സര്‍വ്വത്ര വ്യാപ്തവും സര്‍വ്വത്തിന്റേയും സത്താമാത്രവും ആത്മസ്വരൂപവുമായ ചിത്തത്തിന്റെ ചേത്യോന്മുഖത്വം അല്ലെങ്കില്‍ പ്രകടഭാവം മാത്രമാണ് സങ്കല്പത്തിന്റെ ബീജം. ചൈതന്യം സ്വരൂപതയെ പ്രാപിക്കുന്നു എന്നതുതന്നെ സങ്കല്പം. സങ്കല്പമല്ലാതെ മറ്റൊരു കാരണവും അതിനില്ല. രൂപതയെ പ്രാപിക്കുമ്പോള്‍ ദൃശ്യമായി താന്‍തന്നെയാണ് ദൃശ്യമായിത്തീര്‍ന്നതെങ്കിലും ദൃശ്യമാവുമ്പോള്‍ അതു തന്നില്‍നിന്നന്യമാണെന്നു തോന്നുകയായി. ബീജത്തില്‍ നിന്നങ്കുരമുണ്ടായിത്തീരുമ്പോള്‍ വാസ്തവത്തില്‍ അവരണ്ടും ഒന്നാണെങ്കില്‍ക്കൂടി എപ്രകാരം രണ്ടെന്ന ബോധമുണ്ടായിത്തീരുന്നുവോ, അതുപോലെ ദൃശ്യമുണ്ടാവുന്നതോടെ ദ്രഷ്ടാവായ തന്നില്‍നിന്നു വേറെയാണ് ദൃശ്യമെന്നു തോന്നുകയായി. ദ്വൈതഭാവം പല പ്രകാരത്തിലുള്ള വികാരങ്ങള്‍ക്കും ഭാവങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കും ഹേതുവാകും. അവയെല്ലാം കൂടിച്ചേര്‍ന്നതുതന്നെ സംസാരം. ദൃക്ദൃശ്യങ്ങളുടെ വ്യത്യസ്തബോധം തന്നെ സങ്കല്‍പത്തിന്റെ വളര്‍ച്ചയ്ക്ക് ഹേതു. സങ്കല്പം വളരുംതോറും കര്‍മ്മവും ദുഃഖവും വര്‍ധിച്ചുകൊണ്ടേയിരിക്കും. ഏതുരൂപത്തിലുള്ള സങ്കല്‍പത്തില്‍ നിന്നും ദുഃഖമല്ലാതെ മറ്റൊന്നുതന്നെ കിട്ടുന്നില്ല. എന്നാലും സങ്കല്പങ്ങളെ അടക്കി ദുഃഖത്തില്‍ നിന്നു നിവര്‍ത്തിക്കാന്‍ തോന്നില്ല, അതാണ് ലോക സ്വഭാവം. സങ്കല്‍പം കൊണ്ടുണ്ടായ ദുഃഖത്തിന്റെ നിവൃത്തിക്കു പിന്നെയും ചില സങ്കല്‍പങ്ങളെ വളര്‍ത്തും. അതാണ് അവിവേകികളുടെ പതിവ്.
വാസ്തവത്തില്‍ സങ്കല്പങ്ങളെ അടക്കാന്‍ വിഷമമൊന്നുമില്ല. ഒരു ഭാവനയും ചെയ്യാതിരിക്കല്‍ മാത്രമേ വേണ്ടൂ. ഭാവനകളെ വളര്‍ത്താനാണ് അദ്ധ്വാനംവേണ്ടത്. നിരസിക്കാന്‍ അദ്ധ്വാനമാവശ്യമില്ല. എന്നിരുന്നാലും ചിരകാലത്തെ പരിചയംകൊണ്ട് ഭാവനങ്ങളെ നിരസിക്കാനാണ് പ്രയത്നം ആവശ്യമായിട്ടിരിക്കുന്നത്. അതാണ് സാധാരണജനങ്ങളുടെ സ്വഭാവം. എന്നാലും പരമാര്‍ത്ഥം അറിഞ്ഞുകഴിഞ്ഞാല്‍ ഭാവനയെ നിരസിക്കുകയെന്നതായാസമുള്ള പണിയല്ല. വാസ്തവം പറഞ്ഞാല്‍ ഒരു പിച്ചകപ്പൂവിനെ മര്‍ദ്ദിക്കാന്‍ അല്‍പമെങ്കിലും അദ്ധ്വാനം വേണം. എന്നാല്‍ അത്രപോലും അദ്ധ്വാനമാവശ്യമില്ല ഭാവനയെ നിരസിച്ചു സങ്കല്‍പത്തെ അടക്കാന്‍. സങ്കല്പങ്ങളടങ്ങിക്കഴിഞ്ഞാല്‍ സംസാരമെന്ന ഒന്നില്ലാതായിത്തീരുമെന്നതു തര്‍ക്കമറ്റ സംഗതിയാണ്.
ആകാശം എങ്ങനെ ശൂന്യമായിത്തീരുന്നുവോ, അതുപോലെ ജഗത്തും ശൂന്യമാണ്. യാതൊന്നും ഉണ്ടായിട്ടില്ല. എല്ലാം മനസ്സിന്റെ കല്‍പനയല്ലാതെ മറ്റൊന്നുമില്ല. അതിനാല്‍ ഹേ കുമാര! നീ മനസ്സിനെ അടക്കൂ. മനസ്സുതന്നെ സങ്കല്‍പം. സങ്കല്‍പവും മനസ്സും രണ്ടല്ല. സങ്കല്‍പങ്ങളടങ്ങിയാല്‍ മനസ്സില്ലാതായി. അതോടെ സംസാരവും അവസാനിച്ചു
http://sreyas.in/dashuropakhyanam-laghuyogavasishtam-15
No comments:
Post a Comment