എന്റേതെന്നും നിന്റേതെന്നും ഉള്ള ഭാവം ഇല്ലാതാകുന്നു (ജ്ഞാ.4.39)
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 39
ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം
തത്പരഃ സംയേതേന്ദ്രിയഃ
ജ്ഞാനം ലബ്ധ്വാ പരാം ശാന്തിം
അചിരേണാധിഗച്ഛതി
ഗുരുപദേശത്തില്‍ ശ്രദ്ധയുള്ളവനും ജ്ഞാനം സമ്പാദിക്കുന്നതില്‍ താത്പര്യമുള്ളവനും ഇന്ദ്രിയങ്ങളെ അടക്കിയവനുമായിരിക്കുന്നവന്‍ ബ്രഹ്മജ്ഞാനത്തെ പ്രാപിക്കുന്നു. ജ്ഞാനം കൈവന്നിട്ട് അവന്‍ വേഗത്തില്‍ മോക്ഷത്തെ പ്രാപിക്കുന്നു.
ആത്മാനന്ദത്തിന്റെ അനുഭൂതി ആസ്വദിക്കമൂലം ഇന്ദ്രിയവിഷയങ്ങളോട് വെറുപ്പുതോന്നുന്നവന്‍. ഇന്ദ്രിയങ്ങളെ പരിഹാസവിഷയങ്ങളാക്കുന്നവന്‍, ചിന്തകളെ സ്വന്തം ചിത്തത്തെപ്പോലും അറിയിക്കാത്തവന്‍, പ്രകൃതിയുടെ പ്രവര്‍ത്തനങ്ങളുമായി സംബന്ധപ്പെടാതെ ഒഴിഞ്ഞുമാറി നില്‍ക്കുന്നവന്‍, ആനന്ദതുന്ദിലനായി സദാ കര്‍ത്തവ്യപാലനത്തില്‍ മുഴുകുന്നവന്‍, ഇപ്രകാരമുള്ള ഒരുവനെ അനന്തമായ ആനന്ദം നല്കുന്ന ജ്ഞാനം തേടിയെത്തുന്നു. ജ്ഞാനം ഒരിക്കല്‍ ഹൃദയകമലത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട് പരമസുഖമായ ആനന്ദമായി വികസിക്കുമ്പോള്‍, അവന്‍റെ ആത്മാവിന്‍റെ ദര്‍ശനംവിശാലമാകുന്നു. അവന്‍ എവിടെ നോക്കിയാലും ശാന്തിയും ആനന്ദവും മാത്രം ദര്‍ശിക്കുന്നു. എന്റേതെന്നും നിന്റേതെന്നും ഉള്ള ഭാവം ഇല്ലാതാകുന്നു. ഇപ്രകാരം ജ്ഞാനബീജം ദ്രുതഗതിയില്‍ വര്‍ണ്ണനാതീകമായ വിധത്തില്‍ മുളച്ചു തഴച്ചുവളരുന്നു.
No comments:
Post a Comment