Sunday, December 15, 2013

സമദര്‍ശിത്വം



വിദ്യാ വിനയ സമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപകേ ച പണ്ഡിതാഃ സമദര്‍ശിന:
( ശ്രീമദ് ഭഗവത് ഗീത 5-18)

വിദ്യാഭ്യാസവും വിനയവും കൊണ്ട് സമ്പന്നനായ ബ്രാഹ്മണനിലും, പശുവിലും, ആനയിലും, പട്ടിയിലും, പട്ടി മാംസം കഴിക്കുന്ന ചണ്ഡാലനിലും ബ്രഹ്മജ്ഞാനികള്‍ സമദൃഷ്ടികള്‍ ആണ്. എല്ലാവരെയും അവര്‍ സമത്വത്തോടെ കാണുന്നു.

ഭഗവാന്‍ രമണ മഹര്‍ഷിയുടെ മഹാനിര്‍വാണത്തിനു രണ്ടു വര്‍ഷം മുന്‍പ് ഉണ്ടായ ഒരു സംഭവം ആണിത്. ഒരു ദിവസം ഭഗവാന്‍ ഹാളില്‍ ഇരിക്കുകയായിരുന്നു. അന്ന് ധാരാളം സന്ദര്‍ശകരുണ്ടായിരുന്നു, ഉച്ച ഭക്ഷണത്തിനുള്ള സമയം അതിക്രമിച്ചിരുന്നു. എല്ലാവര്ക്കും നല്ല വിശപ്പ്!

കുറച്ചു പേര്‍ ഊട്ടുപുരയില്‍ ഭഗവാന്‍ വരുന്നതും കാത്തു ഇലയിട്ടു ഇരിക്കുകയാണ്. ആ സമയത്ത് ഭഗവാന് വാതരോഗം കോപിച്ചു വല്ലാതെ ബുദ്ധിമുട്ടിലായിരുന്നു. അദ്ദേഹത്തിന് കാല്‍ കൈ കൊണ്ട് തിരുമ്മി ഒന്നു ചൂടാക്കിയ ശേഷമേ സോഫയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സാധിച്ചിരുന്നുള്ളൂ. അല്‍പ സമയത്തെ കാല്‍ തിരുമലിനു ശേഷം ഭഗവാന്‍ എഴുന്നേറ്റു ഊട്ടുപുരയിലേക്കു നടന്നു.

ഊട്ടുപുരയുടെ പടവുകള്‍ വടി കുത്തി കയറുമ്പോള്‍ അദ്ദേഹം അടുത്ത ഗ്രാമത്തില്‍ നിന്നു വന്ന ഒരു പാല്‍ക്കാരന്‍ ദൂരെ നില്‍ക്കുന്നത് കണ്ടു. ചുമലില്‍ അയാള്‍ ഒരു മണ്‍കലം തൂക്കിയിട്ടിരുന്നു.

പാല്‍ക്കാരനെ കണ്ടപ്പോള്‍ ഭഗവാന്‍ തന്റെ നടത്തം നിര്‍ത്തി.

“ആരാണിത്? ചിന്നപ്പായനല്ലേ?”, എന്ന് ചോദിച്ചു

“അതെ സ്വാമീ, ഇത് ചിന്നപ്പായന്‍ തന്നെയാണേ”, പാല്‍ക്കാരന്‍ ഭവ്യതയോടെ മറുപടി പറഞ്ഞു.

ഭഗവാന്‍: “സുഖമാണോ ചിന്നപ്പായാ? എന്നെ കാണാന്‍ വന്നതാണോ?

വളരെ നല്ലത്. നിന്റെ കുടത്തില്‍ എന്താണ്? എനിക്കു കൊണ്ട് വന്ന കഞ്ഞിയാണോ?”

ചിന്നപ്പായന്‍ ചെറിയ ജാള്യതയോടെ മറുപടി പറഞ്ഞു, ‘അതെ സ്വാമീ, കുറച്ചു കഞ്ഞിയാണേ”.

അയാള്‍ക്ക്‌ സങ്കോചം തോന്നിയതിലും കാര്യമുണ്ട്. ആശ്രമത്തില്‍ ഇപ്പോള്‍ വലിയ ആളുകളാണ് സന്ദര്‍ശകരായി വരുന്നത്. അവരൊക്കെ ഭഗവാന്റെ മുന്‍പില്‍ കുട്ടികളെ പോലെ നിലത്തിരിക്കുന്നു, പുറകെ നടക്കുന്നു.

“വരൂ ചിന്നപ്പായാ, നമുക്ക് കഞ്ഞി കുടിക്കാം”.

 ഭഗവാന്‍ നടന്ന് ചിന്നപ്പായന്റെ അടുത്ത് എത്തി. തന്റെ വടി നിലത്തിട്ട് രണ്ടു കൈത്തലവും ഒരു കുമ്പിളാക്കി അയാളുടെ മുന്നില്‍ കുനിഞ്ഞു നിന്നു. ചിന്നപ്പായന്‍ ആ കൈകുമ്പിളിലേക്ക് കഞ്ഞി ഒഴിച്ച് കൊടുത്തു. കഞ്ഞി മുഴുവനും ഭഗവാന്‍ സ്വാദോടെ കുടിച്ചു. പാല്‍ക്കാരന്‍ വളരെ സന്തുഷ്ടനായി, ഭഗവാന്‍ തന്നെ മറന്നിട്ടില്ലെന്ന് മാത്രമല്ല, തന്റെ കയ്യില്‍ നിന്നും കഞ്ഞി വാങ്ങി കുടിച്ചിരിക്കുന്നു.

 ഊട്ടുപുരയില്‍ ഇതേ സമയം ഭഗവാനെ കാത്തിരുന്നവര്‍ അസ്വസ്ഥരായി. എന്താണ് ഈ കാലതാമസം എന്നറിയാന്‍ ചിലര്‍ പുറത്തിറങ്ങി. അവര്‍ക്ക് പുറത്തു കണ്ട കാഴ്ച തീരെ ഇഷ്ടപ്പെട്ടില്ല. നീരസം മറച്ചു വയ്ക്കാതെ അവര്‍ മഹര്‍ഷികളോട് പറഞ്ഞു.

“ഭഗവാന്‍ അങ്ങെന്താണ് കാണിക്കുന്നത്? ഞങ്ങള്‍ അവിടെ വിശന്നു ഭഗവാന്‍ വരുന്നതും കാത്തിരിക്കുന്നു. അങ്ങാകട്ടെ, ആ പാല്‍ക്കാരന്റെ കൂടെ നിന്നു കഞ്ഞി കുടിക്കുന്നു.”

ഭഗവാന് അല്പം ദേഷ്യം വന്നു, അതു പറഞ്ഞയാളെ ശാസിച്ചു.

 “നിങ്ങളെന്താണ്‌ വിചാരിച്ചത്? ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി മാത്രം ഇവിടെ ഇരിക്കുന്ന ആളാണോ? ഞാന്‍ പണ്ട് മലയില്‍ താമസിച്ചിരുന്നപ്പോള്‍ നിങ്ങളില്‍ ആരെങ്കിലും അവിടെ വന്നിരുന്നോ. അന്ന് ഇവിടത്തെ ഇടയന്മാരും, കൃഷിക്കാരുമാണ് എനിക്ക് അവരുടെ ഭക്ഷണത്തില്‍ നിന്നും ഒരു പങ്കു തന്നിരുന്നത്”

ഇത്രയും പറഞ്ഞു ഭഗവാന്‍ പാല്‍ക്കാരനെ വിളിച്ചുകൊണ്ടു ഊട്ടുപുരയിലേക്കു കയറി പോയി.

Source: http://sri-ramanan.blogspot.com/

No comments:

Post a Comment