രാമൻ പറഞ്ഞു: ഭഗവൻ, അങ്ങെന്നോട് അഹംകാരവും അതുണ്ടാക്കുന്ന എല്ലാ ത്വരകളേയും ഉപേക്ഷിക്കാൻ പറഞ്ഞുവല്ലോ. അപ്പോൾപ്പിന്നെ ഞാൻ അഹംകാരം ഉപേക്ഷിക്കുന്നതിനോടൊപ്പം എന്റെ ശരീരവും അഹംകാരജന്യങ്ങളായ മറ്റെല്ലാ കാര്യങ്ങളും ഉപേക്ഷിക്കണമല്ലോ? ഈ ശരീരവും പ്രാണനുമെല്ലാം അഹംകാരത്തിനെ ആധാരമായാണല്ലോ സ്ഥിതിചെയ്യുന്നത്? വേര് (അഹംകാരം) അറുത്താൽപ്പിന്നെ മരം (ദേഹാദികൾ) വീഴുമെന്നുറപ്പ്. അഹംകാരത്തെ ഉപേക്ഷിച്ച് എനിക്കെങ്ങിനെ ജീവിതം നയിക്കാൻ കഴിയും ?
വസിഷ്ഠൻ പറഞ്ഞു: “രാമാ, ധാരണകളേയും ഉപാധികളേയും ആശയസങ്കൽപ്പങ്ങളേയും ഉപേക്ഷിക്കുന്നത് രണ്ടു വിധത്തിലാണ്.. ഒന്ന് നേരറിവിന്റെ, അതായത് സാക്ഷാത്കാരത്തിന്റെ നിറവിലും മറ്റേത് ധ്യാനത്തിന്റെ മാർഗ്ഗത്തിലുമാണ് സാധിക്കുക.” അവയെ ഞാൻ വിശദമായി പറഞ്ഞു തരാം. ‘ഞാനീ വിഷയവസ്തുക്കളുടെ അധീനതയിലാണ്, ഞാൻ അവയെ ആശ്രയിച്ചാണു നിലകൊള്ളുന്നത്' എന്നും മറ്റുമുള്ള ചിന്ത വെറും ഭ്രമകൽപ്പനയാണെന്ന് ഒരുവൻ തികച്ചും ബോധവാനായിരിക്കണം. എന്നാല്‍ അവയെക്കൂടാതെ 'എനിയ്ക്കു' ജീവിക്കാൻ സാദ്ധ്യമല്ല എന്നും ഈ വസ്തുക്കൾക്ക് എന്നെക്കൂടാതെ ഒരസ്തിത്വവുമില്ലെന്നും അയാളറിയണം. എന്നിട്ട് തീക്ഷ്ണമായ ധ്യാനസപര്യയിലൂടെ ’ഞാനീ വസ്തുക്കളുടെ ഉടമസ്ഥനല്ല; അവ എന്റെ ഉടമസ്ഥരുമല്ല' എന്ന തിരിച്ചറിവിലേക്ക് എത്തിച്ചേരണം.
അങ്ങിനെ അഹംകാരത്തെ തീവ്രസാധനയിലൂടെ ഉപേക്ഷിച്ചശേഷം ഒരു ലീലയെന്നപോലെ ഒരുവൻ തനിക്കു സഹജമായി വന്നുചേരുന്ന കർമ്മങ്ങൾ ഭംഗിയായി ചെയ്യണം. ഈ കർമ്മങ്ങൾ സ്വാഭാവികമായി അനുഷ്ഠിക്കുമ്പോൾ ഹൃദയവും മനസ്സും പ്രശാന്തശീതളമായിരിക്കും. അങ്ങിനെ ധ്യാനസാധനകൊണ്ട് അഹംകാരം ഇല്ലാതാകുന്ന ഒരവസ്ഥ സംജാതമാകും. ഇനി അദ്വൈത സത്യത്തിന്റെ നേരറിവിൽ ഒരുവൻ അഹംകാരത്തെ ഉപേക്ഷിക്കുന്ന രീതി - ദേഹാഭിമാനമോ, ’ഇതെന്റേത്‘ എന്ന തോന്നലോ ഇല്ലാത്ത ഒരവസ്ഥയാണിത്.
ജീവിച്ചിരിക്കുമ്പോൾത്തന്നെ ധ്യാനസപര്യകൊണ്ട് വെറുമൊരു ലീലപോലെ അഹംകാരത്തെ ഇല്ലാതാക്കി വർത്തിക്കുന്നവൻ ജീവന്മുക്തനത്രേ. അതുപോലെ നേരറിവിന്റെ നിറവിൽ അഹംകാരത്തെ വേരോടെ പിഴുതുകളഞ്ഞവനും മുക്തനാണ്.. ജനകനെപ്പോലുള്ളവർ ധ്യാനമാർഗ്ഗികളാണ്.. നേരറിവായി ബ്രഹ്മസാക്ഷാത്കാരം നേടിയവർ ദേഹബോധത്തിനതീതരാണ്.. ഇവിടെപ്പറഞ്ഞ രണ്ടു മാർഗ്ഗത്തിൽ സഞ്ചരിച്ചു ലക്ഷ്യം നേടിയവരും ബ്രഹ്മലീനരത്രേ. ഇഷ്ടാനിഷ്ടങ്ങളാൽ ചഞ്ചലപ്പെടാത്തെ, ഈ ലോകത്തിൽ എല്ലാ കർമ്മധർമ്മങ്ങളോടുംകൂടി ജീവിക്കുമ്പോഴും അകമേ യാതൊരു വിഷയങ്ങളും ബാധിക്കാതെ, ദീർഘനിദ്രയിലെന്നപോലെ വർത്തിക്കുന്നവനാണ് മുക്തൻ.
ഭാവാദ്വൈതമുപാശ്രിത്യ സത്താദ്വൈതമയാത്മക:
കർമാദ്വൈതമനാദൃത്യ ദ്വൈതാദ്വൈതമയോ ഭവ (5/17/29)
വസിഷ്ഠൻ തുടർന്നു: അല്ലയോ രാമാ, ദേഹബോധത്തിന്റെ പരിമിതികൾക്കതീതരായി വർത്തിക്കുന്നവർ വിവരണങ്ങള്‍ക്കെല്ലാം അതീതരാണ്.. അതിനാൽ ജീവന്മുക്തരായവരുടെ ലക്ഷണങ്ങൾ എന്തെന്നു ഞാൻ പറയാം. സ്വാഭാവികമായി ഒരുവനിൽ നടക്കുന്ന ധർമ്മ കർമ്മങ്ങൾക്കായുള്ള ത്വരകള്‍ -ശരീരധർമ്മങ്ങൾപോലെയുള്ളവ - ആസക്തികളെയും വാസനകളെയും ഉണ്ടാക്കുന്നില്ല. ജീവന്മുക്തന്റെ കർമ്മങ്ങൾ അപ്രകാരമുള്ളവയാണ്.. ആർത്തിത്വരകളുണ്ടാക്കുന്ന കർമ്മങ്ങൾ ബന്ധനങ്ങളാണല്ലോ. മുക്തിപദം പ്രാപിച്ച ഋഷിയിൽ അഹംകാരധാരണകൾ ഇല്ല. അങ്ങിനെയുള്ള മുക്തനിലുളവാകുന്ന സഹജഭാവങ്ങൾ എന്താണോ അതുതന്നെയാണയാളുടെ ലക്ഷ്ണങ്ങൾ.
ബാഹ്യവസ്തുക്കളുമായുള്ള സംസർഗ്ഗം ബന്ധനത്തിനു കാരണമാകുന്നു. എന്നാൽ മനപ്പൂർവ്വമല്ലാത്ത, സഹജവും നൈസര്‍ഗികവുമായ ഇച്ഛ യാതൊന്നിനേയും ആശ്രയിച്ചല്ല ഉണ്ടാകുന്നത്. വസ്തുക്കളുമായി സമ്പർക്കമുണ്ടാവുന്നതിനു മുൻപേയുണ്ടായിരുന്ന ഇച്ഛ തന്നെയാണ് ഇപ്പോഴും, എപ്പോഴും ഉള്ളത്. അതു സഹജവും ദു:ഖവിമുക്തവും നിർമ്മലവുമത്രേ. അത്തരം ഇച്ഛ ബന്ധനങ്ങളെ ഉണ്ടാക്കുന്നില്ല എന്ന് ജ്ഞാനികൾ കരുതുന്നു.
‘ഇതെനിയ്ക്കു സ്വന്തമാക്കണം’ എന്ന ഒരു ത്വര ഒരുവനിലുദിക്കുമ്പോൾ അതവന്റെ ഹൃദയത്തെ മലിനമാക്കുന്നു. ജ്ഞാനി അത്തരം ആശകളെ ഏതുവിധേനെയും ഇല്ലായ്മചെയ്യണം. ബന്ധനങ്ങളുണ്ടാക്കുന്ന എല്ലാ ആഗ്രഹങ്ങളേയും മോക്ഷം ലഭിക്കണമെന്ന ആശയെപ്പോലും ഉപേക്ഷിക്കൂ. ഒരു സമുദ്രംപോലെ സ്ഥിതപ്രജ്ഞനാകൂ. ആത്മാവ് ജരാനരകൾക്കും മരണത്തിനും അതീതമാണെന്ന അറിവിൽ ഇവയെക്കുറിച്ചുള്ള ആശങ്കകൾ ഉപേക്ഷിക്കൂ. ഈ പ്രപഞ്ചം മുഴുവൻ ഒരു മായക്കാഴ്ച്ചയാണെന്ന തിരിച്ചറിവിൽ ആഗ്രഹങ്ങളുടെ വ്യർത്ഥത മനസ്സിലാക്കൂ.
മനുഷ്യ ഹൃദയത്തിൽ നാലുതരം ഭാവങ്ങളുണ്ടാവുന്നുണ്ട്. അവ ഇങ്ങിനെയാണ്.:: :
1. ഞാനെന്റെ മാതാപിതാക്കളിൽ നിന്നുണ്ടായ ഈ ദേഹമാണ്...
2. ഞാൻ ഈ ദേഹത്തിൽ നിന്നു വിഭിന്നമായ, സുസൂക്ഷ്മമായ ഒരണുതത്വമാണ്..
3. ലോകത്തിൽ നിറഞ്ഞിരിക്കുന്ന വിഭിന്നങ്ങളായ വസ്തുക്കളുടെയെല്ലാം സനാതനമായ തത്വം ഞാൻ തന്നെയാണ്. .
4, ഞാനും ലോകവും ആകാശം പോലെ ശുദ്ധമായ നിശ്ശൂന്യതയാണ്..
ഇതിൽ ആദ്യത്തേത് മനുഷ്യനെ ബന്ധനത്തിൽ നിർത്തുമ്പോൾ, മറ്റുള്ളവ അവനെ മുക്തിയിലേയ്ക്കു നയിക്കുന്നു. ആദ്യത്തേതുമായി ബന്ധപ്പെട്ട ആശകൾ മനുഷ്യനെ കൂടുതൽ ബന്ധനങ്ങളിലേയ്ക്കു നയിക്കുമ്പോള്‍ മറ്റു മൂന്നുമായി ബന്ധപ്പെട്ട ആശകളും പ്രതിജ്ഞാബദ്ധതയും അവനെ പരാധീനനാക്കുന്നില്ല.
ഒരിക്കൽ ‘ഞാൻ എല്ലാറ്റിന്റേയും ആത്മാവാണ്’ എന്നു തിരിച്ചറിഞ്ഞാൽപ്പിന്നെ ഒരുവൻ അധ:പ്പതിക്കുകയോ വ്യാകുലചിത്തനാവുകയോ ഇല്ല. ഈ ആത്മാവിനെയാണ് ശാസ്ത്രങ്ങളിൽ ശൂന്യത, പ്രകൃതി, മായ, ബ്രഹ്മം, ബോധം, ശിവൻ, പുരുഷൻ എന്നെല്ലാം ഉള്ള വാക്കുകളാൽ വിവരിക്കുന്നത്. അതുമാത്രമാണുണ്മ. മറ്റൊന്നിനും സത്തയില്ല.
“ഈ അദ്വൈത - രണ്ടില്ലാത്ത- സത്യാവസ്ഥയെ അറിയുക. എന്നാൽ കർമ്മങ്ങള്‍ ദ്വൈതതലത്തിലാണുള്ളത് എന്നതുകൊണ്ട് ആപേക്ഷികമായി ദ്വൈതാവസ്ഥയെയും അറിയുക. അങ്ങിനെ നിന്റെ സ്വഭാവം ദ്വൈതാദ്വൈതങ്ങളിൽ ഉചിതമായി വിഹരിക്കട്ടെ.” ദ്വൈതവും ഏകാത്മകതയും ഒന്നും യദാർത്ഥത്തിൽ ഇല്ല. ഏകത എന്നത് ദ്വൈതത്തിന്റെ വിപരീത ആശയമാണ്. ഈ രണ്ടു ധാരണകളും മനസ്സിന്റെ സൃഷ്ടികളാണു താനും. ഈ ധാരണകളെല്ലാം അവസാനിക്കുമ്പോൾ അനന്താവബോധം മാത്രം ഒരേയൊരുണ്മയായി സാക്ഷാത്കരിക്കപ്പെടും.
വസിഷ്ഠൻ തുടർന്നു: മുക്തനായ ഋഷി സ്വയം ആകൃഷ്ടനല്ലെങ്കിലും ലോകത്തിലെ ഭൂത ഭാവി വർത്തമാനകാല സംഭവങ്ങളെ അദ്ദേഹം കൗതുകപൂർവ്വം കാണുന്നു. എപ്പോഴും സമുചിതമായ കർമ്മങ്ങളിലേർപ്പെട്ടുകൊണ്ട് സന്തോഷകരമായ ഒരു മദ്ധ്യമാർഗ്ഗം സ്വീകരിച്ച് യാതൊരുവിധത്തിലും കർമ്മബന്ധിതനാവാതെ കഴിയുന്നു. ഒരുവിധത്തിലുമുള്ള ഉപാധികളേയും ധാരണകളേയും സ്വാംശീകരിക്കാതെ അദ്ദേഹം സ്വതന്ത്രനായി വിഹരിക്കുന്നു. സമൃദ്ധിയുടെ പരമപദം ആദ്ദേഹത്തിനു സ്വന്തം. ഇഹലോകത്തിലെ സംഭവവികാസങ്ങൾ അദ്ദേഹത്തെ ബാധിക്കുന്നില്ല. അദ്ദേഹമവയിൽ പ്രത്യേകിച്ച് സന്തുഷ്ടനോ വ്യാകുലഹൃദയനോ അല്ല. കാലുഷ്യമേറിയ സന്ദർഭങ്ങളില്‍പ്പോലും അദ്ദേഹത്തിനു പക്ഷഭേദമില്ല. എന്നാൽ കൃപയും കാരുണ്യവും അദ്ദേഹത്തിനു സഹജമാണ്. താനും. പ്രത്യക്ഷലോകം അദ്ദേഹത്തെ ബാധിക്കുന്നതേയില്ല.
അദ്ദേഹത്തോട് എന്തെങ്കിലും ചോദിച്ചാൽ ഉചിതവും ലളിതവുമായ മറുപടി കിട്ടും. നാം ഒന്നും അദ്ദേഹത്തോടു സംസാരിച്ചില്ലെങ്കിൽ മൗനമാണദ്ദേഹത്തിനു സഹജം. അദ്ദേഹത്തിന് ഒന്നിന്റേയും ആവശ്യമില്ല. ഒന്നിനോടും അദ്ദേഹത്തിനു വെറുപ്പുമില്ല. ലോകം അദ്ദേഹത്തെ വ്യാകുലപ്പെടുത്തുന്നതേയില്ല. എല്ലാവർക്കും നല്ലതു വരുത്തുന്ന കാര്യങ്ങളണദ്ദേഹം ചെയ്യുക. അദ്ദേഹത്തിന്റെ വാദമുഖങ്ങൾ തികച്ചും വിശ്വസനീയമായിരിക്കും. ഉചിതവും അനുചിതവും എന്തെന്ന് അദ്ദേഹത്തിനു നല്ലവണ്ണം അറിയാം. മറ്റുള്ളവർ എങ്ങിനെ കാര്യങ്ങൾ നോക്കിക്കാണുന്നു എന്നദ്ദേഹത്തിനറിവുണ്ട്. പരമസത്യത്തിൽ അടിയുറച്ച് പ്രശാന്തശീതള ഹൃദയനായി അദ്ദേഹം ലോകത്തെ സാകൂതം വീക്ഷിക്കുന്നു.
അങ്ങിനെയൊക്കെയാണ് ജീവന്മുക്തന്റെ - ജീവിച്ചിരിക്കേ മുക്തനായ- ഒരുവന്റെ സ്ഥിതിവിശേഷങ്ങൾ. “മനോനിയന്ത്രണം വന്നിട്ടില്ലാത്ത മൂഢന്മാരുടേയും ഇന്ദ്രിയസുഖാസക്തിയുടെ ചെളിയിലാണ്ടുമുങ്ങിയവരുടേയും ചിന്താസരണികള്‍ വിവരിക്കാൻ നമുക്കാവില്ല.” അവർക്ക് ലൈംഗീകസുഖങ്ങളിലും ലൗകീകസമ്പത്തു വർദ്ധിപ്പിക്കുന്നതിലും മാത്രമാണു ശ്രദ്ധ. സുഖദു:ഖസമ്മിശ്രമായ അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന യാഗകർമ്മങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും പുറകിലുള്ള ചിന്തകളും വിവരിക്കാൻ നമുക്കാവില്ല.
രാമാ, അപരിമിതമായ സമ്യക്ദർശനത്തോടെ എല്ലാ പരിമിതികളേയും ഉറപ്പോടെ ഉപേക്ഷിച്ച് ജീവിതം നയിച്ചാലും. അകമേ യാതോരാഗ്രഹങ്ങളും പ്രത്യാശകളും ഇല്ലാതെ ബാഹ്യമായി ചെയ്യേണ്ട കർമ്മങ്ങൾ ഭംഗിയായി ചെയ്യുക. എല്ലാത്തിനേയും പരിശോധിച്ചറിഞ്ഞ് പരിമിതികളില്ലാത്തതിനെ മാത്രം കണ്ടെത്തുക. അനന്തതയിൽ സദാ ധ്യാനനിഷ്ഠനായി ഈ ലോകത്തിൽ ജീവിച്ചാലും.
അകമേ പ്രത്യാശകൾ വയ്ക്കാതെ എന്നാൽ പുറമേയ്ക്ക് പ്രത്യാശാനിര്‍ഭരതയോടെ ശാന്തഹൃദയത്തോടെ മറ്റുള്ളവർ കഴിയുന്നതുപോലെ തന്നെ ജീവിക്കുക. ‘ഞാൻ ഇതു ചെയ്യുന്നു’ എന്ന ധാരണകൾ ഒന്നും വെച്ചു പുലർത്താതെ വൈവിദ്ധ്യമാര്‍ന്ന പ്രവർത്തനങ്ങളില്‍ മുഴുകുക. അങ്ങിനെ അഹംകാരലേശം പോലുമില്ലാതെ ഈ ലോകത്തിൽ വാണാലും.
വാസ്തവത്തിൽ 'ബന്ധനം' എന്നതു സത്യമല്ല. അതിനാൽ 'മുക്തി' എന്നതും സത്യത്തില്‍ 'ഇല്ലാ'ത്ത ഒന്നത്രേ. ഈ പ്രത്യക്ഷലോകമോ, ജാലവിദ്യക്കാരന്റെ വെറുമൊരു മായക്കാഴ്ച്ചമാത്രം. അതിനു സത്തയില്ല. സർവ്വവ്യാപിയായ അനന്താത്മാവിനെ ബന്ധിക്കാൻ എന്തിനു കഴിയും? എങ്ങിനെയാണതിനു മുക്തിയുണ്ടാവുക? ഈ ചിന്താക്കുഴപ്പങ്ങൾക്കെല്ലാം കാരണം സത്യത്തെ അറിയാത്തതാണ്.. അവിദ്യയാണത്. ജ്ഞാനമുദിക്കുമ്പോൾ ഈ ചിന്താക്കുഴപ്പങ്ങൾ ഇല്ലാതാകുന്നു. കയറിൽ കാണപ്പെട്ട സങ്കൽപ്പജന്യമായ പാമ്പിനെപ്പോലെയാണത് പൊടുന്നനേ അപ്രത്യക്ഷമാവുന്നത് . ഒരിക്കല്‍ കയറാണതെന്ന് അറിഞ്ഞാല്‍പ്പിന്നെ ഒരിക്കലും 'പാമ്പി'നെ കാണാന്‍ കഴിയുകയില്ല.
വസിഷ്ഠൻ തുടർന്നു: രാമ, നീ ജ്ഞാനിയാണ്.. അഹംകാരരഹിതനായി, ആകാശം പോലെ പരിശുദ്ധനായി നിലകൊണ്ടാലും. അഹമെന്നൊരു ധാരണതന്നെയില്ലെങ്കിൽ “ഇതെന്റെ ബന്ധുക്കളാണ്” എന്ന ചിന്ത എവിടെനിന്നുവരാനാണ്? ആത്മസ്വരൂപത്തിൽ അത്തരം ധാരണകൾ ഇല്ല. സുഖദു:ഖങ്ങളോ നന്മ-തിന്മകളോ അതിലില്ല. ഈ പ്രത്യക്ഷജഗത്തുണ്ടാക്കുന്ന ഭയവും വിഭ്രമവും നിന്നെ ബാധിക്കതിരിക്കട്ടെ. ഒരിക്കലും ‘ജനിച്ചിട്ടില്ലാത്തവന്’ (അജൻ) ബന്ധുക്കളെവിടെ? അവർ മൂലമുണ്ടാകുന്ന ദു:ഖങ്ങളെവിടെ?
നീ പണ്ട് ആരോ ഒരാളായിരുന്നു; ഇപ്പോഴും നീ ആരോ ആണ്. നാളേയും അങ്ങിനെതന്നെയായിരിക്കും. ഇക്കാര്യങ്ങളെല്ലാം നിന്റെ ബന്ധുക്കളെസംബന്ധിച്ചും ശരിയാണെന്നു നീ തിരിച്ചറിഞ്ഞാൽപ്പിന്നെ ഭ്രമകൽപ്പനകളിൽ നിന്നും നിനക്കു മോചനമായി. പണ്ടു നീയുണ്ടായിരുന്നു; ഇപ്പോഴുമുണ്ട്, എന്നാൽ ഇനി മുതൽ നീയില്ല എന്നാണു നിനക്കു തോന്നുന്നതെങ്കിലും ദു:ഖിക്കാനൊന്നുമില്ല. കാരണം ലോകമെന്ന ഈ പ്രകടനം അവസാനിച്ചു എന്നാണല്ലോ അതിനർത്ഥം. അതിനാൽ ഈ ലോകത്ത് എന്തിനെയെങ്കിലും പറ്റി വ്യകുലപ്പെടുന്നത് മൂഢത്വമാണ്.. സമുചിതമായ കർമ്മങ്ങളിലേർപ്പെട്ട് എപ്പോഴും സന്തോഷമായിരിക്കുകയാണ് വിവേകം.
എങ്കിലും രാമ, അമിതാഹ്ലാദത്തിലും വിഷാദത്തിലും ആമഗ്നനാവരുത്. സമതാഭാവം കൈക്കൊണ്ടാലും. അതീവ സൂക്ഷ്മവും നിത്യശുദ്ധവുമായ, അനന്തശാശ്വതമായ പ്രകാശമാണു നീ. ഈ പ്രത്യക്ഷലോകം ഉണ്ടായി, നിലനിന്ന്, ഇല്ലാതാവുന്നത് അജ്ഞാനിയെ സംബന്ധിച്ചിടത്തോളം മാത്രമേ സത്യമായുള്ളു. ജ്ഞാനിയ്ക്ക് അതെല്ലാം മായയാണ്.. ജഗത്തിന്റെ സഹജഭാവമാണ് ദു:ഖം. അജ്ഞാനം അതിനെ വികസിപ്പിച്ച് വലുതാക്കി വഷളാക്കുന്നു. പക്ഷേ നീ ബുദ്ധിമാനാണു രാമ. സന്തോഷമായിരിക്കൂ. മായക്കാഴ്ച്ചയെന്നാൽ മായ തന്നെ. സ്വപ്നം എന്നത് മറ്റൊരു സ്വപ്നം മാത്രം. ഇതെല്ലാം സർവ്വശക്തന്റെ പ്രാഭവം. പ്രകടിതലോകമെന്നത് വെറും ബാഹ്യപ്രകടനം മാത്രം.
“ഇവിടെ ആര് ആർക്കാണൊരു ബന്ധുവായുള്ളത്? ആര് ആർക്കാണൊരു ശത്രു? ജീവജാലങ്ങളുടെയെല്ലാം നാഥനായ ജഗദീശ്വരന്റെ ഇച്ഛയ്ക്കൊത്ത് എല്ലാവരും എല്ലാവർക്കും എല്ലാക്കാലവും എല്ലാമെല്ലാമായി വർത്തിക്കുന്നു.” ബന്ധുതയുടെ പുഴയൊഴുക്ക് അനവരതം തുടർന്നുകൊണ്ടിരിക്കുന്നു. ഒരുരഥചക്രത്തിലെന്നപോലെ താഴെയുള്ളവ മുകളിലേയ്ക്കും മുകളിലുള്ളവ താഴേയ്ക്കും പോയിക്കൊണ്ടേയിരിക്കുന്നു. സ്വർഗ്ഗത്തിലുള്ളവർ ആ വാസം മതിയാക്കി നരകത്തിൽപ്പോവുന്നു. നരകവാസികൾ സ്വർഗ്ഗത്തിലേയ്ക്കും പോവുന്നു.അവർ ഒരു ജീവിവർഗ്ഗത്തിൽ ജനിച്ചുമരിച്ച് പിന്നീട് മറ്റൊരു വർഗ്ഗത്തിൽ ജന്മമെടുക്കുന്നു. ലോകത്തിന്റെ ഒരു കോണിൽ നിന്നും മറ്റൊരു കോണിലേയ്ക്ക് വാസം മാറിപ്പോകുന്നു. ധീരൻ ഭീരുവും ഭീരു ധീരനുമാവുന്നു. കുറച്ചുകാലം ബന്ധുക്കളായിരുന്നവർ പിന്നീട് അകന്നുപോകുന്നു. മാറ്റമില്ലാത്തതായി ഈ വിശ്വത്തിൽ യാതൊന്നുമില്ല, രാമ.
സുഹൃത്ത്, ശത്രു, ബന്ധു, അപരിചിതൻ, ഞാൻ, നീ എന്നീ വാക്കുകൾക്കൊന്നും കാതലായ, ശാശ്വതമായ അർത്ഥങ്ങൾ ഒന്നുമില്ല. അവ വെറും വാക്കുകൾ മാത്രം. സങ്കുചിതമനസ്കന്റെ ഉള്ളിൽ ‘അയാളെന്റെ സുഹൃത്താണ്’, 'ഇയാളെന്റെ ബന്ധുവല്ല', തുടങ്ങിയ ചിന്തകൾ ഉണ്ടാവുമ്പോൾ വിശാലമനസ്കന് ഇത്തരം ഭിന്നചിന്തകളില്ല. രാമ, എല്ലാ ജീവജാലങ്ങളും നിന്റെ ബന്ധുക്കളാണ്.. ഈ പ്രപഞ്ചത്തിൽ പരസ്പര ബന്ധമില്ലാത്ത ഒന്നുമില്ല. ആത്യന്തികമായി യാതൊന്നു തമ്മിലും 'അബന്ധുത്വം' എന്ന ഒന്ന് ഇല്ലേയില്ല. എല്ലാം പരസ്പര പൂരകങ്ങള്‍ . “ഞാനില്ലാത്ത ഒരിടവും ഇല്ല” എന്നും “എന്റേതല്ലാത്ത യാതൊന്നും ഇല്ല” എന്നുമുള്ള അറിവിൽ ജ്ഞാനികള്‍ അഭിരമിക്കുന്നു. അങ്ങിനെ അവർ പരിമിതികൾക്കും ഉപാധികൾക്കും അതീതരായി വർത്തിക്കുന്നു.
നീ ലോകമായി കാണുന്നത് വെറുമൊരു മായക്കാഴ്ച്ച മാത്രമാണ്.. വാസ്തവത്തിൽ സുഹൃത്തുക്കളും ബന്ധുക്കളുമൊന്നും ഇല്ല. അതുകൊണ്ടു തന്നെ മരണവും വേർപെടലുമെല്ലാം വെറും മിഥ്യ. നീ കാണുന്ന മഹത്തായ ഐശ്വര്യസമ്പത്തുക്കളെല്ലാം വെറും ജാലവിദ്യകളാണ്.. അവയിൽ ചിലത് മൂന്നു ദിവസം, ചിലത് അഞ്ചു ദിവസം നിലനിൽക്കുന്നു!. അത്രയേയുള്ളൂ. നിന്റെ കുശാഗ്രബുദ്ധികൊണ്ട് സത്യത്തെ അന്വേഷിച്ചറിയൂ. ‘ഞാൻ’, ‘നീ’ തുടങ്ങിയ എല്ലാ ധാരണകളേയും ഉപേക്ഷിക്കൂ. ‘അദ്ദേഹം മരിച്ചു’, ‘അദ്ദേഹം എന്നെ വേർപെട്ടുപോയി’ എന്നുള്ള തോന്നലും ദൂരെക്കളയൂ. കാരണം ഇവയെല്ലാം നിന്റെ തോന്നലുകളാണ്.. അവ സത്യമല്ല.
പുണ്യ കാറ്റടിക്കുമ്പോൾ പൊടിപടലങ്ങൾ പറന്നുപോകുന്നതുപോലെ അച്ഛൻ, അമ്മ, സുഹൃത്ത്, ബന്ധു തുടങ്ങിയ മിഥ്യാ ധാരണകൾ ജ്ഞാനത്തിന്റെ വെളിച്ചത്തിൽ ഇല്ലാതെയാകും. ഈ ബന്ധുക്കളൊന്നും സത്യമല്ല. അവയെല്ലാം വെറും വാക്കുകൾ മാത്രം. ഒരാളെ സുഹൃത്തെന്നു നിനച്ചാൽ അവൻ സുഹൃത്ത്. അവനെ മറ്റൊരുവൻ എന്നുനിനച്ചാൽ അങ്ങിനെ. എന്നാൽ എല്ലാറ്റിനേയും അഖണ്ഡമായ ഒരു സർവ്വവ്യാപിയെന്നു തിരിച്ചറിഞ്ഞാൽപ്പിന്നെ സുഹൃത്ത്, ബന്ധു, ശത്രു എന്നിങ്ങനെയുള്ള തരംതിരിവിനെന്താണർത്ഥം?
അനിയാ, നിന്റെ ഉള്ളിൽത്തന്നെ അന്വേഷിക്കൂ. ദേഹം വെറും ജഢം. മാംസാസ്ഥിരക്ത നിര്‍മ്മിതമായ ഒരു കൂടാണത്. അതിൽ ‘ഞാൻ’ എവിടെ? അങ്ങിനെ നിന്റെ അന്വേഷണം തുടർന്നാൽ ‘നീ’ എന്നതും ‘ഞാൻ’ എന്നതും എല്ലാം മിഥ്യയാണെന്നറിയാം. പുണ്യൻ, പവനൻ, എന്നെല്ലാം പറയുന്നതും മിഥ്യ തന്നെ. എന്നിട്ടും നിനക്ക് ‘ഞാനുണ്ട്’ എന്ന തോന്നലുണ്ടെങ്കിൽ, നിനക്ക് പൂർവ്വജന്മങ്ങളിൽ ഉണ്ടായിരുന്ന അനേകം ബന്ധുക്കളെക്കുറിച്ച് നീയെന്തുകൊണ്ട് വിലപിക്കുന്നില്ല? നീയൊരരയന്നമായിരുന്നപ്പോൾ നിനക്ക് അനേകം ബന്ധുക്കൾ ആവർഗ്ഗത്തിൽപ്പെട്ടവരായുണ്ടായിരുന്നു. നീയൊരു മരമായിരുന്നപ്പോൾ വൃക്ഷങ്ങളായും; പിന്നീട് സിംഹജന്മത്തിൽ സിംഹബന്ധുക്കളും, മൽസ്യജന്മത്തിൽ അനേകം മൽസ്യബന്ധുക്കളും നിനക്കുണ്ടായിരുന്നു.
നീയൊരു രാജകുമാരനായിരുന്നു; കഴുതയായിരുന്നു; പേരാൽ മരമായിരുന്നു, അരയാലുമായിരുന്നു. നിനക്കൊരു ബ്രാഹ്മണജന്മമുണ്ടായിരുന്നു, നീയൊരീച്ചയായിരുന്നു, കൊതുകായിരുന്നു, ഉറുമ്പായിരുന്നു. നീയൊരു ഒരു ജന്മം തേളായിരുന്നു, പിന്നെ തേനീച്ച. ഇപ്പോള്‍ നീയെന്റെ സഹോദരൻ! ഇങ്ങിനെ അനേകദേഹങ്ങളിൽ നീ വീണ്ടും വീണ്ടും ജന്മമെടുത്തിട്ടുണ്ട്. എനിയ്ക്കും അനേകം ജന്മങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ എന്റെ സൂക്ഷ്മദൃഷ്ടിയിൽ എനിക്കിതെല്ലാം വ്യക്തമായിക്കാണാം. ഞാനൊരു പക്ഷിയായിരുന്നു, തവള, വൃക്ഷം, ഒട്ടകം, രാജാവ്, പുലി, ഇപ്പോൾ നിന്റെ സഹോദരൻ. പത്തുകൊല്ലം ഞാനൊരു പരുന്തായിരുന്നു. അഞ്ചുമാസം ഒരു ചീങ്കണ്ണി; ഒരു നൂറുകൊല്ലം സിംഹം- ഇപ്പോള്‍ നിന്റെ സഹോദരൻ. ഇങ്ങിനെ എണ്ണമറ്റ ജന്മങ്ങൾ അജ്ഞാനത്തിന്റെയും ഭ്രമത്തിന്റെയും പിടിയിലകപ്പെട്ട് കഴിഞ്ഞുപോയതു ഞാനിപ്പോള്‍ വ്യക്തമായി ഓർക്കുന്നു.
ആജന്മങ്ങളിലെല്ലാം എനിയ്ക്ക് അനേകം ബന്ധുക്കളുണ്ടായിരുന്നു. അവരില്‍ ആരെയോർത്താണു ഞാൻ വിലപിക്കേണ്ടത്? അതുകൊണ്ട് എനിയ്ക്ക് ആരെക്കുറിച്ചും ദു:ഖമില്ല. ജീവിതമെന്ന ഈ കാട്ടുപാതയിലെ കരിയിലപോലെ ചിതറിക്കിടക്കുകയാണീ ബന്ധുക്കൾ. ഈ ലോകത്ത് ശരിയായി സന്തോഷിക്കാനോ ദു:ഖിക്കാനോ എന്താണുള്ളത്? അതുകൊണ്ട് നമുക്കീ വിലാപമെല്ലാം മതിയാക്കി പ്രശാന്തരാവാം. നിന്റെയുള്ളിൽ ‘ഞാൻ’ എന്ന പ്രതീതി ജനിപ്പിക്കുന്ന, ലോകമെന്ന ധാരണതന്നെ നമുക്കില്ലാതാക്കാം. താഴോട്ടു നിപതിക്കാതെയും മേലോട്ടു പൊങ്ങിപ്പോവാതെയും സമതയോടെ നമുക്കിരിക്കാം. നിനക്ക് ദു:ഖമില്ല; ജനനമില്ല; അച്ഛനില്ല, അമ്മയില്ല. നീ ആത്മാവാണ്.. മറ്റൊന്നുമല്ല.
“മഹർഷിമാർ മദ്ധ്യമാർഗ്ഗം അവലംബിക്കുന്നു. അവർ അപ്പപ്പോൾക്കാണുന്നതിനെ* അതുപോലെ ക്ഷണികമെന്നറിഞ്ഞ് പ്രശാന്തയോടെയിരിക്കുന്നു. അവർ സാക്ഷിബോധത്തിൽ സ്ഥിരപ്രതിഷ്ഠരത്രേ.” അവർ ഇരുട്ടിൽത്തിളങ്ങുന്ന വെളിച്ചമാണ്. വിളക്കും എണ്ണത്തിരിയുമില്ലാതെ സ്വയമുണ്ടാവുന്ന ആ വെളിച്ചത്തിലാണ് എല്ലാം സംഭവിക്കുന്നത്.
*അന്നന്നു കാണ്മതിനെ വാഴ്ത്തുന്നു മാമുനികള്‍ എന്നത്രേ തോന്നി ഹരി നാരായണായ നമ:
“രാമാ, ആസക്തിയാണ് എല്ലാ ദു:ഖങ്ങൾക്കും കാരണം. എല്ലാ ആസക്തികളേയും ഉപേക്ഷിച്ച് അവയിലൊന്നും ആമഗ്നമാവാതിരിക്കുക എന്ന ഒരൊറ്റ മാർഗ്ഗമേ ബുദ്ധിയുള്ളവർ തിരഞ്ഞെടുക്കൂ.” കൂടുതൽ ഇന്ധനമിടുമ്പോൾ തീ ആളിക്കത്തും. അതുപോലെ ചിന്തകൾ കൂടുതൽ ചിന്തകളെയുണ്ടാക്കുന്നു. അവ പെരുകി വളരുന്നതു തടയണമെങ്കിൽ ചിന്തകൾ ഇല്ലാതാക്കുക എന്നതേ വഴിയുള്ളു. അതിനാൽ രാമാ, ചിന്താരാഹിത്യത്തിന്റെ തേരിലേറി അപരിമിതവും കൃപാനിർഭരവുമായ ഒരന്തര്‍ദർശനത്താൽ ദു:ഖനിബദ്ധമായ ലോകത്തെ നോക്കിക്കാണൂ.
ഇതാണു ബ്രാഹ്മി-സ്ഥിതി. എല്ലാ ഭവരോഗങ്ങളിൽ നിന്നും ആസക്തികളിൽ നിന്നുമൊഴിഞ്ഞ ശുദ്ധമായ, സ്വതന്ത്രമായ സ്ഥിതിയാണിത്. മൂഢനായി വർത്തിച്ചിരുന്നവൻ പോലും ഈ സ്ഥിതിയെത്തിയാൽ എല്ലാ ഭ്രമകൽപ്പനകൾക്കും അതീതനാകും. ജ്ഞാനത്തെ സുഹൃത്താക്കി അവബോധത്തെ സഹധർമ്മിണിയാക്കി ഈ ലോകത്തിൽ ജീവിക്കുന്നവർ ഭ്രമങ്ങൾക്കു വശംവദരാവുകയില്ല. ആസക്തിരഹിതമായ മനസ്സിനു ലഭിക്കാത്തതായി വിലപിടിപ്പുള്ള യാതൊന്നും ത്രിലോകങ്ങളിലുമില്ല. ദേഹമെടുത്തതുകൊണ്ടുണ്ടാവുന്ന ഉയർച്ച താഴ്ച്ചകൾ ഇങ്ങിനെ ആസക്തിശമനം വന്നവരെ ബാധിക്കുകയില്ല. മനസ്സു നിറയണമെങ്കിൽ അതിനെ നിർമമമാക്കണം. ആശകൾകൊണ്ടും പ്രത്യാശകൾകൊണ്ടും നിറച്ചാൽ മനസ്സിനു നിറവുണ്ടാവുകയില്ല. ആസക്തികളും ആർത്തികളുമില്ലാത്തവരെ സംബന്ധിച്ചിടത്തോളം ത്രിലോകങ്ങൾക്ക് പശുക്കുളമ്പിന്റെയത്രയേ വിസ്തൃതിയുള്ളു. യുഗങ്ങളോ ചെറിയൊരുനിമിഷം മാത്രവും.
അനാസക്തന്റെ മന:ശീതളത, ഹിമാലയത്തിന്റെ ശീതളിമയെ നിഷ് പ്രഭമാക്കും. പൂർണ്ണചന്ദ്രന്റെ പൂനിലാവും, സമുദ്രത്തിന്റെ നിറവും, ഐശ്വര്യദേവതയും ഒന്നും അനാസക്തന്റെ മനസ്സിന്റെ ഭാസുരതയ്ക്കു സമമാവില്ല. ആശ, പ്രത്യാശ, ആർത്തി തുടങ്ങിയ ശിഖരങ്ങൾ മുറിച്ചാൽപ്പിന്നെ മനസ്സെന്ന വൃക്ഷത്തിന് സ്വരൂപത്തിലേയ്ക്കു മടങ്ങാം. മനോദാർഢ്യത്തോടെ ആശകൾക്ക് എന്റെ മനസ്സിൽ ഇടംകൊടുക്കുകയില്ല എന്നുറച്ചാൽ നിനക്കു ഭയമുണ്ടാവുകയില്ല.
മനസ്സിൽ ചിന്തകളുടെ സഞ്ചാരം നിലയ്ക്കുമ്പോൾ, ആശകളും ആർത്തികളും വലയ്ക്കാതിരിക്കുമ്പോൾ പിന്നെ മനസ്സില്ല. ‘അമനസ്സ്’എന്ന സ്ഥിതിയാണു മുക്തി. ആഗ്രഹങ്ങളും പ്രത്യാശകളും മനസ്സിൽ കൊണ്ടുവരുന്ന ചിന്തകൾക്ക് ‘വൃത്തി’ എന്നു പറയുന്നു - അതായത് ചിന്തകളുടെ സഞ്ചാരം. ആശകളില്ലാത്തപ്പോൾ വൃത്തിയുമില്ല. കാരണത്തെ നീക്കം ചെയ്തപ്പോൾ കാര്യം അപ്രത്യക്ഷമായി! അതുകൊണ്ട് മന:സമാധാനമുണ്ടാവാൻ അതിനെ ശല്യപ്പെടുത്തുന്ന കാരണങ്ങളെ (ആശയും ആർത്തിയും) നീക്കം ചെയ്താൽ മതി
From: http://yogavasishtamnithyaparayanam.blogspot.com/2012/12/221-221.html
No comments:
Post a Comment