Monday, July 8, 2013

അവന്തിബ്രാഹ്മണന്റെ കഥ - ഭാഗവതം



ഭഗവാന്‍ കൃഷ്ണന്‍ :ദേഹത്തിനേല്‍ക്കുന്ന മുറിവിനേക്കാള്‍ അസഹനീയം അപമാനമത്രെ. സാത്വികനായ ഒരുവന്‌ ദുഷ്ടരുടെ അധിക്ഷേപം വളരെ വേദനാജനകമാണ്‌. ഇതിനെക്കുറിച്ചൊരു കഥയുണ്ട്‌. അവന്തിയില്‍ ഒരു ബ്രാഹ്മണനുണ്ടായിരുന്നു. അയാള്‍ അതീവ ധനികനായിരുന്നുവെങ്കിലും പിശുക്കനായിരുന്നു. അതുകൊണ്ട്‌ അടുത്ത ബന്ധുക്കളും ദേവതകളും ബ്രാഹ്മണരും പിതൃക്കളും മനുഷ്യരും മൃഗങ്ങളും എല്ലാവരും അയാള്‍ക്കെതിരായിത്തീര്‍ന്നു. ഗൃഹസ്ഥാശ്രമിക്ക്‌ വിധിച്ചിട്ടുളള അഞ്ചു പൂജാവിധികളോ മറ്റ്‌ ശാസ്ത്രാധിഷ്ഠിത കര്‍മ്മങ്ങളോ അയാള്‍ അനുഷ്ഠിച്ചിരുന്നുമില്ല. അങ്ങനെ അയാളുടെ പുണ്യമെല്ലാം നശിച്ചു. സമ്പത്തു സമാഹരിക്കാന്‍ പരിശ്രമിച്ച്‌ അയാള്‍ ക്ഷീണിച്ചു. ഒടുവില്‍ സമ്പത്തും അയാളെ വിട്ടു പോയി. ബന്ധുക്കള്‍ കുറച്ചെടുത്തു. കളളന്മാര്‍ മറ്റൊരു പങ്ക്‌. ബാക്കിയുളളവ കേടുവന്നോ അപകടങ്ങളില്‍പ്പെട്ടോ നികുതിയായോ നഷ്ടമായി.

ഇപ്പോള്‍ അയാള്‍ ദരിദ്രനായി സ്വയം ശപിച്ചു: ‘ഈ സമ്പത്തെന്നു പറയുന്നത്‌ എത്ര ഭയങ്കരമാണ്‌. എല്ലാ തിന്മകളുടെയും പാപത്തിന്റെയും ദുരിതത്തിന്റെയും മൂലകാരണം അതാണല്ലോ. കളവ്, ക്രൂരത, തിന്മ, അഹങ്കാരം, കാമം, ക്രോധം, ഔദ്ധത്യം, കാപട്യം, അനൈക്യം, സ്പര്‍ദ്ധ, അവിശ്വാസം, ചൂതുകളിക്കാനുളള വാസന, ദുരിതങ്ങള്‍ എന്നിവയെല്ലാം സമ്പത്തില്‍ നിന്നു നേരിട്ടുദ്ഭവിക്കുന്നു. അതുകൊണ്ട്‌ പരമശാന്തിയാഗ്രഹിക്കുന്ന ഒരുവന്‍ തികച്ചും അനര്‍ത്ഥമായ (അധര്‍മ്മം) അര്‍ത്ഥത്തെ (സമ്പത്തിനെ) ആഗ്രഹിക്കരുത്‌. സമ്പത്ത്‌ ബന്ധുമിത്രാദികളെയും സുഹൃത്തുക്കളെയും ശത്രുക്കളാക്കി മാറ്റുന്നു. മരണം വാതില്‍ക്കല്‍ മുട്ടിവിളിക്കുന്നതറിയാതെ എന്റെ ജീവിതവും ഊര്‍ജ്ജവും ഈ ശത്രുവിനെ വളര്‍ത്തിയെടുക്കാന്‍ ഞാന്‍ വിനിയോഗിച്ചു. എന്നാല്‍ അധികം വൈകുംമുന്‍പ്‌ ശ്രീഭഗവാന്‍ ഹരിയുടെ അനുഗ്രഹംകൊണ്ട്‌ ഞാന്‍ വിഷണ്ണനും ആശയറ്റവനും വിവരമുളളവനുമായിത്തീര്‍ന്നു. എനിക്കീലോകത്ത്‌ അവശേഷിച്ചിട്ടുളള സമയമത്രയും ഞാന്‍ ഭഗവല്‍സേവയ്ക്കായി വിനിയോഗിക്കും. അവിടുത്തെ പാദങ്ങളെ ശരണം പ്രാപിക്കാന്‍ എനിക്ക്‌ കഴിയും. സര്‍വ്വാത്മനായുളള ഭക്തികൊണ്ട്‌ ചുരുങ്ങിയ കാലംകൊണ്ടു തന്നെ ഖട്വാംഗന്‌ അതിനു സാധിച്ചുവല്ലോ.’

ഉടനേ തന്നെ അയാള്‍ ഒരു ഭിക്ഷാംദേഹിയായി സന്ന്യാസജീവിതം തുടങ്ങി. മനസ്സും ഇന്ദ്രിയങ്ങളും നിയന്ത്രിച്ച്‌ അഹങ്കാരത്തിന്റെയും ‘ഞാന്‍-എന്റെ’ എന്ന ഭാവത്തിന്‍റേയും കെട്ടഴിച്ച്‌ അയാള്‍ അലഞ്ഞു നടന്നു. ആളുകള്‍ക്ക്‌ അദ്ദേഹത്തെ മനസ്സിലായില്ല. ചിലര്‍ അദ്ദേഹത്തെ ഭ്രാന്തനെന്നു കരുതി. മറ്റുചിലര്‍ കപടനാട്യക്കാരനെന്നും. അവര്‍ക്ക്‌ മതിയാവുംവരെ ബ്രാഹ്മണനെ അടിച്ചും തുപ്പിയും തുറുങ്കിലടച്ചും ഉപദ്രവിച്ചു. എന്തെല്ലാം അനുഭവങ്ങള്‍ (ആധിഭൗതികം, ആധിദൈവികം, ആദ്ധ്യാത്മികം) ഉണ്ടായോ അവയെ എല്ലാം അദ്ദേഹം സസന്തോഷം സ്വാഗതം ചെയ്തു.

അവന്തിബ്രാഹ്മണന്‍ സ്വയം പറഞ്ഞു: എന്റെ സുഖദുഃഖങ്ങള്‍ക്ക്‌ കാരണക്കാര്‍ ഈ മനുഷ്യരോ ദേവന്മാരോ ആത്മാവോ നക്ഷത്രങ്ങളോ ഗ്രഹങ്ങളോ കര്‍മ്മമോ കാലമോ ഒന്നുമല്ല. മനസ്സു മാത്രമാണതിനു കാരണം. മനസ്സാണല്ലോ ജനനമരണചക്രത്തിനെ തിരിക്കുന്നത്‌. മനസ്സ്‌ ത്രിഗുണങ്ങളെ കര്‍മ്മോന്മുഖമാക്കി അതില്‍നിന്നും വിവിധതരം കര്‍മ്മങ്ങളും പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നു. അങ്ങനെ ഒരുവന്‍ തുടരെത്തുടരെ ജനനമരണങ്ങള്‍ അനുഭവിക്കുന്നു. എന്റെ ഹൃദയത്തില്‍ സ്ഥിതനായിട്ടുളള ഭഗവാന്‍ ഒരു സാക്ഷിയത്രെ. അദ്ദേഹമാണെന്റെ ഉത്തമ സുഹൃത്ത്‌. എന്നാല്‍ ഞാന്‍ - ജീവന്‍ - മനസ്സു കൊണ്ടുപോവുന്ന മാറ്റങ്ങളിലൂഴറി ബന്ധിതനാവുന്നു. ദാനധര്‍മ്മങ്ങളെപ്പറ്റി ജനങ്ങള്‍ വാഴ്ത്തിപ്പാടുന്നു. എന്നാല്‍ മനസ്സു ശാന്തമാക്കിയവന്‌ ദാനം കൊണ്ടെന്തു നേടാനാവും? അതുപോലെ മനസ്സ്‌ നിയന്ത്രിക്കാത്തവന്‌ ദാനം കൊണ്ടെന്തു നേട്ടമുണ്ടാവാനാണ്! സ്വയം തന്റെ ശത്രുവായ മനസ്സിനെ നിയന്ത്രിക്കാത്തവന്‍ മറ്റുളളവരെ മിത്രങ്ങളായും ശത്രുക്കളായും എണ്ണുന്നു.

മറ്റൊരാളെ എന്റെ വേദനയ്ക്ക്‌ ഞാന്‍ കുറ്റപ്പെടുത്തിയാല്‍ ഒരു ശരീരം മറ്റൊന്നിനെ ദ്രോഹിക്കുന്നു എന്നല്ലേ അര്‍ത്ഥം? പല്ല്‌ വിരലിനെ കടിച്ച്‌ മുറിവേല്‍പ്പിച്ചാല്‍ ആരെയാണ്‌ കുറ്റപ്പെടുത്തുക? അതുപോലെ ഒരു ദേവനെ ഒരുവന്റെ ദുഃഖത്തിന്‌ കാരണമായി കണ്ടാല്‍ ആ ദേവന്‍ സ്വയം പീഡിപ്പിക്കുന്നു - ദേവന്മാര്‍ ഓരോരോ ശരീരഭാഗങ്ങളുടെ അധിദേവതകളത്രെ. പീഡനം ആത്മാവിനേല്‍ക്കുന്നില്ല. കാരണം മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും അതീതനാണല്ലോ ആത്മാവ്‌. എന്നാല്‍ ആത്മാവാണ്‌ ദുഃഖത്തിനുത്തരവാദി എന്നു വന്നാല്‍ സ്വന്തം ആത്മാവിനോട്‌ കയര്‍ത്തു നില്‍ക്കുന്നതില്‍ എന്താണൊരു യുക്തി? നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും മറ്റും അവയുടെ ഉപകാരപ്രദവും ദ്രോഹപരവുമായ സ്വാധീനം ചെലുത്താന്‍ കഴിയുന്നത്‌ ശരീരത്തില്‍ മാത്രമാണ്‌.

അപ്പോള്‍ ഞാന്‍ - ആത്മാവ് ‌- അവയോട്‌ ക്രോധം വച്ചു പുലര്‍ത്തുന്നതെന്തിനാണ്‌? അതുപോലെ കര്‍മ്മം ബാധിക്കുന്നത്‌ ശരീരത്തെയാണ്‌. കര്‍മ്മമാണ്‌ ശരീരത്തിന്റെ ഹേതു. ശരീരം ദ്രവ്യവും ആത്മാവ്‌ ശുദ്ധബോധവുമത്രെ. വെറും ദ്രവ്യവസ്തുവിനോ ശുദ്ധബോധത്തിനോ സ്വയം പ്രവര്‍ത്തിക്കാന്‍ കഴിവില്ലാത്തതുകൊണ്ട് കര്‍മ്മത്തെ വാസ്തവമെന്ന് പറയാന്‍ വയ്യ. എന്നാല്‍ സമയത്തെ കുറ്റപ്പെടുത്താമെന്നുവച്ചാല്‍ ആത്മാവും കാലവും പരംപൊരുളുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നതുകൊണ്ട്‌ അതും യുക്തിയല്ല. അതുകൊണ്ട്‌ സര്‍വ്വാന്തര്യാമിയും അപരിമേയനും ശുദ്ധബോധവും ദ്രവ്യാവസ്ഥകള്‍ക്ക്‌ വിധേയമല്ലാത്തതും ആയ ആത്മാവിന്‌ നമുക്കുണ്ടാകുന്ന ദുഃഖങ്ങളില്‍ യാതൊരു പങ്കുമില്ല. മായികമായ അഹങ്കാരബോധത്തിനാലാണ്‌ ദുഃഖം ഉണ്ടാവുന്നത്‌. ഈ സത്യമറിഞ്ഞവന്‌ ഒരു ജീവിയേയും ഭയപ്പെടേണ്ടതില്ല. ഈ സാക്ഷാത്ക്കാരത്തില്‍ മനസ്സുറപ്പിച്ച്‌ ഭഗവാന്‍ കൃഷ്ണന്റെ കൃപയാല്‍ ഈ മായികമായ സംസാരത്തിനെ ഞാനുപേക്ഷിക്കുന്നതാണ്‌.

ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു: അങ്ങനെ നിങ്ങള്‍ സര്‍വ്വാത്മനാ എന്നില്‍ ശ്രദ്ധകേന്ദ്രീകരിച്ച്‌ മനസ്സു നിയന്ത്രിക്കൂ. ഇതാണ്‌ ഉത്തമമായ യോഗം. ആരൊരുവന്‍ ആവേശഭരിതവും ഉദാത്തവുമായ ഈ അവന്തിബ്രാഹ്മണ ചരിതം ധ്യാനിക്കുന്നുവോ അയാളെ സുഖദുഃഖങ്ങള്‍ തുടങ്ങിയ ദ്വന്ദ്വഭാവങ്ങള്‍ ബാധിക്കുന്നതല്ല.

ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു: ഏതൊരു ജ്ഞാനംകൊണ്ട്‌ ഒരുവന്‍ അജ്ഞാനത്തിന്റെയും മോഹത്തിന്റെയും ദുഃഖത്തിന്റെയും ബന്ധനത്തില്‍ നിന്നും മോചിതനാവുമോ, ആ ജ്ഞാനം ഞാന്‍ നിങ്ങള്‍ക്കായി പറഞ്ഞു തരാം.

സൃഷ്ടിക്കു മുന്‍പ്‌ പരബ്രഹ്മം മാത്രമേ ഉണ്ടായിരുന്നുളളൂ. ഈ അപരിമേയസത്വത്തില്‍ ദ്വന്ദ്വഭാവസാദ്ധ്യത അടങ്ങിയിട്ടുളള, മാസ്മരികശക്തിയുളള മായ ഉയരര്‍ന്നു. ഈ ദ്വന്ദ്വത പ്രകൃതിയുടെ ആവിര്‍ഭാവത്തോടെ നിലവില്‍വന്നു. പ്രകൃതിയെ കാര്യകാരണങ്ങള്‍, പുരുഷന്‍, ബോധം എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്‌. കാലത്തിന്റെ രൂപത്തില്‍ ഞാന്‍ പ്രകൃതിയുടെ സമതുലിതാവസ്ഥയ്ക്ക്‌ ഭംഗമേല്‍പ്പിച്ചതിന്റെ ഫലമായി സത്വരജോതമോ ഗുണങ്ങള്‍ ഉണ്ടായി. അതില്‍നിന്നു വിശ്വസൂത്രമാനും (ദ്വന്ദ്വഭാവത്തിനും ജീവന്റെ ആവിര്‍ഭാവത്തിനും സാദ്ധ്യതയേകുന്നത്‌) മഹത്തും (വിശ്വബോധം) ഉളവായി. മഹത്തില്‍ നിന്നും അഹങ്കാരം (വിശ്വാവബോധം) ഉണ്ടായി. അവയെ സാത്വികാഹങ്കാരം, രജസികാഹങ്കാരം, താമസാഹങ്കാരം എന്നിങ്ങനെ വിഭാഗിച്ചിരിക്കുന്നു.

സാത്വികാഹങ്കാരത്തില്‍ നിന്നും ദേവതകളും രജസികാഹങ്കാരത്തില്‍ നിന്നും ഇന്ദ്രിയങ്ങളും താമസാഹങ്കാരത്തില്‍ നിന്നും മൂലഭൂതങ്ങളും ഉണ്ടായി. ഈ അഹങ്കാരത്തെ ആത്മീയമായും ദ്രവ്യപരമായും, ഇവ തന്നിലുളള കണ്ണിയായും കണക്കാക്കി വരുന്നു. ഇവയെല്ലാം ചേര്‍ന്ന്‌ വിശ്വാണ്ഡമായി വിശ്വപ്രളയജലത്തില്‍ കിടന്നു. അതില്‍ നാരായണനായി ഞാന്‍ ആവിര്‍ഭവിച്ചു. എന്റെ നാഭിയില്‍നിന്നും സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ്‌ ജനിച്ചു. അദ്ദേഹം ഈ വിശ്വം മുഴുവന്‍ മൂന്നുതരം ഭൂഗോളങ്ങള്‍ കൊണ്ടുണ്ടാക്കി. ഭൂലോകം (ഭൂമിയും പാതാളങ്ങളും), ഭുവര്‍ല്ലോകം (ഇടനിലയ്ക്കുളള ലോകങ്ങള്‍), സ്വര്‍ല്ലോകം (സ്വര്‍ഗ്ഗങ്ങള്‍) എന്നിവ. ഈ ലോകങ്ങളില്‍ മനുഷ്യരും അതിമാനുഷരും ഉപമാനുഷരും അവരുടെ കര്‍മ്മങ്ങള്‍ അനുഭവിച്ചുതീര്‍ക്കുന്നു. സ്വര്‍ല്ലോകത്തിനുമപ്പുറം മഹര്‍ല്ലോകം, ജനലോകം, തപോലോകം, സത്യലോകം എന്നിവയാണ്‌. യോഗാഭ്യാസം, തപസ്സ്, സന്ന്യാസം എന്നിവയിലൂടെ ഈ ലോകങ്ങള്‍ പ്രാപ്യമാണ്‌. അതിനെല്ലാമപ്പുറം എന്റെ വാസസ്ഥലമത്രെ. അവിടെയെത്താന്‍ ഭക്തികൊണ്ടു മാത്രമേ സാധിക്കൂ.

പ്രകൃതിയുടെയും പുരുഷന്റെയും പ്രകടിതരൂപമാണ്‌ സൃഷ്ടികള്‍ മുഴുവനും. സൃഷ്ടി തുടങ്ങിയപ്പോള്‍ ഈ രണ്ടു സത്വങ്ങളേ ഉണ്ടായിരുന്നുളളൂ. സൃഷ്ടി അവസാനിക്കുമ്പോഴും ഇവര്‍ മാത്രം അവശേഷിക്കും. അതുകൊണ്ട്, സത്യമെന്തെന്നാല്‍ അവര്‍ മാത്രമേ ഇപ്പോഴും നിലനില്‍ക്കുന്നുളളൂ. പ്രളയകാലം വരുമ്പോള്‍ സൃഷ്ടിക്കപ്പെട്ടവ മുഴുവനും ഭൂമിയില്‍ പ്രവേശിക്കും, ഭൂമി ജലത്തില്‍ ലയിക്കും, ജലം അഗ്നിയില്‍ ലയിക്കും, അഗ്നി വായുവിലും, വായു ആകാശത്തിലും മറയുന്നു. അങ്ങനെ ഓരോന്നും അതാതിന്റെ സ്വാഭാവിക ഗുണങ്ങളിലേക്ക്‌ മറയുന്നു. കാര്യം കാരണത്തിലേക്ക്‌ മടങ്ങിപ്പോവുന്നു. അങ്ങനെ എല്ലാം അഹങ്കാരത്തില്‍ നിമഗ്നമാവുന്നു. അഹങ്കാരം മഹത്തത്ത്വത്തിലും, ത്രിഗുണമാര്‍ന്ന മഹത്തത്ത്വം പ്രകൃതിയിലും, പ്രകൃതി പുരുഷന്മാര്‍ വിശ്വപുരുഷനിലും, മായാധിപതിയായ വിശ്വപുരുഷന്‍ എന്നിലും ലയിക്കുന്നു. ‘ഞാനിവിടെ വിവരിച്ച സാംഖ്യതത്വം ദുഃഖഹേതുവായ സംശയങ്ങളെയും മോഹത്തെയും നശിപ്പിക്കുന്നു.’

ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു: ഉദ്ധവരേ, ഇനി ഞാന്‍ ത്രിഗുണങ്ങള്‍ മനുഷ്യനെ എങ്ങനെ സ്വാധീനിക്കുന്നു എന്നു പറഞ്ഞു തരാം. ഓരോരോ ഗുണങ്ങളും വ്യതിരിക്തമായ ഓരോരോ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. അവ ഓരോരോ സ്വഭാവങ്ങളായി അവതരിക്കുന്നു. ആത്മസംയമനം, സഹനശക്തി, വിരക്തി, സത്യസന്ധത, വിശ്വാസം, വിനയം, ദയവ്, അവബോധം, സംതൃപ്തി, സന്ന്യാസം, നിര്‍മ്മമത, ആത്മാരമ്യത എന്നിവയിലൂടെ സത്വഗുണം പ്രകടമാവുന്നു. കാമം, സ്വാര്‍ത്ഥപരമായ കര്‍മ്മങ്ങള്‍, ധിക്കാരവും മര്‍ക്കടമുഷ്ടിയും, ആര്‍ത്തി, ദംഭം, ആഗ്രഹം, ബുദ്ധിപരമല്ലാത്ത വിവേചനം, സുഖാന്വേഷണം, സാഹസികത, അത്യുല്‍സാഹം, പ്രശസ്തി തേടല്‍, അലംഭാവം, ഒതുക്കമില്ലാത്ത പൊട്ടിച്ചിരി, ഊര്‍ജ്ജം, ശക്തി, പരിശ്രമം എന്നിവയാണ്‌ രജോഗുണപ്രകടനങ്ങള്‍. ദേഷ്യം, അത്യാഗ്രഹം, തിന്മ, ക്രൂരത, യാചന, കപടത, ആലസ്യം, യോജിപ്പില്ലായ്മ, ദുഃഖം, വ്യാമോഹം, മയക്കം, പ്രതീക്ഷ, ഉറക്കംതൂങ്ങല്‍, ആഗ്രഹം, ഭയം, മടി ഇവയെല്ലാം തമോഗുണജന്യമത്രെ. ഗുണങ്ങള്‍ മിക്കവാറും പലേ അളവുകളില്‍ പരസ്പരം കൂട്ടിച്ചേര്‍ന്നു പ്രകടിതമാവുന്നു. അതുകൊണ്ട്‌ മനുഷ്യന്റെ സ്വഭാവങ്ങളും അപ്രകാരം മേല്‍പ്പറഞ്ഞ പ്രകടിതഗുണങ്ങളുടെ ഒരു മിശ്രിതരൂപമാര്‍ജ്ജിച്ചിരിക്കുന്നു. ഒരുവന്‍ ധാര്‍മ്മികാചാരങ്ങളോട്‌ അതീവഭക്തിയുളളവനാണെങ്കിലും സ്വാര്‍ത്ഥപരമായ ആഗ്രഹസാദ്ധ്യത്തിനാവാം അപ്രകാരം ആചരിക്കുന്നത്‌. രണ്ടുതരം ഗുണങ്ങള്‍ കൂടിക്കലര്‍ന്ന പ്രകടിതഭാവം വ്യക്തമാക്കാന്‍ ഈ ഉദാഹരണം മതിയല്ലോ.

ഇഹലോകത്തിലെ വസ്തുക്കളെല്ലാം - സ്ഥലങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, സമയം, അറിവ്, കര്‍മ്മം, കര്‍മ്മി, വിശ്വാസം, ബോധതലങ്ങള്‍, ജനനം, വിധി - സാത്വികമെന്നും രാജസികമെന്നം താമസികമെന്നം തരംതിരിക്കപ്പെട്ടിരിക്കുന്നു. ഈ ഗുണങ്ങളെല്ലാം എപ്പോഴും ചുറ്റിത്തിരിഞ്ഞ് ഒന്നു മറ്റൊന്നിനെ വെന്നു നിലകൊളളുന്നു. അങ്ങനെ ചിലപ്പോള്‍ ഒരു ഗുണം പ്രധാനമായി കാണപ്പെടുന്നു. മറ്റു ഗുണങ്ങള്‍ തുലോം ഒതുങ്ങിയതായും അനുഭവപ്പെടുന്നു. പൊതുവേ പറഞ്ഞാല്‍ സാത്വികഗുണം ആത്മാവിനെ എന്റെയടുത്തേക്കുയര്‍ത്താന്‍ പര്യാപ്തമത്രെ. ഇഹലോകത്തോ സ്വര്‍ഗ്ഗത്തോ ലഭിക്കാവുന്ന പ്രതിഫലത്തെപ്പറ്റി സ്വാര്‍ത്ഥചിന്തയേതുമില്ലാത്ത പരമഭക്തികൊണ്ട്‌ ഇതു സാദ്ധ്യമാണ്‌. രജോഗുണം മനുഷ്യനെ സദാ ശാന്തരഹിതനാക്കി നിലനിര്‍ത്തി സുഖാന്വേഷണത്വരിതനും മനുഷ്യതലത്തില്‍ ലാഭേച്ഛുവുമാക്കി തീര്‍ക്കുന്നു. തമോഗുണമാകട്ടെ ഒരുവനെ താഴ്‌ന്നതലങ്ങളിലേക്ക്‌ - നിലനില്‍പ്പിന്റെയും, ബോധതലങ്ങളുടെയും, സ്വഭാവത്തിന്റെയും, പെരുമാറ്റത്തിന്റെയും - നയിക്കുന്നു. ഒരുവന്റെ ഭാവിജന്മം സ്വാഭാവികമായും ഒരുവന്റെ മരണസമയത്തെ ഗുണാവസ്ഥ അനുസരിച്ചിരിക്കുന്നു.

ത്രിഗുണങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഒരുവന്‍ സശ്രദ്ധം പഠിക്കേണ്ടതും എല്ലാ കാര്യത്തിലും രജോഗുണത്തിനും തമോഗുണത്തിനുമുപരിയായി സത്വഗുണത്തെ വരിക്കേണ്ടതുമാണ്‌. അതുകഴിഞ്ഞ് സത്വഗുണത്തെ സത്വംകൊണ്ട്‌ തന്നെ വിജയിക്കണം. അങ്ങനെ സൂക്ഷ്മശരീരത്തില്‍ നിന്നും സ്വയം വിടുവിച്ച്‌ എന്നിലെത്തിച്ചേരുക. കാരണം, സത്വഗുണമായിരിക്കരുത്‌ ജീവതലക്ഷ്യം. ഒരുവന്‍ തന്റെ നിത്യജീവിതവും കര്‍മ്മങ്ങളും എല്ലാം എനിക്കായി സമര്‍പ്പിച്ച്‌ എനിക്കുവേണ്ടി ജീവിക്കുന്നുവെങ്കില്‍ അയാള്‍ ത്രിഗുണങ്ങളുടെ സ്വാധീനവലയത്തില്‍പ്പെടുകയില്ല. അങ്ങനെ ജീവസങ്കല്‍പ്പത്തിനും ഗുണസങ്കല്‍പ്പത്തിനും അതീതനായിരിക്കുന്ന ഒരുവന്‍ എന്നില്‍നിന്നു്‌ അകലത്തേക്കോ പുറത്തേക്കോ പോകുന്നില്ല. സദാ എന്നില്‍ത്തന്നെ അയാള്‍ ജീവിക്കുന്നു.

ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു: അറിവുളളവന്‍, ഏകത്വം മാത്രമാണ്‌ പരമസത്യം എന്നറിയാവുന്നതുകൊണ്ട്‌ ലോകത്തുളള യാതൊന്നിനേയും പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ഇല്ല. നാനാത്വം എന്നത്‌ ജീവന്റെ സുഷുപ്തിയായ അജ്ഞാനത്തിന്റെ സന്തതിയത്രെ. അതൊരു നീണ്ട സ്വപ്നം. കാര്യങ്ങള്‍ അങ്ങനെയായിരിക്കെ എന്താണ്‌ നന്മ? എന്താണ്‌ തിന്മ? ‘എന്തെല്ലാം വാക്കുകള്‍ കൊണ്ട്‌ വിവരിക്കാമോ, എന്തെല്ലാം മനസ്സില്‍ ആലോചിക്കാമോ, അതെല്ലാം അസത്യമത്രെ.’

ഉദ്ധവര്‍ ചോദിച്ചു: ഭഗവാനേ, ശരീരമെടുക്കുന്ന സത്ത എന്ത്‌?

ഭഗവാന്‍ കൃഷ്ണന്‍ അരുളി: ഉറങ്ങിക്കിടക്കുന്ന ജീവാത്മാവ്‌ ഈ വൈവിധ്യമാര്‍ന്ന ലോകത്തെ സ്വപ്നം കാണുന്നിടത്തോളവും, ഇന്ദ്രിയങ്ങളുമായും ഇന്ദ്രിയവസ്തുക്കളുമായും ഇടപഴകുന്ന കാലത്തോളവും, വിഘ്നങ്ങളെ മനസ്സായും അതിന്റെ മാറ്റങ്ങളായും ബന്ധമുണ്ടാക്കുന്ന കാലത്തോളവും, ഒരു ശരീരത്തില്‍ നിന്നു്‌ മറ്റൊന്നിലേക്ക്‌ മാറിമാറിപോകുന്നതായി അത്‌ സ്വപ്നം തുടര്‍ന്നുകൊണ്ടേയിരിക്കും. ശരീരമായും ഇന്ദ്രിയങ്ങളുമായും ജീവശക്തിയുമായും മനസ്സുമായും താദാത്മ്യം പ്രാപിക്കുന്ന അന്തരാത്മാവിനെ ജീവന്‍ എന്നു പറയുന്നു. അജ്ഞാനാവസ്ഥയില്‍ ഈ ജീവനാണ്‌ ദുഃഖമനുഭവിക്കുന്നതായി തോന്നുന്നത്‌. വാസ്തവത്തില്‍ ജീവനെ ദുഃഖം ബാധിക്കുന്നില്ല. വിവേകമുദിക്കുമ്പോള്‍ അതിന്റെ വെളിച്ചത്തില്‍ ഒരുവന്‍, തന്റെ ശരീരവും ലോകംതന്നെയും മാറ്റങ്ങള്‍ക്കു വിധേയമാകുന്നതില്‍ ആത്മാവിന്‌ യാതൊരു പങ്കുമില്ലെന്നു മനസ്സിലാക്കുന്നു. അതോടെ ബന്ധമുക്തനായി വ്യാമോഹരഹിതനായി എല്ലാ ആര്‍ത്തികള്‍ക്കും ദുഃഖങ്ങള്‍ക്കും അതീതനായി ലോകത്ത്‌ അലഞ്ഞുതിരിയാന്‍ അയാള്‍ക്കു കഴിയും. ദ്വൈതഭാവത്തിന്‌ നിലനില്‍പ്പില്ല തന്നെ. സൃഷ്ടിക്കുമുന്‍പ്‌ ഞാന്‍ മാത്രമേയുണ്ടായിരുന്നുളളു. സംഹാരത്തിനു ശേഷവും ഞാന്‍ മാത്രം. അതിനാല്‍ എന്തെന്തു രൂപഭാവങ്ങളിലാലോചിച്ചാലും ഞാന്‍ മാത്രമേ ഇപ്പോഴും നിലനില്‍ക്കുന്നുളളു. സ്വര്‍ണ്ണം എപ്പോഴും സ്വര്‍ണ്ണം തന്നെ. ഏതെല്ലാം രൂപങ്ങളിലുളള ആഭരണങ്ങളുടെ രൂപമെടുത്താലും സ്വര്‍ണ്ണം ഒന്നു തന്നെ. അതുകൊണ്ട്‌ ഈ ദ്വൈതഭാവത്തിന്റെ മൂടല്‍മഞ്ഞിനു മുകളിലുയര്‍ന്ന് ആത്മജ്ഞാനപ്രകാശത്തില്‍ മുങ്ങാന്‍ വിവേകബുദ്ധി വളര്‍ത്തിയെടുക്കുക. അതുണ്ടാകുംവരെ വ്യാമോഹത്തിനടിപ്പെട്ട ജീവന്‍ പുതിയ ശരീരങ്ങളെടുത്തുകൊണ്ടേയിരിക്കും. ആത്മസാക്ഷാത്ക്കാരം എന്ന പരിപൂര്‍ണ്ണത എത്തിയാലല്ലാതെ മറ്റൊന്നും മോക്ഷദായകമല്ല. അതുണ്ടാവുംവരെ വൈവിധ്യഭാവസന്തതികളായ കാമവും ആര്‍ത്തിയും വീണ്ടുംവീണ്ടും ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ശരിയായി ചികില്‍സിക്കാത്ത അസുഖം പോലെ. ‘പരിപൂര്‍ണ്ണതയിലെത്താന്‍ പരിശ്രമിക്കുന്ന യോഗിക്ക്‌ പാതയില്‍ തടസ്സങ്ങള്‍ നേരിട്ടാല്‍ അവയെ തരണം ചെയ്യണം. ധ്യാനം കൊണ്ട്, അല്ലെങ്കില്‍ യോഗാഭ്യാസങ്ങള്‍ കൊണ്ട്, തപശ്ചര്യകള്‍ കൊണ്ട്, പച്ചമരുന്നുകള്‍ കൊണ്ട്, മന്ത്രജപംകൊണ്ട്, പൂജാദികളും എന്നെക്കുറിച്ചുളള അപദാന കീര്‍ത്തനങ്ങളും കൊണ്ട്, അതുമല്ലെങ്കില്‍ മഹായോഗികളെ ഭക്തിപുരസ്സരം സേവിച്ച്‌, വിഘ്നങ്ങളെ തരണം ചെയ്യണം.’ യോഗമഭ്യസിക്കുന്നവന്‍ എന്റെ കൃപയാല്‍ വിഘ്നങ്ങളാല്‍ കഷ്ടപ്പെടാനിടവരികയില്ല. അയാള്‍ താമസംവിനാ ഈശ്വരസാക്ഷാത്കാരം പൂകുന്നു.

പരിപൂര്‍ണ്ണതയില്‍ താഴെ - ആത്മസാക്ഷാത്കാരമെന്യേ യാതൊന്നിനും നമ്മെ മോചിപ്പിക്കാനാവില്ല. അതുവരെ ആര്‍ത്തിയും കാമവും വൈവിധ്യബോധത്തിന്റെ സന്തതികളായി ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

ഉദ്ധവന്‍ പറഞ്ഞു:

ഭഗവന്‍, അവിടുന്നു പഠിപ്പിച്ച ഈ യോഗമാര്‍ഗ്ഗം തുലോം ദുഷ്കരമാണ്‌. മനോനിയന്ത്രണം ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമാണ്‌. അതില്ലാതെ യോഗാഭ്യാസം അസാദ്ധ്യവുമാണല്ലോ. ഈ ദുര്‍ഘടത്തെ എങ്ങനെ അതിജീവിക്കാമെന്നു പറഞ്ഞു തന്നാലും.

ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു:

ഏതൊരു കാര്യംകൊണ്ട്‌ എന്നെ ഏറ്റവും എളുപ്പത്തില്‍ പ്രീതിപ്പെടുത്താനാവുമോ, അമരത്വം ലഭിക്കാനുതകുന്ന ഏറ്റവും നല്ല മാര്‍ഗ്ഗമേതാണോ, ഏതൊരു തരം യോഗമാര്‍ഗ്ഗമാണോ ഞാന്‍ ഉത്തമമെന്ന് കരുതുന്നത്, അതു ഞാന്‍ പറഞ്ഞു തരാം. മനസ്സു മുഴുവന്‍ എന്നില്‍ സമര്‍പ്പിച്ച്, ഹൃദയം മുഴുവന്‍ എന്നിലേയ്ക്കു തിരിച്ച്, സര്‍വ്വാത്മനാ എല്ലാ പ്രവൃത്തികളും എനിക്കായി മാത്രം അനുഷ്ഠിക്കുക. എല്ലാ ജീവജാലങ്ങളിലും എന്നെമാത്രം ദര്‍ശിച്ച്‌ സകലജീവികളോടും സമഭാവത്തോടെ വര്‍ത്തിക്കണം. ഉന്നതകുലജാതനായ ബ്രാഹ്മണനോടും ഭക്തനോടും അധമരില്‍ അധമരായ കൃമികീടങ്ങളോടും സമദൃഷ്ടി വളര്‍ത്തിയെടുക്കുക. ‘ഇങ്ങനെ ഇടതടവില്ലാതെ അഭ്യസിക്കുന്നപക്ഷം പകയുടെയും വെറുപ്പിന്റെയും മല്‍സരത്തിന്റെയും മറ്റുളളവരില്‍ കുറ്റം കണ്ടുപിടിക്കുന്നതിന്റെയും പ്രവണത ഇല്ലാതാവുന്നു. ഇവയെല്ലാം ആത്മഗര്‍വ്വത്തിന്റെ ഭാഗങ്ങളാണല്ലോ. യാതൊരു വിധത്തിലുളള നാണമോ മടിയോ കൂടാതെ, മറ്റുളളവര്‍ എന്തു പറയും എന്ന ചിന്തയേതുമില്ലാതെ കഴുത പോലുളള മൃഗങ്ങളുടെ മുന്നില്‍ പോലും വെട്ടിയിട്ട മരംപോലെവീണ്‌ സാഷ്ടാംഗനമസ്കാരം ചെയ്യണം., ഇങ്ങനെ അയാള്‍ എല്ലാറ്റിനേയും അനന്തനായ പരബ്രഹ്മമെന്നു കണക്കാക്കാന്‍ ഇടവരുന്നു. ഇതാണ്‌ ആത്മസാധനാമാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മഹത്തായ മാര്‍ഗ്ഗം. മഹത്തായ യോഗവും ആത്മജ്ഞാനലാഭത്തിനുളള എളുപ്പമേറിയ മാര്‍ഗ്ഗവും ഇതു തന്നെ. ഈ പാതയില്‍ നേട്ടങ്ങളല്ലാതെ നഷ്ടങ്ങള്‍ യാതൊന്നും ഇല്ല. ഞാന്‍ സ്വയം നിര്‍ദ്ദേശിച്ച മാര്‍ഗ്ഗമായതു കൊണ്ട്‌ ത്രിഗുണങ്ങള്‍ക്ക്‌ ഇതിനെ ബാധിക്കുക അസാദ്ധ്യം. എന്നിലേക്കര്‍പ്പിക്കപ്പെട്ട പ്രവൃത്തികള്‍ക്കൊന്നും ത്രിഗുണങ്ങള്‍ ബാധിക്കയില്ല. അതിനാല്‍ മുക്തിലാഭത്തിനുത്തമമത്രേ ഈ പാത. ഞാനിതുവരെ പറഞ്ഞു തന്നിട്ടുളളള കാര്യങ്ങള്‍ വേദാന്തവിജ്ഞാനത്തിന്റെ സാരസമ്പത്താണ്‌. ഈ വിജ്ഞാനത്തെ പ്രചരിപ്പിക്കുന്നവര്‍ക്ക്‌ ഞാന്‍ എന്റെ ആത്മാവുതന്നെ നല്‍കുന്നതാണ്‌. നമ്മുടെ ഈ സംഭാഷണം കേള്‍ക്കുന്നവര്‍ക്ക്‌ പരമഭക്തിയുണ്ടാവുകയും അവര്‍ക്ക്‌ കര്‍മ്മപാശത്തില്‍ നിന്നു്‌ മോചനം ലഭിക്കുകയും ചെയ്യും.

ഉദ്ധവര്‍ പറഞ്ഞു:

എന്റെ അറിവിനെ മൂടിക്കിടന്ന അജ്ഞാനാന്ധകാരം അവിടുത്തെ ശിക്ഷണം കൊണ്ട്‌ ഇല്ലാതായി. അവിടുത്തോട്‌ എന്നും നിലനില്‍ക്കുന്ന പ്രേമം എന്റെ ഹൃദയത്തില്‍ നിറയാന്‍ എന്നെ അനുഗ്രഹിച്ചാലും.

ശുകമുനി പറഞ്ഞു: ഭഗവാന്‍ കൃഷ്ണന്‍ അപ്പോള്‍ ഉദ്ധവരോട്‌ ബദരികാശ്രമത്തില്‍ പോയി ഭഗവാനെ നിരന്തരമായി ധ്യാനിക്കാന്‍ നിര്‍ദ്ദേശിച്ചു. ഉദ്ധവര്‍ ഭഗവാനെ നമസ്കരിച്ച്‌ ബദരികാശ്രമത്തിലേക്ക്‌ യാത്രയായി. അവിടെ ഭഗവാന്‍ പഠിപ്പിച്ച യോഗമാര്‍ഗ്ഗമനുഷ്ഠിച്ച്‌ ഭഗവാനില്‍ വിലീനനായി മുക്തിപദം പ്രാപിച്ചു.





http://sreyas.in/category/texts/bhagavatham/bhagavatham-nithyaparayanam

No comments:

Post a Comment