ്ഥിതിസംഹാരകര്‍ത്താവായ ഒരേയൊരു ദൈവത്തിലുള്ള വിശ്വാസം ആ ദര്‍ശനത്തില്‍ പ്രകടമാണ്. ദൈവദശകം എന്ന വിശിഷ്‌ടകൃതിയില്‍ ഏതു കുട്ടിക്കും ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ ഈ ഏകദൈവാശയം വിവരിച്ചിട്ടുണ്ട്. അങ്ങേയറ്റം ആധ്യാത്മികമായ ഈ ഏകദൈവവിശ്വാസം എത്രയേറെ സമത്വബോധപ്രബോധകമാണെന്നു വെളിപ്പെടുത്തുന്നതാണ് 'അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താല്‍' എന്നുതുടങ്ങുന്ന മേലുദ്ധരിച്ച ആത്മോപദേശശതകപദ്യം. അനുകമ്പാദശകം വായിക്കുന്ന ആര്‍ക്കാണ് ഗുരുവിന്റെ വിശ്വപ്രേമതത്വവും പരമകാരുണികത്വവും അനുഭവവേദ്യമാവാതിരിക്കുക!

ഈ ആദര്‍ശങ്ങള്‍ പ്രായോഗികമാവണമെങ്കില്‍ ബഹുജനങ്ങള്‍ ബോധവല്‍ക്കരിക്കപ്പെടേണ്ടതുണ്ട്. അതിന് അവര്‍ക്ക് ശക്തിയുണ്ടാവണം. അതിനു സംഘടന കൂടാതെ പറ്റില്ല. അങ്ങനെ സംഘടിച്ചു ശക്തരായാല്‍ അവര്‍ക്ക് വിദ്യ കൈവരിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ സുഗമവും സുലഭവുമാവും. ക്ഷേത്രങ്ങള്‍പോലും നാരായണഗുരുവിന് വിദ്യാവിതരണത്തിനുള്ള ഉപാധികളാണ്. ദേവാലയങ്ങളേക്കാള്‍ പ്രധാനം വിദ്യാലയങ്ങളാണെന്ന് അദ്ദേഹം ഉപദേശിക്കുകയുണ്ടായല്ലോ. വിദ്യകൊണ്ട് പ്രബുദ്ധരാവുകയും സ്വതന്ത്രരാവുകയുമൊക്കെ ചെയ്യേണ്ടവര്‍, പരമ്പരാഗതമായ തൊഴിലുമായി ബന്ധപ്പെട്ടുകൊണ്ട് മദ്യത്തിന്റെ അടിമകളാവരുത്. അത് അവരെ ബോധഹീനരാക്കും; അസ്വതന്ത്രരാക്കും.

ആധുനികഭാരതീയനവോത്ഥാനദര്‍ശനങ്ങളില്‍ പൊതുവില്‍ കാണപ്പെടുന്ന ആശയങ്ങളാണിവ. ആധുനികഭാരതീയനവോത്ഥാനത്തിന്റെ സന്തതിയും കേരളീയനവോത്ഥാനത്തിന്റെ പിതാവുമായ ശ്രീനാരായണഗുരു ഈ ആശയങ്ങളെ പൂര്‍ണമായി സ്വാംശീകരിച്ചത് സ്വാഭാവികംമാത്രം. ഗുരുവില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് ജാതിമതസമുദായസംഘടനകളുടെ രൂപത്തില്‍ നവോത്ഥാനപ്രസ്ഥാനങ്ങളെല്ലാം ഇവിടെ ആവിര്‍ഭവിച്ചത്. ആവിര്‍ഭാവകാലങ്ങളില്‍ അവ ഓരോ ജാതിമതസമുദായത്തെയും ആകാവുന്നത്ര നവീകരിക്കുകയും അങ്ങനെ കേരളീയസമൂഹത്തിന്റെയാകെ നവീകരണത്തിനു വഴിതെളിക്കുകയും ചെയ്തു. ഈ നവീകരണത്തിന് വമ്പിച്ച സംഭാവനകള്‍ ചെയ്ത വര്‍ഗബഹുജനസംഘടനകള്‍ക്ക്, അവയ്‌ക്ക് നേതൃത്വം നല്‍കിയ പുരോഗമനരാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ക്ക്, വിശേഷിച്ച് കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്, വളരാന്‍ പാകത്തില്‍ വളക്കൂറുള്ള മണ്ണൊരുക്കിയത് ഈ നവോത്ഥാനപ്രസ്ഥാനങ്ങള്‍, വിശേഷിച്ച് അതിനെല്ലാം തുടക്കമിട്ട ശ്രീനാരായണഗുരു, ആണെന്ന് പ്രത്യേകം അനുസ്‌മരിക്കേണ്ടതുണ്ട്.

ചുരുക്കത്തില്‍ ശ്രീനാരായണഗുരു ഭാരതീയദര്‍ശനങ്ങളില്‍ അന്നത്തെ കേരളീയസാഹചര്യത്തില്‍ ഗ്രാഹ്യമെന്നു തോന്നിയ എല്ലാ നല്ല ആശയങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ടും ത്യാജ്യമെന്നുകണ്ട അംശങ്ങളെ മുഴുവന്‍ ത്യജിച്ചുകൊണ്ടും സ്വന്തമായൊരു ദര്‍ശനം ആവിഷ്‌ക്കരിക്കുകയാണുണ്ടായത്. ആ ദര്‍ശനമാകട്ടെ കേരളീയസമൂഹത്തിന്റെ കേവലമൊരു വ്യാഖ്യാനമായി ഒതുങ്ങിനില്‍ക്കാതെ, ആ സമൂഹത്തെ അടിമുടി മാറ്റിമറിക്കുന്നതുകൂടി ആയിത്തീര്‍ന്നു. അതുകൊണ്ട് കേരളത്തിന്റെ നവോത്ഥാനത്തില്‍ ശ്രീനാരായണഗുരുദര്‍ശനം വഹിച്ച പങ്കിനെ ആര്‍ക്കും അവഗണിക്കാനാവില്ല. ഇ എംഎസ്. നിരീക്ഷിച്ചതുപോലെ, 'ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും അടിത്തറയാണ് സ്വാമികളിട്ടതെങ്കിലും, അവയുടെ മീതെ ഉയര്‍ന്നുവന്നത് സാമൂഹ്യസമത്വമെന്ന കെട്ടിടമാണ്; അധ്യാത്മചിന്തയുടെ വിത്താണദ്ദേഹം പാകിയതെങ്കിലും, മുളച്ചുവന്നത് സാമൂഹ്യരാഷ്‌ട്രീയാവകാശവാദമാണ്; ആര്‍ഷസംസ്‌ക്കാരത്തിന്റെ സന്ദേശമാണദ്ദേഹം പ്രചരിപ്പിച്ചതെങ്കിലും, അത് ശ്രോതാക്കളുടെ ചെവിയില്‍ ചെന്നലച്ചത് ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന പാശ്ചാത്യനവീനസന്ദേശമായിട്ടാണ്.' (ഇ എം എസ് സമ്പൂര്‍ണകൃതികള്‍, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, സഞ്ചിക 9, 2000, പേജ് 289)

അന്ന് ഗുരു ചെയ്തതുപോലെ, ഇന്നത്തെ സാഹചര്യങ്ങള്‍ക്കൊത്ത് ആ ദര്‍ശനത്തെ വളര്‍ത്തിക്കൊണ്ടുവരികയും പ്രചരിപ്പിക്കുകയും പ്രായോഗികമാക്കുകയും ചെയ്യുകയാണ് നമ്മുടെ കടമ. അതാകട്ടെ, കേരളത്തെമാത്രമല്ല, ഇന്ത്യയെയും ലോകത്തെയാകെയും പ്രവര്‍ത്തനരംഗമാക്കിക്കൊണ്ടാണ് വേണ്ടത്. ദേശീയവും അന്തര്‍ദേശീയവുമായ സാഹചര്യങ്ങള്‍ അത്തരമൊരു പ്രവര്‍ത്തനം ഇന്നത്തെ ഒരു കേരളീയനില്‍നിന്ന് ആവശ്യപ്പെടുന്നുണ്ടെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാവാനിടയില്ല.

*****

ഡോ. എന്‍ വി പി ഉണിത്തിരി , കടപ്പാട് : ദേശാഭിമാനി വാരിക
http://workersforum.blogspot.com/2008/10/blog-post_23.html

No comments:

Post a Comment